Saturday, November 10, 2012

നവംബറിന്റെ സമ്മാനം



ബാധ്യതകളെല്ലാമൊഴിഞ്ഞൊന്ന്‍ പെണ്ണുകെട്ടാമെന്നു വച്ചാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന നഗ്നസത്യം മനസ്സിലായതോടെ ഞാനുമൊന്ന്‍ കെട്ടാമെന്നു വച്ചു. അല്ലെങ്കിലും പ്രായം റോക്കറ്റ് പോകുന്നതുപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുവാണു. വയസ്സു ഇരുപത്തൊമ്പതു കഴിഞ്ഞിരിക്കുന്നു. സമപ്രായക്കാര്‍ മിക്കതും അച്ഛന്മാരായിക്കഴിഞ്ഞിരിക്കുന്നു. ഇനിയും താമസിച്ചാല്‍ പെണ്ണ്‍ കിട്ടത്തില്ല എന്നതു നൂറുശതമാനമൊറപ്പ്. വീട്ടിലാണെങ്കില്‍ ആര്‍ക്കും തടസ്സവാദങ്ങളൊന്നുമില്ല. ഞാന്‍ ഒന്നു കെട്ടിക്കണ്ടാല്‍ മതിയെന്നുതന്നെയാണവരുടെയെല്ലാം ആഗ്രഹം.

പ്രവാസത്തിന്റെ ചൂടിലേയ്ക്ക് കുതിച്ചിറങ്ങിയിട്ട് കൃത്യം മൂന്നുകൊല്ലം കഴിഞ്ഞപ്പോഴായിരുന്നു നാട്ടിലേയ്ക്കുള്ള മടക്കം. കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും മനസ്സിനിണങ്ങിയ ഒരുവളെ കണ്ടെത്തി ഉറപ്പിച്ചു വയ്ക്കുകയെങ്കിലും ചെയ്യണമെന്ന്‍ ഉറപ്പിച്ചായിരുന്നു യാത്ര. നല്ല ധാരാളം തലമുടിയുള്ള വെളുത്തു സുന്ദരിയായ ഒരു നാടന്‍ പെണ്മണിയാണു സങ്കല്‍പ്പത്തിലുള്ളത്. എന്തായാലും നാട്ടിലെത്തി ആദ്യത്തെ ഒന്നുരണ്ടുദിവസത്തെ സന്ദര്‍ശന മഹാമഹങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ മാമന്‍ എന്നോട് ഞായറാഴ്ച ഒരിടത്ത് പോകണമെന്ന്‍ പറഞ്ഞു. ഒറപ്പിച്ചു എന്റെ പെണ്ണുകാണല്‍ തന്നെയാണ്.

ഞായറാഴ്ചയായതും മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ. ജീവിതത്തിലെ ആദ്യ പെണ്ണുകാണലാണ്. കുഴപ്പമൊന്നുമില്ലാതെ പാസാകാന്‍ കഴിയണേ. അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ഏകദേശമൊരു രണ്ടു മണിയായപ്പോള്‍ ഞങ്ങള്‍ ഞാന്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അല്‍പ്പസമയം കഴിഞ്ഞ് എന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ഞാന്‍ എന്റെ ആദ്യത്തെ പെണ്ണുകാണലിലെ നായികയെ ഒന്നു നോക്കി. ഒരു പാവം കുട്ടി. എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന രൂപവുമായി ഒരു ബന്ധവുമില്ല. കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ എനിക്ക് ചെറിയ നിരാശയും ഒപ്പം സങ്കടവും അനുഭവപ്പെടുന്നുണ്ടായിരുന്നു.

"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"

കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു. അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍. അതെ സംശയമൊന്നും വേണ്ടാ. തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍ തന്നെ. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം. അപ്പച്ചിമാര്‍ നാലുപേര്‍ ഉള്ളതായി അറിയാം. അവര്‍ ഇപ്പോള്‍ എവിടെയൊക്കെയാണു താമസിക്കുന്നതെന്നൊന്നും അറിയില്ല. മഴ ചനുപിനെ പെയ്യുന്നുണ്ട്. കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു. മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ ഞാന്‍ തിരിച്ചറിഞ്ഞു. പ്രായം അവരുടെ രൂപത്തില്‍ അത്ര വലിയ പരിണാമമൊന്നും വരുത്തിയിട്ടില്ല. ലേശം കൂനിയതുപോലെ തോന്നുന്നു. ഞാനടുത്തെത്തിയപ്പോള്‍ ശുഷ്ക്കിച്ച കൈകളാലച്ഛമ്മയെന്നെ കെട്ടിപ്പിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഞാനും വല്ലാണ്ടായി. ഒന്നു രണ്ട്മിനിട്ട് പരിഭവം പറച്ചിലൊക്കെ കഴിഞ്ഞ് ഞാനും അച്ഛമ്മയ്ക്കൊപ്പം അകത്തേയ്ക്ക് കയറി. അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. ഞാന്‍ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി. വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ ഒരുമിന്നായം പോലെ കണ്ടു. നീണ്ടിടതൂര്‍ന്ന മുടിയിഴകളും.

അച്ഛന്റെ ഇളയപെങ്ങളുടെ( എന്റെ അപ്പച്ചി) വീടായിരുന്നുവത്. രാധാമണിയുടെ. വളരെ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ആ വീട്ടില്‍ വന്നിട്ടുണ്ട്. അന്ന്‍ അത് മണ്ണു കുഴച്ചുവച്ച ഒരു വീടായിരുന്നു. ഇപ്പോള്‍ ഓടിട്ട സിമന്റൊക്കെ തേച്ച വല്യ ഒരു വീട്. അവിടെ എന്റെ അച്ഛന്റെ മറ്റു മൂന്നു പെങ്ങള്‍ മാരും സന്നിഹിതരായിരുന്നു. ബേബി, ശാന്ത പിന്നെ മോളി. അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു. പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ ഞാന്‍ ആകെ സങ്കോചപ്പെട്ടിരുന്നു.

"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"

അച്ഛന്‍ ഇളയ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ എനിക്ക് വലിയ ജാള്യത ഒന്നും അനുഭവപ്പെട്ടില്ല. കാരണം ഇതെന്റെ വേണ്ടപ്പെട്ടവരുടെ വീടാണു.  എന്റെ ബന്ധു ജനങ്ങളാണു എല്ലാവരും.  എനിക്ക് അവകാശപ്പെട്ട എന്റെ മുറപ്പെണ്ണു തന്നെയാണ് എന്റെ മുന്നില്‍ വരാന്‍ പോകുന്നത്. ചായക്കപ്പ് വാങ്ങവേ ഞാനവളെയാകമാനമൊന്നു നോക്കി. കുഴപ്പമില്ല. എന്റെ സങ്കല്‍പ്പത്തോട് അത്രമാത്രം അടുത്തു നില്‍ക്കുന്ന രൂപമൊന്നുമല്ല. പക്ഷേ ധാരാളം തലമുടിയുണ്ടായിരുന്നു. ചായകുടിയും വര്‍ത്തമാനം പറച്ചിലുകള്‍ഊം ഒക്കെ കഴിഞ്ഞ് അവിടെ നിന്നുമിറങ്ങുമ്പോള്‍ ഇവള്‍ തന്നെ ഇനി എന്നെ സഹിക്കേണ്ടവള്‍ എന്നു മനസ്സിലുറപ്പിച്ചിരുന്നു. കാറില്‍ കയറുന്നതിനു മുന്നേ ഞാന്‍ ഒന്നു പാളിനോക്കി. വാതിലിനടുത്ത് നിര്‍ന്നിമേഷയായി നോക്കി നില്‍ക്കുന്ന ഒരു ജോഡി കണ്ണുകള്‍ എന്റെ മിഴികളുമായി കോര്‍ത്തു. ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഞാന്‍ കാറിലേയ്ക്ക് കയറി.


പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്. നവംബര്‍ 10 നു വിവാഹം. സംഗതി തീരുമാനമായതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ. അവളോട് ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു. അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ മേടിച്ചുച്ചുതരാന്‍. അപ്പച്ചിയോടും ചോദിക്കുവാന്‍ മടി. ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി. നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു. രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു. ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എ ന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.


പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു. റീ ചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍  എന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി. പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ. ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു. ഐസ്ക്രീം പാര്ലറില്‍ മുട്ടിയുരുമ്മിയിരുന്ന്‍ ഐസ്ക്രീം നുണയുകയും പിന്നെ ഒന്നു രണ്ടുമണിക്കൂര്‍ കറങ്ങി ചുറ്റി നടക്കുകയും ഒക്കെ. അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി. കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി കുടവൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് ഞാനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു.

ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും എന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല. ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു. അതെ. ഇന്നേയ്ക്ക് കൃത്യം നാലുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു എന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, എന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,എനിക്കൊരു കൂട്ടാകുവാന്‍ വേണ്ടി ഞാനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്. അതെ എന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ നാലാം വാര്‍ഷികദിനമാണിന്ന്‍...

എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.



ചില കൊച്ചുകൊച്ചുരസലുകളും ചെറിയ ചില പിണക്കങ്ങളും പിന്നെക്കുറച്ചു കരച്ചിലും പരിഭവം പറച്ചിലുമൊക്കെയായി നാലുവര്‍ഷം കൊണ്ട് ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍മൊരു മകന്‍ കൂടിയുണ്ട്. ശ്രീ​‍ഹരി. ഇപ്പോള്‍ ഒന്നര വയസ്സാകുന്നാശാനു...





ശ്രീക്കുട്ടന്‍

32 comments:

  1. എന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ നാലാം വാര്‍ഷികദിനമാണിന്ന്‍...

    ഇന്നേയ്ക്ക് കൃത്യം നാലുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു എന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്,അതിന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,എനിക്കൊരു കൂട്ടാകുവാന്‍ വേണ്ടി, സ്നേഹിച്ചു കൊല്ലുവാന്‍ വേണ്ടി ഞാനവളെ കൈപിടിച്ചു എന്നോടൊപ്പം ചേര്‍ത്തിരുത്തിയത്.

    അങ്ങിനെ എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

    ReplyDelete
  2. Many many happy returns of the day sree..............

    ReplyDelete
  3. ഒരുപാടു സന്തോഷത്തോടെ ഈ ദാമ്പത്യ ജീവിതം ഇനിയുമേറെ കാലം മുന്നോട്ടു പോകട്ടെ .. വിവാഹവാര്‍ഷികാശംസകള്‍

    ReplyDelete
  4. ചില കൊച്ചുകൊച്ചുരസലുകളും ചെറിയ ചില പിണക്കങ്ങളും പിന്നെക്കുറച്ചു കരച്ചിലും പരിഭവം പറച്ചിലുമൊക്കെയായി നാലുവര്‍ഷം കൊണ്ട് ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരി........

    അതല്ലേ ശ്രീ ജീവിതം .. മധുരതരമായി അതിനിയും ഒരുപാടോരുപാട് വര്‍ഷങ്ങള്‍ മുന്നോട്ടു പോവട്ടെ !!

    ആശംസകള്‍

    ReplyDelete
  5. വിവാഹ വാര്‍ഷിക ആശംസകള്‍

    ReplyDelete
  6. വിവാഹ വാര്‍ഷിക ആശംസകള്‍

    ReplyDelete
  7. എന്നും എന്നെന്നും ഈ സന്തോഷം നിലനിര്‍ത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ... ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍ ശ്രീ :)

    ReplyDelete
  8. എല്ലാവര്‍ക്കും നന്ദി പ്രീയരേ.....

    ReplyDelete
  9. എല്ലാ ആശംസകളും നേരുന്നു, ഇനിയും ഒരുപാട് നാൾ ഈ സ്നേഹബന്ദം നിലനിൽക്കട്ടെ

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. MANY MORE HAPPY RETURNS OF THE DAY SREEKUTTAN N UR WIFE...

    ReplyDelete
  12. ഈ വിവാഹ വാര്‍ഷിക വേളയില്‍ ദൈവം സമ്മാനിച്ച സ്നേഹമയിയായ ഭാര്യയും കൂടെ ഒരു പൊന്‍ മണിയും ,സര്‍വേശ്വരന്‍ ഈ സ്നേഹവും ബഹുമാനവും ജീവിതാവസാനം വരെ നിലനിര്‍ത്താനും ആയുസ്സും ആരോഗ്യവും തന്നു സംരഷിക്കാനും ജഗദീസ്വരനോട് പ്രാര്‍ഥിക്കുന്നു ...,വിവാഹ വാര്‍ഷികാശംസകള്‍ .,.,.,.

    ReplyDelete
  13. ആയൂരാരോഗ്യസൌഖ്യങ്ങള്‍ നേരുന്നു...ആശംസകള്‍!!!! !!!

    ReplyDelete
  14. ഒരുപാടു സന്തോഷത്തോടെ ഈ ദാമ്പത്യ ജീവിതം ഇനിയുമേറെ കാലം മുന്നോട്ടു പോകട്ടെ .. വിവാഹവാര്‍ഷികാശംസകള്‍

    ReplyDelete
  15. സന്തോഷകരമായി ഈ ജീവിതം മുമ്പോട്ട് പോകട്ടെ

    ReplyDelete
  16. വിവാഹ വാര്‍ഷിക ആശംസകള്‍

    ReplyDelete
  17. മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം നമുക്കീ മധുവിധു വാസന്ത രാവില്‍ ... ആശംസകള്‍ !!!!!

    ReplyDelete
  18. വളരെ ഭംഗിയായി അവതരിപ്പിച്ചു.ആത്മാര്‍ഥത നിറഞ്ഞു നില്‍ക്കുന്നു..എന്നും സുഖവും സമാധാനവും നിറഞ്ഞതായിരിക്കട്ടെ ജീവിതം..
    ആശംസകള്‍..

    ReplyDelete
  19. സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ ജീവിതം..
    ഒരുപാടു സന്തോഷത്തോടെ ഈ ദാമ്പത്യ ജീവിതം ഇനിയുമേറെ കാലം മുന്നോട്ടു പോകട്ടെ .. വിവാഹവാര്‍ഷികാശംസകള്‍

    ReplyDelete
  20. ഇതു പുളൂസല്ലല്ലോ? അങ്ങനെ അകന്നുപോയ ബന്ധങ്ങൾ കൂട്ടിച്ചേർക്കാനൊരു കാരണമായല്ലോ!
    ദീർഘകാലം സംതൃപ്തമായ കുടുംബജീവിതം നയിക്കാൻ കഴിയട്ടെ.

    ReplyDelete
  21. ആശംസകള്‍ നീണാള്‍ വാഴട്ടെ..

    ReplyDelete
  22. നന്ദി പ്രീയരേ..എല്ലാവര്‍ക്കും..

    ReplyDelete
  23. അമ്പട പുളുസു
    ഇപ്പഴെങ്കിലും ഒരു സത്യമെഴുതീല്ലോ

    സര്‍വമംഗളാശംസകള്‍

    ReplyDelete
  24. കൊള്ളാം , ഇതിലും നല്ല ഒരു സമ്മാനം എന്തായിരിക്കും!, ആശംസകള്‍ !

    ReplyDelete
  25. അമ്പട പൂളുസൂ , അതും ഒരു പോസ്റ്റാക്കി അല്ലേ

    വിവാഹ വാര്‍ഷികാശംസകള്‍ ,

    ReplyDelete
  26. ആരോഗ്യത്തോടേയും സന്തോഷത്തോടേയും വർഷങ്ങൾ സുഖമായി ജീവിക്കട്ടെ, ഇനിയും അനവധി വിവാഹ വാർഷികങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു .

    ReplyDelete
  27. പെണ്ണുകാണല്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഇതെഴുതാന്‍ "ചാണ്ടിച്ചന്‍സ് ജേര്‍ണി ടു ഡെസ്ടിനി" ഒരു നിമിത്തമായോ എന്നു തോന്നി!

    >>ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും <<........പോലുള്ള ചില വരികള്‍ സെന്‍സര്‍ ചെയ്ത് നീക്കണം:)

    ദീര്ഖകാല, സുന്ദര ദാമ്പത്യം ആശംസിക്കുന്നു.

    ReplyDelete
  28. സന്തോഷവും സമാധാനവും പൂതലയുന്ന ജീവിതമാവട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  29. ഇനിയും വളരെ നല്ല നാളെകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. പെണ്ണ് കാണല്‍ വിവരണം മനോഹരമായിരുന്നു.

    ReplyDelete