Sunday, May 29, 2011

അച്ഛന്റെ സ്വന്തം മകള്‍ ആമി

എന്റെ പ്രീയപ്പെട്ട അച്ഛനു സ്വന്തം മകള്‍ ആമി എഴുതുന്നതു,

സ്വന്തം മകള്‍ എന്നെഴുതിയതിന് അച്ഛനെന്നോട് ക്ഷമിക്കണം.അച്ഛനൊരിക്കലും എന്നെയങ്ങനെ കണ്ടിരുന്നില്ലെന്നു എനിക്കറിയാം.എന്നാലും എനിക്കു എന്റെ സ്വന്തം അച്ഛന്‍ അല്ലാതാകില്ലല്ലോ.ദേക്ഷ്യം പിടിച്ച് അച്ഛന്‍ ഈ കത്തു വായിക്കാതെ കീറിക്കളയരുതേ.അത്രയ്ക്കെങ്കിലുമുള്ള ദയ എന്നോടു കാട്ടണം.അച്ഛനോടു നേരിട്ടു പറയുവാനുള്ള ധൈര്യമില്ലാതിരുന്നതുകൊണ്ടാണ് ഈ സാഹസത്തിനു മുതിരുന്നത്.മുമ്പ് നിരവധി പ്രാവശ്യം ഞാന്‍ ഇതേപോലെ എഴുതുവാന്‍ ശ്രമിച്ചിട്ടുള്ളതാണ്.ഓരോ പ്രാവശ്യവും ഒന്നു രണ്ടുവരികളെഴുതുമ്പോള്‍ എന്റെ മുമ്പിലുള്ള കാഴ്ചകള്‍ മറഞ്ഞുപോകുമായിരുന്നു.എത്ര പേപ്പറുകളില്‍ ഞാന്‍ മഷിപടര്‍ത്തിക്കളഞ്ഞിരിക്കുന്നു. ഇന്നെനിക്കിത് പറയാതെ വയ്യന്നായിരിക്കുന്നു.അച്ഛനെന്നോട് ക്ഷമിക്കണേ..

എനിക്കറിയാം അച്ഛനൊരിക്കലുമെന്നെ ഇഷ്ടപ്പെട്ടിരുന്നില്ല.അച്ഛനെന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.അതിനുമാത്രം എന്തു തെറ്റാണു ഞാന്‍ ചെയ്തതു.കുഞ്ഞിലേ അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്നിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ നിന്നും മഴവെള്ളം പോലെ കണ്ണുനീരൊഴുകുന്നത് എന്തിന്നാണെന്ന്‍ എനിക്കറിയില്ലായിരുന്നു.പലപ്പോഴും അമ്മെയെന്നെ കെട്ടിപ്പിടിച്ചുമ്മകള്‍ വയ്ക്കുമ്പോള്‍ ആ ചുംബനങ്ങള്‍‍ക്ക് ഉപ്പുരസമായിരുന്നു.അന്നൊന്നും അച്ഛനെന്നെയൊന്നെടുക്കുകയോ എന്നെ നോക്കുകയോ പോലും ചെയ്തിട്ടില്ല. ഇതെന്റെ കൊച്ചല്ല ആര്‍ക്ക് പെഴച്ചുണ്ടായതാടീ എന്നെല്ലാം ആക്രോശിച്ചുകൊണ്ട് അച്ഛന്‍ അമ്മയെ തല്ലിയിരുന്നത് മനസ്സിലാക്കുവാന്‍ അപ്പോളെനിക്കാവുമായിരുന്നില്ലല്ലോ. പിന്നീടൊരിക്കല്‍ വീട്ടിലൊരുപാടുപേര്‍ കൂട്ടംകൂടിനില്‍ക്കുന്നതുംമെന്നെപ്പോലെ തന്നെ ആരെല്ലാമോ കരയുന്നതും എന്തിനായിരുന്നുവെന്ന്‍ ഞാന്‍ മനസ്സിലാക്കിയത് എത്രയോ നാളുകള്‍ കഴിഞ്ഞാണ്.ഏതോ വല്യമ്മയുടെ മടിയിലിരുന്നു വിശന്നു വലഞ്ഞു കരയുന്ന എന്നെ ഒന്നെടുക്കുവാന്‍ പോലും വരാതെ തറയില്‍ മൂടിപ്പുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ അമ്മയ്ക്കും എന്നെ വേണ്ടാതായോ എന്നോര്‍ത്തു എന്റെ കുഞ്ഞുമനസ്സ് എന്തു മാത്രം വേദനിച്ചു.ആ കിടപ്പെന്തിനായിരുന്നുവെന്നും എനിക്ക് നഷ്ടപ്പെട്ടതെത്രമാത്രം വലുതായിരുന്നുവെന്നും ഞാന്‍ അറിഞ്ഞത് എത്രയോ നാളുകള്‍ക്കുശേഷമായിരുന്നു.അപ്പോഴൊന്നും അച്ഛനെന്നെ ഒന്നു നോക്കുക കൂടി ചെയ്യുമായിരുന്നില്ല..

ഈശ്വരന്‍ എന്നെ എന്തിനായി സ്രൃഷ്ടിച്ചു എന്നെനിക്കറിയില്ല.എല്ലാം എന്റെ വിധി എന്നു കരുതി ഞാന്‍ ഈ കൂരയില്‍ ഒരു നായ്ക്കുട്ടിയേക്കാളും ദയനീയമായി ജീവിക്കുവാന്‍ ശീലിച്ചുപോയി.പാവമെന്റെ വല്ല്യമ്മയില്ലായിരുന്നുവെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു. അച്ഛന്‍ കുടിച്ചുമറിഞ്ഞുവരുന്ന രാത്രികളില്‍ എന്നെയും മാറോടടക്കിപ്പിടിച്ചുകൊണ്ട് തൊടിയിലെവിടെയെങ്കിലും പമ്മിയിരിക്കുന്ന വല്യമ്മയോട് ഞാനെന്തേലും ചോദിക്കാനാഞ്ഞാല്‍ എന്റെ വായ അവര്‍ പൊത്തിപ്പിടിക്കുമായിരുന്നു.കഴിവതും എന്നെ അച്ഛന്റെ മുമ്പിലൊന്നും കാണിയ്ക്കാതെ വല്യമ്മ മറച്ചുപിടിച്ചു നടന്നിരുന്നതെന്തിനായിരുന്നു.എനിക്കറിയില്ല.ഒരു ദിനം അവരും ഉമ്മറത്ത് മൂടിപ്പുതച്ച് നിശ്ശബ്ദം നീണ്ടുനിവര്‍ന്ന്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ടോ എന്റെ കണ്ണുകള്‍ നിറയുകയുണ്ടായില്ല.എങ്ങിനെയൊക്കെയോ ഞാന്‍ ദിനങ്ങള്‍ കടത്തിവിട്ടു.എന്നിട്ടും അഞ്ചാം ക്ലാസ്സില്‍ വച്ചെന്റെ പഠിത്തം നിര്‍ത്തിയപ്പോള്‍..എന്റെ കൂട്ടുകാരെല്ലാം പുത്തന്‍ കുപ്പായങ്ങളണിഞ്ഞ് ചിരിച്ചുല്ലസിച്ച് സ്കൂളിലേക്കു പോകുമ്പോള്‍ ഞാന്‍ ഇവിടെ കീറിപ്പറിഞ്ഞതുടുത്ത്.....എനിക്കു സഹിക്കുവാന്‍ കഴിയുമായിരുന്നില്ല.

പിന്നെ ഈ പതിമൂന്നുവയസ്സിന്നുള്ളില്‍ എന്തെല്ലാം ......

എന്തുകൊണ്ടായിരുന്നച്ഛാ എന്നെ ഇത്രത്തോളം അച്ഛന്‍ വെറുത്തത്.സത്യത്തില്‍ ഞാന്‍ അച്ഛന്റെ മകളായിരുന്നില്ലെ. അച്ഛനെന്നെയൊന്നു സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുവാനും ഒരുമ്മ തരുവാനും എന്നെ വാത്സല്യത്തോടെ മോളേ എന്ന്‍ ഒരിക്കലെങ്കിലും വിളിക്കുവാനും ഞാന്‍ എന്തുമാത്രം കൊതിച്ചിരുന്നു എന്ന്‍ അച്ഛനറിയാമായിരുന്നുവോ.......നശിച്ച പ്രകൃതിവിധി എന്നില്‍ സ്ത്രീയുടെ പൂര്‍ണ്ണത എഴുതിച്ചേര്‍ത്തപ്പോള്‍ അയല്‍പക്കങ്ങളിലുള്ള ചിലരുടെയെങ്കിലും മുഖങ്ങളിലുണ്ടായ ഭാവമാറ്റമെന്തിനായിരുന്നുവെന്ന്‍ എനിക്ക് അപ്പോള്‍ മനസ്സിലായിരുന്നില്ല.

എന്നിട്ടും ഇത്രയും നാള്‍ ഞാന്‍ എല്ലാം സഹിച്ചു.പക്ഷേ ഇപ്പോള്‍.. മദ്യപിച്ചു യാതൊരു ബോധവുമില്ലാതെ ആരെങ്കിലും വീട്ടില്‍ കൊണ്ടുവന്ന്‍ തള്ളുമ്പോള്‍ അച്ഛനറിയുന്നില്ലേ ഒരു പ്രായമായ മകള്‍ വീട്ടിലുണ്ടെന്ന്‍.അവരുടെ കഴുകന്‍ കണ്ണുകള്‍ ആരെയാണു കൊത്തിവലിക്കുന്നതെന്ന്‍ അച്ഛനറിയുന്നുണ്ടായിരുന്നില്ലെ...എത്ര തന്നെ തള്ളിപ്പറഞ്ഞാലും അച്ഛന്റെ ചോരയില്‍ തന്നെ ജനിച്ച ഒരു മകളുടെ സങ്കടങ്ങളും വേദനയും എന്തേ കാണാതെ പോയി.എന്നെങ്കിലുമൊരുനാള്‍ എല്ലാം ശരിയാവും എന്നു മനസ്സില്‍ പറഞ്ഞ് പറഞ്ഞ് ഞാന്‍ ഒതുങ്ങിക്കഴിയുകയായിരുന്നില്ലേ...

ഇന്നലെ സന്ധ്യക്ക് ആദ്യമായി അച്ഛന്‍ എന്നെ സ്നേഹത്തോടെ നോക്കിയപ്പോള്‍, എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ടു മതിമറന്നുപോയി.അച്ഛന്റെ കരവലയത്തില്‍ ഞാന്‍ ലോകം കീഴടക്കിയതുപോലെ നില്‍ക്കുമ്പോള്‍..വേണ്ടച്ഛാ..അത്തരമൊരു സ്നേഹം..ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആ സ്നേഹം അത്..അത്..അതെനിക്ക് വേണ്ട. ഇപ്പോള്‍ മദ്യം അച്ഛനെ വല്ലാതെ കീഴടക്കിയിരിക്കുന്നു.സ്വന്തം മകളെപോലും തിരിച്ചറിയാന്‍ വയ്യാത്തവനാക്കിയിരിക്കുന്നു.എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍.....

ഒന്നു ഞാന്‍ തീരുമാനിച്ചു.ഈ ലോകത്ത് ആര്‍ക്ക് വേണ്ടെങ്കിലും എന്റെ അമ്മയ്ക്ക് എന്നെ വേണ്ടാതെ വരില്ല. എന്റെ അമ്മ എന്നെ കാത്തിരിക്കുകയാണ്. നിറഞ്ഞ സ്നേഹം വഴിഞ്ഞുകൊണ്ട് അമ്മയെന്നെ മാടിവിളിയ്ക്കുന്നത് ഞാന്‍ കേള്‍ക്കുന്നു.എനിക്കു തരുവാന്‍ കഴിയാതെ പോയ മുഴുവന്‍ സ്നേഹവുമായി മാലാഖമാരുടെ നാട്ടില്‍ കാത്തിരിക്കുന്ന എന്റമ്മയുടെ അടുത്തേയ്ക്ക് ഞാന്‍ പോകുകയാണ്. അച്ഛന്റെ മോള്‍ പോകുകയാണ്.ഈ കത്ത് വായിക്കുമ്പോഴെങ്കിലും ........

എന്നോടു പൊറുക്കണം.......

ഞാനച്ഛന്റെ സ്വന്തം മകള്‍ തന്നെയായിരുന്നു.....

എന്നു അഭിരാമി
(ആമി)


ശ്രീ​ക്കുട്ടന്‍

Thursday, May 19, 2011

വ്യഭിചാരിണി - റീമേക്ക്

അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ട് അവള്‍ പായില്‍ നിന്നും എഴുന്നേറ്റു. അടുത്തുതന്നെ കിടന്ന ബ്ലൌസും പാവാടയും എടുത്തയാള്‍ക്കു പുറം തിരിഞ്ഞുനിന്നത് ധരിച്ചു. തറയില്‍ നിന്നും സാരിയെടുത്ത് ചുറ്റിയിട്ട് അയാളെതന്നെ നോക്കിക്കൊണ്ട് അല്‍പ്പനേരം നിന്നു.

"എന്താടീ നിക്കണത്.കാശൊക്കെ തന്നതല്ലേ".പരുക്കന്‍ ഒച്ചയില്‍ മുക്രയിട്ടുകൊണ്ടയാള്‍ ചോദിച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"ഇന്നാ പിടിച്ചോ .ശല്യം എത്ര കൊടുത്താലും ആക്രാന്തം തീരില്ല.സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതല്ലേ".വെറുപ്പോടെ പറഞ്ഞിട്ടയാള്‍ ഒരു ഇരുപത് രൂപാ നോട്ടെടുത്ത് ചുരുട്ടിയവളുടെ നേര്‍ക്കിട്ടുകൊടുത്തു.

തറയില്‍ കിടന്ന ആ നോട്ടേടുത്ത് നിവര്‍ത്തി ചുളിവ് മാറ്റിയശേഷം ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തലമുടി മാടിയൊതുക്കിയശേഷം അവള്‍ ആ കുടുസ്സു മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ട് വേഗം വീട്ടിലേയ്ക്കു നടന്നു.

എഴുതിയിടത്തോളം ഒരാവര്‍ത്തികൂടി വായിച്ചു നോക്കിയിട്ട് അയാള്‍ അല്‍പ്പനേരം ചിന്തിച്ചിരുന്നു. തന്റെ ഈ കഥ ഏതു രീതിയില്‍ തുടരണമെന്നാലോചിച്ചു അയാള്‍ കട്ടിലിലേയ്ക്കു ചാഞ്ഞുകിടന്നു കണ്ണുകളടച്ചു.

തന്റെ കഥയിലെ നായിക വ്യഭിചാരിണിയായതിനു ഒരു വ്യക്തമായ കാരണം അവതരിപ്പിക്കണം.ഒന്നുകില്‍ അവളെ ആരെങ്കിലും വഞ്ചിച്ച് ഉപേക്ഷിച്ചതുമൂലം ജീവിക്കാനൊരു മാര്‍ഗ്ഗവുമില്ലാതെ ഈ തൊഴിലിലേയ്ക്കിറങ്ങിയതാണെന്നെഴുതിയാലോ.അതോ അമിതമായ കാമാസക്തിമൂലം അവള്‍ തന്നെ സ്വയം തിരഞ്ഞെടുത്തതാണീ വഴിയെന്നാക്കിയാലോ.ഒരു നിശ്ചയമില്ലാതെ അയാള്‍ കുഴങ്ങി. ഒരു സിഗററ്റ് പുകച്ചുതള്ളിയശേഷം അയാള്‍ കിടക്കയില്‍ നിവര്‍ന്നിരുന്നിട്ട് രണ്ടും കല്‍പ്പിച്ച് തന്റെ കഥ തുടരാനാരംഭിച്ചു.കഥയുടെ അവസാനമാകുമ്പോള്‍ എല്ലാം തനിയെ വ്യക്തമാകുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള ഇടറോഡിലൂടെ നടക്കുമ്പോള്‍ വഴിയരുകിലെ ചായക്കടയില്‍ നിന്നും തന്റെ മോള്‍ക്കായി മേടിച്ച എണ്ണപ്പലഹാരം അവള്‍ പൊതിഞ്ഞു ഭദ്രമായി കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു.ഇരുട്ട് വീണ ദുര്‍ഗന്ധപൂരിതമായ ആ വഴിയില്‍ കൂടി നടക്കുമ്പോള്‍ അവള്‍ക്കൊട്ടും പേടി തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇപ്പോ​ള്‍ മറ്റെന്തിനേക്കാളും അധികം ഇരുട്ടിനെ ഇഷ്ടപ്പെടുന്നവളാണല്ലോ അവള്‍. ഇരുട്ടത്ത് തന്നെത്തിരക്കിവരുന്ന ആള്‍ക്കാരെ അവള്‍ വല്ലാതെയിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.അവര്‍ തരുന്ന മുഷിഞ്ഞ നോട്ടുകള്‍ക്ക് മറ്റെന്തിനേക്കാളുമവള്‍ വില കല്‍പ്പിച്ചിരുന്നു. വിശപ്പ് കെടുത്തുന്ന എന്തിനേയും ആരാധിക്കുവാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിരുന്നു.

തന്റെ കയ്യില്‍ ആരോ കയറിപിടിച്ചെന്നു മനസ്സിലാക്കിയ അവള്‍ ഒന്നു നിന്നു. വീടെത്താറാവുന്നു.താന്‍ കൊണ്ടുവരുന്ന പലഹാരവും കാത്ത് ഉറങ്ങാതെ കാത്തിരിയ്ക്കുന്ന ഒരേഴുവയസ്സുകാരിയും പിന്നെയൊരു കിളവിയും അവളുടെ മനോമുകുരത്തില്‍ ഒന്നു മിന്നിമറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ പിടിച്ചു വലിയ്ക്കുന്ന ധാതാവിനെ പെണക്കുന്നതെങ്ങനെ.അവന്‍ തരുന്ന നോട്ടില്‍ എന്തെല്ലാം നടത്താനുള്ളതാ. തല്‍ക്കാലം മകളൊന്നു വിശന്നു കരയട്ടെ.അല്ലേലും ഇപ്പോഴേ വിശപ്പിന്റെ വിളിയറിഞ്ഞുവളരുന്നതാണു നല്ലത്. ചിന്തകള്‍ മാറ്റിവച്ച് അവള്‍ ആ രൂപത്തിനൊപ്പം ഇരുട്ടിലേയ്ക്കു നടന്നു.

രാത്രിയുടെ ഇരുളില്‍ വീണ്ടും തുണികള്‍ അഴിഞ്ഞുവീണു. സീല്‍ക്കാരങ്ങളും അപശബ്ദങ്ങളും മറ്റുമുയര്‍ന്നുകൊണ്ടിരുന്നു.ഒരാളില്‍ നിന്നും പലയാളുകള്‍ രംഗം കയ്യടക്കി.അവളുടെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല.തന്റെ ശരീരത്തില്‍ കരിനാഗത്തെപ്പോലെയിഴയുന്ന കൈകള്‍ തട്ടിമാറ്റാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഒടുവില്‍ എപ്പോഴോ ബോധം വരുമ്പോള്‍ തനിക്ക് എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണിപോലുമില്ലെന്നവള്‍ക്കു മനസ്സിലായി. ആ പരിസരത്തെങ്ങും ഒരു മനുഷ്യജീവിയുള്ള ലക്ഷണമുണ്ടായിരുന്നില്ല.രാത്രി വളരെയേറെ കനത്തിരുന്നു.തന്റെ മാറില്‍ കിടന്ന വിയര്‍ത്തു കുതിര്‍ന്ന നൂറിന്റെ നോട്ടെടുത്തവള്‍ ഭദ്രമായി വച്ചശേഷം ഒരു വിധത്തില്‍ എഴുന്നേറ്റിരുന്നു. ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയണിഞ്ഞ് മകള്‍ക്കായി വാങ്ങിവച്ചിരുന്ന പലഹാരപ്പൊതിയെടുത്തു. അതിനുള്ളില്‍ കടിച്ചുപറിച്ചുതിന്നതിന്റെ ബാക്കിയായ ഒരു ചെറുകഷ്ണം മാത്രമാണുണ്ടായിരുന്നത്. മനസ്സില്‍ ഒരു നൂറായിരം ചീത്തകള്‍ വിളിച്ചശേഷം അവള്‍ വേച്ചുവേച്ചു തന്റെ വീട്ടിലേയ്ക്കു നടന്നു.


അകലെ നിന്നെയവള്‍ കണ്ടു.ദാരിദ്ര്യം പിടിച്ചതുപോലെ തൂങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെട്ടം.ആ ചെറ്റമാടത്തിന്റെ വാതില്‍ ചേര്‍ത്തടച്ചശേഷം മണ്‍കുടത്തിലൊണ്ടായിരുന്ന കുറച്ചു വെള്ളമെടുത്തവള്‍ മടമടാ കുടിച്ചു.അരണ്ടചിമ്മിനിവെട്ടത്തില്‍ മുഷിഞ്ഞ തുണിയും പുതച്ചുകിടന്നുറങ്ങുന്ന തന്റെ മകളെയും വയസ്സിതള്ളയേയും നോക്കിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു നീര്‍മണിയുരുണ്ടുകൂടി.പാവം വിശന്നു തളര്‍ന്നുറങ്ങുകയാണ്.ഉറങ്ങട്ടെ അവളെങ്കിലും.പായുടെ കോണിലായി മകളേയും ചേര്‍ത്തുപിടിച്ചുകിടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഈശ്വരാ തന്റെ മകളെങ്കിലും ഈ അഴുക്കുചാലില്‍ വീഴ്ത്താതെ വളര്‍ത്താന്‍ കഴിയണേ...

രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ ഇടിച്ചുനുറുക്കിയതുപോലെയുള്ള വേദന. ചെറിയ ഒരു പനിയുണ്ടെന്നു തോന്നുന്നു.കിളവിത്തള്ളയുണ്ടാക്കിയ കാപ്പിവെള്ളം കുടിച്ചിട്ട് ഉച്ചവരെ മൂടിപ്പുതച്ചുകിടന്നു. ഇതിനിടയില്‍ തള്ളപോയി കൊറച്ച് അരിയും മറ്റും മേടിച്ചുകൊണ്ട് വന്ന്‍ കഞ്ഞിവയ്ക്കുവാന്‍ തുടങ്ങിയിരുന്നു.ചെറ്റവാതിലില്‍ ആരോ തട്ടുന്നത്കേട്ടു മയക്കത്തില്‍ നിന്നുമുണര്‍ന്നവള്‍ ‍വാതില്‍ തുറന്നു.മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വാസുവിനെ അവള്‍ വെറുപ്പോടെ നോക്കി.

"പെട്ടന്നൊന്ന്‍ റെഡിയാവ്.നല്ലൊരു കോളൊത്തുവന്നിട്ടൊണ്ട്.ദേ വണ്ടിയൊണ്ട്.ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരാം.നല്ല കാശുകിട്ടുമെടീ".ചിരിച്ചുകൊണ്ട് തന്നെ വാസു അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"എനിക്കിന്നു മേലാ വാസുവേട്ടാ. ഒരു പനീട കോള്"

"എടീ പെണ്ണേ സ്മയം കളയാതെ വരാന്‍ നോക്കടീ.പത്തു കാശുകിട്ടാനൊള്ള വഴിവന്നപ്പം അവക്കടെയൊരു പനി"

ഒരുനിമിഷമൊന്നാലോചിച്ചുനിന്നെങ്കിലും പച്ചനോട്ടുകളുടെ രൂപം മനസ്സില്‍ നിറഞ്ഞപ്പോള്‍ ശരീരത്തിന്റെ വേദനയെല്ലാം മറന്നവള്‍ വേഷം മാറുവാനായി അകത്തേയ്ക്കു പോയി.പെട്ടന്നു തന്നെ സാരി മാറ്റി ഒരല്‍പ്പം പൌഡറൊക്കെയിട്ട് തലമുടിയൊന്നു കോതിക്കെട്ടിയിട്ട് അവള്‍ പുറത്തേയ്ക്കിറങ്ങി.

"അല്ല നിന്റെ മോളങ്ങു വലിയ പെണ്ണാവാറായല്ലോടീ.ഒരു മൂന്നാലു കൊല്ലം കൂടിക്കഴിഞ്ഞാപ്പിന്നെ നിനക്കു റെസ്റ്റെടുക്കാം.കാശു കൊറേയൊണ്ടാക്കും നീ.നമ്മളെ മറന്നുകളയല്ലപ്പോള്‍." ഇറയത്തേയ്ക്കു വന്ന അവളുടെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു വിടലച്ചിരിയോടെ വാസു പറഞ്ഞു. അവന്റെ കൈകള്‍ ആ കുഞ്ഞുശരീരത്തില്‍ തഴുകിക്കൊണ്ടിരുന്നു.

"ത്ഫ..ഇനി ഒരിക്കള്‍ക്കൂടി ഇതേപോലുള്ള ചെറ്റവര്‍ത്തമാനം പറഞ്ഞാലുണ്ടല്ലോ" വിറച്ചുതുള്ളി ഒരു ഭദ്രകാളിയെപ്പോലെ നില്‍ക്കുന്ന അവളെ വാസു ഒരല്‍പ്പം പേടിയോടെ നോക്കി.

"ഛേയ് നീ പെണങ്ങാതെടീ ഞാനൊരു തമാശപറഞ്ഞതല്ലേ. പെട്ടന്നു വാ.വണ്ടി വെയിറ്റ് ചെയ്യുന്നു." വാസു പെട്ടന്നു തന്നെ പുറത്തേയ്ക്കിറങ്ങി.അയാളോടൊപ്പം നടന്ന്‍ തന്റെയമ്മ പോകുന്നത് നോക്കി ഇറയത്തുതന്നെ മകള്‍ നില്‍പ്പുണ്ടായിരുന്നു.

വാസു നീട്ടിയ ചോക്ലേറ്റ് പൊതി വാങ്ങുമ്പോള്‍ ആ കുഞ്ഞുമുഖം ആഹ്ലാദം കൊണ്ടു നിറഞ്ഞു.എത്ര നാളായി അമ്മയോടു പറയുന്നതാണു.വാസു ചുറ്റുപാടുമൊന്നു നോക്കി. ആരുമില്ല. കിളവിത്തള്ള പുറകുവശത്ത് എന്തോ വേവിക്കുന്ന തിരക്കിലാണു. സന്ധ്യ മയങ്ങുന്നതേയുള്ളൂ.അവളുടെ അമ്മ വരാനെന്തായാലും ഒരുപാടിരുട്ടും. വാസു അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. അവന്റെ കൈകള്‍ തന്റെ കുഞ്ഞുശരീരത്തില്‍ ഇഴഞ്ഞുതുടങ്ങിയത് ചോക്ലേറ്റ് തിന്നുന്ന തിരക്കില്‍ അവള്‍ അറിഞ്ഞില്ല. മണ്ണെണ്ണ വിളക്ക് അപ്പോഴും തൂങ്ങി തൂങ്ങി കത്തിക്കൊണ്ടിരുന്നു.

എപ്പോഴോ വേദനിച്ചുകരയാന്‍ തുടങ്ങിയ അവളുടെ വായ് വാസുവിന്റെ കരങ്ങളാല്‍ ബന്ധിക്കപ്പെട്ടു.ഒടുവില്‍ പാപത്തിന്റെ ശമ്പളമെന്നോണം തന്റെ കുഞ്ഞുകയ്യില്‍ പിടിപ്പിച്ച ഒരമ്പതുരൂപനോട്ട് നിവര്‍ത്തിനോക്കിയിട്ട് ഒന്നും മനസ്സിലാകാതെ കുറച്ചുനേരമിരുന്ന അവള്‍ അതമ്മയ്ക്കു നല്‍കുവാനായി മാറ്റിവച്ചശേഷം ഒരു പുതിയ ചോക്ലേറ്റെടുത്തു തിന്നുവാനാരംഭിച്ചു. മുറിയിലാരുമുണ്ടായിരുന്നില്ലപ്പോള്‍.ഒരു പുതിയ വ്യഭിചാരിണികൂടി ജനിച്ചകഥയറിയാതെ അവളുടെ അമ്മ തന്റെ മുഖത്തിനുനേരെ വരുന്ന ഒരു ജോഡി ചുണ്ടുകളെ നേരിടാനെന്നവണ്ണം തന്റെ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നപ്പോള്‍...

കയ്യിലിരുന്ന പേപ്പറും പേനയും കട്ടിലില്‍ വച്ചിട്ട് അയാള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.എഴുതി പൂര്‍ത്തിയാക്കിയ കഥ അയാള്‍ ഒരാവര്‍ത്തികൂടി വായിച്ചു നോക്കി.കൊള്ളം നന്നായിരിക്കുന്നു. ഒരു ബീഡി കൊളുത്തിക്കൊണ്ടയാള്‍ കട്ടിലില്‍ ചാരിയിരുന്നു.ഇനി പറ്റിയൊരു പേരുകൂടിയിടണം

"നാശം പിടിയ്ക്കാന്‍.ചുമ്മാ വെളക്കു കത്തിച്ചുവച്ചിരുന്നുകൊള്ളും.മണ്ണെണ്ണ ഫ്രീയായിട്ടുകിട്ടുന്നതല്ലേ.എന്തിനിങ്ങനെ കെടത്തീക്കണ്. ബാക്കിയൊള്ളോര്‍ക്കുപദ്രവത്തിനായി". പരുഷമായ ശാപവാക്കുകള്‍ കേട്ട് അയാള്‍ തലയുയര്‍ത്തിനോക്കി. ഭാര്യയാണു.കണ്ണാടിയുടെ മുമ്പില്‍ നിന്നും ഒരുങ്ങുകയാണവള്‍. സമയം ഒമ്പതുമണി കഴിഞ്ഞിരിക്കുന്നല്ലോ.കുട്ടപ്പന്‍ വണ്ടീം കൊണ്ടു വന്നുകാണും.

"ഞാനൊരു കഥയെഴുതുവാരുന്നെടീ.എനിക്കും സമയം പോണ്ടേ "

"ഓ..പിന്നേ..കഥ എഴുതാത്ത കൊറവും കൂടിയേയൊള്ളു.അതുമതിയല്ലോ വയറുവീക്കാന്‍.കണ്ടവന്റെ കയ്യും കാലുമൊടിക്കാന്‍ നടന്ന്‍ നടന്ന്‍ ഒടുവീ കട്ടിലീന്നെണീക്കാന്‍ പറ്റാത്തവിധത്തിലായില്ലേ. എന്നാ ചത്തുതൊലയോ അതുമില്ല.ഇനിയെത്ര നാളുകൂടി എന്റെ ഭഗവാനേ.അല്ലേലും ചെയ്തിട്ടൊള്ളതിനൊക്കെ അനുഭവിക്കാണ്ട് എവിടെപ്പൂവ്വാന്‍" അവള്‍ നിര്‍ത്തണ ഭാവമില്ല.

കണ്ണാടിയില്‍ നോക്കി മുഖത്ത് പൌഡര്‍ തേച്ചുപിടിപ്പിക്കുന്ന ഭാര്യയെ അയാള്‍ ചരിഞ്ഞു നോക്കി.അണിഞ്ഞൊരുങ്ങി പുറത്തേയ്ക്കിറങ്ങാന്‍ തൊടങ്ങുന്ന അവളോടായി അയാള്‍ പറഞ്ഞു.

"അമ്മിണീ രാവിലെ വരുമ്പം ഒരരക്കുപ്പി സാധനം കൊണ്ടുവരാന്‍ മറക്കരുത്.എത്ര നാളായെടീ. പിന്നെ കൊറച്ചുപേപ്പര്‍ കൂടി മേടിച്ചോ.ബീഡിയുടെ കാര്യവും മറക്കണ്ട. അതും തീരാറായി"

ചവിട്ടിത്തുള്ളി പുറത്തേയ്ക്കിറങ്ങിപ്പോകുന്ന ഭാര്യയോടു പറഞ്ഞശേഷം അയാള്‍ തന്റെ കഥയെടുത്ത് ഭദ്രമായി മേശക്കുള്ളില്‍ വച്ചു.അയാളുടെ പ്രസിദ്ധീകരിക്കാത്ത കഥാശ്രേണിയിലേയ്ക്കു മറ്റൊന്നുകൂടി.....

ശ്രീക്കുട്ടന്‍

Sunday, May 15, 2011

ലതികയുടെ ഭര്‍ത്താവ്

"എന്തുവാടീ.ഇന്നും ഈ ചവറുകറി മാത്രമേയൊള്ളോ.നല്ല മീനൊന്നും കിട്ടീല്ലാര്‍ന്നോ"

മോരുകറി ചോറിലേക്കൊഴിച്ചുകൊണ്ട് ശിവന്‍ ലതികയോട് ചോദിച്ചു. അതിരൂക്ഷമായൊരു നോട്ടമായിരുന്നു അതിനു മറുപടി.ശിവനത് കണ്ടില്ലെന്നു നടിച്ച് ഇടതുകൈകൊണ്ട് ഷര്‍ട്ടിന്റെ കോളര്‍ ഒന്നുപിടിച്ചു വലിച്ചിട്ട് ചോറുരുളയാക്കി വായിലേയ്ക്ക് നിക്ഷേപിച്ചു.അതൊന്നിറക്കിയിട്ട് കയ്യെത്തി വെള്ളമെടുത്തൊരു കവിള്‍ കുടിച്ചു.ലതികയാവട്ടെ ഭര്‍ത്താവിന്റെ തീറ്റയും നോക്കി വിഷണ്ണയായിരുന്നു.

"നല്ല ഇച്ചിരി മീന്‍ തിന്നിട്ട് കാലം കൊറേയായി.എന്നും ഈ കച്ചറ കഴിച്ചു കഴിച്ചു വായ്ക്ക് രുചിയെന്താന്നുപോലും അറിയാമ്പറ്റാണ്ടായിരിക്കുന്നു.നാളെയാട്ടെ.ഒരു തടിയന്‍ നെമ്മീന്‍ മേടിച്ചിട്ടു തന്നെ മേക്കാര്യം.എന്താ നീ കഴിക്കുന്നില്ലേ " ശിവന്‍ തീറ്റ നിര്‍ത്തി ഭാര്യയെ ഒന്നു നോക്കി.അവളുടെ മുഖം ദേക്ഷ്യം കൊണ്ടു തുടുത്തു.

"ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം.എന്റെ നാവിമ്മേ നല്ലതൊന്നും വരത്തില്ല കേട്ടല്ല്.നെമ്മീന്‍ മേടിക്കണം പോലും നെമ്മീന്‍. ആരു മേടിക്കും.. നിങ്ങളാ.ഈ വീടെങ്ങിനെ കഴിയുന്നെന്ന്‍ നിങ്ങക്കറിയണോ.അതിനെവിട്ന്ന്‍ നേരം.പത്തുമണിവരെ പോത്ത് കണക്കേ കെടന്നുറങ്ങീട്ട് പിന്നെ എണീറ്റ് പൂവ്വേല്ലേ.നിങ്ങടയീ നശിച്ച ചീട്ടുകളീം കുടീം എന്നു നിര്‍ത്തോ അന്നേ നിങ്ങള് കൊണം പിടിക്കൂ"

"എടീയെടീ നിര്‍ത്തെടീ..നീ വേലയ്ക്ക് പോയിട്ട് കൊണ്ടുവന്നെന്നെ അങ്ങ് നോക്കുവല്ലേ.ഞാന്‍ എന്താ നിന്റേന്നെന്തേലും പിടിച്ചുപറിക്കുന്നോ.ഞാന്‍ ചീട്ട് കളിക്കേം കുടിക്കേം ചെയ്യുന്നതെന്റെയിഷ്ടം. എന്റെ ശരീരമനങ്ങി ജോലി ചെയ്തൂടന്ന്‍ ഡോകടറുപറഞ്ഞതു നെനക്കറിഞ്ഞൂടേ"

"ഓ..പിന്നേ ശരീരമനങ്ങിക്കൂടാ.പണ്ടെങ്ങാണ്ട് ഒരു സൈക്കിള്‍ മേത്തുതട്ടീ കൊറച്ചു ചോര പോയെന്നും പറഞ്ഞ് എത്രകാലം ഇങ്ങനെ നിങ്ങളു നടക്കും.രണ്ടു പിള്ളേരും ഞാനും എങ്ങിനെ കഴിയുന്നതെന്ന്‍ നിങ്ങളൊരിക്കലെങ്കിലും ചിന്തിച്ചിട്ടൊണ്ടോ.പെണ്ണ്‍ വളര്‍ന്നുവരുവാ.നാളെയാരുടേങ്കിലും കൂടെ എറക്കിവിടണ്ടേ"

"എനിക്കു ചിന്തയില്ലെന്നാരു പറഞ്ഞു.നമ്മുടെ മോളെ കെട്ടിച്ചുവിടാനൊള്ള വകയൊക്കെ താനെയുണ്ടായിക്കൊള്ളും.ഞാന്‍ ഒരു ചിട്ടീ ചേര്‍ന്നിട്ടൊണ്ട്. ഈ മാസം അതു കിട്ടും. ആ പൈസ കൊണ്ട് നമുക്കൊരു വലിയ മാസ ചിട്ടീ ചേരാം.ഒരു ഒരു ലക്ഷത്തിന്റെ.പിന്നെ അതിന്റെയടവൊക്കെ അങ്ങ് തട്ടീം മുട്ടീം പൊയ്ക്കോളും.ഞാനും കൂടി ഇനി എന്തേലും ജോലിയ്ക്കൊക്കെ പോകാം.ഇതെപ്പോഴും പറേണപോലല്ല. ഒരാറുമാസം കഴീമ്പം ആ ചിട്ടിപിടിച്ച് ബാങ്കില് ഒരു പത്തുകൊല്ലത്തേയ്ക്ക് ഡെപ്പോസിറ്റിട്ടാ മോള്‍ട സമയമാവുമ്പം എടുത്തൂടെ"

"നിങ്ങളീപ്പറയുന്നത് സത്യം കാര്യം തന്നേണാ"

"നീയാണെ സത്യം.നീ ഒരിച്ചിരി കറികൂടെ ഇങ്ങോട്ടൊഴിച്ചേ" ഷര്‍ട്ടൊന്നുകൂടി വലിച്ചുപുറകോട്ടിട്ടുകൊണ്ട് ശിവന്‍ ഞെളിഞ്ഞിരുന്നു.ലതിക കുറച്ചുകൂടി ശിവന്റെയടുത്തേയ്ക്കു നീങ്ങിയിരുന്നിട്ട് കുറച്ചുചോറും കറീം അയാളുടെ പാത്രത്തിലേക്ക് പകര്‍ന്നു.അയാള്‍ ഒരുരുള ചോറുരുട്ടി ഭാര്യക്ക് നേരെ പ്രേമഭാവത്തോടെ നീട്ടി.ലജ്ജാവതിയെപ്പോലെ അവള്‍ ഒന്നു മുഖം തിരിച്ചെങ്കിലും പിന്നീട് അതു വാങ്ങിക്കഴിച്ചു.

"നിങ്ങള് പണിയ്ക്കു പോകുമെന്ന്‍ ഒള്ളതായിട്ടുതന്നെ പറഞ്ഞതാണോ"

രാത്രി പായില്‍ ശിവനോട് ചേര്‍ന്നുകിടന്നുകൊണ്ട് ലതിക ചോദിച്ചു.

"അതേന്നേ.ഞാന്‍ മാറാന്‍ തീരുമാനിച്ചു. നമ്മുടെ വിശ്വനാഥന്‍ മേസ്തിരിയുടെ കൂടെ നാളെമുതല്‍ പണിയ്ക്കു പോണം.പിന്നെ നീ രാവിലെ എന്നെ വിളിച്ചുണര്‍ത്തണം കേട്ടോ"

വലിച്ചുകൊണ്ടിരുന്ന ബീഡി കുത്തിക്കെടുത്തിയിട്ട് ശിവന്‍ ചിമ്മിനി ഊതിയണച്ചു.തന്നെ പൊതിയുന്ന കൈകളെ ലതിക അരുമയായി അമര്‍ത്തിപ്പിടിച്ചു.

.....................................................................................

പതിവില്ലാതെ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് ചായയും മറ്റുമൊക്കെ കുടിച്ച് പണിഡ്രെസ്സുമായി പടിയിറങ്ങിപ്പോകുന്ന ശിവനെ ലതിക അല്‍പ്പനേരം നോക്കി നിന്നു.എല്ലാം നന്നായിവരുവാന്‍ പോകുവാണെന്നവളുടെ മനസ്സു മന്ത്രിച്ചു. കണ്ണൊന്നടച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടവള്‍ ഡ്രെസ്സ് മാറി കശുവണ്ടിഫാക്ടറിയിലേയ്ക്കു നടന്നു.ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴും അവളുടെ മനസ്സ് അസ്സ്വസ്ഥമായിരുന്നു.ജോലി കഴിഞ്ഞതും അവള്‍ വേഗം മാര്‍ക്കറ്റിലേയ്ക്കു നടന്നു.നല്ല മീനൊന്നും കിട്ടിയില്ല.
കുറച്ചു മത്തിയും വാങ്ങി വീട്ടിചെന്നിട്ടവള്‍ വേഗം തന്നെ അത് നല്ല കൊടമ്പുളിയൊക്കെയിട്ടും കറിവയ്ക്കാനാരംഭിച്ചു.സന്ധ്യമയങ്ങിയിട്ടും ശിവനെക്കാണാതായപ്പോള്‍ അവളുടെ മനസ്സിലൊരാധി വളര്‍ന്നു.ഇരുട്ടില്‍ ഒരു ബീഡിക്കനലെരിഞ്ഞതുകണ്ടപ്പോള്‍ അവള്‍ ശ്രദ്ധിച്ചു. ശിവന്‍ തന്നെ.

തിണ്ണയിലേയ്ക്കു കയറിയ ശിവന്‍ കയ്യിലുണ്ടായിരുന്ന മുഷിഞ്ഞ തുണി കൈവരിയില്‍ വച്ചിട്ട് ഒരു പ്ലാസ്റ്റിക് കവര്‍ ലതികയുടെ നേരെ നീട്ടി.അതിനുള്ളില്‍ ഇടത്തരമൊരു നെന്മീനായിരുന്നു. പോക്കറ്റില്‍ നിന്നും നൂറ്റമ്പത് രൂപയെടുത്ത് അവളുടെ നേരെനീട്ടിയിട്ട് ശിവനിങ്ങനെ പറഞ്ഞു.

"ഇന്നു കിട്ടിയ കൂലീന്ന്‍ ഒരു മീനങ്ങ് മേടിച്ചു.ബാക്കിയിന്നാ.സൂക്ഷിച്ചുവച്ചോ.ഞാനൊന്നു കുളിക്കട്ടെ.എന്തൊരു ക്ഷീണം"

അത്ഭുതം കൊണ്ടു വിടര്‍ന്ന കണ്ണുകളോടെ അല്‍പ്പനേരം നിന്നിട്ട് ലതിക പെട്ടന്ന്‍ അടുക്കളയിലേയ്ക്ക് നടന്നു.ശിവന്‍ കുളി കഴിഞ്ഞുവന്നപ്പോള്‍ അവള്‍ മീനെല്ലാം വെട്ടിക്കഴുകി അടുപ്പിലാക്കിയിരുന്നു.ശിവന്‍ തന്റെ മക്കള്‍ പഠിക്കുന്നതും നോക്കിയിരുന്നുകൊണ്ട് ബീഡിവലിച്ചുപുകയൂതിവിട്ടുകൊണ്ടിരുന്നു.എത്രയെങ്കിലും നാളുകള്‍ക്കുശേഷം ആ വീട്ടില്‍ അന്നു സന്തോഷം നിറഞ്ഞുനിന്നു.

"എടീ ലതിയേ.ശിവന്‍ ജോലിക്കൊക്കെ പൂവാന്തോടങ്ങീന്ന്‍ കേട്ടതൊള്ളതാന്നോടീ"

രണ്ടുദെവസം കഴിഞ്ഞ് അയലുപക്കത്തെ മീനാക്ഷിയമ്മ വിളിച്ചുചോദിച്ചപ്പോ ലതിക അവരുടെ അടുത്തേയ്ക്ക് ചെന്നു.

"അതേ ചേച്ചീ.രണ്ടുദെവസോണ്ട് ജോലിക്ക് പോവുന്നൊണ്ട്.കിട്ടണകാശ് തരേം ചെയ്യുന്നുണ്ട്.ഇങ്ങനെയങ്ങ് പോയാ മത്യാര്‍ന്നു"

"ആള്‍ക്കാര്‍ക്ക് മാറ്റം വരാനെക്കൊണ്ട് വല്യ സമയ്യൊന്നും വേണ്ടടീ.എല്ലാം ഒടേതമ്പുരാന്റെ കളികളല്ല്യോ"കണ്ണുകളടച്ച് മേലോട്ട് നോക്കിക്കൊണ്ട് മീനാക്ഷിയമ്മ പറഞ്ഞു.

.....................................................................................

വൈകിട്ട് ജോലികഴിഞ്ഞുവന്ന ലതിക വാഴക്കൂമ്പ്കൊണ്ടൊരു തോരന്‍ വയ്ക്കാനാരംഭിച്ചു.ശിവന് നല്ലയിഷ്ടമാണാ തോരന്‍. ഇന്നു ചിട്ടിപൈസ കിട്ടുമെന്ന്‍ പറഞ്ഞിട്ടുണ്ട്.നാളെതന്നെ അതുകൊണ്ടുപോയി സംഘത്തിലിടണം. രാത്രി ഒരുപാടിരുട്ടിയിട്ടും ശിവന്‍ വരാതായപ്പോള്‍ ലതികയ്ക്ക് ആധികയറി.വഴിക്കണ്ണുമായി കാത്തുകാത്തിരുന്നവള്‍ ചുമരും ചാരിയിരുന്നുറങ്ങിപ്പോയി.

പണികഴിഞ്ഞു വരുന്ന വരവില്‍ ചിട്ടിപ്പൈസയും വാങ്ങി വീട്ടിലേയ്ക്കു വരവേ ശിവന്‍ ബാബുവിനെ കണ്ടുമുട്ടി.അവന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ഒരു ഗ്ലാസ്സ് നാടന്‍ അടിച്ചതുമാത്രം ശിവനോര്‍മ്മയുണ്ടായിരുന്നു.വാശിയേറിയ പന്നിമലത്ത് നടക്കുമ്പോള്‍ ലഹരിയുടെ പിടുത്തത്തില്‍ ശിവനും മത്സരിച്ച് കാശ് വച്ചുകൊണ്ടിരുന്നു.ഒടുവില്‍ ലഹരിയുടെ കെട്ടിറങ്ങിത്തുടങ്ങുമ്പോള്‍ അവന്റെ പോക്കറ്റില്‍ കുറച്ചു ചില്ലറനാണയങ്ങളും രണ്ടു ബീഡിക്കുറ്റികളും പിന്നെ നാലഞ്ചു ചീട്ടുകളും മാത്രമുണ്ടായിരുന്നു. വീട്ടിലേയ്ക്കുള്ള പടവുകള്‍ കയറുമ്പോള്‍ അവന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലായിരുന്നു.കയ്യിലിരുന്ന മുഷിഞ്ഞ തുണി ഇറയത്ത് വലിച്ചെറിഞ്ഞിട്ട് അവന്‍ ലതികയെവിളിച്ചിങ്ങിനെ പറഞ്ഞു.

"എട്യേ..ഭയങ്കരഷീണം നീ ഒരു പായിങ്ങെടുത്തിട്ടേ."

ഒറക്കപ്രാന്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ലതിക പെട്ടന്ന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.ഇറയത്ത് നീണ്ടുനിവര്‍ന്ന്‍ കിടക്കുന്ന ഭര്‍ത്താവിനെ അവളൊരു നിമിഷം നോക്കി.അയാളുടെ പോക്കറ്റില്‍ നിന്നും പുറത്തേയ്ക്കു തള്ളി നില്‍ക്കുന്ന ചീട്ടുകളിലൊരെണ്ണം ഒരു ജോക്കറായിരുന്നു.അത് തന്നെനോക്കിയാണു ചിരിക്കുന്നതെന്നവള്‍ക്കു തോന്നി.

ശ്രീക്കുട്ടന്‍

Sunday, May 1, 2011

വാങ്ങിച്ചുകെട്ടലിന്റെ വിനോദയാത്ര - ഭാഗം 2

എന്റെ ഐ ടി ഐ കാലഘട്ടത്തിലെ ഒരു അവിസ്മരണീയമായ വിനോദയാത്രയുടെ വിവരണത്തിന്റെ തുടര്‍ച്ചയാണിത്.സംഭവം ഒരല്‍പ്പം നീളക്കൂടുതലായതുകൊണ്ട് രണ്ടു ഭാഗമാക്കിയതാണ്.ആദ്യഭാഗം വായിക്കാന്‍ ഭാഗ്യം സിദ്ധിക്കാതിരുന്നവര്‍ക്ക് ദേ ഈ സാധനം ഒന്നു പരിശോധിച്ചാല്‍ മതി.സര്‍വ്വവിധ ഐശ്വര്യങ്ങളുമുണ്ടാകുന്നതായിരിക്കും.പേടിക്കണ്ട ചാത്തമ്മാര്‍ എനിക്കുറപ്പ് തന്നിട്ടുണ്ട്.അപ്പോള്‍ പറഞ്ഞതുപോലെ ഞാന്‍ തുടരുകയാണ്.മേടിച്ചുകെട്ടലിന്റെ ഒരു വിനോദയാത്ര......

ആരൊ എന്നെ തട്ടിയുണര്‍ത്തിയപ്പോഴാണ് ഞാന്‍ തലയുയര്‍ത്തിയത്.ബസ്സ് നിര്‍ത്തിയിരിക്കുകയാണ്.വൃന്ദാവന്‍ എത്തി എന്നു ചുരുക്കം.തലയ്ക്കാകെ ഒരു കനം പോലെ.തലവേദനിച്ചു പുളയുന്നു.സമയം നാലാവാറായിരിക്കുന്നു.ഒരു കടയില്‍ നിന്നും നല്ല തണുത്ത ഒരു സര്‍ബത്ത് കുടിച്ചപ്പോള്‍ നല്ല ഒരാശ്വാസം.കല്ലുവിന്റെ കയ്യില്‍ നിന്നും ഒരു സിഗററ്റ് മേടിച്ചു പുകച്ചുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം ഗേറ്റിങ്കലേയ്ക്ക് നടന്നു.ജമാല്‍ സാറും ലികേഷും കൂടി പാസ്സെടുക്കുവാന്‍ പോയിരിക്കുവാണു.ഗേറ്റിനടുത്ത് കാത്തുനില്‍ക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ സുന്ദരിമാര്‍ അന്നനട നടക്കുന്നതും നോക്കി സിഗററ്റും പുകച്ച് ഞങ്ങളങ്ങിനെ നിന്നു.പാസ്സ് വാങ്ങി വന്നു അകത്തേയ്ക്കു കയറാന്‍ നേരം എല്ലാപേരോടുമായി സാറിങ്ങിനെ പറഞ്ഞു.

"ഏവിടെപോയാലും 8 മണിയാവുമ്പം ബസ്സിനടുത്തുവരണം.അതുപോലെ എവിടുന്നു വാങ്ങിച്ചുകൂട്ടിയാലും എന്നെ വിളിക്കുവാനോ എന്റെ പേരു പറയുവാനോ പാടില്ല"

തലകുലുക്കി സമ്മതിച്ചുകൊണ്ട് ഞങ്ങള്‍ അകത്തേയ്ക്കു കടന്നു. പലരും പല ബാച്ചായിട്ട് പിരിഞ്ഞ് പല ഭാഗം ലക്ഷ്യമാക്കി നടന്നു.ബിജുകുമാര്‍ മുണ്ടെടുത്തുടുത്തതുമൂലം അവന് എന്റെ ചപ്പല്‍ കൊടുക്കുകയും അവന്റെ ഷൂസ് ഞാന്‍ ഇടുകയും ചെയ്തു.അല്‍പ്പദൂരം നടന്നപ്പോള്‍ തന്നെ കാലൊക്കെ നല്ല വേദന.ഷൂ ഒരല്‍പ്പം ചെറുതാണ്.എന്തു പണ്ടാരമെങ്കിലുമാകട്ടെ.പൂന്തോട്ടത്തില്‍ പാറിപ്പറക്കുന്ന സുന്ദരീമണികളെ നോക്കി കൊതിയൂറിക്കൊണ്ട് അല്‍പ്പം നടന്നപ്പോള്‍ ഒരു തടാകം.ഞാന്‍ എന്തായാലും ഷൂ ഊരിയെടുത്തിട്ട് കാലും മുഖവുമൊക്കെ നന്നായൊന്നു കഴുകി.കൂടെ രണ്ടുമൂന്നുപേരും.ഈ സമയം ഒരു സെക്യൂരിറ്റിക്കാരന്‍ വന്ന്‍ ഞങ്ങളെ വിലക്കി.അവിടെ കാലുകഴുകുവാന്‍ പാടില്ല എന്നയാള്‍ പറഞ്ഞു.ഞങ്ങള്‍ തിരിച്ചുകയറി.ഈ സമയം സുനില്‍കുമാര്‍ (കിളിമാനൂരുകാരനാണ്)വലിയ ഗമയില്‍ വന്നു വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകാവാനാരംഭിച്ചു.ഏതോ കണ്ണുപൊട്ടുന്ന തെറിയും വിളിച്ചുകൊണ്ട് സെക്യൂരിറ്റിക്കാരന്‍ സുനിലിനെ വലിച്ചു കരയിലിട്ടു.ആ പരിസരത്തുണ്ടായിരുന്ന പെണ്‍കൊടിമാര്‍ ആര്‍ത്തു ചിരിച്ചു.സുനിലാവട്ടെ മരിച്ചതിനു തുല്യവും.ഞങ്ങള്‍ ആ നാട്ടുകാരല്ല എന്ന ഭാവത്തില്‍ മെല്ല ആ ഭാഗത്തുനിന്നേ സ്കൂട്ടായി.

നയനാന്ദകരമായ കാഴ്ചകളും സുന്ദരീമണികളുടെ കണ്ണേറും കടാക്ഷവുമേറ്റ് ഞങ്ങളങ്ങിനെ അവിടമാകെ ചുറ്റിയടിച്ചുകൊണ്ടിരുന്നു.7 മണിയ്ക്കോ മറ്റോ ഉള്ള ഡാന്‍സിംഗ് ഫൌണ്ടന്‍ കാണുകാണു പ്രധാനം.ആള്‍ക്കാര്‍ക്കിരിക്കുവാനായി ഒരു ഗാലറിപോലെ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അവിടെയുള്ള ഒരു ഫൌണ്ടനില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന വെള്ളം സംഗീതത്തിനൊത്ത് നൃത്തം ചെയ്യുമത്രേ.എങ്കില്‍ പിന്നെ അതു കാണാതെ പറ്റുമോ.കുറച്ചു നേരമായി പാല്‍പ്പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മൈസൂര്‍ തരുണിയെ വ്യക്തമായി കാണാനാവും വിധം ഞാന്‍ ഒരിടത്തിരുന്നു.കല്ലുവും വട്ടിയൂര്‍ക്കാവും ബിജുവും ലൂക്കോസുമൊക്കെയുണ്ട്.ഏഴുമണിയായിട്ടും പരിപാടി തുടങ്ങുന്ന മട്ടില്ല.ആള്‍ക്കാര്‍ അക്ഷമ കാട്ടാന്‍ തുടങ്ങി.എല്ലാവരുടേയും കാതില്‍ തേന്മഴ പെയ്യിച്ചുകൊണ്ട് വോള്‍ട്ടേജ് ക്ഷാമം മൂലം ഇന്നു ഷോ ഉണ്ടായിരിക്കുന്നതല്ല എന്ന അനൌണ്‍സ് വൈകാതെയെത്തി.ഒരായിരം ചീത്ത മനസ്സില്‍ വിളിച്ചുകൊണ്ട് ഞാനുമെഴുന്നേറ്റ് പുറത്തെയ്ക്ക് നടന്നു.ഇതിനിടയ്ക്ക് മൈസൂര്‍ സുന്ദരിയെ അറിയാത്തതുപോലെ തോളിലൊന്നു ഒന്നു തട്ടാനും മറന്നില്ല.അവളുടെ ഒരു ചിരീം നോട്ടോം.മനുഷ്യനെ കൊല്ലിക്കാനായി..

ഒരൊച്ചയും ഹിന്ദിയിലോ മറ്റേതോ പ്രാദേശികഭാഷയിലോ ഒരു തെറിയും കേട്ടപ്പോള്‍ ഞാന്‍ ബോധവാനായി.എന്റെ മുപിലുണ്ടായിരുന്ന ഒരു പെണ്ണ്‍ പുറകിലേയ്ക്കു നോക്കി എന്തൊക്കെയോ അലറിപ്പറയുന്നു.ആള്‍ക്കാരെല്ലാം തിരിയുന്നു കല്ലു എന്റെ കയ്യ് പിടിച്ചു വലിച്ചു.തോമസ്സുകുട്ടീ വിട്ടോടാ....പലവഴിയ്ക്കായായിരുന്നു ഓട്ടം.ഒരു മരച്ചോട്ടില്‍ അണച്ചുകൊണ്ട് ഞാനിരുന്നു.തളര്‍ന്നു കുഴഞ്ഞിരിക്കുന്നു.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കല്ലുവും റോമേഷുമെത്തി.ആരുമൊന്നും മിണ്ടുന്നില്ല. എന്താണുണ്ടായതെന്നെനിക്കൊരൂഹവുമില്ല.ബസ്സിലിരിക്കുമ്പോഴാണ് ചിത്രം വ്യക്തമായത്.കല്ലു ഒരു സുന്ദരിയെ മെല്ലെയൊന്നു തോണ്ടി.പെട്ടന്ന്‍ തിരിഞ്ഞ അവള്‍ കൈവീശി ഒന്നു പൊട്ടിച്ചു. കിട്ടിയതോ നിര്‍ഭാഗ്യവാനായ വട്ടിയൂരിനും.ആര്‍ക്ക് രണ്ട് പൊട്ടിച്ച് ഷൈന്‍ ചെയ്യാം എന്നു റിസര്‍ച്ച് ചെയ്തുകൊണ്ടിരുന്ന ചുള്ളമ്മാര്‍ വളയുമ്പോഴേയ്ക്കും ഞങ്ങള്‍ സമീപജില്ല പിടിച്ചിരുന്നു. അവിടെ നിന്നും ഓടിരക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അനില്‍സ്പ്രേ പോലെ പൊടിപോലും കാണില്ലായിരുന്നു കണ്ടുപിടിക്കാന്‍.

മൈസൂര്‍ സിറ്റിക്കകത്തുതന്നെയുള്ള ഒരു വലിയ സ്കൂളിലാണു ഞങ്ങള്‍ തങ്ങിയത്.രാത്രി മുഴുവന്‍ ചീട്ടുകളിയും പാട്ടും ഒക്കെയായി കഴിച്ചുകൂട്ടി.രാവിലെ ഉണര്‍ന്ന്‍ പല്ലുതേച്ചുകൊണ്ട് നിന്നപ്പോഴാണ് പള്ളിപ്പുറം സനലിന്റെ കവിളിലെ മുറിവു കാണുന്നത്. തലേദിവസം രാത്രി എവിടെയോ തട്ടി മുറിഞ്ഞതാണെന്നാണവന്‍ പറഞ്ഞത്.ഗാര്‍ഡനില്‍ വച്ച് ഏതോ ചുള്ളത്തി ബിസ്ലെറി ബോട്ടില്‍ വച്ച് താങ്ങിയതാണെന്നു പിന്നീടറിഞ്ഞു.കുളിച്ചു ഫ്രെഷായി മൈസൂര്‍ കൊട്ടാരം കാണാന്‍ പുറപ്പെട്ടു.എത്ര മനോഹരമായ കൊട്ടാരം.സന്ദര്‍ശകരുടെ തിരക്ക് അനിയന്ത്രിതം.ടിപ്പുവിന്റെ വാളും കിരീടവുമൊക്കെ എത്ര ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചിരിക്കുന്നു.പിന്നീട് മൃഗശാലയും മറ്റുമൊക്കെക്കണ്ടിട്ട് ത്രിവേണീസംഗമം കാണാനായി ഉച്ചയോടെ തിരിച്ചു.

സംഭവസ്ഥലത്ത് ബസ്സ് നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് ഞങ്ങള്‍ക്ക് മുമ്പേ തിരിച്ച ടീമും എത്തിച്ചേര്‍ന്നിരിക്കുന്നതായി മനസ്സിലായത്. എന്തു പണ്ടാരമെങ്കിലുമാവട്ടെ.ഞാന്‍ പാന്റും ഷര്‍ട്ടുമൊക്കെ ഊരി ഒരു ലുങ്കിയുമുടുത്ത് തോര്‍ത്തും തോളിലിട്ട് ഒന്നു കുളിക്കാനായി പുറത്തേയ്ക്കിറങ്ങി.നാലഞ്ചു ചെറിയ കടകളുണ്ട്.ധാരാളം വിനോധസഞ്ചാരികളുണ്ടെന്നു തോന്നുന്നു.റോഡിന്റെ വശങ്ങളില്‍ നിറയെ വാഹനങ്ങള്‍.ഒരു മൂളിപ്പാട്ടും പാടി മുന്നോട്ട് നടന്ന ഞാന്‍ ആ കാഴ്ച കണ്ട് ഞെട്ടി.നിരവധി പേര്‍ എനിക്കെതിരേ ഓടിവരുന്നു.ഒരു നിമിഷം ഞാന്‍ സംശയിച്ചു നിന്നു.ആ നിമിഷം ഞാന്‍ പിന്നീടൊരിക്കലും മറന്നിട്ടില്ല.ഓടി വന്നവരിലൊരുത്തന്‍ കൈവീശി എന്റെ കവിളില്‍ ആഞ്ഞൊന്നു തന്നു.ഒറ്റയടിക്ക് സൌരയൂഥവും അതിനപ്പുറവുമെല്ലാം ഞാന്‍ കണ്ടു.എന്തോരം നക്ഷത്രങ്ങള്‍ മിന്നുന്നു.സത്യത്തില്‍ ത്രിവേണീസംഗമമല്ല ഒരു ആറേഴുവേണീ സംഗമം ഞാനൊരുമിച്ചുകണ്ടു.ഹമ്മേ..കവിളും പൊത്തി ഒരൊറ്റ ഓട്ടമായിരുന്നു ബസ്സിലേയ്ക്ക്.ഒന്നും മനസ്സിലാകാതെ ബസ്സിനുള്ളില്‍ പകച്ചിരുന്നപ്പോള്‍ രണ്ടുമൂന്നുപേര്‍ വടികളും മറ്റുമായി ബസ്സിനുള്ളിലേയ്ക്കിരച്ചു കയറി.ഭയന്നിരിക്കുന്ന ഞങ്ങളെ അവര്‍ സൂക്ഷിച്ചുനോക്കിക്കൊണ്ട് ബസ്സ് മുഴുവന്‍ പരതി.അവറിറങ്ങിപ്പോയപ്പോഴാണ് എല്ലാപേര്‍ക്കും ശ്വാസം നേരെ വീണത്.

കുറച്ചുസമയത്തിനുള്ളില്‍ ഒട്ടുമിയ്ക്കപേരും ബസ്സിലെത്തിചേര്‍ന്നു.ജമാല്‍ സാര്‍ അടിതുടങ്ങിയപ്പോള്‍ തന്നെ ഏതോ കടയ്ക്കുള്ളില്‍ കയറി ഒളിച്ചു.അതുകൊണ്ട് കിട്ടീല.കവിളും തടവി ഞാന്‍ എല്ലാപേരെയുമൊന്നു നോക്കി.മിക്കപേരുടേയും കവിളും മറ്റും തിണര്‍ത്തു തടിച്ചിരിക്കുന്നു.ഭാഗ്യം എനിക്കു മാത്രമല്ല കിട്ടീത്.സുഷാദിന്റെ കണ്ണിനുമുകളിലായി കറുത്ത് കരുവാളിച്ച് കിടക്കുന്നു.ആരോ നല്ല താങ്ങു താങ്ങിയിട്ടുണ്ട്.ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സുജിത്തിന്റെ കാല് നിവര്‍ത്താന്‍ പോലും പറ്റാത്തവിധം നീരുവന്നിരിക്കുന്നു.മൂടിപ്പിടിച്ച മനസ്സുമായി ബസ്സിലിരിക്കവേ ആരുമൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എന്താണു സംഭവിച്ചതെന്നു ഒരു രൂപവുമില്ല.ഏകദേശം ആറേഴുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു വലിയ ക്ഷേത്രം കാണുകയും വണ്ടി അവിടെ നിര്‍ത്തുകയും ചെയ്തു.അല്‍പ്പം മാറി പഴയ ടീമിന്റെ വണ്ടിയുമുണ്ട്. അടി നടക്കുന്നതിനിടയിലെപ്പോഴോ അവര്‍ രക്ഷപ്പെട്ടിരുന്നു.

ഞങ്ങളിറങ്ങിയത് കണ്ട് ആ ബസ്സിലെ ചിലര്‍ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു.ഫിറ്റര്‍ ട്രേഡിലെ എന്റെ ഒരു കൂട്ടുകാരനില്‍ നിന്നുമാണ് സംഭവങ്ങളുടെ ഏകദേശരൂപം എനിക്ക് കിട്ടിയത്.ഞങ്ങള്‍ക്കു മുമ്പേയെത്തിയ ഫിറ്റര്‍ ടീം സര്‍വ്വസന്നാഹങ്ങളുമായി കുളിക്കാനിറങ്ങുമ്പോള്‍ അവിടെ ഏതോ തെലുങ്കുസിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ചിലര്‍ നദിയില്‍ നീന്താനാരംഭിച്ചു.മര്യാദയുടെ ഭാഷയില്‍ അവര്‍ പറഞ്ഞുനോക്കിയെങ്കിലും ഫിറ്റര്‍മാര്‍ കുളിച്ചിട്ട് മതി ഷൂട്ടിംഗൊക്കെ എന്നേതോ തലതിരിഞ്ഞവന്‍ പറയുകയും നാട്ടുകാരിലാരോ അവനൊന്നു കൊടുത്തതും അവന്‍ തിരിച്ചൊന്നു പൊട്ടിച്ചതും പിന്നെ ഒരു ഘോരസംഘട്ടനമാരംഭിച്ചതുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു.നിര്‍ഭാഗ്യവാമ്മാരായ ഞങ്ങള്‍ കുളിക്കാനെത്തിയതും ഈ സമയത്തുതന്നെ.മറ്റവമ്മാര്‍ മിക്കതും ഓടിരക്ഷപ്പെട്ടപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട നാട്ടുകാര്‍ ഞങ്ങള്‍ക്ക് ഒള്ള സ്നേഹസമ്മാനങ്ങള്‍ മൊത്തം തന്നു.

കറുത്ത് കരുവാളിച്ച കവിളുമായി നിന്ന കല്ലുവിനെ നല്ലതുപോലെ കിട്ടിയല്ലോ അളിയാ എന്നു പറഞ്ഞുകൊണ്ട് ആരോ കളിയാക്കിയതും സംഘട്ടനപരമ്പരയുടെ രണ്ടാം ഭാഗം ആരംഭിച്ചു.നടുവില്‍ നിന്ന നിര്‍ഭാഗ്യവാനായ എനിക്കിത്തവണയും പ്രൈസ് കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.മേടിച്ചുകെട്ടാന്‍ എന്റെ ജന്മം വീണ്ടും ബാക്കി.ഒടുവില്‍ രണ്ടുകൂട്ടരേയും സമാശ്വസിപ്പിച്ച് രണ്ടുഭാഗത്തേയ്ക്ക് യാത്രയായപ്പൊഴും എന്റെ കവിളിലെ വേദന ശമിച്ചിരുന്നില്ല. മുമ്പ് പ്ലാന്‍ ചെയ്തിരുന്ന പലതും വെട്ടിച്ചുരുക്കി ഞങ്ങള്‍ വേദനിക്കുന്ന മനസ്സും ശരീരവുമായി നാട്ടിലേയ്ക്കു തിരിച്ചു.എന്നെങ്കിലും ഏതെങ്കിലും തെലുങ്കമ്മാരുടെ വണ്ടി ഞങ്ങളുടെ ഐ.ടി.ഐക്കു മുന്‍പില്‍ക്കൂടി പോവുകയാണെങ്കില്‍ അത് തടഞ്ഞുനിര്‍ത്തി സകലവമ്മാരേം തച്ചുതവിടുപൊടിയാക്കണമെന്ന്‍ മനസ്സില്‍ ശപഥമെടുത്തുകൊണ്ട്.........................

വാല്‍:ഇതൊരു വിനോദയാത്രാവിവരണമായി കാണണ്ട.നാട്ടില്‍ കിട്ടാനുള്ള നല്ല തല്ല് വേണ്ടന്നുവച്ചിട്ട് അന്യസംസ്ഥാനക്കാരുടെ തല്ല് ആവശ്യം പോലെ വാങ്ങിച്ചുകെട്ടേണ്ടിവന്ന ഹതഭാഗ്യരായ ഒരു കൂട്ടം നിര്‍മ്മലഹൃദയമ്മാരുടെ കദനത്തിന്റെ കരളലിയിക്കുന്ന ദൃക്സാക്ഷി വിവരണമാണിത്.സ്ഥലപരിമിതിമൂലം മറ്റു പലസ്ഥലത്തുനിന്നും കിട്ടിയത് ഒഴിവാക്കിയിട്ടുണ്ട്.സദയം ക്ഷമിക്കുക.എഴുതുന്ന എനിയ്ക്ക് നാണവും മാനവുമില്ലെങ്കിലും വായിക്കുന്നവര്‍ക്ക് ............ഹ...ഹാ...