Saturday, July 23, 2011

രസകരമായ വാര്‍ത്തകള്‍...

( 23 ജൂലൈ 2010) ഇന്നു രാവിലെ ഒരു പ്രമുഖ മലയാളദിനപത്രത്തില്‍ കണ്ട രണ്ടു വാര്‍ത്തകള്‍. എങ്ങിനെ ചിരിക്കാതിരിക്കും...ഒന്നു നോക്കൂ..]

വാര്‍ത്ത 1


ഹ..ഹാ..എന്താ തമാശ.മുമ്പ് എനിക്ക് ഒരു എമ്മെസ്സിക്കാരനാവണമെന്നു പെരുത്താശയുണ്ടായിരുന്നു.പക്ഷേങ്കി പ്രീഡിഗ്രി പാസ്സാവാത്തവര്‍ക്ക് ഡിഗ്രിക്ക് ചേരുന്ന കാര്യം ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയത് മൂലംലം ആ സാഹസത്തില്‍ നിന്നും ഞാന്‍ പിന്മാറി.പക്ഷേ വെമ്പല്ലൂര്‍ അസ്മാബി കോളേജിനെക്കുറിച്ച് അന്ന്‍ ഞാനറിഞ്ഞിരുന്നെങ്കില്‍ ഞാനിന്ന്‍ മിനിമം ഒരു ഐ ഏ എസ്സുകാരനെങ്കിലുമായേനെ..പറഞ്ഞിട്ടെന്താ കാര്യം...

വാര്‍ത്ത 2



ഹൊ ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റിനായി എവിടെയെല്ലാം കയറിയിറങ്ങി ഞാന്‍..മേല്‍പ്പടിയാനെക്കുറിച്ച് ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍...


ശ്രീക്കുട്ടന്‍.

Thursday, July 21, 2011

വില്ലൊടിച്ചതാര് ???

ബാലന്‍ മാഷ് കയ്യിലിരുന്ന ചൂരല്‍ കൊണ്ട് മേശപ്പുറത്തൊന്നടിച്ചതോടെ ക്ലാസ്സ് റൂമില്‍ സര്‍വ്വത്ര നിശ്ശഃബ്ദത പരന്നു.എല്ലാ കുട്ടികളും സാറിനെതന്നെ നോക്കി നിര്‍ന്നിമേഷരായിരുന്നു.ഒരു വശത്തായൊതുങ്ങി നാരായണന്‍‍ മാഷും.

"ഡി.ഇ.ഓ ആണു വരുന്നതു.എന്റെ മക്കളേ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ.സാര്‍ എന്തെങ്കിലും ചോദിച്ചാല്‍ മണിമണിപോലെ ഉത്തരം പറയണം.എന്റെ പണി കളയിക്കരുതു".

കുട്ടികള്‍ എല്ലാം തലയാട്ടി.

"എന്റെ മാഷേ, ഒന്നു‍ ശ്രദ്ധിച്ചോളൂട്ടോ.വരുന്നയാള്‍ കടുകട്ടിയാണെന്നാണറിവ്.അയാളു വന്നിട്ട് ചോദിക്കുവാന്‍ ചാന്‍സുള്ളതൊക്കെ പിള്ളാരെയൊന്നു പഠിപ്പിച്ചു വയ്ക്കൂ.ഞാന്‍ ആ സുമതിടീച്ചറിന്റേം വാസുദേവന്‍ മാഷിന്റേം ക്ലാസ്സുകളില്‍ കൂടിയൊന്നു ചെല്ലട്ടേ."

തന്നെ നോക്കി തലകുലുക്കുന്ന നാരായണന്‍ മാഷിനെ ഒന്നുകൂടി നോക്കി കണ്ണുകൊണ്ടാംഗ്യം കാട്ടിയിട്ട് ബാലന്‍ മാഷ് പുറത്തേയ്ക്കിറങ്ങി.മാഷിന്റെ പേടിയപ്പോഴും മാറിയിരുന്നില്ല.ഹെഡ്മാസ്റ്ററാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല.ഒറ്റയെണ്ണം ഒരു വക അനുസരിക്കത്തില്ല.സാറമ്മാരും കണക്കു തന്നെ പിള്ളേരും കണക്കു തന്നെ.എല്ലാ ക്ലാസ്സിലും കേറിയെറങ്ങി പറഞ്ഞിട്ടുണ്ട്. ക്ലാസ്സിലു വരാതിരുന്ന സകലതിനേയും വീടുകളില്‍ പോയി പിടിച്ചു കൊണ്ടുവന്നതാണു. ഹനുമാനേ കുഴപ്പമൊന്നുമുണ്ടാകാതെ നോക്കിക്കോളണേ.ഒരു വസ്തുവും അറിഞ്ഞുകൂടാത്ത പിള്ളേരാണു.സാറെന്തെങ്കിലും ചോദിച്ചാല്‍ എന്തു തര്‍ക്കുത്തരമാണു പറയുന്നതെന്നു ഒടേതമ്പുരാനുമാത്രമേയറിയൂ.നീ തന്നെ തുണ.മാഷ് മനസ്സില്‍ ഹനുമാനെ നമിച്ചു.പുള്ളിയുടെ ഇഷ്ടദേവനാണു ഹനുമാന്‍.

................................................................................................

ഓഫീസ്സിലേയ്ക്കു കയറിവരുന്ന ഡി.ഇ.ഓയുടെ മുഖം കണ്ടപ്പോള്‍ തന്നെ ബാലമ്മാഷിന്റെ പാതി ഉയിര് പോയി.എന്തോ കുഴപ്പമൊണ്ട്.വന്നപാടേ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് ദേക്ഷ്യത്തോടുകൂടിയിട്ടശേഷം ഡി.ഇ.ഓ ബാലമ്മാഷിനോടായി ചോദിച്ചു.

"എന്താ മാഷേ ഇതെല്ലാം.ഇങ്ങനെയാണോ കുട്ടികള്‍ക്കു ക്ലാസ്സെടുക്കുന്നത്.അഞ്ച് ബി യില്‍ രാമന്റെ വനവാസത്തെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു നാരായണന്‍ മാഷാണു ക്ലാസ്സെടുക്കുന്നത്.ജനകമഹാരാജാവിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന വില്ല് ഒടിച്ചതാരാണെന്നു ഞാന്‍ ഒരു കുട്ടിയോടു ചോദിച്ചു.അതിനവന്‍ പറഞ്ഞതെന്തായിരുന്നെന്നോ.അവന്‍ ഒടിച്ചിട്ടില്ല ചെലപ്പം സുരേഷായിരിക്കുമെന്നു.എന്താ മാഷേ.ഇതാണോ കുട്ടികള്‍ പഠിച്ചുവച്ചിരിക്കുന്നതെന്ന്‍ മാഷിനോടു ചോദിച്ചപ്പോള്‍ അയാളു പറയുവാണു താന്‍ പഠിപ്പിക്കുന്ന കുട്റ്റികളൊരിക്കലും അങ്ങിനെയൊന്നും ചെയ്യത്തില്ല ചിലപ്പോള്‍ ആറാം ക്ലാസ്സിലേയോ ഏഴിലേയോ പിള്ളാരായിരിക്കുമെന്ന്‍.എന്താ ഇതിന്റെയൊക്കെയര്‍ഥം".

ഡി.ഇ.ഓയുടെ മുമ്പില്‍ ബാലന്‍ മാഷ് അമ്പരന്നു നിന്നു.ഈശ്വരാ ഒരു കുഴപ്പവുമുണ്ടാകാതെ ഇന്‍സ്പെക്ഷന്‍ കഴിയണേയെന്ന്‍ എത്രയാവര്‍ത്തി പ്രാര്‍ത്ഥിച്ചതാ.എന്തേലും ഫലമുണ്ടായോ.ആപത്തുസമയത്ത് എന്നെ കൈവിട്ടല്ലോ ആഞ്ജനേയാ.ഏതോ കുരുത്തം കെട്ടവമ്മാര് വില്ലോ പുല്ലോ എന്തോ ഒടിച്ചേക്കണ്.എത്രയാവര്‍ത്തി സകലവമ്മാരോടും പറഞ്ഞതാണ് കുരുത്തക്കേടൊന്നും കാട്ടരുതെന്നു.ഇനിയിപ്പൊള്‍ എന്തു ചെയ്യും.

"സാര്‍ ക്ഷമിയ്ക്കണം. എന്തു ചെയ്യാം.എതൊരു സ്കൂളിലും ചില താന്തോന്നികളുണ്ടാവുമല്ലോ.ഇത് പുള്ളേരാരെങ്കിലും കളിച്ചപ്പോളോ മറ്റോ അബദ്ധത്തിലൊടിഞ്ഞതായിരിക്കും.എന്തായാലും ശരി സാറിവിടുന്ന്‍ പോകുന്നതിനുമുമ്പ് സംഭവം ചെയ്തതാരാണെന്ന്‍ കണ്ടുപിടിച്ച് ഞാനറിയിക്കാം".

വിനീതവിധേയനെപോലെ താണുവണങ്ങിനിന്നുകൊണ്ട് ഹെഡ്മാസ്റ്റര്‍ പറയുന്നതുകേട്ട് ഡി.ഇ.ഓയുടെ തലകറങ്ങി.ദൈവമേ ഇതേപോലുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതിയെന്താവും.ഇതിനൊരു പരിഹാരം കണ്ടിട്ടേയുള്ളു മറ്റെന്തും.ഡി.ഇ.ഓ ഉടന്‍ തന്നെ ഫോണെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറെ കാര്യം ധരിപ്പിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ തന്നെ വകുപ്പുമന്ത്രിക്കു വിവരം കൈമാറി.

ഉറക്കപ്രാന്തിലായിരുന്ന മന്ത്രി വാര്‍ത്തകേട്ടതും പിടഞ്ഞെഴുന്നേറ്റു.എന്തു വില്ലൊടിച്ചെന്നോ.എന്റെ കര്‍ത്താവേ.മനുഷ്യനെ സമാധാനമായി ഒരഞ്ചുകൊല്ലം ഭരിക്കാന്‍ സമ്മതിക്കത്തില്ലല്ലോ.ഇനി ഈ വാര്‍ത്തയെങ്ങാനും പുറത്തറിഞ്ഞാല്‍ പിന്നെ പ്രതിഷേധമായി ധര്‍ണ്ണയായി ഹര്‍ത്താലായി കല്ലേറായി വെടിവയ്പ്പായി മന്ത്രിസഭേട രാജിയായി. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.മന്ത്രിയാവാനായി കൊറേയേറേ പൊടിച്ചതാ.അതും അതിന്റെ പലിശേടപലിശേം മൊതലാക്കാതെ താനങ്ങിനെ മന്ത്രിസ്ഥാനത്തൂന്നിറങ്ങില്ല.മന്ത്രി ഉടന്‍ തന്നെ ഡി.ജി.പിയെ വിളിച്ചു.

"എടോ ഡി.ജി.പി അറിയാമല്ലോ.ഇക്കാര്യമെങ്ങാനും പുറത്തറിഞ്ഞാല്‍ പിന്നത്തെക്കാര്യമൊന്നും പറയണ്ടല്ലോ.അതുകൊണ്ട് ഇന്നിരുട്ടുന്നതിനുമുമ്പ് എനിക്കറിയണം ആരാണതു ചെയ്തതെന്നു.ഉടന്‍ തന്നെ അവനെ കണ്ടെത്തിയിരിക്കണം.ചെവിയ്ക്കുചെവിയറിയാതെ വല്ല സൂപ്പര്‍ഗ്ലൂവോ മറ്റോ വച്ച് ഒടിഞ്ഞവില്ല് പഴയതുപോലെ ഒട്ടിച്ചും വയ്ക്ക്".

"ശരി സാര്‍.ഇന്നു തന്നെ അവനെ പൊക്കിയിരിക്കും.സാര്‍ ധൈര്യമായിട്ടിരിക്കണം.എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാന്‍ വിളിക്കാം.ഓ.ക്കെ സാര്‍".ഫോണ്‍ വച്ച ഡി.ജി.പി ഉടന്‍ തന്നെ കേസന്യോഷിക്കാനായി സ്ഥലം എസ് ഐയെ ചുമതലപ്പെടുത്തി.
"ഈ കേസ്സ് എന്റെ പ്രസ്റ്റീജിന്റെ പ്രശ്നമാണു.ഇന്നു വൈകിട്ട് കൃത്യം അഞ്ചുമണിയ്ക്കു എനിക്കിതിന്റെ റിസള്‍ട്ട് കിട്ടിയിരിക്കണം.താനാരെവേണോ പിടിക്കോ ഉരുട്ടുകയോ തൂക്കുകയോ ചെയ്തോ.പക്ഷേ റിസള്‍ട്ട്.അതാണു മുഖ്യം.ഈ കേസ് തെളിയിച്ചാല്‍ താന്‍ സര്‍ക്കിളാ സര്‍ക്കിള്‍. അതു മറക്കണ്ട‍ ".

ഡി.ജി.പി. യുടെ ആജ്ഞ കേട്ടു തലകുലുക്കിക്കൊണ്ട് ബഹുമാനപ്പെട്ട എസ് ഐ തന്റെ അനുചരവൃന്ദത്തോടൊപ്പം തന്റെ ഇന്‍വെസ്റ്റിഗേഷനാരംഭിച്ചു.

...........................................................................................

സമയം കൃത്യം അഞ്ചുമണി.

ടെലിഫോണിനു മുമ്പില്‍ അക്ഷമനായിരുന്ന ഡി.ജി.പി. യുടെ മനസ്സു തണുപ്പിച്ചുകൊണ്ട് സര്‍ക്കിളിന്റെ വിളിയെത്തി.

"യേസ് സാര്‍.പിടിച്ചുസാര്‍.എന്റെ കയ്യില്‍ നിന്നവന്‍ രക്ഷപ്പെടുമോ.മറ്റാരുമല്ല സാര്‍.നാലു ബി യില്‍ പഠിക്കുന്ന ഒരുത്തനാണതു ചെയ്തതു. ആദ്യമൊന്നുമവന്‍ സമ്മതിച്ചില്ല.പിന്നീട് നല്ല വള്ളിച്ചൂരലിനു രണ്ടു പെട കൊടുത്തപ്പം അവനാണൊടിച്ചതെന്നു സമ്മതിച്ചു സാര്‍. അവന്റെ കൂടെ വേറൊരുത്തനും കൂടിയുണ്ടായിരുന്നു.അവന്‍ പനിപിടിച്ച് സിറ്റി ഹോസ്പിറ്റലിലഡ്മിറ്റഡാണ്.ചോദ്യം ചെയ്ത വകയില്‍ അവിടത്തെ സാറമ്മാരേം ഹെഡ്മാസ്റ്ററേമൊക്കെ ചെറുതായൊന്നു പെടയ്ക്കേണ്ടി വന്നു സാര്‍. അതിന്റെ പെരില്‍ ഇനി വല്ല കുഴപ്പവുമുണ്ടാവുമോ. അതെ..സാര്‍.കാവലിനാളുണ്ട്.. സാര്‍.അപ്പോള്‍ മന്ത്രിയോടു പറഞ്ഞെന്റെ പ്രൊമോഷന്‍......."

"ഹൊ എന്റെ പാറമേക്കാവിലമ്മേ. ശ്വാസം നേരെ വീണതിപ്പോഴാണു. പ്രൊമോഷന്റെ കാര്യമൊക്കെ നമുക്ക് ഉടനേ ശരിയാക്കാം.ആദ്യം ഞാനീ വിവരം മന്ത്രിയദ്ദ്യേത്തെ അറിയിക്കട്ടേ"

അത്യന്തം ആശ്വാസത്തോടെ ഫോണ്‍ വച്ച ഡി.ജി.പി മന്ത്രിയെ വിവരം ധരിപ്പിക്കാനായി തന്റെ മൊബൈലെടുത്തു......


ശുഭം....

ശ്രീക്കുട്ടന്‍

Wednesday, July 20, 2011

അത്ഭുത റോഡ്‌

ഒരത്ഭുത വാര്‍ത്തയറിയിക്കാനുണ്ട്.

നാട്ടുകാര്‍ വാഴേം തെങ്ങിന്‍തയ്യുമൊക്കെ മാറിമാറിനട്ട് നട്ട് ഒടുവില്‍ 9 വര്‍ഷങ്ങള്‍ക്കുശേഷം കനിഞ്ഞനുഗ്രഹിച്ച് കഴിഞ്ഞയാഴ്ചയോടെ എങ്ങിനേയെങ്കിലും ഒന്നു ടാറിട്ടെന്നുവരുത്തിയ കൂനാംകുളം ഗ്രാമത്തിലെ ഒരു റോഡില്‍ കൃത്യം ഏഴുദിവസം കഴിഞ്ഞിട്ടും റോഡ് വെട്ടികുഴിക്കുവാനും പൈപ്പിടാനും ആരും വരാത്തതിനാല്‍ നാട്ടുകാര്‍ ആകെ പരിഭ്രാന്തരായിരിക്കുന്നു.‍ മാത്രമല്ല മൂന്നുദിവസം മുമ്പ് ഒരു ചെറിയ ചാറ്റല്‍ മഴ വന്നിട്ട് റോഡല്‍പ്പം പോലും ഒലിച്ചുപോയിട്ടുമില്ല. കലികാലത്തിലിതൊക്കെ നടക്കുമെന്നാണ് നാട്ടിലെ പ്രായം ചെന്ന കാരണവമ്മാര്‍ പറയുന്നത്. പതിനായിരത്തില്‍ ഒരു റോഡില്‍ ചിലപ്പോളിതേപോലുള്ള പ്രതിഭാസം നടക്കാറുണ്ടെന്ന്‍ പൊതുമരാമത്തുവകുപ്പിലെ പെരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരുന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.എന്നാല്‍ ഈ സംഭവം മനപ്പൂര്‍വ്വം പൊതുമരാമത്ത് വകുപ്പിനെ താറടിച്ചുകാട്ടാനായി ചില കുബുദ്ധികളോടൊപ്പം ചേര്‍ന്ന്‍ കരാറുകാരന്‍ ചെയ്തതാണെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്..എന്തായാലും ഈ അത്ഭുതറോഡ് കാണാനായി നാട്ടിന്റെ പലഭാഗത്തു നിന്നും ആള്‍ക്കാര്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

ശ്രീക്കുട്ടന്‍.

Tuesday, July 12, 2011

വാര്‍ത്തയല്ലാത്ത വാര്‍ത്ത

താഴെ വീണുകിടക്കുന്ന കരിയിലയിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ പ്രജിതയുടെ മുഖത്തൊരു പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു.അവള്‍ മെല്ലെ തലതിരിച്ച് പ്രണവിനെ നോക്കി.അവളെത്തന്നെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുകയാണവന്‍.ചെറിയൊരു പുഞ്ചിരി അവന്റെ ചുണ്ടിലുണ്ടെങ്കിലും ഉള്ളില്‍ എന്തോ പരിഭ്രമമുള്ളതുപോലെ.അവന്റെ അച്ഛന്റെ കൂട്ടുകാരോ അവന്റെ ബന്ധുക്കളോ ആരെങ്കിലും കണ്ടേയ്ക്കുമോയെന്ന പേടിയായിരിക്കും ചിലപ്പോള്‍.അവള്‍ മെല്ലെ അവന്റടുത്തേയ്ക്ക് നീങ്ങിയിരുന്നു.

"എന്താ പ്രണവ്.ഒന്നും മിണ്ടാതെയിരിക്കുന്നത്.നമ്മളിതിനാണോ ക്ലാസ്സും കളഞ്ഞ് ഇവിടെ വന്നത്"

"അതല്ല ആരെങ്കിലും കണ്ടാല്‍.."

"ഹൊ ഈ ചെക്കന്റെയൊരു കാര്യം.പേടിത്തൊണ്ടന്‍" ചിരിച്ചുകൊണ്ടവള്‍ അവന്റെ വലതുത്തലത്തില്‍ തന്റെ കൈവച്ചമര്‍ത്തി.അവളുടെ കണ്ണുകളിലേയ്ക്കു നോക്കിയ അവന്‍ അവിടെയൊരു സുനാമി തന്നെ കണ്ടു.

.............................................................................

"ഞാനല്‍പ്പം തിരക്കിലാണു പ്രജിതാ.ഞാന്‍ പിന്നെ വിളിക്കാം.പിന്നെ ഇന്നലെ ചോദിച്ച കാശ് തരാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല.അച്ഛന്‍ ഈ മാസം ഒരു ചില്ലിക്കാശ്പോലും തരത്തില്ലെന്നാ പറഞ്ഞിരിക്കുന്നത്.എന്താ ചെയ്യുക..എന്നോട് പിണങ്ങരുത് കേട്ടോ.അപ്പോള്‍ ശരി പിന്നെക്കാണാം"....


ഫോണ്‍ താഴെവച്ച് പ്രജിത അല്‍പ്പനേരം നിന്നു.പിന്നെ അവളെന്തോ തീരുമാനിച്ച മട്ടില്‍ മുറിയിലേയ്ക്കു കയറി..

പിറ്റേന്നത്തെ പത്രത്തിലെ ഫ്രണ്ട് പേജില്‍ ഇപ്രകാരമൊരു വാര്‍ത്തയുണ്ടായിരുന്നു...

കൊല്ലം: യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച അയല്‍വാസിയായ ബിരുദവിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനാണ് പ്രതി. യുവാവ് വിവാഹവാഗ്ദാനം നല്‍കി തന്നെ ദുരുപയോഗം ചെയ്യുകയും പിന്നെ വഞ്ചിക്കുകയുമായിരുന്നുവെന്ന്‍ ബോധ്യമായ യുവതി പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു.പരാതിയെതുടര്‍ന്ന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ ദുര്‍ന്നടപ്പുകാരിയായിരുന്ന യുവതി തന്റെ മകനെ വശീകരിച്ചെടുക്കുകയും അവനില്‍ നിന്നും പണം തട്ടുകയും പിന്നീടത് കിട്ടാതായപ്പോള്‍ കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നുവെന്ന്‍ യുവാവിന്റെ അച്ഛനും മറ്റു ബന്ധുക്കളും ആരോപിച്ചു.

ഈ കഥ തുടര്‍ന്നുകൊണ്ടേയിരിക്കും........

ശ്രീക്കുട്ടന്‍

Sunday, July 10, 2011

പട്ടാപ്പകലിലെ പീഡനം

പതിവുപോലെ ഷാപ്പില്‍ നിന്നും ഒരു അരയും പിടിപ്പിച്ചു ചെറുതായി ആടിക്കൊണ്ട് കുമാരന്‍ വീട്ടിലേയ്ക്കു തിരിച്ചു. അല്ലെങ്കിലും ജോലിയൊക്കെ കഴിഞ്ഞു ഒരരയടിച്ചില്ലെങ്കില്‍ കുമാരനൊരു എന്തോ പോലെയാണു. വീട്ടിലെത്തി നല്ലതുപോലെ ആഹാരവും കഴിച്ചിട്ട് ഒരുറക്കം.പിന്നെ വൈകുന്നേരമുണര്‍ന്നു വീണ്ടും ഷാപ്പിലേയ്ക്കു. ആശാന്റെ മുടക്കമില്ലാത്ത പതിവാണതു. വയലു മുറിച്ചുകടന്നു വീട്ടിലേയ്ക്കു തിരിയുന്നിടത്തെത്തിയപ്പോഴാണു കുമാരനതു കണ്ടതു.താഴെ പണയില്‍ ഒരാള്‍ എന്തോ ചെയ്യുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനയിലെ രാഘവനാണ്. ഇവനീ സമയത്തെന്തു പണയില്‍ എന്തു ചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടക്കുവാന്‍ തുടങ്ങിയ കുമാരനൊരു നിമിഷം നിന്നു. സംശയത്തോടെ താഴേക്കു നോക്കിയ ഒരിക്കല്‍ കൂടി നോക്കിയ കുമാരന്‍ ഒന്നു ഞെട്ടി. രാഘവനുമുമ്പില്‍ തറയിലായികിടക്കുന്നതു ഒരു പെണ്‍കുട്ടിയല്ലേ. അതേ തന്നെ .അപ്പോള്‍ രാഘവന്‍..കുടിച്ച കള്ളുമുഴുവന്‍ ഒരു നിമിഷം കൊണ്ട് ആവിയായിപോയി. പെട്ടന്നുതന്നെ ധൈര്യം സംഭരിച്ച കുമാരന്‍ ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ...പട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഗം ചെയ്തു കൊല്ലുന്നേ...."

ഒച്ചകേട്ട രാഘവന്‍ തലയുയര്‍ത്തിനോക്കി. വലിയവായില്‍ അലറിവിളിക്കുന്ന കുമാരനെകണ്ട് രാഘവനാകെ അന്തം വിട്ടു.

കുമാരന്റെ നിലവിളികേട്ട് കുറച്ചപ്പുറത്തെ വാഴപ്പണയില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേരും വയല്‍ വരമ്പെ പോവുകയായിരുന്ന പ്രസന്നനും മറ്റുമൊക്കെ ഓടിവന്നു.

"എന്താ കുമാരാ എന്താ പ്രശ്നം"

"ദേ അതു കണ്ടോ". കുമാരന്‍ ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നോക്കിയ അവരും ഞെട്ടി. തറയില്‍ കിടക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ആകെ പരിഭ്രമിച്ചു നില്‍ക്കുന്ന രാഘവന്‍. താഴേക്കോടിയിറങ്ങിയ അവര്‍ കണ്ടതു പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെയാണു. രാഘവന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പുതന്നെ അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നു രണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം തന്നെ രാഘവനു നേരെ തിരിഞ്ഞു. അടികൊണ്ടവശനായ രാഘവന്‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കയ്യിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാ പിന്നെ ഈ നായിന്റെ മോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."

ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഈ സമയമെല്ലാം തറയില്‍ ശബ്ദം നഷ്ടപ്പെട്ട് തളര്‍ന്നു ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു രാഘവന്‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തി.ജീപ്പില്‍ നിന്നുമിറങ്ങിയ എസ്.ഐ ഒന്നു രംഗനിരീക്ഷണം നടത്തിക്കൊണ്ട് ഒരൊച്ചവച്ചു.ആള്‍ക്കാരെല്ലാം ഭയപ്പാടോടെ അല്‍പ്പം ദൂരേയ്ക്ക് മാറിനിന്നു.ആള്‍ക്കൂട്ടത്തില്‍ നിന്നും ഒന്നുരണ്ടുപേരെ വിളിച്ച് എസ് ഐ എന്തെല്ലാമോ ചോദിച്ചു.ഒരു പോലീസുകാരന്‍ മുന്നോട്ട് ചെന്ന്‍ രാഘവന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുയര്‍ത്തി.കഷ്ടപ്പെട്ടെഴുന്നേറ്റ് രാഘവന്‍ ഒരു തെങ്ങില്‍ ചാരിനിന്നു.അയാളുടെ മുഖമാകെ തിണര്‍ത്ത് നീരുവന്നു തുടങ്ങിയിരുന്നു.ചെന്നിയിലൂടെ ചെറുതായി ചോര കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.

"ആരാടാ ഇവനെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍ നിന്നോടൊക്കെപ്പറഞ്ഞത്.പിന്നെ ഞങ്ങളെന്തൂ..നാടാ ഒള്ളത്"

നാവില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് എസ് ഐ ഉച്ചത്തില്‍ അലറി.ആള്‍ക്കാര്‍ ഭയപ്പാടോടെ പിന്നോക്കം വലിഞ്ഞു.രാഘവനുനേരെ തിരിഞ്ഞ എസ് ഐ കയ്യിലിരുന്ന ലാത്തികൊണ്ട് അവന്റെ മുഖം മെല്ലെയുയര്‍ത്താന്‍ ശ്രമിച്ചു.നിറഞ്ഞുതൂവിയ കണ്ണുകളുമായി രഘവന്‍ ദയനീയമായി ബദ്ധപ്പെട്ട് എസ് ഐ യെ നോക്കി.

"കൊച്ചുപിള്ളാരെത്തന്നെ പീഡിപ്പിക്കണമല്ലേടാ നായീന്റെ മോനേ.." പറയുകയും കയ്യിലിരുന്ന ലാത്തിവച്ച് രാഘവ്ന്റെ വാരിയെല്ലില്‍ ശക്തിയായൊരു കുത്തു കുത്തുകയും ചെയ്തു.അലറിക്കരഞ്ഞുകൊണ്ട് കുത്തിയിരുന്ന രാഘവനെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന്‍ തൂക്കിയെടുത്ത് ജീപ്പിനുള്ളിലേയ്ക്കെറിഞ്ഞു.ശബ്ദം നഷ്ടപ്പെട്ട അയാള്‍ അതിനുള്ളില്‍ ചുരുണ്ടുകൂടിക്കിടന്നു.പോലീസ് ജീപ്പ് പുകപറത്തി പാഞ്ഞകന്നപ്പോള്‍ കൂട്ടം കൂടി നിന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലവഴിയ്ക്കായി പിരിഞ്ഞു.....

പറമ്പുകിളച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടപ്പന്‍ കേട്ട വിവരം വിശ്വസിക്കാനാവാത്തവണ്ണം ഒരു നിമിഷം തന്റെ മുമ്പില്‍ നില്‍ക്കുന്ന കുമാരനെ മിഴിച്ചുനോക്കി.അടുത്തനിമിഷം കയ്യിലിരുന്ന തൂമ്പാ വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ കുട്ടപ്പന്‍ മുന്നോട്ട് കുതിച്ചു.കൂടെ കുമാരനും.വഴിയില്‍ വച്ച് മകളെ ആശുപത്രിയില്‍ കൊണ്ടോയിരിക്കുവാന്നറിഞ്ഞ് കുട്ടപ്പന്‍ ജംഗ്ഷനില്‍ നിന്നും ഒരോട്ടോപിടിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു.വണ്ടിയിലിരിക്കുമ്പോള്‍ കുട്ടപ്പന്‍ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ കരയുന്നുണ്ടായിരുന്നു.കുമാരനാകട്ടെ അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ആശുപത്രിമുമ്പില്‍ ആട്ടോയില്‍ നിന്നും ചാടിയിറങ്ങിയ കുട്ടപ്പന്‍ അകത്തേയ്ക്കു കുതിച്ചു.ഒരു മുറിക്കുമുമ്പില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഭാര്യയെക്കണ്ട് അയാള്‍ കുഴഞ്ഞവിടെയിരുന്നു.കുട്ടപ്പനെക്കണ്ട അവര്‍ ഉച്ചത്തില്‍ നിലവിളിക്കാനാരംഭിച്ചു.കൂടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ആ‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...അയാളുടെ മനസ്സില്‍ എന്തെല്ലാമോ വികാരവിചാരങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‍ വാതില്‍ തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പേടിക്കാനൊന്നുമില്ല. കുട്ടിയെ ഒരു പാമ്പ് കടിച്ചതാ.അല്ലാതെ ആരും ഒന്നും ചെയ്തിട്ടൊന്നുമില്ല.പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. നല്ല വെഷമുള്ളയിനമാണു കടിച്ചതു.എന്തായാലും രണ്ടുദിവസമിവിടെ കിടക്കട്ടെ.പെട്ടന്ന്‍ പോയി ഈ മരുന്നുകള്‍ മേടിച്ചുകൊണ്ട് വരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നു മയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ അയാള്‍ പിന്‍ കൈകൊണ്ട് തുടച്ചശേഷമയാള്‍ മരുന്നുവാങ്ങിക്കൊണ്ടു വരാനായി മുറിക്കുപുറത്തേയ്ക്കിറങ്ങി. ആകാംഷാപൂര്‍വ്വം മുറിക്കുപുറത്തു നിന്നവരോട് അയാള്‍ കാര്യം പറഞ്ഞു.

"ഹൊ പഗവാനേ കാത്തു കൊച്ചിനെ.ഒരല്‍പ്പം താമസിച്ചുപോയിരുന്നെങ്കി എന്താകുമായിരുന്നു "

"ആ രാഘോന്‍ വെറുതേ തല്ലുമേടിച്ചതുതന്നെ മിച്ചം.ഇനിയിപ്പം അവനെയെറക്കണ്ടേ.പോലീസുകാരിപ്പോ അവനെ ബാക്കി വച്ചിട്ടുണ്ടാവുമോ ആവോ"

മുറിക്കുപുറത്തടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ കുമാരന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി പുകയാഞ്ഞൊന്നെടുത്തു.

ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പ് മുറിയില്‍ പോലീസുകാരുടെ ചോദ്യംചെയ്യലും തുടര്‍ന്നുള്ള ക്രൂരമര്‍ദ്ദനങ്ങളുമേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു രാഘവന്‍. പാടത്തെ ജോലിക്കിടയില്‍ ഒരല്‍പ്പം വല്ലതും കഴിക്കാമെന്നുവച്ച് വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടതും കാലില്‍ നിന്നും ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറി വിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ രാഘവന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Saturday, July 2, 2011

ശനിയുടെ അപഹാരം

ശനിയുടെ അപഹാരം

വര്‍ഷം 1986 സെപ്തംബറിലെ കലക്കനൊരു പ്രഭാതം. തോട്ടുവരമ്പിലൂടെ ഒരു ചോറ്റുപാത്രവും തൂക്കി ചുണ്ടത്തൊരു മൂളിപ്പാട്ടും ഫിറ്റു ചെയ്തു മന്ദം നടന്നുവരുകയാണ് നമ്മുടെ സുന്ദരകോമളനായ എട്ടുവയസ്സുകാരന്‍  കഥാനായകന്‍. വയലില്‍ പുല്ലുമേഞ്ഞുകൊണ്ടിരുന്ന പൂവാലിപ്പയ്യിനേയും മറ്റുമൊക്കെ നോക്കി പാട്ടും പാടിവരവേ പശുവിന്റെ കയര്‍ കെട്ടാനായി വരമ്പിന്റെ വശത്തായടിച്ചുതാഴ്ത്തിയിരുന്ന കുറ്റി അവന്‍ ശ്രദ്ധിച്ചതേയില്ല. കഥാനായകന്റെ പാട്ടിന്റെ ഗുണം കൊണ്ടോ അതോ മറ്റെന്തെങ്കിലും അജ്ഞാതകാരണങ്ങളാലോ പശു ഒന്നു വെകിളിപിടിച്ചു ചാടുകയും ആ ഭയത്തില്‍ ഒന്നു ഞെട്ടിയ നമ്മുടെ നായകന്‍ കുറ്റിയില്‍ കാല്‍ തട്ടി തലയും കുത്തി തൊട്ടിനുള്ളില്‍ വീഴുകയും ചെയ്തു. വീഴ്ചയില്‍ ചോറ്റുപാത്രത്തിന്റെ മൂടി തെറിച്ചുപോയതുകൊണ്ടുതന്നെ അതിനുള്ളിലുണ്ടായിരുന്ന സ്പെഷ്യല്‍ മട്ടണ്‍ കറി ചുറ്റും ചിതറിവീണു. കുറച്ച് കഥാനായകന്റെ മുഖത്തും വീണു. കഠിനമായ എരിവനുഭവപ്പെട്ട നായകന്‍ ഒന്നു പിടഞ്ഞതുകൊണ്ടുകൂടിയാവാം ഇടതുകൈ സുന്ദരമായൊന്നൊടിഞ്ഞുകൊടുത്തു. അങ്ങിനെ നമ്മുടെ നായകന്റെ ഒഫീഷ്യല്‍ ജീവിതത്തിലെ ഫസ്റ്റ് തിരുമുറിവ് സംഭവിച്ചു.

കൈയിലെ പ്ലാസ്റ്റര്‍ ഒരുമാസത്തിനുശേഷമെടുത്ത് അല്‍പ്പം വിശ്രമമൊക്കെ കഴിഞ്ഞ് നായകന്‍ പതിവുദിനചര്യകളുമായി വിലസവേ ആറേഴുമാസങ്ങള്‍ക്ക് ശേഷം ഒരുവൈകുന്നേരമാണത് സംഭവിച്ചത്. നമ്മുടെ കഥാനായകന്റെ കുഞ്ഞുപെങ്ങള്‍ക്ക് പനികൂടി ബോധം ഏതാണ്ടു നശിച്ച അവസ്ഥയാവുകയും അമ്മയും അമ്മുമ്മയും ഒക്കെ അലമുറയിടാനാരംഭിക്കുകയും ചെയ്തു. ആരോ ഒരു വണ്ടിവിളിച്ചുകൊണ്ടുവരുവാനായി ഓടി. അടുത്തുള്ള ഒരു പറമ്പില്‍ സമപ്രായക്കാരുമായി കളിച്ചുകൊണ്ടിരുന്ന നായകന്‍ വീട്ടിലെ നിലവിളികേട്ട് ഓടുകയും അല്‍പ്പം പൊക്കമുള്ള ഒരു കയ്യാല ചാടിയിറങ്ങുവാന്‍ ശ്രമിക്കവേ തല്ലിയലച്ചു താഴെ വീഴുകയും ചെയ്തു. ആറുമാസം മുന്നേ ഒടിഞ്ഞ അതേ ഇടതുകൈ ഒരിക്കല്‍ക്കൂടി മനോഹരമായൊടിഞ്ഞുകൊടുത്തു. അനുജത്തീനേം നായകനേം ഒരേ വണ്ടിയില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ഒരു വണ്ടിക്കൂലി ലാഭം . നായകന്റെ രണ്ടാം തിരുമുറിവും അങ്ങിനെ ഭംഗിയായി.

ഒന്നൊന്നരമാസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍വച്ചു പ്ലാസ്റ്റര്‍ വെട്ടിയപ്പോളാണ് കൈയുടെ ഷേപ്പില്‍ ഒരു രൂപാന്തിരണം വന്നിരിക്കുന്നത് മനസ്സിലായത്.വീണ്ടും ഡോക്ടര്‍ സാറിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്
പ്ലാസ്റ്ററിടുന്നതിനുമുമ്പ് ഒടിഞ്ഞ കൈ ശരിയാം വണ്ണം പിടിച്ചുവയ്ക്കാതിരുന്നതുകൊണ്ടാണ് കൈയ്ക്ക് വളവുണ്ടായതെന്നും അതു മാറുവാന്‍ വേണ്ടി ഒരിക്കല്‍കൂടി ഒടിച്ചു പ്ലാസ്റ്ററിട്ടാല്‍ മതിയെന്നുമായിരുന്നു. ആ പറച്ചില്‍ കേട്ടതും  നായകന്‍ ജീവനും കൊണ്ട് പറപറന്നു. വളവെങ്കില്‍ വളവ്. എന്തായാലും ഇനിയൊരൊടിവു കൂടി താങ്ങാന്‍ വയ്യേ എന്ന നിലവിളിയോടെയായിരുന്നു ആ പാച്ചില്‍.

വീട്ടിനടുത്തുള്ള ജനാര്‍ദ്ധനന്‍ മാമന്റെ പുരയിടത്തിലെ വലിയ പറങ്കിമാവില്‍ തൂങ്ങിക്കിടക്കുന്ന ഫാഷന്‍ ഫ്രൂട്ട് പഴത്തില്‍ നോക്കി കൊതിയൂറിനിന്ന നായകന്‍ ചുറ്റുപാടുമൊന്ന്‍ സൂക്ഷിച്ചുനോക്കി. ഭാഗ്യം പരിസരത്തെങ്ങുമാരുമില്ല. പതിയെ അള്ളിപ്പിടിച്ച് അവനാ വലിയ മാവില്‍ കയറാനാരംഭിച്ചു.ഒന്നുരണ്ടു പഴങ്ങള്‍ പറിച്ചപ്പോഴാണു മുകളിലത്തെ കൊമ്പില്‍ നാലഞ്ചെണ്ണം പഴുത്ത് തൂങ്ങിക്കിടക്കുന്നതവന്‍ കണ്ടത്. സമയമായാല്‍ പിന്നെന്തോചെയ്യും. അതു പറിക്കാനായി വീണ്ടും മുകളിലേയ്ക്കുകയറിയതുമാത്രമേ അവനോര്‍മ്മയുണ്ടായിരുന്നുള്ളു. കാലുവഴുതി താഴേക്ക് പോന്നപ്പോഴേ അവന്റെ ബോധം പോയിരുന്നു. കുറെനേരം കഴിഞ്ഞ് കണ്ണുതുറക്കുമ്പോള്‍ ആകാശം നോക്കി തറയില്‍ മലര്‍ന്നുകിടക്കുകയായിരുന്നു. നിലവിളിക്കണമെന്നുണ്ട്. പക്ഷേ നാവനങ്ങുന്നില്ല. ഒരു അരമണിക്കൂര്‍ എങ്കിലും ആ കിടപ്പ് കിടന്നിട്ട് എങ്ങിനെയൊക്കെയോ എഴുന്നേറ്റു വേച്ചുവേച്ചു വീട്ടിലെത്തിച്ചേര്‍ന്നു. കറിക്കായി എന്തോ അരിഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മുമ്പിലെത്തിയപ്പ്പോഴേക്കും ബോധം കെട്ടുവീണുപോയിരുന്നു. ഒന്നൊരമാസം ആയുര്‍വേദചികിത്സയും തടവും കിഴിയിടലും ഒക്കെയായി ജോളിയായിരുന്നു. എന്തായാലും നായ്കന്റെ ഇടതുകൈ രാശിയുള്ള ഒന്നുതന്നെയായിരുന്നു. ഇക്കുറി കൈക്കുഴയിലെ എല്ല് പെര്‍മനന്റായി തിരിഞ്ഞുപോയിരുന്നു. അതോടെ ഇടതുകൈയുടെ കാര്യത്തില്‍ ഏകദേശം ഒരു തീരുമാനമായിക്കഴിഞ്ഞു.

എസ് എസ് എല്‍ സിയുടെ ഓണപ്പരീക്ഷയുടെ തുടക്കദിവസം. ട്യൂഷന്‍ സെന്ററില്‍ ക്ലാസ്സ് തുടങ്ങുന്നത് 8 മണിയ്ക്കാണ്.7 53 ആയി. രാജയോഗം ഉച്ചിയില്‍ നില്ക്കുന്ന കഥാനായകന്‍ പെട്ടന്ന്‍ റെഡിയായി. ചങ്ങാതി മേടിച്ചിട്ട് വീട്ടില്‍ വച്ചു മറന്നുപോയ നോട്ട് ബുക്ക് അപ്പോള്‍ ത്തന്നെ കിട്ടണമെന്ന്‍ അവനൊരു ഭൂതോധയമുണ്ടാവുകയും ചങ്ങാതിയെ പറഞ്ഞിളക്കി അവന്റെ മടലു സൈക്കിളില്‍ കയറി അവന്റെ വീട്ടിലേയ്ക്ക് അതിവേഗം യാത്രതുടങ്ങിയതും എല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. നല്ലൊരിറക്കത്തില്‍ വച്ച് സൈക്കില്‍ ഒരു ഗട്ടറില്‍ വീണപ്പോള്‍ അതതിന്റെ തനിക്കൊണം കാണിച്ചു രണ്ടു പാര്‍ട്ടായി വിഭജിച്ചു മാറി സൈക്കിളിന്റെ ഒരു ഭാഗവും ചങ്ങാതിയും സിനിമയിലും മറ്റുമൊക്കെ കാണിക്കുന്നതുപോലെ പറന്നുപോയി ഒരു മതിലിലിടിച്ചു തറയില്‍ ചുരുണ്ടുകൂടിവീണു. മുന്‍ വശത്തെ ബാര്‍കമ്പിയിലിരുന്ന നായകനും ഒരു വീലും കൂടി അഞ്ചെട്ട് കറക്കവും ഉരുളലുമൊക്കെയായി റോഡിന്റെ വശത്തായിട്ടിറക്കിയിട്ടിരുന്ന പാറമേല്‍ സാക്ഷ്ടാഗം നമസ്ക്കരിച്ചെന്നവണ്ണം ചെന്നു വീണു. ഭാഗ്യത്തിനു നായകന്‍ ദിവംഗതനായില്ല. കൃത്യം ഒരു ദിവസം കഴിഞ്ഞ് ബോധം വീഴുമ്പോള്‍ മെഡിക്കല്‍ക്കോളേജില്‍ കിടക്കുകയായിരുന്നിഷ്ടന്‍. അതും അന്യഗ്രഹജീവികളെപ്പോലെ ശരീരത്തിന്റെ മിക്കഭാഗത്തും പഞ്ഞിയൊക്കെയായി. മുഖത്തിന്റെ വലതുവശത്ത് നല്ലൊരു ശതമാനം തൊലിയും ഒപ്പം മാംസവും അപ്രത്യക്ഷമായിരുന്നു. നെഞ്ചില്‍ വളരെ ആഴത്തിലുഌഅ മുറിവില്‍ പതിനാലോളം തുന്നിക്കെട്ടലുകള്‍ ഉണ്ടായിരുന്നു. മറ്റു പലമുറിവുകള്‍ യഥേഷ്ടവും. ആ കിടപ്പ് മൂന്നുമാസം നീണ്ടു. അവന്റെ ഏറ്റവും മികച്ച തിരുമുറിവുകളിലൊന്നായിരുന്നത്.

എസ് എസ് എല്‍ സി റിസല്‍ട്ട് വരുന്നതിന്റെ തലേദിവസം നമ്മുടെ നായകനും രണ്ടുമൂന്നു കൂട്ടുകാരും കൂടിചേര്‍ന്ന്‍ വടകയ്ക്കെടുത്ത സൈക്കിളില്‍ കുറച്ചകലെയുള്ള ദേവീക്ഷേത്രത്തില്‍ തൊഴാനായിപ്പോയി. നായകന്‍ കൂട്ടുകാരനൊപ്പം സൈക്കിളിന്റെ ബാക്ക് സീറ്റില്‍ മുറുക്കെപ്പിടിച്ചിരിക്കുവാണ്. ചില സുന്ദരലലനാമണികള്‍ അടിവച്ചടിവച്ച് പോകുന്നത് കണ്ട് ഹാളിളകിയ നായകന്‍ സൈക്കില്‍ ബലമായി നിര്‍ത്തിപ്പിക്കുകയും കൂട്ടുകാരനെ പിന്‍സീറ്റിലേയ്ക്ക് തട്ടിയിട്ട് ഗമയില്‍ പെണ്മണിമാരുടെ മുന്നിലൂടെ സൈക്കില്‍ ചവിട്ടിപ്പോവുകയും ചെയ്തു. സമയം കൃത്യമായിരുന്നതുകൊണ്ട് നടുറോഡില്‍ തന്നെ വീണു. വീഴ്ചയില്‍ വലതുകൈ ഒന്നു തറയില്‍ കുത്തിയതുകൊണ്ട് മുഖത്തിനു പരിക്ക് പറ്റിയില്ല. പക്ഷേ പിറ്റേന്ന്‍ കാലത്ത് കൈക്കുഴയ്ക്ക് ചുറ്റും നീരുവന്ന്‍ വീര്‍ത്തപ്പോല്‍ വേദനസഹിക്കാനാവാതെ അമ്മയോട് കാര്യം പറയുകയും വിദഗ്ദ ചെക്കപ്പിനെത്തുടര്‍ന്ന്‍ പ്ലാസ്റ്ററിടേണ്ടി വരികയും ചെയ്തു. വീണ്ടും....

പ്രീഡിഗ്രിയൊക്കെക്കഴിഞ്ഞൊരു നാള്‍. ജൂനിയര്‍ പിള്ളാര്‍ ക്രിക്കറ്റ് കളിക്കുന്നതുകണ്ടങ്ങിനെ നില്‍ക്കുകയാണ് നമ്മുടെ ചുള്ളന്‍. ഫീല്‍ഡ് ചെയ്തുകൊണ്ടിരുന്ന ചെക്കമ്മാരിലൊരുവനെ അവന്റെയമ്മ വിളിച്ചപ്പോള്‍ ബാക്കിയുള്ളവരുടെ നിര്‍ബന്ധം മൂലം അവനും ഫീള്‍ഡ് ചെയ്യാനിറങ്ങി. ബാറ്റ്സ്മാനടിച്ചുപറത്തിയ പന്ത് അവന്റെ നേരെവന്നപ്പോള്‍ തവളയെപ്പിടിക്കാനെന്നവണ്ണം അവന്‍ കൈകള്‍ നീട്ടി. പാഞ്ഞുവന്ന പന്ത് ഒരു ദാക്ഷിണ്യവും കാട്ടാതെ അവന്റെ വിരലുകള്‍ക്കിടയില്‍ വന്നുകയറി. ഒരു നിമിഷത്തെ തരിപ്പിനുശേഷം ലോകം തകര്‍ന്നുപോകുന്ന തരത്തിലവനൊന്നലറി. ഒരു വിരല്‍ ആ ജോയിന്റില്‍ നിന്നും വിട്ട് തൂങ്ങിക്കിടക്കുകയാണ്. കൈ കീറി ചോരയും ഒഴുകുന്നുണ്ട്. പതിവുപോലെ വണ്ടിപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോവുകയും അവര്‍ കുറേയേറെപരിശ്രമിച്ച് വിരല്‍ പഴയസ്ഥിതിയിലാക്കുകയും ചെയ്തു. ഒന്നുരണ്ടാഴ്ചയോളം  കൈ കെട്ടിതൂക്കിയിട്ട് നടക്കേണ്ടിവന്നു എന്നതായിരുന്നു ആസംഭവം കൊണ്ടുണ്ടായ ഗുണം

വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടിക്കൂടിവന്നപ്പോള്‍ മറ്റെല്ലാം മറന്നവന്‍ മേസ്തിരിപ്പണിയ്ക്ക് പോകാനാരംഭിച്ചു. അങ്ങിനെയൊരുദിവസം ഒരു പുതിയ വീടിന്റെ തേയ്പ്പുപണി ആരംഭിക്കുകയാണ്. വളരെ വലിയ വീട്. ആദ്യം അതിന്റെ സീലിങ് പണി ചെയ്തുകൊണ്ടിരിക്കുകയാണ്. ബദ്ധശ്രദ്ധനായി തന്റെ പണിയില്‍ മുഴുകിയിരുന്ന നായകന്‍ താന്‍ ചവിട്ടിനില്‍ക്കുന്ന പലകയില്‍ കശ്മലനായ മറ്റൊരുവന്‍ ഒരു ചട്ടി കുമ്മായവുമായി വന്നുകയറിയത് അറിഞ്ഞില്ല.അറിഞ്ഞുവന്നപ്പോഴേയ്ക്കും ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആ വീഴ്ചയില്‍ വാരിയെല്ലൊരെണ്ണം പൊട്ടുകയും ഇടതുകയ്യുടെ പകുതിഭാഗത്തെ തൊലി മുഴുവനായി ഉരിഞ്ഞുപോവുകയും കാല്‍മുട്ടിന്റെ ചിരട്ടയ്ക്ക് ഒരു ചെറിയ സ്ഥലം മാറ്റം കിട്ടുകയും ചെയ്തു. ആശുപത്രി വിട്ടശേഷം ആറുമാസക്കാലം ആയുര്‍വേദചികിത്സയും മറ്റും നടത്തിയാണ് കാല്‍മുട്ട് വേദന മാറ്റിയെടുക്കാനായത്. അല്ലെങ്കിലും അനുഭവിക്കാനുള്ളത് അനുഭവിക്കാതെ പറ്റുമോ.

ഒരു ചെറിയ ജലദോഷമായിട്ടായിരുന്നു അടുത്ത ഐറ്റം വന്നത്. ആ ജലദോഷം കടുത്ത് ഉമിനീര്‍ഗ്രന്ഥിയില്‍ വീക്കമുണ്ടായി അതു പഴുത്ത് ഒരുതുള്ളിവെള്ളം പോലും ഇറക്കാനാകാതെ കൊടിയ വേദന സഹിച്ച് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ വലിയൊരു ഓപ്പറേഷന്‍ നടത്തി. ഒരുമാസം ഒരേ കിടപ്പായിരുന്നു. ആദ്യം ചെയ്ത ഓപ്പറേഷന്‍ അത്ര സൂപ്പര്‍ ആയിരുന്നതുകൊണ്ട് തന്നെ ഒന്നരമാസം കഴിഞ്ഞപ്പോള്‍ അസുഖം പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവരുകയും രണ്ടാമതൊരിക്കല്‍ കൂടി ഓപ്പറേഷനു വിധേയമാകേണ്ടിവരുകയും ചെയ്തു. കഴുത്തില്‍ നല്ലൊരു കല സമ്മാനിച്ചുകൊണ്ട് ആ ഓര്‍മ്മ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ജനിച്ചപ്പോള്‍ തന്നെ പിന്‍ കഴുത്തിലുണ്ടായിരുന്ന രണ്ടുമൂന്ന്‍ ചെറിയ കറുത്ത ഉണ്ണികള്‍ അല്‍പ്പം അശ്രീകരമായിത്തോന്നിയതുമൂലം ഒരു ഡോക്ടറെക്കൊണ്ട് അതങ്ങ് ചെത്തിക്കളയിപ്പിച്ചു. അത് നല്ല കലക്കനൊരു അനുഭവമായിരുന്നു. ആ ഭാഗം മുഴുവന്‍ സെപ്റ്റിക്കായി ഏകദേശം ഒരു മാസത്തില്‍ കൂടുതലാണ് ഷര്‍ട്ടുപോലും ഇടാനാകാതെ വീട്ടിനുള്ളില്‍ തന്നെ നായകനു കഴിഞ്ഞുകൂടേണ്ടിവന്നത്.

പ്രീയപ്പെട്ടവരെ ദീര്‍ഘിപ്പിക്കുന്നില്ല. ഇതിനിടയില്‍ ചിക്കന്‍ പോക്സ് വന്നതും മൂന്നുനാലു പല്ലുകള്‍ പറിക്കേണ്ടിവന്നതും ചെറിയ ചില ജലദോഷവും പനികളും തലവേദനയും ഒക്കെ മാറ്റിവച്ചാല്‍ ഇപ്പോള്‍ കുറച്ചുകാലമായി നമ്മുടെ നായകനെ ശനിയൊഴിഞ്ഞു നില്‍ക്കുകയാണെന്നു പറയാം. ഏഴെട്ടുകൊല്ലം മുന്നേ ഒരു വിവാഹം കഴിച്ചതല്ലാതെ മറ്റു മേജര്‍ അപകടങ്ങളെന്തെങ്കിലുമുണ്ടാകാതെ വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരേക്കറുപറമ്പുവാങ്ങി അതില്‍ ഇരുനിലവീട് വയ്ക്കേണ്ടത്ര കാശ വൈദ്യമ്മാര്‍ക്കും ആശുപത്രിക്കാര്‍ക്കുമായിക്കൊടുത്ത മഹാനാണ് നമ്മുടെ കഥാനായകന്‍. അനുഭവിച്ച് ചീട്ട് കീറിയ നമ്മുടെ നായകന്റെ ആയുരാരോഗ്യസൌഖ്യത്തിനായി നിങ്ങളേവരും പ്രാര്‍ത്ഥിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്.

ശ്രീക്കുട്ടന്‍