Saturday, August 13, 2016

ശീതയുദ്ധം - ഭാഗം 2

ചൈനീസ് സിവില്‍ വാര്‍

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുന്നേ തന്നെ ചൈന രൂക്ഷമായൊരു ആഭ്യന്തരയുദ്ധവക്കിലായിരുന്നു. മാവോ സേതുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളും തമ്മിലായിരുന്നു ഈ അസ്വാരസ്യം. ഭരണപക്ഷമായിരുന്ന കുമിന്താങ്ങുകള്‍ക്കെതിരേ പൊരുതിയ കമ്മ്യൂണിസ്റ്റുകാരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജപ്പാന്‍ ചൈനയില്‍ അധിനിവേശം നടത്തിയപ്പോള്‍ പരസ്പ്പരമുള്ള പോരുമതിയാക്കി കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും ഒറ്റക്കെട്ടായി ജപ്പാനെ നേരിട്ടു. യുദ്ധമുഖത്ത് പലപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വീരോചിത പ്രകടനങ്ങളാണ് പുറത്തെടുത്തത്. പല നിര്‍ണ്ണായകഘട്ടങ്ങളിലും ചനയിലെ പല നഗരങ്ങളും കൈവിട്ടുകൊണ്ട് രക്ഷപ്പെട്ടുപോയ കുമിന്താങ്ങുകളെ അപെക്ഷിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ജന പിന്തുണയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. റഷ്യയുടെ സഹായം കൂടി ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഉജ്ജ്വലമായി പോരാടിക്കൊണ്ടിരുന്നു. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചു. ജപ്പാ​‍ന്‍ കയ്യേറിയ ചൈനയുടെ വലിയൊരു പ്രദേശം അവരില്‍ നിന്നും പിടിച്ചെടുത്ത റഷ്യ ആ പ്രദേശങ്ങളുടെ നിയന്ത്രണം മാവോക്കും കൂട്ടര്‍ക്കുമാണു കൈമാറിയത്. അതോടെ കൂടുതല്‍ ശക്തരായ കമ്മ്യൂണിസ്റ്റുകള്‍ കുമിന്താങ്ങുകള്‍ക്കെതിരേ പോരാട്ടം രൂക്ഷമാക്കി. റഷ്യ ധാരാളം ആയുധങ്ങളും കൂടി നല്‍കിയത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാലുവര്‍ഷത്തോളം തുടര്‍ന്ന ആഭ്യന്തരയുദ്ധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ചിയാങ്ങ് കൈഷക്ക് തായ്‌വാനിലേക്ക് പലായനം ചെയ്യുകയും മാവോയുടെ നേതൃത്വത്തില്‍ 1949 ഒക്റ്റോബര്‍ 1 നു ചൈന പീപ്പില്‍സ് റിപ്പബ്ലിക് ഓഫ് ചൈനയായി ഡിക്ലെയര്‍ ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള ഗവണ്മെന്റ് നിലവില്‍ വരികയും ചെയ്തു.

കമ്മ്യൂണിസം ചൈനയില്‍ വളരാതിരിക്കുവാനായി വളരെ വലിയ ആളും അര്‍ത്ഥവും മുടക്കിക്കൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇത് ഒരു കനത്ത അടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന അമേരിക്ക ചിയാംഗ് കൈഷക്ക് രാഷ്ട്രീയാഭയം തേടിയ തായ്‌വാനാണ് യഥാര്‍ത്ഥ ചൈന എന്ന വാദമുന്നയിച്ചു. മാത്രമല്ല കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഐക്യരാഷ്ടസഭാംഗത്വം നേടിയെടുത്ത ചൈനയ്ക്ക് തങ്ങളാണ് യഥാര്‍ത്ഥ ചൈന എന്നുറപ്പിക്കുവാന്‍ പിന്നേയും ഇരുപത്തിമൂന്നോളം വര്‍ഷങ്ങള്‍ കാക്കേണ്ടിവന്നു.

കൊറിയന്‍ യുദ്ധം

മുപ്പത്തഞ്ച് വര്‍ഷം നീണ്ടുനിന്ന ജപ്പാന്റെ കോളനിവാഴ്ച കൊറിയയില്‍ അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയായിരുന്നു. 1910ല്‍ കൊറിയന്‍ പെനിന്‍സുലയിലേക്ക് അതിക്രമിച്ചുകടന്ന ഇമ്പീരയല്‍ ജപ്പാന്‍ കൊറിയയെ കീഴടക്കി. കൊറിയയുടെ തനിമയും സംസ്ക്കാരവും ഒക്കെ തച്ചുതകര്‍ത്ത് ജപ്പാന്റെ വെറുമൊരു കോളനിയായി കൊറിയയെ അധപതിപ്പിച്ച അധിനിവേശത്തിനു അറുതിയായത് 1945ല്‍ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ്. ജപ്പാന്റെ പരാജയ വാര്‍ത്ത പുറത്തുവന്ന സമയമായപ്പോഴേയ്ക്കും യു എസ് എസ് ആര്‍ കൊറിയയുടെ നല്ലൊരു ഭാഗം പ്രദേശവും ജപ്പാന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഈ അവസരത്തില്‍ അമേരിക്കക്ക് കൊറിയയില്‍ ഒരു ബേസ് ഇല്ലായിരുന്നു. യു എസ് എസ് ആര്‍ അധീനതയിലായ കൊറിയന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിത്ത് വിതയ്ക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ അമേരിക്ക സ്വാഭാവികമെന്നൊണം കൊറിയയിലെക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. ഇത് ഒരു യു എസ് യു എസ് എസ് ആര്‍ അസ്വാരസ്യത്തിലേക്ക് വഴിമാറാന്‍ ആരംഭിച്ചു. റഷ്യന്‍ ചേരി മുഴുവന്‍ കൊറിയയയേയും വിഴുങ്ങാതിരിക്കുവാനായി അമേരിക്ക കൊറിയയെ വിഭജിച്ച് രണ്ട് ഭാഗമാക്കി ഒരു ഭാഗം റഷ്യയും മറുഭാഗം അമേരിക്കയും നിയന്ത്രിക്കാമെന്ന ഉപാധി മുന്നോട്ട് വച്ചു. യു എസ് ആര്‍മി കേണല്‍മാരായിരുന്ന ചാള്‍സ് ബോണ്‍സ്റ്റീലും ഡീന്‍ റെസ്ക്കും കൂടി അവിഭക്ത കൊറിയക്കു മേല്‍ ഒരു ഡിവൈഡിംഗ് ലൈന്‍ സൃഷ്ടിച്ചെടുത്തു. 38th പാരലല്‍ രേഖയായിരുന്നു കൊറിയന്‍ വിഭജനത്തിനുള്ള രേഖയായി അവര്‍ ഉപയോഗിച്ചത്. ഈ വിഭജനം യു എസ് എസ് ആര്‍ അംഗീകരിച്ചു. അങ്ങിനെ  സൌത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിങ്ങനെ രണ്ടായി കൊറിയ വിഭജിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയുടെ നിയന്ത്രണാധികാരം റഷ്യക്കും സൌത്ത് കൊറിയ അമേരിക്കന്‍ നിയന്ത്രണത്തിലുമായി തീര്‍ന്നു.  1946 മേയില്‍ ഇരുഭാഗത്തുനിന്നുമുള്ളവര്‍ക്ക് പെര്‍മിഷനില്ലാതെ ഈ നിയന്ത്രണരേഖ മുറിച്ചു കടക്കുന്നതിനു നിരോധനവുമുണ്ടായി.

റഷ്യന്‍, അമേരിക്കന്‍ ചേരികളിലുള്ള ഇരു കൊറിയകളിലും നിലവില്‍ വന്ന ഭരണങ്ങള്‍ യഥാക്രമം കമ്മ്യൂണിസ്റ്റ്, മുതലാളിത്ത രീതികളിലായിരുന്നു. ഇരുവരും തമ്മിലുഌഅ കിടമത്സരങ്ങളാല്‍ വലഞ്ഞതാവട്ടെ കൊറിയന്‍ ജനങ്ങളും. ഈ ചേരിപ്പൊരുകള്‍ക്കിടയില്‍ 1947 ല്‍ ഇരു കൊറിയകളിലുമായി ജനാധിപത്യന്‍ രീതിയിലുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്‍ കൈ എടുത്ത് ഒരു ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സോവിയറ്റ് അധീനതയിലുള്ള നോര്‍ത്തില്‍ ഈ ഇലക്ഷന്‍ നടത്തുന്നത് തടയപ്പെട്ടു. സൌത്തിന്റേയും സ്ഥിതി മെച്ചമായിരുന്നില്ല. ഇരു കൊറിയകളുടെയും നേതാക്കള്‍ ഇനി ഒരു ഏകീകൃത കൊറിയ ഉണ്ടാവുക എന്ന കാര്യം അസംഭവ്യം ആണെന്നു തന്നെ വിചാരിച്ചു. ഒരു ഏകീകൃത കൊറിയ ഉണ്ടാകുന്നതില്‍ ഇരു ചേരിക്കും താല്‍പ്പര്യവുമില്ലായിരുന്നു. യു എന്റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം കഴിഞ്ഞപ്പൊള്‍ സോവിയറ്റ് അമേരിക്കന്‍ സേനകള്‍ കൊറിയയില്‍ നിന്നും പിന്മാറി.

കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള വടക്കന്‍ കൊറിയ താമസിയാതെ തെക്കന്‍ കൊറിയയെക്കൂടി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇരു കൊറിയകളും ഒന്നായി ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരണമെന്ന്‍ അവര്‍ ആഗ്രഹിച്ചു. ചൈനീസ് ആഭ്യന്തരയുദ്ധകാലഘട്ടത്തില്‍ ഇവര്‍ കമ്മ്യൂണിസ്റ്റുകളെ സഹായിച്ചതുകൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. 1950 ജൂണ്‍ 25 നു നോര്‍ത്ത് കൊറിയ പൊടുന്നനവേ സൌത്ത് കൊറിയയെ ആക്രമിച്ചു. ശീതയുദ്ധഫലമായുണ്ടായ ആദ്യ മിലിട്ടറി ഇന്‍വേഷനായിരുന്നു ഇത്. വളരെ അപ്രതീക്ഷിതമായൊരു ആക്രമണമായിരുന്നതിനാല്‍ സൌത്ത് കൊറിയ ശരിക്കും പതറിപ്പോയി. ഏകദേശം മൂന്നുനാലുമാസം കൊണ്ട് സൌത്ത് കൊറിയ ഏകദേശം മുഴുവനായും തന്നെ നോര്‍ത്തിന്റെ കൈവശമായ അവസ്ഥയുണ്ടായി. ഈ സമയം അമേരിക്കയുടെ ഇടപെടല്‍ മൂലം 15 ഓളം രാജ്യങ്ങളുടെ ട്രൂപ്പുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സേന സൌത്ത് കൊറിയയെ സഹായിക്കുവാനായെത്തി. ഇതോടെ നോര്‍ത്ത് കൊറിയയുടെ കഷ്ടകാലമാരംഭിച്ചു. വളരെ പരിചയസമ്പന്നരായ അമേരിക്കന്‍, ബ്രിട്ടന്‍ പൈലറ്റുമാരുടേയും കമാന്‍ഡര്‍മാരുടേയും നേതൃത്വത്തിലുള്ള സൈന്യത്തോട് എതിരിട്ടു നില്‍ക്കാന്‍ കഴിയാതെ നോര്‍ത്ത് കൊറിയന്‍ സൈന്യം പിന്തിരിഞ്ഞോടാന്‍ ആരംഭിച്ചു. അധികം താമസിയാതെ തന്നെ നോര്‍ത്ത് കൊറിയ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളും മോചിപ്പിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയില്‍ ആക്രമിച്ചുമുന്നേറിയപ്പോള്‍ അമേരിക്ക പതിയെ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടി ആക്രമണമഴിച്ചുവിട്ടു. ചൈനയെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനു തുല്യമായി അത്. തുടര്‍ന്ന്‍ മൂന്നുകൊല്ലാത്തൊളമാണ് ഈ അനാവശ്യയുദ്ധം നീണ്ടുനിന്നത്. 38th പാരലലിന് അപ്പുറവുമിപ്പുറവുമായി തുടര്‍ന്ന ഈ യുദ്ധം 1953 ജൂലൈ മാസത്തില്‍ അവസാനിക്കുമ്പോഴേക്കും ഇരു ഭാഗത്തുമായി പട്ടാളക്കാരും സിവിലയന്മാരുമായി ഏകദേശം 5 മില്യണോളം ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കൊറിയന്‍ യുദ്ധത്തിന്റെ ഗതിവിഗതികളില്‍ അതൊരു മൂന്നാം ലോകമഹായുദ്ധമായി പടര്‍ന്നുപിടിക്കാനുള്ള സകല സാധ്യതകളുമുണ്ടായിരുന്നു. അമേരിക്കന്‍ ചേരിക്കെതിരേ ചൈന, റഷ്യ തുടങ്ങിയവര്‍ വന്നപ്പോള്‍ കൊറിയന്‍ യുദ്ധത്തിന്റെ സ്പെയിസ് വലുതാവുകയായിരുന്നു. ഈ യുദ്ധത്തില്‍ അണുബോംബ് പ്രയോഗിക്കുവാണുള്ള സാധ്യത വളരെക്കൂടുതലായിരുന്നു. അമേരിക്കയോടൊപ്പം തന്നെ റഷ്യയും ഒരു ആണവശക്തിയായി മാറിക്കഴിഞ്ഞീരുന്നതിനാല്‍ അതൊരു ആഗോള നൂക്ലിയര്‍ വാറില്‍ കലാശിക്കുകയും സര്‍വ്വനാശമാണതുകൊണ്ടുണ്ടാവുകയും ചെയ്യുമെന്ന്‍ മനസ്സിലായതും കൊണ്ടാവാം ഇരു രാജ്യങ്ങളും ആ കഠിനകാര്യം ചെയ്യാതിരുന്നത്. ഈ യുദ്ധം മൂലം കൊറിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൂര്‍ണ്‍നമായും തകര്‍ന്നു. ഗറില്ലായുദ്ധമുറകളും കാര്‍പ്പറ്റ് ബോംബിംഗും ഒക്കെക്കൊണ്‍റ്റാണ് മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നത്. എന്തായാലും കൊറിയകള്‍ വിഘടിച്ചുതന്നെ ഇപ്പോഴും നിലകൊള്ളുന്നു. അമേരിക്കന്‍ ചേരിയിലുള്ള സൌത്ത് കൊറിയ വ്യാവസായികമായും വാണിജ്യപരമായും വളരെ വലിയ പുരോഗതിനേടി മുന്നേറിയപ്പോള്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള നോര്‍ത്ത് കൊറിയ ഇന്ന്‍  കടുത്ത മനുഷ്യാവകാശധ്വംസനങ്ങള്‍ നടമാടുന്ന ഒരു ഏകാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നു.


തുടരും

ശ്രീക്കുട്ടന്‍