Wednesday, June 30, 2010

മത്തായിച്ചന്‍ v/s അവറാച്ചന്‍

"കോട്ടയത്തേക്കാണല്ലേ?"

ജന്നലിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന മത്തായിച്ചനോട് അവറാച്ചന്‍ ചോദിച്ചു.

"അതേ. മൂത്ത മോള് എല്‍സാമ്മയുടെ വീടുവരെ ഒന്നു പോണം. ആണ്ടുനേര്‍ച്ച അല്യോ വരുന്നത്"

"ഞാനും കോട്ടയത്തേക്കു തന്നെ. മ്മ്ടെ പീലിച്ചായന്റെ മോളുടെ മനസ്സമ്മതമല്ല്യോ മറ്റന്നാള്. അതു കൂടാണ്ടിരിക്കാനും പറ്റില്ലല്ലോ"

രണ്ടുപേരും നാട്ടുവര്‍ത്താനമൊക്കെ പറഞ്ഞങ്ങിനെയിരിക്കുമ്പോള്‍ ട്രയിന്‍ ഒരു സ്റ്റേഷനില്‍ നിന്നു. മത്തായിച്ചന്‍ പുറത്തുപോയി ഒരു കുപ്പി മാംഗോ ജ്യൂസും കുറച്ച് ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ മേടിച്ചുകൊണ്ട് അകത്തേയ്ക്കു വന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ മത്തായിച്ചന്‍ പൊതിതുറന്ന്‍ ഒരോറഞ്ചെടുത്ത് പൊളിച്ച് അല്ലികള്‍ വായിലിട്ട് ചവച്ചിറക്കിയിട്ട് കുറച്ച് ജ്യൂസും കുടിച്ചു. ഇടയ്ക്ക് തലയുയര്‍ത്തിനോക്കിയപ്പോള്‍ തന്നെത്തന്നെ നോക്കി വെള്ളമിറക്കിയിരിക്കുന്ന അവറാച്ചനെയാണു കണ്ടത്.

"നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണമെന്നാണ് കര്‍ത്താവ് പറഞ്ഞിട്ടൊള്ളത്".

അവറാച്ചന്‍ ആരോടെന്നില്ലാതെ അ‍ല്പം ഉറക്കെപ്പറഞ്ഞു.

ഈ വാക്കുകള്‍ കേട്ട മത്തായിച്ചന്‍ ഒരാപ്പിളും ഒരോറഞ്ചും കുറച്ച് മുന്തിരിയുമെടുത്ത് അവറാച്ചനു കൊടുത്തു. സന്തോഷത്തോടെ അതെല്ലാം മേടിച്ച അവറാച്ചന്‍ സാവധാനം അവ കഴിച്ചശേഷം ഒരേമ്പക്കം വിട്ടുകൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു. മുഖവും വായും കഴുകിയിട്ട് മത്തായിച്ചന്‍ മടങ്ങിവന്നപ്പോള്‍ വീണ്ടുമവര്‍ വര്‍ത്തമാനം പറയാനാരംഭിച്ചു.

വണ്ടി മറ്റൊരു സ്റ്റേഷനില്‍ നിറു‍ത്തിയപ്പോള്‍ കമ്പാര്‍ട്ട്മെന്റിനകത്ത് എണ്ണപ്പലഹാരങ്ങള്‍ കച്ചവടം ചെയ്യുന്ന ആളില്‍ നിന്നും അവറാച്ചന്‍ കുറച്ച് പഴമ്പൊരിയും ഉള്ളിവടയും പരിപ്പുവടയുമൊക്കെ മേടിച്ചു. ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവറാച്ചന്‍ ഒരു പരിപ്പുവടയെടുത്ത് കറുമുറെ തിന്നാനാരംഭിച്ചു. അവിടെ എണ്ണപ്പലഹാരത്തിന്റെ ആസ്വാദ്യകരമായ ഗന്ധം നിറഞ്ഞു.

പഴമ്പൊരിയും പരിപ്പുവടയും ഉള്ളിവടയുമെല്ലാം കണ്ട് നാവിലു വെള്ളമൂറിയ മത്തായിച്ചന്‍ അവറാച്ചനെ ഒന്നു സൂക്ഷിച്ചുനോക്കി. ഇതു ശ്രദ്ധിച്ച അവറാച്ചന്‍

"അന്യന്റെ മൊതല് ഒരിക്കലുമാഗ്രഹിക്കരുതെന്ന്‍ കര്‍ത്താവ് പറഞ്ഞിട്ടൊണ്ട്".

എന്നു മത്തായിച്ചനു കേള്‍ക്കാനാകുന്ന ഒച്ചയില്‍ പറഞ്ഞിട്ട് ജനലരികിലേക്കു നീങ്ങിയിരുന്നു പുറത്തേയ്ക്കു മിഴികള്‍ പായിച്ചുകൊണ്ട് വീണ്ടും പരിപ്പുവട തിന്നാനാരംഭിച്ചു.


ശ്രീക്കുട്ടന്‍

Sunday, June 27, 2010

കുട്ടപ്പന്റെ സാറാമ്മച്ചി

"എടാ കുട്ടപ്പായിയേ"....

തണുത്ത പുലരിയില്‍ കരിമ്പടത്തിനുള്ളില്‍ മനോഹരമായൊരു സ്വപ്നവും കണ്ട് ചുരുണ്ടുകൂടിയുറങ്ങുകയായിരുന്ന കുട്ടപ്പന്‍ ആ വിളിയൊച്ച കേട്ടു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.കണ്ണുതിരുമ്മിക്കൊണ്ട് അവന്‍ തന്റെ ടൈമ്പീസെടുത്തുനോക്കി.ഇല്ല സമയം അഞ്ചാകാന്‍ പോകുന്നതേയുള്ളു.ഈ തള്ളയെക്കൊണ്ട് വല്യ ശല്യമായല്ലോ.ഒന്നു നേരാംവണ്ണമൊന്നുറങ്ങാന്‍ പോലും സമ്മതിക്കുകേലെന്നു വച്ചാ എന്തു ചെയ്യും. ഒരു ദിവസം താന്‍ തള്ളയുടെ കഥ കഴിക്കും.

"എടാ കുട്ടപ്പായിയേ.നീ അവിടെ എന്തെടുക്കുവാടാ ശവമേ.എത്ര നേരമായി വിളിക്കുന്നു"..

"ദേ വരുന്നമ്മച്ചീ".ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് കുട്ടപ്പന്‍ പായും പുതപ്പുമെല്ലാം ചുരുട്ടിവച്ച് സാറാമ്മച്ചിയുടെ റൂമിലേയ്ക്കോടി.

"എന്നതാ അമ്മച്ചി വേണ്ടത്".

"എടാ സമയമെത്രയായീന്ന്‍ വല്ല വിചാരോണ്ടോ നിനക്കു.ഞാനിന്നലെ പറഞ്ഞിരുന്നതല്യോ ന്നേരത്തെ എഴുന്നേക്കണമെന്നു.ആദ്യം ചെന്നാലല്ലേ നല്ല സാധനം കിട്ടൂ.സമയം കഴിയുന്തോറും ഈച്ച തിന്നതിന്റെ ബാക്കിയേ കിട്ടത്തൊള്ളൂ"

"ഇന്നലെ റൂമെല്ലാം വൃത്തിയാക്കി എല്ലാം അടുക്കിപ്പെറുക്കി വച്ചിട്ട് കെടന്നപ്പോ നേരമൊരുപാടായീ.അതാ താമയിച്ചേ"

"കൊണവതിയാരോം പറഞ്ഞോണ്ടു നിക്കാതെ ഒന്നു ചെല്ലടാ.ഉച്ചയാവുമ്പളേയ്ക്കും
എല്ലാം റെഡിയാക്കണം"

തലകുലുക്കിക്കൊണ്ട് ഒരു തോര്‍ത്തെടുത്ത് തലവഴിമൂടിയിട്ട് കുട്ടപ്പന്‍ പുറത്തേയ്ക്കിറങ്ങി.

"വരുമ്പം ഒരു രണ്ടുകിലോ കപ്പകൂടി മേടിക്കാന്‍ മറക്കണ്ട.ആ കറിയേടേന്നു മേടിയ്ക്കണ്ട.അവനെപ്പോലെ തന്നെ അകം കറുത്തതാ അവന്റെ കപ്പേം".

"ശരിയമ്മച്ചി"

ചന്തയിലേയ്ക്കു നടക്കുമ്പോള്‍ കുട്ടപ്പന് അരിശം വരുന്നുണ്ടായിരുന്നു.ഈ കൊച്ചുവെളുപ്പാങ്കാലത്ത് തന്നെയിങ്ങിനെയോട്ടിക്കുവാന്‍ വല്ല കാര്യവുമുണ്ടോ.തള്ളയുടെ പ്രാന്ത്.അല്ലാതെന്താ.മറ്റെങ്ങും പോകാനിടമില്ലാത്തതുകൊണ്ടും ചോദിക്കാനു പറയാനും ആരുമില്ലാത്തതുകൊണ്ടും എന്തുമാകാമല്ലോ അവര്‍ക്കൊക്കെ.ചുമ്മാതാണോ മക്കളു തിരിഞ്ഞു നോക്കാത്തേ. ഒരു ദെവസി താന്‍ ശരിയാക്കുന്നൊണ്ട്.തണുപ്പുമൂലം പെരുത്തുകയറുന്ന കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ ആ തണുത്ത പ്രഭാതത്തില്‍ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. താമസിച്ചാലിനിയതു മതി.

"അല്ല ആരിത് കുട്ടപ്പനോ.എവിടേയ്ക്കാടാ ഇത്ര രാവിലെതന്നെ".കപ്പക്കച്ചവടക്കാരന്‍ കറിയയാണ്.

"ഓ കൊറച്ച് നല്ല എറച്ചി മേടിക്കാനായി ചന്തവരെയൊന്നു പോണ്".ഉദാസീ​നനായവന്‍ മറുപടി നല്‍കി.

"എന്തൂട്ടിന്നാടാ എറച്ചി.എന്താ വല്ല വിശേഷോണ്ടോ ഇന്നു.അമ്മച്ചീടെ മോനും മോളും അവരുടെ മക്കളുമൊക്കെ വരുന്നുണ്ടോ ഇന്നു.കൊറേ വര്‍ഷമായല്ലോ അവരു വന്നിട്ട്."

"അതൊന്നുമെനിക്കറിയാമ്മേല.എന്നോടു എറച്ചി മേടിയ്ക്കാന്‍ പറഞ്ഞു.ഞാന്‍ പോണ്.അത്ര തന്നെ"

"നീ മുഷിയാതെടാ കുട്ടപ്പാ.ഞാന്‍ വെറുതെ ചോയിച്ചെന്നേയുള്ളു.നിന്റെ സമയം തന്നെ.ഇത്രേം വല്യ വീട്ടില് നീയും ആ തള്ളയും മാത്രം.നീ വല്ലോം അടിച്ചുമാറ്റാറുണ്ടോടാ"

"ദേ കറിയാച്ചാ വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ.ഞാനങ്ങിനെ കക്കാനും മോട്ടിയ്ക്കാനുമൊന്നും നടക്കുന്നോനല്ല"

"അല്ല അതെനിക്കറിയാം.നീ ഒരു മണ്ടന്‍കൊണാപ്പി.എടാ ആ തള്ളേടെ കയ്യിമ്മേ പൂത്തകാശൊണ്ട്.മക്കളുവിളിച്ചാലൊന്നും അവരുടെ കൂടെ പോയി നിക്കാതെ ഈ സ്വത്തൊക്കെ കെട്ടിപ്പിടിച്ചോണ്ടിരിയ്ക്കുന്നതെന്നാത്തിനാ.അവരുടെകൂടെ പോയി നിന്നാ പിന്നെ ഇതേപോലെ നടക്കാന്‍ പറ്റോ.അല്ലേങ്കി ഈ എഴുപത്തഞ്ചാം വയസ്സിലും ഇങ്ങിനെ കയ്യേലും കഴുത്തേലുമെല്ലാം സ്വര്‍ണ്ണോമിട്ടോണ്ട് അണിഞ്ഞൊരുങ്ങി നടക്ക്വൊ തള്ളച്ചി.നീ ഒരു തഞ്ചത്തിലും തരത്തിലുമൊക്കെ നിന്നു കിട്ടുന്നതൊപ്പിച്ചോ.അതാ നെനക്കു നല്ലത്.ഞാമ്പറയാനുള്ളത് പറഞ്ഞു.ഇനി നിന്റെയിഷ്ടം" കറിയാ അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു.

"ആരും നോക്കാനില്ലാതെ വിശന്നുകരഞ്ഞ് റോഡിമ്മെ നിന്ന എന്നെ വിളിച്ചുകൊണ്ട്പോയി വയറുനെറച്ച് ആഹാരോം തന്ന്‍ കെടക്കാനൊരെടോം തന്ന്‍ ഇത്രേമാക്കിയത് ആ അമ്മച്ചിയാ.അവരെ ദ്രോഹിക്കാന്‍ എനിക്ക് പറ്റൂല്ല.അച്ചായന്‍ വേറെ വല്ലോമൊണ്ടെങ്കിപ്പറ"

കറിയ ഒന്നും മിണ്ടാതെ നടന്നു.കുട്ടപ്പനും.

ചന്തയില്‍ നിന്നും നല്ല ഫ്രെഷ് മാട്ടിറച്ചിയും മേടിച്ച് തിരിച്ച് വരുമ്പോള്‍ കുട്ടപ്പായി അമ്മിണിയേട്ടത്തിയുടെ വീട്ടില്‍കയറി.അവിടെ നിന്നും അപ്പോള്‍ പറമ്പില്‍ നിന്നും പറിച്ച് രണ്ടുകിലോ കപ്പയും മേടിച്ചു ഒരു മൂളിപ്പാട്ടും പാടി അവന്‍ വേഗം നടന്നു.നേരം നന്നായി വെളുത്തു.

"അമ്മച്ചിയേ ദേ പറഞ്ഞ സാധനം മുഴുവനും ഒണ്ട്.ഇനിയെന്നാ വേണം".കുട്ടപ്പന്റെ വിളികേട്ട് സാറാമ്മച്ചി പൊറത്തേയ്ക്കു വന്നു.

"അതുകൊണ്ട് അടുക്കളേ വയ്ക്കെടാ.എന്നിട്ടുപോയി ആ നാണിയെ പെട്ടന്ന്‍ വരാമ്പറ.പത്തുമണിയാകാറാവുമ്പളേയ്ക്കും എല്ലാം തയ്യാറാക്കണം"

"അമ്മച്ചി.സത്യത്തീ എന്നതാ ഇന്നു വിശേഷം.ഞാനുംകൂടിയൊന്നറിയട്ടമ്മച്ചീ"കുട്ടപ്പന്‍ തലേം ചൊറിഞ്ഞു നിന്നു

"നീയെന്റെ കയ്യീന്ന്‍ മേടിയ്ക്കും.പോയേച്ചുവാടാ.അപ്പോഴേയ്ക്കും ഞാനൊന്നു പള്ളി വരെ പോയേച്ചും വരാം" ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അമ്മച്ചി അകത്തേയ്ക്കുപോയി.

നാണിയും കുട്ടപ്പനും കൂടി ഉച്ചയാകുന്നതിനു മുമ്പേ തന്നെ അപ്പവും മട്ടന്‍ കറിയും മട്ടനൊലത്തിയതും കപ്പ പുഴുങ്ങിയതും എല്ലാം യുദ്ധകലാടിസ്ഥാനത്തില്‍ തയ്യാറാക്കി.അമ്മച്ചിയെ കാത്തിരുന്നു.

"എന്നതാടാ കുട്ടപ്പാ ഇന്ന്‍ വിശേഷം".

"എനിക്കൊന്നുമറിയാമ്മേല നാണിയേച്ച്യേ.അമ്മച്ചിയുടെ ആരാണ്ട് വരണൊണ്ടെന്നാ തോന്നുന്നേ".

"ദേ അമ്മച്ചി വരുന്നെടാ".തിടുക്കപ്പെട്ട് നാണി എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു.

"നീ പോയി കുളിച്ച് ഈ ഡ്രെസ്സിട്ടോണ്ടു വന്നേ". വന്നപാടേ കയ്യിലിരുന്ന കവര്‍ കുട്ടപ്പനു നീരെ നീട്ടിയിട്ട് അമ്മച്ചി പറഞ്ഞു.ഒന്നും മനസ്സിലാകാതെ അവന്‍ ആ കവര്‍ മേടിച്ചോണ്ട് അകത്തേയ്ക്കു നടന്നു.

കുളികഴിഞ്ഞു വന്ന കുട്ടപ്പന്‍ കണ്ടത് അമ്മച്ചിയും നാണിയും കൂടി മേശവിരിപ്പെല്ലാം നേരെയാക്കി ആഹാരസാധനമെല്ലാം ഒരുക്കിവച്ചിരിയ്ക്കുന്നതാണ്.അവന്‍ അത്ഭുതപ്പെട്ടത് മേശയുടെ മധ്യത്തിലായിരിക്കുന്ന വലിയ ഒരു കേക്കു കണ്ടിട്ടാണ്.അടുത്ത് തന്നെ ഒരുകൂട് മെഴുകുതിരിയും.ഇതെപ്പോഴാണു മേടിച്ചത്.താനറിഞ്ഞില്ലല്ലോ. ഇനി അമ്മച്ചിയുടെ പെറന്നാളായിരിക്കുമോ ഇന്നു.ഇതേവരെ അമ്മച്ചി പെറന്നാള് കൂടുന്നത് താന്‍ കണ്ടിട്ടില്ലല്ലോ.ആകെ ചിന്താകുലനായി നിന്നെ അവനെ ചേര്‍ത്തുപിടിച്ചിട്ട് അമ്മച്ചി ആ മെഴുകുതിരിയില്‍ നിന്നുമൊരെണ്ണമെടുത്ത് കേക്കില്‍ കുത്തിനിര്‍ത്തിയിട്ട് അത് കത്തിക്കാനായി കുട്ടപ്പനോടു പറഞ്ഞു.ഒന്നും മനസ്സിലാകാതെ അവന്‍ ആ മെഴുകുതിരി കത്തിച്ചപ്പോള്‍ അമ്മച്ചി കൈകള്‍ നെഞ്ചോടുചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ചുനിന്നു.

"ഹാപ്പി ബെര്‍ത്ത്ഡേ റ്റൂ യൂ...." അമ്മച്ചി പറഞ്ഞത് കേട്ട് നാണിയും അതേറ്റു പറഞ്ഞു.ആ കേക്കില്‍ നിന്നും ഒരു കഷണം മുറിച്ച് മിഴിച്ചു നിന്ന കുട്ടപ്പനുനേരെ സ്നേഹവായ്പ്പോടെ അമ്മച്ചി നീട്ടി.ആ കേക്കു കഷണവും കയ്യില്‍ പിടിച്ച് കുട്ടപ്പന്‍ ഒരു നിമിഷം നിന്നു.നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് തിന്നിട്ട് അമ്മച്ചി നാണിയോടായി പറഞ്ഞു.

"നെനക്കറിയോ നാണീ.ഇന്ന്‍ എനിയ്ക്ക് ഇവന്‍ മാത്രമേയൊള്ളൂ.മോനും മോളുമൊക്കെയില്ലേന്നു ചോദിച്ചാ ഒണ്ട്.പക്ഷേ എന്തു ഫലം.എന്റെ മക്കള്‍ എന്നെ ഒന്നു വന്ന്‍ കണ്ടിട്ട് പതിനൊന്നു വര്‍ഷമായിരിയ്ക്കുന്നു. വല്ലപ്പോഴും ചെലപ്പോ വിളിച്ചാലായി.ഞാന്‍ ചത്തുമണ്ണടിഞ്ഞെങ്കി ആ മെനക്കെടുത്തുകൂടി ഒഴിവാകുമല്ലൊ എന്ന ചിന്ത മാത്രമാണവര്‍ക്ക്. അങ്ങര് ബുദ്ധിപൂര്‍വ്വം ആദ്യമേയങ്ങു പൊയ്ക്കളഞ്ഞു.കള്ളന്‍.പെറ്റുവളര്‍ത്തി വളര്‍ത്തി വലുതാക്കിയ സ്വന്തം മക്കള്‍ക്ക് എന്നെ വേണ്ട.ഇവന്‍ എന്റെ കയ്യിലെത്തിയിട്ട് ഇന്നു കൃത്യം പത്തുകൊല്ലമായി.ഇന്നെവരെ എനിയ്ക്കു ഇങ്ങിനെ തോന്നിയില്ല.ഇപ്പോ കര്‍ത്താവ് തോന്നിപ്പിച്ചതാവും.എനിയ്ക്കു അന്ത്യനേരത്ത് ഒരിറ്റുവെള്ളം തരാന്‍ ഇവനേയുണ്ടാവൂ".

തന്റെ കയ്യിലിരുന്ന കേക്ക് കഷണം കുട്ടപ്പന്‍ അമ്മച്ചിയുടെ വായിലേയ്ക്കു വച്ചുകൊടുത്തു.സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ അവന്റെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"എടാ ചെക്കാ എനിക്കു പഞ്ചാരേം മറ്റുമൊള്ളതാ.നീ എന്നെ ഒടനെ തന്നെ പെട്ടീലാക്കുവോ".അമ്മച്ചി പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് ആ കേക്ക് തിന്നിറക്കി.അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

"എന്റെ മക്കള് തിന്ന്‍"

കുട്ടപ്പനെ ചേര്‍ത്തുപിടിച്ച് അവനെ കസേരയിലിരുത്തി വിഭവങ്ങള്‍ ഒന്നൊന്നായി അമ്മച്ചി അവന്റെ പാത്രത്തിലേയ്ക്കു വിളമ്പി.നാണിയും അമ്മച്ചിയെ സഹായിച്ചു. കുട്ടപ്പന്റെ കണ്ണുകളില്‍ നിറഞ്ഞ നീര്‍മണികള്‍ അവന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു.അന്നെവരെ അമ്മച്ചിയോടു തോന്നിയ ദേക്ഷ്യവും വെറുപ്പുമെല്ലാം ഒരു കുന്നോളം സ്നേഹമായി മാറുന്നതവനുള്ളിലറിയുന്നുണ്ടായിരുന്നു.


ശ്രീക്കുട്ടന്‍

Thursday, June 24, 2010

നെയ്യലുവയും കുഞ്ഞുപെങ്ങളും

ശിവന്‍ തന്റെ വാച്ചില്‍ സമയമെത്രയായി എന്നു നോക്കി. 2.40 കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരര മണിക്കൂറെങ്കിലുമെടുക്കും കടയ്ക്കാവൂരെത്താന്‍. അവിടെ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയാണ് ബുദ്ധിമുട്ട്.ഇത്ര വെളുപ്പാന്‍ കാലത്തേ ഏതു വണ്ടി കിട്ടാനാണ്. ഏതെങ്കിലും ഓട്ടോറിക്ഷയോ മറ്റൊ കിട്ടണമെങ്കില്‍ നേരം വെളുക്കണം.അല്ലെങ്കില്‍ പിന്നെ നടത്തം തന്നെ ശരണം.ഏകദേശം നാലു കിലോമീറ്ററോളമുണ്ട് വീട്ടിലേയ്ക്കു.ഒരു കണക്കിനു നടക്കുന്നതു തന്നെയാണ് നല്ലത്.ശരീരത്തിനൊരു വ്യായാമവുമാകുമല്ലോ. മാത്രമല്ല പുലരിയുടെ നനുത്ത തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ഒറ്റയ്ക്കങ്ങനെ നടക്കുന്നത് എന്തു സുഖമുള്ള കാര്യമാണ്.വഴിയിലൊന്നും നശിച്ച പട്ടികള്‍ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു.

ശിവന്‍ കമ്പാര്‍ട്ട്മെന്റിലാകെയൊന്നു കണ്ണോടിച്ചു. കുറച്ചുപേരേയുള്ളു.മിക്കപേരും നല്ല ഉറക്കം.തൃശൂരില്‍ നിന്നും താന്‍ കയറുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. എറണാകുളമെത്തിയപ്പോഴാണ് ഒരിരിപ്പിടമൊത്തതു തന്നെ. അതുവരെ കമ്പാര്‍ട്ട്മെന്റിന്റെ വാതുക്കള്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങളും കണ്ടങ്ങനെ നിന്നു.ഒക്ടോബറില്‍ ഇത്രയ്ക്കു തണുപ്പോ.എത്ര സിഗററ്റുകള്‍ പുകച്ചു തള്ളിയെന്ന്‍ ഒരു നിശ്ചയവുമില്ല.ഇടയ്ക്കെപ്പോഴോ ചെറുമഴത്തുള്ളികള്‍ മുഖത്തുപതിച്ചപ്പോഴാണ് അകത്തേയ്ക്കു വലിഞ്ഞത്.അമ്മയുടെ അസുഖം കുറവുണ്ടോ ആവോ. വീട്ടില്‍ വന്നുപോയിട്ട് മാസം ഒന്നുകഴിഞ്ഞു.അനുജത്തിയെ വിളിച്ചപ്പോള്‍ അമ്മയുടെ അസുഖത്തിന്റെ കാര്യം പറഞ്ഞതായിരുന്നു.ഒരാഴ്ചയായി നല്ല കൂടുതലാണത്രേ.താന്‍ വന്നിട്ടു വേണം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍.പക്ഷേ ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെയേറെ അര്‍ജന്റായതുകൊണ്ട് പെട്ടന്നൊന്നു പോകുവാനും കഴിഞ്ഞില്ല.അഡ്വാന്‍സായി കുറച്ചു കാശ്കൂടിചോദിച്ചപ്പോള്‍ സൂപ്പര്‍വൈസറുടെ മുഖം കടന്നല്‍ കുത്തേറ്റതുപോലെ ഇരുളുന്നത് കണ്ട വിജയനാണ് 1000 രൂപ ആരില്‍നിന്നോ മേടിച്ചു തന്നത്.സൂപ്പര്‍വൈസറേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു രണ്ടുമാസം കൂടി പണിയെടുത്താലും തീരാത്തത്ര കടം ഇപ്പോള്‍ തന്നെ കൈപ്പറ്റിയിട്ടൊണ്ട്.തന്റെ അമ്മയുടെ ദീനത്തെപ്പറ്റിയും അനിയത്തിയുടെ പഠിപ്പിനെപ്പറ്റിയുമെല്ലാം അയാളറിയുന്നതെന്തിനു.രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 വരെ അടിമകളെപ്പോലെ പണിയെടുക്കുവാന്‍ വിധിക്കപ്പെട്ട കൂലിപ്പണിക്കാരനെ അയാള്‍ സഹായിക്കുന്നതെന്തിനു.എന്നിട്ടും തന്റെ കരച്ചിലും മറ്റും കണ്ട് ഇത്രയെങ്കിലും ചെയ്തില്ലേ.അതു തന്നെ വലിയ കാര്യം.

"ചേട്ടാ ഒന്നു തീ തരുമോ"

തോളിലാരോ തോണ്ടിവിളിച്ചപ്പോഴാണ് ശിവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. ഒരു ചെറുപ്പക്കാരനാണ്.പത്തിരുപത് വയസ്സുവരും.കണ്ടിട്ട് വിദ്യാര്‍ത്ഥിയാണെന്നു തോന്നുന്നു.പോക്കറ്റില്‍ നിന്നും ലൈറ്ററെടുത്ത് അവനു നേരേ നീട്ടിയിട്ട് എരിഞ്ഞുതീരാറായ സിഗററ്റ് ശിവന്‍ ഒന്നുകൂടി ചുണ്ടോടു ചേര്‍ത്തു.

"ചേട്ടനെവിടേയ്ക്കാ" ലൈറ്റര്‍ തിരികെ തന്നുകൊണ്ടവന്‍ ചോദിച്ചു.

"കടയ്ക്കാവൂര്‍".ഉദാസീനനായി ശിവന്‍ മറുപടി പറഞ്ഞു.

"ഞാന്‍ തിരുവനന്തപുരത്തേയ്ക്കാ.കൊല്ലത്തുനിന്നാ കയറിയത്.ഇത്ര രാവിലെയാകുമ്പോള്‍ തിരക്കൊട്ടും കാണില്ല.അതുകൊണ്ടാ ഇതു പിടിച്ചത്".പറഞ്ഞിട്ടവന്‍ വാതിലിന്റെ ഓരത്തേയ്ക്കു കൂടുതല്‍ ചേര്‍ന്നു നിന്നു.

വര്‍ക്കല സ്റ്റേഷനെത്താറായപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞു. വല്ലാത്ത കരച്ചിലോടെ വണ്ടി ഇഴഞ്ഞിഴഞ്ഞ് സ്റ്റേഷനോടടുത്തുകൊണ്ടിരുന്നു.ഈ സമയം നാലഞ്ചു ചെറുപ്പക്കാര്‍ അവര്‍ നിന്ന വാതിലിനെതിര്‍വശത്തുകൂടി പുറത്തേയ്ക്കു ചാടിയിറങ്ങി മറഞ്ഞു.

"ടിക്കറ്റെടുക്കാതെ വന്നവമ്മാരാ.എവനൊന്നും നാണമില്ലേ ഇങ്ങിനെ കള്ളവണ്ടി കേറാന്‍.ഒരു ദിവസം ടി.ടി.ആറിന്റെ കയ്യീപ്പെടുമ്പം മതിയായിക്കൊള്ളും ഈ സൂക്കേട്" ചെറുപ്പക്കാരന്‍ അവജ്ഞയോടെ പറഞ്ഞുകൊണ്ട് സിഗററ്റ് ആഞ്ഞുവലിച്ചു.എന്തോ ശിവന് ആ ചെറുപ്പക്കാരനോടു ഒരിഷ്ടം തോന്നി.

ചൂളം വിളിച്ചുകൊണ്ട് ട്രെയിന്‍ തന്റെ സഞ്ചാരമാരംഭിച്ചപ്പോള്‍ ശിവന്‍ തന്റെ ഭാഗും മറ്റുമെടുത്ത് കയ്യില്‍ പിടിച്ച് വാതിലിനടുത്തേയ്ക്കു നീങ്ങിനിന്നു.അടുത്ത സ്റ്റേഷനില്‍ തനിക്കിറങ്ങണ്ടതാണ്.

"ചേട്ടനിറങ്ങണ്ട സ്ഥലമെത്താറായല്ലേ.പിന്നെ ഞാനൊരു കാര്യം ചോദിച്ചോട്ടെ".ആ ചെറുപ്പക്കാരന്‍ ശിവന്റെ അടുത്തേയ്ക്കു നീങ്ങിനിന്നു.

"എന്തായാലും ചേട്ടന്‍ കടയ്ക്കാവൂരെറങ്ങും.ഈ വെളുപ്പാന്‍ കാലത്ത് അവിടെയാരുമുണ്ടാവില്ല.ചേട്ടന്റെ കയ്യിലുള്ള ടിക്കറ്റ് എനിക്കു തരുമോ.ഞാന്‍ തിരുവനന്തപുരത്തെത്തുമ്പൊ നേരം വെളുക്കും അതോണ്ടാ" തന്നോട് ഒച്ചതാഴ്ത്തി ചോദിക്കുന്ന ആ യുവാവിനെ ശിവന്‍ അവിശ്വസനീയതയോടെ ഒന്നു നോക്കി.ഒരു നിമിഷം എന്തോ ചിന്തിച്ചശേഷം പോക്കറ്റിലുണ്ടായിരുന്ന ടിക്കറ്റെടുത്ത് അവനുനേരെ നീട്ടുമ്പോള്‍ ശിവന്റെ ചുണ്ടിലൊരു പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു.ഒന്നും സംഭവിക്കാത്തതുപോലെ അവന്‍ ആ ടിക്കറ്റ് മേടിച്ചു തന്റെ പഴ്സില്‍ വച്ചശേഷം സീറ്റില്‍ പോയിരുന്നു.

ട്രയിന്‍ ഒരു ഇരമ്പലോടെ സ്റ്റേഷനില്‍ നിന്നു.തന്റെ ബാഗുമായി പുറത്തിറങ്ങിയ ശിവന്‍ ചുറ്റുമൊന്നു നോക്കി.സ്റ്റേഷനില്‍ ഒരു കുഞ്ഞുപോലുമില്ല.ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ശിവന്‍ ഒരു മൂളിപ്പാട്ടും പാടി സ്റ്റേഷനു പുറത്തേയ്ക്കു നടന്നു.ആരോ തന്നെ വിളിച്ചതായി തോന്നിയപ്പോള്‍ ശിവന്‍ മെല്ലെ തിരിഞ്ഞുനോക്കി.തന്റെ നീരെ വരുന്ന കറുത്ത കോട്ടിട്ട രൂപത്തെ കണ്ട ശിവന്‍ ശരിക്കും ഞെട്ടി.ടി.ടി.ആര്‍.

തന്റെ മുമ്പില്‍ വന്നു നിന്നു ടിക്കറ്റ് ചോദിക്കുന്ന ടി.ടി.ആറിനെ ഒരു ഭീകരനെപ്പോലെ ശിവന്‍ സൂക്ഷിച്ചുനോക്കി.അകന്നകന്നു പോകുന്ന ട്രെയിനിന്റെ ഒച്ച.തലകുനിച്ച് ഒന്നും മിണ്ടാതെ നിന്ന അവനുനേരെ ഒരേസമയം നിരവധി ചോദ്യങ്ങള്‍ ചോദിച്ചു ടി.ടി.ആര്‍.തന്റെ ടിക്കറ്റും കൊണ്ട് ഒരുവന്‍ പോയി എന്നു പറയുന്നതെങ്ങിനെ.

"ഡെയ്ലി ഇതേപോലെ എത്രയെണ്ണത്തിനെ പിടിക്കുന്നതാണെന്നറിയാമോ.വെളുപ്പാന്‍ കാലത്തായതുകൊണ്ട് പിടിക്കില്ലെന്നു കരുതിയോ.ടിക്കറ്റെടുക്കാതെ പോവാന്‍ ഇതെന്താ സൌജന്യവണ്ടിയാണോ.മര്യാദക്കു ഫൈനടച്ചോ".ടി.ടി.ആറിന്റെ ഓരോ വാക്കുകളും ഒരശരീരിപോലെ തോന്നി ശിവനു.

ടി.ടി.ആര്‍ എഴുതി നല്‍കിയ ഫൈനിന്റെ പേപ്പര്‍ മേടിച്ചു അതിലെഴുതിയിരുന്ന തുക പോക്കറ്റില്‍ നിന്നുമെടുത്തുകൊടുക്കുമ്പോള്‍ ശിവന് തലയുയര്‍ത്തി അയാളെ നോക്കാന്‍ തന്നെ നാണം തോന്നി.മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട് അവന്‍ ഇരുട്ടിലാണ്ടുകിടക്കുന്ന വിജനമായ റോഡിലൂടെ വീടു ലക്ഷ്യമാക്കി നടന്നു.

നല്ല തണുപ്പ് തോന്നിയ ശിവന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗറെറ്റെടുത്തു കൊളുത്തി.ഈ ദുശ്ശീലം നിര്‍ത്തണമെന്ന്‍ എത്ര നാളായി വിചാരിക്കുന്നു.പറ്റുന്നില്ല.പുകയൂതിപ്പറത്തിക്കൊണ്ട് തനിക്കേറ്റവും ഇഷ്ടമായ മൂളിപ്പാട്ടും പാടി ശിവന്‍ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി.ഉണര്‍ന്നെണീക്കുന്ന ശാലു തന്നെക്കണ്ട് അത്ഭുതപ്പെടണം.അവള്‍ക്കേറ്റവുമിഷ്ടമുള്ള നെയ്യലുവ മറക്കാതെ താന്‍ വാങ്ങിയിട്ടുണ്ട്.കൊതിച്ചിപ്പാറു.എതോ ഒരു വണ്ടിയുടെ വെളിച്ചം ശരീരത്തിലടിച്ചപ്പോള്‍ ശിവന്‍ റോഡിന്റെ ഓരത്തായി ഒന്നൊതുങ്ങിനിന്നു.തന്റെ മുമ്പില്‍ ചവിട്ടിനിര്‍ത്തിയ വാഹനം ഒരു പോലീസ് ജീപ്പാണെന്നു കണ്ട അവന്‍ ഒന്നു ഞെട്ടി

"ആരാടാ നീ ഈ വെളുപ്പാങ്കാലത്ത് എവിടെ പ്പോവുവാടാ" .ജീപ്പില്‍ നിന്നും ചാടിയിറങ്ങിയ പോലീസുകാരിലൊരാള്‍ അവനോടു ചോദിച്ചു.

"സാര്‍ ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു പോവുകയാണ് സാര്‍. വണ്ടിയൊന്നും കിട്ടാത്തതുകൊണ്ടാണ് നടന്നത്" ആവുന്നത്ര ഭവ്യതയോടെ ശിവന്‍ പറഞ്ഞു.ഈ സമയം ഒരു പോലീസുകാരന്‍ അവന്റെ ബാഗില്‍ ലാത്തികൊണ്ടൊന്നു തട്ടിയിട്ട് അത് താഴെ വയ്ക്കാനായി ആംഗ്യം കാട്ടി.

"എന്താടാ ഇതില്. വല്ലതും മോട്ടിച്ചോണ്ടു വന്നതാണോ"

"അതിലിന്റെ ജോലിഡ്രെസ്സും മറ്റുമൊക്കെയാണു സാര്‍"

"തൊറക്കെടാ"

ശിവന്‍ പതിയെ തന്റെ ബാഗ് തുറന്ന്‍ പോലീസുകാരെ കാണിച്ചു. പോലീസുകാരന്‍ ലാത്തിവച്ച് തുണികളും മറ്റുമെല്ലാം ചികഞ്ഞുനോക്കി.

"എന്താടാ ഈ പൊതി.കഞ്ചാവോ മറ്റോ ആണോ".അനുജത്തിക്കുവേണ്ടി വേടിച്ച അലുവാപ്പൊതിയില്‍ ലാത്തികൊണ്ട് കുത്തിയിട്ട് പോലീസുകാരന്‍ അവനെ നോക്കി പൊതി തുറന്നുകാണിക്കാനാവശ്യപ്പെട്ടു.അതിനുള്ളില്‍ അലുവ കണ്ട അയാള്‍ ആ പൊതി അതേപോലെയെടുത്ത് ജീപ്പിനുള്ളില്‍ വച്ചു.

എവിടെപ്പോവേണ്ടതാണെന്നും മറ്റും ചോദിച്ചിട്ട് പോലീസുകാരന്‍ അവനോടു ജീപ്പില്‍ കയറാന്‍ പറഞ്ഞു. ഒന്നും മിണ്ടാതെ ഭയന്നുവിറച്ച് ബാഗുമായി ശിവന്‍ പുറകിലെ സീറ്റില്‍ കയറിയിരുന്നു.

"ജോലിയൊക്കെ കഴിഞ്ഞുവരുവല്ലേ.കയ്യിലു നല്ല കാശൊണ്ടായിരിക്കുമല്ലോടാ". പുറകിലേയ്ക്കു നോക്കി പോലീസുകാരന്‍ ഒരു വിടലച്ചിരി ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു.പോക്കറ്റിലുണ്ടായിരുന്ന ബാക്കി രൂപയെ അവന്‍ മുറുകെ ഭദ്രമായി കൂട്ടിപ്പിടിച്ചു. വണ്ടി നിന്നപ്പോള്‍ അവന്‍ പുറത്തേയ്ക്കു നോക്കി. ഒരു ചായക്കടയുടെ മുമ്പിലാണു.സമയം നാലര കഴിഞ്ഞു.

"വാടാ ഒരു ചായ കുടിയ്ക്കാം"

പുറത്തിറങ്ങിയ പൊലീസുകാരന്‍ ശിവനെ വിളിച്ചു.ആ തണുപ്പില്‍ ചൂടു ചായ ഉള്ളിലേയ്ക്കു ചെന്നപ്പോള്‍ ശിവനു അല്‍പ്പം സുഖം തോന്നി.ചായയെല്ലാം കുടിച്ചു പൊലീസുകാര്‍ ഒരു പായ്ക്കറ്റ് വില്‍സ് സിഗററ്റ് മേടിച്ചു പൊട്ടിച്ച് ഓരോന്നു കൊളുത്തിയശേഷം പെട്ടന്നു വീട്ടീ പൊയ്ക്കോയെന്നു പറഞ്ഞിട്ട് ജീപ്പെടുത്തുപാഞ്ഞുപോയപ്പോള്‍ ശിവന്‍ ഒന്നും മിണ്ടിയില്ല. കടയിലെ കാശുമുഴുവന്‍ കൊടുത്ത് ശിവന്‍ വീട്ടിലേയ്ക്കു വേഗം നടന്നു.

മഞ്ഞുപുതഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ നടന്ന്‍ വീട്ടിലെത്തിയ ശിവന്‍ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെ ഇരുളുപൂണ്ടുകിടക്കുന്ന തന്റെ വീട്ടിന്റെ ഇറയത്ത് ഒരു നിമിഷം നിന്നു.അമ്മയും അനുജത്തിയും ഉണര്‍ന്നിട്ടില്ല.അവന്‍ വാതിക്കല്‍ മെല്ലെ മുട്ടി.

"ആരാ അത്"

ഒരു കടുത്ത ചുമയോടെ കേട്ട ശബ്ദം തന്റെ അമ്മയുടേതാണെന്നു തിരിച്ചറിഞ്ഞ ശിവന്‍ ഞാനാണമ്മേ ശിവന്‍ എന്നു ഉറക്കെ മറുപടി പറഞ്ഞു.അല്‍പ്പസമയത്തിനകം അകത്ത് ചിമ്മിനിവിളക്കിന്റെ വെട്ടം കാണുകയും ശാലു വന്നു വാതില്‍ തുറക്കുകയും ചെയ്തു.ഉറക്കച്ചടവോടെ നില്‍ക്കുന്ന തന്റെ അനുജത്തിയുടെ ശിരസ്സില്‍ അരുമയായി തലോടിയിട്ട് ശിവന്‍ ബാഗുമായി അകത്തെയ്ക്കു കയറി മൂടിപ്പുതച്ചുകിടക്കുന്ന തന്റെ അമ്മയുടെ അടുത്തേയ്ക്കു ചെന്നു.അമ്മയ്ക്കു ഒട്ടും തന്നെ വയ്യ. അസുഖം അമ്മയെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ഇന്നു തന്നെ ആശുപത്രിയില്‍ കൊണ്ടു പോകണം.തന്റെ ബാഗു തുറന്ന്‍ അതിനുള്ളില്‍ പരതിനോക്കിയിട്ട് ഒന്നും മിണ്ടാതെ നിരാശ നിറഞ്ഞ മുഖത്തോടെ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വച്ച് കത്തിയ്ക്കുന്ന തന്റെ അനുജത്തിയെ നോക്കിയപ്പോള്‍ ശിവനു സങ്കടം തോന്നി.അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ട് വരുമ്പോള്‍ അവള്‍ക്ക് കൊതിതീരെതിന്നുവാന്‍ നെയ്യലുവ മേടിച്ചുകൊണ്ടു വരണമെന്നു മനസ്സിലുറപ്പിച്ചു ശിവന്‍ തന്റെ ഷര്‍ട്ടൂരി അയയില്‍ തൂക്കി.


ശ്രീ​ക്കുട്ടന്‍

Tuesday, June 22, 2010

രമേഷിന്റെ ആദ്യ വിവാഹം

കല്യാണമണ്ഠപത്തിലേയ്ക്കു ‍കാറില്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ രമേഷ് ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു. നാശം പിടിച്ച തന്റെ ബോസ്സ് അനുവദിച്ച് ലീവ് തന്നത് രണ്ടുദിവസം മുമ്പു മാത്രമാണു. അതും കൃത്യം മുപ്പതിന്റന്നു തിരിച്ചു ജോയിന്‍ ചെയ്തിരിക്കണമെന്ന കര്‍ശ്ശനനിര്‍ദ്ദേശത്തോടെ. പെണ്ണിനെയൊന്നു കണ്ടതുകൂടിയില്ല.അച്ഛനുമമ്മാവമ്മാരും കണ്ട് എല്ലാമുറപ്പിച്ചശേഷമാണു തന്നെ അറിയിക്കുന്നതു.ആകെ കണ്ടത് അവളുടെ ഒരു ഫോട്ടോ മാത്രമാണു.തന്റെ അനുജത്തി രാജി മെയിലില്‍ അയച്ചു തന്നതാണത്.നിര്‍മ്മലയെന്നാണു പേര്.ഡിഗ്രീ ഫൈനല്‍ ഇയറിനു പഠിക്കുന്നു.നിമ്മിയെന്നു വീട്ടില്‍ വിളിക്കും.തനിയ്ക്കും അങ്ങനെ വിളിച്ചാ മതി. ഒരനിയനുണ്ട്.നിരഞ്ജന്‍.ആശാന്‍ പ്ലസ്സ് ടൂവിലാണു.നിമ്മിയുടെ ഫോട്ടൊ കണ്ടിട്ടു വലിയ കുഴപ്പമുള്ളതായി തോന്നിയില്ല.താന്‍ ആഗ്രഹിച്ചിരുന്നതുപോലെ ധാരാളം തലമുടിയുണ്ട്.നല്ല വെളുത്ത നിറമാണെന്നു തോന്നുന്നു.എന്തായാലും ഒന്നു രണ്ടു മണിക്കൂറുകള്‍ കൂടി തന്നല്ലോ.അവന്റെ മുഖത്ത് ഒരു ചെറുചിരിയുദിച്ചു.

"എന്താ അളിയാ ഒരു ചിരി.ആക്രാന്തമായോ".തുടയില്‍ ഒന്നു കൈകൊണ്ട് തട്ടിക്കൊണ്ട് സഞ്ജീവന്‍ മറ്റു കൂട്ടുകാരെ നോക്കിച്ചിരിച്ചു.

"ടെന്‍ഷന്‍ കൊണ്ടാണോ മച്ചൂ.പേടിയ്ക്കേണ്ട നിന്റെ ആദ്യത്തെ കല്യാണമായതോണ്ടു കൊറച്ചുകാണും" കണ്ണിറുക്കി കാട്ടിക്കൊണ്ട് നൈബു പറഞ്ഞു

"ഹേയ് ടെന്‍ഷനൊന്നുമില്ല.എന്നാലും ഒരു"

മുഖത്തെ ചമ്മല്‍ പുറത്തുകാട്ടാതെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ കയ്യിലിരുന്ന കര്‍ച്ചീഫിനാല്‍ തുടച്ചുകൊണ്ട് അവന്‍ സീറ്റില്‍ ചാരിയിരുന്നു.11.30 നും 12 നും ഇടയിലാണു കല്യാണം.എന്തെല്ലാമോ ആലോചിച്ചിരുന്ന രമേഷ് കല്യാണമണ്ഠപമെത്തിയത് അറിഞ്ഞില്ല.

"എടാ സ്വപ്നം കണ്ടത് മതി സ്ഥലമെത്തി.ദേ കൈ വിറയ്ക്കാതിരിക്കുവാന്‍ ഒരെണ്ണം പിടിപ്പിക്കുന്നോ"

കൂട്ടുകാരുടെ കളിയാക്കല്‍ കേട്ട് ചിന്തയില്‍ നിന്നുണര്‍ന്ന്‍ രമേശന്‍ കാറില്‍ നിന്നുമിറങ്ങി.ബന്ധുക്കളും അച്ഛനുമമ്മയും എല്ലാപേരും പുറത്തു നില്‍പ്പുണ്ട്. അല്‍പ്പസമയത്തിനകം വധുവിന്റെ ഭാഗത്തു നിന്നും കുറച്ചുപേര്‍ ഹാളിനുപുറത്തേയ്ക്കു വന്നു. നിരഞ്ജന്‍ രമേഷിനെ ഹാരമണിയിക്കുകയും ഹസ്തദാനം നല്‍കി ഹാളിലേയ്ക്കു ആനയിക്കുകയും ചെയ്തു.

മണ്ഠപത്തിലേയ്ക്കു നടക്കുമ്പോള്‍ രമേഷ് അല്‍പ്പം അസ്വസ്ഥനായിരുന്നു.തനിക്കു നേരെ നീളുന്ന കണ്ണുകളെ നേരിടാനാവാത്തതുപോലെ മുഖം കുനിച്ച്കൊണ്ട് അവന്‍ നടന്നു.ബന്ധുക്കളും സ്നേഹിതരും നാട്ടുകാരുമെല്ലാം ഹാളിന്റെ വിവിധഭാഗങ്ങളിലായി ഇരിപ്പുറപ്പിച്ചു.അച്ഛനും അമ്മാവനും മറ്റും പെണ്ണിന്റെ വേണ്ടപ്പെട്ടവരുമായി എന്തെക്കൊയോ സംസാരിക്കുന്നു.ഒരു സൈഡിലായിരുന്നു നാദസ്വരക്കാര്‍ തങ്ങളുടെ ജോലി ചെയ്യുന്നു.പതിവുപോലെതന്നെ കരയോഗം പ്രസിഡന്റ് എല്ലാം കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചുകൊണ്ട് പലപല നിര്‍ദ്ദേശങ്ങള്‍ പലര്‍ക്കായും നല്‍കുന്നുണ്ട്. ഒരു വശത്തായി നിന്നുകൊണ്ട് രമേശന്‍ ഹാളിലേയ്ക്കു ചെറുതായി കണ്ണോടിച്ചു. നിറയെ ആള്‍ക്കാരുണ്ട്.തന്റെ സ്നേഹിതര്‍ തന്നെ നോക്കി എന്തൊക്കെയോ കമന്റ് പറഞ്ഞു ചിരിയ്ക്കുന്നുണ്ട്.അവമ്മാര്‍ക്കറിയാമോ തന്റെ ടെന്‍ഷന്‍.പത്തെണ്ണൂറാള്‍ക്കാരുടെ മുമ്പില്‍ ഒരു കാഴ്ചവസ്തുവിനെപോലെ നില്‍ക്കുന്നവര്‍ക്കേ അതു മനസ്സിലാകൂ. വീണ്ടും മണ്ഠപത്തിലേയ്ക്കു ശ്രദ്ധതിരിച്ച രമേശന്‍ കാരണവമ്മാര്‍ പെട്ടിയും മറ്റും കൈമാറ്റം ചെയ്യുന്നതും പുടവയും താലിയുമെല്ലാം ശരിയാക്കി വയ്ക്കുന്നതും ഒന്നൊന്നായി നോക്കി നിന്നു.

ചടങ്ങുകള്‍ ആരഭിച്ചു.രമേശന്റെ കയ്യും പിടിച്ച് മനോഹരന്‍ പിള്ള മണ്ഠപത്തിനു വലം വച്ചു.മുത്തശ്ശിയുടേയും അമ്മാവന്റേയും മറ്റു പ്രധാന കാരണവമ്മാരുടേയും അനുഗ്രഹം വാങ്ങി സദസ്യരെ നോക്കി ഒന്നു തൊഴുതിട്ട് കാരണവരുടെ നിര്‍ദ്ദേശപ്രകാരം കത്തിച്ചുവച്ചിരുന്ന നിലവിളക്കിനെ ഒന്നുഴിഞ്ഞ് തലയില്‍ തൊട്ടിട്ട് വിറയാര്‍ന്ന വലതുകാലുയര്‍ത്തി രമേഷ് കതിര്‍മണ്ഠപത്തില്‍ വലതുവശത്തായിട്ടിട്ടിരുന്ന തടുക്കില്‍ ഇരുന്നു.

"ഇനി പെണ്ണിനെ വിളിക്കാം"

ആരോ വിളിച്ചു പറഞ്ഞു. നാദസ്വരക്കാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കുന്നുണ്ട്. രമേഷ് തലതിരിച്ചൊന്നു നോക്കി.ആറേഴു താലപ്പൊലിയേന്തിയ ബാലികമാര്‍ക്കൊപ്പം വരുന്ന നിര്‍മ്മലയെ അവനു നേരെ കാണാന്‍ പറ്റിയില്ല.ആരോ കാഴ്ച മറച്ചു.തന്റെ ആകാംഷ ഉള്ളിലൊതുക്കിക്കൊണ്ട് അവന്‍ തല താഴ്ത്തിയിരുന്നു.അവളുടെ അച്ഛന്‍ അവളെ കൈപിടിച്ചുകൊണ്ട് നടന്ന്‍ വേണ്ടപ്പെട്ടവരുടെയെല്ലാം അനുഗ്രഹം വാങ്ങിക്കുന്നതും പിന്നെ പോറ്റിയുടെ നിര്‍ദ്ദേശാനുസരണം എല്ലാം ചെയ്തശേഷം വലതുകാലു വച്ചു കയറി തന്റെ ഇടതു വശത്തായി അവള്‍ വന്നിരുന്നതും എല്ലാം രമേഷ് അറിയുന്നുണ്ടായിരുന്നു.ഒരു നിമിഷം ഇടങ്കണ്ണിട്ട് അവളെ നോക്കിയ രമേഷ് പൂര്‍ണ്ണമായും സംതൃപ്തനായി.തന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത് പോലെയൊരു സുന്ദരി.എന്നാല്‍ അവളുടെ മുഖത്ത് അത്ര സന്തോഷമുള്ളതായി അവനു തോന്നിയില്ല.വിവാഹത്തിന്റെ ടെന്‍ഷനായിരിക്കും.

"മുഹൂര്‍ത്തമാവാറായി.ചടങ്ങുകള്‍ ആരംഭിക്കാം". പോറ്റി പറഞ്ഞു.

നാദസ്വരമേളം മുറുകാന്‍ തുടങ്ങി. തനിക്കു നേരെ നീട്ടിയ താലിമാല വിറയ്ക്കുന്ന കൈകളാല്‍ മേടിച്ചുകൊണ്ട് അതു നിര്‍മ്മലയുടെ കഴുത്തിലണിയിക്കാനായി രമേഷ് തിരിഞ്ഞു.

"എനിക്കീ കല്യാണത്തിനു ഇഷ്ടമല്ലാ​".

ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ട് ആ താലിമാല കൈകൊണ്ട് തട്ടിത്തെറിപ്പിച്ച് ചാടിയെഴുന്നേറ്റ നിര്‍മ്മലയെ ഒരു നിമിഷം അവിശ്വസനീയതയോടെ രമേഷ് നോക്കി.

വാദ്യമേളങ്ങളെല്ലാം ഒരു നിമിഷം കൊണ്ടു നിന്നു. മണ്ഠപത്തിലും സദസ്സിലുമാകെ ഒരു കൊടിയ നിശബ്ദത പരന്നു. ആരോ ഒരു ബോംബിട്ട പ്രതീതി.നിമിഷങ്ങള്‍കൊണ്ട് അവിടമാകെ ബഹളത്തില്‍ മുങ്ങി.

"ഞാനാദ്യമേ പറഞ്ഞതാ ഈ കല്യാണത്തിനിഷ്ടമല്ലെന്നു.എനിക്കു മറ്റൊരാളെ ഇഷ്ടമാണു.അയാളോടൊപ്പം ജീവിക്കാനെന്നെ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ ചത്തുകളയും"

ഒരു ഭ്രാന്തിയെപ്പോലെ സദസ്സിനെ നോക്കി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് മണ്ഠപത്തില്‍നിന്നുമിറങ്ങിപ്പോകുന്ന നിര്‍മ്മലയെ അപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ലാത്ത കണ്ണുകളാല്‍ രമേഷ് നോക്കിയിരുന്നു.നിരഞ്ജന്‍ ഓടിവന്നു അവളുടെ കൈപിടിച്ചു നിര്‍ത്തുന്നതും അവളാ കൈ തട്ടിമാറ്റുന്നതും ഇതിനിടയില്‍ തളര്‍ന്നുവീണ നിര്‍മ്മലയുടെ അച്ഛനെ ആരൊക്കെയോ ചേര്‍ന്നു താങ്ങിപ്പിടിച്ചു നിലത്തു കിടത്തുന്നതും തന്റെ ബന്ധുക്കളും മറ്റും നിര്‍മ്മലയുടെ ആള്‍ക്കാരുമായി വാഗ്വാദത്തിലേര്‍പ്പെടുന്നതും തന്റെ കൂട്ടുകാര്‍ തന്റടുത്തേയ്ക്കു പാഞ്ഞുവരുന്നതും എല്ലാം രമേഷ് അറിയുന്നുണ്ടായിരുന്നു. ഒരു വിഡ്ഡിയെപ്പോലെ അവന്‍ ചുറ്റുപാറ്റുമൊന്നു നോക്കി. മരവിച്ച മിഴികളുമായി തന്നെ തന്നെ നോക്കി നില്‍ക്കുന്ന തന്റെ അച്ഛന്റെ കണ്ണുകള്‍ നിറയുന്നതവന്‍ കണ്ടു. പലരുടേയും പരിഹാസം നിറഞ്ഞ നോട്ടം നേരിടാനാവാതെ അവന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.ഈ സമയം ആരൊക്കെയോ നിര്‍മ്മലയോടു സംസാരിക്കുന്നുണ്ടായിരുന്നു.

ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന തന്റെ കൂട്ടുകാരെ അവന്‍ ദയനീയമായൊന്നു നോക്കി.തന്നെ കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ കരയുന്ന അനുജത്തിയുടെ കൈകള്‍ വിടുവിച്ച് അവന്‍ പുറത്തേയ്ക്കു നടന്നു.കണ്ണുകളില്‍ നിറഞ്ഞ നീര്‍മുത്തുകളാല്‍ അവന്റെ കാഴ്ച മറയ്ക്കപ്പെടുന്നുണ്ടായിരുന്നു.


ശ്രീക്കുട്ടന്‍

Sunday, June 20, 2010

പീഡനം

ഗ്യാസ്സ് ഓണ്‍ ചെയ്തു പാല്‍ തിളപ്പിക്കാനായി വച്ചശേഷം വാഷ്ബേസിനുചുറ്റും കിടക്കുന്ന എച്ചില്‍പാത്രങ്ങള്‍ നോക്കി ഒന്നു നെടുവീര്‍പ്പിട്ടിട്ട് രഘു അതൊന്നൊന്നായി കഴുകി വയ്ക്കുവാനാരംഭിച്ചു.തലേരാത്രി ആഹാരം കഴിച്ചശേഷം കൂട്ടിയിട്ടിരിക്കുന്നതാണ്.ഈ രീതിയില്‍ പോയാല്‍ ശരിയാവില്ല.അല്ലെങ്കില്‍ തന്നെ ആരോടു പറയാന്‍.രാവിലെ തന്നെ എഴുന്നേറ്റതാണു.ഹാളില്‍ നിന്നും ടെലിവിഷന്റെ ശബ്ദം മുഴങ്ങുന്നുണ്ട്.ഇത്ര രാവിലെ എന്തു വാഴയ്ക്ക കാണുവാണു.ഈ പാത്രങ്ങള്‍ കഴുകിവയ്ക്കുവാനെങ്കിലും ഒന്നു സഹായിച്ചുകൂടെ.എവിടെ.രാവിലെ ഒമ്പതുമണിവരെ പോത്തുകണക്ക് കിടന്നുറങ്ങും.എഴുന്നേറ്റുടനെ ടി.വി ഓണ്‍ ചെയ്യും.ഇതിനും മാത്രം എന്തു പുണ്ണാക്കാണതില്‍ കാട്ടുന്നത്.
ഒരു ദിവസം താനതു തല്ലിപ്പൊളിയ്ക്കും.ദേക്ഷ്യത്തോടെ മനസ്സിലോര്‍ത്തുകൊണ്ട് രഘു കയ്യിലിരുന്ന ഗ്ലാസ് വാഷ്ബേസിനിലേയ്ക്കിട്ടു.

"എന്താ ഒരൊച്ച കേട്ടത്.വല്ലതും തട്ടിപ്പൊട്ടിച്ചോ". ഹാളില്‍ നിന്നുമാണ്.

"ഹേയ് ഒന്നുമില്ല ഗ്ലാസ് ഒന്നു വീണതാ".ഉറക്കെവിളിച്ചുപറഞ്ഞിട്ട് രഘു തന്റെ ജോലി തുടര്‍ന്നു.

"ചായ ആയില്ലേ ഇതേവരെ"

'എനിയ്ക്കു രണ്ടു കയ്യേയുള്ളു'. മനസ്സില്‍ പിറുപിറുത്തുകൊണ്ട് തിളച്ചുതുടങ്ങിയ പാല്‍ വാങ്ങിവച്ചിട്ട് രഘു ചായ റെഡിയാക്കാന്‍ തുടങ്ങി.കഴുകിവച്ച ഒരു ഗ്ലാസ്സെടുത്ത് നന്നായി തുടച്ചിട്ട് അതില്‍ ഒരു ഗ്ലാസ്സ് ചായ പകര്‍ന്ന്‍ രഘു ഹാളിലേയ്ക്കു ചെന്നു.

ടീപ്പോയ്ക്കുമുകളില്‍ കാലും കയറ്റിവച്ചിരുന്ന്‍ ടി.വി കാണുന്ന തന്റെ ശ്രീമതിയെ കൊല്ലുവാനെന്നവണ്ണം ഒന്നു നോക്കിയശേഷം രഘു ഒന്നു മുരടനക്കി.

"രേണൂ ചായ".

"അവിടെ വച്ചേക്കൂ".രഘുവിനെ നോക്കാതെ ടീ വിയില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് രേണുക പറഞ്ഞു.

തലകുനിച്ച് രഘു അടുക്കളയിലേയ്ക്കു മടങ്ങുമ്പോല്‍ സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹികവും മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് വാചാലയാകുന്ന സാമൂഹ്യപ്രവര്‍ത്തകയുടെ വാക്കുകള്‍ ശ്രദ്ധിച്ച് വൈകുന്നേരം ക്ലബ്ബില്‍ നടത്താന്‍ പോകുന്ന സ്ത്രീ അടിമയല്ല എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താന്‍ നടത്താന്‍ പോകുന്ന പ്രസംഗത്തിനായിട്ട് ചില വാചകങ്ങള്‍ കടംകൊള്ളുകയായിരുന്നു മിസ്സിസ്സ് രഘു സോറി രേണുകാ പിള്ളൈ.


ശ്രീക്കുട്ടന്‍

Thursday, June 17, 2010

സുലുവും ബാഷയും പിന്നെ പോലീസും

പൊടിയും പാറിച്ച് ബാഷ പാഞ്ഞ് വരുന്നതു കണ്ടപ്പോഴേ സജു പറഞ്ഞു.

"ജീവന്‍ വേണമെങ്കില്‍ മാറിക്കോ.ദേ കാട്ടാന വരുന്നുണ്ട്".

തലയും കുമ്പിട്ടിരുന്ന അജിത്ത് പെട്ടന്നെഴുന്നേറ്റു. അതെ ബാഷ തന്നെ.കിടക്കുകയായിരുന്ന സുരേഷിനെ അവന്‍ തട്ടിയുണര്‍ത്തി.

"അണ്ണാ എണീക്ക് ദേ സുലു വണ്ടീം കൊണ്ടു വരുന്നു".

ആകാശമാണോ ഭൂമിയാണോ അതോ താനാണോ കറങ്ങുന്നതെന്ന്‍ യാതൊരു നിശ്ചയവുമില്ലാത്ത അവസ്ഥയിലായിരുന്നിട്ടും സുരേഷ് ചാടിയെഴുന്നേറ്റു.എത്ര ബോധമില്ലാത്തവനാണെങ്കിലും ജീവനില്‍ കൊതിയില്ലാതിരിക്കുമോ.അഴിഞ്ഞുപോയ കൈലി ഉടുക്കുവാന്‍ പോലും മെനക്കെടാതെ ആശാന്‍ അതിരിന്റെ മേലേയ്ക്കു വലിഞ്ഞു കയറി.ഭാഗ്യത്തിനു പേരിനൊരു അണ്ടര്‍ഗാര്‍മെന്റുണ്ടായിരുന്നു.കയറിയ ഫോഴ്സില്‍ തന്നെ നല്ല ഒന്നാന്തരം ഒരു വാളും വച്ചു.അതിരിനപ്പുറമുള്ള പുരയിടത്തില്‍ പരലോകവും ഇഹലോകവുമായി യാതോരു ബന്ധവുമില്ലാത്ത രീതിയില്‍ ബോധം കെട്ടുറങ്ങുന്ന ദീപുവിന്റേയും ഷൈജിന്റേയും മേത്തേയ്ക്കായിരുന്നു ആ തങ്കവാള് പതിച്ചത്.നിര്‍ഭാഗ്യവാന്മാര്‍ അതും അറിഞ്ഞില്ല.

ആട്ടോറിക്ഷ നിര്‍ത്തിയിട്ട് സുലു എന്ന സലീല്‍ പുറത്തേയ്ക്കിറങ്ങി.ബാഷ എന്ന പേരിനെ അരുമയായി ഒന്നു തലോടിയശേഷം അവന്‍ വണ്ടിക്കുള്ളില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തേയ്ക്കെടുത്തു.

"നിന്റെ ഈ ചടാക്കുവണ്ടി കത്തിച്ചുകളയുവാന്‍ എത്ര രൂപ വേണമെടാ സുലു".

പതിവുപോലെ സുലുവിനെ ദേക്ഷ്യം പിടിപ്പിക്കാനായി സജു ചോദിച്ചു.തന്റെ തന്തയ്ക്കു വിളിച്ചാലും ക്ഷമിയ്ക്കുന്ന സുലു പക്ഷേ തന്റെ വണ്ടിയെ ആരെങ്കിലും എന്തേലും പറഞ്ഞാല്‍ മംഗലശ്ശേരി നീലകണ്ഠനെപ്പോലെയായി മാറും.സുലുവിന്റെ വായിലെ തെറികള്‍ കേള്‍‍ക്കുന്ന ആരും പിന്നെ രണ്ടുദിവസം പൊറത്തുപോലുമിറങ്ങാനൊന്നു മടിയ്ക്കും.വയസ്സു 21 മാത്രമേ ആയുള്ളുവെങ്കിലും എന്റമ്മേ. അല്ലെങ്കി തന്നെ നഞ്ചെന്തിനാ നന്നാഴി എന്നു കേട്ടിട്ടില്ലേ.എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ ഷോക്കായിപ്പോയ അവന്റെ ബാപ്പ ആ ആട്ടോറിക്ഷ അവനു സമ്മാനമായി കൊടുത്തതാണു.അഞ്ചാം വട്ടമെഴുതി അവന്‍ പാസ്സാവുമെന്ന്‍ അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല.അന്നുമുതല്‍ അത് നിലത്തുവയ്ക്കാതെ കൊണ്ടു നടക്കുകയാണിഷ്ടന്‍. കറുമുറേ പുകയും തുപ്പി ഒരു ഭീകരജീവിപോലെ ചലിയ്ക്കുന്ന ആ പറക്കും തളികയെ അവന്റെ കൂട്ടുകാര്‍ വിളിക്കുന്ന പേര് കാട്ടാനയെന്നാണു.പണ്ടുമുതലേ തലൈവന്‍ രജനികാന്തിന്റെ കടുത്ത ഫാനായിരുന്ന സുലു ആട്ടോയുടെ ആമിനമോള്‍ എന്ന പേര് ബാഷ എന്നാക്കി മാറ്റി.ഒള്ള സത്യം പറയാമല്ലോ.ആ പരിസരത്ത് ആര്‍ക്കെന്ത് സഹായം വേണമെങ്കിലും ബാഷയും സുലുവും എപ്പോഴും റെഡിയായിരിക്കും.

സജുവിനെ ദഹിപ്പിക്കാനെന്നതുപോലെ സുലു ഉഗ്രമായൊരു നോട്ടം നോക്കി.

"പെരുന്നാളായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല.ഇന്നാ കേറ്റിയ്ക്കോ". ഒരു വലിയ പൊതിയെടുത്ത് സുലു സജുവിനുനേരെ നീട്ടി.നല്ല മട്ടന്‍ ബിരിയാണിയുടെ മണം അവിടെയാകെ പരന്നു. കവറില്‍ നിന്നും റമ്മിന്റെ കുപ്പിയും സെവനപ്പ് ബോട്ടിലും എടുത്ത് ഒരു സൈഡിലായി ഒതുക്കി വച്ചിട്ട് അവന്‍ ദീപുവിനേയും ഷൈജിനേയും പൊറത്തുതട്ടി ഉണര്‍ത്താനാരംഭിച്ചു.അല്‍പ്പസമയം കുലുക്കിയിട്ടും തഥൈവ.

"ഈ ശവങ്ങള് എണീക്കുമെന്നു തോന്നുന്നില്ല.സുരേഷണ്ണാ, എടാ സജൂ,അജിത്തേ വാ നമുക്ക് തൊടങ്ങാം" പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ നിരത്തിവച്ചു അതിലേയ്ക്കു റമ്മൊഴിച്ചുകൊണ്ട് സുലു അവരെ ക്ഷണിച്ചു. പെരുന്നാല്‍ പാര്‍ട്ടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.സുരേഷ് ആദ്യകവിള്‍ കുടിച്ചതും അതിന്റെ ഇരട്ടിഫോഴ്സില്‍ പുറത്തേയ്ക്കു ശര്‍ദ്ധിച്ചതും പിന്നെ അതിന്റെ വാശിക്ക് രണ്ടു ഗ്ലാസ്സില്‍ ഒഴിച്ച് മടമടാ വിഴുങ്ങിയതും പുറകിലേയ്ക്കു വെട്ടിയിട്ടപോലെ മറിഞ്ഞതും എല്ലാം ക്ഷണനേരം കൊണ്ടായിരുന്നു.ആദ്യഘട്ടത്തില്‍ വണ്ടിമറിഞ്ഞ ദീപു ഈ സമയം കണ്ണും തിരുമ്മിയെഴുന്നേറ്റുവന്നു.കവിളിലൂടെ ഒലിച്ചിറങ്ങിയ റമ്മിന്റെ അവശിഷ്ടം കൈകൊണ്ട് തുടച്ചുകളഞ്ഞിട്ട് ഒരു മട്ടന്റെ കഷണമെടുത്ത് ചവയ്ക്കുന്ന സുലുവിനെ നോക്കിക്കൊണ്ട് ആടിയാടി നിന്നുകൊണ്ടവന്‍ അലറി.

"എന്തിനാടാ #..*..#...എന്റെ പൊറത്ത് വാളുവച്ചത്.ഞാനെന്താ കക്കൂസാണോ".

"എടാ സുലുവല്ലടാ വച്ചത്.ദേ ഈ ക്കിടക്കുന്ന മഹാനാണാ വാളിന്റെ തന്ത" വായിലൂടെ ഒലിപ്പിച്ചുകൊണ്ട് കിടക്കുന്ന സുരേഷിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.സജു ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

"നെനക്കൊക്കെവേണ്ടി കഷ്ടപ്പെട്ട് ഈ സാധനമൊക്കെ വേടിച്ചുകൊണ്ടുവന്ന എന്നെ തന്നെ ചീത്തവിളിക്കണമെടാ".പറച്ചിലും സുലു കരച്ചിലാരംഭിച്ചതും ഒരുമിച്ചായിരുന്നു. ഇഷ്ടന്റെ ഒരേയൊരു വീക്ക്നെസ്സാണു അല്‍പ്പം അകത്തുചെന്നാല്‍ സെന്റികാര്യം പറഞ്ഞ് കരയുക എന്നത്.അതു ചിലപ്പോള്‍ കൊറേയേറെ സമയം നീണ്ടുനില്‍ക്കും.

മക്കള് വാ വാ വോ കരയല്ലേ മോളേ വാ വാ വോ" ഒറക്കപ്രാന്തിലും സുരേഷ് പാട്ടുപാടി.ദേക്ഷ്യം വന്ന സുലു സുരേഷിന്റെ ചന്തിയില്‍ ആഞ്ഞൊരു ചവിട്ടുകൊടുത്തു.ഒരു ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ആശാന്‍ അവിടെ ചുരുണ്ടുകൂടിക്കിടന്നു.

"അളിയാ നമുക്കൊരു കാസ്സെറ്റ് കണ്ടാലോ.എഫെക്റ്റ് ഒണ്ടായിക്കോട്ടെ".അജിത്താണ്.

"സാധനമൊണ്ടാ". ആകാംഷയോടെ സജു അടുത്തേയ്ക്കു നീങ്ങിയിരുന്നു.

"നമുക്ക് ആഷില്‍ പോയി ഒരെണ്ണം എടുക്കാം.പുതിയതൊന്നു വന്നിട്ടൊണ്ടെന്നു പടക്കം എന്നോടു പറഞ്ഞിട്ടൊണ്ടായിരുന്നു"

"എങ്കി പിന്നെ സമയം കളയണ്ട.എണീക്ക്. സുലു കാട്ടാനയെ സ്റ്റാര്‍ട്ടാക്കെടാ".സജു ചാടി വണ്ടിയില്‍ക്കേറിക്കഴിഞ്ഞു.

"കാട്ടാന നിന്റെ ബാപ്പ" കൂടെയൊരു തെറിയും വിളിച്ചിട്ട് സുലു ബാഷയെ സ്റ്റാര്‍ട്ടാക്കി.അജിത്തും ദീപുവും കയറിയിരുന്നു.ഈ സമയം ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റ ഷൈജ് ചുറ്റുപാടും കണ്ണോടിച്ചപ്പോല്‍ പോകുവാന്‍ തൊടങ്ങുന്ന സുലുവിനേയാണു കണ്ടത്.

"നീയെന്താടാ സുലു സാധനമിതേവരെ കൊണ്ടുവന്നില്ലേ.ഇപ്പോ പോകുന്നതേയൊള്ളോ.ഇനിയുമെത്രനേരംകൂടി വെയ്റ്റ് ചെയ്യണം" നിവര്‍ന്നുനിന്നുകൊണ്ട് ഷൈജ് സുലുവിനോടായി ചോദിച്ചു.

സുലു ചുറ്റുമുള്ളവരെ ഒന്നു നോക്കിയിട്ട് വണ്ടിയെടുത്തു.

"നിക്ക് നിക്ക് ഞാനും വരുന്ന്‍' വണ്ടിയുടെ പുറകേ ഷൈജ് ഓടി. ഒടുവില്‍ അവനെക്കൂടി കയറ്റി അവര്‍ ജംഗ്ഷനിലുള്ള ആഷ് കാസ്സെറ്റ് ഷോറൂമിലേയ്ക്കു തിരിച്ചു.

കടയിലപ്പോള്‍ പടക്കമുണ്ടായിരുന്നില്ല.മറ്റൊരു പെരുന്നാള്‍ ‍പാര്‍ട്ടിയില്‍ പെട്ട് മയങ്ങിതലയും കുമ്പിട്ടിരിയ്ക്കുന്ന ആശാനെ നമുക്കു വിടാം.നല്ലതെന്നു സുള്‍ഫി പറഞ്ഞ രണ്ടു കാസ്സെറ്റ് എടുത്ത് ഒരെണ്ണം അജിത്തും മറ്റൊന്ന്‍ ഷൈജും ഉടുപ്പിനിടയില്‍കൂ​ടി അരയില്‍ താഴ്ത്തിവയ്ച്ചു.

പുറത്ത് ജംഗ്ഷനില്‍ വളരെക്കുറച്ച് കടകള്‍ മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളു.എല്ലാപേരും പെരുന്നാള്‍ ആഘോഷത്തിമിര്‍പ്പിലാണു.സര്‍വ്വസ്വാതന്ത്ര്യം കിട്ടിയപോലെ സുലു ജംഗ്ഷനില്‍ തന്റെ ഭരണം തുടങ്ങി.ഒരല്‍പ്പം അകത്തുചെന്നാല്‍ സുലുവിന് ആരെയെങ്കിലുമൊക്കെ ഒന്നു ഭരിക്കണം.മാത്രമല്ല ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡില്ലാണു അവന്‍ വണ്ടിയിടുന്നത്.

"ആരെടാ അത്, അടെയെടാ കട" എന്നെല്ലാം പറഞ്ഞ് സുലു ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു.അജിത്തും സജുവും കൂടെക്കൂടി.ഷൈജ് ആരും കാണാതെ കടയുടെ പുറകുവശത്തേയ്ക്കുപോയി ഒരു സിഗററ്റ് കൊളുത്തി.ദീപു വണ്ടിയില്‍ തന്നെകിടക്കുന്നുണ്ടായിരുന്നു.ഈ സമയം സ്ഥലം എസ്.ഐ ഇടിയന്‍ വാസുവും ഒരു സംഘം പോലീസും അതുവഴി വന്നു. ദൂരെ നിന്നേ റോഡില്‍ നൃത്തമാടുന്ന യുവമാനസരെകണ്ട അദ്ദ്യേം വണ്ടി ഒതുക്കി ഒരു സൈഡിലിട്ടശേഷം റോഡിന്റെ ഓരത്തുകൂടി പതുങ്ങിവന്നു.ഭരണത്തിന്റെ തിരക്കില്‍ പുറകിലായെത്തിക്കൊണ്ടിരിയ്ക്കുന്ന അപകടം സുലുവും ടീംസും അറിഞ്ഞതുമില്ല.തന്റെ കോളറിലായി ആരോ പിടിച്ചെന്ന്‍ തോന്നിയ സുലു തിരിഞ്ഞ് "ഏത് #..*..# ടാ കോളറീപ്പിടിച്ചതെന്ന്‍ ചോദിച്ച ഒരു ഓര്‍മ്മയേ അവനുണ്ടായിരുന്നുള്ളു.

ഒരു വന്‍ നിലവിളികേട്ട് കടയുടെ പുറകില്‍ സിഗററ്റ് വലിച്ചുകൊണ്ടിരുന്ന ഷൈജ് മുന്‍ വശത്തേയ്ക്കോടിവന്നു."എന്റെ പൊന്നു സാറേ എന്നെ തല്ലല്ലേ എനിക്ക് അപ്പന്റീസിന്റെ ഓപ്പറേഷന്‍ കഴിഞ്ഞതേയുള്ളു" എന്നു പറഞ്ഞുകൊണ്ട് പോലീസുകാരന്റെ ലാത്തിയില്‍ മുറുക്കെപ്പിടിച്ച് കരയുന്ന സജുവിനേയും കുനിഞ്ഞുനിന്ന്‍ താഴെവീണുകിടക്കുന്ന കാസ്സെറ്റ് കരഞ്ഞുകൊണ്ടെടുക്കുന്ന ദീപുവിനേയും വണ്ടിക്കുള്ളില്‍ ദയനീയമായിരിക്കുന്ന അജിത്തിനേയും "എന്നെ ഒന്നും ചെയ്യല്ലെ എന്റെ സാറേ"യെന്ന്‍ വലിയവായില്‍ നെലവിളിച്ചുകൊണ്ട് തന്നെ തല്ലുന്ന പോലീസുകാരനോടു കെഞ്ചുന്ന സുലുവിനേയും കണ്ട് അവന്‍ വാ പൊളിച്ചു നിന്നു.അവനേം കൂടി പിടിച്ചോ എന്ന്‍ എസ് ഐ പോലീസുകാരനോടു പറയുന്നത് കേട്ട ഷൈജ് ഇതേവരെ ആരും ഭേദിച്ചിട്ടില്ലാത്ത തന്റെ റെക്കോര്‍ഡ് ഓട്ടം ആരംഭിക്കുവാന്‍ സമയമൊട്ടുമെടുത്തില്ല.ഇതൊന്നുമനുഭവിയ്ക്കുവാന്‍ ഭാഗ്യമില്ലാതിരുന്ന നിര്‍ഭാഗ്യവാനായ സുരേഷ് അവര്‍കള്‍ താന്‍ തന്നെ വച്ച വാളിന്മേല്‍ മുഖമ്പൂഴ്ത്തി കമിഴ്ന്നുകിടന്ന്‍ ഏതോ സ്വപ്നം കാണുകയായിരുന്നപ്പോള്‍.

N B : നമ്മുടെ കഥാനായകരെ പോലീസുപിടിച്ചുകൊണ്ട്പോയി എന്ന ക്രൂരസത്യമറിഞ്ഞ പടക്കം(സജുവിന്റെ മാമയുടെ മകന്‍) തന്റെ പെരുന്നാള്‍ അഘോഷങ്ങള്‍ അടിയന്തിരമായി വെട്ടിച്ചുരുക്കി പോലീസ് സ്റ്റേഷനിലേയ്ക്കു പോയെന്നും എസ് ഐ യോട് എന്തൊക്കെയോ ചോദിച്ചെന്നും പകരമായി അദ്ദ്യേം ഒരെണ്ണം മനോഹരമായി പൊട്ടിച്ചെന്നും ആ കിട്ടലില്‍ തന്നെ സ്റ്റേഷനകത്ത് മുഴുവന്‍ വാളുവച്ച് ബോധം കെട്ടുപോയെന്നും ആ വാളുമുഴുവന്‍ നമ്മുടെ നായകമ്മാര്‍ കഴുകിവൃത്തിയാക്കേണ്ടിവന്നെന്നും ഒക്കെ പറയുന്നുണ്ട്.സത്യമാര്‍ക്കറിയാം.

ശ്രീക്കുട്ടന്‍

Wednesday, June 16, 2010

നിരാശനായൊരു മനുഷ്യന്‍ (?)

അയാള്‍ വീണ്ടും വീണ്ടും ആ ചിത്രത്തിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.ബസ്സിലുള്ള യാത്രക്കാരില്‍ മിയ്ക്കപേരും തന്നെ തന്നെ ശ്രദ്ധിക്കുന്നു.ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ വീണ്ടും ചിന്തയില്‍ മുഴുകി.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല.എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും തനിയ്ക്ക് അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്.തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ പത്തുപന്ത്രണ്ട് പേരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല.

വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും.അവറ്റകളുടെ തല കണ്ടിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു.അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടായാള്‍ താനതൊന്നും മിസ്സാക്കാറില്ല.മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്.

ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു.

സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്.തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ ശ്രധ്ധിച്ചു. എന്തോ അസ്വസ്ഥതയുള്ളവളെപ്പോലെ നിന്നു തിരിയുന്നു.ഒന്നുകൂടി ശ്രധ്ധിച്ചപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍.അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ ശ്രദ്ധിച്ചു നോക്കി. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു.നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു.ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ കൊടിയ നിരാശ നിഴലിട്ടു.

ഒരു ഞെട്ടലോടെ മാഗസിന്‍ മടക്കി തന്നെയേല്‍പ്പിച്ച ചെറുപ്പക്കാരനെ അയാള്‍ ഒന്നു നോക്കി. അവന്റെ മുഖത്ത് വിയര്‍പ്പുതുള്ളികള്‍ നിറഞ്ഞിരിയ്ക്കുന്നു. കഷ്ടം.മനസ്സിലുണ്ടായ നിരാശ പുറത്തു കാട്ടാതെ അയാള്‍ തന്റെ മിഴികള്‍ അടച്ചു സീറ്റിലേയ്ക്കു ചാരിക്കിടന്നു.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ". ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും ഉണര്‍ത്തിയത്.

വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തിതന്നെയുണ്ടായിരുന്നു.ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ.ഞാനിനി എന്തോ ചെയ്യും" സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു.
ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പം സാധനം താനെ കിട്ടും" പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം.ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും.കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി അവളായിരിക്കും എടുത്തത്".കൈചൂണ്ടിക്കൊണ്ട് തന്റടുത്തിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി.ഒരു ആറേഴുവയസ്സുവരുന്ന പെങ്കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം.പിച്ചക്കാരാണെന്നു വ്യക്തം.മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ.നമ്മ അന്ത മാതിരിയാളല്ലൈ" തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ" പറച്ചിലും ഒറ്റ അടിയുമായിരുന്നയാല്‍.

അയ്യൊയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു.വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട ബസ്സ് പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവരു കണ്ടുപിടിച്ചുകൊള്ളും"ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി.ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു.എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി.അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്.അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു.പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു.


ശ്രീക്കുട്ടന്‍.

Tuesday, June 15, 2010

നിമ്മിയുടെ “മാത്രം” നാഥന്‍

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന നാഥന്‍ തന്റെ മൊബൈല്‍ ചിലയ്ക്കുന്നതുകേട്ടാണുണര്‍ന്നതു. നിമ്മിയാണു.മണി 1 ആകാന്‍ പോകുന്നു.ഇവള്‍ക്കെന്താ ഉറക്കവുമില്ലേ.

"ഹലോ നാഥേട്ടാ"

"പറ മോളൂ.രാത്രി ഉറങ്ങുന്നില്ല എന്നു തീരുമാനിച്ചോ"

"സോറിയേട്ടാ.എനിയ്ക്കു ഉറക്കം വരുന്നില്ല. ഒറ്റയ്ക്കായതുപോലെ.ചേട്ടന്‍ നല്ല ഉറക്കത്തിലായിരുന്നല്ലേ"

"ഹേയ് അങ്ങിനെ കടുത്ത ഉറക്കത്തിലൊന്നുമല്ലായിരുന്നു. എന്നാലും.പിന്നെ എന്താ മോള് പാതിരാത്രി ഉറങ്ങാതെ പഞ്ചാരവര്‍ത്തമാനം കേട്ടു മതിയായില്ലേ. ഞാന്‍ ഒരുമണിക്കൂറോളം തകര്‍ത്തതായിരുന്നല്ലോ"

"അതല്ല ചേട്ടാ.ഒന്നല്ല ആയിരം മണിക്കൂറുകള്‍ സംസാരിച്ചാലും എനിയ്ക്കു മതിയാകില്ല.അത്രയേറെ ഞാന്‍ ഇഷ്ടപ്പെടുന്നു. സംസാരവും ആളിനേയും"

"സാരമില്ല.ഞാന്‍ ഇന്നും വിസയുടെ കാര്യത്തിനായി പോയിരുന്നു.മിയ്ക്കവാറും വരുന്ന മാസത്തില്‍ എന്റെ പൊന്നുമോള്‍ ഇവിടെ എന്റടുത്തുണ്ടാവും.എന്നിട്ട് ഇവിടെ വന്നിട്ട് നമുക്ക് മണിക്കൂറുകളോളം സംസാരിച്ചിരിക്കാം.എന്താ സന്തോഷമായോ"

"സത്യമാണോ ചേട്ടന്‍ പറയുന്നത്.ഞാന്‍ എത്ര നാളായി കാത്തിരിയ്ക്കുന്നു.കല്യാണം കഴിഞ്ഞു ആകെ ഒരുമാസം പോലും തികച്ചുനില്‍ക്കാതെ ചേട്ടന്‍ പോയതല്ലേ.ഞാനിവിടെ ഒറ്റയ്ക്ക്"

"സാരമില്ലെടാ കുട്ടാ.ഒരു മാസം കൂടി കാത്തിരുന്നാല്‍ മതി.അപ്പോഴേയ്ക്കും പേപ്പറെല്ലാം ശരിയാക്കി‍ നിന്നെ ഞാന്‍ കൊണ്ടുവന്നിരിക്കും.അതുവരെ ഒന്നു ക്ഷമിച്ചിരിയ്ക്ക്.ഈ ലോകത്ത് എനിയ്ക്കു നീ മാത്രമല്ലേയുള്ളു.നീ എന്റടുത്തില്ലാതെ.ശ്ശൊ എനിയ്ക്കത് ചിന്തിയ്ക്കുവാന്‍ പോലും പറ്റുന്നില്ല.ഞാനിങ്ങിനെ കഴിഞ്ഞുപോകുന്നെന്നേയുള്ളു.ഐ ലവ് യൂ"

"അതെനിയ്ക്കറിയാം ചേട്ടാ.എന്നെയല്ലാതെ മറ്റാരെയും ചേട്ടന്‍ ഒന്നു നോക്കുകപോലുമില്ലെന്ന്‍ എനിക്കറിയത്തില്ലേ. ചേട്ടന്‍ ആഹാരമെല്ലാം നന്നായി കഴിക്കണം കേട്ടോ.പിന്നെ കള്ളൊന്നും ധാരാളം കുടിയ്ക്കരുതു.സിഗററ്റ് ഒട്ടും വലിയ്ക്കരുതു.ഫോണ്‍ വയ്ക്കട്ടെ ഉമ്മ ഉമ്മ. ഗുഡ്നൈറ്റ്"

ഗുഡ്നൈറ്റ് പറഞ്ഞ് നാഥന്‍ ഫോണ്‍ താഴെവച്ചു. പതിയെ ശരീരത്തില്‍ നിന്നും തന്നെക്കെട്ടിപ്പിടിച്ചുകിടന്നിരുന്ന കാതറീന്റെ കൈ എടുത്തു മാറ്റിയിട്ട് കൈയ്യെത്തി ടേബില്‍ ലാംബ് ഓണ്‍ ചെയ്തു. തന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ടിരിക്കുന്ന നിമ്മിയുടെ ഫോട്ടോയിലേയ്ക്കു നാഥന്‍ ഒരു നിമിഷം സൂക്ഷിച്ചുനോക്കി.. എത്ര വശ്യമാണവളുടെ പുഞ്ചിരി.കാതറീനെ ഉണര്‍ത്താതെ മെല്ലെയെഴുന്നേറ്റ് നാഥന്‍ ഒരു സിഗററ്റ് കൊളുത്തിയശേഷം ഫ്രിഡ്ജില്‍ നിന്നും തണുത്തവെള്ളമെടുത്തുകൊണ്ട് വന്ന്‍ കുറച്ചു വിസ്കി ഗ്ലാസ്സില്‍ പകര്‍ന്നു. നേരത്തെ കാതറീന്‍ കഴിച്ച ഗ്ലാസ്സില്‍ ഇപ്പോഴും കുറച്ചു ബാക്കിയുണ്ട്. നഗ്നയായി കിടന്നുറങ്ങുന്ന കാതറീനെ നോക്കിനിന്നപ്പോള്‍ നാഥന്റെ സിരകളില്‍ വീണ്ടും തീപിടിയ്ക്കുന്നതായി തോന്നി.ഗ്ലാസ്സ് കാലിയാക്കി സിഗററ്റ് തറയിലിട്ട് ചവിട്ടിക്കെടുത്തിയിട്ട് നാഥന്‍ വീണ്ടും പുതപ്പിനുള്ളിലേയ്ക്കു ഊര്‍ന്നുകയറി.

Sunday, June 13, 2010

ആട്ടുതൊട്ടിലും പച്ചപ്പാവാടക്കാരിയും

ആട്ടുതൊട്ടിലും പച്ചപ്പാവാടക്കാരിയും

1996 മാര്‍ച്ച് 24.

എന്റെ ജീവിതചരിത്രത്തിലെ കരിപുരണ്ടദിനം.ദെന്താപ്പോ ഇത്രയ്ക്കും ഭീകരമായ കാര്യമെന്നു ചിലപ്പോള്‍ ദുഷ്ടഹൃദയരായ വായനക്കാര്‍ ചിന്തിച്ചേക്കാം. കാര്യമുണ്ട്. ഒരുകണക്കിനു ഇതൊരു കുമ്പസാരം കൂടിയാണ്. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വര്‍ഗ്ഗീസ്സിനെ കൊന്നത് താനാണെന്നു ഏറ്റുപറയാന്‍ ആളുള്ളപ്പോള്‍ പിന്നെ ഞാന്‍ നാണിക്കുന്നതെന്തിനു.വായിച്ചുതീര്‍ന്നശേഷം നിങ്ങള്‍ പല്ലിറുമ്മുന്നത് ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്. എന്തു ചെയ്യാം സഹിക്കുകതന്നെ.

സമയം വൈകുന്നേരം അഞ്ചരയാകുന്നു. ശാസ്താംകാവിലെ ഉത്സവത്തിന്റെ സമാപനദിനമാണ്. ഉറിയടി തീര്‍ന്നയുടന്‍തന്നെ താലപ്പൊലിയും വിളക്കും തുടങ്ങും. ഉറിയടി നടക്കുന്നതേയുള്ളു.ഉറിയടി കണ്ടുകൊണ്ട് സര്‍വ്വംമറന്നങ്ങിനെ നില്‍ക്കുമ്പോളാണ് ആ പച്ചപ്പാവാടക്കാരി എന്റെ കണ്ണിലുടക്കിയത്.ഇത്രയും സുന്ദരിയായ താനിവിടെയിങ്ങിനെ നില്‍ക്കുമ്പം ഉറിയടിയുംനോക്കി വായുംപൊളിച്ചു അതുംനോക്കിനില്‍ക്കാന്‍‍ നാണമില്ലേ ചെക്കമ്മാരെ എന്ന ചോദ്യം നെറ്റിയില്‍ എഴുതിയൊട്ടിച്ചുവച്ചതുപോലെ നാലുപാടും കണ്ണോടിക്കുന്നൊരു മധുരപ്പതിനേഴുകാരി.ഒരു പ്രാവശ്യം ആ കണ്ണുകള്‍ എന്റെ ചെറിയക്കണ്ണുകളുമായൊന്നു കൂട്ടിമുട്ടിയതും അവളൊരു ചിരിചിരിച്ചു. എന്റമ്മേ! സ്വതവേ ഹോര്‍മോണിന്റെ അളവു കൂടുതലായ എന്റെ രക്തം സെക്കന്റില്‍ 100 മൈല്‍ വേഗതയില്‍ പായാന്‍തുടങ്ങി.ഉറിയടിയും മറ്റുമെല്ലാം എന്റെ കണ്മുമ്പില്‍നിന്നു മറഞ്ഞു. ഒണ്‍ ആന്റ് ഒണ്ലി ആ പച്ചപ്പാവാടക്കാരി മാത്രം.ഉറിയടി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയതും ഉറിയടിച്ചുകൊണ്ടിരുന്ന കുട്ടന്‍ എന്ന പിശാശ് തന്റെ സര്‍വ്വശക്തിയുമെടുത്ത് ഉറിയില്‍ ആഞ്ഞൊന്നടിച്ചതും ഉറിയുടെ ഒരുവശം തകര്‍ന്ന്‍ അതില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന കുടം (അതിനുള്ളില്‍ നിറയെ ചായങ്ങളും വര്‍ണ്ണക്കടലാസും നിറച്ചിരുന്നു)ഊരിത്തെറിച്ച് എന്റെ തലയില്‍ പതിച്ചതും എല്ലാം വളരെപ്പെട്ടന്നായിരുന്നു. ദോഷം പറയരുതല്ലോ വീണയുടനെതന്നെ കുടംതകര്‍ന്ന്‍ അതിലുണ്ടായിരുന്ന എല്ലാ സംഭവങ്ങളും എന്റെ മേലാകെയായി. ഭൂമിമുഴുവന്‍ കറങ്ങിമറിയുന്നതായി തോന്നിയ ഞാന്‍ മരവിച്ചഭാവത്തൊടെ  അവളെയൊന്നു നോക്കിയപ്പോള്‍ അവള്‍ ത്രിബിളായിട്ടൊക്കെയെനിക്കനുഭവപ്പെട്ടു. പച്ചപ്പാവാടക്കാരി തലയറഞ്ഞു ചിരിക്കുന്നത് കണ്ടതോടെ-അല്ല അവളേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല ആ കോലത്തില്‍ക്കണ്ടാല്‍ ആരായാലും ചിരിച്ചുപോകും-എനിക്കെങ്ങിനെയെങ്കിലും അവിടെനിന്നു മുങ്ങിയാമതിയെന്നായി. മാനം കപ്പല്യ്കയറിയെന്നുപറഞ്ഞതുപോലായി.

ബന്ധുകൂടിയായ ചന്ദ്രന്‍ മാമന്‍ താമസിക്കുന്നത് കാവിനടുത്തായിട്ടാണ്. ഞാന്‍ ആ വീട്ടില്‍പ്പോയി നല്ലോണം കുളിച്ച് മാമന്റെ മോന്റെ ഷര്‍ട്ടും മുണ്ടുമെടുത്തിട്ട് അമ്പലപ്പറമ്പിലേയ്ക്കു വീണ്ടും പാഞ്ഞു. താലപ്പൊലി ആരംഭിച്ചുകഴിഞ്ഞു. വയല്ക്കരയിലൂടെ മെല്ലെയത് ശാസ്താക്ഷേത്രത്തിലെയ്ക്കു നീങ്ങുകയാണു. ഞാന്‍ പച്ചപ്പാവാടയേയുംതേടി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു.അതാ ഒരു നെത്തോലിപോലുള്ള കൊച്ചിനേം ഒരു കൈകൊണ്ട് പിടിച്ചു താലപ്പൊലിയും വിളക്കുമായി അവള്‍.ഒരു വട്ടം എന്തിനായോ സൈഡിലേയ്ക്കു നോക്കിയ അവള്‍ എന്നെക്കണ്ടു. ചിരി അവളുടെ മുഖത്ത് പെട്ടന്നു നിറഞ്ഞു. പക്ഷേ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. അവളേയും നോക്കി വെള്ളമൂറി അമ്പലത്തിലേയ്ക്കു നടന്നുകൊണ്ടിരുന്നപ്പോള്‍ ശകുനപ്പിഴയായി ബിജു(ചന്ദ്രന്‍ മാമന്റെ മോന്‍) എന്റെ കൈയില്‍ കയറിപ്പിടിച്ചു. ചോദ്യഭാവത്തില്‍ ഞാനവനെയൊന്നു നോക്കിയപ്പോള്‍ അവന്‍ എന്റെ കയുംപിടിച്ചു പുറകിലേയ്ക്കു വലിഞ്ഞു. പച്ചപ്പാവാടക്കാരി പെട്ടന്നെന്നെ കാണാതായപ്പോള്‍ നാലുപാടും നോക്കുന്നതു ഞാന്‍ കാണുന്നുണ്ടായിരുന്നു.

എന്റെ കൈയില്‍നിന്നു പിടിവിടാതെ എന്നെയുംകൂട്ടി ബിജു ശിവേട്ടന്റെ വീട്ടിന്റെ വശത്തുകൂടി നടന്നു അവന്റെ വീടിന്റെ പുറകുവശത്തെത്തി. സജീവ്, മുജീബ്, സാബു,അജിത്ത്,കുലു, ദീപു എല്ലാപേരുമുണ്ട്. എന്നെയുംകൂട്ടി തറയിലിരുന്നിട്ട് കമഴ്ത്തിവച്ചിരുന്ന ഒരു കലമുയര്‍ത്തി ഒരു കുപ്പി നാടന്‍ ചാരായം ബിജു പുറത്തെടുത്തു. നൂറു ശതമാനമുറപ്പ്.അവന്റെ അച്ഛന്‍ (മിസ്റ്റര്‍ ചന്ദ്രന്‍ അവര്‍കള്‍)കൂട്ടുകാരോടൊത്ത് ഉത്സവമാഘോഷിക്കുവാന്‍ സ്വന്തമായി വാറ്റിയ സാധനത്തില്‍നിന്നു അടിച്ചുമാറ്റിയതായിരിക്കും.എന്റെ മനസ്സു വായിച്ചതുപോലെ ബിജു പറഞ്ഞു.

"അതേടാ അടിച്ചുമാറ്റിയതു തന്നെ. അല്ലെങ്കില്‍ ഇതുമുഴുവനും കേറ്റിയേച്ച്  അങ്ങേരു ഇവിടം നാശകോശമാക്കും. നമുക്കും ഒന്നു അര്‍മാദിക്കാമെടാ".

പറഞ്ഞിട്ട് ഓലക്കെട്ടിന്റെ ഇടയില്‍നിന്നും നാലഞ്ച് പ്ലാസ്റ്റിക്ഗ്ലാസ്സ് എടുത്തതും അതിലേയ്ക്കു ചരക്കൊഴിച്ചതുമെല്ലാം ഞൊടിയിടയിലായിരുന്നു.എല്ലാപേര്‍ക്കും ഗ്ലാസ്സ് നീട്ടിയശേഷം അവന്‍ സ്വന്തം ഗ്ലാസ്സെടുത്ത് ഒറ്റപ്പിടി. അന്തരീക്ഷത്തില്‍ നാടന്റെ ഗന്ധംപരന്നു. അവന്‍ തന്നെ വീട്ടിനുള്ളില്‍ പോയി കുറച്ച് അച്ചാറെടുത്തുകൊണ്ട് വന്നു. മുന്‍പ് ഒളിച്ചും പാത്തുമെല്ലാം ചില "കളര്‍" സേവമാത്രം നടത്തിയിട്ടുള്ള ഞാന്‍ വിഷമവൃത്തത്തിലായി. നാടന്‍ ആദ്യമായാണ്. എന്തായിരിക്കും ആഫ്റ്റര്‍ എഫെക്റ്റ്സ് എന്നു പറയാന്‍ പറ്റില്ല. മാമനും മറ്റും കാണിക്കുന്ന ലവലിലേയ്ക്കെത്തിക്കരുതേയെന്റെ അപ്പുപ്പാ എന്നു പ്രാര്‍ത്ഥിച്ചിട്ട് കണ്ണുമടച്ച് ഞാനാ ദ്രാവകം വായിലേയ്ക്കു കമഴ്ത്തി. അന്നനാളവും ചെറുകുടലുമൊക്കെ കത്തിയെരിയിച്ചുകൊണ്ട് ആ ദ്രാവകം ഇറങ്ങിപ്പോയപ്പൊള്‍ പരവേശപ്പെട്ട ഞാന്‍ നെഞ്ചുതിരുമ്മി തുള്ളിക്കളിച്ചു. എന്നിട്ട് മടമടാ രണ്ടുഗ്ലാസ് വെള്ളം കുടിച്ചു കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞ് നല്ലതുപോലെ കണ്ണുതുറന്നു നോക്കിയ ഞാന്‍ കണ്ടത് വീണ്ടും നിറയുന്ന ഗ്ലാസ്സുകളാണ്.

എങ്ങിനെയൊക്കെയോ അതുംകൂടി കുടിച്ചതോര്‍മ്മയുണ്ട്. ഭൂമി കറങ്ങുന്നോ അതോ ഞാന്‍ കറങ്ങുന്നോ. എന്നറിയാന്‍ മേലാത്ത അവസ്ഥ. അതിമനോഹരമായി വാളുവച്ചു അതിന്മേല്‍ കമിഴ്ന്നുകിടക്കുന്ന ബിജുവിനെ കണ്ടപ്പോള്‍ ഒരു തൊഴികൊടുക്കുവാനാണു തോന്നിയത്. ആ പച്ചപ്പാവാടക്കാരിയേയും പഞ്ചാരയടിച്ചു മാന്യമായിനിന്ന എന്നെ ഈ കോലത്തിലാക്കിയിട്ട് കിടന്നൊറങ്ങുന്ന കാലന്‍. ബാക്കിയുള്ളവരെല്ലാപേരുംകൂടി അവനെ പൊക്കിയെടുത്ത് അവന്റെ മുറിയില്‍ കിടത്തി.

"അളിയാ നമ്മള് പോണു. രാത്രി ഗാനമേളയ്ക്ക് കാണാം". 

സജീബും മുജീബും യാത്രചൊല്ലി ആടിക്കൊഴഞ്ഞ് വീട്ടിലേയ്ക്കു തിരിച്ചു. അത്രയ്ക്കു പിടുത്തമാവാത്ത സാബു ഒരു ബീഡി കൊളുത്തി. അതും മാമന്റെ മേശയില്‍നിന്നു താങ്ങിയതാവും. കൂട്ടത്തില്‍‍ അവന്‍ മാത്രമേ വലിയ്ക്കത്തൊള്ളു. ദീപുവും അജിത്തും കുലുവും ഞാനും അമ്പലത്തിലേയ്ക്കു തിരിച്ചു. ദൂരെയായി ചെണ്ടമേളം തകര്‍ക്കുന്നുണ്ട്. അമ്പലത്തിലെത്തിയപ്പോള്‍ താലപ്പൊലിയൊക്കെക്കഴിഞ്ഞ് എല്ലാപേരും പിരിഞ്ഞുകഴിഞ്ഞിരുന്നു.എന്നിരുന്നാലും ഞാന്‍ സ്റ്റെഡിയായി ഒന്നവിടെയൊക്കെ ചുറ്റിനോക്കി. നഹീ നഹീ അവളില്ല.ചിലപ്പോള്‍ രാത്രിയില്‍ ഗാനമേള കേള്‍ക്കാനായി വരും അപ്പോള്‍ തപ്പാം.

നേരെ വീട്ടില്‍പോകാതെ അപ്പച്ചിയുടെ വീട്ടില്‍ചെന്ന്‍ ഒരിക്കല്‍ക്കൂടി നല്ലതുപോലെ കുളിച്ച് ഒരു പത്തുമണിയാകാറായപ്പോള്‍ വീണ്ടും അമ്പലത്തിലേയ്ക്കു തിരിച്ചു. ഒരരപ്പിടുത്തമൊക്കെ മാറിക്കഴിഞ്ഞു. പറമ്പ് നിറഞ്ഞ് ആള്‍ക്കാര്‍. ആലപ്പുഴ ബ്ലൂഡയമ്മണ്ട്സിന്റെ ഗാനമേളയാണ്. സ്ത്രീകളിരിക്കുന്ന വശത്തായി എന്റെ പച്ചക്കിളിയേയും തിരക്കി ഞാന്‍നടന്നു. കുറച്ചു പുറകിലായി അവളും നേരത്തേകണ്ട നെത്തോലിക്കൊച്ചും പിന്നെ ഒരു തടിച്ചിയും ഒരു അമ്മുമ്മയും ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ട് മതിമറന്നു. ചെറിയ ഒരു ചൂളമൊക്കെ വിളിച്ച് അവളുടെ ശ്രദ്ധയാകര്‍ഷിച്ചു. എന്നെ നോക്കി മനോഹരമായൊന്നവള്‍ പുഞ്ചിരിച്ചു. എന്റെ പ്രഷര്‍ കൂടാന്‍ തുടങ്ങി.ഗാനമേള ഞാന്‍ കേള്‍‍ക്കുന്നുണ്ടായിരുന്നില്ല കാണുന്നുണ്ടായിരുന്നില്ല.എന്റെ മുമ്പില്‍ അവള്‍ മാത്രമായിരുന്നു. കണ്ണുകള്‍ കഥ പറഞ്ഞ് തുടങ്ങി.ഏറ്റവും പുറകിലായി സജീവും മുജീബും സാബുവുമെല്ലാം ഡാന്‍സ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടയില്‍ എപ്പോഴോ ഉണര്‍ന്നുവന്ന ബിജു-ഭാഗ്യത്തിനു ഡ്രെസ്സ് മാറ്റിയിട്ടൊണ്ട്- ഏതിലെയൊക്കെയോ വരികയും കഷ്ടകാലത്തിന് എന്നെക്കണ്ടതുമൂലം എന്റെ കൈയുംപിടിച്ച് ഡാന്‍സ് പാര്‍ട്ടിയുടെ അടുത്തേയ്ക്കു നടക്കുകയും ചെയ്തു. പച്ചക്കിളിയുടെ മുഖമിരുളുന്നതു ആ ഇരുളിലും ഞാന്‍ കണ്ടു.
എന്തുചെയ്യാം കൂട്ടുകാരായിപ്പോയില്ലേ. ഞാനും ഡാന്‍സും പാട്ടിലേയ്ക്കുംകൂടി. ഇടയ്ക്കിടയ്ക്ക് അവളെ നോക്കുമ്പോള്‍ അവള്‍ എന്നെ ഗോഷ്ടി കാണിച്ചുകൊണ്ടിരുന്നു.

"ആട്ടുതൊട്ടിലില്‍ നിന്നെ കിടത്തിയുറക്കി" 

പാട്ട് തകര്‍ക്കുന്നു.ഞാനും മുജീബും ബിജുവും കൂടി സാബുവിനെ കൈയിലും കാലിലും തൂക്കി പാട്ടിനൊപ്പിച്ചു ശക്തിയില്‍ ആട്ടിക്കൊണ്ടിരുന്നു. അവളെന്നെനോക്കി ഒന്നു കണ്ണടച്ചുകാണിച്ചതും ആകെ കറണ്ടടിച്ചതുപോലെ ഷോക്കായപ്പോള്‍ വിധിയുടെ വിളയാട്ടമെന്നതുപോലെ എന്റെ കൈയില്‍നിന്നു പിടി വിട്ടുപോയ സാബു മറ്റുള്ളവരുടെ കൈയിലുംനിന്നില്ല. അന്തരീക്ഷത്തിലേയ്ക്കു തെറിച്ച അവന്‍ ഒരമ്മച്ചിയുടെ മേത്താണു ചെന്നുവീണത്.

"എന്നെ കൊന്നേ..................".

സ്റ്റേജില്‍ ഹൈപിച്ചില്‍ തകര്‍ത്തുകൊണ്ടിരുന്ന പാട്ടിനെക്കാളും ഉച്ചത്തില്‍ അമ്മച്ചി അലറി.ആരെക്കെയോ ചാടിയെഴുന്നേറ്റു.തറയില്‍നിന്നു ഉരുണ്ടുപിരണ്ടെഴുന്നെറ്റ സാബുവിന്റെ മുഖമടച്ചായിരുന്നു ആദ്യ അടി. അണ്ണാ അടിയ്ക്കല്ലേ എന്നു പറഞ്ഞുതീരുമ്മുന്നേ എന്റെ കവിളിലും കൊള്ളിയാന്‍മിന്നി. തല്യ്ക്കുചുറ്റും നക്ഷത്രങ്ങള്‍ മിന്നുന്നത് അരണ്ടബോധത്തില്‍ ഞാന്‍ കണ്ടു. മുന്നില്‍ കണ്ടവന്റെ പള്ളക്കായി ബിജു ഒരു ചവിട്ടു കൊടുത്തു.പിന്നെ അവന്റെ ചങ്ങാതിമാര്‍ ബിജുവിനെ അന്തരീക്ഷത്തില്‍ അല്‍പ്പസമയം നിര്‍ത്തി. അടിയാരംഭിക്കുകയായിരുന്നു. അതു പടരാന്‍ സമയമൊട്ടുമെടുത്തില്ല.ചുരുക്കിപ്പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പറമ്പ്മുഴുവന്‍ അടിയുടെ പൊടിപൂരമായി. പെണ്ണുങ്ങളും ആണുങ്ങളും എല്ലാം ഓടെടാ ഓട്ടം. പേരിനുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ സംഭവസ്ഥലത്തേയ്ക്കടുത്തതേയില്ല.ഇതിനിടയില്‍ ആരോ സ്റ്റേജില്‍ക്കയറി മൈക്കെടുത്തെറിഞ്ഞു. പാടിക്കൊണ്ടിരുന്നവനും കൊട്ടിക്കൊണ്ടിരുന്നവനുമെല്ലാം എതുവഴിയേ ഓടിയെന്നു ശാസ്താവിനുപോലും അറിയില്ല.അരമണിക്കൂര്‍ കഴിഞ്ഞു എല്ലാമൊന്നു ശാന്തമായി പൊടിയടങ്ങിയപ്പോഴുള്ള ചിത്രം ഏകദേശം ഇതേപോലൊക്കെയായിരുന്നു.

ശ്രീമാന്‍ ബിജു, സാബു, അജിത്ത്,കുട്ടന്‍,സനു,മനോജ്,പ്രകാശ് എന്നീ എഴുന്നേറ്റു നില്‍ക്കുവാന്‍‍പോലും ശേഷിയില്ലാതിരുന്ന മാന്യമഹാജനങ്ങളെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം വാഹനത്തിലേക്കാനയിക്കുകയായിരുന്നു. അടിക്കിടയില്‍ തന്റെ കൊച്ചുവണ്ടിക്കടതകര്‍ത്ത കാലമാടമ്മാരെ ദിവാകരനണ്ണന്‍ ചീത്തവിളി തുടര്‍ന്നുകൊണ്ടിരുന്നു. ദീപു,മുജീബ്,കിഷോര്‍,ബാബു എന്നീ സുഹൃത്തുക്കള്‍ അപ്പോഴും ദിക്കറിയാതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പലവഴിക്കോടിയ ഗാനമേളക്കാരെല്ലാപേരും സ്റ്റേജിനു പുറകില്‍ എത്തിച്ചേരണമെന്ന്‍ ഉത്സവക്കമ്മറ്റിസെക്രട്ടറി കുഴിവിളയില്‍ മനോഹരന്‍ അനൌണ്‍സ് ചെയ്തുകൊണ്ടിരുന്നു.ചവിട്ടിപ്പൊളിച്ച ഗാനമേളക്കാരുടെ സാധനസാമഗ്രികള്‍ക്ക് നഷ്ടപരിഹാരം എങ്ങിനെകൊടുക്കുമെന്നാലോചിച്ച് തലകറങ്ങിവീണ തല കല്ലേലടിച്ചു പൊട്ടിയ കമ്മറ്റിപ്രസിഡ്ന്റ് വാസുപിള്ളയേയും കൊണ്ടുള്ള കാര്‍ ആശുപത്രിയിലേയ്ക്കു കുതിക്കുകയായിരുന്നു.

പിന്നെയൊള്ളതു ഞാന്‍.ആദ്യ അടിയില്‍ത്തന്നെ സ്വര്‍ഗംകണ്ട ഞാന്‍ ജീവനുംകൊണ്ട് വയല്‍വരമ്പിലൂടെ പാഞ്ഞതും ഇടയ്ക്കുള്ളമടയില്‍ക്കുടുങ്ങി മുഖമടിച്ചുവീണതും ബോധംപോയതും പിന്നെ വന്നപ്പോള്‍ ഇടതുകൈ പ്ലാസ്റ്ററിട്ടിരിക്കുന്നതും മനസ്സിലായതു ഒരുദിവസം കഴിഞ്ഞാണ്. മുഖത്തിന്റെ ഒരുവശം തകര്‍ന്ന്‍ നീരുവന്നൂതിയിരിക്കുന്നതുമൂലം വെള്ളംപോലും കുടിയ്ക്കാനാവാതെ വിജയകരമായി നാലുദിവസം ഒരേകിടപ്പുകിടന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്. 

അതില്‍പിന്നെ ഇന്നേവരെ ആ ശാസ്താക്ഷേത്രത്തില്‍ ഗാനമേള വച്ചിട്ടില്ല. മാത്രമല്ല ആദ്യത്തെ നാലഞ്ചുകൊല്ലം ഉത്സവമേയില്ലായിരുന്നു.

അന്ന്‍ അടിയുണ്ടാകുവാനുള്ള യഥാര്‍ത്ഥകാരണം പലര്ര്‍ക്കുമറിയില്ല. ഞാനിപ്പോല്‍ അതു വെളിപ്പെടുത്തി.

നന്ദി നമസ്ക്കാരം.

ശ്രീ

Wednesday, June 9, 2010

ബെഞ്ചമിന്‍ വിളയിലെ യക്ഷി

"എന്റെ പൊന്നു ചന്ദ്രേട്ടാ എന്റെ ജീവിതത്തീ ഞാനിതേപോലെ പേടിച്ചിട്ടില്ല.ഹൊ ഓര്‍ക്കുമ്പം എന്റെ കയ്യുംകാലുമിപ്പോഴും വെറയ്ക്കേണു.ദേ നോക്കിയേ".സുന്ദരന്‍ തന്റെ കൈ നീട്ടി കാണിച്ചു.

"നീ വലിയ യുക്തിവാദിയൊക്കെയായിരുന്നല്ലോ.പിന്നെന്തുപറ്റി ഇപ്പം പ്രേതവും യക്ഷിയുമൊക്കെയുണ്ടെന്ന്‍ വിശ്വസിക്കുവാന്‍ തൊടങ്ങിയാ".ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"ഇത്രേം നാളില്ലാരുന്നു.കുമാരാ പക്ഷേങ്കി കണ്‍മുമ്പീക്കാണുന്ന സത്യത്തെ എങ്ങിനെ വിശ്വസിക്കാതിരിക്കും".സുന്ദരന്‍ എല്ലാപേരെയുമൊന്നു നോക്കി.

"എന്നാലും ഇന്നത്തെക്കാലത്തും പ്രേതമെന്നൊക്കെപ്പറയുന്ന നിങ്ങളെ സമ്മതിക്കണം". സ്ഥലത്തെ പ്രധാന യുക്തിവാദി സഹദേവന്‍ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ബീഡിയൊന്നാഞ്ഞുവലിച്ചു.

"അങ്ങനെ ഇല്ലന്നൊന്നും തീര്‍ത്തുപറയണ്ട സഹദേവാ.ഞാനുമിതിലൊന്നും പണ്ട് വിശ്വസിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലത്തെ മുടിയാട്ടം കണ്ടിട്ട് നമ്മുടെ കാവിന്റടുത്തുകൂടി രാത്രി വരുമ്പോ എന്റെ മുമ്പിലായി അങ്ങനെ നിക്കുവാ. തലമുടിയൊക്കെ പിരുത്തിട്ട്. യക്ഷി തന്നെ സംശയമൊന്നും വേണ്ടാ.കാലൊന്നും നെലത്തൊതൊടുന്നുണ്ടായിരുന്നില്ല. മഠത്തിലെ പോറ്റി ജപിച്ചുതന്ന ഏലസ്സില്‍ മുറുക്കെപ്പിടിച്ചോണ്ട് കണ്ണടച്ച് ഭഗോതീന്നൊരു വിളിയാര്‍ന്നു.കൊറച്ചുനേരം കഴിഞ്ഞു കണ്ണു തൊറന്നപ്പം യക്ഷീമില്ല ഒന്നുമില്ല. അതീപിന്നെ ഞാനാവഴി രാത്രി പൊയിട്ടേയില്ല".കണ്ണടച്ചൊന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നാണു നായര്‍ പറഞ്ഞു.

"പിന്നേ ഒണങ്ങിത്തൊലിഞ്ഞ് ചാവാറായിരിക്കണ നിങ്ങളെപ്പിടിക്കാന്‍ നടക്കേല്ലേ യക്ഷികള്". സഹദേവന്‍ തലകുലുക്കിച്ചിരിച്ചു

"സഹദേവാ കാര്യമെന്തൊക്കെയായാലും ഇന്നലെ ഞാന്‍ അവിടെ പ്രേതത്തെക്കണ്ടു എന്നതു പച്ചപ്പരമാര്‍ത്ഥമാണ്". സുന്ദരന്‍ തുടര്‍ന്നു.
പാതിരാത്രി ഒരു പന്ത്രണ്ടര ഒരു മണിയായിക്കാണും. രാത്രി തിന്ന ചക്കക്കൂട്ടാന്‍ കൊഴപ്പമുണ്ടാക്കിയതുമൂലം ഞാനൊന്നു വെളിക്കിരിക്കാനായി പറമ്പിലേക്കിറങ്ങിയതാ. തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുമ്പം ഒരലര്‍ച്ചയാണാദ്യം കേട്ടത്. എന്റെ പാതിയുയിരപ്പോഴേ പോയി.മൊത്തം മൂടിപ്പൊതച്ച ഒരു രൂപം.കാലൊന്നും നിലത്തു തൊടുന്നില്ല.പറന്നു വരുവാ ഞാനിരിക്കുന്നിടത്തേയ്ക്കു.പട്ടികളൊക്കെ എന്നാ കൊരയായിരുന്നെന്നോ. ഞാന്‍ ഏതു വഴിയേയാണോടിയതെന്നു എനിക്കും ഭഗവാനും മാത്രമേയറിയൂ. പൊട്ടുഭാഗ്യത്തിനാ ജീവന്‍ തിരിച്ചുകിട്ടിയത്." ആശ്വാസത്തോടെ സുന്ദരന്‍ നെഞ്ചില്‍ കൈവച്ചു.

"എന്നാലും ബെഞ്ചമിന്‍ വിളയില്‍ ഇപ്പോളെവിടുന്നു വന്നു ഈ പ്രേതം".ചന്ദ്രേട്ടന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല.

"സംശയിക്കാനൊന്നുമില്ല പുള്ളേ.ഇതു വസുമതിയുടെ പ്രേതം തന്നെ.മുന്‍പ് മഠത്തിലെ മഹാദേവന്‍ നമ്പൂരി ബന്ധിച്ചു പാലയില്‍ തറച്ചതാ.എങ്ങിനേയോ വീണ്ടും പൊറത്തിറങ്ങിയെന്നാ തോന്നുന്നത്. ആ വീട്ടിന്റെ പരിസരത്തുള്ളവരിനി കെടന്നൊറങ്ങത്തില്ല." മണിയന്‍ പിള്ള തന്റെ അറിവു തൊറന്നുവിട്ടു.

"എണീറ്റ് പോയീന്‍ മൂപ്പീന്നേ.വസുമതിയുടെ പ്രേതം.പണ്ടെങ്ങാണ്ട് അവിടെ തൂങ്ങിമരിച്ച ഒരുത്തി ഇപ്പം പ്രേതമായി വരാന്‍ പോവേണ്.പ്രാന്ത് അല്ലാതെന്താ".സഹദേവന്‍ ദേക്ഷ്യത്തോടെ പറഞ്ഞുകൊണ്ട് തന്റെ തൂമ്പയുമെടുത്ത് പണിയ്ക്കായി വയലിലേയ്ക്കിറങ്ങി.

"എനിക്കും തോന്നണത് അത് വസുമതി തന്നെയായിരിക്കുമെന്നാ. ഭഗവാനേ ഇനി എന്തൊക്കെ നടക്കുമോയെന്തോ".മിഴികളടച്ച് നാണുനായര്‍ കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി.

"അവളു തന്നെങ്കി പേടിയ്ക്കണം.ചാവുമ്പം അവളു ആറേഴുമാസം ഗര്‍ഭിണിയല്ലായിരുന്നോ. ഗര്‍ഭിണികളുടെ പ്രേതത്തിന് ശൌര്യം കൂടും".വയസ്സന്‍ മണിയന്‍ പിള്ള മടിക്കുത്തില്‍ നിന്നും ഒരു തിറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ചു കൊളുത്തി.

"മുമ്പും വെള്ളിയാഴയും മറ്റും അര്‍ദ്ധരാത്രികഴിഞ്ഞാ ബെഞ്ചമിന്‍ വിളയില്‍ നിന്നും ചെല ഒച്ചയുമനക്കവും കരച്ചിലുമൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. മാത്രമല്ല അതിനു ചുറ്റും നല്ല പാല പൂത്ത മണവും കാണും".മണിയന്‍ പിള്ള പറഞ്ഞുനിര്‍ത്തി.

"ഞാനാണെങ്കി ബെഞ്ചമിന്‍ വിള വഴിയാണ് എളുപ്പത്തിന് വീട്ടീപൊക്കൊണ്ടിരുന്നത്.ഇനി കറങ്ങിച്ചുറ്റി വയലുവാരം പോണോല്ലോ".കുമാരന്‍ ചായ കപ്പിലേയ്ക്കു ഉയര്‍ത്തിയടിച്ചുകൊണ്ട് പറഞ്ഞു".

"ജീവന്‍ വേണോങ്കി വേറേ വഴി നോക്കിക്കോ.ഞാനെന്തായാലും പോറ്റിയെ പോയി ഒന്നു കണ്ട് നല്ല ഒരു തകിടും കൂടും ഉണ്ടാക്കിക്കാന്‍ തീരുമാനിച്ചു" ചായക്കാശെടുത്ത് കുമാരനു നല്‍‍കിയിട്ട് സുന്ദരന്‍ പുറത്തേയ്ക്കിറങ്ങി.

"നല്ലോരു വീടും പറമ്പുമായിരുന്നു. യക്ഷിശല്യമൊള്ളതാണെന്നറിഞ്ഞാ ആരെങ്കിലും മേടിയ്ക്കുമോ അത്. എത്ര നാളോണ്ട് അതൊന്നു വില്‍ക്കാനായി ആ പണിക്കര്‍ നടക്കുന്നു. ഏതാണ്ടെല്ലാമൊന്നൊത്തുവന്നതായിരുന്നു. ഇനിയതു നടന്നതു തന്നെ" ചന്ദ്രേട്ടന്‍ ചായ മുഴുവന്‍ കുടിച്ച് ഗ്ലാസ്സ് മേശമേല്‍ വച്ചു.

കുമാര‍ന്റെ ചായക്കടയില്‍ യക്ഷിപുരാണം ചര്‍ച്ച തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത വിക്രമന്റെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന യുവപഞ്ചായത്തു മെംബര്‍ സതീശന്‍ വേദനയാല്‍ ഒന്നു ഞരങ്ങി.തലേന്നുരാത്രി കനകമ്മയുടെ വീട്ടില്‍ ഒന്നു പോയതും പുറത്തേയ്ക്കിറങ്ങാന്‍ നേരം തൊട്ടടുത്ത വീട്ടിലെ വൃത്തികെട്ട പട്ടി തന്നെ നിലം തൊടാതെ പറപ്പിച്ചതും അഴിഞ്ഞുപോയ മുണ്ട് രണ്ടുകയ്യിലും പിടിച്ച് ജീവനും കൊണ്ടോടുന്ന വഴിയില്‍ അതിരില്‍ നാട്ടിയിരുന്ന കുറ്റിയില്‍ അടിച്ച് കാലു പിളര്‍ന്നതും കൂടെത്തന്നെയുണ്ടായിരുന്ന പട്ടി തന്റെ ചന്തിയില്‍ കടിച്ചതും വേദനയെടുത്തലറിക്കൊണ്ട് പാഞ്ഞപ്പോള്‍ പുരയിടത്തില്‍ നിന്നും അലറിക്കൊണ്ടാരോ എഴുന്നേറ്റോടിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നവണ്ണം അവന്റെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു. ചന്തിയുടെ ഒരു വശം പട്ടിയുടെ കടികൊണ്ട് ഒരു പരുവമായതുമൂലം ഒരു വശം ചരിഞ്ഞിരുന്നുകൊണ്ട് കാലിലെ മുറിവ് ആരും കാണാതിരിക്കുവാനായി സതീശന്‍ തന്റെ മുണ്ട് നന്നായി താഴ്ത്തിയിട്ടു.

ശുഭം...............

ശ്രീക്കുട്ടന്‍

ഒരു ചിന്ന റിക്വസ്റ്റ്:ഈ കഥയിലെ കഥാപാത്രങ്ങളായ ഉരുപ്പടികള്‍ ഇപ്പോഴും ജീവിച്ചിരിപ്പൊള്ളതായിട്ട് എനിക്കറിയാവുന്നതുകൊണ്ട് ഏതെങ്കിലും മാര്‍ഗ്ഗേണ ഈ കഥ കാണുവാനോ കേള്‍ക്കുവാനോ ഇടയായാള്‍ നിങ്ങള്‍ എന്റെ പൊറം പള്ളിപ്പറമ്പുപോലാക്കരുതെന്നപേക്ഷിച്ചുകൊള്ളുന്നു.

Monday, June 7, 2010

വ്യഭിചാരിണി

അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ട് അവള്‍ പായില്‍ നിന്നും എഴുന്നേറ്റു. അടുത്തുതന്നെ കിടന്ന ബ്ലൌസും പാവാടയും എടുത്തയാള്‍ക്കു പുറം തിരിഞ്ഞുനിന്നത് ധരിച്ചു. തറയില്‍ നിന്നും സാരിയെടുത്ത് ചുറ്റിയിട്ട് അയാളെതന്നെ നോക്കിക്കൊണ്ട് അല്‍പ്പനേരം നിന്നു.

"എന്താടീ നിക്കണത്.കാശൊക്കെ തന്നതല്ലേ".പരുക്കന്‍ ഒച്ചയില്‍ മുക്രയിട്ടുകൊണ്ടയാള്‍ ചോദിച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"ഇന്നാ പിടിച്ചോ .ശല്യം എത്ര കൊടുത്താലും ആക്രാന്തം തീരില്ല.സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതല്ലേ".വെറുപ്പോടെ പറഞ്ഞിട്ടയാള്‍ ഒരു ഇരുപത് രൂപാ നോട്ടെടുത്ത് ചുരുട്ടിയവളുടെ നേര്‍ക്കിട്ടുകൊടുത്തു.

തറയില്‍ കിടന്ന ആ നോട്ടേടുത്ത് നിവര്‍ത്തി ചുളിവ് മാറ്റിയശേഷം ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തലമുടി മാടിയൊതുക്കിയശേഷം അവള്‍ ആ കുടുസ്സു മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ട് വേഗം വീട്ടിലേയ്ക്കു നടന്നു.

എഴുതിയിടത്തോളം ഒരാവര്‍ത്തികൂടി വായിച്ചു നോക്കിയിട്ട് അയാള്‍ അല്‍പ്പനേരം ചിന്തിച്ചിരുന്നു. തന്റെ ഈ കഥ ഏതു രീതിയില്‍ തുടരണമെന്നാലോചിച്ചു അയാള്‍ കട്ടിലിലേയ്ക്കു ചാഞ്ഞുകിടന്നു കണ്ണുകളടച്ചു.

തന്റെ കഥയിലെ നായിക വ്യഭിചാരിണിയായതിനു ഒരു വ്യക്തമായ കാരണം അവതരിപ്പിക്കണം.ഒന്നുകില്‍ അവളെ ആരെങ്കിലും വഞ്ചിച്ച് ഉപേക്ഷിച്ചതുമൂലം ജീവിക്കാനൊരു മാര്‍ഗ്ഗവുമില്ലാതെ ഈ തൊഴിലിലേയ്ക്കിറങ്ങിയതാണെന്നെഴുതിയാലോ.അതോ അമിതമായ കാമാസക്തിമൂലം അവള്‍ തന്നെ സ്വയം തിരഞ്ഞെടുത്തതാണീ വഴിയെന്നാക്കിയാലോ.ഒരു നിശ്ചയമില്ലാതെ അയാള്‍ കുഴങ്ങി. ഒരു സിഗററ്റ് പുകച്ചുതള്ളിയശേഷം അയാള്‍ കിടക്കയില്‍ നിവര്‍ന്നിരുന്നിട്ട് രണ്ടും കല്‍പ്പിച്ച് തന്റെ കഥ തുടരാനാരംഭിച്ചു.കഥയുടെ അവസാനമാകുമ്പോള്‍ എല്ലാം തനിയെ വ്യക്തമാകുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള ഇടറോഡിലൂടെ നടക്കുമ്പോള്‍ വഴിയരുകിലെ ചായക്കടയില്‍ നിന്നും തന്റെ മോള്‍ക്കായി മേടിച്ച എണ്ണപ്പലഹാരം അവള്‍ പൊതിഞ്ഞു ഭദ്രമായി കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു.ഇരുട്ട് വീണ ദുര്‍ഗന്ധപൂരിതമായ ആ വഴിയില്‍ കൂടി നടക്കുമ്പോള്‍ അവള്‍ക്കൊട്ടും പേടി തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇപ്പോ​ള്‍ മറ്റെന്തിനേക്കാളും അധികം ഇരുട്ടിനെ ഇഷ്ടപ്പെടുന്നവളാണല്ലോ അവള്‍. ഇരുട്ടത്ത് തന്നെത്തിരക്കിവരുന്ന ആള്‍ക്കാരെ അവള്‍ വല്ലാതെയിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.അവര്‍ തരുന്ന മുഷിഞ്ഞ നോട്ടുകള്‍ക്ക് മറ്റെന്തിനേക്കാളുമവള്‍ വില കല്‍പ്പിച്ചിരുന്നു. വിശപ്പ് കെടുത്തുന്ന എന്തിനേയും ആരാധിക്കുവാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിരുന്നു.

തന്റെ കയ്യില്‍ ആരോ കയറിപിടിച്ചെന്നു മനസ്സിലാക്കിയ അവള്‍ ഒന്നു നിന്നു. വീടെത്താറാവുന്നു.താന്‍ കൊണ്ടുവരുന്ന പലഹാരവും കാത്ത് ഉറങ്ങാതെ കാത്തിരിയ്ക്കുന്ന ഒരേഴുവയസ്സുകാരിയും പിന്നെയൊരു കിളവിയും അവളുടെ മനോമുകുരത്തില്‍ ഒന്നു മിന്നിമറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ പിടിച്ചു വലിയ്ക്കുന്ന ധാതാവിനെ പെണക്കുന്നതെങ്ങനെ.അവന്‍ തരുന്ന നോട്ടില്‍ എന്തെല്ലാം നടത്താനുള്ളതാ. തല്‍ക്കാലം മകളൊന്നു വിശന്നു കരയട്ടെ.അല്ലേലും ഇപ്പോഴേ വിശപ്പിന്റെ വിളിയറിഞ്ഞുവളരുന്നതാണു നല്ലത്. ചിന്തകള്‍ മാറ്റിവച്ച് അവള്‍ ആ രൂപത്തിനൊപ്പം ഇരുട്ടിലേയ്ക്കു നടന്നു.

രാത്രിയുടെ ഇരുളില്‍ വീണ്ടും തുണികള്‍ അഴിഞ്ഞുവീണു. സീല്‍ക്കാരങ്ങളും അപശബ്ദങ്ങളും മറ്റുമുയര്‍ന്നുകൊണ്ടിരുന്നു.ഒരാളില്‍ നിന്നും പലയാളുകള്‍ രംഗം കയ്യടക്കി.അവളുടെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല.തന്റെ ശരീരത്തില്‍ കരിനാഗത്തെപ്പോലെയിഴയുന്ന കൈകള്‍ തട്ടിമാറ്റാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഒടുവില്‍ എപ്പോഴോ ബോധം വരുമ്പോള്‍ തനിക്ക് എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണിപോലുമില്ലെന്നവള്‍ക്കു മനസ്സിലായി. ആ പരിസരത്തെങ്ങും ഒരു മനുഷ്യജീവിയുള്ള ലക്ഷണമുണ്ടായിരുന്നില്ല.രാത്രി വളരെയേറെ കനത്തിരുന്നു.തന്റെ മാറില്‍ കിടന്ന വിയര്‍ത്തു കുതിര്‍ന്ന നൂറിന്റെ നോട്ടെടുത്തവള്‍ ഭദ്രമായി വച്ചശേഷം ഒരു വിധത്തില്‍ എഴുന്നേറ്റിരുന്നു. ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയണിഞ്ഞ് മകള്‍ക്കായി വാങ്ങിവച്ചിരുന്ന പലഹാരപ്പൊതിയെടുത്തു. അതിനുള്ളില്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. മനസ്സില്‍ ഒരു നൂറായിരം ചീത്തകള്‍ വിളിച്ചശേഷം അവള്‍ വേച്ചുവേച്ചു തന്റെ വീട്ടിലേയ്ക്കു നടന്നു.

അകലെ നിന്നെയവള്‍ കണ്ടു.ദാരിദ്ര്യം പിടിച്ചതുപോലെ തൂങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെട്ടം.ആ ചെറ്റമാടത്തിന്റെ വാതില്‍ ചേര്‍ത്തടച്ച്ശേഷം മണ്‍കുടത്തിലൊണ്ടായിരുന്ന കുറച്ചു വെള്ളമെടുത്തവള്‍ മടമടാ കുടിച്ചു.അരണ്ടചിമ്മിനിവെട്ടത്തില്‍ മുഷിഞ്ഞ തുണിയും പുതച്ചുകിടന്നുറങ്ങുന്ന തന്റെ മകളെയും വയസ്സിതള്ളയേയും നോക്കിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു നീര്‍മണിയുരുണ്ടുകൂടി.പാവം വിശന്നു തളര്‍ന്നുറങ്ങുകയാണ്.ഉറങ്ങട്ടെ അവളെങ്കിലും.പായുടെ കോണിലായി മകളേയും ചേര്‍ത്തുപിടിച്ചുകിടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഈശ്വരാ തന്റെ മകളെങ്കിലും...

രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ ഇടിച്ചുനുറുക്കിയതുപോലെയുള്ള വേദന. ചെറിയ ഒരു പനിയുണ്ടെന്നു തോന്നുന്നു.കിളവിത്തള്ളയുണ്ടാക്കിയ കാപ്പിവെള്ളം കുടിച്ചിട്ട് ഉച്ചവരെ മൂടിപ്പുതച്ചുകിടന്നു. ഇതിനിടയില്‍ തള്ളപോയി കൊറച്ച് അരിയും മറ്റും മേടിച്ചുകൊണ്ട് വന്ന്‍ കഞ്ഞിവയ്ക്കുവാന്‍ തുടങ്ങിയിരുന്നു.ചെറ്റവാതിലില്‍ ആരോ തട്ടുന്നത്കേട്ടു മയക്കത്തില്‍ നിന്നുമുണര്‍ന്നവള്‍ ‍വാതില്‍ തുറന്നു.മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വാസുവിനെ അവള്‍ വെറുപ്പോടെ നോക്കി.

"പെട്ടന്നൊന്ന്‍ റെഡിയാവ്.നല്ലൊരു കോളൊത്തുവന്നിട്ടൊണ്ട്.ദേ വണ്ടിയൊണ്ട്.ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരാം.നല്ല കാശുകിട്ടുമെടീ".ചിരിച്ചുകൊണ്ട് തന്നെ വാസു അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

ഒരുനിമിഷമൊന്നാലോചിച്ചുനിന്നെങ്കിലും പച്ചനോട്ടുകളുടെ രൂപം മനസ്സില്‍ നിറഞ്ഞപ്പോള്‍ ശരീരത്തിന്റെ വേദനയെല്ലാം മറന്നവള്‍ വേഷം മാറുവാന്‍ തൊടങ്ങി.

"അല്ല നിന്റെ മോളങ്ങു വലിയ പെണ്ണാവാറായല്ലോടീ.ഒരു മൂന്നാലു കൊല്ലം കൂടിക്കഴിഞ്ഞാപ്പിന്നെ നിനക്കു റെസ്റ്റെടുക്കാം.കാശു കൊറേയൊണ്ടാക്കും നീ.നമ്മളെ മറന്നുകളയല്ലപ്പോള്‍." ഇറയത്തേയ്ക്കു വന്ന അവളുറ്റെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു വിടലച്ചിരിയോടെ വാസു പറഞ്ഞു. അവന്റെ കൈകള്‍ ആ കുഞ്ഞുശരീരത്തില്‍ തഴുകിക്കൊണ്ടിരുന്നു.

"ത്ഫ..ഇനി ഒരിക്കള്‍ക്കൂടി ഇതേപോലുള്ള ചെറ്റവര്‍ത്തമാനം പറഞ്ഞാല്‍" വിറച്ചുതുള്ളി ഒരു ഭദ്രകാളിയെപ്പോലെ നില്‍ക്കുന്ന അവളെ വാസു ഒരല്‍പ്പം പേടിയോടെ നോക്കി.

"ഛേയ് നീ പെണങ്ങാതെടീ ഞാനൊരു തമാശപറഞ്ഞതല്ലേ. പെട്ടന്നു വാ.വണ്ടി വെയിറ്റ് ചെയ്യുന്നു." വാസു പെട്ടന്നു തന്നെ പുറത്തേയ്ക്കിറങ്ങി.അയാളോടൊപ്പം നടന്ന്‍ തന്റെയമ്മ പോകുന്നത് നോക്കി ഇറയത്തുതന്നെ മകള്‍ നില്‍പ്പുണ്ടായിരുന്നു.

വാസു നീട്ടിയ ചോക്ലേറ്റ് പൊതി വാങ്ങുമ്പോള്‍ ആ കുഞ്ഞുമുഖം ആഹ്ലാദം കൊണ്ടു നിറഞ്ഞു.എത്ര നാളായി അമ്മയോടു പറയുന്നതാണു.വാസു ചുറ്റുപാടുമൊന്നു നോക്കി. ആരുമില്ല. കിളവിത്തള്ള പുറകുവശത്ത് എന്തോ വേവിക്കുന്ന തിരക്കിലാണു. സന്ധ്യ മയങ്ങുന്നതേയുള്ളൂ.അവളുടെ അമ്മ വരാനെന്തായാലും ഒരുപാടിരുട്ടും. വാസു അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. അവന്റെ കൈകള്‍ തന്റെ കുഞ്ഞുശരീരത്തില്‍ ഇഴഞ്ഞുതുടങ്ങിയത് ചോക്ലേറ്റ് തിന്നുന്ന തിരക്കില്‍ അവള്‍ അറിഞ്ഞില്ല. മണ്ണെണ്ണ വിളക്ക് അപ്പോഴും തൂങ്ങി തൂങ്ങി കത്തിക്കൊണ്ടിരുന്നു.

എപ്പോഴോ വേദനിച്ചുകരയാന്‍ തുടങ്ങിയ അവളുടെ വായ് വാസുവിന്റെ കരങ്ങളാല്‍ ബന്ധിക്കപ്പെട്ടു.ഒടുവില്‍ പാപത്തിന്റെ ശമ്പളമെന്നോണം തന്റെ കുഞ്ഞുകയ്യില്‍ പിടിപ്പിച്ചിരുന്ന ഒരമ്പതുരൂപനോട്ട് നിവര്‍ത്തിനോക്കിയിട്ട് ഒന്നും മനസ്സിലാകാതെ കുറച്ചുനേരമിരുന്ന അവള്‍ അതമ്മയ്ക്കു നല്‍കുവാനായി മാറ്റിവച്ചശേഷം ഒരു പുതിയ ചോക്ലേറ്റെടുത്തു തിന്നുവാനാരംഭിച്ചു. മുറിയിലാരുമുണ്ടായിരുന്നില്ലപ്പോള്‍.ഒരു പുതിയ വ്യഭിചാരിണികൂടി ജനിച്ചതറിയാതെ അവളുടെ അമ്മ തന്റെ മുഖത്തിനുനേരെ വരുന്ന ഒരു ജോഡി ചുണ്ടുകളെ നേരിടാനെന്നവണ്ണം തന്റെ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നപ്പോള്‍.

കയ്യിലിരുന്ന പേപ്പറും പേനയും കട്ടിലില്‍ വച്ചിട്ട് അയാള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.എഴുതി പൂര്‍ത്തിയാക്കിയ കഥ അയാള്‍ ഒരാവര്‍ത്തികൂടി വായിച്ചു നോക്കി.കൊള്ളം നന്നായിരിക്കുന്നു. ഒരു ബീഡി കൊളുത്തിക്കൊണ്ടയാള്‍ കട്ടിലില്‍ ചാരിയിരുന്നു.

"നാശം പിടിയ്ക്കാന്‍.ചുമ്മാ വെളക്കു കത്തിച്ചുവച്ചിരുന്നുകൊള്ളും.മണ്ണെണ്ണ ഫ്രീയായിട്ടുകിട്ടുന്നതല്ലേ.എന്തിനിങ്ങനെ കെടത്തീക്കണ്.ബാക്കിയൊള്ളോര്‍ക്കുപദ്രവത്തിനായി". പരുഷമായ ശാപവാക്കുകള്‍ കേട്ട് അയാള്‍ തലയുയര്‍ത്തിനോക്കി. ഭാര്യയാണു.

"കഥ എഴുതാത്ത കൊറവേയുള്ളു.അതുമതിയല്ലോ വയറുവീക്കാന്‍.കണ്ടവന്റെ കയ്യും കാലുമൊടിക്കാന്‍ നടന്ന്‍ നടന്ന്‍ വണ്ടികേറിയിറങ്ങി കട്ടിലീന്നെഴുന്നേക്കാന്‍ പറ്റാണ്ടായീല്ലെ. ചെയ്തിട്ടൊള്ളതിനൊക്കെ അനുഭവിക്കണ്ടെ.അന്നുതൊട്ടിന്നുവരെ അനുഭവിക്കാന്‍ ഞാന്‍ മാത്രം. എന്നാ ചത്തുതൊലയോ അതുമില്ല.ഇനിയെത്ര നാളുകൂടി എന്റെ ഭഗവാനേ". അവള്‍ നിര്‍ത്തണ ഭാവമില്ല.

കണ്ണാടിയില്‍ നോക്കി മുഖത്ത് പൌഡര്‍ തേച്ചുപിടിപ്പിക്കുന്ന ഭാര്യയെ അയാള്‍ ചരിഞ്ഞു നോക്കി.അണിഞ്ഞൊരുങ്ങി പുറത്തേയ്ക്കിറങ്ങാന്‍ തൊടങ്ങുന്ന അവളോടായി അയാള്‍ പറഞ്ഞു

"അമ്മിണീ രാവിലെ വരുമ്പം ഒരരക്കുപ്പി സാധനം കൊണ്ടുവരാന്‍ മറക്കരുത്.എത്ര നാളായെടീ. പിന്നെ കൊറച്ചുപേപ്പര്‍ കൂടി മേടിച്ചോ. അതും തീരാറായി"

ചവിട്ടിത്തുള്ളി പുറത്തേയ്ക്കിറങ്ങിപ്പോകുന്ന ഭാര്യയോടു പറഞ്ഞശേഷം അയാള്‍ തന്റെ കഥയെടുത്ത് ഭദ്രമായി മേശക്കുള്ളില്‍ വച്ചു.അയാളുടെ പ്രസിദ്ധീകരിക്കാത്ത കഥാശ്രേണിയിലേയ്ക്കു മറ്റൊന്നുകൂടി.

പ്രണയമൊരു തീനാളം

എല്ലാ ദിവസത്തേയുംപോലെ അന്നുവൈകുന്നേരവും തോട്ടിനുകുറുകേയുള്ള സ്ലാബിലിരുന്നു അമ്പലത്തിലേക്കു പോകുന്ന തരുണികളേയും ചേച്ചിമാരെയും വായിനോക്കിക്കൊണ്ടിരിക്കുകയായിരുന്നു അനിയും അരുണും ബിജുവും സുരേഷും അജിയും രാജുവും വിനോദും പിന്നെ സത്ഗുണസമ്പന്നനായ ഞാനുമടങ്ങുന്ന സംഘം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പതിനാറിനും പതിനെട്ടിനുമിടയ്ക്ക് പ്രായമാണ്. തലതെറിച്ച പ്രായമെന്ന്‍ കാരണവന്മാര്‍ പറയുന്ന അതേ പ്രായം. നാട്ടിലുള്ള ഏതു കാര്യത്തിനും അതു കല്യാണമായാലും മരണമായാലും പാലുകാച്ചലായാലും ആശുപത്രിക്കേസായാലും കുളിയടിയന്തിരമായാലും ആദ്യാവസാനം മുമ്പില്‍ നില്‍ക്കുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് പൊതുവേ ഞങ്ങളോട് ഒരിഷ്ടമൊക്കെയുണ്ടായിരുന്നു.ആ ഇഷ്ടം കളഞ്ഞുകുളിക്കുന്ന ഒരു കാര്യത്തിനും ഞങ്ങള്‍ പരസ്യമായി മുതിരുകയുമില്ലായിരുന്നു. ഗ്രാമത്തിലെ നല്ലപിള്ളേര്‍‍ എന്ന ഗ്രേഡ് കിട്ടിയിട്ടുള്ള ഞങ്ങളുടെ ടീമില്‍ ബിജുവിനു മാത്രമാണു സ്വന്തമായി ഒരു പ്രണയമുള്ളത്. അവന്‍ ഈ വിവരം ആദ്യമായി ഞങ്ങളോട് പറഞ്ഞപ്പൊള്‍ ഞങ്ങളവനെ അല്‍പ്പവും വിശ്വസിച്ചില്ല. ചാക്കിറക്കുന്നു(നുണപറയുന്നതിനു ഞങ്ങള്‍ക്കിടയിലുള്ള പറച്ചില്‍) എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ചില ചരിത്രപരമായ തെളിവുകള്‍ ബിജു ഹാജരാക്കിയപ്പോള്‍ ഞങ്ങള്‍ക്കു അവനെ വിശ്വസിക്കേണ്ടി വന്നു. അവന്റെ കാമുകിയുടെ പേര് കേട്ടപ്പോള്‍ സത്യത്തിലെന്റെ ചങ്കുതകര്‍ന്നുപോയി . ഞാന്‍ എത്രയോ പ്രാവശ്യം മധുരമൂറുന്ന നോട്ടത്താല്‍ എന്റെ ഇഷ്ടമറിയിച്ചിട്ടും അവള്‍ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ മുഖം വക്രിച്ചു നടന്നതിന്റെ കാരണം അപ്പോഴാണെനിക്കു മനസ്സിലായത്. നഷ്ടബോധത്താല്‍ തലകുനിച്ചിരുന്ന എന്നെ ആശ്വസിപ്പിച്ച രാജുവിനെ നോക്കിയപ്പോള്‍ എനിക്കു മനസ്സിലായി ഞാന്‍ മാത്രമല്ല രക്തസാക്ഷിയായതെന്ന്‍. അവള്‍ക്ക് കൊടുക്കുവാനായെഴുതിയുണ്ടാക്കിയ പ്രണയലേഖനം എന്റെ കൈയില്‍ തന്നിട്ട് "പ്ലീസ്സളിയാ മറ്റൊരു മാര്‍ഗ്ഗവുമില്ലാഞ്ഞിട്ടാണ് നീയിതൊന്നവള്‍ക്കു കൊടുക്കണമെന്നു" ബിജു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലെന്തെന്നുപോലും ഞാനാലോചിച്ചതാണ്. ഒരു നഷ്ടകാമുകന്റെ വെട്ടിപ്പൊളര്‍ന്ന ഹൃദയവേദന കാണാത്ത കശ്മലന്‍. ആ പെണ്‍കുട്ടിയുടെ വീട് എന്റെ രണ്ട് വീടുകള്‍ക്ക് അപ്പുറമായിരുന്നു. ചിലപ്പോഴൊക്കെ എന്റെ വീട്ടില്‍ വരാറുമുണ്ട്. അതുകൊണ്ടാണ് കത്ത് അവള്‍ക്ക് കൊടുക്കുവാന്‍ ബിജു എന്നെ ഹംസമാക്കിയത്. എന്തായാലും എന്റെ കൂട്ടുകാരനുവേണ്ടി ആ ത്യാഗം ഞാനേറ്റെടുത്തു.  പിന്നെ എത്രയോതവണ കണ്ണീച്ചോരയില്ലാതെ അവന്‍ എന്നെക്കൊണ്ടാ ക്രൂരത ചെയ്യിച്ചിരിക്കുന്നു. എല്ലാം കൂട്ടുകാരന്റെ പ്രണയത്തിനുവേണ്ടിയാണല്ലോ എന്നോര്‍ത്ത് ഞാനങ്ങ് ക്ഷമിച്ചു.

പതിവുപോലെ അവളുമായി അന്നു വാഴത്തൊട്ടത്തില്‍വച്ചു കാലത്തു സംസാരിച്ചതും കത്തുകൊടുത്തപ്പോള്‍ അവളുടെ കൈവിരലില്‍ തൊട്ടതുമെല്ലാം ബിജു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുന്നതു കേട്ടിരുന്നപ്പോള്‍ സത്യത്തില്‍ എനിക്കും രോമാഞ്ചമുണ്ടായി. അല്ലെങ്കിലും പ്രണയം കേള്‍ക്കുന്നതൊരു സുഖമുള്ള കാര്യമാണല്ലോ. അമ്പലത്തില്‍വച്ച് കാണാമെന്നവള്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ബിജു എഴുന്നേറ്റുപോയപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച തുടര്‍ന്നു. പെണ്മണികള്‍ തന്നെയാണ് വിഷയം. ഞാന്‍ ചില ദിവാസ്വപ്നങ്ങളുമായി ഇലക്റ്റ്രിക് പോസ്റ്റില്‍ ചാരിയിരുന്നു.  എന്തുകൊണ്ടാവും ഒരു പെങ്കൊച്ചും എന്നെയൊന്നു നോക്കുകപോലും ചെയ്യാത്തത്? ഗ്രാമത്തിലാണേല്‍ ഒരുപാട് പെമ്പിള്ളാരുണ്ട്. നല്ല സുന്ദരിക്കുട്ടികള്‍. എനിക്കാണേല്‍ നല്ല സൌന്ദര്യമില്ലേ, നന്നായി പഠിക്കില്ലേ, സത്സ്വഭാവിയല്ലേ? എന്നിട്ടും ഇവളുമാരൊന്നും നമ്മളെ മൈന്‍ഡ് ചെയ്യാത്തതെന്തുകൊണ്ടായിരിക്കും?. നിരാശനിറഞ്ഞ മനസ്സുമായി ദൂരക്കാഴ്ചകളില്‍ മുങ്ങിയിരുന്ന ഞാന്‍ പെട്ടൊന്നൊരു കാഴ്ച കണ്ടു. നീണ്ടുനിവര്‍ന്നുകിടക്കുന്ന വയലേലയുടെ നടുവിലൂടെ ഒന്നു രണ്ട് സുന്ദരിമാര്‍ വരുന്നു. അമ്പലത്തില്‍ പോകാനായുള്ള വരവാണ്. അവര്‍ അടുത്തേയ്ക്കെത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ അമ്പരന്നുപോയി. ഇത്രയും സുന്ദരിയായ ഒരു കൊച്ച് ഈ നാട്ടിലുണ്ടായിരുന്നോ. അന്തം വിട്ട് വായും പൊളിച്ചിരിക്കുന്ന ഞങ്ങളെ നോക്കിച്ചിരിച്ചുകൊണ്ട് അവളും കൂടെയുള്ള രണ്ടുകുട്ടികളും കൂടി ഞങ്ങളെക്കടന്നുപോയി. കൂടെയുള്ള കുട്ടികളിലൊരാള്‍ പ്രഭാകരന്‍ മാമന്റെ ചെറുകുട്ടിയാണ്. ഇടയ്ക്ക് അവളൊന്നു തിരിഞ്ഞ് നോക്കിയിട്ട് തന്റെ നീണ്ട തലമുടി ഒന്നു വിടര്‍ത്തിയിട്ടിട്ട് അമ്പലത്തിലേയ്ക്കുള്ള നടവഴിയിലേയ്ക്കു കയറിയപ്പോള്‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റു. കൂടെ മറ്റുള്ളവരും. ധൃതിയില്‍ അമ്പലത്തിലെത്തി ഞങ്ങളും ഉള്ളില്‍ കടന്നു. അതാ അവള്‍ മിഴികളടച്ചു ശ്രീകോവിലിനുമുമ്പില്‍ നില്‍പ്പുണ്ട്. ആ മുഖത്തേയ്ക്കു തന്നെ സൂക്ഷിച്ചുനോക്കുന്തോറും മനസ്സു പിടയുന്നതറിയുന്നുണ്ടായിരുന്നു. തൊഴുതുകഴിഞ്ഞവള്‍ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഞങ്ങള്‍ നിന്ന ഭാഗത്തേയ്ക്ക് മിഴിയെറിഞ്ഞു. ഹൊ..ഇങ്ങനേയുമുണ്ടോ ഒരു നോട്ടം.

അന്നുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളുടെ മനോഹരരൂപം എന്റെ ഉറക്കത്തെ ആട്ടിയോടിച്ചുകൊണ്ടിരുന്നു. നാളെത്തന്നെ അവളെക്കുറിച്ചുള്ള ഡീറ്റൈല്‍സ് തപ്പണം എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് കണ്ണുകള്‍ ഇറുക്കെയടച്ചു കിടന്ന ഞാന്‍ പിറ്റേന്നെഴുന്നേറ്റതു വൈകിയാണു. ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണു അമ്മുവും(അനുജത്തി) പ്രഭാകരേട്ടന്റെ ചെറുകുട്ടി‍ സരിതയും ഒരേ ക്ലാസ്സിലാണു പഠിക്കുന്നതെന്ന സത്യം ഞാനോര്‍മ്മിച്ചതു. തലേന്ന്‍ അച്ഛന്‍ അവള്‍ക്കായി മേടിച്ചുകൊണ്ടുവന്ന കാഡ്ബറി ചോക്ലേറ്റ് പകുതി പിടിച്ചുമേടിച്ചു തിന്നതുമൂലം അമ്മു എന്നോട് പിണക്കത്തിലുമാണ്. എന്തായാലും അവളെ സോപ്പിട്ട് അവളെക്കൊണ്ട് സരിതയില്‍നിന്നു ആ പെങ്കൊച്ചിനെക്കുറിച്ചുള്ള വിവരം അറിയാം. അതിനു ഞാന്‍ അമ്മുവിനെ സന്തോഷിപ്പിച്ചേ പറ്റൂ. പിടഞ്ഞെഴുന്നേറ്റ ഞാന്‍ മുഖമൊന്നുകഴുകിയെന്നു വരുത്തിയിട്ട് ജംഗ്ഷനിലെ ശശിയണ്ണന്റെ കടയില്‍പ്പോയി ഒരു കാഡ്ബറിയും ഒരു മഞ്ചും മേടിച്ചുകൊണ്ടുവന്നു. അമ്മുവിനെ അടുത്തുവിളിച്ച് ആ ചോക്ലേറ്റുകള്‍ അവള്‍ക്കുനേരെ നീട്ടുമ്പോള്‍ അവളാദ്യമൊന്നു മടിച്ചെങ്കിലും പിന്നെ കൈപ്പറ്റിയിട്ട് തൊലിപൊളിച്ചു കറുമുറെ മഞ്ചു തിന്നുന്നതുകണ്ട് വായില്‍ വെള്ളമൂറിയെങ്കിലും ഞാന്‍ വെറുതേ നോക്കിയിരുന്നു‍. മഞ്ചുതിന്നുതീര്‍ത്തിട്ട് കാഡ്ബറിയെടുക്കാന്‍ തുനിഞ്ഞ അവളൊട് മയത്തില്‍ ഞാന്‍ കാര്യമവതരിപ്പിച്ചപ്പോള്‍‍ പുരികക്കൊടികള്‍ വില്ലുപോലെവളച്ചുകൊണ്ട് അവള്‍ എന്നെയൊന്നു നോക്കിയിട്ട് എന്റെ മുറിയില്‍നിന്നവള്‍ ഇറങ്ങിപ്പോയി. എന്റെ ഭഗവാനേ ഒരു നാലാം ക്ലാസ്സുകാരിക്ക് ഇത്രയ്ക്കു രൂക്ഷമായി അതും സ്വന്തം ചേട്ടനെ നോക്കാനാകുമോ?. അഹങ്കാരി. എന്റെ കാഡ്ബറിയും മഞ്ചും തിന്നിട്ട് ഒരു കൂസലുമില്ലാതെ അവള്‍ ഇറങ്ങിപ്പോപോയപോക്കുകണ്ട് എനിക്കു ദേക്ഷ്യമടക്കാനായില്ല. ഇനിയെന്തുചെയ്യാനാണ്.

വൈകിട്ട് ക്ലാസ്സുകഴിഞ്ഞ് വന്നപ്പോള്‍ അമ്മു ഗൌരവത്തില്‍ എന്നെയൊന്നു നോക്കി. ഞാന്‍ അതു നേരിടാനാകാതെ എന്റെ മുറിയില്‍ക്കയറി റ്റേപ്പ് റിക്കോര്‍ഡറില്‍ ഒരു ശോകഗാനവും വച്ച് കട്ടിലില്‍ മലര്‍ന്നുകിടന്നു. കുറച്ചുകഴിഞ്ഞ് റൂമിലേക്ക് വന്ന അവള്‍ ഒരു രണ്ടു കാഡ്ബറീസ്കൂടി മേടിച്ചുകൊടുത്താല്‍ ഡീറ്റൈല്‍സ് പറഞ്ഞുതരാമെന്ന്‍ ഇടുപ്പില്‍ കൈകുത്തിക്കൊണ്ട് ഒരു പ്രത്യേകപോസില്‍ പറഞ്ഞതു കേട്ടപ്പോള്‍ ശശിയണ്ണന്റെ കടയിലേയ്ക്കൊരോട്ടമായിരുന്നു. ഇന്നലക്കണ്ട സുന്ദരിയുടെ പേര് നിരുപമ എന്നാണ്. പ്രഭാകരന്‍ മാമന്റെ ഇളയ സഹോദരിയായ ദേവകിചേച്ചിയുടെ മകളാണവള്‍. അവര്‍ അങ്ങ് ആലപ്പുഴയിലാണു താമസം. ബാങ്കുദ്യോഗസ്ഥയായ ദേവകിചേച്ചിക്ക് ബോംബേ ഹെഡ് ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ട്  ‍നിരുപമ ഇക്കൊല്ലം ഇനി താമസിച്ചുപഠിക്കുന്നത് ഇവിടെയായിരിക്കും എന്നും കേട്ടപ്പോള്‍ അമ്മുവിനെ പൊക്കിയെടുത്തു കറക്കിയശേഷം ഉമ്മകള്‍ കൊണ്ടു മൂടി. രണ്ടു കാഡ്ബറീസും ഒരല്‍പ്പം പോലുമെനിക്കു തരാതെ അവള്‍ എന്റെ മുന്നില്വച്ചുതന്നെ കറുമുറാ തിന്നു.

അന്നു വൈകുന്നേരം സ്ലാബിലിരിക്കുമ്പോള്‍ നിരുപമ ഇന്നു അമ്പലത്തില്‍ വരണമേയെന്നു എന്റെ മനസ്സ് ശിവനോടു പ്രാര്‍ത്ഥിക്കുകയായിരുന്നു. എല്ലാ കശ്മലമ്മാരും അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്. അവളെപ്പറ്റി ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച വിവരങ്ങള്‍ കൂട്ടുകാര്‍ക്കുകൂടി പാസ്സ് ചെയ്തിട്ട് ഞാനും‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ കാത്തിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവളും സരിതയും അമ്പലത്തിലേയ്ക്കു വരുന്നതുകണ്ട ഞാന്‍ സ്ലാബില്‍നിന്നെഴുന്നേറ്റു പോസ്റ്റില്‍ച്ചാരിനിന്നു. മഞ്ഞപട്ടുപാവാടയുടുത്തവള്‍ വയവരമ്പേ നടന്നുപോകുമ്പോള്‍ ഞങ്ങളെയൊന്നുനോക്കി9. അന്നും എന്റെ ഉറക്കം പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ കഠിനമായ പ്രണയത്തിലേയ്ക്കു കൂപ്പുകുത്തുന്നതായി എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ അവളോടൊന്നു സംസാരിക്കുവാന്‍ എന്നെ ഭയം അനുവദിച്ചില്ല. ഞങ്ങളുടെ സായാഹ്നചര്‍ച്ച അവളെക്കുറിച്ചുമാത്രമായി. എന്റെ പ്രാന്തന്‍ പ്രണയം തിരിച്ചറിഞ്ഞ ബിജു രഹസ്യമായി എനിക്കു ചില ഉപദേശങ്ങള്‍ തന്നു. മറ്റുകൂട്ടുകാര്‍ അവളെ വളയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ള മുന്നറിയിപ്പും അവന്‍ തന്നു.

ദിനരാത്രങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ഓരോ ദിനംകഴിയുന്തോറും അവളോടുള്ള എന്റെ പ്രണയം ദൃഡമായിക്കൊണ്ടിരുന്നു. ഊണിലും ഉറക്കത്തിലും കനവിലും നിനവിലുമെല്ലാം ആ സുന്ദരരൂപം എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും അവളോടൊന്നു മിണ്ടുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അവളടുത്തുവരുമ്പോള്‍ ഗ്യാസ്സുപോയ ബലൂണ്‍ കണക്കെയാവുമായിരുന്നു ഞാന്‍. അമ്പലത്തില്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ കൂട്ടുകാരോടൊപ്പം ദൂരെമാറി കൊതിയോടെ അവളെ നോക്കിനില്‍ക്കും. അവള്‍ ഇടക്കിടയ്ക്കു ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തെയ്ക്കു നോക്കി മധുരതരമായ പുഞ്ചിരിക്കാറുണ്ടായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപൊയ്ക്കൊണ്ടിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഒരു ദുഃഖവെള്ളിയാഴ്ച. വൈകുന്നേരം ഞങ്ങളുടെ പതിവുസ്ഥലത്തിരിക്കുമ്പോള്‍ രാജുവാണ് ആ ബോംബ് പൊട്ടിച്ചത്. അരുണിനും ഒരു പ്രണയം സെറ്റായിരിക്കുന്നു. ആ വാര്‍ത്ത ശരിക്കുമെന്നെ ഞെട്ടിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം നാണം കുണുങ്ങിയായിട്ടുള്ള അവന് വരെ ലൈനായിരിക്കുന്നു. ഞാന്‍ അസൂയയോടെ അവനെ നോക്കി. ഞങ്ങള്‍ക്ക് വിശ്വാസമാകാനായി നാളെ വൈകുന്നേരം അമ്പലത്തില്‍ വച്ച് അവളെ കാണിച്ചുതരാമെന്നും അവള്‍ നല്‍കുന്ന പ്രണയലേഖനം ഞങ്ങള്‍ക്ക് ആദ്യം വായിക്കാന്‍ നല്‍കാമെന്നും അവന്‍ പറഞ്ഞതുകേട്ടപ്പോള്‍ അവനോടുള്ള അസൂയ ഇരട്ടിച്ചു. പിറ്റേന്നു കാലത്ത് ഞാന്‍ അച്ഛമ്മവീട്ടില്‍ പോയിട്ട് തിരിച്ചുവരുവാന്‍ ഒരല്‍പ്പം താമസിച്ചു. വീട്ടില്‍ വന്നപാടേ ഒന്നു കുളിച്ചെന്നുവരുത്തി അമ്പലത്തിലേയ്ക്കു പാഞ്ഞു. നിരുപമ പോയോ ആവോ. മാത്രമല്ല അരുണിന്റെ ചുള്ളത്തിയെ ഒന്നു കാണുകയും ചെയ്യണം. അമ്പലമെത്തുന്നതിനു മുമ്പുള്ള വാഴത്തോപ്പിലെത്തിയപ്പോള്‍ ആരൊ പതിയെ സംസാരിക്കുന്നതുകേട്ട് നടത്തത്തിന്റെ സ്പീഡ് ഒന്നു കുറച്ച് ചുറ്റുപാടുമൊന്നു ശ്രദ്ധിച്ചു. പണയില്‍ വാഴകളുടെ മറവില്‍ ആരോ രണ്ടുപേര്‍ സംസാരിച്ചുനില്‍ക്കുന്നുണ്ട്. അടക്കിപ്പിടിച്ചുള്ള ആ ശബ്ദം കേട്ടിട്ട് പരിചയമുള്ളതുപോലെ തോന്നിയതുകൊണ്ട് ഒച്ചയുണ്ടാക്കാതെ ഞാന്‍ അവിടേയ്ക്കു ചെന്നു. അവിടെനിന്നു ഹൃദയം കൈമാറുന്ന ആ യുവമിഥുനങ്ങളെക്കണ്ട എന്റെ തലയ്ക്കുള്ളില്‍ ഒരു വെള്ളിടി വെട്ടി. അരുണിനോടു സംസാരിച്ചുകൊണ്ടുനില്‍ക്കുന്ന ആ പെണ്‍കുട്ടിയെ കാണുന്തോറും എന്റെ ശരീരം തളര്‍ന്നുകൊണ്ടിരുന്നു. വീഴാതിരിക്കുവാനായി ഞാന്‍ അടുത്തുകണ്ട ഒരു വാഴയില്‍ മുറുക്കെപ്പിടിച്ചു. പിന്നെ മെല്ലെ‍ അമ്പലത്തിലേയ്ക്കു നടന്നു.

എന്നെക്കണ്ടതും അജിയും വിനോദും കൂടി എന്റെയടുത്തേയ്ക്കുവന്നു.

"അളിയാ അരുണിന്റെ കാമുകി ആരാണെന്നറിയാമോ?".

വിനോദിന്റെ ആ ചോദ്യം കേട്ടില്ലെന്നു നടിച്ചു ഞാന്‍ പടിക്കെട്ടിലിരുന്നു. എന്റെയുള്ളില്‍ പടുത്തുയര്‍ത്തിയിരുന്ന താജ്മഹല്‍ തകര്‍ന്നുതരിപ്പണമാവുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പിന്നെ കുറച്ചുദിവസത്തേയ്ക്കു ഞാന്‍ അമ്പലത്തിലേക്കിറങ്ങിയതേയില്ല. റ്റേപ്പ് റിക്കാര്‍ഡറില്‍ സുമംഗലീ നീ ഓര്‍മ്മിക്കുമോ എന്ന പാട്ട് തേഞ്ഞുതീര്‍ന്നുകൊണ്ടിരുന്നു. ഇനി ജീവിതത്തിലൊരു പെണ്ണിനേയും പ്രേമിക്കത്തില്ല എന്ന ഉഗ്രശപഥമെടുത്തുകൊണ്ട് ഞാന്‍ കട്ടിലില്‍ വിറങ്ങലിച്ചുകിടന്നു. പിന്നെ അങ്ങുറങ്ങി. പക്ഷേ ആ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോന്നു ചോദിച്ചാല്‍....................?

ശ്രീ

Wednesday, June 2, 2010

ശപിക്കപ്പെട്ടവളായ നന്ദ

കാര്‍മേഘത്താല്‍ മൂടിക്കെട്ടിയ ആകാശം പോലെയായിരുന്നു നന്ദയുടെ മനസ്സപ്പോള്‍. കരഞ്ഞു തളര്‍ന്നുറങ്ങുന്ന മോനെ നോക്കിയപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വീണ്ടും നീര്‍മണികള്‍ ഉതിര്‍ന്നുവീണു. പാവം ഉറങ്ങട്ടെ. അത്രയും നേരമെങ്കിലും ഒന്നുമറിയാതിരിക്കുമല്ലോ. അവള്‍ അരുമയായി അവന്റെ മുടിയിഴകള്‍ തലോടിക്കൊണ്ട് കുറച്ചുനേരമിരുന്നതിനുശേഷം എഴുന്നേറ്റു. ശരീരമാകെ വേദനിക്കുന്നു. നെറ്റിയില്‍ ചെറിയൊരു മുറിവുണ്ട്. കവിള്‍ത്തടം തിണര്‍ത്തു വീര്‍ത്തു കിടപ്പുണ്ടായിരുന്നു. കണ്ണാടിയില്‍ തന്റെ മുഖം കണ്ട അവള്‍ ഒന്നു കണ്ണടച്ചു. അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ടവള്‍ മുറിയാകെയൊന്നു കണ്ണോടിച്ചു. എല്ലാം ചിതറിക്കിടക്കുകയാണ്. മറിഞ്ഞുകിടന്ന കസേരയും മറ്റുമെല്ലാം നിവര്‍ത്തിവച്ചിട്ടവള്‍ ചൂലെടുത്ത് തറ തൂത്തുവൃത്തിയാക്കാന്‍ തുടങ്ങി. ഉടഞ്ഞ ‍പാത്രത്തിന്റെ കഷണങ്ങള്‍ പെറുക്കിക്കൂട്ടിയശേഷം മുറിയിലാകെ ചിതറിക്കിടന്ന വറ്റുകള്‍ അവള്‍ തൂത്തുകൂട്ടി. അതെല്ലാം ഒരു പേപ്പറില്‍ വാരിയെടുക്കുമ്പോള്‍ നിറഞ്ഞ മിഴികള്‍ അവള്‍ തന്റെ മുഷിഞ്ഞ ചേലയാലൊപ്പുന്നുണ്ടായിരുന്നു.

'മോളേ'

അടുത്തവീട്ടിലെ മീനാക്ഷിയമ്മയുടെ ഒച്ചകേട്ട് നന്ദ പെട്ടന്ന്‍ പുറത്തേയ്ക്കു വന്നു.

"എന്താ മോളെ ഒരൊച്ചയും ബഹളവുമൊക്കെ കേട്ടത്. സാജന്‍ പിന്നേം വഴക്കൊണ്ടാക്കിയല്ലേ"

"ഹേയ് ഒന്നുമില്ലമ്മാ. അതുപിന്നെ പാത്രം തറയില്‍ വീണു പൊട്ടിയതിന്റെ ഒച്ചയാണു കേട്ടത്". മുഖത്ത് ചിരി വരുത്തിക്കൊണ്ട് നന്ദ പറഞ്ഞു.

"എനിക്കറിയില്ലേ നിന്നെ. ഇതെത്ര നാളെന്നുവച്ചാ. മോള്‍ക്ക് വീട്ടിലൊന്നു പൊയ്ക്കൂടേ. അവരുമായി ചേര്‍ന്നില്ലെങ്കി നിന്റേം കൊച്ചിന്റേം കാര്യമെന്താവും. എന്നും ഇങ്ങനെ കള്ളും കുടിച്ച് വന്നേച്ച് വഴക്കൊണ്ടാക്കണ ഭര്‍ത്താവുമായി എത്രയെന്നുവച്ചാ".

"അങ്ങനെയെന്നുമൊന്നും കുടിക്കാറില്ലമ്മാ. വല്ലപ്പോഴുമൊക്കെയെയുള്ളു. പിന്നെ ഇത്തിരി വഴക്കും ബഹളങ്ങളുമൊക്കെയില്ലെങ്കില്‍ പിന്നെന്തു ജീവിതമാണമ്മാ".

"എടീ മീനാക്ഷിയേ".

" ഹൊ വിളി തൊടങ്ങി. മോളേ ഇതിച്ചിരി പായസമാ. ഇന്നു രമയുടെ മോളുടെ പിറന്നാളായിരുന്നു. അവള്‍ കൊണ്ടുവന്നതാ. മോനും കൊടുക്കണം കേട്ടോ. എന്നാപ്പിന്നെ ഞാന്‍ പോട്ടെ മോളേ. ഒരു സെക്കണ്ട് കാണാണ്ടിരുന്നാ അപ്പം വിളി തൊടങ്ങും". കയ്യിലിരുന്ന പാത്രം നന്ദക്കു കൊടുത്തിട്ട് മീനാക്ഷിയമ്മ വീട്ടിലേക്കോടി.മീനാക്ഷിയമ്മയും കരുണേട്ടനും മാത്രമേയുള്ളവിടെ. അവരുടെ സ്നേഹം കാണുമ്പോള്‍ സത്യത്തില്‍ പലപ്പോഴും നന്ദയ്ക്കു കൊതി തോന്നിയിട്ടുണ്ട്. മുന്‍പ് സാജനും തന്നെ സ്നേഹിച്ചിരുന്നു.

പായസം അകത്തുകൊണ്ടുവച്ചശേഷം നന്ദ തന്റെ മകന്റെയടുത്തായി ഒരു പായവിരിച്ചുകിടന്നു. ഒരു കൈകൊണ്ട് അവനെ തന്റെ ശരീരത്തോടു ചേര്‍ത്ത്കിടത്തിയിട്ടവള്‍ അവന്റെ നെറ്റിയില്‍ അമര്‍ത്തിയൊരുമ്മ വച്ചു. കണ്ണുകള്‍ അടച്ചപ്പോള്‍ ചില രൂപങ്ങള്‍ തന്റെ മുമ്പില്‍ തെളിഞ്ഞുവരുന്നതായവള്‍ക്കു തോന്നി. ‍

തന്റെ അമ്മ,അച്ഛന്‍, വല്യച്ഛന്‍, അമ്മായി പിന്നെ തന്റെ അനുജന്‍ ദത്തന്‍ എല്ലാവരും തന്നെ ഒരു പാട് സ്നേഹിച്ചിരുന്നു. തറവാട്ടിലെ ഒറ്റമകളായിരുന്നതുകൊണ്ടാവാം. എല്ലാ സ്വാതന്ത്രത്തോടെയും സൌകര്യത്തോടെയും വീട്ടുകാരുടെ ഓമനയായി വളര്‍ന്ന താന്‍ എപ്പോഴാണു സാജനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അറിയില്ല. കോളെജിലെ ഒഴിഞ്ഞ വരാന്തകളിലും ക്ലാസ്സ്മുറികളിലും വാകമരച്ചോടുകളിലും വച്ച് ആ ഇഷ്ടം വളര്‍ന്നുകൊണ്ടേയിരുന്നു. ഒരു അന്യ മതസ്തനായ സാജനെ തന്റെ വീട്ടുകാര്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന്‍ തനിക്കറിയാമായിരുന്നു. ഒടുവില്‍ തനിക്കിഷ്ടമില്ലാത്ത ഒരു വിവാഹത്തിനു തലകുനിച്ചുകൊടുക്കേണ്ട ഒരവസ്ഥ വന്നപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ല. അപ്പോള്‍ തന്നെ ഇഷ്ടപ്പെടുന്നവര്‍ക്കുണ്ടാകുന്ന സങ്കടങ്ങള്‍ താന്‍ കണ്ടില്ലെന്നു നടിച്ചു. സാജനൊപ്പം ഒരു ചെറു വാടകവീട്ടില്‍ താമസമാക്കിയപ്പോള്‍ ലോകം വെട്ടിപ്പിടിച്ച സംതൃപ്തിയായിരുന്നു.

തന്റെ ഇറങ്ങിപ്പോക്കില്‍ തകര്‍ന്ന അച്ഛന്‍ അപമാനഭാരത്താല്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയെന്നറിഞ്ഞപ്പോള്‍ അലമുറയിട്ടുകരഞ്ഞ താനുമായി സാജന്‍ വീട്ടില്‍ ചെന്നിരുന്നു. പക്ഷേ തന്നെ ജീവനെക്കണക്കു സ്നേഹിച്ചിരുന്ന എപ്പോഴും തന്റെ പാവാടതുമ്പില്‍ പിടിച്ചുനടന്നിരുന്ന തന്റെ കുഞ്ഞനുജന്‍ തന്റെ മുഖത്ത് കാറിതുപ്പി. അച്ഛന്റെ ശരീരമൊന്നു കാണിക്കുവാന്‍ പോലും ആരും സമ്മതിച്ചില്ല.നീ ഒരു കാലത്തും കൊണമ്പിടിക്കില്ലെന്നു പറഞ്ഞു പ്രാകിക്കൊണ്ട് പൊട്ടിക്കരയുന്ന അമ്മയെ നേരിടാനുള്ള ധൈര്യമില്ലാതെ തറയില്‍ കുഴഞ്ഞിരുന്ന തന്നെ നിരവധി മിഴികള്‍ അവജ്ഞ്നയോടെ നോക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ഒരു പരിഹാസപാത്രമായി അവിടെ നില്‍ക്കാതെ തന്നെയും പിടിച്ചു സാജനിറങ്ങിയപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ മൂലം മുന്‍പിലെ പടവുകള്‍ കാണാന്‍ തനിക്കു പറ്റുമായിരുന്നില്ല. അത്രക്കു തെറ്റു താന്‍ ചെയ്തുവോ.സ്നേഹിക്കുക എന്നത് അത്ര വലിയ അപരാധമായിരുന്നുവൊ.

‍ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ മുമ്പില്‍ വന്നു പല്ലിളിച്ചുതുടങ്ങിയപ്പോള്‍ സാജന്റെ രീതികളിലും ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കും ദേക്ഷ്യവും. ഇതിനിടയിലെപ്പോഴോ താന്‍ ഒരു മോനു ജന്മം കൊടുത്തുകഴിഞ്ഞിരുന്നു. മിക്ക ദിവസങ്ങളിലും തങ്ങളുടെ വഴക്കില്‍ ഒന്നും മനസ്സിലാകാതെ മിഴിച്ചുനോക്കി പൊട്ടിക്കരയാന്‍ വിധിക്കപ്പെട്ട ഒരു ജന്മം. എപ്പോഴാണു സാജന്‍ മുഴുവന്‍ സമയ മദ്യപാനം ആരംഭിച്ചതെന്നറിയില്ല. മിക്കപ്പോഴും‍ അര്‍ദ്ധരാത്രി‍ കഴിഞ്ഞ് നന്നായി കുടിച്ചു പൂസായിട്ടായിരിക്കും വരവ്. താനും മകനും ജീവിച്ചിരിപ്പൊണ്ടോ എന്നുപോലും തിരക്കാതെ കട്ടിലിലേയ്ക്കു മറിഞ്ഞ് കൂര്‍ക്കം വലിച്ചുറങ്ങുന്ന ആരൂപം കാണുമ്പോള്‍ ജീവിതത്തിലാദ്യമായി നിരാശ തന്നെ കീഴടക്കുന്നതു താനറിഞ്ഞു. ഇതെല്ലാം അനുഭവിക്കുവാന്‍ താന്‍ അര്‍ഹതപ്പെട്ടവളാണേന്ന്‍ താന്‍ സ്വയം സമ്മതിക്കുകയായിരുന്നു.

പലപ്പോഴും ഒരു സഹായത്തിനെത്തുക അടുത്ത വീട്ടിലെ മീനാക്ഷിയമ്മയാണു. കരുണേട്ടന്റെ മാത്രം ലോകത്തു ജീവിക്കുന്ന അവര്‍ പകര്‍ന്നു തരുന്ന ആശ്വാസവാക്കുകള്‍ തനിക്കെത്രയോ വിലപ്പെട്ടതാണു. അതുകൂടിയില്ലാതിരുന്നെങ്കില്‍ തനിക്കതു ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ മദ്യപിക്കുന്നതിനും മറ്റും കാശില്ലാത്തതിനു സാജന്‍ ദേക്ഷ്യം തീര്‍ക്കുന്നതു തന്റെ കുഞ്ഞിനോടാണു. അവന്റെ അരയില്‍ കിടന്ന പൊട്ടു അരഞ്ഞാണം പോലും വിറ്റു തീര്‍ത്തു. ഉച്ചക്ക് ചോറുവിളമ്പി മുന്‍പില്‍ കൊണ്ടുവച്ചപ്പോള്‍ പതിവില്ലാതെ തന്നെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു ഒരുരുള ചോറു തനിക്കു വാരിത്തന്നപ്പോള്‍ അതേവരെയുണ്ടായ എല്ലാ വിഷമതകളും താന്‍ ഒരു നിമിഷം കൊണ്ട് മറന്നു. പക്ഷേ പിന്നീട് തന്നോടാവശ്യപ്പെട്ട കാര്യം ഈ ലോകത്ത് ഒരു പെണ്ണും സഹിക്കാത്തതാണ്. സ്വന്തം ഭാര്യയെ അന്യനു കാഴ്ചവയ്ക്കുവാന്‍ കോപ്പുകൂട്ടുന്ന ആ വൃത്തികെട്ട രൂപത്തെ നോക്കിയപ്പോള്‍ തനിക്ക് നിയന്ത്രണം വിട്ടുപോയി. തന്റെ ശുഷ്കമായ കൈകൊണ്ടുള്ള തല്ലേറ്റതോടെ ഒരു മൃഗമായി മാറിയ സാജന്‍ എന്തെല്ലാമാണു കാട്ടിയത്. ഒന്നുമൊന്നും മനസ്സിലാകാതെ ഉറക്കെയുറക്കെ കരഞ്ഞുകൊണ്ടിരുന്ന തന്റെ മകനെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞിട്ട് പുറത്തേയ്ക്കിറ‍ങ്ങിപ്പോകുന്ന സാജനെ കൊന്നുകളയാനുള്ള ദേക്ഷ്യം തനിക്കുണ്ടായിരുന്നു.

"വൈകുന്നേരം ഞാന്‍ പറഞ്ഞപോലെ തയ്യാറായിരുന്നിട്ടില്ലെങ്കില്‍"..

ആ വാക്കുകള്‍ ഒരശരീരി പോലെ തന്റെ മുഖത്തടിക്കുന്നതായി നന്ദയ്ക്കു തോന്നി. എന്തോ തീരുമാനിച്ചപോലെ അവളെഴുന്നേറ്റു. അടുക്കളയില്‍ പരതിയപ്പോള്‍ ആ ചെറിയ കുപ്പി അവളുടെ കയ്യില്‍ തടഞ്ഞു. മീനാക്ഷിയമ്മകൊണ്ടുവന്നു തന്ന പായസത്തിലേയ്ക്കു ആ ചെറിയ കുപ്പിയിലെ കറുത്ത ദ്രാവകമൊഴിച്ചു നന്നായിട്ടിളക്കിയശേഷം അവള്‍ തന്റെ മകനെ വാരിയെടുത്തു. അവന്റെ മുഖം മുഴുവന്‍ തെരുതെരെയുമ്മ വച്ചു. ഉറക്കത്തില്‍ നിന്നും മിഴിച്ചുണര്‍ന്ന അവന്‍ അമ്മയുടെ മാറിലേയ്ക്കു പതുങ്ങി. പ്രക്ഷുബ്ദ്ധമായിരുന്ന മനസ്സിനെ നിയന്ത്രിച്ചുകൊണ്ടവള്‍ ഒരു സ്പൂണ്‍ പായസം കോരി തന്റെ മകന്റെ വായില്‍ വച്ചുകൊടുത്തു. അവനതു ഞൊട്റ്റി നുണച്ചിറക്കുന്നതുകണ്ട നന്ദയുടെ ഉള്ളിലൊരാളലുണ്ടായെങ്കിലും വീണ്ടും വീണ്ടുമവള്‍ പായസം കുഞ്ഞിനു കോരിനല്‍കി. പാത്രത്തില്‍ ബാക്കിയുണ്ടായിരുന്ന പായസം മുഴുവനും കുടിച്ചുതീര്‍ത്തശേഷം നന്ദ തന്റെ മകനേയും കെട്ടിപ്പിടിച്ചു പായിലേയ്ക്കു ചായ്ഞ്ഞുകിടന്നു.സമയം കടന്നുപോകവേ തന്റെ ശരീര‍ത്തോടൊട്ടിയിരിക്കുന്ന മകനിലുണ്ടാകുന്ന വിറയല്‍ തന്റെ ശരീരത്തിലും ബാധിക്കുന്നതവളറിഞ്ഞു. അവളുടെ കണ്ണുകള്‍ മെല്ലെ മെല്ലെയടഞ്ഞുകൊണ്ടിരുന്നു. ഇഷ്ടദേവനായ മഹേശ്വരനെ തന്റെ അകക്കണ്ണില്‍ അവള്‍ കാണുന്നുണ്ടായിരുന്നു.

ഇനിയുമെത്രയോ അധികം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധി ബാക്കിവച്ചിരിക്കുന്ന ശപിക്കപ്പെട്ടവളായ നന്ദയെ തനിച്ചാക്കി അവളുടെ ഓമനമകന്‍ മാലാഖമാരുടെയടുത്തേയ്ക്കു പറന്നുപോവുകയായിരുന്നപ്പോള്‍

Tuesday, June 1, 2010

ഉത്സവമേളം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്". ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

"പിന്നല്ലാതേ. നമ്മുടെ കുമാരന്നായര്‍ക്ക് താല്‍പ്പര്യമൊണ്ടാര്‍ന്നു. പക്ഷേങ്കി സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനാര്‍ന്നു. ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും. നായരും കൂട്ടരും അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.". എണ്ണയില്‍ കിടക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ എന്തു നടക്കാന്‍. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ. ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ.പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊക്കൂടേടാ".

"നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. ഉത്സവത്തിനു നാണുവേട്ടനു നല്ല കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തുമോ"

"ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തച്ചതും എന്റെ കുറ്റമാണോ.എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍ "

"ഹേയ് നിന്റെ കുറ്റമേയല്ല. എന്റെ മാത്രം കുറ്റമാണ്.പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം.എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ" ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു.

കുട്ടപ്പനാളു പാവമാണ്. ബന്ധുക്കളായിട്ട് ഒരു അമ്മുമ്മ മാത്രമേയുള്ളു. കയ്യിലിരുപ്പിന്റെ ഗുണംകൊണ്ട് ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ടീ സ്റ്റാളില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടുകിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ക്ലാസ്സെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ" വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു.ഇതു തന്നെ പാടാണ്.അതോണ്ട് സൊസൈറ്റീന്ന്‍ മേടിക്കണം". മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.

"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ" കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ആട്ടില്‍ ആ കടമുഴുവന്‍ തകര്‍ന്നുവീണതായി നാണുനായര്‍ക്കു തോന്നി. കുട്ടപ്പന്റെ കയ്യിലിരുന്ന ഗ്ലാസ്സും ചായയും തറയില്‍ വീണു തവിടുപൊടിയായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്നായരും തമ്മില്‍ ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു.കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു." മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്നായര്‍ പ്രകാശനെ നോക്കി.

"നിങ്ങ ധൈര്യമായി പ്പോവീന്‍. ഇതു ഞങ്ങളേറ്റു". പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.


"എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുമ്പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നിക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു. താലപ്പൊലിയുടെ കൂടെ വരുന്ന തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. തന്നെ തിരയുന്ന അവളുടെ മിഴികളുമായി കുട്ടപ്പന്റെ കണ്ണുകള്‍ കൂട്ടിയിടിച്ചു. ആവേശം മൂത്ത കുട്ടപ്പന്‍ മുന്നോട്ടൊന്നാഞ്ഞതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി കയ്യിലിരുന്ന ചൂടു ചായ മുപില്‍ നിന്ന പ്രാകാശന്റെ പുറത്തേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചു. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുഞ്ഞോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറക്കുന്നതരത്തില്‍ ഒരു ഒച്ചയോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി.ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. ആകെ അന്തം വിട്ട ആള്‍ക്കാര്‍ നാലുപാടും ഓടി. പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് നാണുനായരുടെ സ്റ്റൊവ്വിനടുത്തായി വീണതും അല്‍പ്പസമയത്തിനകം അതതിന്റെ തനിക്കൊണം കാണിച്ചതും മൂലം ചായക്കടയുടെ ചെറിയൊരവശിഷ്ടം ബാക്കിയുണ്ടായിരുന്നു. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, കുട്ടപ്പന്‍, പ്രകാശന്‍ എന്നീ മാന്യമഹാജനങ്ങളേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിക്കുകയായിരുന്നു.ആന ഇടഞ്ഞപ്പോള്‍ പലവഴിക്കോടിയവകയില്‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ കുമാരന്നായരുടെ‍ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ സൈഡില്‍ നിന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ മുളച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ ഇരുട്ടത്ത് ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു.

ആകെക്കൂടി നോക്കിയാല്‍ ഉത്സവസമാപനം കൊളത്തില്‍ വീണു കൊളമായതുപോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.