Thursday, May 7, 2015

വിരലടയാളമെന്ന അത്ഭുതം

വിരലടയാളങ്ങള്‍

കോടാനുകോടി ആളുകള്‍ക്കിടയില്‍നിന്നു ഒരാളെ തിരിച്ചറിയുവാനായി പ്രകൃതിതന്നെ അവന്റെ വിരല്‍ത്തുമ്പുകളില്‍ ഒരുക്കിവച്ച വിസ്മയമാണ് വിരലടയാളങ്ങള്‍. തൊടുന്നിടത്തെല്ലാം അവന്‍പോലുമറിയാതെ പതിഞ്ഞുവീഴുന്ന അത്ഭുതമുദ്ര. എത്രതന്നെ മാറ്റിമറിക്കാന്‍ ശ്രമിച്ചാലും മാറ്റമേതുമില്ലാതെ തുടരുന്ന ഒന്നുകൂടിയാണിത്. ഈ ഭൂമിയിലുള്ള സകലമനുഷ്യരുടേയും വിരലടയാളങ്ങള്‍ അതിശയകരമാംവണ്ണം വ്യത്യസ്തങ്ങളാണ്. അതുകൊണ്ടുതന്നെ വിരലടയാളംവച്ച് മില്യണ്‍കണക്കിനു മനുഷ്യരുടെ ഇടയില്‍നിന്നുമൊരാളെ കണ്ടെത്തുകയെന്നത് ആയാസകരമായ വസ്തുതയേ ആകുന്നില്ല. മനുഷ്യന്റെ ഏറ്റവും വലിയ ഐഡന്റിറ്റി കൂടിയാണ് അവന്റെ വിരലടയാളങ്ങള്‍.

പ്രാചീനകാലംമുതല്‍തനെ മനുഷ്യന്‍ തങ്ങളുടെ കൈപ്പത്തിയും വിരലുകളുടെ അറ്റത്തുള്ള അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. പഴയകാലത്ത് ഹസ്തരേഖാശാസ്ത്രവും വിരല്‍ത്തുമ്പിലെ അടയാളങ്ങള്‍നോക്കി ഭൂതഭാവിപ്രവചനങ്ങളും മറ്റുമൊക്കെ നടത്തുന്നത് സാധാരണമായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വാസസ്ഥാനങ്ങളായ ഗുഹകളുടെ ഭിത്തികളിലും കളിമണ്‍ ഫലകങ്ങളിലുമൊക്കെ തങ്ങളുടെ കൈപ്പത്തി പതിപ്പിച്ചു അടയാളം സൂക്ഷിച്ചിരുന്നു. തങ്ങളുടെ അസ്തിത്വത്തിന്റെ അടയാളങ്ങളായി അവര്‍ കൈപ്പത്തിയടയാളങ്ങളേയും വിരല്‍പ്പാടുകളേയും കരുതിയിരിക്കണം. കാലംകടന്നുപോകവേ ഉറപ്പിന്റേയും വിശ്വാസ്യതയുടേയും അടയാളങ്ങളായി വിരല്‍പ്പാടുകള്‍ പ്രമാണങ്ങളിലും മുദ്രപത്രങ്ങളിലുമൊക്കെ ഉപയോഗിച്ചുതുടങ്ങി. ബാബിലോണിയന്‍ ജനതയാണ് ആദ്യമായി വിരലടയാളങ്ങള്‍ പതിപ്പിച്ചുതുടങ്ങിയത്. കുറ്റപത്രങ്ങളില്‍ കുറ്റവാളികളുടെ വിരല്‍പ്പാട് പതിക്കുകയെന്നത് പുരാതന ഈജിപ്തിലെ കീഴ്വഴക്കമായിരുന്നു. ചൈനയില്‍ ടാംഗ് വംശജരുടെ കാലത്തു വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. ഒരുകാര്യമുറപ്പായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വിരല്‍ത്തുമ്പുകളിലുറങ്ങുന്ന അത്ഭുതത്തെ തിരിച്ചറിഞ്ഞിരുന്നവരായിരുന്നു.

പതിനേഴാംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും വിരലടയാളങ്ങളെകുറിച്ച് ഗൌരവതരമായ പഠനങ്ങളാരംഭിച്ചുതുടങ്ങിയിരുന്നു. മാര്‍ക് ട്വൈന്‍ തന്റെ ഒരുനോവലില്‍ കഥാനായകന്‍ തന്റെ ഭാര്യയുടെ കൊലപാതകിയെ കണ്ടെത്തിയത് വിരലടയാളം നോക്കിയാണെന്നും മനുഷ്യരില്‍ ഒരിക്കലും മാറ്റമില്ലാത്ത ഒന്നാണതെന്നും ഒരാളിന്റെതില്‍നിന്നുംവ്യത്യസ്തമായിരിക്കും മറ്റൊരാളിന്റെ വിരല്‍പ്പാടും എന്നുമെഴുതിവച്ചു. അതുപോലെതന്നെ ഷെര്‍ലക്ഹോംസ്കഥകളില്‍ വിരലടയാളത്തിലൂടെ കുറ്റവാളിയെ തിരിച്ചറിയാമെന്ന്‍ ഹോംസിനെക്കൊണ്ട് കോനന്‍ ഡോയലും പ്രവചിച്ചു. എന്നിട്ടും ഒരുപാടുകാലം കഴിഞ്ഞാണ് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ആ മഹാത്ഭുതം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വികാസം പ്രാപിച്ചത്.

വിരലടയാളങ്ങളില്‍നിന്നു അതിന്റെ ഉടമയെ കണ്ടെത്താമെന്ന്‍ ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷ്ഇന്ത്യയിലെ ബംഗാള്‍പ്രവിശ്യയിലെ സബ്കളക്ടറായി ജോലിനോക്കിയിരുന്ന വില്യം ഹെര്‍ഷല്‍ എന്ന യൂറോപ്യനായിരുന്നു. ഗ്രാമീണരുടെ വിരല്‍പ്പാടുകള്‍ മേശമേല്‍ പതിഞ്ഞതു ശ്രദ്ധിച്ച് അതില്‍ ഹരംകയറിയ ഹെര്‍ഷല്‍ വിരല്‍പ്പാടുകളെകുറിച്ചുള്ള പഠനമാരംഭിച്ചു. ഗ്രാമീണരുടെ വിരലടയാളങ്ങള്‍ പതിപ്പിച്ചെടുത്ത് അവയെക്കുറിച്ച് പഠിച്ചപ്പോള്‍ ആ വിരലടയാളങ്ങള്‍ എല്ലാം തികച്ചും വ്യത്യസ്തമാണെന്ന്‍ ഹെര്‍ഷല്‍ കണ്ടെത്തി. അതോടെ ഹെര്‍ഷല്‍ തന്റെ കൂടുതല്‍ ശ്രദ്ധ വിരലടയാളങ്ങളെക്കുറിച്ചുള്ള പഠനത്തിനായി നീക്കിവച്ചു. വിരലടയാളങ്ങളില്‍നിന്നു കൃത്യമായി ആള്‍‍ക്കാരെ മനസ്സിലാക്കാമെന്നും അതുവഴി കുറ്റവാളികളെ കണ്ടെത്താമെന്നു മനസ്സിലാക്കിയ ഹെര്‍ഷല്‍ നാലഞ്ചുമാസം കഴിഞ്ഞ് അതിനെകുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി തന്റെ മേലധികാരിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ആ പ്രബന്ധം ചവറ്റുകുട്ടയിലെറിയപ്പെട്ടു. തന്റെ മഹത്തായ കണ്ടുപിടുത്തം ലോകമറിയാതെ പോയതോടെ നിരാശനായ ഹെര്‍ഷല്‍ ജോലിരാജിവച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങി.

കുറച്ച് കാലങ്ങള്‍ക്കുശേഷം ഹെന്‍ട്രി ഫാള്‍ഡ് എന്ന ഒരു ഡോക്ടര്‍ വിരലടയാളങ്ങളെക്കുറിച്ച് ആകൃഷ്ടനായി അതിനെക്കുറിച്ചുള്ള പഠനമാരംഭിച്ചു. തന്റെ വീട്ടുജോലിക്കാരുടേയും അയല്‍‍ക്കാരുടേയും സുഹൃത്തുക്കളുടേയും ആശുപത്രിയില്‍വരുന്ന രോഗികളുടേയുമൊക്കെ വിരല്‍പ്പാടുകള്‍ ശേഖരിച്ച് അവ പഠനവിഷയമാക്കി. ആ വിരലടയാളങ്ങള്‍ വച്ച് ഒരിക്കല്‍ ഒരു മോഷ്ടാവിനെ ഫാള്‍ഡ് കുടുക്കുകയും ചെയ്തു. തുടര്‍പഠനങ്ങളില്‍നിന്നു അഴുക്കും മറ്റും പുരണ്ട വിരലുകളാല്‍മാത്രമല്ല കൈവിരല്‍ തൊടുന്നിടത്തെല്ലാം വിരലടയാളം പതിയുമെന്ന്‍ അയാള്‍ കണ്ടെത്തി. തന്റെ കണ്ടെത്തലുകള്‍ ഒരു ലേഖനമാക്കി ഫാള്‍ഡ് നേച്ചര്‍ മാസികയ്ക് അയച്ചുകൊടുക്കുകയും അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനം കണ്ട ഹെര്‍ഷല്‍ താന്‍ ആദ്യംതന്നെ ഇതുകണ്ടെത്തിയതാണെന്നും അന്ന്‍ എഴുതിവച്ചിരുന്ന വിവരങ്ങളുടെ ഡീറ്റൈല്‍സും മറ്റും വച്ച് നേച്ചര്‍ മാസികയ്ക് മറ്റൊരു കത്തെഴുതി. അങ്ങിനെ വിരലടയാളങ്ങളുടേ കണ്ടുപിടുത്തത്തിന്റെ പേരില്‍ ഒരു വലിയ അവകാശത്തര്‍ക്കം ഉടലെടുത്തു.

ലണ്ടനില്‍ ഹെര്‍ഷലും ഫാള്‍ഡും തമ്മിലുള്ള അവകാശത്തര്‍ക്കം നടക്കുമ്പോള്‍ ഫ്രാന്‍സിക് ഗാള്‍ട്ടന്‍ എന്ന ജീവശാസ്ത്രജ്ഞന്‍ വിരലടയാളപഠനമാരംഭിച്ചിരുന്നു. ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കുവാന്‍ എങ്ങിനെ കഴിയുമെന്നറിയാതെ അയാള്‍ കുഴങ്ങി. അതിനായി ഒരു വര്‍ഗ്ഗീകരണ ഫോര്‍മുല കണ്ടെത്താന്‍ ഗാള്‍ട്ടന്‍ കഠിന പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ എല്ലാ വിരലടയാളങ്ങളും അടിസ്ഥാനപരമായി നാലു തരത്തിലുള്ളവയാണെന്നും ബാക്കിയൊക്കെ അവയുടെ ഉപവിഭാഗങ്ങളാണെന്നും ഗാള്‍ട്ടന്‍ തിരിച്ചറിഞ്ഞു. നാലു അടിസ്ഥാനമാതൃകകളെ അടിസ്ഥാനമാക്കി ഒരു ഫോര്‍മുല കണ്ടെത്താനുള്ള ശ്രമം ഗാള്‍ട്ടന്‍ തുടര്‍ന്നു. ഈ സമയം അര്‍ജന്റീനിയന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ യൂസെറ്റിച്ചിസ് എന്ന ഉദ്യോഗസ്ഥനും വിരലടയാളപഠനമാരംഭിച്ചിരുന്നു. താമസിയാതെ യൂസെറ്റിച്ചിസ് ഒരു ഗണിതസൂത്രം കണ്ടെത്തി. ഈ ഗണിതസൂത്രമുപയോഗിച്ച് ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കാനാകുമായിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും വിരലടയാളമെടുത്ത് സൂക്ഷിക്കുകയും അതുവഴി കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടുന്നുകിട്ടുന്ന വിരലടയാളങ്ങളുപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താമെന്നുമുള്ള യുസെറ്റിച്ചിസിന്റെ അവകാശവാദം അംഗീകരിച്ച ഗവണ്മെന്റ് എല്ലാ ജനങ്ങളും തങ്ങളുടെ വിരലടയാളം നല്‍കണമെന്ന നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതില്‍ സംശയാലുക്കളായ ജനങ്ങള്‍ കലാപം തുടങ്ങുകയും പ്രസ്തുതനിയമം ഗവണ്മെന്റിനു പിന്‍വലിക്കേണ്ടിവരുകയും ചെയ്തു. യൂസെറ്റിച്ചിസ് കണ്ടെത്തിയ വര്‍ഗ്ഗീകരണസൂത്രവും മറ്റും അര്‍ജന്റീനയുടെ നാലതിരുകള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ടു. പില്‍ക്കാലത്ത് താന്‍ കണ്ടെത്തിയ കണ്ടുപിടുത്തം മറ്റൊരാള്‍ കണ്ടെത്തി പ്രശത്സനാകുന്നത് വേദനയോടേ നോക്കിനില്‍ക്കാനേ യൂസെറ്റിച്ചിസിനു കഴിഞ്ഞുള്ളൂ.

വിരലടയാളവര്‍ഗ്ഗീകരണവും അതുപയോഗിച്ച് ആള്‍ക്കാരെ തിരിച്ചറിയുവാനുമൊക്കെയുള്ള ഫോര്‍മുല എഡ്വാര്‍ഡ് ഹെന്‍ട്രി എന്ന യുവാവ് കണ്ടെത്തി. അതുപയോഗിച്ച് അയാള്‍ ചില പ്രമാദമായ കേസുകള്‍ തെളിയിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ യൂസെറ്റിച്ചിസ് കണ്ടെത്തിയ അതേ രീതിയിലുള്ള ഫോര്‍മുല തന്നെയായിരുന്നു ഹെന്‍ട്രിയും കണ്ടെത്തിയത്. വിരലടയാളങ്ങള്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടുത്തുമെന്നും ഏതൊരാളിനേയും തിരിച്ചറിയുവാന്‍ സഹായകകരമാകുമെന്നും പതിയെ ലോകം അംഗീകരിച്ചുതുടങ്ങി. അമേരിക്കയുള്‍പ്പെടെ ഒട്ടുമിക്കരാജ്യങ്ങളും വിരലടയാളമേഖലയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയും ആള്‍ക്കാരുടെ എല്ലാം വിരലടയാളങ്ങളെടുത്തു സൂക്ഷിക്കുവാനാരംഭിക്കുകയും ചെയ്തു. പല കുപ്രസിദ്ധരായ കുറ്റവാളികളും ഇപ്രകാരം വലയിലാക്കപ്പെട്ടു. അതോടെ വിരല്‍ത്തുമ്പിലെ ഈ വിസ്മയകരമായ രേഖകള്‍ ഇല്ലാതാക്കാനുള്ള ശ്രമവും കുറ്റവാളികളാരംഭിച്ചു. പലരും വിരല്‍ത്തുമ്പിലെ  തൊലി പൂര്‍ണ്ണമായും ഓപ്പറേഷന്‍ ചെയ്തും മറ്റുമൊകെ മാറ്റി. എന്നാല്‍ പ്രകൃതി സ്വയമൊരുക്കി വച്ചിരിക്കുന്ന ആ അത്ഭുതത്തെ ഇല്ലാതാക്കാന്‍ ആരാലും സാധ്യമല്ലായിരുന്നു. എത്രതന്നെശ്രമിച്ചാലും കുറച്ചു ദിവസങ്ങള്‍കൊണ്ട് വിരല്‍ത്തുമ്പിലെ പാടുകള്‍ യഥാസ്ഥിതിയിലായി മാറുകതന്നെചെയ്യും. ഇന്ന്‍ ലോകത്തെ എല്ലാ പോലീസ് സേനകളും കുറ്റവാളികളെ തിരിച്ചറിയുവാന്‍ കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുവാന്‍ വിരലടയാളങ്ങളെ പ്രഥമമായി ഉപയോഗിക്കുന്നു.

വിരലടയാളങ്ങള്‍ പ്രകൃതിതന്നെ ഒരുക്കിവച്ച ഒരു വിസ്മയമാണ്. ഇവ ജനിച്ചനാള്‍മുതല്‍ മരണംവരെ യാതൊരു മാറ്റവുംകൂടാതെ നിലകൊള്ളുന്നു. കൈപ്പത്തികളെ പൊതിഞ്ഞിരികുന്ന ബാഹ്യചര്‍മ്മത്തില്‍ കാണുന്ന വലയങ്ങള്‍പോലെയും ചുഴികള്‍പോലെയും നെടുവരമ്പ്പോലെയുമൊക്കെയുള്ള രേഖകളാണ് വിരലടയാളങ്ങള്‍. സ്പര്‍ശിക്കുന്ന സ്ഥലത്തൊകെ അവയുടെതന്നെ അടയാളങ്ങള്‍ പതിപ്പിച്ചിടുന്നു.ഉള്ളം കൈയിലുള്ള സ്വേദഗ്രന്ഥികളില്‍ നിന്നുമുണ്ടാകുന്ന ശ്രവങ്ങളാണ് വിരല്‍പ്പാടുകള്‍ പതിയാനിടയാക്കുന്നത്. നാലുതരം വിരലടയാളങ്ങളാണ് പ്രധാനമായുമുള്ളത്.

1. വലയം (loop)
2. ചുഴി(Whorl)
3. കമാനം(Arch)
4. സമ്മിശ്രം(Composite)

വിരലടയാളങ്ങള്‍ വര്‍ഗ്ഗീകരിച്ച് തരംതിരിക്കുന്ന പഠനപദ്ധതിയാണ് റിഡ്ജിയോളജി. ഒരു കുറ്റകൃത്യം നടന്നസ്ഥലത്തുനിന്നു വിരലടയാളങ്ങളെ കണ്ടെത്തുവാന്‍ ഇന്നു അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. നേര്‍മ്മയേറിയ ബ്രഷ്കൊണ്ട് ഗ്രാഫൈറ്റ്, ആന്റിമണി, അലുമിനിയം തുടങ്ങിയ പൊടികള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളില്‍ വിതറും. അവിടെ വിരല്‍പ്പാടുകള്‍ ഏതെങ്കിലും പതിഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായും പാടുകള്‍ തെളിഞ്ഞുവരും. ഫ്ലൂറസെന്റ്പൊടികളും ഇവയ്ക്കായി ഉപയോഗിക്കുന്നു. നവകാലഘട്ടത്തില്‍ ലേസര്‍രശ്മികള്‍ ഉപയോഗിച്ചും അടയാളങ്ങളെ വീണ്ടെടുക്കുന്നുണ്ട്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളും വിരലടയാളങ്ങളുടെ ഒരു വന്‍ശേഖരം കാത്തുസൂക്ഷിക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരേ അവര്‍ തന്നെ കരുതിവയ്ക്കുന്ന തെളിവാണ് വിരലടയാളങ്ങള്‍. ആരുവിചാരിച്ചാലും മായ്ക്കാനാവാത്ത പ്രകൃതിയുടെ മുദ്ര.

(ഡോക്ടര്‍ മുരളീകൃഷ്ണയുടെ കുറ്റാന്വോഷണം നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകം വായിച്ച ഹരത്തില്‍ അതില്‍നിന്നു കടംകൊണ്ടെഴുതിയത്)

ശ്രീ