Sunday, January 30, 2011

തെറ്റുകാരന്‍

സമയം ആറുകഴിഞ്ഞിരിക്കുന്നു.മിക്സ്ചറും ഒഴിഞ്ഞ പെപ്സിബോട്ടിലുകളും സിഗററ്റുകുറ്റികളും മറ്റും തറയിലാകെ ചിതറിക്കിടക്കുവാണു.തലകുമ്പിട്ടിരുന്ന മഹി മെല്ലെ തലയൊന്നുയര്‍ത്തി നാലുപാടുമൊന്നു നോക്കി.സുനിലിന്റെ കട്ടിലില്‍ അവനൊപ്പം ഒടിഞ്ഞുകുത്തി ദിനേശും ദീപുവും കിടന്നുറങ്ങുന്നു.ഓമനക്കുട്ടന്‍ മുറിയുടെ മൂലയില്‍ കിടപ്പുണ്ട്.ഭദ്രേട്ടനും നല്ല ഉറക്കമാണ്.ബാത് റൂമിനുള്ളില്‍ നിന്നും നല്ല ഒച്ച കേള്‍ക്കുന്നു.വിശാലായിരിക്കും.കയ്യെത്തി അവന്‍ മദ്യക്കുപ്പിയെടുത്ത് അടുത്തിരുന്ന ഗ്ലാസ്സില്‍ അരഗ്ലാസ്സൊഴിച്ചു.അതോടെയെടുത്തവന്‍ തന്റെ വായിലേയ്ക്കു ചരിച്ചു.ഇന്ന് എത്ര കുടിച്ചുവെന്ന് തനിയ്ക്കുതന്നെയോര്‍മ്മയില്ല.താനൊരിയ്ക്കലും ഇങ്ങിനെ കുടിച്ചിട്ടില്ല.പക്ഷേ..ഇന്നു..

തന്റെ ഉള്ളം കത്തുന്നതാരുമറിയണ്ട. സത്യം അതെന്നായാലും പുറത്തുവരും എന്നു പറയുന്നതെത്ര ശരിയാണു.അല്ലെങ്കില്‍ താന്‍ ഈ മുറിയിലേയ്ക്കു താമസം മാറിവരാനും ദിനേശൊക്കെ ഇന്നു പാര്‍ട്ടിയ്ക്കായി ഈ റൂമില്‍ വരാനും ആ സത്യം താനറിയാനുമിടവരുമോ.ഇല്ല.ദൈവം തന്റെയൊപ്പമാണു.അതുകൊണ്ടാണ് ഈ സത്യം ഇപ്പോഴെങ്കിലും താനറിഞ്ഞത്.പക്ഷേ തനിയ്ക്കതിന്റെ മുഴുവന്‍ വിശദാംശങ്ങളുമറിയണം.എന്നിട്ടുവേണം....പല്ലിറുമ്മിക്കൊണ്ടവന്‍ വീണ്ടും ഗ്ലാസ്സ് നിറച്ചു.

"അളിയോ ഇങ്ങനെ കുടിച്ചാ കൂമ്പ് വാടിപ്പോകും.ആ പെണ്ണ് പിന്നെന്തോ ചെയ്യും".ബാത് റൂമില്‍ നിന്നും ഇറങ്ങിവന്ന വിശാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവനടുത്തിരുന്ന് ഒരു സിഗററ്റെടുത്ത് തീ പിടിപ്പിച്ചു.

"വാടണെങ്കി അങ്ങു വാടട്ടേടാ"ഗ്ലാസ്സ് കയ്യിലെടുത്തുകൊണ്ട് മഹി ചുണ്ടൊന്നു കോട്ടി.

"എന്തു പറ്റിയളിയാ.കല്യാണം കഴിഞ്ഞിട്ട് നാലുമാസം പോലുമായില്ലല്ലോ.അപ്പോഴേയ്ക്കും വെറുത്താ.എന്നാലും നീ ആ കല്യാണസീഡി ഒന്നു കൊണ്ടുവരാതിരുന്നത് മോശമായിപ്പോയി കേട്ടോ.നിന്റെ ആളിനെ നമുക്കും കൂടിയൊന്നു കാണാമായിരുന്നു.". ഒരു ഗ്ലാസ്സെടുത്ത് വിശാലും ഒരെണ്ണമൊഴിച്ചു.

"ഈ ദിനെശാളെങ്ങിനെയാണു"

സിഗററ്റ് പുക ഊതിപ്പറത്തിക്കൊണ്ട് മഹി അവനോടു ചോദിച്ചു.

"ആള് ജഗ തരികിടയാ.അവന്‍ ഒപ്പിച്ചെടുക്കാത്ത പെണ്ണുങ്ങളു ചുരുക്കമാ.വയസ്സു ഇരുപത്തൊന്നേ ആയൊള്ളെങ്കിലും മുപ്പതിന്റെ അനുഭവജ്ഞാനമുണ്ടവന്.അവന്‍ പറയണ ഓരോ കാര്യം കേട്ടാ സത്യമായും പൊന്നളിയാ നിയന്ത്രണം വിട്ടുപോകും.എത്രയാ ഒരു ദെവസം അവനു വരുന്ന കാളുകള്‍.എല്ലാം പെണ്ണുങ്ങളുടേതാ.അല്ല നീയെന്താ അങ്ങിനെ ചോദിച്ചത്"

"ഹേയ് ഒന്നുമില്ല.ഇന്നു കള്ളുകുടിച്ചുകൊണ്ടിരുന്നപ്പം അവന്‍ ഒരു പ്രാഭാകരന്‍ മാഷിന്റെ മോളെക്കുറിച്ചുപറഞ്ഞില്ലേ.അതു സത്യമാണോന്നറിയാനാ".നിര്‍വികാരനായിപറഞ്ഞുകൊണ്ട് മഹി തന്റെ ഗ്ലാസ്സെടുത്തു.

"എന്താ അളിയാ നിനക്കറിയാവുന്ന വല്ലോരുമാണോ"

"ഹേയ് എന്റെ നാട്ടിലൊള്ള ഒരു കൂട്ടുകാരനു വേണ്ടി ആ പെണ്ണിനെ ആലോചിച്ചിരുന്നു.വല്ല കൊഴപ്പം പിടിച്ചതുവല്ലത്മാണെങ്കില്‍ അവനോട് ഒന്നു പറഞ്ഞേക്കാമെന്നു കരുതി.അത്രേയൊള്ളു"

"എനിക്കത്രക്കറിയില്ല.ചെലപ്പം പുല്ലനെ വിശ്വസിക്കാന്‍ പറ്റത്തില്ല.നല്ല മുട്ടന്‍ നൊണയും പറഞ്ഞെന്നിരിക്കും.എന്തായാലും അവനോട് ചോദിച്ചു ക്ലിയറാക്കാം".തന്റെ ഗ്ലാസ്സു കാലിയാക്കിയിട്ട് വിശാല്‍ മെല്ലെ ചെന്ന് ദിനേശിനെ കുലുക്കിയുണര്‍ത്താന്‍ തുടങ്ങി.അല്‍പ്പസമയത്തെ പരിശ്രമത്തിനുശേഷം അവനുണര്‍ന്നു.

"എടാ എഴുന്നേറ്റുവാടാ.കള്ള് ബാക്കിയിരിക്കുന്നതുകണ്ടില്ലേ.അതടിച്ചു തീര്‍ക്കണ്ടേ.മറ്റവമ്മാരൊന്നും എഴുന്നേല്‍ക്കുന്നില്ല".തലയും കുമ്പിട്ടിരുന്ന ദിനേശിനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് വിശാല്‍ മഹിയുടെ അടുത്തേയ്ക്കു വന്നു.തറയിലിരുന്ന ദിനേശ് കുറച്ചു മിക്സ്ചറെടുത്ത് വായിലിട്ടു ചവച്ചു.

"നീയിന്നു ഉച്ചയ്ക്കു പറഞ്ഞില്ലേ.ഒരു നിഷയുടെ കാര്യം അതു സത്യമാണോടാ.അതോ പുളുവോ. ഒരു ഗ്ലാസ്സില്‍ മദ്യമൊഴിച്ചു അതവന്റെ നേരെനീട്ടിക്കൊണ്ട് വിശാല്‍‍ ചോദിച്ചു.ഒരുനിമിഷം അവനെയൊന്നു നോക്കിയതിനുശേഷം ആ ഗ്ലാസ്സുവാങ്ങി കാലിയാക്കി ചിറിയുമൊന്നു തുടച്ചിട്ട് ഒരു സിഗററ്റെടുത്ത് കൊളുത്തി പുക പറത്തിക്കൊണ്ട് ദിനേഷ് പറഞ്ഞു.

"കൊള്ളാം. സത്യമാണോന്നോ.ഞാനെത്ര പ്രാവശ്യം....മാഷിന്റെ വീട്ടിനടുത്തല്ലേ എന്റെ വീട്. പത്താം ക്ലാസ്സില്‍ മാഷിന്റെ ട്യൂഷനായിരുന്നല്ലോ.മാഷില്ലാത്തപ്പം മകളും..ഹൊ അതൊരു ടൈം..എന്നെക്കൊണ്ടെന്തെല്ലാം ചെയ്യിച്ചിരിക്കുന്നു.പാവം മാഷ്.ഇതെല്ലാമറിഞ്ഞിരുന്നെങ്കില്‍ എന്നെ തല്ലിക്കൊന്നേനെ.ഇപ്പം അവളുടെ കല്യാണമൊക്കെ കഴിഞ്ഞെന്നു പറയണകേട്ടു.അവളാള് ശരിയല്ല. കഴിഞ്ഞയാഴ്ച എന്നെ വിളിച്ചായിരുന്നു.ഞാന്‍ പിന്നെ തിരിച്ചുവിളിയ്ക്കാനൊന്നും പോയില്ല.നമുക്കെവിടെ സമയം"..കുലുങ്ങിച്ചിരിച്ചുകൊണ്ടവന്‍ മിക്സ്ചര്‍ ചവച്ചുകൊണ്ടിരുന്നു.

തലകുമ്പിട്ടു കേട്ടുകൊണ്ടിരുന്ന മഹിയുടെ കണ്ണുകളില്‍ തീയെരിയുകയായിരുന്നു.കയ്യെത്തി ദിനേശിന്റെ കഴുത്തു ഞെരിയ്ക്കുവാന്‍ അവന്‍ കൊതിച്ചു.വീണ്ടും ദിനേശ് വിവരിച്ചുകൊണ്ടിരിയ്ക്കുന്നത് കേള്‍ക്കുവാന്‍ നില്‍ക്കാതെ അവന്‍ പുറത്തേയ്ക്കിറങ്ങി.എരിഞ്ഞുതീരാറായ സിഗററ്റ് വലിച്ചെറിഞ്ഞിട്ടവന്‍ പ്രക്ഷുബ്ദമായ മനസ്സുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു.

രാത്രി ഉറക്കം വരാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.മൊബൈല്‍ ചിലയ്ക്കുന്നതുകേട്ട് അവന്‍ അതെടുത്തുനോക്കി.നിഷയാണ്.അവളോട് എന്തെല്ലാമോ ചോദിച്ചകൂട്ടത്തില്‍ ദിനേശിനെയറിയാമോയെന്നു വെറുതേയവനൊന്നു ചോദിച്ചു.അറിയാമെന്നവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞപ്പോള്‍ അവന്‍ മൊബൈല്‍ ഓഫ് ചെയ്തിട്ടു കട്ടിലിന്റെ ചുവട്ടിലേയ്ക്കെറിഞ്ഞു.ആകെ ഭ്രാന്തെടുത്ത രീതിയില്‍ അവന്‍ പുറത്തേയ്ക്കിറങ്ങി.സിഗററ്റുകള്‍ പലതും പുകച്ചുതള്ളി കുറേയേറെ നേരത്തിനുശേഷം അവനൊരു തീരുമാനത്തിലെത്തി

------------------------------------------------------------------------------------

"അല്ല ഇത്ര പെട്ടന്ന് നാട്ടീപ്പോവാന്‍ എന്താകാര്യം.ആര്‍ക്കെങ്കിലും വല്ല അസുഖമോ മറ്റോ"

പെട്ടി റെഡിയാക്കിക്കൊണ്ടിരുന്ന മഹിയോടായി വിശാല്‍ ചോദിച്ചു.റൂമിലുള്ളവരെല്ലാം ഒന്നും മനസ്സിലാകാതെ മിണ്ടാതെ നിന്നു.

"അതേ.രണ്ടുദെവസം മുമ്പ് വീട്ടിവിളിച്ചപ്പോ അമ്മയ്ക്ക് നല്ല സുഖമില്ലെന്നു പറഞ്ഞായിരുന്നു.ഇന്നു കാലത്ത് ഫോണ്‍ വന്നു.ഇത്തിരി സീരിയസാണെന്ന്.അപ്പോ തന്നെ ടിക്കറ്റു ബുക്കുചെയ്തു.ഞാരൊഴാചയ്ക്കുള്ളില്‍ വരും" ഞാന്‍ വരട്ടെ.പെട്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങിയ മഹിയുടെ കൂടെ വിശാലും ചെന്നു.

"അളിയാ കാശ് വല്ലതും വേണമെങ്കില്‍ ഞാന്‍ .."

"വേണ്ടടാ.എന്റെ കയ്യിലൊണ്ട്.അപ്പോ വന്നിട്ടു കാണാം".ടാക്സിയില്‍ കയറിമറയുന്ന ചങ്ങാതിയെ നോക്കി അല്‍പ്പസമയം നിന്നിട്ട് ചിന്താഭാവത്തില്‍ അവന്‍ അകത്തേയ്ക്കു നടന്നു.

-------------------------------------------------------------------------------------

"അളിയാ ഓടിവന്നേടാ.ദേ ഇതൊന്നു നോക്കിയേ"

ഹാളില്‍ നിന്നും ദീപുവിന്റെ ഉറക്കെയുള്ള വിളികേട്ടു പാചകം ചെയ്തുകൊണ്ടുനിന്ന വിശാലും ദിനേശും കൂടി ഓടിവന്നു.കണ്ണുമിഴിച്ച് റ്റീവിയില്‍ നോക്കിക്കൊണ്ടുനില്‍ക്കുന്ന ദീപുവിനെ ഒന്നു നോക്കിയിട്ടവര്‍ റ്റീവിയുടെ നേരെ നോക്കി.അതില്‍ കാണിച്ചുകൊണ്ടിരുന്ന ദൃശ്യം കണ്ട് അവര്‍ സ്തംഭിച്ചുപോയി.വിലങ്ങണിഞ്ഞകൈകളുമായി പോലീസ് ജീപ്പിലേയ്ക്കു കയറുന്ന ഒരു യുവാവിനേയും ചോരയില്‍ കുളിച്ചുകിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശവശരീരദൃശ്യങ്ങളുമാണ് ഫ്ലാഷ്ന്യൂസായി കാണിച്ചുകൊണ്ടിരുന്നത്.

"അവിഹിതബന്ധമാരോപിച്ച് സ്വന്തം ഭാര്യയായ നിഷയെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു മഹിന്ദ്രന്‍.കഴിഞ്ഞദിവസമാണിയാള്‍ ഗല്‍ഫില്‍ നിന്നും.....

വാര്‍ത്തവായനക്കാരന്റെ വാക്കുകള്‍ അവരുടെ കാതുകളില്‍ പതിയ്ക്കുന്നുണ്ടായിരുന്നില്ല.വിശാല്‍ തളര്‍ന്നു കട്ടിലിലേയ്ക്കിരുന്നു.അടുക്കളയിലേയ്ക്കു വന്ന ദിനേശിന്റെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു.ഏതോ അപിശപ്ത നിമിഷത്തില്‍ താന്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാവാന്‍ വേണ്ടിയുണ്ടാക്കിപ്പറഞ്ഞ കള്ളത്തരംമൂലം....ഈശ്വരാ..ചോരയില്‍ കുളിച്ചുകിടക്കുന്ന ഒരു രൂപത്തിന്റെ കണ്ണുകളില്‍ നിന്നും പുറപ്പെട്ടുവരുന്ന തീജ്ജ്വാലയില്‍ താന്‍ ദഹിയ്ക്കുവാന്‍ പോവുകയാണോ..ഒരത്താണികിട്ടുന്നതിനുവേണ്ടി അവന്‍ അലമാരയിലിരുന്ന മദ്യക്കുപ്പിയെടുത്ത് അതേപോലെ വായിലേയ്ക്കു കമിഴ്ത്തി.അന്നനാളവും കുടലുമെല്ലാം കത്തിയെരിഞ്ഞുകൊണ്ട് ആ ദ്രാവകം അവന്റെയുള്ളിലേയ്ക്കാഴ്ന്നിറങ്ങി..

ശ്രീക്കുട്ടന്‍

Wednesday, January 26, 2011

ഭാഗ്യഹീനന്‍

"അവന്റമ്മേടൊരു മൊവൈല്.ഓരോ ദെവസോം ഉന്തിതള്ളിക്കൊണ്ടുപോകാന്‍ മനുഷ്യനിവിടെ പെടാപ്പാടുപെടുന്നു. കാള പോലെ വളര്‍ന്നല്ലോ.വല്ല ജോലിയ്ക്കും പോയി എന്തേലും കൊണ്ടുത്തരണമെന്നെങ്ങാനും വല്ല ചിന്തയുമുണ്ടോന്നു നോക്കിയേ.അതെങിനെ ആരെ പൊളെന്നെങ്കിലും തിന്നാനൊള്ളതൊണ്ടാക്കാനൊരുത്തനിവിടുണ്ടല്ലോ.ഒരു പെണ്ണാണെങ്കി പേടിപ്പിക്കുന്നതുപോലെ വളര്‍ന്നു നിക്കുന്നു.അതിന്റെയെടേലാ മൂവായിരം മൊടക്കി അവനു മൊവൈലുണ്ടാക്കാന്‍"

ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് സുരേന്ദ്രന്‍ തന്റെ ഷര്‍ട്ടൂരി ചുമരിലെ കൊളുത്തില്‍ തൂക്കിയിട്ട് അയയില്‍ നിന്നും ഒരു തോര്‍ത്തെടുത്ത് പുറത്തും കഴുത്തിലും മുഖത്തുമൊക്കെയുണ്ടായിരുന്ന വിയര്‍പ്പു തുടച്ചു.ദേവകി കൊണ്ടുക്കൊടുത്ത തണുത്തവെള്ളം മടമടാ കുടിച്ചിട്ട് അയാള്‍ പലകപ്പുറത്തുനിന്നും ഒരു ബീഡി തപ്പിയെടുത്ത് തീപ്പറ്റിച്ചുകൊണ്ട് ഇറയത്തെ കൈവരിയില്‍ കയറിയിരുന്നു.

"അതിനിപ്പം നിങ്ങളിങ്ങനെ കിടന്നു ബഹളം വയ്ക്കണതെന്തിനാ.അവനൊരു മൊബൈലു വേണോന്നല്ലെ പറഞ്ഞൊള്ളു.അമ്പിളിയമ്മാവനെ വേണോന്നൊന്നും പറഞ്ഞില്ലല്ലോ.ഇപ്പം നാട്ടിലൊള്ള മുഴുവന്‍ ചെക്കമ്മാരെകയ്യിലും ആ കുന്ത്രാണ്ടമൊണ്ട്.അവന്‍ പിന്നെ വേറാരോടു ചോദിയ്ക്കും"

"നീ എന്റെ കയ്യീന്നു മേടിയ്ക്കും.എടീ അവനു വയസ്സു പത്തുപതിനെട്ടായി.പത്താം ക്ലാസ്സിലു രണ്ടുവട്ടം കുത്തി.എന്തോ ആയി.ഫീസടച്ച വകേല് എന്റെ പണം പോയതു മെച്ചം.ആ പൈസയൊണ്ടാര്‍ന്നെങ്കി പെണ്ണിനൊരു വളയെങ്കിലും മേടിയ്ക്കാമാരുന്നു.അല്ല അറിയാമ്മേലാഞ്ഞീട്ടു ചോദിക്കുവാ.അവനെന്തെങ്കിലും ഒക്കണ പണിയ്ക്കുപോയാലെന്താ.അവന്റെ കാര്യോം നടക്കും വീട്ടിലും വല്ലോം തരത്തില്ലേ.എന്നും ചൊമടെടുക്കാന്‍ എന്നെക്കൊണ്ടാവ്വൊ."

ഉച്ചത്തില്‍ ഒന്നു ചുമച്ചുകൊണ്ട് സുരേന്ദ്രന്‍ തന്റെ ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി.വാതില്‍‍പ്പടിയില്‍ ചാരി നിന്ന ദേവകൊന്നും പറയാതെ ഭര്‍ത്താവിനെ തന്നെ നോക്കി നിന്നു.

"എടീ നീ അവനെ സ്നേഹത്തോടെ കാര്യങ്ങളൊക്കെയൊന്നു പറഞ്ഞുമനസ്സിലാക്കിക്ക്.ആദ്യം ആ പെണ്ണിനെ ആരുടെയെങ്കിലും കൂടെ മാന്യമായിട്ടൊന്നെറക്കിവിടട്ടെ.അതിന്നുശേഷമാവട്ടെ"

വിദൂരതയിലേയ്ക്കു നോക്കിക്കൊണ്ട് അയാള്‍ ബീഡി ആഞ്ഞുവലിച്ചു.

അല്‍പ്പനേരം ആ നില്‍പ്പുനിന്നിട്ട് ദേവകി അടുക്കളയിലേയ്ക്കു നടന്നു.വാര്‍ത്തിട്ടിരുന്ന അരിപ്പാത്രം നിവര്‍ത്തിവച്ചിട്ടവര്‍ മീങ്കറിയ്ക്ക് അരയ്ക്കുവാനാരംഭിച്ചു.

"ഞാനരയ്ക്കാമമ്മേ".പാത്രം കഴുകിക്കൊണ്ടുനിന്ന സുനിത പറഞ്ഞു.

"നീയാ പാവയ്ക്കാ ഒന്നു വട്ടം വെട്ടിയേ.ഇതു ഞാനരച്ചോളാം.ചെക്കന്‍ പാവയ്ക്കാതോരനെന്നു വച്ചാ ചാവും"

അവര്‍ തന്റെ ജോലി തുടര്‍ന്നു.ഒരു മൂളിപ്പാട്ടോടെ സുനിത സഞ്ചിയില്‍ നിന്നും ഒന്നു രണ്ടു പാവയ്ക്കയെടുത്ത് കഴുകിയിട്ട് പിച്ചാത്തിയുമെടുത്ത് റ്റീ വിയുടെ മുമ്പില്‍ ചെന്നിരുന്ന് സീരിയല്‍ കണ്ടുകൊണ്ട് അതരിയുവാനാരംഭിച്ചു.

രാത്രി അത്താഴം കഴിക്കുമ്പോള്‍ സുരേന്ദ്രന്‍ മൂകനായിരുന്നു.ഇടയ്ക്കയാള്‍ ചുമരിലെ വാച്ചിലേയ്ക്കു നോക്കി.സമയം പത്തുകഴിഞ്ഞിരിയ്ക്കുന്നു.

"അവന്റെ കൂട്ടുകാരന്റെ ബന്ധുവിന്റെ കല്യാണത്തിനു പോവൂന്നു പറഞ്ഞിരുന്നു"

അയാളുടെ മുഖത്തുനോക്കാതെ പറഞ്ഞിട്ട് ദേവകി കുറച്ചുചോറുകൂടി ആ പാത്രത്തിലേയ്ക്കിട്ടു.അമര്‍ത്തിയൊരു മൂളലോടെ സുരേന്ദ്രന്‍ ചോറുണ്ടെഴുന്നേറ്റു.കുറച്ചുനേരം ഒരു ബീഡിവലിച്ചുകൊണ്ടുലാത്തിയശേഷം അയാള്‍ തന്റെ കിടക്കിയില്‍ മെല്ലെ അഭയം പ്രാപിച്ചു.പാത്രമെല്ലാം കഴുകിവച്ചു വാതിലടച്ചു ദേവകീം വന്നു കിടന്നു

"നിങ്ങളെന്താ ഒറങ്ങീല്ലേ".അയാളുടെ മാറില്‍ കൈവച്ചുകൊണ്ട് ദേവകി കുറച്ചുകൂടി ചേര്‍ന്നുകിടന്നു.

"എനിയ്ക്കൊരെത്തും പിടീം കിട്ടണില്ല ദേവകീ.പെണ്ണിനെ ഒന്നു മാന്യമായിട്ടെറക്കിവിടാമ്പറ്റണേയെന്നാ ആകെയുള്ള പ്രാര്‍ഥന.ഒരു കല്യാണോക്കെ നടത്തണോങ്കി എന്തോരം കാശു വേണമെന്നാ.പിന്നെ പൊന്നും ബാക്കിയൊള്ളതെല്ലാം.ഹൊ..ആ പിള്ളേച്ചന്‍ ഒരാലോചനേട കാര്യം പറഞ്ഞു.കേട്ടിട്ടു കൊള്ളാന്നു തോന്നുന്നു.ഒരിരുപത്തഞ്ചു പവന്‍ കൊടുക്കേണ്ടിവരും.കാര്യമൊക്കെ ശരിയാവുകേണങ്കി ഒരാറുമാസത്തിനുള്ളി നടത്തണം.അവനും കൂടി വല്ലതിനും പോയി വല്ലതും തന്നിരുന്നെങ്കി.."

"നിങ്ങളൊന്നു സമാധാനിക്ക്.ഇപ്പം അവടെ കാതിലും കയ്യിലുമൊക്കെയായി ഒരു ഏഴെട്ടു പവനുണ്ടല്ലോ.എന്റ പഴയതെല്ലാം കൂടി ഒരാറേഴുവരും. ബാക്കി നമുക്കൊണ്ടാക്കാം.പിന്നെ ചെക്കന്റെ കാര്യം.അവന്‍ കൊച്ചല്ലേ.ഉത്തരവാദിത്വബോധോക്കെ താനേ വന്നോളും.നിങ്ങളെപ്പോഴും അവന്റെ നേരെ ചാടിക്കടിച്ചിട്ടൊരു കാര്യോല്ല.അവന്റെ സമയമിപ്പോ മോശമാന്നു പണിയ്ക്കരുപറഞ്ഞതോര്‍മ്മയില്ലേ"

"ഹൂം..'

ഒന്നു മൂളിക്കൊണ്ടയാള്‍ ചരിഞ്ഞുകിടന്നു.സാവധാനം ഉറങ്ങാനാരംഭിച്ചു.

-----------------------------------------------------------------------------------
"ദേ ഇങ്ങോട്ടൊന്നു നോക്കിയേ.ഇതുകണ്ടോ"

വിളികേട്ടു തിരിഞ്ഞുനോക്കിയ സുരേന്ദ്രന്‍ കണ്ടത് കയ്യില്‍ ഒരുപിടി നോട്ടുകളുമായി ചിരിച്ചുകൊണ്ടു നിക്കണ ഭാര്യയെയാണു.

"ഇതെവിടുന്നാടീ ഇത്രേം രൂപ"

അതിശയത്തോടെ അയാള്‍ ചോദിച്ചു.

"നിങ്ങളല്ലേ എപ്പോഴും അവനെ കുറ്റം പറേന്നത്.അവന്‍ ജോലി ചെയ്തുണ്ടാക്കീതാ.അച്ഛനെയേപ്പിക്കുവാന്‍ പറഞ്ഞിട്ട് അവന്‍ പിന്നേം പണിയ്ക്കു പോയി.ഹൊ ഇപ്പോ എന്റെ കൊച്ചു ശരിയ്ക്കും കഷ്ടപ്പെടനൊണ്ട്.ഇനി സുനിതേടെ കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങിക്കുമെന്നു പറഞ്ഞിട്ടാ അവന്‍ പോയേക്കണ"

"ഇത്രേം രൂപ ഒറ്റയടിയ്ക്കു കിട്ടുന്ന എന്നാ ജോലിയാ അവനു". അയാള്‍ ആലോചനയോടെ ഭാര്യയോടു ചോദിച്ചു.

"എന്റെ മനുഷ്യേനെ.ഇപ്പം ഏതു ജോലിയ്ക്കാ നല്ല പൈസയില്ലാത്തെ.എന്തായാലും അവനാരേം കൊന്നിട്ടുണ്ടാവില്ല" പിറുപിറുത്തുകൊണ്ടവര്‍ ആ പണം അലമാരിയില്‍ വച്ചുപൂട്ടി.

-------------------------------------------------------------------------------------

"എന്റെ ദൈവമെ എന്നാലുമവളീ ചതി ചെയ്തല്ലോ.അവക്കെങ്ങിനെയിതു ചെയ്യാന്‍ തോന്നി.അവക്കിഷ്ടമില്ലെങ്കി അതു പറഞ്ഞാപ്പോരായിരുന്നോ."

അകത്തെ മുറിയില്‍ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിയ്ക്കുന്ന ദേവകിയെ ഒന്നു ദയനീയമായി നോക്കിയിട്ട് സുരേന്ദ്രന്‍ി ഇറയത്തെ കസേരയില്‍ അമര്‍ന്നിരുന്നു.അയാളുടെ മിഴികളില്‍ നീര്‍മണികള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.അവിടുത്തെ വിളിയും ഒച്ചയും മറ്റും കേട്ട് അയല്‍ പക്കത്തുള്ള ആള്‍ക്കാര്‍ ഓടിക്കൂടിക്കൊണ്ടിരുന്ന്നു.

"എന്നാലും പൂച്ചേനെക്കണക്കിരുന്നിട്ട് ആ പെണ്ണ് ഒടുക്കമിങ്ങനെ കാട്ടീലോ"

"പോയപോക്കിനു മുഴുവന്‍ സ്വര്‍ണ്ണോം പണോം ഒക്കെ എടുത്തോണ്ടു പോയത്രേ"

"ഇനി ഏവന്റെ കൂടേണ് പോയതെന്ന് പിന്നേ അറിയാമ്പറ്റൂ.ഒരു കത്തെഴുതി വച്ചിട്ടൊണ്ടത്രേ"

"ആ പാവം സുരേന്ദ്രന്‍ എത്ര കഷ്ടപ്പെട്ടതാ. അവനിതെങിനെ സഹിക്കും"

പുറത്ത് സംസാരിക്കുന്നതും അടക്കം പറയുന്നതുമൊന്നും അയാളുടെ കാതില്‍ വീഴുന്നുണ്ടായിരുന്നില്ല.ആരൊക്കെയോ വന്നു ആശ്വാസവാക്കുകള്‍ പറയുന്നുണ്ടായിരുന്നു.മരവിച്ച മനസ്സുമായി ആ കസേരയില്‍ കുറച്ചുസമയം കിടന്ന അയാള്‍ എഴുന്നേറ്റു തന്റെ മുറിയില്‍ കയറി കതകടച്ചിട്ട് കട്ടിലില്‍ നിവര്‍ന്നുകിടന്നു.അപ്പോഴും അടുത്തമുറിയില്‍ നിന്നും ദേവകിയുടെ കരച്ചിലുയര്‍ന്നുകൊണ്ടിരുന്നു.

------------------------------------------------------------------------------------

കടയുടെ മുമ്പില്‍ ഒരു പോലീസ് ജീപ്പു വന്നു നിന്നപ്പോള്‍ ദിവാകരനാകെയൊന്നു പരിഭ്രമിച്ചു.വായിച്ചുകൊണ്ടിരുന്ന മംഗളം വാരിക ഒതുക്കിവച്ചിട്ടയാള്‍ ഭവ്യതയോടെ നിന്നു.

"ഒരു സിഗററ്റിങ്ങെടുത്തേ.പിന്നെ ഈ സുമെഷെന്നു പറയുന്നവന്റെ വീടിവിടെയെവിടെയാ"

ജീപ്പില്‍ നിന്നുമിറങ്ങിവന്ന ഒരു പോലീസുകാരന്‍ കാശെടുത്തു നീട്ടിക്കൊണ്ട് ദിവാകരനോടു ചോദിച്ചു.

സിഗററ്റെടുത്തു നല്‍കിയിട്ട് ദിവാകരന്‍ കടയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിവന്നിട്ട് സുരേന്ദ്രന്റെ വീട്ടിലേയ്ക്കുള്ള വഴി പോലീസുകാരനു ചൂണ്ടിക്കാട്ടിക്കൊടുത്തു.തന്റെ കന്മുമ്പില്‍ നിന്നും പോലീസ് ജീപ്പ് മറയുന്നതുവരെ നോക്കി നിന്നിട്ട് കടയിലേയ്ക്കുകയറിയ ദിവാകരന്‍ ആകെ ചിന്താകുലനായിരുന്നു.

വഴിയരുകില്‍ ജീപ്പൊതൊക്കിയിട്ടിട്ട് പോലീസുകാര്‍ സുരേന്ദ്രന്റെ വീട്ടിലേയ്ക്കു നടന്നു.വീട്ടിനടുത്തെത്തിയപ്പൊത്തന്നെ ഉച്ചത്തിലുള്ള നിലവിളികേട്ട് അവരൊരു നിമിഷം ശങ്കിച്ചുനിന്നു.പിന്നെ പതിയെ അവിടേയ്ക്കു കയറി.പോലീസിനെക്കണ്ട നാട്ടുകാര്‍ ഒതുങ്ങി നിന്നു.ജനലഴികളില്‍ പിടിച്ച് ഒരു ഭ്രാന്തിയെപ്പോലെ അലമുറയിടുന്ന ദേവകിയെ ഒരു നിമിഷം നോക്കിയിട്ടവര്‍ മുറിയ്ക്കുള്ളിലേയ്ക്കു നോക്കി.എല്ലാ അപമാനത്തില്‍ നിന്നും മുക്തിനേടിക്കൊണ്ട് കണ്ണും തുറിച്ച് തൂങ്ങിയാടുന്ന സുരേന്ദ്രനെ ഒരു നിമിഷം നോക്കിയിട്ട് വന്ന കാര്യം മറന്നതുപോലെ പോലീസുകാര്‍ അനന്തരനടപടികളാരംഭിച്ചു.


ശ്രീക്കുട്ടന്‍

Wednesday, January 19, 2011

എന്റെ രാജകുമാരി

എന്റെ രാജകുമാരി


താന്‍ കാണുന്നത് ശരിയ്ക്കും ഒരു ദേവതയെയാണെന്നൊരു നിമിഷം ശ്യാമിനു തോന്നിപ്പോയി. ആ വെളുത്ത ഡ്രെസ്സ് അരുണയ്ക്ക് വളരെ യോജിക്കുന്നുണ്ട്.വര്‍ഷയോട് എന്തെല്ലാമോ പറഞ്ഞുചിരിച്ചുകൊണ്ട് സ്കൂളിലേയ്ക്കു കയറുന്ന അരുണയെ പ്രകാശേട്ടന്റെ തട്ടുകടയ്ക്കു വശത്തായി മറഞ്ഞുനിന്നുകൊണ്ട് ശ്യാം കൊതിയോടെ നോക്കിനിന്നു.ഇടയ്ക്കൊരുവേള അവള്‍ തിരിഞ്ഞുനോക്കിയതും വെപ്രാളത്തോടെ അവന്‍ പെട്ടന്ന് പുറകിലേയ്ക്കുമാറിക്കളഞ്ഞു.എത്ര നാളുകളായി താന്‍ അവളുടെ പുറകേ നടക്കുന്നുിത്രയും സുന്ദരനായ ഒരു ചെക്കന്‍ പുറകേ നടന്നിട്ടും അവള്‍ അല്‍പ്പം പോലും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ.തന്റെ വീട്ടിനടുത്ത് താമസിക്കുന്നതുകൊണ്ട് നേരിട്ട് സംസാരിക്കുവാന്‍ ഒരു പേടിയുണ്ട്.അവളെങ്ങാനും അഛനോടു പറഞ്ഞാല്‍...അവള്‍ക്ക് തന്നെക്കുറിച്ച് എന്തായിരിക്കും അഭിപ്രായം.താന്‍ ഒളിച്ചുനിന്നു നോക്കുന്നത് അവള്‍ കണ്ടുകാണുമോ...ഹേയ്..അതിനുമുമ്പേ താന്‍ ഒളിച്ചില്ലേ..കണ്ടുകാണില്ല.

സ്വയം പറഞ്ഞു സമാധാനിച്ചുകൊണ്ടവന്‍ ബസ്റ്റോപ്പിലേയ്ക്കു നടന്നു.ബിനോജ് ചിരിച്ചുകൊണ്ടവിടെ നില്‍പ്പൊണ്ട്.അവനു ചിരിച്ചാല്‍ മതിയല്ലോ.എങ്ങിനെയെങ്കിലും അരുണയുടെ ഇഷ്ടം പിടിച്ചുപറ്റാനായി താന്‍ ‍പെടാപ്പാടുപെടുന്നത് അവനുണ്ടോ മനസ്സിലാക്കുന്നു.

"എന്തളിയാ.ഇന്നെങ്കിലും അവളു നിന്നെയൊന്നു നോക്കിയോ.അതു പതിവുപോലെ ഒറ്റക്കമ്പി നാദം തന്നെയായിരുന്നോ". ചുണ്ടുകള്‍ വക്രിച്ചുകൊണ്ട് ബിനോ ശ്യാമിനോടു ചോദിച്ചു.

"നീ നോക്കിക്കോ.ഒരു ദിവസം ഞാനവളുമായി നിന്റെ മുമ്പില്‍ വരും.ഞങ്ങളു രണ്ടുപേരും ചുറ്റിയടിച്ചിട്ട് ബേക്കറിയിലൊക്കെ കയറി ഐസ്ക്രീമും മറ്റും കഴിക്കുന്നത് കണ്ട് നീ കണ്ണുതള്ളും".

"അതേയതെ.തള്ളിയതു തന്നെമെന്തു നല്ല നടക്കാത്ത സ്വപ്നങ്ങള്‍.ഇപ്പോത്തന്നെ സമയം കഴിഞ്ഞു.ഫസ്റ്റ് പിര്യേഡ് തുമ്പിയാണു.കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് ഇന്നു തരുമെന്നാണു തോന്നുന്നത്.ഇന്നാ തുമ്പി എന്തെല്ലാം കാട്ടുമോ ആവോ". ആവലാതിപ്പെട്ടുകൊണ്ട് അവന്‍ ബസ്സു വരുന്നുണ്ടോ എന്നു നോക്കി നിന്നു.

ബസ്സിലെ തിരക്കില്‍ ആടിയുലഞ്ഞുനില്‍ക്കുമ്പോഴും ശ്യാമിന്റെ മനസ്സില്‍ അരുണയുടെ രൂപം മാത്രമായിരുന്നു.വര്‍ഷയുടെ സഹായം തേടിയാലോയെന്നു പലപ്പോഴും ആലോചിച്ചതാണ്.പക്ഷേ അതു ശരിയാവില്ല.അനുജത്തിയാണെന്നൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.തനിയ്ക്കെങ്ങിനെ അച്ഛന്റെ കയ്യില്‍ നിന്നും പെട വാങ്ങിത്തരാമെന്നു തലപുകച്ചാലോചിച്ചുകൊണ്ടാണവള്‍ നടക്കുന്നതു തന്നെ.ഈ കൊല്ലം എസ് എസ് എല്‍ സി പാസ്സായില്ലെങ്കില്‍ തന്നെ കൊന്ന് തോലുരിച്ചെടുക്കുമെന്നു അച്ഛന്റെ വാര്‍ണിംഗുള്ളതാണ്.എങ്ങിനെയെങ്കിലും പാസ്സായേ പറ്റൂ.പക്ഷേ പുസ്തകം തുറന്നാലുടനെ അരുണയുടെ മുഖമങ്ങിനെ തെളിയുകയല്ലേ.അവളുടെ സുന്ദരമായ ചിരി തന്നെ ഒരു ഹര്‍ഷോന്മാദത്തിലാഴ്ത്തുമ്പോള്‍ എങ്ങിനെ പഠിക്കുവാനാണ്.വൈകിട്ട് ചിലപ്പോള്‍ വര്‍ഷയുമൊരുമിച്ചവള്‍ വീട്ടിലെത്തുമ്പോള്‍ തന്റെ ചങ്കു പിടയ്ക്കുന്നതവളറിയുന്നുണ്ടാവുമോ.ചിലപ്പോള്‍ അവള്‍ തന്നെ നോക്കി ഒന്നു പുഞ്ചിരിക്കാറുണ്ട്.അതാണ് തന്റെ പ്രതീക്ഷയും.

ബസ്സില്‍ നിന്നുമിറങ്ങി പാരലല്‍ കോളേജിലേയ്ക്കു നടക്കുമ്പോള്‍ ഒരു അണ്ണനും ചേച്ചിയും മുട്ടിയുരുമ്മി വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്നതുകണ്ടപ്പോള്‍ ശ്യാം കൊതിയോടെ അവരെ നോക്കി നിന്നു.അവനില്‍ നിന്നും ഒരു നെടുവീര്‍പ്പിന്റെ ശബ്ദമുയര്‍ന്നു.

"എന്റളിയാ എന്തിനാടാ നോക്കി കൊതിപെടുന്നത്.നീ ധൈര്യമായിട്ടവളോടു പറ.നിനക്കവളെയിഷ്ടമാണെന്നു.എനിക്കു തോന്നുന്നത്.അവള്‍ക്കു നിന്നെ ഇഷ്ടമാണെന്നാണ്.പിന്നെ നീ ഒന്നും പറയാത്തതുകൊണ്ട് അവള്‍ അകലം നടിയ്ക്കുന്നതാണ്"

ശ്യാമിനൊപ്പം നടന്നെത്തിക്കൊണ്ട് ബിനോ പറഞ്ഞു.

"നിനക്കറിയില്ലെടാ.അവളെങ്ങാനും ആരോടെങ്കിലും പറഞ്ഞാല്‍.എന്തിനു വര്‍ഷയൊട്ടറിഞ്ഞാലും മതി.പിന്നത്തെ കാര്യം പറയണ്ട.മാനം പോകുന്നതുമാത്രമല്ല അച്ഛെനെന്നെ തല്ലിക്കൊല്ലും."

"പേടിച്ചുതൂറി.എടാ കൊറച്ചൊക്കെ ധൈര്യം വേണം.നീ ആദ്യം അവളോട് പേടികൂടാതെ കാര്യം പറ.അവള്‍ക്കിഷ്ടമില്ലെങ്കില്‍ തുറന്നു പറയണമെന്നും മേലില്‍ ഒരു ശല്യവും നിന്റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും പറയണം.മാത്രമല്ല ഇക്കാര്യം മറ്റാരുമറിയരുതെന്നും പറയണം.ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം"

"സംഭവമൊക്കെ ശരിതന്നെ.പക്ഷേ അവളോടെങ്ങിനെ എവിടെ വച്ചു പറയും".ശ്യാമിന്റെ ശബ്ദത്തില്‍ ചെറിയ പതര്‍ച്ച വന്നു

"എടാ കോപ്പേ നിന്റെ അനുജത്തിയുടെ അടുത്ത കൂട്ടുകാരിയല്ലേയവള്‍.എപ്പോഴെങ്കിലും നിന്റെ വീട്ടിലവള്‍ വരുമല്ലോ.അപ്പോള്‍ പറയണം".

രണ്ടുപേരും സംസാരിച്ചുകൊണ്ട് കോളേജിനകത്തേയ്ക്കു കയറി.മുഷിപ്പിക്കുന്ന ക്ലാസ്സിലിരിക്കുമ്പോള്‍ ശ്യാമിന്റെ മനസ്സില്‍ അരുണയോടെങ്ങിനെ സംസാരിച്ചുതുടങ്ങുമെന്നതിനെക്കുറിച്ചുള്ള പ്ലാനുകള്‍ വികസിക്കുകയായിരുന്നു.തുമ്പി ടെസ്റ്റ് പേപ്പറിന്റെ റിസള്‍ട്ട് നള്‍കിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശ്യാമായിരുന്നു ഏറ്റവും കുറച്ച് മാര്‍ക്കു വാങ്ങിയത്.അതിനവനു നല്ലതല്ല് കിട്ടുകയും ചെയ്തു.പക്ഷേ അന്നെന്തോ അവന് അടിയുടെ വേദന അനുഭവപ്പെട്ടില്ല.ക്ലാസ്സുകഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിനടുത്തെ മൈതാനത്തില്‍ കൊറച്ചുനേരം ക്രിക്കറ്റൊക്കെക്കളിച്ച് വീട്ടിലെത്തിയ അവന്‍ കണ്ടത് അരുണയും വര്‍ഷയും കൂടിയിരുന്നു വര്‍ത്തമാനം പറയുന്നതാണ്.അവന്റെ മെലാകെ ഒരു തരിപ്പു പടര്‍ന്നുകയറി.വീട്ടില്‍ അച്ഛനുമമ്മയുമുള്ള ലക്ഷണമില്ല.

"എടീ അമ്മയെന്ത്യേ"

വലിയ ഗൌരവത്തിലവന്‍ വര്‍ഷയോട് വിളിച്ചു ചോദിച്ചു.

"അമ്മ താഴെത്തൊടിയിലെ രമച്ചേച്ചിയുടെ കല്യാണത്തിനു പോയിരിക്കുവാ"

ഭാഗ്യം.ദൈവമായി തനിയ്ക്കൊരു അവസരമൊരുക്കിത്തരുകയാണല്ലോ.

"വര്‍ഷേ നീയെനിയ്ക്കിച്ചിരി ചായയിട്ടുതന്നേ".വാതില്‍ക്കല്‍ നിന്നുകൊണ്ടവന്‍ പറഞ്ഞു.അരുണ ഏതോ മാസിക മറിച്ചുനോക്കിക്കൊണ്ടിരിക്കുവാണു.എന്തോ പിറുപിറുത്തുകൊണ്ട് വര്‍ഷ അടുക്കളയിലേയ്ക്കു പോയി.താന്‍ ആഗ്രഹിച്ച നിമിഷം ഇതാ വന്നിരിക്കുന്നു.അവന്‍ മെല്ലെ ആ മുറിയിലേയ്ക്കു കയറി.ശരീരത്തിനു ചെറിയ വിറയലനുഭവപ്പെടുന്നുണ്ടോ.അവനൊന്നു മുരടനക്കി.തലയുയര്‍ത്തി അരുണ അവനെ ചോദ്യഭാവത്തില്‍ നോക്കി.എന്തോ പറയുവാനായി അവന്റെ നാവ് തുടിച്ചു.പക്ഷേ വാക്കുകള്‍ പുറത്തുവരാതെയവന്‍ നിസ്സഹായനെപ്പോലെ നിന്നു.

"എന്താ ശ്യാം.എന്നോടെന്തെങ്കിലും പറയാനുണ്ടോ"

അവന്റെയാ നില്‍പ്പും ഭാവവുമൊക്കെ ശ്രദ്ധിച്ച അരുണ സാവധാനം ചോദിച്ചു.

"അതു പിന്നെ..ഞാന്‍..എനിയ്ക്ക്.." വാക്കുകള്‍ കിട്ടാതെ അവന്‍ പതറി

"എന്തായാലും പറയൂ ശ്യാം" അവന്റെ നേരെ നോക്കിക്കൊണ്ട് അരുണ കസേരയില്‍നിന്നെഴുന്നേറ്റു.
ഒരുനിമിഷം അറച്ചുനിന്ന അവന്‍ നടന്നുചെന്ന് മേശമേലിരുന്ന വെള്ളമെടുത്ത് കുടിച്ചിട്ട് അരുണയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.ആ കണ്ണുകളില്‍ രണ്ടു നക്ഷ്ത്രങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു.

"ഞാന്‍... എനിയ്ക്കു ....ഞാനെന്തെങ്കിലും മോശമായി അരുണയോടു കാട്ടിയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.ഇനിയങ്ങിനെയൊന്നുമുണ്ടാവില്ല".എങ്ങിനെയോ പറഞ്ഞൊപ്പിച്ചിട്ടവന്‍ ഒരു നിമിഷം തലകുനിച്ചു നിന്നു.അന്തം വിട്ടു നില്‍ക്കുന്ന അരുണയെ ഒന്നു പാളിനോക്കിയിട്ടവനന്‍‍ പെട്ടന്ന് മുറിയില്‍ നിന്നും പുറത്തുകടന്നു.വാതില്ക്കല്‍ ഒന്നും മനസ്സിലാവാതെ നില്‍ക്കുന്ന വര്‍ഷയെ നേരിടാതെ തലയും കുനിച്ചവന്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു.കട്ടിലില്‍ നീണ്ടുനിവര്‍ന്നുകിടക്കുമ്പോള്‍ അവനുതന്നെയറിയില്ലായിരുന്നു താനെന്താണു കാട്ടിയതെന്നു.

"എന്താണളിയാ ഒരു വല്ലായ്മപോലെ"

പിറ്റേന്നു രാവിലെ ക്ലാസ്സില്‍ വച്ചു ബിനോ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞവനൊഴിഞ്ഞുമാറി.അവന്റെ മനസ്സാകെ കലുഷിതമായിരുന്നു.ക്ലാസ്സില്‍ നടക്കുന്നതൊന്നും അവന്റെ മനസ്സില്‍ പതിയുന്നുണ്ടായിരുന്നില്ല.മനസ്സെവിടെയോ കൈമോശം വന്നുപോയിരിക്കുന്നു.

"ഈ ചെക്കനെന്നാ പറ്റി.ഒന്നും തിന്നേം വേണ്ടേ"

രാത്രി അത്താഴം കഴിച്ചെന്നു വരുത്തി അവനെഴുന്നേറ്റപ്പോള്‍ അമ്മ അത്ഭുതം കൂറി.വര്‍ഷ ഒന്നും മിണ്ടാതെ ആഹാരം കഴിച്ചുകൊണ്ടിരുന്നു.ആരോ മുറിയിലേയ്ക്കു കയറിയതായി തോന്നിയ ശ്യാം കട്ടിലില്‍ കിടന്നുകൊണ്ട് തലതിരിച്ചു നോക്കി.വര്‍ഷയാണ്.അവനടുത്തേയ്ക്കു നടന്നുവന്ന അവള്‍ ഒരു നിമിഷം അവനെത്തന്നെ നോക്കിനിന്നശേഷം കയ്യില്‍ ഒത്തുക്കിപ്പിടിച്ചിരുന്ന കടലാസുകഷണം അവന്റെ കയ്യില്‍ പിടിപ്പിച്ചിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയി.ചാടിയെഴുന്നേറ്റ ശ്യാം ടേബില്‍ ലാമ്പ് ഓണ്‍ ചെയ്തു ആ കടലാസുകഷണം നിവര്‍ത്തി വായിച്ചു....

ഒന്നല്ല ഒരായിരം പ്രാവശ്യം..........


ശ്രീക്കുട്ടന്‍

Thursday, January 13, 2011

നഷ്ടപ്പെട്ടുപോയത്

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും യദുവിന്റെ മനസ്സില്‍ ജിസയുടെ ചിത്രം തന്നെയായിരുന്നു.അവളെന്തിനായിരിക്കും ഇത്രയേറെ സങ്കടപ്പെടുന്നത്. അപൂര്‍വ്വമായേ അവളുടെ മുഖത്ത് ചിരി പ്രത്യക്ഷപ്പെടാറുള്ളു.എന്തോ കാര്യമായ പ്രശ്നം അവളെ അലട്ടുന്നുണ്ട്.പക്ഷേ ഒരിക്കലുമവള്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല.ഒരേ ഓഫീസില്‍ കഴിഞ്ഞ ആറുമാസമായി വര്‍ക്കു ചെയ്തിട്ടും തനിക്ക് ജിസയെക്കുറിച്ച് എന്താണറിവുള്ളത്.ആകെ അറിയാവുന്നത് ജിസയെന്നൊരു പേരു മാത്രം.മറ്റുള്ളവര്‍ക്കുമതേ.കാര്യമായ അറിവൊന്നുമില്ല.ശ്യാമയോടു ചിലപ്പോഴൊക്കെ സംസാരിച്ചിരിക്കുന്നതു കാണാം.അവളും ഒരു ടൈപ്പ് തന്നെ.ജിസയെക്കുറിച്ച് കൂടുതലറിയണമെന്നു കരുതി അടുക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ അകലം പാലിക്കുകയാണു. കണ്ടുമുട്ടിയ ആ നിമിഷം മുതല്‍ എന്തോ ഒരു വല്ലാത്ത ഇഷ്ടം അവളോട് തോന്നിപ്പോയി.തന്റെ ജീവിതത്തിലേയ്ക്കു കൈപിടിച്ചുചേര്‍ക്കണമെന്നു ഉല്‍ക്കടമായ ആഗ്രഹവുമുണ്ട്.പക്ഷേ ജിസയെ നോക്കി ഒന്നും ചോദിയ്ക്കാനുള്ള ധൈര്യം കിട്ടുന്നില്ല.

ഒരു സിഗററ്റെടുത്ത് കത്തിച്ചുകൊണ്ട് കതകു തുറന്ന് യദുകൃഷ്ണന്‍ പുറത്തേയ്ക്കിറങ്ങി.ശരീരത്തിലാകെ ഒരു കുളിരു പടരുന്നതുപോലെ.തെളിഞ്ഞ ആകാശവും നോക്കി സിഗററ്റുപുകച്ചുനില്‍ക്കുമ്പോള്‍ വീണ്ടുമവന്റെ ചിന്ത ജിസയെക്കുറിച്ചായി.ഇന്നു രാവിലെ എന്തിനായിരിക്കും അവള്‍ കരഞ്ഞത്.വെറുതെ തിരിഞ്ഞുനോക്കിയപ്പോള്‍ തൂവാലകൊണ്ട് നിറഞ്ഞ മിഴികളൊപ്പുന്ന ജിസയെയാണു താന്‍ കണ്ടത്.എന്തുകൊണ്ടോ മനസ്സില്‍ ഒരു തീക്കനല്‍ വീണതുപോലെയാണു തനിയ്ക്കനുഭവപ്പെട്ടത്.ഒന്നും ചോദിയ്ക്കുവാന്‍ തനിക്കു തോന്നിയില്ല.അവളതു ഇഷ്ടപ്പെടുകയുമില്ല.കുറച്ചുകഴിഞ്ഞ് മുഖം കഴുകിയിട്ടു വന്നു തന്റെ ജോലി തുടരുന്ന ജിസയെ അതിശയത്തോടെയാണല്ലോ താന്‍ നോക്കിയത്.അവളെ വിവാഹം കഴിയ്ക്കുവാന്‍ തനിയ്ക്കു താല്‍പ്പര്യമുണ്ടെന്നു ശ്യാമ മുഖന്തിരം അറിയിച്ചതും അവളത് നിഷ്ക്കരുണം തള്ളിക്കളഞ്ഞതും തനിയ്ക്കെത്രമാത്രം വേദനയാണുണ്ടാക്കിയത്.തനിയ്ക്കെന്തായിരുന്നു ഒരു കുറവ്.നല്ല ജോലി,സുന്ദരന്‍,തെറ്റില്ലാത്ത സാമ്പത്തികാടിത്തറയുണ്ട് മാത്രമല്ല യാതൊരുവിധ ചീത്തശീലങ്ങളുമില്ല.വല്ലപ്പോഴും മാത്രമാണ് ഒരു സിഗററ്റ് വലിയ്ക്കുന്നത്.എന്നിട്ടും..

ഒരു സിഗററ്റ് കൂടി കൊളുത്തിക്കൊണ്ട് യദു തന്റെ ചിന്താലോകത്തിലേയ്ക്കു മടങ്ങി.നിമയെ വിവാഹം കഴിപ്പിച്ചയതിനുശേഷം അമ്മ ഉത്സാഹപൂര്‍വ്വം തനിയ്ക്കുവേണ്ടി ആലോചിച്ചുതുടങ്ങിയതാണു.എത്ര കുട്ടികളെകണ്ടിരിക്കുന്നു.പക്ഷേ ഒന്നും തനിയ്ക്കു മനസ്സിനിഷ്ടപ്പെട്ടില്ല.തന്റെ സ്വപ്നത്തില്‍ വന്നു തന്നെ കൊതിപ്പിക്കുന്ന വളരെയേറെ തലമുടിയുള്ള വെളുത്ത് കൊളുന്നനെയുള്ള ആ മുഖം ആരിലും തനിയ്ക്കു കണ്ടെത്താനായില്ലല്ലോ.ഒടുവില്‍ എപ്പോഴെങ്കിലും നിനക്കു തോന്നുന്നെങ്കില്‍ നിനക്കിഷ്ടപ്പെട്ട ആരെ വേണേലും കൊണ്ടുവന്നുകൊള്ളാന്‍ പറഞ്ഞുകൊണ്ട് അമ്മ തനിയ്ക്കു പെണ്ണന്യോഷിയ്ക്കുന്നത് നിര്‍ത്തി.ഈ ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോഴാണു തന്റെ സ്വപ്നത്തില്‍ വരാറുള്ള ആ രൂപം താന്‍ കണ്ടത്.ആദ്യ ദര്‍ശനാനുരാഗം എന്നെല്ലം വെറുതേ പറയുന്നതല്ല.താനതനുഭവിച്ചതാണ്.

ജിസയെ ആദ്യം കണ്ടപ്പോള്‍ വിവാഹിതയായിരിക്കുമോ എന്നു ഭയന്നതാണ്. കല്യാണം കഴിഞ്ഞിട്ടില്ലെന്നു പിന്നീട് ശ്യാമ പറഞ്ഞറിഞ്ഞപ്പോഴാനൊരു സമാധാനമായത്.പത്തിരുപത്തഞ്ച് വയസ്സയിട്ടും കല്യാണം കഴിയ്ക്കാത്തതെന്തായിരിക്കുമെന്നു മനസ്സിനുള്ളില്‍ ഒരു സന്ദേഹം തോന്നതിരുന്നില്ല.ഒരു പക്ഷേ ദൈവം തനിയ്ക്കായി കാത്തു വച്ചിരുന്നതാകാം.എന്തു തന്നെ വന്നാലും ഇനിയും കാത്തിരിയ്ക്കാതെ അവളോട് തന്റെ ഇഷ്ടം നേരിട്ടറിയിക്കണം.നാട്ടില്‍ നിന്നും അമ്മയെകൊണ്ടുവന്നു ജിസയെകാണിയ്ക്കണം.അമ്മയ്ക്കിഷ്ടപ്പെടാതിരിയ്ക്കില്ല.ചിലപ്പോള്‍ അമ്മ വന്നുകണ്ടു സംസാരിക്കുമ്പോള്‍ ജിസയ്ക്കു തന്നെക്കുറിച്ചുള്ള അഭിപ്രായം മാറിയാലോ.അങ്ങിനെ ചെയ്യാന്‍ ഇനി താമസിക്കരുതെന്നു കരുതിക്കൊണ്ട് യദു മുറിയിലേയ്ക്കുകയറി പുതപ്പിനടിയിലേയ്ക്കു ചുരുണ്ടുകയറി.അവന്റെ കണ്ണുകള്‍ പതിയെയടയാനാരംഭിച്ചപ്പോള്‍ ആ മനോഹരരൂപം അവന്റെ ഉള്ളത്തിലേയ്ക്കു തെളിഞ്ഞുവരാനാരംഭിച്ചു.അതിനു ജിസയുടെ മുഖഛായയായിരുന്നു.

അവധികഴിഞ്ഞ് പതിവുപോലെ ഓഫീസിലെത്തിയ യദു ജിസയുടെ ഇരിപ്പിടത്തിലേയ്ക്കു പാളി നോക്കി.വന്നിട്ടില്ല.എന്തുപറ്റിയതായിരിക്കും.സാധാരണ താനെത്തുമ്മുമ്പേ വരുന്നതാണല്ലോ.സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.അന്നു ജിസ വന്നില്ല.ഒരു നിര്‍വ്വികാരമായ ഭാവത്തോടെ യദു ജോലികള്‍ ചെയ്തുകൊണ്ടിരുന്നു.പിറ്റേന്നും അവള്‍ വന്നിട്ടുണ്ടായിരുന്നില്ല.ഉച്ചയായപ്പോള്‍ അവന്‍ ശ്യാമയുടെ അടുത്തു ചെന്നു ജിസയെക്കുറിച്ചന്യോഷിച്ചു.എന്നാല്‍ അവള്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല.മൂന്നാം നാള്‍ ഓഫീസിലെത്തിയപ്പോള്‍ പതിവുപോലെ ആദ്യം കണ്ണുകള്‍ ചെന്നത് ജിസയുടെ ഇരിപ്പിടത്തിലേയ്ക്കായിരുന്നു.അവിടത്തെ ശൂന്യത തന്റെ മനസ്സിലും പടരുന്നത് യദു വേദനയോടെ മനസ്സിലാക്കി.സീറ്റിലിരുന്നതും ശ്യാമ വല്ലാത്ത ഭാവത്തോടെ അവന്റെ മുന്നിലെത്തി.കയ്യിലിരുന്ന പത്രം അവന്റെ നേരെ നീട്ടി.ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തുനോക്കിയ യദു പത്രം വാങ്ങി നിവര്‍ത്തിനോക്കി.മൂന്നാം പേജില്‍ മധ്യഭാഗത്തായി വലിയ തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ഒരു വാര്‍ത്തയും കൂടെകൊടുത്തിരിയ്ക്കുന്ന ചിത്രവും ശ്യാമ തൊട്ടുകാണിച്ചുതന്നു.

"രണ്ടാനച്ഛനെ യുവതി വെട്ടിക്കൊലപ്പെടുത്തി"
ഈരാറ്റുപേട്ട:തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ടാനച്ഛനെ യുവതി വെട്ടിക്കൊലപ്പെടുത്തി.വളരെനാളുകളായി രണ്ടാനന്ന്റെ ഉപദ്രവം സഹിയ്ക്കാനാവാതെ യുവതി പട്ടനത്തില്‍ ഒരു ബന്ധുവിനൊപ്പം രഹസ്യമായി താമസിക്കുകയായിരുന്നു.താന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ അമ്മയെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത വാര്‍ത്തയറിഞ്ഞ് രണ്ടുദിവസം മുമ്പാണു ജിസയെന്ന യുവതി അമ്മയെകാണാനായി ജോലിസ്ഥലത്തുനിന്നും വന്നത്.മദ്യപിച്ചെത്തിയ രണ്ടാനച്ഛന്‍ രാത്രി യുവതിയെ ഉപദ്രവിയ്ക്കുകയായിരുന്നു.സഹികെട്ട യുവതി കയ്യില്‍ കിട്ടിയ വെട്ടുകത്തിഉപയോഗിച്ചു അയാളെ വെട്ടുകയായിരുന്നു.ഇയാള്‍ മുന്‍പും നിരവധി തവണ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ടെന്നു എസ് ഐ പറയുകയുണ്ടായി


പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി യദു ശ്യാമയെ നോക്കി.ദയനീയമായ ഒരു ഭാവം കലര്‍ന്നിരുന്നു ആ നോട്ടത്തില്‍.എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കുറച്ചുസമയമിരുന്നശേഷം ആരോടും ഒന്നും പറയാതെ അയാള്‍ പുറത്തേയ്ക്കിറങ്ങിനടന്നു.ഇത്രയേറെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ചുവച്ചിരുന്നുവോ ജിസ.ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട് ഒരു അപ്പുപ്പന്‍ താടി കണക്കെ യദു നടന്നുകൊണ്ടിരുന്നു. ഇരമ്പിക്കൊണ്ട് ബ്രേക്കിടുന്ന വാഹനങ്ങളുടെ അലര്‍ച്ചയൊന്നും അവന്റെ കാതില്‍ പതിച്ചില്ല.യാന്ത്രികമായി അവന്‍ നടന്നുചെന്നുകയറിയത് അരണ്ടവെളിച്ചത്തില്‍ പതഞ്ഞുനിറയുന്ന ഗ്ലാസ്സുകള്‍ക്കിടയിലേയ്ക്കായിരുന്നു.ആദ്യമായി ലഹരിയുടെ ബോധക്കേടിലേയ്ക്കവന്റെ മനസ്സാണ്ടുപോയി.എപ്പോഴാണു റൂമിലെത്തിയെതെന്നോ ആരാണെത്തിച്ചതെന്നോ ഒന്നും അവനോര്‍മ്മയുണ്ടായിരുന്നില്ല.അന്നു രാത്രി അവന്‍ സ്വപനങ്ങളൊന്നും കണ്ടില്ല.
പിന്നീടൊരിക്കലും..................................

ശ്രീക്കുട്ടന്‍

Tuesday, January 11, 2011

സ്വാമിയേ ശരണമയ്യപ്പാ...

1998 ലെ ഒരു മണ്ഡല മകരവിളക്കു കാലം.സമയം എട്ടുമണിയോടടുക്കുന്നു.നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും വയറുനിറയെ കഴിച്ച് ഏമ്പക്കവും വിട്ട് രമേഷിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ഭജനസംഘം വീണ്ടും ഭജനമാരംഭിക്കുവാന്‍ തുടങ്ങി.രാജീവും അനന്തിരവളും പിന്നെ അവന്റെ മാമനും ഇന്നാണു മലയ്ക്കു പോകുന്നതു.ഞങ്ങളുടെ ഭജനടീമിലെ ഒരു പാട്ടുകാരനായിരുന്നതുകൊണ്ട് രാജീവിന്റെ വീട്ടില്‍ അന്നു ഫ്രീയായാണു ഞങ്ങള്‍ ഭജനമവതരിപ്പിച്ചത്.പറയാന്‍ മറന്നുപോയി. രമേഷ്,രാജീവ്,ഞാന്‍ പിന്നെ എന്റെ അനുജന്‍ എന്നിവരാണു സംഘത്തിലെ പ്രധാന പാട്ടുകാര്‍.ഡോലക്ക് തബല, മദ്ദളം എന്നിവയുടെ അതേ ഉപയോഗം)കൊട്ടുന്നതില്‍ കേമനാണ് രാജീവ്.ഈ കക്ഷിയല്ല ആദ്യം പറഞ്ഞ രാജീവ്.ബഹുമാനസൂചകമായി നമുക്ക് ഇദ്ദേഹത്തെ "തപ്പി രാജീവ്" എന്നു വിളിക്കാം.പിന്നെയുള്ളത് ബാബു.ഇദ്ദേഹവും ഡോലക്ക് പ്രയോഗത്തില്‍ ചെറുവിരുതന്‍ തന്നെ.പിന്നെ കൈമണികിലുക്കാനും കുടത്തില്‍ താളമിടാനും വേറെയും ആള്‍ക്കാരുണ്ട്.സജീവിന്റെ കയ്യിലാണു പഴയപാട്ടുകളുടെ കളക്ഷനുള്ളത്.പുതിയ റിക്കോര്‍ഡ് ഭക്തിഗാനങ്ങളെക്കാളും ആള്‍ക്കാര്‍ക്കിഷ്ടം ഈ പഴയ പാട്ടുകള്‍ കേള്‍ക്കാനാണ്.സജീവിന്റെ ഡയറിയിലെ ആ പാട്ടുകള്‍ തെറ്റാതെ വായിച്ചു പാടണമെങ്കില്‍ ചില്ലറ അഭ്യാസമൊന്നും കാണിച്ചാല്‍ പോര.നല്ല കയ്യക്ഷരവും പിന്നെ തെറ്റില്ലാത്ത എഴുത്തും.....

"ശങ്കരാ നാദസരീരാപരാ.....

കര്‍ണ്ണാനന്ദകരമായ ശബ്ദത്തില്‍ രമേശ് തകര്‍ക്കുകയാണ്.കേള്‍വിക്കാരായി ഭജനപ്പന്തലിനുചുറ്റും ധാരാളം പേരുണ്ട്.അമ്മുമ്മമാരൊക്കെ തലയുമാട്ടി ആസ്വദിച്ചു കേള്‍ക്കുന്നു.അല്‍പ്പം അസൂയയോടെ ഞാന്‍ രമേശിനെയൊന്നു നോക്കി.എനിക്കുമൊരു ഗംഭീരന്‍ പാട്ടു പാടണം.ഞാന്‍ ഒരു നല്ല പാട്ട് സെലക്ട്ചെയ്തു വച്ചു.തപ്പി രാജീവ് ഡോലക്കടിച്ചു തകര്‍ക്കുന്നുണ്ട്.തലയാട്ടിക്കൊണ്ട് കുടത്തില്‍ താളമിടുകയാണു സജീവ്.

പന്തലിന്റെ ഒരു കോര്‍ണറിലായി ഭാനുവണ്ണനും അശോകണ്ണനുമൊക്കെ നില്‍ക്കുന്നുണ്ട്.അവര്‍ ചെറുതായി ആടുന്നുമുണ്ട്.വയലിന്റെ തൊട്ടു താഴെ ഭാഗത്തായുള്ള തുളസിയണ്ണന്റെ വാറ്റുകേന്ദ്രത്തില്‍ നിന്നും ചെറുതായി മിനുങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.നാണുഗുരുസ്വാമി കെട്ടുനിറയ്ക്കുന്നതൊക്കെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവരുടേതായ ചില കമെന്റുകള്‍ പാസ്സാക്കുകയും ചെയ്യുന്നുണ്ട്.

ഏലാപ്പുറത്തെ ഫേമസായ(?) ഗുരുസ്വാമിയാണ് നാണു ഗുരുസ്വാമി.വൃശ്ഛികമാസം ആരംഭിച്ചുകഴിഞ്ഞാല്‍ ആശാനു കോളാണു.വര്‍ഷം മുഴുവന്‍ ശബരിമലതീര്‍ഥാടനം വേണമെന്ന അഭിപ്രായക്കാരനും കൂടിയാണു ആശാന്‍.പുള്ളിക്കാരന്റെ കെട്ടുനിറ ഒരു കാണേണ്ട കാഴ്ച തന്നെയാണു.വളരെയേറെ സമയമെടുത്ത് ഇരുമുടിക്കെട്ടെല്ലാം കെട്ടിതീര്‍ന്നു സമയവും സാഹചര്യവും നോക്കി ഇഷ്ടന്‍ ചിലപ്പോല്‍ ചില അഭ്യാസങ്ങളൊക്കെ കാണിച്ചുകളയും.ബാധ കയറിയതുപോലെയുള്ള തുള്ളലും അനുഗ്രഹവര്‍ഷവുമൊക്കെ പതിവാണു.ഭക്തശിരോമണികളായ അമ്മുമ്മമാരും അപ്പുപ്പമ്മാരും ഭയഭക്തിബഹുമാനങ്ങളോടെ കണ്ണുമടച്ചു കൈകൂപ്പി പ്രാര്‍ഥിച്ചു നില്‍ക്കും.എന്നാല്‍ സ്വാമിയുടെ പ്രകടനങ്ങള്‍ വെറും "പട"മാണെന്ന അഭിപ്രായക്കാരനായിരുന്നു ഭാനുവണ്ണനും മറ്റും.ഒക്കുമെങ്കില്‍ ഇയാളെ ഒന്നു മക്കാറാക്കണമെന്നും കരുതി നടക്കുകയാണവര്‍.

രമേശ് പാടി നിര്‍ത്തിയതും ഞാന്‍ എന്റെ ഇഷ്ടപ്പെട്ട ഗാനം പാടുവാനായി മൈക്ക് കയ്യിലെടുത്തു.എന്റെ സകലകഴിവും പുറത്തെടുത്ത് ഞാന്‍ എന്നെക്കൊണ്ടാവുന്ന രീതിയില്‍ പാട്ടാരംഭിച്ചു.ആരോഹണത്തിലെപ്പോഴോ ഞാന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ നമ്മുടെ ഭാസി ആടിയാടി നില്‍ക്കുന്നു.ഭാസിയും പാട്ടൊക്കെ പാടും.ഒരു പാട്ട് പാടിതീര്‍ക്കുവാന്‍ മിനിമം ഇരുപതു മിനിട്ടെങ്കിലും വേണമെന്നു മാത്രം.പുള്ളിയുടെ ചില നീട്ടുകള്‍....ദൈവമേ...പാട്ടുപാടാനുള്ള തയ്യാറെടുപ്പോടെ ഭാസി ഞങ്ങളുടെ ഇടയില്‍ കയറിയിരുന്നു.പട്ടയുടെ നല്ല രൂക്ഷഗന്ധം.ഞാന്‍ നിര്‍ത്തിയതും മൈക്ക് കൈക്കലാക്കി ഭാസി തന്റെ തൊണ്ടയൊന്നു ക്ലിയര്‍ ചെയ്തു.അത്യുഗ്രനൊരു ശബ്ദത്തോടെ തന്റെ ഏറ്റവും പ്രീയപ്പെട്ട പഴയപാട്ടുകളിലൊന്നാരംഭിച്ചു.സത്യത്തില്‍ അടുത്തിരുന്ന ഞാന്‍ തെറിച്ചുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.പാട്ടിന്റെ ഇടയ്ക്കെപ്പോഴോ ഭാസി തന്റെ ഫേമസായ നീട്ടാരംഭിച്ചു.

"അയ്യപ്പനാനന്ദ കാമമാണോ..............................................................

പാട്ടു കേട്ടിരുന്ന ചിലര്‍ ഒന്നു നെറ്റിചുളിച്ചു.രമേശും സജീവുമെല്ലാം പരസ്പ്പരം നോക്കി.ഭാസി ഒന്നും സംഭവിക്കാത്തതുപോലെ പാട്ടിന്റെ നീട്ടില്‍ ലയിച്ചു കൈ നീട്ടിപ്പിടിച്ചുകൊണ്ടിരിക്കുകയാണു.

"അയ്യപ്പനാനന്ദ കാമധേനു" എന്നുള്ള വരിയാണ് ഭാസി മാറ്റിപ്പാടിയിരിക്കുന്നതു.സജീവിന്റെ എഴുത്ത് വായിച്ച് പാടിയപ്പോള്‍ സംഭവിച്ച അക്ഷരപ്പിശാശാണ്.ശരിയ്ക്കായിരുന്നെഴുതിയിരുന്നെങ്കിലും ചിലപ്പോള്‍ ഭാസി അങ്ങിനെ തന്നെ പാടിയേനേ.കണ്ടീഷന്‍ അത്ര നല്ലതല്ലായിരുന്നല്ലോ. ആടിയാടി നിന്നിരുന്ന ഭാനുവണ്ണന്‍ പെട്ടന്നു കര്‍മ്മനിരതനായി.

"നിര്‍ത്തെടാ നിന്റെയൊരു പാട്ട്.ആരെക്കെടാ കാമമെന്നു പറഞ്ഞത്"

അതൊരു ചോദ്യമായിരുന്നില്ല.അലര്‍ച്ചയായിരുന്നു.കൃത്യം ഈ സമയത്തു തന്നെയായിരുന്നു നാണുഗുരുസ്വാമിയെ ബാധകൂടിയതും.നിന്നയിടത്തുനിന്നും ഒന്നു വട്ടം കറങ്ങിക്കൊണ്ട് ഒരു വിറയലോടെ ഗുരുസ്വാമി തുള്ളലാരംഭിച്ചു.സ്വാമിയുടെ കറക്കത്തിന്റെ ഫലമായി കത്തിച്ചുവച്ചിരുന്ന ചെറിയ നിലവിളക്കു കെട്ടിയൊരുക്കിവച്ചിരുന്ന ഇരുമുടികെട്ടുകളുടെ മുകളിലേയ്ക്കു മറിഞ്ഞു.തീയാളിയപ്പോഴാണു എല്ലാപേരുടേയും കണ്ണിലതു പെട്ടതു.

"ഇയാക്കെന്തിന്റെ സൂക്കേടാണു.കെട്ടു മൊത്തം കത്തീയല്ലോ"

ദേക്ഷ്യപ്പെട്ടുപറഞ്ഞുകൊണ്ട് അശോകണ്ണന്‍ പന്തലിലേയ്ക്കു ചാടിക്കയറി തീയണയ്ച്ചു.ആള്‍ക്കാര്‍ പിറുപിറുക്കാനാരംഭിച്ചു.രംഗം പന്തിയല്ലെന്നു അകക്കണ്ണാല്‍ മണത്തറിഞ്ഞ ഗുരുസ്വാമി പെട്ടന്നു വെട്ടിയിട്ടതുപോലെ നിലത്തേയ്ക്കുവീണു തറയില്‍ കിടന്നു പിടയ്ക്കാനാരംഭിച്ചു.ഭാസിയുടെ നേരെ കയറാനായൊരുങ്ങിയ ഭാനുവണ്ണന്‍ ഗുരുസ്വാമിയുടെ അടുത്തേയ്ക്കു വന്നു.ഒരു വശം കത്തിക്കരിഞ്ഞ ഇരുമുടിക്കെട്ടിലേയ്ക്കു നോക്കിയ ഭാനുവണ്ണന്‍ ആകെ കലികയറിയമട്ടിലായി.ആശാന്‍ അശോകണ്ണനെ ഒന്നു നോക്കി.എന്തോ മനസ്സിലായതുപോലെ അശോകണ്ണന്‍ തലയാട്ടി.

"ബാധയൊഴിയാനായി കയ്യിലൊരു കര്‍പ്പൂരം കത്തിച്ചുവച്ചുകൊടുത്താല്‍ മതി"

പറഞ്ഞുതീര്‍ന്നതും ഒരുപിടി കര്‍പ്പൂരമെടുത്ത് കത്തിച്ചതും അശോകണ്ണന്‍ ഗുരുസ്വാമിയെ അമര്‍ത്തിപ്പിടിച്ചിട്ട് കൈ നിവര്‍ത്തിച്ചതും ഭാനുവണ്ണന്‍ അതു സ്വാമിയുടെ കൈകളില്‍ വച്ചതും എല്ലാം ഞൊടിയിടയിലായിരുന്നു.എല്ലാ വിറയലുമവസാനിപ്പിച്ചു ഒരലര്‍ച്ചയോടെ കൈകള്‍ കുടഞ്ഞുകൊണ്ട് ഗുരുസ്വാമി ചാടിപ്പിടഞ്ഞെഴുന്നേറ്റു.

"ദീപാരാധന കഴിഞ്ഞാല്‍ കര്‍പ്പൂരം കത്തിച്ചുകൂടെന്നറിഞ്ഞുകൂടേടാ ആര്‍ക്കും"

നീറ്റല്‍ സഹിക്കാനാവാതെ പൊള്ളിയ ഉള്ളം കൈയില്‍ ഊതിയാറ്റിക്കൊണ്ട് ആരോടെന്നില്ലാതെ ഗുരുസ്വാമി ഉറക്കെ വിളിച്ചു ചോദിച്ചു.അതു കേള്‍ക്കാന്‍ നില്‍ക്കാതെ ഭാനുവണ്ണനും അശോകണ്ണനും സ്കൂട്ടായിരുന്നു.

വാല്‍: അവസാനമുണ്ടായ ഈ ട്വിസ്റ്റ്മൂലം നാണുഗുരുസ്വാമി പിന്നെ തന്റെ തുള്ളല്‍ പരിപാടികള്‍ എന്നെന്നേയ്ക്കുമായി ഒഴിവാക്കി.ഭാസിയെ കാണുമ്പോഴെല്ലാം ഏലാപ്പുറത്തെ വാലുകുരുത്തവമ്മാര്‍ അയ്യപ്പനാനന്ദ...എന്ന വരി നീട്ടിപ്പാടാന്‍ തുടങ്ങി.അല്‍പ്പം കരിഞ്ഞ ഇരുമുടിക്കെട്ട് പുതിയ ഒന്നിലേയ്ക്കു മാറ്റിക്കെട്ടിയിട്ട് രാജീവും കൂട്ടരും ശബരിമലയ്ക്കു പോയി.സജീവന്റെ ഡയറി അവന്‍ ഞങ്ങള്‍ക്കു തരികയും അതില്‍ നോക്കി പുതുതായി പാട്ടുകളെല്ലം എഴുതി പൂര്‍വ്വാധികം നല്ലരീതിയില്‍ വീണ്ടും ഭജനപ്പരിപാടികളുമായി ഞങ്ങള്‍ വിലസുകയും ചെയ്തു.

സ്വാമിയേ ശരണമയ്യപ്പാ...

ശ്രീക്കുട്ടന്‍

Saturday, January 8, 2011

തിരിച്ചറിവിന്റെ ശിക്ഷ

എല്ലാപേരും ഓടുന്നത് കണ്ട് ദേവന്‍ ഒരു നിമിഷം അമ്പരന്നു.എന്തു പറ്റിയതായിരിക്കും ആരെങ്കിലും മരിച്ചുവോ.അതോ മറ്റെന്തേലും അപകടമോ മറ്റോ നടന്നോ. ഒന്നും മനസ്സിലാകാതെ നിന്ന ദേവന്‍ പാഞ്ഞുപോവുകയായിരുന്ന സുനിലിനെ തടഞ്ഞുനിര്‍ത്തി.

"എന്താടാ അളിയാ.എങ്ങോട്ടാ ഈ പറപറക്കുന്നത്.എന്താ പ്രശ്നം"

"അപ്പോ നീയറിഞ്ഞില്ലേ.ആ വിജയന്‍ ഏതോ കൊച്ചിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു.നഴ്സറീലെ ചേച്ചിയാ കണ്ടേ.അപ്പോഴേയ്ക്കും അവന്‍ ഓടിക്കളഞ്ഞെന്നു." കിതച്ചുകൊണ്ട് സുനില്‍ പറഞ്ഞു.

"ങ്ഹേ ഏതു വിജയന്‍" ഒരു ഞെട്ടലോടെ ദേവന്‍ ചോദിച്ചു

"തല്ലുകൊള്ളി വിജയന്‍ തന്നെ.നീ വരുന്നെങ്കി വാ.ഞാനങ്ങോട്ടു പോകുവാ.ഇന്നവന്റെ കൂമ്പു വാട്ടണം" പറഞ്ഞുതീര്‍ന്നതും അവന്‍ ഓട്ടമാരംഭിച്ചു.

ഒരു നിമിഷം എന്തൊ ആലോചിച്ചുനിന്ന ദേവന്‍ ധൃതിയില്‍ അങ്ങോട്ടേയ്ക്കു നടക്കുവാനാരംഭിച്ചു. നടത്തത്തിനിടയില്‍ അവന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു.താനങ്ങോട്ടു പോകണമോ.വിജയനെ പിടിച്ചാല്‍ താനവനെ ശിക്ഷിക്കുന്നതില്‍ പങ്കാളിയാകാമോ.അതിനു തനിയ്ക്കു കഴിയുമോ.പഴയ ചില ഓര്‍മ്മകള്‍ അവന്റെ മനസ്സില്‍ കുത്തിയലച്ചുവന്നുകൊണ്ടിരുന്നു.അതോര്‍ത്തപ്പോള്‍ തന്നെ അവന്‍ ഒന്നു നടുങ്ങി.കാലുകള്‍ക്ക് വേഗത കുറഞ്ഞുവോ.എന്നിട്ടും മറ്റെന്തോ ഒന്നു നയിക്കുന്നതുപോലെ അവന്‍ നഴ്സറിയിരിക്കുന്ന ഭാഗത്തേയ്ക്കു നടന്നു.

ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് നല്ലൊരാള്‍‍ക്കൂട്ടം കൂടിയിട്ടുണ്ടായിരുന്നു. അകത്തുനിന്നും ശാരദേച്ചിയുടെ ഉച്ചത്തിലൊള്ള കരച്ചില്‍ കേള്‍ക്കുന്നുണ്ട്.പുറത്ത് ആള്‍ക്കാരുടെ പിറുപിറുക്കലുകള്‍.ദിവാകരന്‍ തലയ്ക്കു കയ്യും കൊടുത്തു തിണ്ണയില്‍ ഇരിപ്പൊണ്ട്

"ഈ നായിന്റമോനെക്കൊണ്ട് വല്യ ശല്യായല്ലോ.മുമ്പ് ഒളിച്ചുനോട്ടോം കമന്റടീം മാത്രമേ ഒള്ളാരുന്നൊള്ളു.ഇപ്പം ദേ ഇതും.അതും ഒരു ഇത്തിരിപ്പോന്ന പാക്കാന്തയോട്.ഇവന്റെ സാമാനം വെട്ടിയെടുത്ത് മൊളകു തേയ്ക്കണം"

രോഷത്തോടെ ഉറക്കെപ്പറഞ്ഞ ആളിനെ ദേവന്‍ സൂക്ഷിച്ചുനോക്കി.സുദേവന്‍ മാമനാണു.

"എന്നാലും ഈ അഞ്ചുവയസ്സൊള്ള കൊച്ചിനോടിവനിങ്ങിനെ ചെയ്യാന്‍ തോന്നീലോ ദൈവമേ.ഇന്നത്തെക്കാലത്ത് പത്തോ നൂറോ കൊടുത്താ എത്രയെണ്ണത്തിനെ വേണോലും കിട്ടൂലോ.എന്നിട്ടും"

ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് ഭാസ്ക്കരപിള്ള തലചൊറിഞ്ഞു.

"ആ സുനന്ദപ്പെണ്ണ് കണ്ടില്ലാര്‍ന്നെങ്കി കൊച്ചിനെ അവന്‍ കൊന്നേനെ.മൂത്രമൊഴിക്കാന്‍ വേണ്ടി പൊറത്തേയ്ക്കു പോയ കൊച്ചിനെ കൊറച്ചു നേരമായിട്ടും കാണാത്തോണ്ട് അവള്‍ പൊറകുവശത്തുവന്നു നോക്കിയപ്പോളല്ലേ സംബവം കണ്ടത്.ഭാഗ്യത്തിനു ഒന്നും ചെയ്യാമ്പറ്റീല്ല.അവളു ബഹളം വച്ചപ്പോ ഒറ്റയോട്ടം". നാണുപിള്ള കുറുപ്പിനോടായിപ്പറഞ്ഞു.

"ഇക്കണക്കിനു കൊച്ചുങ്ങളെയൊക്കെ എങ്ങിനെ വിശ്വസിച്ചയക്കും.എന്തൊക്കെ കണ്ടാ കാലം കഴിയണമെന്റെ തമ്പുരാനെ.കലികാലം തന്നെ"

കുറുപ്പ് ആരോടെന്നില്ലാതെ പറഞ്ഞു.

"നല്ല ഒന്നാന്തരം തല്ലുകിട്ടാത്തതിന്റെ കൊഴപ്പമാണവനു"

"എത്ര കിട്ടീതാ പിള്ളേച്ചാ.എന്നിട്ടും.ഈ തലതെറിച്ചോനെക്കാരണം ആ പാവം പ്രവാരന്‍ കവലേലോട്ടുപോലും എറങ്ങാറില്ല.എത്രാന്നുവച്ചാ ആള്‍ക്കാരോടു സമാനം പറേണത്.ഈ ഒരുത്തന്മൂലം എന്തോരം ബാധ്യതകളാ അയാള്‍ താങ്ങണത്."

"തന്തയ്ക്കു മുമ്പൊണ്ടായത് എന്നൊക്കെ കേട്ടിട്ടേയൊള്ളു".

സംസാരങ്ങളെല്ലാം കേട്ടുകൊണ്ടു നിന്ന ദേവന്‍ ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു.അവന്റെ മനസ്സില്‍ പഴയതെന്തെല്ലാമോ തികട്ടിക്കൊണ്ടിരുന്നു. രാത്രിയുടെ ഇരുട്ടില്‍ ഒരു കാളസര്‍പ്പം പോലെ ഒരു കൊച്ചു ദേഹത്തേയ്ക്കു പതിയെ അണയുന്നതും എവിടെയൊക്കെയോ എന്തെല്ലാമോ പൊട്ടിത്തകരുന്നതും പിന്നെ തിരമാലയടങ്ങിയ കടലുപോലെ നിശ്ചലമാകുന്നതും ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് മലര്‍ന്നുകിടക്കുമ്പോള്‍ ഒന്നു മറിയാതെ ചരിഞ്ഞുകിടന്നുറങ്ങുന്ന ചെറുരൂപവുമെല്ലാം ഒരു തിരശ്ശീലയിലെന്നവണ്ണം മിഴിവാര്‍ന്നു വന്നുകൊണ്ടിരുന്നു.

അകലെ നിന്നും ഒരു ബഹളം കേട്ട് ദേവന്‍ അങ്ങോട്ട് നോക്കി.കുറേ ചെറുപ്പക്കാരുടെ മധ്യത്തിലായി കൈകള്‍ ബന്ധിക്കപ്പെട്ട് തലയും കുനിച്ച് നടന്നുവരുന്ന വിജയന്‍.ഒരു കൈലിമാത്രമാണു വേഷം.ചെറുപ്പക്കാര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്.കൂട്ടത്തില്‍ സുനിലുമുണ്ട്.ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് അവരെത്തിയപ്പോള്‍ അവിടെ നിന്നവരെല്ലാം കൂടി വിജയനു ചുറ്റും കൂടി.പലരുടേയും കണ്ണില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു.ചകിതമായ കണ്ണുകളോടെ എല്ലാവരെയും നോക്കിയ വിജയന്‍ തലകുനിച്ചു നിന്നു.

"കടന്നുകളയാനൊള്ള ശ്രമമായിരുന്നു.പക്ഷേ ഞങ്ങള് വിടോ". നെറ്റിയിലെ വിയര്‍പ്പ് വടിച്ചുകളഞ്ഞുകൊണ്ട് സുനില്‍ പറഞ്ഞു.

"കള്ള പന്നീടമോന്റെ നിപ്പ് കണ്ടില്ലേ".പറഞ്ഞുതീര്‍ന്നതും സുദേവന്‍ തന്റെ പരുക്കന്‍ കൈകളാല്‍ അവന്റെ കരണക്കുറ്റിയ്ക്ക് ഒന്നുകൊടുത്തതും ഒരുമിച്ചായിരുന്നു.പെട്ടന്ന്‍ ഒരു കടലിളകിയതുപോലെ പലപല കൈകള്‍ ഉയര്‍ന്നു പൊങ്ങി.വിജയന്റെ ദീനരോദനം കലിപിടിച്ച ആള്‍ക്കാരുടെ അലര്‍ച്ചയില്‍ മുങ്ങി.ഒരു വെട്ടുകത്തിയുമായി അലറിക്കൊണ്ട് ഓടിവന്ന ദിവാകരേട്ടനെ ഇതിനിടയില്‍ ആരോ പിടിച്ചു തടഞ്ഞു തിരിച്ചുകൊണ്ടുപോയി.

"മതി മതി ഇനി തല്യാ അവന്‍ ചത്തുപോവും.പോലീസിനെ വിളിക്കാം.അവരു ബാക്കി തീരുമാനിക്കും"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പഞ്ചായത്തുമെംബര്‍ മനോഹരന്‍ എല്ലാവരേയും തടഞ്ഞു നിര്‍ത്തി.ചെന്നിയിലൂടെയും മറ്റും ചോര കിനിഞ്ഞിറങ്ങിയ രൂപവുമായി വിജയന്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു.

തന്റെ കൈകളിലേയ്ക്കു സൂക്ഷിച്ചു നോക്കിയ ദേവനു ‍തലകറങ്ങി. കൈകളില്‍ പറ്റിയിരുന്ന ചോര അവന്‍ തന്റെ മുണ്ടില്‍ പെട്ടന്ന്‍ തുടച്ചു.ഏതോ നിമിഷത്തില്‍ താനും വിജയനെ തല്ലിയിരിക്കുന്നു.അതെ താനും കൂടിയിരിക്കുന്നു.ആ രംഗത്തുനിന്നും എവിടേയ്ക്കെങ്കിലും ഓടിയൊളിക്കുവാന്‍ അവന്റെയുള്ളം വെമ്പി.ഇനിയുമവിടെ നിന്നാല്‍ തനിയ്ക്കു ഭ്രാന്തുപിടിയ്ക്കുമെന്നവനു തോന്നി.ഭ്രാന്തമായ ചലനങ്ങളോടെയവന്‍ കാലുകള്‍ നീട്ടിവലിച്ചു നടന്നു.

അലറിക്കുതിച്ചെത്തുന്ന കടല്‍ത്തിരകളെ നോക്കി ആ പാറക്കെട്ടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ദേവന്റെയുള്ളിലും ഒരു മഹാസമുദ്രം ഇളകിമറിയുന്നുണ്ടായിരുന്നു.താന്‍ ശരിയാണൊ...
ആ ചോദ്യമവന്‍ നൂറാവര്‍ത്തി സ്വയം ചോദിച്ചു.ഇല്ല...ഇല്ല...ഇല്ല.....തെറ്റുചെയ്തവനെ ശിക്ഷിക്കുവാന്‍ തനിക്കവകാശമില്ല.കാരണം താനും ......

കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി അവന്‍ വായിലേയ്ക്കു കമിഴ്ത്തിപ്പിടിച്ചു.അന്നനാളവും കുടലുമെല്ലാം കത്തിയെരിയുന്നതുപോലെ...കത്തട്ടെ.തന്റെ മനസ്സാണു കത്തിയെരിയുന്നത്.കണ്ണടച്ചവന്‍ അല്‍പ്പനേരം പാറക്കെട്ടില്‍ മലര്‍ന്നുകിടന്നു.കൂരിരുട്ടില്‍ ആകാശത്തു ചന്ദ്രനോ നക്ഷത്രങ്ങളൊയൊന്നുമില്ല.പാപിയായ തനിയ്ക്കു മുമ്പില്‍ നിന്നവര്‍ ഓടിയൊളിച്ചതായിരിക്കുമോ.ഒരാറുവയസ്സുകാരിയുടെ ഓമനത്തം തുളുമ്പുന്ന രൂപം മനസ്സില്‍ വന്നലച്ചുകൊണ്ടിരിക്കുന്നു.ആ നശിച്ച രാത്രിയില്‍...ച്ഛേ..താന്‍ എപ്പോഴാണൊരു പിശാശായി മാറിയത്. അറിവില്ലായ്മയെന്നു വിളിയ്ക്കാമോ അതിനെ..ഇല്ല.തന്റെ കാടത്തരത്തിന്റെ ഇരയായിട്ടും ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ആരൂപം പിന്നീട് പലപ്പോഴും തന്നെ അലട്ടിയിട്ടൊണ്ട്.ഇപ്പോളവള്‍ തന്റെ മുമ്പില്‍ എത്തുമ്പോള്‍ ആ മുഖത്തേയ്ക്കൊന്നു നോക്കുവാന്‍ ശക്തിയില്ലാതെ താന്‍ പലപ്പോഴും തല കുമ്പിട്ടു നിന്നിട്ടൊണ്ട്. എപ്പോഴെങ്കിലുമവളറിഞ്ഞാല്‍....

ഇല്ല..അതുവേണ്ട.ഇതുവരെയാരുമതറിഞ്ഞിട്ടില്ല.തന്നോടുകൂടിയതവസാനിക്കട്ടെ.എന്തോ തീരുമാനിച്ചപോലെ ദേവന്‍ എഴുന്നേറ്റു.കുപ്പിയിലവശേഷിച്ചിരുന്ന ബാക്കി മദ്യവും അവന്‍ ഒരു ധൈര്യത്തിനെന്നവണ്ണം വായിലേയ്ക്കു കമിഴ്ത്തി.തിരമാലകള്‍ തന്നെ അണയുവാനായി വെമ്പുന്നുന്നുവോ.എല്ലാ മാലിന്യങ്ങളേയും പേറുന്ന കടലമ്മ അടുത്തതിനായെന്നവണ്ണം അവന്റെയടുത്തേയ്ക്കു തന്റെ മക്കളാകുന്ന തിരമാലകളെയയച്ചു.സംഹാരരൂപത്തോടെയടുത്ത ആ തിരമാലകളുടെ താഡനത്തിനവന്‍ വെമ്പിക്കൊണ്ട് ചെയ്തുപോയ മഹാപാതകത്തിനു ശിക്ഷയേറ്റുവാങ്ങാനെന്നവണ്ണം പാറക്കെട്ടില്‍ നിന്നും മുമ്പോട്ടു നടന്നു. സര്‍വ്വതിനും സാക്ഷിയായി ആ ഒഴിഞ്ഞ മദ്യക്കുപ്പി അവിടെത്തന്നെ കിടന്നു.

ശ്രീക്കുട്ടന്‍