Saturday, December 28, 2013

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

ആദ്യഭാഗം വായിക്കണമെന്നുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ നോക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939-45) - ഭാഗം 1

ഇറ്റലി 

ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ പക്ഷത്തുനിന്ന തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയോ, മുതലുകള്‍ ലഭിക്കുകയോ ചെയ്തില്ലെന്നും തങ്ങള്‍ മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടുകയുമായിരുന്നു എന്ന തോന്നല്‍ ഇറ്റലിയില്‍ ശക്തമായി ഉണ്ടാവുകയും ഒരു അസംതൃപ്ത രാജ്യവും ജനങ്ങളുമായ് ഇറ്റലി രൂപാന്തിരപ്പെടുകയും ചെയ്തു. ഇറ്റലിയില് ആണ്  ഫാസിസം എന്ന വാക്ക് ഉണ്ടാകുന്നത്. ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌ ഫാസിസം. ഫാസിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു. ഫാസിസം എന്നാ ആശയം എത്ര ഭീകരം ആണെന്ന്‍ ഇന്ന്‍ എല്ലാവര്‍ക്കുമറിയാം. ഫാസിസമെന്ന ആശയത്തിനായി ആയുധവുമെടുത്തു കൊല്ലാനും ചാവാനും ഇറങ്ങിയിരിക്കുന്നവരാണ് നവലോകം നേരിടുന്ന ഏറ്റവും പ്രധാന ഭീഷണികളിലൊന്ന്‍. ഇറ്റലിയില്‍ പടര്‍ന്നുപിടിച്ച അസന്തുഷ്ടിയുടെ ഉപോത്ബലകമായി ബനിറ്റോ മുസ്സോളിനി എന്ന നേതാവ് ശക്തനായി മാറി. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ എങ്ങിനെയോ അതേപോലെ ഇറ്റലിയില്‍ മുസ്സോളിനിയും മുന്നേറി. മുസ്സോളിനി മൂലം തന്നെയായിരുന്നു ഇറ്റാലിയന്‍ ജനതയും രണ്ടാം ലോകമഹായുദ്ധത്തിലേക്കെടുത്തെറിയപ്പെട്ടത്.

ബനിറ്റോ മുസ്സോളിനി

ഒരു സാധാ കുടുംബത്തില്‍ ജനിച്ച മുസ്സോളിനി ഇറ്റലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ആളാണ്.ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. മുസ്സൊളിനി വളര്‍ത്തിയെടുത്ത പ്രത്യേക സേനാവിഭാഗം കരിങ്കുപ്പായക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. യുവാക്കള്‍ക്കിടയില്‍ തീവ്ര ദേശീയ ബോധം വളര്‍ത്തുക, കായിക പരിശീലനം നല്കുക, ഡെമോക്രാറ്റ്, കമ്മ്യൂണിസ്റ്റ്,സോഷ്യലിസ്റ്റ് ഇവരെയൊക്കെ ഇല്ലായ്മ ചെയ്യുക എന്നതൊക്കെയായിരുന്നു കരിങ്കുപ്പായക്കാരുടെ പ്രധാന ജോലി. ജര്‍മ്മനിയില്‍‍ ഹിറ്റ്ലര്‍ക്കെന്നപോലെ ഇറ്റലിയില്‍ മുസ്സോളിനിക്കും വീര പരിവേഷമാണുണ്ടായിരുന്നത്.ഇറ്റലിയുടെ രക്ഷകൻ ആയി മുസ്സോളിനി കരുതപ്പെട്ടു. ശക്തമായൊരു നാവികസേനയാണു ഇറ്റലിക്കുണ്ടായിരുന്നത്.

ഇറ്റാലിയന്‍ സാമ്പത്തികസ്ഥിതി സുരക്ഷിതമാക്കാനായ് നിരവധി പ്രവര്‍ത്തനങ്ങള്‍ മുസ്സോളിനി കൈക്കൊണ്ടു. അതോടൊപ്പം തന്നെ രാജ്യത്തിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. 1935 ൽ മുസ്സോളിനി അബിസീനിയക്കെതിരേ ആക്രമണം നടത്തി. 7 മാസത്തെ യുദ്ധത്തെ തുടര്‍ന്ന്‍ അബിസീനിയ, സോമാലി ലാന്റ്, എറിത്രിയ എന്നിവ കൂട്ടി ചേർത്ത് ഒരു ഇറ്റാലിയൻ ഈസ്റ്റ് ആഫ്രിക്ക യൂണിയന്‍ രൂപികരിച്ചു. ഒരു പുതിയ റോമാ സാമ്രാജ്യം സ്ഥാപിച്ചു അതിന്റെ നേതാവാകാമെന്നു മുസ്സോളിനി മോഹിച്ചു. ഇതിനെ തുടര്‍ന്നാണ് മുസ്സോളിനി കൂടുതൽ ആക്രമണം ഹിറ്റ്ലറിന്റെ ഒപ്പം ചേര്‍ന്ന്‍ സംഘടിപ്പിച്ചത്. ആദ്യ യുദ്ധം പൂര്‍ണ്ണമായും കരിങ്കുപ്പായക്കാരുടെ പിന്തുണയോടു കൂടി ആയിരുന്നു. മൂന്നര ലക്ഷം വരുന്ന സൈന്യം അബിസീനിയ പിടിക്കാൻ പുറപ്പെട്ടു. അൻപതിനായിരം വരുന്ന അബിസീനിയൻ സേനക്ക് പെട്ടന്ന് സംഘടിക്കാൻ കഴിഞ്ഞില്ല. അമ്പും വില്ലും വരെ ഉപയോഗിച്ചാണ് അബിസീനിയ ഇറ്റലിക്കെതിരേ പൊരുതിയത്. എന്നാല്‍ ബദാഗ്ലിയോ നയിച്ച ഇറ്റാലിയൻ സേന അബീസീനിയ കീഴടക്കുകയുണ്ടായി. ഈ വിജയം മുസ്സോളിനിക്ക് ഒരു ലഹരി ആയി മാറി. ലോകം കീഴടക്കാന് ഉള്ള മോഹം അയാളില്‍ വലുതല്ലാത്തരീതിയില്‍ പ്രകടമായി. ഒരു ജനതയെ മുഴുവന്‍ നരകത്തിലേക്ക് തള്ളിവിട്ട മഹായുദ്ധത്തില്‍ പങ്കാളിയുമാക്കി മാറ്റി.


മുസ്സോളിനി റോമന്‍ സല്യൂട്ട് സ്വീകരിക്കുന്നു. ക്രൂരമായ പല പ്രവര്‍ത്തികളും ദൈവ വിശ്വാസികള് എതിര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നതുകൊണ്ട് പള്ളിയെ നിശബ്ദമാക്കുവാനായി മുസ്സോളിനി നല്‍കിയ പോപ്പിന്റെ ആസ്ഥാനമായ ഇന്നത്തെ വത്തിക്കാൻ.  


ജപ്പാന്‍


രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലറിന്റെ നാസികളെക്കാളും കൊടിയ ക്രൂരത കാഴ്ചവച്ചത് ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാനായിരുന്നു. അതുപോലെ തന്നെ ഏറ്റവും വലിയ ദുരന്തം നേരിട്ട രാജ്യവും ജപ്പാന്‍ തന്നെ ആയിരുന്നു. ചക്രവര്‍ത്തി ഭരണത്തിന്‍ കീഴിലായിരുന്ന ജപ്പാന്‍ ഒന്നാം ലോക മഹാ യുദ്ധത്തില്‍ സഖ്യകക്ഷിള്‍ക്കൊപ്പമാണ് പോരാടിയത്. എന്നാല്‍ യുദ്ധാനന്തരം ജപ്പാന്‍ ഒരു തീവ്ര ദേശീയവാദ രാഷ്ട്രം ആയി മാറുകയായിരുന്നു. ക്രമാതീതമായുയര്‍ന്ന ജനസംഖ്യ മൂലം സമീപ ഭാവിയില്‍ തന്നെ രാജ്യത്ത് വലിയ വിഭവ കമ്മിയും തൊഴിലില്ലായ്മയും വരും എന്ന്‍ മനസ്സിലാക്കിയ ഭരണനേതൃത്വം അതിനൊരു പോംവഴിയെന്നോണം കണ്ടത് ചൈനയെ ആക്രമിച്ചുകീഴടക്കുക എന്നതായിരുന്നു. അവിടത്തെ മനുഷ്യശേഷിയെ ഉപയോഗപ്പെടുത്താമെന്നും സമ്പത്ത് സ്വന്തം രാജ്യ നിര്‍മ്മാണത്തിനായുപയോഗിക്കാമെന്നും ജപ്പാന്‍ കണക്കുകൂട്ടി.

ഹിരോഹിതോ ചക്രവര്‍ത്തി

ജപ്പാന്‍ ചക്രവര്‍ത്തിഭരണത്തിന്‍ കീഴിലായിരുന്നുണ്ടായിരുന്നത്. ചക്രവര്‍ത്തി ദൈവത്തിന്റെ പ്രതി പുരുഷനാണെന്ന് ജപ്പാന്‍കാര്‍ ഉറച്ചു വിശ്വസിച്ചു. ചക്രവര്‍ത്തിക്ക് വേണ്ടി കൊല്ലാനും ചാകാനും ഒരാള്‍ക്കും മടി ഇല്ലാത്ത അവസ്ഥയിലേക്ക് ജപ്പാനിലെ ജനങ്ങളെ അന്നത്തെ നേതാക്കള്‍ വളര്‍ത്തിയെടുത്തിരുന്നു. ഷിന്ടോ മതമായിരുന്നു ജപ്പാനില്‍ അധികവും. മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അവര്‍ ചക്രവര്‍ത്തിയെ ദൈവത്തിന്റെ പ്രതി പുരുഷനായിക്കണ്ടത്. ഭരണം നടത്തിയിരുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ആയിരുന്നു. ജപ്പാന് അവകാശ പെട്ട പ്രദേശമാണ് "ചൈന" ഈ ഒരു ചിന്ത ഓരോ ജപ്പാന്‍കാരനും ഉളളിലുണ്ടായിരുന്നു. അഥവാ അങ്ങിനെ ഉണ്ടാക്കിയെടുക്കുവാന്‍ അന്നത്തെ ഭരണ കൂടത്തിനു കഴിഞ്ഞു. ഇതിനായി പാഠ്യ പദ്ധതി പോലും അവര് തിരുത്തി. ഈ ലക്ഷ്യത്തോടെ ജപ്പാനില് അവര്‍ ഉയര്‍ത്തി  പിടിച്ച പ്രതീകമായിരുന്നു തങ്ങളുടെ പുരാതനമായ രാജവംശവും അതിലെ ഇപ്പോളത്തെ ചക്രവര്‍ത്തിയും.

ജപ്പാന്റെ മിക്ക നീക്കങ്ങളും പാശ്ചാത്യ ലോകം സംശയദൃഷ്ടിയോടെയാണ് നോക്കികണ്ടത്. ജപ്പാനെ വിലക്കാന് ശ്രമിച്ച ലീഗ് ഓഫ് നേഷന് എന്ന സംഘടനയില് നിന്ന് ജപ്പാന്‍ രാജി വച്ച് പുറത്തു പോയി. ഒന്നാം ലോകമഹായുദ്ധശേഷം വീണ്ടുമൊരു യുദ്ധമാവര്‍ത്തിക്കരുതെന്ന്‍ കരുതി സൃഷ്ടിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് എന്ന കൂട്ടായ്മയ്ക്ക് സത്യത്തില്‍ ജപ്പാനെയോ ജര്‍മ്മനിയേയോ എന്തിന് വേറെ ഏതെങ്കിലുമൊരു രാജ്യത്തേയോ നിലക്കുനിര്‍ത്താനുള്ള കഴിവില്ലാതിരുന്നു എന്നതാണ് വാസ്തവം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ജപ്പാന്‍ ഏഷ്യ പിടിച്ചടക്കാന് 1937-ല് ഇറങ്ങി. ആദ്യം ചൈന, തുടര്‍ന്ന്‍ അവിടുത്തെ വിഭവങ്ങള് ഉപയോഗിച്ച് ഇന്ത്യയും കീഴടക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

റേപ്പ് ഓഫ് നാന്‍ജിംഗ്
നാന്‍ജിംഗ് കൂട്ട കൊലയില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ട്ടങ്ങള്‍ 

ചൈനയുടേ മുന്‍ തലസ്ഥാനമായിരുന്ന നാന്‍ജിംഗ് ആക്രമിച്ച ജപ്പാന്‍ സമാനതകളില്ലാത്ത കൊടും ക്രൂരതകളാണ് അവിടെ നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകള്‍- ബലാത്സംഗങ്ങള് നടന്ന പ്രദേശമാണിത്. സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും പിന്നീട് നാന്‍ജിംഗ് പോലെയൊന്നാവര്‍ത്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ആയിരക്കണക്കിനു സ്ത്രീകള്‍ ദാരുണമായും പൈശാചികമായും ഇവിടെ കൊല്ലപ്പെട്ടു. ആവശ്യം കഴിഞ്ഞശേഷം പല സ്ത്രീകളുടേയും സ്തനങ്ങള്‍ വെട്ടിമാറ്റിയാണവരെ ചോര വാര്‍ത്തുകൊലപ്പെടുത്തിയത്. അതുപോലെ തന്നെ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരുടെ തല വെട്ടുക എന്നതും ജപ്പാന്‍ കാര്‍ ഒരു ഹരം പോലെയാണു നടത്തിയത്.  ഇതിനെല്ലാം ജപ്പാനിലെ മാധ്യമങ്ങള് വലിയ വീര പരിവേഷമാണ് അക്കാലത്ത് നല്കിയത്. ലോകത്തിനു ജപ്പാന് എന്താണെന്നും അവരെ തടയേണ്ടതിന്റെ ആവശ്യം എന്താണെന്നും നാന്‍ജിംഗ് ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ബ്രിട്ടനും സഖ്യകക്ഷികളും ജപ്പാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന് തീരുമാനിക്കുന്നത്.


"Contest to kill 100 people using a sword" എന്ന ഒരു മത്സരം തന്നെ ജാപ്പനീസ് മീഡിയ അക്കാലത്ത് കൊണ്ടാടിയിരുന്നു. ആദ്യം നൂറു തല വെട്ടുന്നവന്‍ വിജയി.
ഒരു ജനറലും സംഘവും വെട്ടി എടുത്ത തലകള്‍ ഭംഗി ആയി അടക്കി വച്ച പോസ് ചെയ്യുന്ന  ചിത്രമാണ് തൊട്ടടുത്ത്‌.

പഴയ ജപ്പാന്റ്റെ ക്രൂരതകൾ അറിഞ്ഞാൽ അവരുടെ സ്വന്തം ആളുകൾ പോലും സ്വയം വെറുത്തു പോകും. ജപ്പാനില്‍ നടന്ന ആറ്റം ബോംബ് ആക്രമണത്തെ ഒരുകൂട്ടം ആളുകൾ ഇപ്പോഴും ന്യായീകരിക്കുന്നതിന്റെ പ്രധാനകാരണം ഇതാണ്. രണ്ടാം ലോകമഹായുദ്ധത്തില് നാസികള്ക്ക്  തുല്യം നില്ക്കുന്ന അതി പൈശാചിക നടപടികള് ആണ് ജപ്പാന് കീഴടക്കിയ ഇടങ്ങളില് നടത്തിയത്. പക്ഷെ അവിടെ ആറ്റംബോംബ് വീണതിന്റെ ആനുകൂല്യത്തില് അവര്‍ക്ക് കിട്ടിയ സഹതാപം അവരുടെ ക്രൂരതകള്‍ക്കൊരു പുകമറയായി വര്‍ത്തിച്ചു. എല്ലാം ഹിറ്റ്ലറുടെ തലയില് മാത്രം വച്ചുകെട്ടപ്പെട്ടു.


ലോക യുദ്ധത്തിനു മുന്‍പുള്ള സാമ്രാജ്യങ്ങളും അതിര്‍ത്തികളും 

വെഴ്സായ്സ് ഉടമ്പടിപ്രകാരം കോളനിരാഷ്ട്രങ്ങളും അളവല്ലാത്ത സമ്പത്തും ഒക്കെ നഷ്ടമായ ജര്‍മ്മനിയും ജപ്പാനും ഒക്കെ അവ തിരിച്ചുപിടിക്കുന്നതിനായുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചപ്പോള്‍ അവയെ എതിര്‍ക്കുവാനായ് സര്‍വ്വരാഷ്ട്രസഖ്യമോ മറ്റു ലോകരാജ്യങ്ങളോ ശ്രമിക്കുകയുണ്ടായില്ല. ജപ്പാന്‍ മഞ്ചൂറിയ ആക്രമിച്ചതും ഇറ്റലി അബിസീനിയ കീഴടക്കിയതും ജര്‍മ്മനി റൈന്‍ പ്രദേശം പിടിച്ചടക്കിയതുമൊക്കെ ഇപ്രകാരമായിരുന്നു. റഷ്യന്‍ വിപ്ലവാന്തരം ഒരു വലിയ ശക്തിയായുര്‍ന്ന വന്ന സോവിയറ്റ് റഷ്യയെ ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ സംശയക്കണ്ണോടുകൂടിയാണു നോക്കിക്കണ്ടത്. അവര്‍ ആദ്യകാലങ്ങളില്‍ ജര്‍മ്മനിയോടും ഇറ്റലിയോടുമൊക്കെ ഒരു പ്രീണന നയം കൈക്കൊള്ളുകയും ചെയ്തു. മൂണിക് ഉടമ്പടിപ്രകാരം സുഡറ്റന്‍ ലാന്‍ഡിന്റെ കൈവശാവകാശം ജര്‍മ്മനിക്ക് നല്‍കിയെങ്കിലും  ചെക്കോസ്ലോവാക്യയെ പൂര്‍ണ്ണമായും ജര്‍മ്മനി വിഴുങ്ങിയതോടെയാണ് അപകടം മനസ്സിലാക്കിയ ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ജര്‍മ്മനിക്കെതിരേയാകുകയും ഒരു യുദ്ധത്തിനുള്ള അന്തരീക്ഷം സംജാതമായി എന്ന്‍ തിരിച്ചറിയുകയു ചെയ്തത്.

സോവിയറ്റ് റഷ്യയെ വര്‍ഗ്ഗശത്രുവായി കരുതിയിരുന്നെങ്കിലും ജര്‍മ്മനി അവരുമായി ഒരു അനാക്രമണ സന്ധി 1939 ല്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഈ സന്ധിപ്രകാരം പരസ്പ്പരം ആക്രമിക്കില്ലെന്നും പോളണ്ടിനെ പങ്കിട്ടെടുക്കാമെന്ന്‍ തീരുമാനിക്കുകയും ചെയ്തു. പില്‍ക്കാലത്ത് റഷ്യയില്‍ നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പിനെ ഈ സന്ധിയിലൂടെ സമര്‍‍ത്ഥമായി ഹിറ്റ്ലര്‍ മൂടിക്കെട്ടി. ജര്‍മ്മനി ഇറ്റലിയുമായി ഒരു പരസ്പ്പരസഹകരണ ധാരണയുണ്ടാക്കി. റോം ബെര്‍ലിന്‍ അച്ചുതണ്ട് എന്നറിയപ്പെട്ട ഈ സഖ്യത്തില്‍ ജപ്പാനും കൂടി ചേര്‍ന്നതോടെ റോം - ബര്‍ലിന്‍ -ടോക്യോ എന്ന അച്ചുതണ്ടുശക്തികള്‍ എന്ന മഹാസഖ്യം നിലവില്‍ വന്നു. കാര്യങ്ങളുടെ പോക്ക് സുഖകരമല്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടണും ഫ്രാന്‍സും ചൈനയും ചേര്‍ന്ന്‍ അച്ചുതണ്ട് ശക്തികള്‍ക്കെതിരായി പുതിയൊരു സഖ്യമുണ്ടാക്കുകയും അത് സഖ്യകക്ഷികള്‍ എന്നറിയപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കയും ഒക്കെ ഇതില്‍ പിന്നീട് ചേരുകയാണുണ്ടായത്.

1939 ല്‍ റഷ്യയുമായി അനാക്രമണ സന്ധി ഒപ്പുവച്ചശേഷം ഹിറ്റ്ലര്‍ പോളണ്ടിനുനേരെ തിരിഞ്ഞു. പ്രഷ്യയേയും ജര്‍മ്മനിയേയും തമ്മില്‍ വേര്‍തിരിക്കുന്ന പോളിഷ് ഇടനാഴിയുടെ മേല്‍ ഹിറ്റ്ലര്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ പോളണ്ട് ഇതിനെ എതിര്‍ത്തു. തങ്ങളുടെ റേഡിയോ സ്റ്റേഷന്‍ പോളണ്ട് ആക്രമിച്ചു എന്ന്‍ പറഞ്ഞുകൊണ്ട് ജര്‍മ്മനി 1939 സെപ്തംബര്‍ 1 ആം തീയതി പോളണ്ടിനെതിരേ ശക്തമായ ആക്രമണം ആരംഭിച്ചു. പോളണ്ടിന്റെ സഹായത്തിനായ് ബ്രിട്ടണും ഫ്രാന്‍സും എത്തുകയും അവര്‍ ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധത്തിനായി അങ്ങനെ രംഗമൊരുങ്ങി.

മൂന്നാം ഭാഗം വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

(തുടരും....)




ശ്രീക്കുട്ടന്‍

Saturday, December 21, 2013

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1


ഈ എഴുത്തിന്റെ കാരണഭൂതര്‍ പാലാരിവട്ടം ശശി, സച്ചിന്‍ കെ എസ് എന്നിവരാണു. പാലാരിവട്ടം ശശിയുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് പോസ്റ്റും അതിന്റെ കമന്റുകളും ഭംഗിയായ് അടുക്കിപ്പെറുക്കിവച്ച് സച്ചിന്‍ കെ എസ് ഒരു പിഡി എഫ് ഫയല്‍ ഉണ്ടാക്കുകയുണ്ടായി. അംഗങ്ങളുടെ കമന്റുകളുടെ രീതിയിലുണ്ടായിരുന്ന ആ പിഡി എഫ് ഫയലിനെ ഒന്ന്‍ മാറ്റിയെടുത്ത് അല്‍പ്പം കുറച്ച് വിവരങ്ങള്‍ ഗൂഗിളില്‍ നിന്നും പിന്നെ ചില സുഹൃത്തുക്കളില്‍ നിന്നും ചില വാചകങ്ങള്‍ സ്വന്തമായിട്ടും എഴുതിയതാണിത്. ചിത്രങ്ങള്‍ എല്ലാം കടം കൊണ്ടതു തന്നെ. സര്‍വ്വ വിനാശകാരിയായ് മാറിയ രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ച് ആര്‍ക്കെങ്കിലും കൂടുതലായി അറിയാമെങ്കില്‍ ദയവു ചെയ്ത് പങ്കുവയ്ക്കുക.  

രണ്ടാം ലോകമഹായുദ്ധം (1939 -1945)

നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ മഹായുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ അധികം പേര്‍ അംഗഭംഗം നേരിട്ടവരായി. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി പരസ്പ്പരം പോരടിച്ചു. സര്‍വ്വവിനാശകാരിയായ അണുബോംബ് വര്‍ഷിക്കപ്പെട്ട് ജപ്പാന്‍ എന്ന രാജ്യം ഒരു കുരുതിക്കളമായ് മാറി. അമേരിക്ക എന്ന ലോകശക്തന്‍ പിറവികൊണ്ടു. ഹിറ്റ്ലര്‍, മുസ്സോളിനി തുടങ്ങിയ ഏകാധിപത്യസ്വേച്ഛാദിപതികള്‍ കൊല്ലപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമായ് തകര്‍ന്നടിഞ്ഞു. പുതിയ സാമ്പത്തിക ശക്തികള് ഉദയം ചെയ്തു. എണ്ണിയാലൊടുങ്ങാത്ത പുതിയ പുതിയ ആയുധങ്ങള്‍ കണ്ടെത്തി. ചുരുക്കിപ്പറഞ്ഞാല്‍ ലോകഗതിയെ സമൂലപരിവര്‍ത്തനം നടത്തിയ ഒരു മഹാപ്രളയമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ഈ മഹായുദ്ധത്തിനുണ്ടായ കാരണങ്ങള്‍ എന്തായിരുന്നു? അല്ലെങ്കില് എങ്ങിനെയാണു ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ മഹാമാരിയിലേക്ക് വലിച്ചിഴക്കപ്പെട്ടത്? ആരായിരുന്നു ഇതിനുത്തരവാദികള്‍? ഒരന്വോഷണം.

ഒന്നാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ജര്‍മ്മനി 20 വര്‍ഷം കൊണ്ട് ഒരു മഹാശക്തിയായ് പുനരവതാരമെടുക്കുകയും ഹിറ്റ്ലര്‍ എന്ന അവരുടെ സ്വേച്ഛാതിപതിയായ നേതാവിന്റെ ചെയ്തികളാലുമാണ് ലോകത്തെ മുഴുവന്‍ ദുരിതത്തിന്റെ കയത്തിലേയ്ക്ക് തള്ളിവിട്ട രണ്ടാം ലോകമഹായുദ്ധമെന്ന മഹാമാരി സംഭവിക്കുവാനിടയായത്. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മറ്റൊരു മഹായുദ്ധത്തിനുള്ള മണിമുഴക്കം പലയിടത്തുനിന്നും ഉയര്‍ന്നുകേട്ടിരുന്നു. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും തങ്ങളുടെ സ്ഥിതി അപകടം കൂടാതെ സംരക്ഷിക്കുന്നതിനായ് മറ്റു പ്രബല രാജ്യങ്ങളുമായ് സഖ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഉത്സാഹിച്ചിരുന്നു. ഇപ്രകാരം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും പരസ്പ്പരം സഖ്യങ്ങളിലേര്‍പ്പെടുകയും ഏതെങ്കിലും ഒരു കാരണവശാല്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തെ കടന്നാക്രമിച്ചാല്‍ ആ രാജ്യത്തെ സഹായിക്കുവാന്‍ ബാധ്യസ്ഥരായി മാറുകയും ചെയ്തു. ഇപ്രകാരം പരസ്പ്പരമുള്ള സഖ്യങ്ങള്‍ ഒരു ചങ്ങലപോലെ ഒട്ടുമിക്ക രാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചു.

1939 സെപ്തംബര്‍ 1 നു ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടെയാണ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായ് ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലോകരാജ്യങ്ങള്‍ മുമ്പുണ്ടാക്കപ്പെട്ട സഖ്യങ്ങളനുസരിച്ച് രണ്ട് ചേരിയായ് തിരിയപ്പെട്ടു.  സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളുമായിരുന്നു ഈ രണ്ട് ചേരികള്‍.

ബ്രിട്ടണ്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക എന്നിവരായിരുന്നു സഖ്യകക്ഷികളിലെ പ്രബലര്‍.
ജര്‍മ്മനി, ജപ്പന്‍, ഇറ്റലി എന്നിവര്‍ അച്ചുതണ്ട് ശക്തികളും.

ലോകത്തെ മുഴുവന്‍ ഒരു മഹായുദ്ധത്തിലേയ്ക്ക് തള്ളിവിടപ്പെട്ടതിന്റെ കാരണങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന ഉത്തരവാദികള്‍ മൂന്നു രാജ്യങ്ങളും അവയുടെ നേതാക്കളുമായിരുന്നു. അവ ജര്‍മ്മനി- ഹിറ്റ്ലര്‍, ഇറ്റലി - മുസ്സോളിനി , ജപ്പാന്‍ - ഹിരോഹിതോ ചക്രവര്‍ത്തി എന്നിവരായിരുന്നു.

ജര്‍മ്മനി


കൂടുതലും യൂറോപ്യന്‍ വന്‍ കര കേന്ദ്രമാക്കി നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 1919 ല്‍ പാരീസില്‍ വച്ച് ഒപ്പിട്ട വെഴ്സായ്സ് ഉടമ്പടിപ്രകാരം ഒന്നാം ലോകമഹായുദ്ധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ ജര്‍മ്മനിയും കൂട്ടുരാജ്യങ്ങളുമാണെന്ന്‍ സ്ഥാപിക്കപ്പെട്ടു. ഉടമ്പടിപ്രകാരം ജര്‍മ്മനി ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു നല്‍കാനും സമ്പൂര്‍ണ്ണ നിരായുധീകരണം നടപ്പിലാക്കുവാനും സഖ്യകക്ഷികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യസ്ഥരായി തീരുകയും ചെയ്തു. ലക്ഷക്കണക്കിന് ജര്‍മ്മന്‍ പടയാളികളും ജനങ്ങളും മരിച്ചുവീഴുകയും സാമ്പത്തികമായ് താറുമാറാവുകയും ലോകരാജ്യങ്ങളുടെ മുന്നില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടിവരികയും ചെയ്ത ജര്‍മ്മനിയുടെ ഗതികേടാണ് ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിലേയ്ക്ക് തള്ളിവിടാനിടയാക്കിയത്. കനത്ത നാശനഷ്ടങ്ങളും അപമാനവും സഹിക്കേണ്ടിവന്ന ജര്‍മ്മന്‍ ജനതയ്ക്കുള്ളില്‍ ഒരസംതൃപ്തി പുകയുന്നതിനിടയിലാണ് യുദ്ധം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ അഡോല്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി പാര്‍ട്ടി ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത്. തികച്ച് പത്തുവര്‍ഷമെടുക്കുന്നതിനുമുന്നേ തന്നെ ജര്‍മ്മനിയെ ലോകത്തിലെ എണ്ണം പറഞ്ഞ ഒരു ശക്തിയായ് ഹിറ്റ്ലര്‍ മാറ്റിയെടുത്തു.

അഡോള്‍ഫ് ഹിറ്റ്ലര്‍

രണ്ടാം ലോകമഹായുദ്ധം എന്ന്‍ കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ ഏറ്റവും മുന്‍ നിരയിലെത്തുന്ന പേര് അഡോള്‍ഫ് ഹിറ്റ്ലറിന്റേതാണ്. ജര്‍മ്മനിയെ എങ്ങനെയാണു ഒരു ലോകശക്തിയും റഷ്യ,ബ്രിട്ടന്,അമേരിക്ക എന്നീ വന്‍ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തക്ക കഴിവുമുള്ളതാക്കി വളര്‍ത്തിയത് എന്നത് കൊതുകകരമാണ്. ഹിറ്റ്ലര്‍ ശരിക്കും ഒരു ജർമ്മൻ പൌരനല്ലായിരുന്നു. ആസ്ട്രിയായിൽ ആണ് ഹിറ്റ്ലര്‍ ജനിച്ചത്. യാതനകള്‍ നിറഞ്ഞ ബാല്യം. അമ്മയോട് മാത്രമാണ് അടുപ്പം ഉണ്ടായിരുന്നത്. അച്ഛന് ക്രൂരനും മുരടനും ആയിരുന്നു. ഒരു ചിത്രകാരന് ആവാനാഗ്രഹിച്ച ഹിറ്റ്ലര്‍ പക്ഷെ പട്ടാളക്കാരനായി  തീരുകയാണുണ്ടായത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ നിരയില്‍ ഒരു സൈനികനായി സേവനമനുഷ്ടിച്ച ഹിറ്റ്ലര്‍ തന്റെ രാജ്യത്തിനു നേരിട്ട പരാജയത്തില്‍ ദുഃഖിതനായിരുന്നു. യുദ്ധത്തിൽ പങ്കെടുത്തു കഴിഞ്ഞു ഒരു ജോലിയൊന്നുമില്ലാതെ കുറെക്കാലം നടന്ന ഹിറ്റ്ലര്‍ പട്ടാളത്തിന്റെ പ്രസ് ആൻഡ് ന്യൂസ് ബ്യൂറോയിൽ ചേർന്നു. അവിടെ വെച്ച് തന്റെ പ്രസംഗ വൈദഗ്ധ്യവും ജൂത വിരോധവും കാരണം പതുക്കെ ഉയരാൻ തുടങ്ങുകയും, പൊതു പ്രസംഗങ്ങൾ നടത്താനും തുടങ്ങി.തുടര്‍ന്ന്‍ ഇന്റലിജെന്സ് ഓഫീസറായി നിയമിക്കപ്പെട്ട ഹിറ്റ്ലര്‍ ജർമ്മൻ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിന്റെ സ്ഥാപകരിൽ ഒരാള് ആയ ടെക്സലറുടെ ജൂത, കമ്യൂണിസ്റ്റ് വിരോധവും തീവ്ര ദേശീയതയും ഹിറ്റ്ലറെ വല്ലാതെ ആകര്‍ഷിച്ചു. താമസിയാതെ ഹിറ്റ്ലര്‍ പാര്‍ട്ടിയുടെ ചീഫ് പ്രോപ്പഗാണ്ട ഓഫീസർ ആയിമാറി. പാര്‍ട്ടിയുടെ പേര് മാറ്റി നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വര്‍ക്കേഴ്സ് പാര്‍ട്ടി (നാസി) എന്നാക്കി.  ഹിറ്റ്ലര്‍ തന്നെയാണ് സ്വസ്തിക പാര്‍ട്ടിയുടെ ചിഹ്നമാക്കിയതും.


1923 ല്‍ ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ ഒരു പട്ടാള അട്ടിമറി ശ്രമം ജര്‍മ്മനിയില്‍ നടക്കുകയുണ്ടായി. എന്നാല്‍ ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്ലര്‍ തടവറയ്ക്കുള്ളിലായി. ആ തടവുകാലത്തിനിടയിലാണ് ഹിറ്റ്ലര്‍ തന്റെ പ്രസിദ്ധമായ മെയിന്‍ കാംഫ്(എന്റെ പോരാട്ടങ്ങള്‍) എന്ന ആത്മകഥയെഴുതുന്നത്. ജയിലലടയ്ക്കപ്പെട്ട സമയത്തുതന്നെ ഹിറ്റലര്‍ക്ക് സാമാന്യം നല്ല ജനപിന്തുണയുണ്ടായിരുന്നു. ചടുലമായ പ്രഭാഷണങ്ങളിലൂടെയും ജര്‍മ്മന്‍ ദേശീയതയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഹിറ്റ്ലര്‍ ആരാധ്യനായ് മാറുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മോചിതനായ ഹിറ്റലര്‍ തന്റെ പ്രഭാഷണങ്ങളിലൂടെ ജര്‍മ്മന്‍ ജനതയുടെ നേതാവായ് വളര്‍ന്നു.നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്ന നാസി പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്തിയ ഹിറ്റ്ലര്‍ രാജ്യത്തിന്റെ സാമ്പത്തികവും സൈനികവുമായ പോരായ്മകള്‍ ഇല്ലാതാക്കുവാന്‍ കഠിനശ്രമങ്ങളാരംഭിച്ചു.

ജർമ്മൻ ദേശീയത,കമ്യൂണിസ്റ്റ് വിരുദ്ധത,ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹിറ്റ്ലർ തന്റെ ജനപ്രീതി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. യൂറോപ്യൻ വർകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 20 വർഷം മുൻപ് വെഴ്സായ്സ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ ശുദ്ധരക്തത്തിന്‌ ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.


ഹിറ്റ്ലര്‍ നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു. മരണശേഷം ഹിറ്റ്ലറുടെ ചിത്രങ്ങള്‍ വന്‍ വിലയ്ക്കാണ് ലേലത്തില്‍ പോയത്. ഹിറ്റ്ലര്‍ വരച്ച ഒരു ചിത്രം. 

സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും ചില ധനിക ജൂതകച്ചവടക്കാരും ചേര്‍ന്ന്‍ ഒന്നാം ലോകമഹായുദ്ധസമയത്തും മറ്റും നടത്തിയ കൈക്കൂലിയുടെയും കൊള്ളലാഭത്തിന്റെയും വിവരങ്ങൾമാടങ്ങിയ ഒരു കുംഭകോണവാര്‍ത്ത (ബാര്‍മത് കുംഭകോണം) ഈ സമയത്ത് പുറത്തുവന്നു. അന്ധമായ ജൂതവിരോധം വച്ചുപുലര്‍ത്തിയിരുന്ന ഹിറ്റ്ലര്‍ ഈ അവസരം ശരിക്കും മുതലെടുത്തു. യുദ്ധത്തിന്റെ ഇടയിൽ പോലും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും എന്ന് പ്രചരിപ്പിക്കാൻ ഹിറ്റ്ലറെ ഇത് സഹായിച്ചു.

ഇതോടെ നാസി പാര്‍ട്ടിയുടെ വളര്‍ച്ച ത്വരിതവേഗത്തിലായി എങ്കിലും തിരഞ്ഞെടുപ്പുകളിൽ കാര്യമായ പ്രകടനം കാഴ്ച വെക്കാൻ അവര്‍ക്ക് കഴിഞ്ഞില്ല. താമസിയാതെ നാസി പാര്‍ട്ടിക്കാരും കമ്മ്യൂണിസ്ടുകളും തമ്മിലുള്ള ലഹളകള്‍ സ്ഥിരമായി ഉണ്ടാകാൻ തുടങ്ങി. അതോടെ നാസികൾക്ക് പല പല എതിര്‍പ്പുകളും സർക്കാരിൽ നിന്നും നേരിട്ട് തുടങ്ങി. എങ്കിലും പാര്‍ട്ടിയുടെ ജന സമ്മതി വളര്‍ന്നു കൊണ്ടിരുന്നു. ഹിറ്റ്ലറെ ഒരു രക്ഷകൻ ആയി ജനങ്ങള്‍ കാണാൻ തുടങ്ങി. പതുക്കെ പതുക്കെ നാസികള്‍ ജൂതന്മാരെ പരസ്യമായി ആക്രമിക്കാൻ തുടങ്ങി. ചില കൊലപാതകങ്ങൾ കാരണം പല നാസി പാര്‍ട്ടി നേതാക്കളുടെയും പരസ്യ പ്രസംഗം നിരോധിച്ചെങ്കിലും ഗീബല്സിനെപ്പോലെയുള്ളവരുടെ പ്രസംഗങ്ങൾ റിക്കോര്‍ഡ് ചെയ്തു ആള്‍ക്കാരെ കേള്‍പ്പിക്കാൻ തുടങ്ങി. ഹിറ്റ്ലര്‍ യൂത്ത്, എസ എസ എന്നിവ ബാൻ ചെയ്യപ്പെട്ടു. പക്ഷെ അധികം കഴിയുന്നതിനു മുന്‍പ് നിരോധനം പിന്‍വലിക്കപ്പെട്ടു. ഭരണ കക്ഷിയിൽ പോലും നാസികളുടെ തീവ്ര ദേശീയതയും ജൂത വിരോധവും ഉളവാക്കാൻ കഴിഞ്ഞത് കൊണ്ടായിരുന്നു അത്. തിരഞ്ഞെടുപ്പുകളിൽ നാസി പാര്‍ട്ടി ശക്തി കാണിക്കാൻ തുടങ്ങുകയും ഒരു കൂട്ട് കക്ഷി സംവിധാനത്തിലൂടെ ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാൻസലർ ആകുകയും ചെയ്തു.

കൂട്ട് കക്ഷി ഭരണത്തിൽ സംതൃപ്തനല്ലാതിരുന്ന ഹിറ്റ്ലർ ഗവണ്മെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ സമയത്താണ് കുപ്രസിദ്ധമായ പാര്‍ലമെന്റ് മന്ദിരം കത്തിക്കൽ നടന്നത്. ഹിറ്റ്ലറുടെ ആൾക്കാർ പാര്‍ലമെന്റ് മന്ദിരം കത്തിക്കുകയും അതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്ടുകളുടെ തലയിലിടുകയുമാണുണ്ടായത്. ഇതിനെ തുടർന്ന് കമ്മ്യൂണിസ്റ്റുകൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. ജനങ്ങളിൽ കമ്യൂണിസ്റ്റ് വിരോധം കൂട്ടുകയും ഇത്തരം ദേശ ദ്രോഹികളിൽ നിന്നുള്ള രക്ഷക്ക് ശക്തനായ ഭരണാധികാരി ഹിറ്റ്ലർ മാത്രം എന്ന ചിന്തക്ക് ആക്കം കൂട്ടുകയും ചെയ്തു. പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ലാതെ തന്നെ ചാൻസലർ ആയ ഹിറ്റ്ലറിനു നിയമങ്ങള് പാസാക്കാനുള്ള അധികാരം കിട്ടുന്നതിനായ് പുതിയൊരു ആക്റ്റ് കൊണ്ടു വന്നു. ഈ നിയമത്തിന്റെ മറപറ്റി പ്രതിപക്ഷ പാര്‍ട്ടികളിലെ ഒട്ടുമിക്കപേരെയും തടവിലടച്ചു. കൂടുതല്‍ അധികാരം കിട്ടിയ ഹിറ്റ്ലര്‍ തന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. കമ്യൂണിറ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു.ട്രേഡ് യൂണിയനുകൾ പിരിച്ചുവിടപ്പെട്ടു. കമ്മ്യൂണിസ്റ്റ് ജൂത ആശയങ്ങള്‍ അടങ്ങിയ മുഴുവന്‍ പുസ്തകങ്ങളും ചുട്ടെരിക്കപ്പെട്ടു. ഒന്നൊന്നായ് ചെറു രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം നിരോധിപ്പിച്ചു. വിമത ശബ്ദം ഉയര്‍ത്തിയ കുറേപ്പേരെ തിരഞ്ഞു പിടിച്ചു വെടി വെച്ച് കൊല്ലുകയും ചെയ്തു. പ്രസിഡന്റിന്റെ മരണശേഷം മുഴുവന്‍ അധികാരങ്ങളും ചാന്‍സലറായ ഹിറ്റ്ലറില്‍ വന്നു ചേരുമെന്ന തരത്തില്‍ പുതിയൊരു നിയമം പാസ്സാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ പ്രസിഡന്റ് മരണമടയുകയുണ്ടായി. അദ്ദേഹത്തെ കൊന്നതാണെന്നും പറയുന്നു.


ദേശ ദ്രോഹബന്ധം ആരോപിച്ചു കമ്മുണിസ്റ്റ്, ജൂത ആശയങ്ങള്‍  ഉള്ള പുസ്തകങ്ങള്‍ കത്തിക്കുന്ന നാസികള്‍.


പട്ടാളക്കാരുടെ രാജ്യത്തോട് കൂറ് കാട്ടും എന്നുള്ള പ്രതിജ്ഞയെ മാറ്റി ഹിറ്റലറിനോദ് കൂറ് കാണിക്കും എന്നാക്കിമാറ്റിപ്പിച്ചു. യുദ്ധത്തിനായി തയ്യാറെടുക്കാൻ പറഞ്ഞതിനെ എതിര്‍ത്ത  പ്രതിരോധ മന്ത്രിയെ രാജി വയ്പ്പിച്ചു. പല കമാന്‍ഡര്‍ മാരെയും പുറത്താക്കി. സൈന്യത്തിൽ ഒരു ശുദ്ധീകരണം ആരംഭിക്കുകയും നാസി താല്പര്യങ്ങൾ പുലര്‍ത്താത്ത ഓഫീസര്‍മാരെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ചുരുങ്ങിയ നാളുകള്‍‍ കൊണ്ട് ജര്‍മ്മനിയെ തന്നെ മാറ്റി മറിച്ചു. ഇതിനൊക്കെ പ്രധാനമായും പണം കണ്ടെത്തിയത് ദേശ വിരുദ്ധർ എന്ന് മുദ്ര കുത്തിയവരുടെ സ്വത്തുക്കൾ കണ്ടു കെട്ടിയാണ്. തൊഴിലില്ലായ്മ ഒറ്റയടിക്ക് അറുപതു ലക്ഷത്തിൽ നിന്നും പത്തു ലക്ഷമായി കുറഞ്ഞു.

                                              ഹിറ്റ്ലറെ അഭിസംബോധന ചെയ്യുന്ന നാസി പട്ടാളം 

വെഴ്സായ്സ് ഉടമ്പടിപ്രകാരം ഉണ്ടായിരുന്ന നിരായുധീകരണ വ്യവസ്ഥയെ കാറ്റില്‍ പറത്തിക്കൊണ്ട് ഹിറ്റ്ലര്‍ വീണ്ടും വായൂ സേന രൂപവത്ക്കരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലുഫ്റ്റ് വാഫെ എന്ന ജര്‍മ്മന്‍ വായു സേന പൂര്‍വ്വാധികം ഭംഗി ആയി പുനസംഘടിക്കപ്പെട്ടു. ഏറ്റവും പുതിയ ടെക്നോളജി ഒത്തു ചേര്‍ന്ന ഇവ അന്ന് നിലവിലുണ്ടായിരുന്ന ഏതൊരു വ്യോമ സേനയെക്കാളും മികച്ചു നില്ക്കുന്ന ഒന്നായിരുന്നു. ധാരാളമായി ആയുധങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടു. തോക്കുകളും ടാങ്കുകളും എന്ന് വേണ്ട ജര്‍മ്മന്‍ നിര്‍മ്മിത വസ്തുക്കളെല്ലാം മേന്മയുടെയും സാങ്കേതിക തികവിന്റെയും ഉദാഹരണങ്ങളായിരുന്നു.ഇതിനെ തുടർന്ന് ജര്‍മ്മനി ലീഗ് ഓഫ് നേഷനിൽ നിന്നും പുറത്തു വന്നു. പക്ഷെ ഈ ആയുധ സംഭരണം ജർമ്മൻ സാമ്പത്തികസ്ഥിതിയെ ബാധിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് ഒരു ചതുര് വത്സര പദ്ധതി കൊണ്ട് വരപ്പെട്ടു. ജൂത-കമ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ ജർമ്മൻ ദേശീയത എന്നതായിരുന്നു ഇതിന്റെ നയം. ഹിറ്റ്ലറിന്റെ ആദ്യ താല്പര്യം ഒരു ജർമ്മൻ ബ്രിട്ടണ്‍ സഖ്യത്തിനായിരുന്നെങ്കിലും ആ താല്പര്യം ഉപേക്ഷിക്കുകയും, ഇറ്റലിയോടും ജപ്പാനോടും ചേര്ന്ന് ആക്സിസ് പവേഴ്സ് എന്ന സഖ്യം രൂപവൽക്കരിക്കുകയും ചെയ്തു. ജര്‍മ്മനിയുടെ ധന സ്ഥിതി മോശമാവുകയാല്‍ ഓസ്ട്രിയയേയും ചെക്കൊസ്ലാവാക്യയേയും ആക്രമിച്ചു കീഴടക്കി അവിടുത്തെ സമ്പത്ത് എടുക്കാം എന്ന് ഹിറ്റലര്‍ തീരുമാനിച്ചു.

ജൂത വിരോധം കാണിക്കുന്ന ജര്‍മ്മനിയിലെ  ഒരു പോസ്റ്റര്‍. 

ജര്‍മ്മനിയില്‍ ജൂത വിരോധം കേവലം ഹിറ്റ്ലർ മാത്രം കൊണ്ട് വന്നതല്ല. പൊതുവിൽ യൂറോപ്പിനു ജൂതരോട് പ്രതിപത്തി ഇല്ലായിരുന്നു. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും പലിശക്കാരുമൊക്കെയായ ജൂതരെ എല്ലാവരും വെറുത്തിരുന്നു. ജര്‍മ്മന്‍ ജനതയ്ക്കുണ്ടായിരുന്ന   ജൂത വിരോധം ഹിറ്റ്ലർ ആളിക്കത്തിച്ചു. അത് കൊണ്ട് തന്നെ ജൂതർ കൂടുതലും കമ്മ്യൂണിസ്റ്റു ചേരിയില്‍ അഭയം പ്രാപിച്ചു. അതോടെ ജർമ്മനിയിൽ വളര്‍ന്നു വന്നിരുന്ന ദേശിയ ബോധം ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഒരു ചുഴലിയുടെ രൂപം പ്രാപിക്കുകയായിരുന്നു.

രണ്ടാം ഭാഗം വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

(തുടരും..)


ശ്രീക്കുട്ടന്‍