Sunday, November 28, 2010

കൊടിയ പാപി

വീഴാതിരിക്കാനായി ഹര്‍ഷന്‍ മതിലില്‍ തന്റെ ശരീരം താങ്ങി നിര്‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു.പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തേയ്ക്കു കയറി.ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്ത് നിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍ വീണു.അല്‍പ്പനേരത്തെ ശ്രമഫലമായി ഹര്‍ഷന്‍ ആ ലുങ്കിതപ്പിയെടുത്തു വീണ്ടും അരയില്‍ ചുറ്റിക്കൊണ്ട് ഇറയത്തേയ്ക്കു കയറി.അവിടെയെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി.വേച്ചു വേച്ച് തന്റെ മുറിയിലേയ്ക്കു നടന്ന അവന്‍ വാതിലിനടുത്തെത്തിയതും ഒരു നിമിഷം തറച്ചു നിന്നു പോയി.നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ ഒരിക്കല്‍ക്കൂടി അകത്തേയ്ക്കു തുറിച്ചു നോക്കി.മന‍സ്സിലും ശരീരത്തിലും എല്ലാം ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല.ആ വെളുത്തുകൊഴുത്ത കാലുകളിലേയ്ക്കവന്‍ ആര്‍ത്തിയോടെ നോക്കി.ഒരു വശം ചരിഞ്ഞ് ഒരു വല്ലാത്ത പോസില്‍ കിടന്നുറങ്ങുന്ന രൂപം അവന്റെ മനസ്സിന്റെ സകല കടിഞ്ഞാണുകളും പൊട്ടിക്കുവാന്‍ പര്യാപ്തമായിരുന്നു.

വേച്ചുവേച്ച് അകത്തേയ്ക്കു കയറിയ അവന്‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി.മുഖം മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല.നേരെ തുറക്കാനാവാത്ത മിഴികള്‍ക്ക് ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല.അല്ലെങ്കിലും കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി.ആരായാലെന്താ.ശ്വസോച്ഛാസം ചെയ്യുന്നതിനനുസരിച്ച് ഉയര്‍ന്നുതാഴുന്ന മാറിടത്തിന്റെ ചലനം അവനെ ഭ്രാന്തു പിടിപ്പിച്ചു.മനസ്സും ശരീരവും എല്ലാം വിഭ്രാന്തിക്കടിമപ്പെട്ട അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി.പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തെന്റെ മുഖം പൂഴ്ത്തി.നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു.ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.

"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ.കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങുന്ന്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാ.കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായോമൊണ്ട്. അതെങ്ങനെ ആ തന്തേടല്ലേ മോന്‍"‍

തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ട് ഹരഷന്‍ കണ്ണു തുറന്നു നോക്കി.സമയമെത്രയായിക്കാണും.എന്തായാലും സന്ധ്യകഴിഞ്ഞിരിക്കണം.പെട്ടന്നാണവന്‍ പകല്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചത്.സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി.അഴിഞ്ഞുകിടന്ന കൈലിയെടുത്തവന്‍ ഉടുത്തുകൊണ്ട് മെല്ലെയെഴുന്നേറ്റു.കാലുകള്‍ നിലത്തുറക്കുന്നില്ല.തലയാകെ പൊട്ടിപ്പിളരുന്നതുപോലെ.ഒന്നു കുളിക്കുവാനായി അവന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍ കരയിലേയ്ക്കു നടന്നു.തലവഴി തണുത്ത വെള്ളം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു.ഒരു സ്വപ്നം പോലെ അവനെല്ലാം തോന്നി.ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്.ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ.തല തുവര്‍ത്തി വന്ന അവന്‍ അമ്മയ്യുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.

"കഴ്വേറീടമോന്‍ വീണ്ടും പോണ്.കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക്.നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"

തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.

ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നു നിന്നത് പകല്‍ നടന്ന കാര്യങ്ങളായിരുന്നു.അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി.ആരായിരിക്കുമവള്‍.സുമതിവല്യമ്മേടെ മോളായിരിക്കുമോ.അവളെന്തിനായിരിക്കും തന്റെ മുറിയില്‍.ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു.ഒരു രണ്ടുഗ്ലാസ്സ് നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല.കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു.കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാതെഇയാവാറായി എന്നറിഞ്ഞ് വീട്ടിലേയ്ക്കു നടന്നു.ഇരുള്‍മൂടിക്കിടക്കുന്ന വീട്ടില്‍ അവന്‍ തീക്കൊള്ളിയുറച്ചുകൊണ്ട് കയറി.ഒച്ചയുണ്ടാക്കാതെ തന്റെ മുറിയിലേയ്ക്കു കയറി ഷര്‍ട്ടൂരി അയയിലിട്ടിട്ട് ഇരുട്ടില്‍ മെല്ലെ തന്റെ കട്ടിലില്‍ ശരീരം ചായ്ച്ചു.കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം തുടങ്ങിയ അവന്‍ പെട്ടന്നൊന്നു ഞെട്ടി.തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നുവോ.ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു.ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതു പോലെ തോന്നി.

"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി"

തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്ത് നിന്നും വരുന്നപോലെ അവനു തോന്നി.

ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം

ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു.ഒരു നിമിഷം മുറിയില്‍ പരന്ന ആ ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി.ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖവും പൊത്തിക്കൊണ്ട് മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയോടി.പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ ആടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നുവോ.....

ശ്രീക്കുട്ടന്‍

Saturday, November 13, 2010

രാത്രിവണ്ടി

ബസ്സിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ മാത്രം ഉറങ്ങാതെ സീറ്റിലേയ്ക്കു ചാരിയിരുന്നു.സമയം പതിനൊന്നായതേയുള്ളു.പുറപ്പെട്ടിട്ടിപ്പോള്‍ രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു.അതുകൊണ്ടാവാം യാത്രക്കാര്‍ പലരും ഉറക്കത്തിലേയ്ക്കു വഴുതി വീണിരിക്കുന്നത്.പുറത്തു നിന്നടിക്കുന്ന തണുത്ത കാറ്റ് അയാള്‍ ആസ്വദിക്കുകയായിരുന്നോ.രണ്ടുമൂന്നുപ്രാവശ്യം പുറകുസീറ്റിലിരിക്കുന്നയാള്‍ വിന്‍ഡൊ കര്‍ട്ടന്‍ താഴ്ത്തിയിടാന്‍ പറഞ്ഞതാണ്.ആര് കേള്‍ക്കാന്‍.അല്ലെങ്കിലും മറ്റുള്ളവരുടെ വാക്കുകള്‍ ഒരിക്കലും അയാള്‍ ചെവിക്കൊണ്ടിരുന്നില്ലല്ലോ.ഒരു സിഗററ്റ് വലിക്കണമെന്നു അയാള്‍ക്കുണ്ടായിരുന്നു.പക്ഷേ എന്തുകൊണ്ടോ ആ അഗ്രഹം അയാളടക്കി.

കുറച്ചുസമയത്തിനുള്ളില്‍ ബസ്സ് ഒരു ഡിപ്പോയില്‍ നിര്‍ത്തി. അയാള്‍ പുറത്തെ കാഴ്ചകളിലേയ്ക്ക് ഒന്നു ഊളിയിട്ടു നോക്കി.വലിയ തിരക്കൊന്നുമില്ല.രാത്രിവണ്ടിക്കു പോകാനുള്ള കുറച്ചുപേര്‍ വെയിറ്റിങ് ഷെഡ്ഡിലിരിക്കുന്നുണ്ട്.തങ്ങളുടെ യാത്രക്കാരേയും പ്രതീക്ഷിച്ച് ടാക്സിക്കാര്‍ ബസ്റ്റാന്‍ഡിലേയ്ക്കു കണ്ണും നട്ട് അവരവരുടെ വാഹനങ്ങളില്‍ ചാരിനില്‍ക്കുന്നു.കപ്പലണ്ടിയോ മറ്റോ വില്‍ക്കുന്ന ഒരുവന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.അടക്കിനിര്‍ത്തിയിരുന്ന മൂത്രശങ്ക ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അയാള്‍ പുറത്തേയ്ക്കിറങ്ങുവാന്‍ തീരുമാനിച്ചു.ഒരു രൂപ കൊടുത്ത് മൂത്രപ്പുരയ്ക്കുള്ളില്‍ കയറിയ അയാള്‍ അവിടത്തെ വൃത്തികണ്ട് മൂക്കും പൊത്തി പുറത്തേയ്ക്ക് തിരിച്ചിറങ്ങി.കാശുവാങ്ങിക്കാനിരിക്കുന്ന ചെക്കന്‍ അയാളെ നോക്കി അളിഞ്ഞ ഒരു ചിരി ചിരിച്ചു.മനസ്സില്‍ ഉദിച്ചുയര്‍ന്ന തെറിവാക്ക് വിഴുങ്ങിക്കൊണ്ട് അയാള്‍ ബസ്സ്റ്റാന്‍ഡിനു പുറകുവശത്തെ കാടുപിടിച്ച ഭാഗത്തേയ്ക്കു നടന്നു.അസഹ്യമായ മണം അവിടേയുമുണ്ടായിരുന്നു.ദൂരെ ഇരുട്ടിലായി ആരുടേയോ നിഴലുകള്‍ അനങ്ങുന്നത് അയാള്‍ക്കു കാണാമായിരുന്നു.അടക്കിപ്പിടിച്ച ചില ശബ്ദങ്ങളും.ഇരുട്ടിന്റെ സദാചാരക്കാരെക്കുറിച്ച് മനസ്സിലോര്‍ത്തപ്പോള്‍ അയാളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.

തിരികെ വന്നു പെട്ടിക്കടയില്‍ നിന്നും ഒരു സിഗററ്റ് വാങ്ങിക്കൊളുത്തിയിട്ട് അയാള്‍ അത് ആസ്വദിച്ചുവലിച്ചു.തണുപ്പിന് ഒരു ചെറിയ ശമനം കിട്ടുന്നുണ്ട്.കാന്റീനില്‍ നിന്നും ചായകുടിയും മറ്റും കഴിഞ്ഞ് ഡ്രൈവറും കണ്ടക്ടറും നടന്നുവരുന്നത് കണ്ട് അയാള്‍ ഒരിക്കല്‍ക്കൂടി സിഗററ്റ്പുക ഉള്ളിലേയ്ക്ക് വലിച്ചെടുത്തിട്ട് അത് വലിച്ചെറിഞ്ഞുകൊണ്ട് ബസ്സിലേയ്ക്കു കയറി.തന്റെ സീറ്റില്‍ ചാരിയിരിക്കുന്ന സ്ത്രീയെ അയാള്‍ തുറിച്ചുനോക്കി.

"ഇതെന്റെ സീറ്റാണ്"

മുഷിച്ചിലോടെ അയാള്‍ പരുഷമായി പറഞ്ഞതുകേട്ട് ആ സ്ത്രീ ക്ഷമാപണം ചെയ്തിട്ട് സൈഡ് സീറ്റില്‍ നിന്നും എഴുന്നേറ്റു.തന്റെ സീറ്റിലേക്കയാളിരുന്നപ്പോള്‍ അടുത്തുതന്നെ അവരുമിരുന്നു.

തന്റെ തൊട്ടടുത്തിരിക്കുന്ന ആ സ്ത്രീ ഒരു അധികപ്പറ്റായി അയാള്‍ക്കു തോന്നി.ആരായിരിക്കുമിവര്‍.എന്തു നാശമ്പിടിക്കാനാണ് ഈ പാതിരാത്രി ഇവര്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്.തന്റെ ഏകാന്തത നശിപ്പിക്കുവാന്‍ വന്ന അവരെ അയാള്‍ കഠിനമായി വെറുത്തു.

"ആ ജനാലയൊന്നട്യ്ക്കാമോ"

ആകെ മുഷിച്ചിലോടെ കണ്ണുമടച്ചിരുന്ന അയാള്‍‍ ആ വാക്കുകള്‍ കേട്ട് കണ്ണുതുറന്നവരെ നോക്കി.തണുപ്പേറ്റ് അവരാകെ വല്ലാതായതുപോലെ അയാള്‍‍ക്കു തോന്നി.വണ്ടി ചുരം കയറുകയാണ് ഇഷ്ടമില്ലാതിരുന്നിട്ടും അയാള്‍ ജനാലക്കര്‍ട്ടന്‍ താഴ്ത്തിയിട്ടു.തന്റെ തൊട്ടടുത്തിരിയ്ക്കുന്ന ആ സ്ത്രീയെ അയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി.പത്തമ്പതു വയസ്സുകാണും.തലയില്‍ ഒന്നുരണ്ടിടത്ത് വെള്ളികമ്പി കെട്ടിയതുപോലെ നരവീണിട്ടുണ്ട്.ഒരു കുലീനത്വമുള്ള മുഖം.അവര്‍ എന്തൊ വലിയ വിഷമമനുഭവിക്കുന്നതുപോലെ അയാള്‍ക്കു തോന്നി.കയ്യിലുള്ള പ്ലാസ്റ്റിക് പൊതി അവര്‍ ഭദ്രമായി പിടിച്ചിട്ടുണ്ട്.

"നിങ്ങളെവിടേയ്ക്കാ"

മൌനം ഭഞ്ജിച്ചുകൊണ്ട് അയാള്‍ അവരോടു ചോദിച്ചു.

അവര്‍ പറഞ്ഞ പേര് അയാള്‍ മുമ്പുകേട്ടിട്ടുണ്ടായിരുന്നില്ല.ഏതോ ഉള്‍നാടന്‍ ഗ്രാമമാണ്.ആദ്യം അവരോടു തോന്നിയ വെറുപ്പ് കുറഞ്ഞതുപോലെ അയാള്‍ക്കുതോന്നി.അവരോട് അയാള്‍ എന്തെല്ലാമൊ ചോദിച്ചുകൊണ്ടിരുന്നു.അവര്‍ പലപ്പോഴും മറുപടികള്‍ മൂളലിലൊതുക്കി.അങ്ങ് പട്ടണത്തില്‍ വലിയൊരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്നവരാണവരെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതം തോന്നി.ഇവര്‍ക്കു മക്കളൊന്നുമുണ്ടായിരിക്കില്ലേ.അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഇങ്ങിനെ വീട്ടുവേല ചെയ്യേണ്ട കാര്യമുണ്ടോ.

"ഈ രാത്രിയെന്താണ് ഇത്രയും ദൂരേയ്ക്കു അതും തനിച്ചുപോകുവാന്‍ നിങ്ങള്‍ തീരുമാനിച്ചത്"

അവര്‍ ക്ഷീണിതമായ തന്റെ മുഖമൊന്നുയര്‍ത്തി അയാളെ നോക്കി.ആ നോട്ടത്തില്‍ ഒരു കുന്നു നൊമ്പരങ്ങള്‍ തന്റെ നെരെ ചൊരിഞ്ഞതായി അയാള്‍ക്കു തോന്നി.ഒരു വിഷാദം കലര്‍ന്ന പുഞ്ചിരി ആ ചുണ്ടുകളില്‍ വിരിഞ്ഞുവോ.

"അമ്മയ്ക്കു നല്ല സുഖമില്ല.ഞാനറിഞ്ഞപ്പോള്‍ താമസിച്ചുപോയി.അതാ"

"എന്താണസുഖം"

"പ്രായത്തിന്റേതു തന്നെ.കിടപ്പിലാണു.ഞാന്‍ ഇപ്പോള്‍ അവിടുന്നു വന്നിട്ട് ഒരു മാസം കഴിഞ്ഞു.പട്ടണത്തിലാണെങ്കിലും എനിക്കവരെക്കളയാന്‍ പറ്റുമോ.എന്നെ കഷ്ടപ്പെട്ട് പ്രസവിച്ചു വളര്‍ത്തിവലുതാക്കിയതവരല്ലേ.ആരും ആര്‍ക്കും ഒരു ഭാരമല്ല.ആണെന്നു തോന്നിയാല്‍ അതേ.ജനിപ്പിച്ചവരെ ഒരല്‍പ്പമെങ്കിലും വേദനപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും ഗതി പിടിയ്ക്കത്തില്ല.എന്റെ മകനതെന്നറിയുമോ ആവോ"

പറഞ്ഞുതീര്‍ത്തിട്ടവര്‍ സാരിത്തലപ്പുകൊണ്ട് കഴുത്തൊക്കെയൊന്നുതുടച്ചുകൊണ്ട് സംസാരമവസാനിപ്പിച്ചമട്ടില്‍ സീറ്റിലേയ്ക്കു ചാരിക്കിടന്നു കണ്ണുകളടച്ചു.

അവരുടെ വാക്കുകള്‍ ചാട്ടുളികള്‍ പോലെ അയാളുടെ ഉള്ളില്‍ കുത്തിക്കയറിക്കൊണ്ടിരുന്നു.താന്‍ വരുന്നതും കാത്ത് ചോറും വിളമ്പിക്കാത്തിരിക്കുന്ന ഒരു വൃദ്ധരൂപം അയാളുടെ മനോമുകുരത്തില്‍ ശക്തിയായി മിന്നിത്തിളങ്ങി.എന്നെങ്കിലും താനവരെ സ്നേഹിച്ചിട്ടുണ്ടോ.എങ്ങിനെ കഴിയുന്നുവെന്ന് തിരക്കിയിട്ടുണ്ടോ.ഇപ്പോള്‍ ഒന്ന് കണ്ടിട്ടുതന്നെ മാസങ്ങളായി.ആദ്യമായി അയാള്‍ക്കു തന്നോടുതന്നെ പുശ്ചംതോന്നി. തന്റെ വയ്യാണ്ട്കിടക്കുന്ന മാതാവിനൊന്നും വരുത്തരുതേയെന്നു പ്രാര്‍ഥിച്ചുകൊണ്ട് കണ്ണുമടച്ച് സീറ്റില്‍ ചാരിയിരിക്കുന്ന ആ സ്ത്രീയെ ഒന്നു തൊഴണമെന്ന് അയാള്‍ക്കു തോന്നി.

അടുത്ത ബസ്സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ അയാള്‍ തന്റെ തോള്‍സഞ്ചിയും ചുമലിലിട്ട് പെട്ടന്ന് പുറത്തേയ്ക്കിറങ്ങി.തന്റെ ഗ്രാമത്തില്‍ക്കൂടിക്കടന്നുപോകുന്ന വണ്ടിക്കുവേണ്ടി സിമന്റ്ബഞ്ചില്‍ അയാള്‍ കാത്തിരിപ്പാരംഭിച്ചു.

ശ്രീക്കുട്ടന്‍

Tuesday, November 9, 2010

അവസാനത്തെ വഴി

"എടാ നിന്നെ പെറ്റുവളര്‍ത്തി ഈ നിലയിലാക്കിയപ്പം എന്നെ വേണ്ടല്ലേ.ഇന്നലെക്കേറിവന്ന നിന്റെ ഭാര്യ പറയുന്നതാണ് നെനക്കു വലുത്.എനിക്ക് ഒരു വെലേമില്ലല്ലേ.അല്ലേലുമെനിക്കറിയാം നീ ഇങ്ങനയേ ചെയ്യുവൊള്ളന്ന്.ഞാനിപ്പം ആരുമല്ലല്ലോ".ഫോണിന്റെ മറുതലയ്ക്കല്‍നിന്നുമുയരുന്ന കരച്ചിലും പറച്ചിലുമൊക്കെക്കേട്ട് ഹരിയ്ക്ക് തല പെരുക്കുന്നതുപോലെ തോന്നി.

"ഹലോ..അമ്മേ..അമ്മയെന്താ ഇങനെയൊക്കെപ്പറയുന്നത്.ഞാനെപ്പോഴെങ്കിലും അമ്മയെ വിഷമിപ്പിക്കുന്നവിധത്തില്‍ എന്തേലും പറഞ്ഞിട്ടൊണ്ടോ.അമ്മ ആവശ്യമില്ലാത്ത കാര്യങ്ങളാണ് ചിന്തിച്ചുകൂട്ടുന്നത്"

"അതേടാ.ഞാനിപ്പോള്‍ കാണിയ്ക്കുന്നതും പറയുന്നതുമൊക്കെ നെനക്ക് ആവശ്യമില്ലാത്തതായിതോന്നും.നീ നിന്റെ ഭാര്യേം ഭാര്യവീട്ടുകാരും പറയുന്നത് മാത്രം കേട്ടാല്‍ മതി.പക്ഷേ മോളിലിരുന്ന് ഒരുത്തന്‍ ഇതെല്ലാം കാണേം കേക്കേം ചെയ്യണൊണ്ടെന്ന് ഓര്‍മ്മിച്ചുജീവിച്ചാ നെനക്കു കൊള്ളാം"

"എന്റമ്മേ.ഇതു കൊറച്ച് കഷ്ടമാണ്.നിങ്ങള്‍ രണ്ടുപേരും കൂടി ഇങ്ങിനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യാനാ.ഇത്രേം ദൂരെ ഈ മരുഭൂമിയില്‍ വന്നുകിടന്ന് കഷ്ടപ്പെടണ എനിക്ക് ഒരല്‍പ്പം മനസ്സമാധാനം കൂടി തരില്ലെന്നു വച്ചാല്‍"

"അതേടാ.നിനക്കു മനസ്സമാധാനക്കേടുണ്ടാക്കുന്നത് ഞാന്‍ തന്നെ.നീ ഒരു കാര്യം ചെയ്യ്.നീ ഒണ്ടാക്കിവച്ച ആ കടം എങ്ങിനേലും ഒന്നു തീര്‍ത്തുതാ.എന്നിട്ടു നീ എന്തുവേണേലുമായിക്കോ.ഞാന്‍ നിന്റെ ആരുമല്ലല്ലോ"

"കഷ്ട്മുണ്ടമ്മേ.നിങ്ങള്‍ ഇതേവരെ എന്നെയൊന്നു മനസ്സിലാക്കിയില്ലല്ലോ.ഞാനുണ്ടാക്കിയ കടമാണ് പ്രശ്നമല്ലേ.എന്തായാലും അതു ഞാന്‍ തീര്‍ത്തിരിക്കും.അതോര്‍ത്ത് ആരും വെഷമിക്കണ്ട.പിന്നെ രാധു എന്തേലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അമ്മ അവളോട് ക്ഷമിക്കണം.അവളുടെ അറിവില്ലായ്മയായിക്കരുതിയാല്‍ മതി"

"എനിക്കാരോടും ഒരു പെണക്കോമില്ല.അല്ലേലും അവള് പാവമാ.പിന്നെ അവളുടെ വീട്ടിലേയ്ക്കു പോയിട്ട് ആഴ്ച രണ്ടുകഴിഞ്ഞു.തിരിച്ചുവരണമെന്നു വല്ല വിജാരോമൊണ്ടോന്നു നോക്കിയേ.എന്തിനു ഒന്നു ഫോണ്‍ ചെയ്തതു പോലുമില്ലല്ലോ"

"അതമ്മേ അവള്‍ക്കു പനി പിടിച്ചതുകൊണ്ടല്ലേ.രണ്ടുമൂന്നു ദെവസത്തിനുള്ളില്‍ അവള്‍ വരും.ഞാനവളെയൊന്നു വിളിക്കട്ടെ.ശമ്പളം ഉടനെകിട്ടും.കിട്ടിയാലുടനേ ഞാനയച്ചുതരാം.മറ്റു വിശേഷമൊന്നുമില്ലമ്മേ.വയ്ക്കട്ടെ ഫോണ്‍"

"നീ അവളെ വിളിച്ചു ഒന്നും പറയാനൊന്നും നിക്കണ്ട.അതൊരു പാവമാ.ആ വീട്ടുകാരാ വെഷം കുത്തിവച്ചുകൊടുക്കുന്നത്.പിന്നെ വേറെ വിശേഷമൊന്നുമില്ല.നെനക്കു സുഖം തന്നെയല്ലേ.ഇവിടത്തെ കാര്യമൊന്നുമോര്‍ത്തു നീ വെഷമിക്കണ്ട.ശരി പൈസകളയണ്ട.വച്ചോ"

"ശരിയമ്മേ"

ഒരു നെടുവീര്‍പ്പോടെ ഹരി ഫോണ്‍ കട്ടു ചെയ്തു.

"എന്താ അളിയാ പ്രശ്നം"

വിഷണ്ണനായി തലയും കുനിച്ചിരിക്കുന്ന ഹരിയോടായി മനോജ് ചോദിച്ചു.

"ഒന്നുമില്ലളിയാ.നിന്റെ കയ്യിലൊണ്ടെങ്കില്‍ ഒരു കാര്‍ഡ്മേടിക്കാനുള്ള കാശ് താ.എനിക്കൊന്നു ഫോണ്‍ ചെയ്യണം".

മനോജ് നീട്ടിയ കാശ് വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് ഹരി തൊട്ടടുത്തുള്ള ഗ്രോസ്സറിയിലേയ്ക്കു നടന്നു.കാര്‍ഡ് വാങ്ങി അത് ചാര്‍ജ്ജ് ചെയ്തശേഷം അവന്‍ അടുത്തുള്ള തണല്‍മരത്തിനടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട് രാധുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.വളരെനേരം ബെല്ലടിച്ചിട്ടും ഫോണെടുക്കാത്തതിനാല്‍ അല്‍പ്പം ഈര്‍ഷ്യയോടെ അവന്‍ ഫോണ്‍ കട്ടുചെയ്തു പോക്കറ്റിലിട്ടുകൊണ്ട് റൂമിലേയ്ക്കു മടങ്ങി.

"എന്താ അളിയാ.വിളിച്ചില്ലേ"

"ഹൊ ലൈന്‍ പ്രോബ്ലമാടാ.കൊറച്ചു കഴിഞ്ഞു വിളിയ്ക്കാം.എനിക്കും കൂടിയൊന്നൊഴിക്ക്".ക്ഷീണഭാവത്തോടെ അവന്‍ കട്ടിലിലേയ്ക്കിരുന്നു.മനോജ് നീട്ടിയ ഗ്ലാസ്സ് വാങ്ങി അവന്‍ വായിലേയ്ക്കു കമിഴ്ത്തി.രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ടവന്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.

"എടാ മനോ.നീയാണെടാ ഏറ്റവും ഭാഗ്യവാന്‍.കാരണം നീ ഒറ്റത്തടിയല്ലേ.നെനക്കറിയുമോ ഒരാളിന്റെ ശനിദശതൊടങ്ങുമ്പോഴാണ് അയാള്‍ വിവാഹം കഴിക്കുന്നത്.അതോടുകൂടി നമുക്കുണ്ടായിരുന്നെന്ന് നാം കരുതുന്നതെല്ലാം നമുക്ക് ഇല്ലാണ്ടാവും.ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ.നീ ഒരിക്കലും കല്യാണം കഴിക്കരുത്.അഥവാ കഴിച്ചാല്‍ ......എനിക്കൊന്നും പറയാനില്ല മോനേ.നീ ഒന്നൂടെയൊഴിച്ചേ" ചുമരിലേയ്ക്കു ശരീരം താങ്ങിക്കൊണ്ട് ഹരി സിഗററ്റ് ആഞ്ഞുവലിച്ചു.

"മതി കുടിച്ചത്.ഇനി കെടന്നൊറങ്ങാന്‍ നോക്ക്.ഒരു കള്ളുകുടിക്കാരന്‍ വന്നിരിക്കുന്നു". മനോജ് അവനെ രൂക്ഷമായൊന്നു നോക്കിപ്പറഞ്ഞുകൊണ്ട് കള്ളുകുപ്പിയെടുത്തുമാറ്റിവച്ചു.

"ഇല്ലളിയാ.എനിക്കൊരുകുഴപ്പവുമില്ല.ഒരെണ്ണം കൂടി വേണമെനിക്ക്.കൊറേ നാളായി സമാധാനമായിട്ടൊന്നുറങ്ങിയിട്ട്.നീ ഒഴിക്കെടാ.എന്താ നെനക്കും വേണ്ടാതായോ എന്നെ"

"തൊടങ്ങിയവന്റെ സെന്റി.എടാ പ്രശ്നങളില്ലാത്ത ജീവിതങ്ങളില്ല.അതിനെ നേരിടുന്നതിലാണു മിടുക്ക്.ഒരല്‍പ്പം പൊട്ടലും ചീറ്റലുമൊന്നുമില്ലെങ്കില്‍ പിന്നെ എന്തു കുടുംബം.നീ മനസ്സുപുണ്ണാക്കണ്ട.എല്ലാം ശ്ആരിയാവും.രണ്ടുകൂട്ടരും അവരവരുടെ സ്നേഹം തിരിച്ചറിയുമ്പോള്‍ എല്ലാപ്രശ്നങ്ങളും തീരും.ഇതും കൂടിയടിച്ചിട്ട് കെടന്നൊറങ്ങാന്‍ നോക്ക്.നെനക്കു രാവിലേ പോകാനുള്ളതല്ലേ"
ഗ്ലാസ്സില്‍ അല്‍പ്പമൊഴിച്ച് വെള്ളവും ചേര്‍ത്ത് മനോജ് ഹരിക്ക് നീട്ടി.

അതു വാങ്ങിക്കുടിച്ചുകൊണ്ട് ഹരി ഫോണുമായി പുറത്തേയ്ക്കിറങ്ങി.പുതിയൊരുസിഗററ്റെടുത്തുകൊളുത്തിക്കൊണ്ട് അവന്‍ തന്റെ ഭാര്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

തന്റെ ഗ്ലാസ്സില്‍ ഒരെണ്ണംകൂടിയൊഴിച്ചുകൊണ്ട് മനോജ് ടിവിയിലേയ്ക്കു ശ്രദ്ധിച്ചു.ഏതോ ചവറുസീരിയല്‍ നടക്കുകയാണ്.പിറുപിറുത്തുകൊണ്ടവന്‍ റിമോട്ടെടുത്ത് ചാനലുകള്‍ ഒന്നൊന്നായി മാറ്റുവാന്‍ തുടങ്ങി.എരിഞ്ഞുതീരാറായ സിഗററ്റ്കുറ്റി റൂമിന്റെ മൂലയിലേയ്ക്ക് നീട്ടിയെറിഞ്ഞിട്ടവന്‍ മറ്റൊരെണ്ണം തീ പിടിപ്പിച്ചു.ഹരിയുടെ കാര്യമോര്‍ത്തവനു സങ്കടം തോന്നി.പാവം.ഭാര്യയുടേയും അമ്മയുടേയും നടുവില്‍ക്കിടന്നവന്‍ ശ്വാസമ്മുട്ടുകയാണ്.അവനു രണ്ടുപേരും വേണം.രണ്ടുപേര്‍ക്കും അവനേയും വേണം.പിന്നെയെവിടെയാണു പ്രശ്നമെന്നോര്‍ത്ത് അവന്‍ ചിന്താമഗ്നനായി.എന്തായാലും അടുത്തമാസം താന്‍ നാട്ടില്‍ പോകുമ്പോള്‍ അവന്റെ വീട്ടിലൊന്നുപോയി രണ്ടുകൂട്ടരുമായി സംസാരിക്കണം.സിഗററ്റ് വലിച്ചുകൊണ്ടവന്‍ പുറത്തെയ്ക്കു നോക്കി.ഹരിയുടെ ഒച്ച ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.ഇവനിന്തെന്തിന്റെ കേടാണ്.കള്ളും കുടിച്ചുവെളിവില്ലാതെ എന്തൊക്കെയാണു പുലമ്പുന്നത്.അവന്‍ ഡോര്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.

"ഞാന്‍ കാണിച്ചുതരാം എല്ലാത്തിനേം.നെനക്കും അവര്‍ക്കുമെല്ലാം പരാതി പറയാനും അതു കേള്‍ക്കാനും ഞാനുണ്ട്.എനിക്കോ. ആരുമില്ല...ആരും.നിങ്ങളുടെ ഭാഗങ്ങള്‍ ജയിക്കട്ടെ.എനിക്കിനിയൊന്നും പറയാനില്ല.ഗുഡ്നൈറ്റ്"

മൊബൈല്‍ഫോണ്‍ ഓഫ്ചെയ്തിട്ട് ഒന്നും മിണ്ടാതെ ഹരി മുറിക്കകത്തേയ്ക്കു കയറിപ്പോയി.സിഗററ്റ് വലിച്ചുതീര്‍ന്നിട്ട് മനോജും തിരിച്ചുകയറി.കട്ടിലില്‍ ചരിഞ്ഞുകിടക്കുന്ന ഹരിയെ അവന്‍ അല്‍പ്പനേരം സൂക്ഷിച്ചുനോക്കി.കരയുകയായിരിക്കുമോ അവന്‍.ഒരു തൊട്ടാവാടിയാണവന്‍.കിടക്കട്ടെ.നല്ല ഒരുറക്കമുറങ്ങട്ടെ.അവന്‍ തന്റെ ഡൂട്ടിക്ക് പോകുന്നതിനായി തയ്യറെടുത്തു.കുളിയെല്ലാം കഴിഞ്ഞ് ഡ്രെസ്സ്മാറി അവനിറങ്ങുമ്പോള്‍ ഒരിക്കല്‍ക്കൂടി ഹരിയെ നോക്കി.അതേ കിടപ്പുതന്നെ.

രാവിലെ മടങ്ങിയെത്തിയ മനോജ് അലങ്കോലമായിക്കിടന്ന റൂം വൃത്തിയാക്കി.ഹരി മുറിയിലില്ലായിരുന്നു.അവന്‍ പോയിക്കാണും.കുളിയും പല്ലുതേയ്പ്പുമെല്ലാം പിന്നത്തേയ്ക്കുമാറ്റിവച്ചിട്ടവന്‍ തലേദിവസത്തെ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതില്‍ നിന്നും ഒരെണ്ണമൊഴിച്ചുകഴിച്ചിട്ട്‍ കട്ടിലില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു.അല്‍പ്പസമയത്തിനകം ഉറക്കമാവുകയും ചെയ്തു.

തുടര്‍ച്ചയായി മൊബൈല്‍ബെല്ലടിക്കുന്നതുകേട്ടാണവനുണര്‍ന്നത്.കയ്യെത്തി അവന്‍ തന്റെ സെറ്റെടുത്തു.അതിലല്ല.പിന്നേതു സെറ്റ്.ഹരിയിന്നു മൊബൈലെടുക്കാതെയാണോ പോയതു.ഹരിയുടെ കട്ടിലില്‍ കിടന്നു മുഴങ്ങുന്ന മൊബൈലെടുത്തവന്‍ നോക്കി.ഹരിയുടെ ഭാര്യയാണു.ഫോണെടുത്ത് കാര്യം പറയണോയെന്നവന്‍ ഒരുനിമിഷം ശങ്കിച്ചു.പെട്ടന്ന് ആ ശബ്ദം നിലച്ചു.ആശ്വാസത്തോടെ അവന്‍ ഫോണ്‍ ഹരിയുടെ കട്ടിലില്‍ തന്നെ വച്ചശേഷം വീണ്ടും തന്റെ പുതപ്പിനടിയിലേയ്ക്കൂര്‍ന്നുകയറി.കുറച്ചുസമയത്തിനുശേഷം വീണ്ടുമാസെറ്റു ചിലയ്ക്കാനാരംഭിച്ചപ്പോള്‍ മനോജ് ഗാഡനിദ്രയിലാണ്ടിരുന്നു.ആ സെറ്റിനുടമസ്ഥനപ്പോള്‍ തൊട്ടടുത്ത ബാത് റൂമിലെ ടൈല്‍സ് പതിച്ച ചുമരില്‍ ചാരി കണ്ണും തുറന്ന് നിശ്ചലനായിരിക്കുന്നുണ്ടായിരുന്നു.തറയിലാകെ ആ കൈകളില്‍ നിന്നുമൊഴുകിപ്പരന്ന ചുടുചോര കട്ടപിടിച്ചുകിടക്കുന്നുണ്ടായിരുന്നു.


ശുഭം


ശ്രീക്കുട്ടന്‍