Monday, January 30, 2012

ബസ്സ് യാത്രകള്‍ എത്ര സുന്ദരം

ജീവിതത്തിന്റെ മധുരമൂറുന്ന കാലഘട്ടങ്ങളിലൊന്നായ കോളേജു കാലം..പ്രസിദ്ധമായ ശിവഗിരിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണാ കോളേജിലായിരുന്നു പ്രീഡിഗ്രിക്ക് ഞാന്‍ പഠിച്ചിരുന്നത്. ആറ്റിങ്ങള്‍ ഗവണ്മെന്റ് കോളേജ് ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ഞാന്‍ ശിവഗിരിക്കോളേജിലാണ് ചേര്‍ന്നത്..രാവിലെ 9 മണിയാവുമ്പോള്‍ ഹിഷാം വരും..ആറ്റിങ്ങള്‍ കൊല്ലമ്പുഴ മണനാക്ക് കവലയൂര്‍ വഴി കോളേജിന്റെ മുന്നിലൂടെ പോകുന്ന ബസ്സാണത്..ആകെയുള്ള ഒരേയൊരുബസ്സ്.എന്നാ തിരക്കാണെന്നോ അതില്‍. ഈ ഭാഗങ്ങളിലൊക്കെയുള്ള എല്ലാ സ്റ്റുഡന്റ്സും അതിമ്മേല്‍ തന്നെയാണ് കോളേജില്‍ പോകുന്നത്. വല്ല വിധേനയും അതില്‍ കയറിപ്പറ്റി കോളേജിന്റെ മുമ്പിലിറങ്ങുമ്പോള്‍ സത്യത്തില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചനം കിട്ടിയ തടവുപുള്ളിയുടെ സന്തോഷമാണ് ഓരോരുത്തര്‍ക്കും.വിയര്‍ത്തുകുളിച്ച്..ഹെന്റമ്മേ...

ഹിഷാമിലെ കണ്ടക്ടര്‍ ഒരു സംഭവമാണ്..പുള്ളിക്കാരന്റെ മൂക്ക് ഒരല്‍പ്പം ചരിഞ്ഞാനിരിക്കുന്നത്..ആശാനു കിട്ടിയിട്ടുള്ള വട്ടപ്പേരാണു ചാപ്പാണിയെന്ന്‍.തിരക്കു പിടിച്ച ബസ്സില്‍ ആരെങ്കിലും ആള്‍ക്കൂട്ടത്തില്‍ തല പൂഴ്ത്തി ചാപ്പാണിയെന്നൊന്നു നീട്ടിവിളിയ്ക്കും..ആണും പെണ്ണും നില്‍ക്കുന്നെന്നൊന്നും ആശാന്‍ നോക്കില്ല.നല്ല എ ക്ലാസ് മുട്ടന്‍ തെറിയാണു മറുപടിയായിവരിക..പിന്നെ ആശാന്റെ വക ചില കമന്റ്സുകളും..അശ്ലീലമായതുകൊണ്ട് ഇവിടെ പറയുന്നില്ല...

ഈ ബസ്സല്ലെങ്കില്‍ പിന്നെയുള്ളത് 9.30 നു ചിറയിങ്കീഴ് മണനാക്കുവഴി വരുന്ന രാജനാണ്. അതില്‍ പോവുകയാണെങ്കില്‍ തിര‍ക്കൊന്നുമുണ്ടാകില്ല.ആദ്യ പിര്യേഡ് കിട്ടത്തില്ല എന്ന ഒറ്റക്കുഴപ്പം മാത്രമേയുള്ളൂ..മാത്രമല്ല അതിലെ കണ്ടക്ടര്‍ ഒരു മൊശകോടനാണ്.ജാംബവാന്റെ കാലത്തുള്ള ഒരു ബസ്സിലെ കണ്ടക്ടറിനു ഇത്രേം ജാഡയാവാമോന്ന്‍ ചോദിച്ചാല്‍..

മുമ്പൊരിക്കല്‍ ഞാനും എന്റെ സ്നേഹിതന്‍ ബിജുവും കൂടി അതില്‍ പോവുകയായിരുന്നു.കോളേജിലേയ്ക്ക് തന്നെ.ഹിഷാം അന്നു കിട്ടിയില്ലായിരുന്നു.

"ഈ പൊത്തതിലു പോകുന്നതിലും നല്ലത് നടന്നുപോകുന്നതാണ്".ബിജു പറഞ്ഞു..

"സമയദോഷത്തിന് ഇതിന്റെ തുരുമ്പ് കൊണ്ടെങ്ങാനും കൈമുറിഞ്ഞാ ആശൂത്ത്രീപ്പോലുമെടുക്കത്തില്ലല്ലോ ശിവനേ" ഞാനും മൊഴിഞ്ഞു. തൊട്ടുമുന്നിലെ സീറ്റിലിരുന്ന മുല്ലപ്പൂ ചൂടിയ സുന്ദരിക്കിളിയുടെ കണ്ണുകള്‍ പുറകിലേയ്ക്കൊന്നു പാറിവീണതിന്റെ ആവേശമായിരുന്നു രണ്ടുപേര്‍ക്കും...

പക്ഷേ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ട് നിന്ന ആ കച്ചറകണ്ടക്ടര്‍ ഞങ്ങളെയിനിപ്പറയാനൊന്നും ബാക്കിവച്ചില്ല. വണ്ടിയില്‍ നിന്നും ഇറക്കിവിടാനും ഒരു ശ്രമം നടന്നു.മുല്ലപ്പൂക്കാരിയൊക്കെ വാ പൊത്തിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഗ്യാസ് ഞങ്ങളുടെ പോയീന്നുപറഞ്ഞാ മതീല്ലോ...


വൈകുന്നേരങ്ങളിലുള്ള മടങ്ങിവരവ് ഇന്നവണ്ടിയിലെന്നൊന്നുമില്ല. ചിലപ്പോള്‍ ആറ്റിങ്ങള്‍ വഴിയുള്ള ബസ്സില്‍ ചിലപ്പോള്‍ കടയ്ക്കാവൂര്‍ വഴി അങ്ങിനെയെങ്ങിനെയെങ്കിലും തിരിച്ചെത്തും..പൊതുവേ കടക്കാവൂര്‍ വഴിയാണ് വരുന്നത്. അതാവുമ്പോള്‍ വേറൊരു ബസ്സ് മാറിക്കയറാതെ ഏലാപ്പുറത്തിറങ്ങാം.മാത്രമല്ല ചെക്കാലവിളാകം വരെ അവളെ നോക്കിവെള്ളമിറക്കിയിരിക്കുകയും ചെയ്യാം.

പതിവുപോലൊരു വൈകുന്നേരം..ഞങ്ങള്‍ കോളേജു വിട്ടുവരുകയാണ്..മാളൂട്ടി ബസ്സില്‍..സമയം താമസിച്ചുപോയതുമൂലം മരണവേഗതയിലാണ് വണ്ടി പാഞ്ഞുകൊണ്ടിരിക്കുന്നത്..4.30 നു നിലയ്ക്കാമുക്ക് സ്റ്റോപ്പ് കടന്നുപോയിരിക്കണം. കാരണം ആ സമയത്താണ് വക്കത്ത് നിന്നും ആര്‍ കെ വി ബസ്സും വരുന്നത്. രണ്ടും പോകുന്നത് ആറ്റിങ്ങലിലേയ്ക്കാണു..മിക്ക ദിവസങ്ങളിലും ഈ രണ്ടു കൂട്ടരും കശപിശയാവാറുള്ളതാണ്. മാത്രമല്ല 4.36 നു കവലയൂര്‍ വഴി വരുന്ന ജനതയും മണനാക്കിലെത്തും...മൂന്നു ബസ്സും ആറ്റിങ്ങലിലേയ്ക്ക് തന്നെ.പിന്നെ പറയണ്ടല്ലോ..കൃത്യം മൂന്നോ നാലോ മിനിട്ടുകളുടെ ഇടവേളയാണ് ഈ ബസ്സുകള്‍ തമ്മിലുള്ളത്..ഒരാളുടെ സമയം തെറ്റിയാലോ മൊത്തത്തില്‍ കൊളമാവും.പിന്നെ തെറിവിളി അടി..ഒന്നും പറയണ്ട.. എത്ര പ്രാവശ്യം പോലീസ് വരെ വന്നിരിക്കുന്നു....നമ്മുടെ പ്രാര്‍ഥന താമസിച്ച് അലമ്പുണ്ടാകണേ എന്നു തന്നെയാണു..ചുളുവിലൊരു കശപിശ കാണാലോ..

ചീറിപ്പാഞ്ഞ മാളൂട്ടി ഭാഗ്യത്തിനു 4 29 നു നിലയ്ക്കാമുക്ക് പാസ്സു ചെയ്തു. വക്കത്തു നിന്നും കയറിവരുന്ന ആര്‍ കെ വി ഡ്രൈവര്‍ നീട്ടിയൊരു ഹോണടിച്ചു.മാളൂട്ടി വീണ്ടും കുതിച്ചുപാഞ്ഞ് പാണന്റമുക്കിലെത്തി.പെട്ടന്നിറങ്ങെന്നൊക്കെപ്പറഞ്ഞ് തിരക്കുപിടിച്ച കിളിയെ പ്രാകിക്കൊണ്ട് അവിടെ ചിലരൊക്കെയിറങ്ങി..ആര്‍ കെ വി തൊട്ടുപിറകിലെത്തിക്കഴിഞ്ഞു..ഹോണടിയുടെ പൂരം. ഡബില്‍ ബെല്ല് കൊടുത്ത് വണ്ടിയൊരു പത്തിരുന്നൂര്‍ മീറ്റര്‍ പാഞ്ഞുകാണും...അപ്പോഴതാ ഒരു നിലവിളി..

"അയ്യോ എന്റെ അച്ഛനെക്കാണുന്നില്ലേ..വണ്ടി നിര്‍ത്തണേ.."

ഫുഡ്ബോര്‍ഡിനടുത്തായിരുന്ന ഒരു സ്ത്രീയാണു നിലവിളിക്കുന്നത്.ഒരു പത്തുമുപ്പത്തഞ്ച് വയസ്സുവരും..അവരുടെ അച്ഛന്‍ തൊട്ടുമുമ്പത്തെ സ്റ്റോപ്പിലിറങ്ങിയെന്നു തോന്നുന്നു.കടയ്ക്കാവൂരു നിന്നും കയറിയ നീല ചുരിദാറുകാരിയില്‍ നിന്നും ശ്രദ്ധ നിലവിളി കേട്ടിടത്തേക്കായി.

"ആ വല്യപ്പന്‍ പാണന്റമുക്കിലെറങ്ങീല്ലോ"

കമ്പിയില്‍ പിടിച്ചു നിന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു..


"അയ്യോ വയ്യാത്ത ആളാണേ.സ്ഥലം മാറിപ്പോയതാ.ഒന്നു വണ്ടി നിര്‍ത്തണേ" സ്ത്രീ കരച്ചില്‍ തന്നെ...

പ്രാകിക്കൊണ്ട് കിളി ബെല്ലടിച്ചു. ബസ് ബ്രേക്കിട്ട് സൈഡൊതുക്കി നിര്‍ത്തിയിട്ട് ഡ്രൈവര്‍ അക്ഷമയോടെ പുറകിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.ആ സ്ത്രീ ഫുഡ് ബോര്‍ഡിലിറങ്ങിനിന്ന്‍ പുറകിലേയ്ക്ക് നോക്കി കൈകാട്ടി അവരുടെ അച്ഛനെ വിളിക്കുവാന്‍ തുടങ്ങി. മറ്റുള്ളവര്‍ക്കൊപ്പം ഞാനും അപ്പുപ്പനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയില്‍ മാളൂട്ടിയെ പാസ്സു ചെയ്ത ആര്‍ കെ വി ബസ്സില്‍ നിന്നും ഒരു തെറി മുഴങ്ങിയിരുന്നു.ഒരു നിമിഷം അവര്‍ ബസ്സ് മാളൂട്ടിയ്ക്ക് കുറുകേ കേറ്റി നിര്‍ത്തുകയും ചെയ്തു.മാളൂട്ടിയുടെ ഡ്രൈവര്‍ അവരെ നോക്കി കൈ വീശിക്കാട്ടി. എന്തെല്ലാമോ പറഞ്ഞുകൊണ്ട് അവര്‍ വണ്‍റ്റിയെടുത്തുപോയപ്പോള്‍ ചെറിയ നിരാശ തോന്നി..ഒരു നല്ല അവസരം പാഴായിപ്പോയി..

മെല്ലെ ഓടിയും നടന്നുമൊക്കെ വന്നുകൊണ്ടിരിക്കുന്ന വല്യപ്പനെ കൊല്ലാനുള്ള ദേക്ഷ്യത്തില്‍ കിളി നില്‍‍ക്കുകയാണ്. ആ സ്ത്രീയാവട്ടെ ഫുഡ് ബോര്‍ഡില്‍ നിന്നുകൊണ്ട് കൈകാട്ടി അച്ഛാ പെട്ടന്നു വന്നേയെന്ന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രൈവറാകട്ടെ ഹോണ്‍ നീട്ടിമുഴക്കിക്കൊണ്ടിരിക്കുന്നു..യാത്രക്കാരും എന്തുകൊണ്ടോ അക്ഷമരായി തീര്‍ന്നിരിക്കുന്നു.എന്താണിവിടെ നടക്കുന്നതെന്ന മട്ടില്‍ ഉറങ്ങിക്കൊണ്ടിരുന്ന ഒരു പാവം മനുഷ്യന്‍ കണ്ണുതുറന്ന്‍ നാലുപാടും നോക്കീട്ട് വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ ഉറക്കമാരംഭിച്ചു.സെക്കന്റുകള്‍ക്കുള്ളില്‍ ഒരു താളാത്മകസംഗീതം പുറപ്പെടുവിച്ചും തുടങ്ങി.

അഞ്ചാറുമിനിട്ടുകഴിഞ്ഞപ്പോള്‍ നടന്നു തളര്‍ന്ന്‍ കിതച്ച് ആ വൃദ്ധന്‍ ഫുഡ്ബോര്‍ഡിനു മുമ്പിലെത്തി..

"അച്ഛനെന്താണു കാട്ടിയത്. എന്തിനാ അവിടെ എറങ്ങിയത്" ഫുഡ്ബോര്‍ഡില്‍ നിന്നുമിറങ്ങി അയാളുടെ കൈപിടിച്ചുകൊണ്ട് അവര്‍ തിരക്കി..

"കിന്നാരം പറഞ്ഞോണ്ട് നിക്കാതെ കേറിവാ.സമയം താമസിച്ചിരിക്കുമ്പോഴാണ്"

കിളിക്കുട്ടന്‍ ഉറക്കെവിളിച്ചുപറഞ്ഞു.അപ്പോഴാണതുണ്ടായത്. ബസ്സിലുണ്ടായിരുന്ന സകലമാനപേരെയും അത്ഭുതസ്തബ്ധരാക്കിക്കൊണ്ട് ആ സ്ത്രീ ആ വല്യപ്പന്റെ കൈപിടിച്ചുകൊണ്ട് ബസ്സ് നിര്‍ത്തിയിട്ടിരുന്നതിനുമുമ്പിലായുണ്ടായിരുന്ന ഒരു വീട്ടിന്റെ ഗേറ്റ് തുറന്ന്‍ തിരിഞ്ഞുനോക്കാതെ അകത്തേയ്ക്ക് കയറിപ്പോയി..ഒരുനിമിഷത്തിന്റെ ഇടവേളകഴിഞ്ഞപ്പോള്‍ കിളിയുടെ വായില്‍ നിന്നും പുറപ്പെട്ട തെറിയുടെ പുളിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന മാന്യന്‍ പോലും ഉറക്കമുണര്‍ന്ന്‍ കണ്ണുകള്‍ തിരുമ്മിപ്പോയി...ചത്തശവം പോലെയിരിക്കുന്ന യാത്രക്കാരെയാകെയൊന്നു നോക്കി ഡ്രൈവറും തന്റെ കമന്റ് പാസ്സാക്കി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..

ശ്രീക്കുട്ടന്‍

Saturday, January 28, 2012

അയാളുടെ മകള്‍

"എടീ നിര്‍മ്മലേ.നീയിതെന്തോ ചെയ്യുവാണവടെ.ദേ ഇവളു കാട്ടുന്നതു നീ കാണുന്നുണ്ടോ"

രമേശ് അകത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.

"ഒരഞ്ചുമിനിട്ട്കൂടി.ഈ പാത്രങ്ങളും കൂടി ഒന്നു കഴുകിവയ്ക്കട്ടെ.പ്ലീസ്"

പുറത്തേയ്ക്കൊഴുകി വന്ന ശബ്ദം കേട്ട് രമേശിനു ദേക്ഷ്യം വന്നു.മുറിയിലാകെ ഓടിനടക്കുകയാണു മീനാക്ഷി.തെറിച്ചു തെറിച്ചുള്ള ആ ഓട്ടം നോക്കിയിരുന്നപ്പോള്‍ രമേശിനു പേടി തോന്നി.എവിടെയെങ്കിലും തട്ടിത്തടഞ്ഞുവീഴുമോ.എങ്കില്‍ ഇന്നിനി ഉറങ്ങുകയും വേണ്ട.തറയിലാണെങ്കില്‍ താനെഴുതിയതുമുഴുവന്‍ ചിതറിക്കിടക്കുന്നു.മേശവലിപ്പില്‍ പിടിച്ചു വലിച്ചു മീനാക്ഷി തള്ളിതാഴെയിട്ടതാണു.ഒന്നു ബാത് റൂമില്‍ പോയിട്ട് വന്ന സമയത്തിനുള്ളില്‍ മകള്‍ ചെയ്ത പണി.തറയില്‍ കിടന്ന പേപ്പറുകള്‍ അടുക്കിപ്പെറുക്കി വച്ചിട്ട് രമേശന്‍ കസേരയിലേയ്ക്കു വീണ്ടുമമര്‍ന്നു.

"ച്ചാ..."

രമേശ് തലതിരിച്ചുനോക്കി. മീനാക്ഷി ഷര്‍ട്ടില്‍പിടിച്ചുവലിച്ചിട്ട് ചിരിച്ചുകൊണ്ട് ഓടിപ്പോയി കട്ടിലിന്റെ വശത്ത് ഒളിച്ചു.ഇന്നെങ്കിലും കഥ പൂര്‍ത്തിയാക്കാമെന്നുവച്ചതാണ്.നടക്കില്ല.എഴുത്തു മാറ്റിവച്ചു പേപ്പറുകള്‍ ഒതുക്കിവച്ചുകൊണ്ട് അവന്‍ മകളുടെ നേരെ കൈനീട്ടി. മീനാക്ഷി അവനെ നോക്കി മുഖമൊന്നു വക്രിച്ചുകാട്ടിയിട്ട് ഇടുപ്പില്‍ കൈകുത്തി ഒരു പ്രത്യേക പോസില്‍ നിന്നു.

"മോളു വന്നേ"

വാത്സല്യം കിനിയുന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു.അവള്‍ ചിരിച്ചുകൊണ്ട് തല വിലങ്ങനെയാട്ടി.കസേരയില്‍ നിന്നുമെഴുന്നേറ്റ രമേശന്‍ അവളുടെ നേരെ ചെന്നു.

അവളാകട്ടെ ചിരിച്ചുകൊണ്ട് കട്ടിലിന്റെ മറുപുറത്തേയ്ക്കോടി.കുസൃതിക്കുടുക്കയായ മകളെപിടികൂടി അന്തരീക്ഷത്തില്‍ ഒരു കറക്കം കറക്കിയിട്ട് അയാള്‍ അവളേയും കൊണ്ടു കട്ടിലില്‍ ചെന്നിരുന്നു.തലയിണയെടുത്ത് ചാരിവച്ചുകൊണ്ട് രമേശ് ചുമരിനോടു ചേര്‍ന്നിരുന്നു.മകളാകട്ടെ കട്ടിലില്‍ കിടന്നു കുത്തിമറിയാനും മറ്റും തുടങ്ങി.ഭംഗിയായി വിരിച്ചിട്ടിരുന്ന വിരിപ്പ് വികൃതകോലത്തിലായി.നിര്‍മ്മല വന്നു ഇനി ദേക്ഷ്യപ്പെടുകയേയുള്ളു.ശരിക്കും മനസ്സിലാകാത്ത ഭാഷയില്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് തുള്ളിമറിയുന്ന മകളെ ഒരു കൈകൊണ്ട് ചേര്‍ത്തുപിടിച്ചുകൊണ്ട് അയാള്‍ വിരിപ്പ് നേരെയാക്കാന്‍ ശ്രമിച്ചു.പെട്ടന്ന്‍ ശരീരത്തിലൊരു നനവനുഭവപ്പെട്ട രമേശന്‍ ഒന്നു ഞെട്ടി.മകള്‍ കാര്യം സാധിച്ചിരിക്കുന്നു.തന്റെ പുറത്തുമാത്രമല്ല കിടക്കയിലും വിരിപ്പിലുമായി പുണ്യാഹം ഒഴുകിപ്പരക്കുന്നു.

"നിര്‍മ്മലേ..ദേ ഇവള്‍ കാര്യം പറ്റിച്ചിരിക്കുന്നു.നീയൊന്നുവന്നേ"

ഷര്‍ട്ടില്‍ കൈകൊണ്ടു തട്ടിയിട്ട് അയാള്‍ അകത്തേയ്ക്കു നോക്കി വീണ്ടും വിളിച്ചു.മീനാക്ഷിയാകട്ടെ വിരല്‍കടിച്ചുകൊണ്ടു നില്‍ക്കുകയാണു.അവളുടെ മുഖത്തൊരു കള്ളലക്ഷണമില്ലേ.

"മോളൂ.അച്ഛനെ നീ കുളിപ്പിച്ചോടാ"

മുറിയ്ക്കകത്തേയ്ക്കുവന്ന നിര്‍മ്മല ഒന്നു ചിരിച്ചുകൊണ്ട് മകളെ വാരിയെടുത്തു.ഷര്‍ട്ട് മാറിക്കൊണ്ടിരുന്ന രമേശിനുനേരെ അവള്‍ കുസൃതിയോടെ നോക്കി.അവനു ദേക്ഷ്യം വരുന്നുണ്ടായിരുന്നു.

"എന്താ നിമ്മിയിത്.കിടക്കുന്നതിനുമുമ്പേ മോളെക്കൊണ്ട് മൂത്രമൊഴിപ്പിക്കണം എന്നു ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ.ദേ അവള്‍ ചെയ്തതുകണ്ടോ.ഷര്‍ട്ടും ബെഡ്ഷീറ്റും എല്ലാം നാ​ശമാക്കി"

"സാരമില്ല കഥാകാരാ.ഞാന്‍ നന്നായി കഴുകിത്തരാം.അവള്‍ കൊച്ചല്ലേ.അവള്‍ക്കറിയാമോ"മകളുടെ കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു

"ക്ഷമിച്ചിരിക്കുന്നു പൊന്നേ.നീ കഴുകിത്തന്നാല്‍ മതി.എന്റെ പൊന്നുമോള്‍ ഇനിയും അച്ഛന്റെ മേത്തു മുള്ളിക്കോ കേട്ടോ"

മകളുടെ കവിളില്‍ അരുമയായൊന്നു നുള്ളിക്കൊണ്ട് രമേശന്‍ നിര്‍മ്മലയുടെ ശരീരത്തിനോടു ചേര്‍ന്നു നിന്നു.

"സമയമൊരുപാടായി"

"ഒന്നുപോയേ..ഈ ഒരു ചിന്തയേയുള്ളൂ"

കള്ളനാണം മുഖത്തണിഞ്ഞ് നിര്‍മ്മല ഒരു ചിരിചിരിച്ചു...

"ഇന്നു നല്ല ദിവസമാ...മോനുണ്ടാവാന്‍ പറ്റിയ ദിവസം"

"അതിനേ ഇനിയും കാത്തിരിക്കണം.മോള്‍ക്ക് നാലഞ്ചുവയസ്സുകഴിയട്ടെ..മോനെന്നുള്ള ഒറ്റ വിചാരം മാത്രമേയുള്ളൂ"

"എന്റെ പൊന്നേ എനിക്കിതൊക്കെയല്ലാതെ മറ്റെന്താടീ ചിന്തിക്കാനുള്ളത്"

കുസൃതിച്ചിരിയോടെ മെല്ലെയവളുടെ കാതില്‍ മന്ത്രിച്ചശേഷം അയാള്‍ കട്ടിലില്‍ വന്നിരുന്നു.ഉറങ്ങിത്തുടങ്ങുന്ന മകളെ മെല്ലെ ചുമര്‍ ഭാഗത്തേയ്ക്ക് ചേര്‍ത്തുകിടത്തിയിട്ട് നിര്‍മ്മല അയാളുടെ അരികിലേയ്ക്കിരുന്നു.തന്റെ കവിളില്‍ തഴുകിയിറങ്ങുന്ന കൈകളെയവള്‍ അരുമയായി തഴുകി. ഇടയ്ക്ക് കണ്ണുതുറന്നുനോക്കുന്ന മകളുടെ തുടകളില്‍ മെല്ലെ കൈകൊണ്ട് തട്ടിക്കൊണ്ട് അവള്‍ ഒരു താരാട്ട്പാട്ടുമൂളി..തന്റെ കഴുത്തിലേയ്ക്കൂര്‍ന്നിറങ്ങുന്ന കൈകളെ എടുത്ത്മാറ്റിക്കൊണ്ട് അവള്‍ മകളെ ഉറക്കാനുള്ളശ്രമം തുടര്‍ന്നു.നിര്‍മ്മലയുടെ ശരീരത്തില്‍ ഒരു കൈ ചുറ്റിക്കൊണ്ട് ആ പാട്ടില്‍ അയാളും ലയിച്ചിരുന്നു.അല്‍പ്പസമയത്തിനകം പാട്ടിന്റെ ഒഴുക്കു നിലയ്ക്കുകയും തന്റെ കവിളില്‍ നിര്‍മ്മലയുടെ കൈകള്‍ തഴുകുന്നതും അയാളറിഞ്ഞു. ഇന്ദ്രിയങ്ങളാകെയുണര്‍ന്നെഴുന്നേറ്റൊരനുഭൂതിയോടെ അയാള്‍ പാതിയടഞ്ഞുപോയ കണ്ണുകള്‍ തുറക്കാതെ തന്റെ പ്രിയതമയുടെ സുഗന്ധം നിറഞ്ഞ സമൃദ്ധമായ മുടിയിഴകള്‍ക്കുള്ളിലേയ്ക്ക് മുഖം പൂഴ്ത്തി.

"എന്താ ഇത്ര വലിയ ആലോചന.സമയമൊരുപാടായല്ലോ...ഇന്നുറക്കമൊന്നുമില്ലേ"

ശബ്ദം കേട്ട് രമേശന്‍ കണ്ണുകള്‍ മെല്ലെ തുറന്നു നോക്കി.മുന്നില്‍ നില്‍ക്കുന്ന നിര്‍മ്മലയെ അവന്‍ പകച്ചുനോക്കി.എവിടെ തന്റെ മകള്‍.. ഇത്രയും നേരം താന്‍ ....

ആകെ പ്രജ്ഞ്ഞ നശിച്ചതുപോലെ അയാള്‍ തലയിണയില്‍ ദേഹമമര്‍ത്തി ചുമരില്‍ ചാരിയിരുന്നു കണ്ണുകള്‍ ഒന്നുകൂടി തുറന്നുപിടിച്ചു.ബോബുചെയ്ത് മുടിയിഴകള്‍ ഒന്നു മാടിയൊതുക്കിയിട്ട് കണ്ണാടിയില്‍ ഒന്നു ചാഞ്ഞും ചരിഞ്ഞും നോക്കി ശരീരഭംഗി ആസ്വദിച്ചിട്ട് മേശവലിപ്പുതുറന്ന്‍ ഏതോ ടാബ്ലറ്റെടുത്ത് വായിലിട്ട് അല്‍പ്പം വെള്ളവും കുടിച്ചിട്ട് കട്ടിലിനുനേര്‍ക്കു നടന്നുവരുന്ന രൂപമാരുടേതാണു.എപ്പോഴോ തന്റെ ശരീരത്തില്‍ തഴുകിയ കൈകളെ വെറുപ്പോടെ തട്ടിനീക്കിയിട്ട് അയാള്‍ കട്ടിലിനോരം ചേര്‍ന്നുകിടന്നു.എന്തെല്ലാമോ പിറുപിറുക്കലുകള്‍ക്ക്ശേഷം കൂര്‍ക്കം വലിയുടെ ചെറിയ അലകള്‍ ആ മുറിയില്‍ മുഴങ്ങാന്‍ തുടങ്ങി.. ഉറക്കമയാളെ അനുഗ്രഹിക്കുന്നുണ്ടായിരുന്നില്ല.മുറിയിലാകെ ഒരു കുഞ്ഞിന്റെ പൊട്ടിച്ചിരിയും ബഹളവും കരച്ചിലും നിറഞ്ഞുനില്ക്കുന്നതായി അയാള്‍ക്ക് തോന്നി.അതില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ കൈകള്‍‍ വച്ച് അയാള്‍ ചെവി പൊത്തിപ്പിടിച്ചു.


ശ്രീക്കുട്ടന്‍

Wednesday, January 18, 2012

എന്റെ ആദ്യത്തെ പേരമരം

"ചേട്ടാ ഒന്നിങ്ങട്ട് വന്നേ ദേ ഇതിലൊരു തടിയന്‍ പേരയ്ക്ക പിടിച്ചേക്കണ്"

രാവിലെയെഴുന്നേറ്റ് മൊന്തേലു വെള്ളമെടുത്ത് മുഖം കഴുകി വായും കൊപ്ലിച്ചിട്ട് ചായ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുറ്റത്തുനിന്നു അനുജത്തീട വിളി. അമ്മയാണേ താഴെ തോട്ടില്‍ തുണികഴുകുവാന്‍  പോയിരിക്കുവാണ്. രാവിലെ ഇട്ടു അടുപ്പില്‍ വച്ചിരുന്ന ചായ നന്നായി തണുത്തിരിക്കുന്നു. ഇച്ചിരി ചൂടാക്കാതെ എങ്ങനെ കുടിക്കാനാണ്. കൊറച്ച് ഓലച്ചൂട്ടെടുത്ത് തീപ്പറ്റിച്ച് ചായ ചൂടാക്കുവാന്‍ തുടങ്ങിയപ്പോള്‍ പെണ്ണിന്റെ വിളി വീണ്ടുമുയര്‍ന്നു.

"ചേട്ടോയ് ഇങ്ങോട്ട് വന്നേ.ദേ കണ്ടോ വല്യൊരു പേരയ്ക്കാ"

ചെറുതായി ചൂടായ ചായ ഒരു സ്റ്റീല്‍ ഗ്ലാസ്സിലൊഴിച്ച് അത് ചെറുതായി മൊത്തിക്കുടിച്ചുകൊണ്ട് ഞാന്‍ അടുക്കളയില്‍നിന്നു മുന്‍ വശത്തേക്കുചെന്നു. ചായ അരത്തിണ്‍നയില്‍ വച്ചിട്ട് മുറ്റത്തേക്കിറങ്ങി പേരമരത്തിലേക്കു നോക്കി. ശരിയാണല്ലോ. എന്റെ പേരയില്‍ പേരയ്ക്ക പിടിച്ചിരിക്കുന്നു. ഒരു പേരയ്ക്ക സ്റ്റൈലനായിട്ട് ഒരു ചെറുകൊമ്പേലു തൂങ്ങിക്കിടക്കുന്നു.. സംഭവം ഇച്ചിരി വലുതായിട്ടുണ്ട്. ഇലകള്‍ക്കിടയില്‍ നിന്നതുകൊണ്ടായിരിക്കാം അത് കാഴ്ചയില്‍പ്പെടാതെ പോയത്.എന്തായാലും താന്‍‍ കൊണ്ടു നട്ട പേരമരത്തില്‍ പേരയ്ക്ക് പിടിച്ചല്ലോ. ഞാന്‍ പെങ്ങളെയൊന്നു നോക്കി ചുണ്ടുവക്രിച്ചിട്ട് കണ്ടോടീ എന്റെ പേരയ്ക്ക എന്ന ഭാവത്തില്‍ തല നിവര്‍ത്തി അല്‍പ്പം ഗമയിലങ്ങിനെനിന്നു.

ആ പേരമരത്തിന്റെ ജനനവും വളര്‍ച്ചയും അടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്ലാഷ്ബാക്ക് എന്റെയുള്ളില്‍ അലയടിച്ചെത്തി.

ഒരു അവധിദിവസം അയലോക്കത്തുള്ള പിള്ളേരുമൊത്ത് വയലില്‍ക്കളിച്ചുകൊണ്ടുനിന്നപ്പോഴാണ് പെട്ടന്ന്‍ മാനത്ത് കാറുംകോളും കൊണ്ടുകയറിയത്. കനത്ത മഴപെയ്യും എന്നുറപ്പായതുകൊണ്ട് എല്ലാവരും ഓടി ഓമനയമ്മയുടെ വീടിന്റെ തിണ്ണയില്‍ക്കയറിനിന്നു. മഴക്കുമുന്നോടിയായെന്നവണ്ണം ശക്തമായ കാറ്റടിച്ചുതുടങ്ങിയപ്പോള്‍ ആണ് കൂട്ടത്തില്‍ ആരോ ഗംഗാധരന്‍ സാറിന്റെ പുരയിടത്തില്‍ മാങ്ങാപെറുക്കാന്‍ പോകാം എന്നു പറഞ്ഞത്. കാറ്റ് നന്നായടിക്കുന്നതുകൊണ്ട് മാങ്ങാ വീഴാന്‍ ചാന്‍സ് കൂടുതലാണ്. ഗംഗാധരന്‍ സാറിന്റെ പറമ്പിലാണേല്‍ അഞ്ചെട്ടു തടിയന്‍ മാവുകളുണ്ട്. അതിലൊക്കെ നിറയെ മാങ്ങയും. ചൊവചൊവന്ന കളറിലുഌഅ ആ പഞ്ചാരമാങ്ങയുടെ രുചി നാവില്‍ വെള്ളമൂറിപ്പിക്കുന്നതുപോലെതോന്നി. എല്ലാവരും കൂടി ആ പറമ്പിലേക്കോടി. മാങ്ങാ തപ്പി പറമ്പില്‍ച്ചുറ്റിത്തിരിയുമ്പോഴാണ് ഇന്ന എന്നൊക്കൊണ്ടുപോകു എന്നുപറയുന്നതുപോലെ തലയാട്ടിക്കൊണ്ടുനില്‍ക്കുന്ന ആ പേരത്തൈ എന്റെ കണ്ണില്‍പ്പെട്ടത്.  മുന്‍പെപ്പോഴോ മാങ്ങാപെറുക്കുവാന്‍ കൂട്ടരോടൊത്തുപോയപ്പോള്‍ ആ പുരയിടത്തില്‍നിന്നു കിട്ടിയതാണാ പേര. നല്ല കൊഴുപ്പില്‍ നില്‍ക്കുന്ന ആ തൈ മെല്ലെ വേരൊന്നും പൊട്ടാതെ പിഴുതെടുത്ത് കൊണ്ടുവന്ന്‍ ഞാന്‍ വീട്ടിന്റെ മുറ്റത്തിന്റെ അരികിലായി ഒരു കുഴികുത്തിവച്ചു. എല്ലാ ദിവസവും പല്ലുതേയ്ക്കുമ്പോള്‍ അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കാന്‍ മറന്നില്ല. ഭാഗ്യത്തിന് വീട്ടില്‍ ആട് പശു തുടങ്ങിയ ഉരുപ്പടികളില്ലാതിരുന്നതിനാള്‍ എന്റെ പേരത്തൈ ഇലകളൊന്നും നഷ്ടപ്പെടാതെ അങ്ങിനെ മിനുങ്ങിക്കുണുങ്ങി വളര്‍ന്നുവന്നു.

സംഭവം ഞാന്‍ നട്ടതുകൊണ്ടാവും എന്നോട് ആശാന്‍ വല്ലാണ്ടങ്ങ് താതാത്മ്യം പ്രാപിച്ചു. എന്നെപ്പോലെ മെലിഞ്ഞു ഒരു ചെറുകോലുകണക്കെ അവനങ്ങനെ മന്ദം മന്ദം ആടിക്കുഴഞ്ഞ് വളരുകയാണ്. കൈവളരുന്നോ കാലുവളരുന്നോ എന്ന മട്ടില്‍ ദിനവും ഞാന്‍ എന്റെ പേരമരത്തെ പരിപാലിച്ചുകൊണ്ടിരുന്നു. കുരുത്തക്കേടിനു കൈയുംകാലും വച്ച എന്റെ അനുജത്തി ഒരു ദിവസം എന്റെ പ്രീയപ്പെട്ട പേരയുടെ രണ്ട് സുന്ദരനിലകള്‍ വലിച്ചുപറിച്ചെടുത്ത് ദൂരെക്കളഞ്ഞു. അന്നെനിക്ക് അവളെ തവിടുപൊടിയാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇറയത്തെ ഓലക്കീറിനുള്ളില്‍ വിശ്രമിക്കുന്ന നല്ല സുന്ദരന്‍ കമ്പുകൊണ്ടുള്ള അടിയുടെ സുഖം വേണ്ടായെന്നുള്ളതുകൊണ്ടുമാത്രം ഞാന്‍ ക്ഷമിച്ചു. എന്റെ സ്വഭാവമല്ലെങ്കിലും. അനിയത്തിയൊട് അല്‍പ്പം കണ്ണും കലാശവും കാട്ടി പേടിപ്പിക്കുവാന്‍ നോക്കിയതുകൊണ്ട് അവള്‍ ആ പേരത്തൈ മൂടോടെ പിഴുതെറിയാന്‍ ശ്രമിച്ചത് ഒഴിവാക്കുവാന്‍ പെടപ്പാട് പെട്ടിട്ടുള്ളതാണ്. എത്രവട്ടം പൊന്നേ മോളേ എന്നൊക്കെ വിളിച്ച് സോപ്പിട്ടിരിക്കുന്നു.അങ്ങനെയുള്ള ആ പേരയാണ് ഇപ്പോള്‍ വലുതായി കായ്ച്ചിരിക്കുന്നത്.

ഫ്ലാഷ്ബാക്കിനു വിട

"ചേട്ടാ പേരയ്ക്ക എപ്പോഴാ തിന്നുന്നത്?"

കൊതിച്ചിപ്പാറുവിന്റെ ആക്രാന്തം

"എടീ അതിന് പേരയ്ക്ക നന്നായി വെളഞ്ഞുപഴുക്കണം. നീ കണ്ടോ ധാരാളം പൂക്കള്‍. ഈ പേരയില്‍‍ നെറയെ പേരയ്ക്കാ പിടിക്കും"

ഞാന്‍ അരുമയായി എന്റെ പേരമരത്തെ തലോടി.

കുറച്ചുദിവസത്തിനുള്ളില്‍ മിക്കപൂക്കളും വിരിഞ്ഞ് കുറേയേറെകായ്കള്‍ പിടിച്ചു. ആദ്യമുണ്ടായ പേരയ്ക്ക് കുറച്ചു വലുതായി കാറ്റത്താടിയാടിക്കളിക്കുന്നുണ്ട്.

"എടാ അത് വല്ല പ്ലാസ്റ്റിക്ക് കൂടെങ്ങാനുമിട്ട് കെട്ടിപ്പൊതിഞ്ഞുനിറുത്ത്.ഇല്ലേല് വവ്വാലു കൊണ്ടോവും"

നടുമുറ്റത്തേക്കുതന്നെ മുറുക്കാന്‍ തുപ്പല്‍ നീട്ടിയഭിഷേകം നടത്തിയിട്ട് ഗ്രാന്‍ഡ്മദര്‍ അഭിപ്രായമറിയിച്ചു. കാലിമ്മേ തെറിച്ച വെറ്റത്തുപ്പല്‍ തുടച്ചുകളഞ്ഞിട്ട് ഞാന്‍പോയി ഒരു പ്ലാസ്റ്റിക് കവറെടുത്തുകൊണ്ടുവന്നു. പക്ഷേ എങ്ങിനെ പേരയ്ക്ക പൊതിഞ്ഞുകെട്ടും. അതാണെങ്കില്‍ ഇച്ചിരി ഉയരമുഌഅ കമ്പിലാണു നില്‍ക്കുന്നേ. പേരമരത്തില്‍ കേരാനും പറ്റില്ല. ചിന്താകുലനായി നിന്നെ അന്റടുത്തേയ്ക്ക് കുഴിമടിച്ചിയാണെങ്കിലും അനിയത്തി സഹായിക്കാന്‍ വന്നു. പേരയ്ക്ക വവ്വാലുകൊണ്ടോവാതെ കിട്ടിയാലല്ലേ അവള്‍ക്ക് കറുമുറെ തിന്നാനാവൂ. എന്നാല്‍ ഈ സംഗതികളിലൊന്നും ഇടപെടാതെ അനുജന്‍ തിണ്ണയിലിരുന്ന്‍ ചായ കുടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ ഇങ്ങോട്ടേയ്ക്കെറിയുന്നുണ്ട് ധിക്കാരി. ഇറയത്തുകിടന്ന രണ്ട് പ്ലാസ്റ്റിക്ക് കസേരകള്‍ ഒന്നിനുമുകളിലൊന്നായിട്ട് ഞാനതിമ്മേല്‍ക്കയറി പേരയ്ക്കാ പൊതിഞ്ഞുകെട്ടാനാരംഭിച്ചു. ഞാന്‍ മറിഞ്ഞുവീഴാതിരിക്കുവാന്‍ വേണ്ടി കസേരപിടിയ്ക്കുവാന്‍ അമ്മുമ്മയും അനിയത്തിക്കൊപ്പം കൂടി. എന്തായാലും വളരെ കഷ്ടപ്പെട്ട് ഞാന്‍ ആ പെരയ്ക്കയെ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്‍റ്റു പൊതിഞ്ഞുകെട്ടി

രാവിലെ ഉറക്കമെഴുന്നേറ്റാല്‍ ആദ്യം നോക്കുന്നത് പൊതിഞ്ഞുകെട്ടിയിരിക്കുന്ന കൂടിനെന്തെങ്കിലും സംഭവിച്ചോ എന്നാണു. കച്ചറകളായ വവ്വാലുകളെക്കൊണ്ടുള്ള ശല്യം അത്രക്കു വലുതായിരുന്നു.

ഒരു ദിവസം രാവിലെയെഴുന്നേറ്റപ്പോള്‍ ഹൃദയഭേദകമായ കാഴചയാണു ഞാന്‍ കണ്ടത്. എന്റെ പേരമരം മുക്കാലും താഴേയ്ക്ക് ചാഞ്ഞ് ഏകദേശം ഭൂമിപുത്രിയെ ചുംബിക്കാനെന്നവണ്ണം നില്‍ക്കുന്നു.ഒരു ചെറിയ കമ്പ് ഒടിഞ്ഞും കിടക്കുന്നുണ്ട്. അതിലുമുണ്ട് രണ്ട് പേരയ്ക്കാകള്‍. രാത്രിയില്‍ ശക്തമായി വീശിയടിച്ച കാറ്റും ഒപ്പം മെലിഞ്ഞ തടിയും നിറയെപ്പിടിച്ച പേരക്കായ്കളും കൊണ്‍റ്റാണ് എന്റെ പേരമരത്തിനീ ദുര്‍ഗതി വന്ന്‍ വണ്ടിമറിഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിന്ന ഞാന്‍ അല്‍പ്പ സമയത്തിനകം കര്‍മ്മനിരതനായി. വീട്ടിന്റെ വടക്കുപുറത്ത് ചാരിവച്ചിരുന്ന നീളമുള്ള മുളങ്കമ്പ് എടുത്തുകൊണ്ടുവന്നു എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഒരു കുഴിയെടുത്തു പേരമരത്തിനു സപ്പോര്‍ട്ട് കൊടുക്കുവാന്‍ തീരുമാനിച്ചു .എന്തുകൊണ്ടോ അന്നു ജോലിയില്ലാതിരുന്നതിനാലും പിന്നെ മൂഡ് കറക്ടായിരുന്നതിനാലും മമ്മി കൂടി ഹെല്‍പ്പ് ചെയ്യുവാന്‍ വന്നു. പക്ഷേ കശ്മലനും ക്രൂരനുമായ അനുജന്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ സുഖസുന്ദരമായി തിണ്‍നയിലിരുന്നു ദോശ തിന്നുകൊണ്ടിരുന്നു.

മുളങ്കമ്പ് കെട്ടിവച്ച് പേരയെ ഒന്നു നിവര്‍ത്തി നിര്‍ത്തി. സാധാരണയിലും വലിപ്പമുള്ള പേരക്കകള്‍. കൊച്ചൊരു പേരയെ കവച്ചുവയ്ക്കാനെന്നവണ്ണം നിറയെ കായ്ഫലങ്ങള്‍. അമ്മകൂടി സഹായിച്ച് ഒരുവിധമൊക്കുന്ന എല്ലാ പേര‍ക്കായ്കളും പൊതിഞ്ഞുകെട്ടി.രാത്രിയില്‍ വവ്വാലുകളുടെ ഒച്ച ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും പൊതിഞ്ഞുകെട്ടിയിരിക്കുന്നതിനാള്‍ അവമ്മാര്‍ നാണിച്ച് മുറ്റത്ത് കാഷ്ടിച്ചേച്ച് പൊയ്ക്കൊണ്ടിരുന്നു.

ഒരു സുപ്രഭാതത്തില്‍ ആദ്യം പൊതിഞ്ഞുകെട്ടിനിറുത്തിയിരുന്ന പേരയ്ക്ക നല്ല നിറമവന്നതുകണ്ട് അമ്മ ഒരു തോട്ടവച്ച് അത് പൊട്ടിച്ചെടുത്തു.പ്ലാസ്റ്റിക് കൂടില്‍നിന്നു സ്വതന്ത്രമാക്കിയ പേരയ്ക്ക് കണ്ട് വായില്‍ വെള്ളമൂറി. നല്ല ചുവന്ന കളര്‍. അസാധ്യവലിപ്പം. അമ്മ തന്നെ കറിക്കത്തിയെടുത്തുകൊണ്ട് വന്ന്‍ അത് മുറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നു. നാവില്‍ നന്നായി വിളഞ്ഞു പഴുത്ത നാടന്‍ പേരയ്ക്കായുടെ രുചിപ്പെരുമഴ.ഒരു കഷണം കടിച്ച അമ്മയുടെ മുഖത്തും പ്രകാശം. ഇള്ളക്കുട്ടിയായിരുന്ന അനുജന്‍ ആ പീസ് കൂടി അമ്മയില്‍നിന്നു കരസ്ഥമാക്കി. പണിയെടുക്കാത്ത അവന് കൂലികൂടുതല്‍. പിന്നെ രണ്ടുമൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നുരണ്ടെണ്ണം കൂടി ഞങ്ങളുടെ വയറ്റിലായി. രാവിലെയെഴുന്നേറ്റാല്‍ അതിന്റെ ചോട്ടില്‍ പോയിനോക്കും പഴുത്ത പേരക്കായുടെ മണം വരുന്നുണ്ടോയെന്ന്‍. ചെറ്റകളായ വവ്വാലുകള്‍ എല്ലാ സംരക്ഷണങ്ങളേയും പൊളിച്ചടുക്കി ഇതിനിടയില്‍ മൂന്നാലു പേരക്കായ്കള്‍ സാപ്പിട്ടുകഴിഞ്ഞിരുന്നു...

കസേരമേല്‍ കേറിനിന്ന്‍ ഞാന്‍ പഴുത്തെന്നുറപ്പിച്ച പേരക്കായ്കള്‍ പൊട്ടിച്ചുകൊണ്ടിരുന്നപ്പോഴാണ് മുകളിലത്തെ വീട്ടിലെ അമ്മുമ്മ മുറുക്കാന്‍ സാപ്പിടാനും പിന്നെ പരദൂഷണം പറയാനുമുള്ള വിസിറ്റിനുമായി നമ്മുട ഹൌസിലേയ്ക്കെഴുന്നള്ളിയത്. തിണ്ണമേലിരിക്കുന്ന മുഴുത്ത പേരക്കായ്കള്‍ നോക്കി കണ്ണൊന്നു തള്ളിയിട്ട് അവര്‍ വടിയും കുത്തിപ്പിടിച്ച് തിണ്ണയിലേയ്ക്ക് കയറി. അമ്മയുടെ മുഖത്ത് ഒരു ചെറിയ കാര്‍മേഘമിരുണ്ടുകൂടി. പരദൂഷണം പറയാന്‍ വരുന്നതുകൊണ്ടുതന്നെ അമ്മയ്ക്കവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. പക്ഷേ ഗ്രാന്‍ഡ്മദറിനു അവര്‍ ചക്കരയും അടയുമായിരുന്നു. കത്തിവച്ചുമുറിച്ച പേരക്കായുടെ ഒരു കഷണം അമ്മ അവര്‍ക്കും കൊടുത്തു. വായില്‍ അവിടേയുമിവിടേയുമായി നിലകൊള്ളുന്ന  ബാക്കിയുള്ള പല്ലുകള്‍ ഉപയോഗിച്ച് തെന്നിച്ച് തെന്നിച്ച് അവരത് വയറ്റിലാക്കി. ആ മുഖത്ത് എന്തൊരു തെളിച്ചം.

"ഹൊ എന്തൊരു മധുരമുള്ള പേരയ്ക്ക. നല്ല മുഴുത്ത സാധനോം. എന്റവിടേമൊന്നൊണ്ട്. എന്നാത്തിനുകൊള്ളാം. ആകെ കളിയടയ്ക്കേരത്രച്ചെയുള്ള മൂന്നോ നാലോ പിടിച്ചാലായി. ഇത് ഇത്രേം ചെറിയ മരത്തീത്തന്നെ എന്തോരം പേരയ്ക്കകളാ. എടിയേ പങ്ക്യേ.ഇതിന്റെ ഒരു തൈ നീ എനിക്കു തരണം കേട്ടോ"

അമ്മ കൊടുത്ത ഒരു മുഴുവന്‍ പേരയ്ക്ക മടിയില്‍വച്ചുകൊണ്ട് കെളവി തട്ടിവിട്ടു. അതേ നല്ല ഒന്നാന്തരം ഫാക്സ്ടമ്പോസ് വളം പോലുള്ള സുന്ദരവചനങ്ങള്‍.

പിറ്റേന്നുരാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറ്റത്ത് പൊഴിഞ്ഞുകിടക്കുന്ന ആറേഴ് പേരക്കായ്കള്‍ കണ്ട് ആ കല്ലക്കെളവിയുടെ കണ്ണുപെട്ടതുകൊണ്ടാണെന്നും പറഞ്ഞു അമ്മ ശരിക്കും ദേഷ്യപ്പെട്ടു. താഴെ അമ്പലത്തില്‍പ്പോയി അഭിഷേകവെള്ളം വാങ്ങിക്കൊണ്ടുവന്ന്‍ പേരയില്‍ത്തളിക്കുകയും അതിന്റെ ചുവട്ടിലൊഴിക്കുകയും ചെയ്തു. മാത്രമല്ല മാടന്റെ ശിലയില്‍കിടന്നിരുന്ന ഒരു ഹാരമെടുത്തുകൊണ്ടുവന്ന്‍ പേരമരത്തില്‍ തൂക്കിയിടുകയും ചെയ്തു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ഒന്നൊന്നര ആഴ്ചയ്ക്കുള്ളില്‍ ആ പേരമരത്തിന്റെ ചുള്ളികൊണ്ട് അമ്മ മീങ്കൂട്ടാന്‍ വച്ചു. അത്രതന്നെ. സുധാരേട്ടന്റെ ആദ്യത്തെ മരം കാണാന്‍ വരുന്നോ അമ്മേ എന്ന്‍ ഉര്‍വ്വശി ചോദിച്ചതുപോലെ ചേട്ടന്റെ ആദ്യത്തെ പേരമരം കാണാന്‍ വരുന്നോ എന്ന്‍ എന്റെ അനുജത്തിയ്ക്ക് അവളുടെ കൂട്ടുകാരിയായ താഴെയുള്ള ആ എലുമ്പിപ്പെണ്ണിനോട് പിന്നീട് പറയുവാന്‍ കഴിഞ്ഞില്ല എന്നൊരു സങ്കടം മാത്രം ബാക്കിയാക്കി എന്റെ പേര ഒരു ഉണക്കച്ചുള്ളിയായി നിലം പതിച്ചു.

(മുപ്പത്തിരണ്ടോളം വര്‍ഷം പഴക്കമുള്ളൊരു ചെറിയ കളര്‍ സംഭവം)

ശ്രീ....

Thursday, January 12, 2012

ആഗ്രഹങ്ങള്‍

എന്തായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം...തിരിച്ചറിവുണ്ടായ കാലം മുതലേ ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം തന്നെ മനസ്സിലുണ്ടായിരുന്നു.പലതും നിര്‍ദ്ദോഷവും വലിയ ബുദ്ധിമുട്ടില്ലാത്തതുമായ ആഗ്രഹങ്ങള്‍ തന്നെയായിരുന്നു. എന്നിരുന്നിട്ടും അതിലേതെങ്കിലുമൊന്ന്‍ ഫലവത്തായോ...ഇല്ല..ഒരിക്കലുമില്ല..എന്നിട്ടും ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു...എത്ര തന്നെ ആഗ്രഹിച്ചാലും അതൊന്നും സാധ്യമാകാന്‍ പോകുന്നില്ല എന്ന ഉത്തമബോധ്യത്തോടെ...

എനിക്ക് നാലുവയസ്സൊ മറ്റോ ഉള്ളപ്പോളായിരുന്നുവത്. കൈനിറയെ മധുരപലഹാരങ്ങളും കേക്കും മറ്റുമായി വന്ന അച്ഛന്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കുമായി(ഞാന്‍,അനുജന്‍,അനുജത്തി)അതു മുഴുവന്‍ തരികയും നിര്‍ബന്ധിച്ചു തീറ്റിപ്പിക്കുകയും ചെയ്തു.എത്ര മധുരമുള്ളതായിരുന്നുവത്.അത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും അമ്മ ഞങ്ങള്‍ക്കത്തരം മധുരപലഹാരങ്ങളൊന്നും വാങ്ങിത്തന്നിട്ടുണ്ടായിരുന്നില്ല.എന്നും ആ കേക്ക് തിന്നണമെന്ന്‍ മനസ്സ് നിര്‍ബന്ധം പിടിച്ചു.പിന്നീടെത്രയെങ്കിലും ദിവസം ആ മധുരമുള്ള കേക്ക് വാങ്ങിത്തരണമെന്ന്‍ പറഞ്ഞ് അമ്മയെ ശല്യപ്പെടുത്തിയിരിക്കുന്നു.അത് വാങ്ങിത്തരുവാന്‍ അമ്മയ്ക്ക് കഴിയില്ല എന്നൊന്നുമറിയുവാനുള്ള പ്രായമല്ലായിരുന്നല്ലോ..വലുതാവുമ്പോള്‍ എന്നും ആ കേക്ക് വാങ്ങിതിന്നണം എന്ന്‍ ഞാന്‍ മനസ്സിലുറപ്പിച്ചു..ആഗ്രഹങ്ങള്‍..

വൈകുന്നേരങ്ങളില്‍ അച്ഛന്‍ കുടിക്കാതെവരണേ എന്നായിരുന്നു പിന്നീടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥനയും ആഗ്രഹവും..അമ്മയുടെ കരച്ചിലും വലിയ വഴക്കുകളും മറ്റും എന്നും നിത്യസംഭവമായ ജീവിതത്തില്‍ സമാധാനം എന്നൊന്നുണ്ടാകണമെന്ന്‍ കൊതിച്ചിരുന്നു. ഒരു ദിവസം അച്ഛമ്മയുമച്ഛനും പിന്നെ കുറേയേറെ ബന്ധുക്കളും ഒക്കെ വന്ന്‍ വലിയ സംസാരമൊക്കെയായി പിന്നീട് അവരെല്ലാം പോയതോടെ ജീവിതത്തിലെ ഒരാഗ്രഹം കുറച്ചുനാള്‍ സഫലമായി എന്നു പറയാം.വഴക്കും ബഹളവും അച്ഛനുമില്ലാത്ത ദിനങ്ങള്‍... .... ....

മിക്ക ദിവസങ്ങളിലും അമ്മയിരുന്ന്‍ കണ്ണുതുടയ്ക്കുന്നത് കാണാം.മക്കളേയും തന്നേയുമുപേക്ഷിച്ച്മറ്റൊരു ജീവിതം തുടങ്ങിയ ഭര്‍ത്താവിനെയോര്‍ത്താണാ സങ്കടമെന്ന്‍ തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ലല്ലോ..വലുതായാല്‍ അമ്മയുടെ കണ്ണു നിറയാന്‍ ഒരിക്കലുമനുവദിക്കില്ലെന്ന്‍ അന്നേ ശപഥം ചെയ്തു...പക്ഷേ.....

പാട്ട് പഠിക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു..നല്ല വാസനയുമുണ്ടായിരുന്നു.പക്ഷേ പറ്റിയില്ല.അന്നന്ന്‍ കൂലിപ്പണിക്കിറങ്ങിപ്പോയില്ലെങ്കില്‍ വയറുപട്ടിണിയായിപ്പോകുന്ന മൂന്നുമക്കളും പിന്നെയൊരു വയസ്സിത്തള്ളയുമുള്ളപ്പോള്‍ ചെക്കനെ പാട്ടുപഠിപ്പിക്കാനാകുന്നതെങ്ങിനെ...റേഡിയോവിലും മറ്റും പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കൂടെപ്പാടി ആ വാശിമുഴുവന്‍ തീര്‍ക്കുമായിരുന്നു.

സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ പാന്റും ഷര്‍ട്ടും മറ്റുള്ളവരെപ്പോലെ ധരിച്ച് മോടിയില്‍ പോകണമെന്നത് മറ്റൊരു കടുത്ത ആഗ്രഹമായിരുന്നു.ആദ്യമായി ഞാന്‍ ഒരു പാന്റിടുന്നത് സത്യത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്.അതും ഒരു സുഹൃത്ത് തന്ന പാകമല്ലാത്ത പഴയ പാന്റ്.കൈകൊണ്ട് പിടിച്ചില്ലെങ്കില്‍ ഊര്‍ന്നിറങ്ങിപ്പോകുന്ന ടൈപ്പ്.അന്നു മറ്റു കുട്ടികളുടെ മുഖത്ത് നിറഞ്ഞ പരിഹാസദ്യോതകമായ ചിരിയില്‍ മനസ്സ് നീറിയിട്ട് വീണ്ടും ഒറ്റമുണ്ട് തന്നെയാക്കി...

എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോഴാണ് ഒരു ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹം മനസ്സില്‍ ഉടലെടുത്തത്..പലപല പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ആള്‍ക്കാരുടെയെല്ലാം മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളിവെളിച്ചത്തില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന മധുരസ്വപ്നം എത്രയെത്രപ്രാവശ്യമാണ് കണ്ടിട്ടുള്ളത്...അതുപോലെ തന്നെയായിരുന്നു ഒരു പത്രപ്രവര്‍ത്തകനാവുകയെന്ന സ്വപ്നവും..മുഖം നോക്കാതെ പക്ഷം പിടിക്കാതെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ഫോടനാത്മകമായ ഭാഷയില്‍ എഴുതുന്ന ഒരു ചങ്കൂറ്റമുള്ള പത്രക്കാരന്‍. ...ആ ആഗ്രഹവും എന്റെ മനസ്സെന്ന ശവപ്പറമ്പില്‍ ഇപ്പോഴും വിശ്രമിക്കുന്നു.അന്ത്യകര്‍മ്മങ്ങള്‍ ശരിയായി ചെയ്യാത്തതുകൊണ്ടായിരിക്കാം ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അത് തലയുയര്‍ത്തിപ്പിടിക്കുന്നുണ്ട്..

ആദ്യമായി ഒരു പെണ്‍കുട്ടി ഇങ്ങോട്ട് ഇഷ്ടമാണെന്ന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ലോകം കീഴടക്കിയ പോരാളിയുടെ ഭാവമായിരുന്നു.അവള്‍ എന്നെ പ്രണയിക്കണേ എന്ന പ്രാര്‍ഥനയുമായി എത്രയെത്ര രാവുകളും പകലുകളും ഞാന്‍ തള്ളിനീക്കിയിട്ടുണ്ട്.ജീവിതമെന്നൊന്നുണ്ടെങ്കില്‍ അവളുമൊരുമിച്ച് സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണമെന്ന്‍ എത്രവട്ടം പ്രതിജ്ഞയെടുത്തു...അനുജത്തിയെ നല്ലൊരു ജീവിതപാതയിലെത്തിച്ച് ശേഷം എന്റെ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്‍ കൊതിച്ചു...എന്നിട്ടെന്തായി..നാമാഗ്രഹിക്കുന്നതൊന്ന്‍ സംഭവിക്കുന്നതൊന്ന്‍....
ആഗ്രഹങ്ങള്‍ എന്നത് ശവപ്പറമ്പുകളാണ്...ഒരാളെ ജീവനോടെ കുഴിച്ചുമൂടുന്ന കുഴിമാടങ്ങള്‍ ...പ്രാണന്‍ കിട്ടാതെ പിടഞ്ഞു പിടഞ്ഞ് മണ്ണോട് ചേരുന്നിടം....

പഠിച്ചു വലിയ ആളാവണമെന്ന ആഗ്രഹമൊക്കെ ഞാന്‍ എപ്പോഴേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു.ഐ ടി ഐ ല്‍ നിന്നും പാസ്സായശേഷം പഠിത്തം ഞാന്‍ നിര്‍ത്തി.അമ്മ പോലുമറിയാതെ. രാവിലെ കൂലിപ്പണിക്ക് പോകാനായിറങ്ങിയ അമ്മയുടെ കയ്യില്‍ 200 രൂപാ കൊടുത്തപ്പോള്‍ എന്നെ ചോദ്യഭാവത്തില്‍ ഒന്നു നോക്കി. ഞാന്‍ മേസ്തിരിപ്പണിക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ചങ്കിലിരുന്ന്‍ പൊള്ളുന്നുണ്ട്.പഠിപ്പിക്കുവാന്‍ കഴിവില്ലാതിരുന്ന ഒരമ്മയുടെ മകനായിപ്പോയതില്‍ നിനക്ക് സങ്കടമുണ്ടോ എന്ന അമ്മയുടെ ചോദ്യം ഞാനെങ്ങിനെ മറക്കാനാണ്...

കുട്ടിക്കാലം മുതലേ അനുഭവിച്ച,കണ്ടുപരിചയിച്ച ദുരിതങ്ങള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ ഞാന്‍ പിന്തുടരില്ല എന്ന്‍ ശപഥമെടുത്തിരുന്നിട്ടും എല്ലാ ദുശ്ശീലങ്ങളിലേയ്ക്കും ഞാന്‍ കൂപ്പുകുത്തി.മിയ്ക്കദിവസങ്ങളിലും പണം വച്ചുള്ള ചീട്ടുകളിയും മദ്യപാനവും പുകവലിയും...എന്റമ്മയുടെ കണ്ണുകള്‍ ഞാന്‍ വലുതായിട്ടും ഒരിക്കലും തോര്‍ന്നില്ല...എന്തുകൊണ്ടായിരിക്കാം ഞാനിങ്ങിനെയായത്...എന്റെ നശിച്ച ആഗ്രഹങ്ങള്‍ ഒന്നും തന്നെ നടക്കാതെ വന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നോ..അറിയില്ല....

ആകെയുള്ള ആശ്വാസം പുസ്തകങ്ങളായിരുന്നു. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന ആ ശീലം വീണ്ടും ഞാനാരംഭിച്ചു..വായനയുടെ ലഹരിയില്‍ ഒരു എഴുത്തുകാരനാവുക എന്ന ആഗ്രഹം പതിയെപ്പതിയെ തലപൊക്കാനാരംഭിച്ചു.ഉറക്കം വരാത്ത രാത്രികളില്‍ ചുമ്മാ പെപ്പറുകളില്‍ അതുമിതുമൊക്കെ എഴുതി വായിച്ചു നോക്കി ചുരുട്ടിക്കൂട്ടിക്കളഞ്ഞുകൊണ്ടിരുന്നതുതന്നെ മിച്ചം...അത്താഴപ്പട്ടിണിക്കാരനെവിടെയെഴുവാന്‍..എന്തെഴുതുവാന്‍..

കുടുംബത്തിന്റെ ദാരിദ്ര്യം എന്ന നശിച്ച അവസ്ഥയ്ക്കൊരു ശമനമുണ്ടാക്കുക എന്ന കഠിനവ്രതത്തോടമ്യാണ് ഒരിക്കലുമിഷ്ടമില്ലാതിരുന്നിട്ടുകൂടി സ്വന്തം നാടിനെ ഉപേക്ഷിച്ച് പലായനം ചെയ്യുക എന്ന ശ്രമത്തില്‍ ഞാനുമെത്തിച്ചേര്‍ത്ത്.കണ്ണെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നുകിടക്കുന്ന മണല്‍ഭൂമിയില്‍ കണ്ണു നിറഞ്ഞ് നില്‍ക്കവേ എന്റെയീയാഗ്രഹമെങ്കിലും സഫലമാകണേ എന്നായിരുന്നു പ്രാര്‍ഥന...അതൊരളവുവരെ പരിഹരിക്കപ്പെട്ടെങ്കിലും എനിക്കെന്താണ് ബാക്കിയായത്..ഒരിക്കലുമവസാനമില്ലാത്തതെന്നു തോന്നിക്കുന്ന പ്രശ്നങ്ങള്‍...എന്നു തീരുവാനാണീ ദുരിതങ്ങള്‍...

ഞാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന പലതുമാണിപ്പോള്‍ എന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്...ചിലപ്പോള്‍ എന്നെ കരുണാമയനായ നാഥന്‍ അനുഗ്രഹിക്കുന്നതാവാം..അല്ലെങ്കില്‍ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതാവാം...എല്ലാത്തിനേയും അതിജീവിക്കുവാന്‍ എനിക്ക് കഴിയുമായിരിക്കാം....ഇല്ലായിരിക്കാം...

ഇപ്പോഴുള്ള ഒരേയൊരഗ്രഹം ബാധ്യതകളില്‍ നിന്നും രക്ഷപ്പെട്ടൊന്നു നടുനിവര്‍ക്കാനായെങ്കിലെന്നാണ്..അതല്ലെങ്കില്‍ ഒന്നുമൊന്നുമറിയാതെ ഉറങ്ങിക്കിടക്കവേ നിത്യമായ ഉറക്കത്തിലേയ്ക്കാണ്ടുപോകണേയെന്ന്‍....... ...

ശ്രീക്കുട്ടന്‍