Sunday, January 31, 2010

ഒരു പാവം ഗുണ്ട

"ചെറുകിട കൊട്ടേഷനുകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടും കൃത്യമായും ചെയ്തുകൊടുക്കപ്പെടും.കൈകാലുകളൊടിക്കുന്നതിനു പ്രത്യേക റേറ്റ്,വീടൊഴിപ്പിക്കല്‍, വിരട്ടല്‍,കല്യാണം കലക്കല്‍ എന്നിവയ്ക്കു സ്പെഷ്യല്‍ ഡിസ്കൌണ്ട്.കൊലപാതകം നടത്തുന്നതായിരിക്കില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക".

വാര്‍ത്താളി വാസു ആന്‍ഡ് ടീംസ്
പാറേക്കടവു.
ഫോണ്‍ നമ്പര്‍: 9847............

ആ ബോര്‍ഡിലേക്കു അല്‍പ്പസമയം കുമാരന്‍ നോക്കി നിന്നു.

എന്തു കൊണ്ട് തനിക്കവരെ ഒന്നു സമീപിച്ചുകൂട.എന്തായാലും താന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ ഒന്നും നടക്കില്ല.അല്ലെങ്കിലും ഇതേപോലുള്ള കാര്യങ്ങള്‍ നേരിട്ട് ചെയ്യാതെ വിശ്വസ്തരെക്കൊണ്ട് ചെയ്യിക്കുന്നതാണു നല്ലതു.എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം.മനസ്സില്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് കുമാരന്‍ വീട്ടിലേക്കു തിരിച്ചു.
.....................

തന്റെ മുമ്പിലിരിക്കുന്ന വാസുവിനെ അല്‍പ്പം പേടിയോടെ നോക്കിക്കൊണ്ട് കുമാരന്‍ തുടര്‍ന്നു.

"വാസുവണ്ണാ കാര്യം അവളെന്റെ ഭാര്യയൊക്കെ തന്നെ.പക്ഷേ ഞാന്‍ അനുഭവിക്കുന്ന ദുരിതം അതണ്ണനു പറഞ്ഞാല്‍ മനസ്സിലാവില്ല.അവളുടെ അഹങ്കാരം ഒന്നു കൊറയ്ക്കണം".


"ഹും അപ്പോള്‍ അതാണു കാര്യം.ഇതു ഞങ്ങളേറ്റു.പക്ഷേ കാശല്‍പ്പം കൂടും.കാര്യം മനസ്സിലായല്ലോ പെണ്ണുകേസാ".

"കാശ് എനിക്കു പ്രശ്നമേയല്ല.എങ്ങിനെയെങ്കിലും ഇതൊന്നു നടക്കണം.എന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്.ഞാന്‍ വെറും ഉണ്ണാക്കനല്ല എന്നവളൊന്നറിയണം.പൊറത്താരെങ്കിലുമറിഞ്ഞാല്‍ നാണക്കേടാ എന്നാലും പറയാം.ഇപ്പോ വന്നുവന്നു കൈവയ്ക്കാനും തുടങ്ങിയണ്ണാ.പിന്നെ പോലീസ് കേസൊന്നുമുണ്ടാവില്ലല്ലോ അല്ലെ. "

"ഛേയ്. താനൊന്നു പേടിക്കാതെടൊ.ഇതൊരു കുഞ്ഞുമറിയാതെ ഞാന്‍ നടത്തിത്തരും.താന്‍ സമാധാനമായിട്ട് പൊയ്ക്കോ".


"ആളല്‍പ്പം പിശകാ.ഒന്നു സൂക്ഷിച്ചോളണം.കൂടുതലൊന്നും ചെയ്യണ്ട.ഒന്നു നല്ലതുപോലെ പേടിപ്പിച്ചാ മതി.ഒരു രണ്ടു ദിവസം പേടിച്ചു പനിപിടിച്ച് ആശുപത്രിയില്‍ കിടക്കണം.അത്രയേയുള്ളു"

"ഞങ്ങളേറ്റെന്നു പറഞ്ഞില്ലേ.താന്‍ പൊയ്ക്കോ. മറ്റന്നാള്‍ രാവിലെ താന്‍ താലൂക്ക് ആശുപത്രിയില്‍ ഒന്നു വന്നു നോക്കിക്കോ.തന്റെ ശത്രു അവിടെ താമസമാക്കിയിട്ടുണ്ടാവും".

....................

"ഹലോ. കുമാരനല്ലേ.ഞാനാണു വാസു.ഇന്നു തന്നെ നമ്മള്‍ കാര്യം നടത്തിയിരിക്കും.ഞാനും എന്റെ ഒരു ചെക്കനും കൂടിപോകുന്നുണ്ട്.നീ നാളെ ആശുപത്രിയില്‍ പോകാന്‍ തയ്യാറായിക്കോ"

"അണ്ണാ കൂടുതലൊന്നും ചെയ്യരുതു ഒന്നു പേടിപ്പിച്ചാല്‍ മതി.പിന്നിതിന്റെ പിന്നില്‍ ഞാനാണെന്നെങാനുമവളറിഞ്ഞാല്‍ എന്റെ പതിനാറടിയന്തിരത്തിന് കൂടാന്‍ വന്നാല്‍ മതി."

"ഒക്കെയെനിക്കറിയാമേടെ.നീ ഒന്നു പേടിക്കാണ്ടിരി.ഈ വാസു ഒന്നു പറഞ്ഞാല്‍ പിന്നെ അതില്‍ കടുകിടയ്ക്കു മാറ്റമുണ്ടാവില്ല.അപ്പം എല്ലാം പറഞ്ഞപോലെ.നാളെ ആശുപത്രിയില്‍ വച്ചു കാണാം"


...............

എന്റമ്മേ. ഞാനിപ്പം ചാവുമേ...എന്റെ ഡോക്ടറേ..എന്റെ കയ്യിപ്പഴും അവിടെ തന്നെയുണ്ടോ.."

"ഹൊ ഇതിനെക്കൊണ്ട് ശല്യമായല്ലോ.ഒന്നടങ്ങിക്കെട മനുഷ്യാ.കണ്ടവന്റെകയ്യില്‍ നിന്നും മേടിച്ചുകെട്ടുമ്പം ഓര്‍ക്കണം ഇതേപോലെ വേദനിക്കുമെന്നു.അല്ല എനിക്കറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാണു.ഇതെങ്ങിനെ പറ്റി.എന്തായാലും കളരിയൊക്കെ അറിയാവുന്ന ആരോ ആണു ഇപ്പരുവത്തിലാക്കിയത്.ഡോക്ടര്‍ പറഞ്ഞു കട്ടയായിട്ടൊള്ളതൊക്കെ മൊത്തത്തില്‍ ഒടഞ്ഞെന്നു.എന്തായാലും ഇനി കൊറച്ചുനാള് അടങ്ങിക്കിടക്കുവല്ലോ".

"ശവത്തി കുത്താതെടി തങ്കമ്മാ.ഒരു കൊട്ടേഷന്‍ പരിപാടിക്കു പോയതാ".

"നിങ്ങളിതെവിടത്തെ ഗുണ്ടയാണ്.വാര്‍ത്താളി വാസു.ആരാണീ പേര് നിങ്ങക്കിട്ടത്.ഗുണ്ടകളുടെ മാനം കളയാന്‍".

"ഏടീ വെറും വാസുവെന്നിട്ടാല്‍ ഒരു ഗുണ്ടാഎടുപ്പുകിട്ടില്ല.പിന്നെ ഇപ്പോഴത്തെ ഫാഷനല്ലേ ഒറിജിനലിന്റെ മുമ്പില്‍ ഒരു ഇരട്ടകൂടി.അതുകൊണ്ട് ഞാന്‍ തന്നെയിട്ടതാ"

"അല്ല നിങ്ങള് തല്ലാന്‍ പോയതാണോ അതോ കൊള്ളാന്‍ പോയതോ. അവരൊരുപാടുപേരുണ്ടായിരുന്നൊ"

"അവരല്ലടി. അവള്‍ ഒറ്റയ്ക്കേയുള്ളായിരുന്നു.ആ കുമാരന്റെ ഭാര്യയില്ലെ. ആ താടക സുമതി.അവളെയൊന്നു പേടിപ്പിക്കുവാന്‍ നോക്കിയതാ.നീ കുമാരനെ വകവയ്ക്കില്ല അല്ലേടി എന്നു ചോദിച്ചതുമാത്രമേ എനിക്കോര്‍മ്മയുള്ളു.പിന്നെ ബോധം വരുമ്പോല്‍ ഞാന്‍ ഇപ്പരുവത്തിലാണ്.എന്റെ കൂടെയുണ്ടായിരുന്നവന്‍ ഐ.സീലാണു.ഇതേവരെ ബോധം വീണിട്ടില്ല.ആ ദ്രോഹി കുമാരന്‍ എന്നോടു പറഞ്ഞില്ല.അവള്‍ക്കു കരാട്ടെയും കളരിയുമൊക്കെയറിയാമായിരുന്നെന്നു.പക്ഷേ ഞാനിവിടുന്നൊന്നിറങ്ങിക്കോട്ടെ.ആ കുമാരന്റെ കൊടലു ഞാനെടുക്കും"

"അയ്യേ നിങ്ങള്‍ക്ക് നാണമില്ലെ മനുഷ്യാ. ഇനി കൊടലെടുക്കാത്ത കൊറവേയുള്ളു. ഇനി നിങ്ങളായിട്ടെടുക്കണ്ട.കുമാരന്‍ മെഡിക്കല്‍ കോളേജിലാണെന്ന്‍ ആരോ പറയണകേട്ടു.ഇതേവരെ ബോധം വന്നിട്ടില്ലത്രേ".


"ഒരു സംശയവും വേണ്ടടീ.ഇതവളു ചെയ്തതു തന്നെയാ.എന്റീശ്വരമ്മാരെ ഈ പെണ്ണുങ്ങളിങ്ങനെ തുടങ്ങിയാല്‍ എന്നെപ്പോളുള്ള പാവം ഗുണ്ടകളെങ്ങിനെ ജീവിക്കും"...അത്മഗതത്തോടെ വാസു ഒന്നു തിരിഞ്ഞുകിടക്കാന്‍ നോക്കി.


"ഹമ്മേ"........


വേദന നിറഞ്ഞ ആ അലര്‍ച്ചയില്‍ ജനറല്‍ വാര്‍ഡ് കിടുങ്ങി.

Thursday, January 28, 2010

അച്ഛന്റെ സ്വന്തം മകള്‍ ആമി

എന്റെ പ്രീയപ്പെട്ട അച്ഛനു സ്വന്തം മകള്‍ ആമി എഴുതുന്നതു,

സ്വന്തം മകള്‍ എന്നെഴുതിയത് ക്ഷമിക്കണം.അച്ഛനൊരിക്കലും എന്നെയങ്ങനെ കണ്ടിരുന്നില്ലെന്നു എനിക്കറിയാം.എന്നാലും എനിക്കു അച്ഛന്‍ എന്റെ സ്വന്തം അച്ഛന്‍ തന്നെയായിരുന്നു.ദേക്ഷ്യം പിടിച്ച് അച്ഛന്‍ ഈ കത്തു വായിക്കാതെ കീറിക്കളയരുതു.അച്ഛനോടു നേരിട്ടു പറയുവാനുള്ള ധൈര്യമില്ലാതിരുന്നതുകൊണ്ടാണ് ഈ സാഹസം.

എനിക്കറിയാം അച്ഛനൊരിക്കലുമെന്നെ ഇഷ്ടപ്പെട്ടിരുന്നില്ല.അച്ഛനെന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.അതിനുമാത്രം എന്തു തെറ്റാണു ഞാന്‍ ചെയ്തതു.കുഞ്ഞിലേ അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്നിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ നിന്നും മഴവെള്ളം പോലെ കണ്ണുനീരൊഴുകുന്നത് എന്തിന്നാണെന്ന്‍ എനിക്കറിയില്ലായിരുന്നു.പലപ്പോഴും അമ്മയുടെ ചുംബനങ്ങള്‍‍ക്ക് ഉപ്പുരസമായിരുന്നു.അന്നൊന്നും അച്ഛനെന്നെയൊന്നെടുക്കുകയോ എന്നെ നോക്കുകയോ പൊലും ചെയ്തിട്ടില്ല. ഇതെന്റെ കൊച്ചല്ല,പെഴച്ചുണ്ടായതാണെന്നുള്ള ആക്രോശത്തോടെ അച്ഛന്‍ അമ്മയെ തല്ലിയിരുന്നത് മനസ്സിലാക്കുവാന്‍ അപ്പോളെനിക്കാവുമായിരുന്നില്ലല്ലോ.പിന്നീടൊരിക്കല്‍ വീട്ടിലൊരുപാടുപേര്‍ കൂടിനില്‍ക്കുന്നതും വിശന്നു കരയുന്ന എന്നെ ഒന്നെടുക്കുവാന്‍ പോലും വരാതെ തറയില്‍ മൂടിപ്പുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ അമ്മയ്ക്കും എന്നെ വേണ്ടാതായോ എന്നോര്‍ത്തു എന്റെ കുഞ്ഞുമനസ്സ് ഒരു പാട് വേദനിച്ചു.

പിന്നെ ഈ പതിമൂന്നുവയസ്സിന്നുള്ളില്‍......

ഈശ്വരന്‍ എന്നെ എന്തിനായി സ്രൃഷ്ടിച്ചു എന്നെനിക്കറിയില്ല.എല്ലാം എന്റെ വിധി എന്നു കരുതി ഞാന്‍ ഈ കൂരയില്‍ ഒരു നായ്ക്കുട്ടിയേക്കാളും ദയനീയമായി ജീവിക്കുവാന്‍ ശീലിച്ചുപോയി.അഞ്ചാം ക്ലാസ്സില്‍ വച്ചെന്റെ പഠിത്തം നിര്‍ത്തിയപ്പോള്‍..എന്റെ കൂട്ടുകാരെല്ലാം പുത്തന്‍ കുപ്പായങ്ങളണിഞ്ഞ് ചിരിച്ചുല്ലസിച്ച് സ്കൂളിലേക്കു പോകുമ്പോല്‍ ഞാന്‍ ഇവിടെ കീറിപ്പറിഞ്ഞതുടുത്ത്.....എനിക്കു സഹിക്കുവാന്‍ കഴിയുമായിരുന്നില്ല.

എന്തുകൊണ്ടായിരുന്നച്ഛാ എന്നെ ഇത്രത്തോളം അച്ഛന്‍ വെറുത്തത്.സത്യത്തില്‍ ഞാന്‍ അച്ഛന്റെ മകളായിരുന്നില്ലെ. അച്ഛനെന്നെയൊന്നു ചേര്‍ത്തുപിടിക്കുവാനും ഒരുമ്മ തരുവാനും എന്നെ സ്നേഹത്തോടെ മോളേ എന്ന്‍ ഒരിക്കലെങ്കിലും വിളിക്കുവാനും ഞാന്‍ വളരെയേറെ കൊതിച്ചിരുന്നു.പക്ഷേ......

ഇത്രയും നാള്‍ ഞാന്‍ എല്ലാം സഹിച്ചു.പക്ഷേ ഇപ്പോള്‍.. മദ്യപിച്ചു യാതൊരു ബോധവുമില്ലാതെ ആരെങ്കിലും വീട്ടില്‍ കൊണ്ടുവന്ന്‍ തള്ളുമ്പോല്‍ അച്ഛനറിയുന്നില്ലേ ഒരു പ്രായമായ മകള്‍ വീട്ടിലുണ്ടെന്ന്‍.അവരുടെ കഴുകന്‍ കണ്ണുകള്‍ ആരെയാണു കൊത്തിവലിക്കുന്നതെന്ന്‍ അച്ഛനറിയുന്നുണ്ടായിരുന്നില്ലെ...

ഇന്നലെ ആദ്യമായി അച്ഛന്‍ എന്നെ സ്നേഹത്തോടെ നോക്കിയപ്പോള്‍, എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ടു മതിമറന്നുപോയി.പക്ഷേ ആ സ്നേഹം അത്..അത്.. വേണ്ട. ഇപ്പോള്‍ മദ്യം അച്ഛനെയും വല്ലാതെ കീഴടക്കിയിരിക്കുന്നു.സ്വന്തം മകളെപോലും തിരിച്ചറിയാന്‍ വയ്യാത്തവനാക്കിയിരിക്കുന്നു.എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍. ഞാന്‍ തീരുമാനിച്ചച്ഛാ.എന്റെ അമ്മ എന്നെ കാത്തിരിക്കുന്നു.എനിക്കു തരുവാന്‍ കഴിയാതെ പോയ മുഴുവന്‍ സ്നേഹവുമായി മാലാഖമാരുടെ നാട്ടില്‍ എന്റമ്മ എനിക്കായി കാത്തിരിക്കുന്നു.എനിക്കും ആ സ്നേഹം വേണം.അതുകൊണ്ട് ഞാന്‍ പോകുന്നു.

എന്നോടു പൊറുക്കണം.......

ഞാനച്ഛന്റെ സ്വന്തം മകള്‍ തന്നെയായിരുന്നു.....

എന്നു അഭിരാമി
(ആമി)

Tuesday, January 26, 2010

രാജീവന്റെ മാത്രം സുമ

തന്റെ സീറ്റിലേക്കു ചാരിക്കിടക്കുമ്പോള്‍ രാജീവന്റെ മുഖം ആഹ്ലാദം കൊണ്ട് നിറഞ്ഞിരിന്നു.

നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം താന്‍ തന്റെ പ്രീയപ്പെട്ടവരുടെ അടുത്തേയ്ക്കു വീണ്ടും മടങ്ങിപ്പോകുകയാണു.

തന്നെ കണ്ട് സുമ അത്ഭുതംകൊണ്ട് കണ്ണുമിഴിക്കുന്നത് അയാള്‍ ഭാവനയില്‍ കണ്ടു.

കല്യാണം കഴിഞ്ഞു ഇരുപതാം നാള്‍ പിരിഞ്ഞതല്ലേ. എത്രപ്രാവശ്യം അവള്‍ കരഞ്ഞുപറഞ്ഞു.ഒന്നു വന്നിട്ട്പോകാന്‍.തനിക്കാഗ്രഹമില്ലാതിരുന്നതുകൊണ്ടാണോ. ഇതിനിടയ്ക്ക് നാട്ടില്‍ പോകാന്‍ പലവട്ടം ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.പെങ്ങളുടെ കല്യാണബാധ്യതയും കുടുംബവീട് നേരെയാക്കിയ ചിലവുകളുമെല്ലാം എല്ലാം തന്റെ തലയിലായിപ്പോയില്ലേ.

അല്ലെങ്കിലും തന്നെ പറഞ്ഞിട്ട് കാര്യമില്ല.അഛനില്ലാത്തതുമൂലം ചെറുതിലേ വണ്ടിക്കാള വലിക്കുന്നതുപോലെ ഏറ്റെടുത്തതാണ് ചുമതലകള്‍. ഒരനിയനുള്ളതാണെങ്കില്‍ പറയണ്ട.അവനു രാഷ്ട്രീയം കളിച്ചു നടന്നാല്‍ മതിയല്ലോ.വീട്ടുകാര്യം ഇന്നതുവരെ അവന്‍ തിരക്കിയിട്ടില്ല.ഒണ്ടാക്കിയ കേസുകള്‍ക്കു കണക്കില്ല.അവന്റെ കേസുകള്‍ നടത്താന്‍ കടം വാങ്ങിയ വകയിലേത് ഈ അടുത്തകാലത്താണു തീര്‍ത്തതു.പിന്നെ തന്റെ കല്യാണചിലവുകള്‍. ഒന്നും പറയണ്ട.കടങ്ങളെല്ലാമൊന്നു തീര്‍ത്തു നടുനിവര്‍ന്നതിപ്പോഴാണു.ഇനി താനും സുമയും മാത്രമുള്ള ഒരു കൊച്ചുലോകം.

അവളെയൊന്ന്‍ അമ്പരപ്പിക്കണമെന്നു തീര്‍ച്ചപ്പെടുത്തിയതുകൊണ്ടാണ് താന്‍ വരുന്ന വിവരം ആരെയും അറിയിക്കാതിരുന്നത്.

തന്നെ പെട്ടന്നുകാണുമ്പോല്‍ അവള്‍ ആദ്യത്തെ അമ്പരപ്പിനുശേഷം കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിക്കുന്നത് ആലോചിച്ചപ്പോള്‍ അയാളുടെ ഓരോ രോമകൂപങ്ങളുമുയര്‍ന്നു.

വിമാനമിറങ്ങി വീട്ടിലേയ്ക്കുള്ള യാത്രയില്‍ അയാള്‍ ആകാംഷാഭരിതനായിരുന്നു. സമയം 11 മണി കഴിഞ്ഞതേയുള്ളു.അവള്‍ ഉറങ്ങിക്കാണുമോ.

വീടിനുമുമ്പിലെ ഇടവഴിയില്‍ കാറുനിര്‍ത്തി സാധനങ്ങളെല്ലാമിറക്കിവച്ചശേഷം അയാള്‍ കൊതിയോടുകൂടി തന്റെ നാലുപാടും നോക്കി.

ടാക്സിക്കൂലി നല്‍കിയശേഷം ലഗേജുകളുമായി തന്റെ വീട്ടിലേക്കു നടക്കുമ്പോല്‍ രാജീവന്റെ ചുണ്ടില്‍ ഒരു പ്രണയഗാനം തത്തിക്കളിക്കുന്നുണ്ടായിരുന്നു.

ദൂരെവച്ചേ അയാള്‍ കണ്ടു. സുമയുടെ മുറിയില്‍ അരണ്ട വെളിച്ചം. പെട്ടന്നയാളുടെ മനസ്സില്‍ ചില അശുഭചിന്തകള്‍ കടന്നുകൂടി.ഒച്ചയുണ്ടാക്കാതെ തന്റെ റൂമിനടുത്തെത്തിയ അയാള്‍

ചെവികള്‍ ജനാലയോടു ചേര്‍ത്തുവച്ചു.

അകത്തുനിന്നും നേര്‍ത്ത ചില ശബ്ദങ്ങള്‍.അയാള്‍ കാതോര്‍ത്തു.

" നിന്റെ ഭര്‍ത്താവ് ഇതറിഞ്ഞാപ്പിന്നെ നിന്നെ ബാക്കി വച്ചേക്കുമോ.നിന്നേയും കൊല്ലും എന്നേയും തട്ടും.സ്വന്തം അനുജനാണെന്നൊന്നും അങേരു നോക്കില്ല"

"ഓ ഒന്നും പോകാമ്പറ.ഭര്‍ത്താവാണുപോലും ഭര്‍ത്താവ്.കല്യാണം കഴിച്ച് വീട്ടിക്കൊണ്ടിരിത്തിയേയ്ക്കാന്‍ ഞാനെന്താ പാവയോ മറ്റോ ആണൊ.എനിക്കുമില്ലേ ആഗ്രഹങ്ങളും ആവശ്യങ്ങളും.അയാള്‍ക്ക് ഗല്‍ഫില്‍ കെടന്നാല്‍ മാത്രം മതി.ഇങ്ങനെ ഒരുത്തി ഇവിടെ കാത്തിരിപ്പൊണ്ടെന്ന്‍ വല്ല വിചാരവും വേണ്ടേ".

"നീ വിഷമിയ്ക്കാതെ മോളെ. അതിനല്ലേ ഞാനുള്ളതു.ജീവിതം ഒരിക്കലേയുള്ളുവെന്നും അത് ആസ്വദിക്കാനുള്ളതാണെന്നും മനസ്സിലാക്കാത്ത എന്റെ ചേട്ടനെയോര്‍ത്ത് എനിക്ക് വെഷമമുണ്ട്
പൊന്നേ.മണ്ടന്‍...നമുക്കെന്നുമിങ്ങനെയര്‍മ്മാദിക്കാമെടീ."

"ങ്ഹാ.....ങ്ഹൂ...ഉമ്മ.....ഉമ്മ...."


കൂടുതള്‍ കേള്‍ക്കുവാന്‍ ശക്തിയില്ലാതെ രാജീവന്‍ തളര്‍ന്നു താഴെയിരുന്നു.എന്തെല്ലാമോ ചിന്തകള്‍ അയാളുടെ മനസ്സില്‍കൂടി കടന്നുപോയി.

എന്തായാലും തന്നെ വഞ്ചിച്ചുകൊണ്ട് ഇനിയവളുമവനും ജീവിച്ചിരുന്നുകൂടാ.കൊല്ലണം രണ്ടിനേയും.മന്നസ്സില്‍ ഉറച്ചഒരു തീരുമാനമെടുത്തുകൊണ്ടയാള്‍ തന്റെ ചുറ്റുപാടും ഒരായുധത്തിനായി തിരഞ്ഞു.

വീട്ടിന്റെ പുറകുവശത്ത് തേങ്ങപൊതിയ്ക്കുവാനായി നാട്ടിയിരുന്ന പാര എടുക്കുമ്പോള്‍ രാജീവന്റെ മനസ്സില്‍ പക നീറിയെരിയുകയായിരുന്നു.

ആദ്യത്തെ ചവിട്ടിനുതന്നെ വാതില്‍ തകര്‍ന്നുവീണു.അലറിക്കൊണ്ട് റൂമിലേക്കു പാഞ്ഞുകയറിയ രാജീവന്‍ കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ സുമയുടെ തലയിലേക്ക് തന്റെ കയ്യിലിരുന്ന പാര ആഞ്ഞുവീശി.

തറയില്‍ കിടന്നു പിടയ്ക്കുന്ന ആ ശരീരത്തിലേയ്ക്ക് അവജ്ഞയോടെ നോക്കിയ അയാള്‍ തന്റെ മുഖത്തേയ്ക്കു തെറിച്ച ചോരത്തുള്ളികള്‍ തുടച്ചുകൊണ്ട് മുറിയിലും കട്ടിലിനടിയിലും ബാത്റൂമിനുള്ളിലുമെല്ലാം തന്റെ ഭാര്യയുടെ ജാരനെ തിരഞ്ഞു.

എന്നാല്‍ അതിനകത്ത് അയാള്‍ക്കു മറ്റാരെയും കാണുവാന്‍ കഴിഞ്ഞില്ല.

അവന്‍ രക്ഷപ്പെട്ടുകൂടാ എന്നു പിറുപിറുത്തുകൊണ്ട് രാജീവന്‍ പുറത്തേയ്ക്ക് കുതിച്ചു.

ഒന്നുമൊന്നുമറിയാതെ റ്റീവിയിലപ്പോഴും സീരിയല്‍ തകര്‍ക്കുകയായിരുന്നു.......

Sunday, January 24, 2010

ഗുരുര്‍ ദേവോ ഭവ:

"12 മണിക്കു പുള്ളേര്‍ക്ക് കഞ്ഞി കൊടുക്കാനുള്ളതാ.ഈ നാശം പിടിച്ച തള്ള എവിടെപോയി കിടക്കുന്നു.കൊറച്ച് വെള്ളമെടുത്തുകൊണ്ടുവരാന്‍ പറഞ്ഞിട്ടെത്ര സമയമായി.ഇനി അതിനും ഞാന്‍ തന്നെ പോണമായിരിക്കും".കുറച്ചുറക്കെ പിറുപിറുത്തുകൊണ്ട് രാഘവന്‍ അടുപ്പിലെ തീ അല്‍പ്പം കുറച്ചു.

"ഹൊ വരുന്നുണ്ടല്ലോ തള്ള.നിങ്ങളിതെവിടെപോയി പണ്ടാരമടങ്ങിക്കിടക്കുവായിരുന്നിത്രനേരം.എനിക്കേ രണ്ടു കയ്യേയുള്ളു.12 മണിക്കു മുമ്പേ കഞ്ഞിയും പയറും റെഡിയായില്ലെങ്കില്‍ ആ തള്ള എന്റെ ഉയിരെടുക്കും.ആ വെള്ളം കൊറച്ചീ കഞ്ഞിയിലോട്ടൊഴിച്ചേ".

"നീ ഒന്നു ക്ഷമിക്കെന്റെ രാഘവാ.വെള്ളമെടുത്തുകൊണ്ട് നിന്നപ്പോള്‍ ആപ്പീസിനുമുമ്പില്‍ ഭയങ്കര ഒച്ചേം ബഹളോം.ഞാനതെന്താണെന്നൊന്നു നോക്കാന്‍ പോയി.അതാ താമസിച്ചത്".

"നിങ്ങളെന്തിനാണാവശ്യമില്ലാത്തിടത്തൊക്കെ നോക്കാന്‍ പോണത്.കഞ്ഞി വക്കാന്‍ വന്നവര് ആ പണി ചെയ്താല്‍ പോരെ. അല്ല എന്തായിരുന്നു പ്രശ്നം".

"ഒന്നും പറയണ്ടെടാ. കണ്ണീച്ചോരയില്ലാത്ത പരിപാടിയായിപ്പോയി.നമ്മുടെ പഞ്ചായത്താപ്പീസില്‍ പണിയെടുക്കണ സുകുമാരന്‍ സാറിനെ നിനക്കറിയില്ലേ.അയാളുടെ മോള് ഇന്നു കോം വര്‍ക്കോ മറ്റൊ ചെയ്തുകൊണ്ട് വന്നില്ലെന്നും പറഞ്ഞ് ആ താടക സുനന്ദ ടീച്ചര്‍ ആ കൊച്ചിനെ പിടിച്ചു പൊരിവെയിലത്തു നിര്‍ത്തി.കൊച്ച് കൊച്ചല്ലിയ്യൊ അത് കൊറച്ചുനേരം വെയിലുകൊണ്ടപ്പോ തലകറങ്ങിതാഴെവീണു. ടീച്ചറാണുപോലും ടീച്ചര്‍.ത്ഫൂ...എന്റെ കൊച്ചിനോടെങാനുമാണിങ്ങനെ ചെയ്തതെങ്കി അവടെ മോന്തക്കു ഞാന്‍ തെളച്ചവെള്ളം ഒഴിച്ചുകൊടുത്തേനെ."

"നിങ്ങളൊന്നടങ് തള്ളേ. അവരൊക്കെ വലിയ പഠിപ്പും വെവരവുമൊള്ള ആള്‍ക്കാരാ.നമ്മളാവശ്യമില്ലാത്ത കാര്യത്തില്‍ വല്ലതും പറഞ്ഞ് എന്തിനാ ഒള്ള കഞ്ഞികുടി മുട്ടിക്കുന്നത്.നമ്മളൊന്നും കാണുന്നില്ല കേള്‍ക്കുന്നില്ല. അത്ര തന്നെ.ആ പയറിനു ഉപ്പ് മതിയോയെന്നൊന്ന്‍ നോക്കിയേ".

അയാള്‍ അടുപ്പിലെ തീ വീണ്ടും കുറച്ചുകൊണ്ട് ഒരു ബീഡിയെടുത്തു കത്തിച്ചു.മച്ചിലേക്കു നോക്കി പുകയൂതിവിട്ടപ്പോല്‍ അതില്‍ പൊരിവെയിലത്തു വിയര്‍ത്തുകുളിച്ച് തളര്‍ന്നു നില്‍ക്കുന്ന ഒരു എട്ടുവയസ്സുകാരിയുടെ ദയനീയമുഖം തെളിഞ്ഞുവരുന്നതായി അയാള്‍ക്കു തോന്നി. ആ നോട്ടം നേരിടാനാവാത്തതുപോലെ അയാള്‍ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.



പിന്‍ കുറിപ്പ്: മാലാഖമാരെപ്പോലുള്ള എല്ലാ ടീച്ചര്‍‍മാരും എന്നോടു ക്ഷമിക്കുക.ഇതു വെറുമൊരു കഥയാണ്. ആരോടെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അതെന്റെ കുറ്റമല്ല.

Saturday, January 23, 2010

"ഒരു കന്യകയുടെ നീരാട്ട്"

താന്‍ പതിവായി വന്നിരിക്കുന്ന പുഴയിറമ്പിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലെ ഇരിപ്പിടത്തിലിരുന്നുകൊണ്ട് അയാള്‍ ഒരു ബീഡി കൂടി കത്തിച്ചു.

അയാള്‍ അല്‍പ്പസമയം കണ്ണുകളടച്ചുകൊണ്ട് മെല്ലെ നീണ്ടുനിവര്‍ന്ന്‍ പാറപ്പുറത്തുകിടന്നു.

ബീഡിയുടെ പുക വളയങ്ങളായി അന്തരീക്ഷത്തിലേക്കു പറന്നുകൊണ്ടിരുന്നു.

മുന്‍പിലിരിക്കുന്ന കടലാസുകളിലേക്കയാള്‍ അവജ്ഞയോടെ നോക്കിക്കൊണ്ടിരുന്നു. നിരവധി വാരികകളും ആഴ്ചപതിപ്പുകളും അവിടെ ചിതറിക്കിടന്നിരുന്നു. പുതിയ ഒരു കഥ

എഴുതുവാനായി അതിലുള്ള ഒന്നും അയാളെ പ്രചോദിപ്പിച്ചില്ല. എന്തെഴുതാനാണ്.ആശയങ്ങളത്രയും വറ്റിപ്പോയിരിക്കുകയല്ലേ.

പിന്നെ മുഷിഞ്ഞ തോല്‍സഞ്ചിയില്‍ നിന്നും ഒരു ചെറിയകുപ്പി ചാരായം പുറത്തെടുത്ത് അതേപോലെ വായിലേക്കു കമിഴ്ത്തി.

വാച്ചിലേക്കു നോക്കിയ അയാള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് രണ്ടുമൂന്നു ചുവടു നടന്നു.

താഴെ കുളിക്കടവിലേക്കുറ്റുനോക്കിയിരുന്ന അയളുടെ കണ്ണുകള്‍ പെട്ടന്നു തിളക്കമാര്‍ന്നു.

അവിടെ തന്റെ വസ്ത്രങ്ങളഴിച്ചുമാറ്റി ഒരു തോര്‍ത്തുടുത്തുകൊണ്ട് മെല്ലെ വെള്ളത്തില്‍ മുങ്ങി നിവരുന്ന കൊച്ചുപെണ്‍കൊടിയെ കൊതിയൂറുന്ന കണ്‍കളാല്‍ നോക്കിക്കൊണ്ടയാള്‍

കടലാസില്‍ തന്റെ പുതിയ കഥയുടെ പേരെഴുതി.

"ഒരു കന്യകയുടെ നീരാട്ട്"

Wednesday, January 20, 2010

മാന്യനായ മനോഹരന്‍

"എന്താ ചേട്ടാ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്"

"ഹൊ ഒന്നുമില്ല. നീ ഓരോദിവസം കഴിയുന്തോറും കേറിയങ് കൊഴുക്കുവാണല്ലോടീ"...

"കണ്ണുപെടാതെ ചേട്ടാ. പിന്നെ എനിക്കു ഒരു മാല വാങ്ങിത്തരാമെന്നു പറഞ്ഞിട്ട് കൊറേദെവസമായല്ലോ".

"മേടിച്ചുതരാമെടി.നീ ഒന്നു സമാധാനപ്പെട്. മുമ്പത്തെപ്പോലെ കാശൊന്നും കയ്യില്‍ തടയുന്നില്ല. മാത്രമല്ല രമണിക്കു എന്തെല്ലാമോ സംശയമുണ്ടെന്നെക്കുറിച്ചു.അതുകൊണ്ട് നീ കുറച്ചുദിവസത്തേക്കു ക്ഷമിക്ക്."

"അപ്പറത്തെ സുമ എന്നോടു ചോദിക്കുവാ നിന്റെ വീട്ടിലെന്താടീ മെനഞ്ഞാന്നു രാത്രി ഒരൊച്ചയും അനക്കവുമൊക്കെ കേട്ടതെന്നു.രാത്രി നിങ്ങള്‍ മൊന്ത തട്ടിമറിച്ചിട്ടില്ലേ.അതാ.എന്നിട്ടവള്‍ടയൊരു വല്ലാത്ത അര്ത്ഥം വച്ചനോട്ടവും ഒരു കള്ളച്ചിരിയും.ഞാന്‍ ഒരാട്ടുവച്ചുകൊടുത്തു".

"എനിക്ക് ഈ നാട്ടില്‍ ഒരു നെലയും വിലയുമുണ്ട്. നീ കൂടുതല്‍ സംസാരത്തിനൊന്നും നിക്കണ്ട.വല്ലപ്പോഴും എനിക്കൊന്ന്‍ വരാനുള്ളതാ.
നീ വന്നേ നമുക്കു കിടക്കാം. സമയമില്ലടീ.പോയിട്ട് പലകാര്യങ്ങളുമുണ്ട്."

"വെട്ടമണയ്ക്കട്ടെ"

"നിന്റെ ഒരു വെട്ടം"

ഹാ…ങ്ഹും.. എന്റെ പൊന്നേ.. ങ്ഹൂം..ങ്ഹാ.

"നാശം പിടിക്കാനായി അവന്റെ അമ്മേടെ ഒരു മൊബൈലടിക്കാന്‍ കണ്ട സമയം."

"ഹലോ മനോഹരേട്ടാ"

"ഞാന്‍ കേള്‍‍ക്കുന്നുണ്ട്.നീ പറഞ്ഞു തുലയ്ക്ക്.

ങ്ഹേ.. സത്യമാണോ നീ ഈ പറയുന്നത്.ഞാനിതാ ഒരു അരമണിക്കൂറിനുള്ളില്‍ എത്തും.ആവശ്യത്തിനു ആള്‍ക്കാരെ കൂട്ടാന്‍ പറഞ്ഞോ.ഒരു കാരണവശാലും രക്ഷപ്പെടരുത്."

"എന്താ ചേട്ടാ, ആരാ വിളിച്ചത്.ഇതെന്താ പോകുവാണോ കൊറച്ചുകഴിഞ്ഞ് പോയാപ്പോരെ.ഒരു രസം വന്നപ്പം"

"നമ്മുടെ അടുത്തെവിടെയോ ആരോ ചെറ്റപൊക്കാന്‍ വന്നതു നമ്മടെ പുള്ളേര് കണ്ടുപിടിച്ചിട്ടുണ്ട്.ശിവന്‍ ഡൗണിലാണ്.ആരോ അവനെ വിളിച്ചറിയിച്ചു.അതവന്‍ എന്നെ അറിയിച്ചതാണു. എത്ര നാളായി ഇതേപോലൊരു ചാന്സുടണ്ടായിട്ട്.ആളെ പരമാവധി കൂട്ടുവാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്".

"ഹോ നിങ്ങളെ സമ്മതിക്കണം. മാന്യന്‍......."

"എടീ കഴുതെ നിനക്കെന്തറിയാം.ഇതെല്ലാം രാഷ്ട്രീയ അടവുനയങ്ങളാണ്.അല്ല നിന്നോടു പറഞ്ഞിട്ട് കാര്യമില്ല.അല്ലെടി പുറത്തെന്താ ഒരു ഒച്ചകേള്‍‍ക്കുന്നത്.ആരെങ്കിലും റോഡേ പോകുവാണെങ്കില്‍ ഞാനെങ്ങനെ പൊറത്തുകടക്കും.നീയൊന്നു നോക്കിയേ".

"എന്റെ ചേട്ടാ ചതിച്ചു.നമ്മുടെ വീടു വളഞ്ഞിരിക്കുകയാ.കൊറേപേരുണ്ട്."

"ചതിച്ചോ എന്റെ ദൈവമേ.മുണ്ടെവിടെടീ..ശവമേ..

"ഹലോ.. എടാ ശിവാ.ആകെ കൊഴപ്പമായെടാ..ഞാന്‍ പെട്ടിരിക്കുവാ..ഞാന്‍ അറേഞ്ച് ചെയ്തത് എനിക്കു തന്നെ വാളായിപ്പോയെടാ.. എത്രയും പെട്ടന്ന്‍ എന്തെങ്കിലും ചെയ്യ്. അല്ലെങ്കില്‍ എന്റെ രാഷ്ട്രീയ ഭാവി..............................."

Sunday, January 17, 2010

വാസുക്കുട്ടന്‍ എന്ന പുരുഷോത്തമന്‍

"ഏതു കഴ്വര്‍ട മോനാടാ കട തുറന്നു വച്ചിരിക്കുന്നത്."

ബസ്സില്‍ നിന്നും ഇറങ്ങിയപാടേ അഴിഞ്ഞമുണ്ട് കൈയ്യില്‍പിടിച്ചു കൊണ്ട് ഒരലര്‍ച്ചയായിരുന്നു വാസുക്കുട്ടന്‍.
സ്ഥലത്തെ പ്രധാനകുടിയനും ഒരു ചെറിയ ഗുണ്ടയുമാണ് വാസുക്കുട്ടന്‍.വയസ്സു 45 ആയി.അഞ്ചരയടിപൊക്കം, കൊമ്പന്‍ മീശ,സദാ ചുവന്നുകലങ്ങിക്കിടക്കുന്ന കണ്ണുകള്‍,നെറ്റിയില്‍ ആഴത്തിലുള്ള ഒരു മുറിവിന്റെ പാട്,ശരീരം മാത്രം പെന്‍സില്‍ കനത്തിലും.അതാണു വാസു.നെറ്റിയിലെ പാട് പണ്ടൊരു ഗുണ്ടയുമായി ഏറ്റുമുട്ടിയപ്പോള്‍ പറ്റിയതാണെന്നാനു വാസുവണ്ണന്‍ ഇടക്കിടെ പറയുമെങ്കിലും ശാന്തേടത്തി തവികൊണ്ട് വീക്കിയപ്പോള്‍ സംഭവിച്ചതാണാ മുറിവെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ട്.ആരും തന്നെ ഒന്നും ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നു വാസുവിനു നന്നായറിയാം.കാരണം ഒറ്റ അടിക്കു തന്നെ ചിലപ്പോള്‍ ജീവന്‍ പോകും.കൊലപാതകത്തിനു സമാധാനം പറയണ്ടേ.അതുകൊണ്ട് തന്നെ ആരൊടും കേറി മുട്ടുന്നതില്‍ ആശാനു ഒരു മടിയുമില്ല. നാട്ടിലുള്ള മുഴുവന്‍ ആളുകളും തന്നെ അനുസരിച്ചുകൊള്ളണമെന്നതാണു വാസുവിന്റെ കല്‍പ്പന.വാസുവിനു ഭൂമിമലയാളത്തില്‍ ഭയമുള്ളതു സ്വന്തം കെട്ടിയവളെ മാത്രമാണു. ശാന്തേടത്തി ഒന്നു തറപ്പിച്ചുനോക്കിയാല്‍ വാസു ഒരു എലിയായി മാരും.

മിക്ക ദിവസവും അല്‍പ്പം നാടനടിച്ചിട്ട് വാസു ജംഗ്ഷനില്‍ എല്ലാപേരെയും ഒന്നു ഭരിക്കാറുണ്ട്.പ്രധാനമായും ചായക്കട നടത്തുന്ന അമ്മിണിയേടത്തിയേയും ബാര്‍ബര്‍ സുശീലനെയും ശരിക്കു ചീത്ത വിളിക്കും.കടത്തിനു ചായ തരാന്‍ ഇനി പറ്റത്തില്ലെന്നു അമ്മിണിയേടത്തി തറപ്പിച്ചുപറഞ്ഞതോടെയാണു അവര്‍ വാസുവിന്റെ ഹിറ്റ്ലിസ്റ്റില്‍ പെട്ടത്.ഒരിക്കല്‍ ഷേവുചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊമ്പന്മീശയുടെ അറ്റം പോയെന്നും പറഞ്ഞ് സുശീലന്റെ സാധനങ്ങളെല്ലാം വാസു തവിടുപൊടിയാക്കി. അന്നു രാത്രി ഇരുട്ടത്ത് ആരോ വാസുവിന്റെ ഒരു കൈ അടിച്ചൊടിച്ചു.അതു ചെയ്യിപ്പിച്ചത് സുശീലനാണെന്നു തറപ്പിച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് വാസു സുശീലനെ വെറുതെ വിടാത്തത്.ഭരണം അസഹനീയമാവുമ്പോള്‍ ആരെങ്കിലും ശാന്തേടത്തിയെ വിവരമറിയിക്കും. ചേടത്തിയുടെ നിഴല്‍ ദൂരെ കാണുമ്പോഴെ വാസുവണ്ണന്‍ മറുവഴിയിലൂടെ അപ്രത്യക്ഷനായിരിക്കും.

നാട്ടിലെ അടയ്ക്ക,കപ്പ,കുരുമുളകു,മാങ്ങ ചക്ക എന്നുവേണ്ട എന്തു സാധനവും വാങ്ങി വാസു മറുകച്ചവടം ചെയ്തിരിക്കും. ഇപ്പോള്‍ ചന്തയില്‍ നിന്നുള്ള മടങ്ങിവരവാണു രംഗം.

തറയില്‍ കാലുറപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും വാസുവിന്റെ കുടിയന്‍ സതീര്‍ഥ്യന്‍ കേശു സ്നേഹത്തോടെ വാസുവിനോടു പറഞ്ഞു.

"അണ്ണന്‍ വന്നേ നമുക്കു വീട്ടീപ്പോവാം".

"ത്ഫൂ പട്ടിക്കഴുവെറി ആരാടാ നിന്റെ അണ്ണന്‍."

ആ ചോദ്യത്തിനു മറുപടി നല്‍കാന്‍ നില്‍ക്കാതെ കേശു ഭൂമിയില്‍ സ്ഥാനം പിടിച്ചുറക്കമാരംഭിച്ചുകഴിഞ്ഞിരുന്നു.

കീരിക്കാ​ടന്‍ ജോസ് നോക്കുന്നതുപോലെ എല്ലാപേരെയും ഒന്നു നോക്കിക്കൊണ്ട് വാസു ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചിട്ട് അമ്മിണിയേടത്തിയോടു പറഞ്ഞു.

"എടീ അമ്മിണി ഒന്നു തീപ്പെട്ടി തന്നേ പിന്നെ വാട്ടവെള്ളം ചേര്‍ക്കാത്ത ഒരു ചായയും"

"ദേ എന്റെ തനിക്കൊണം താനറിയും.പറഞ്ഞേക്കാം.നിനക്കിവിടെ ചായയുമില്ല ഒരു കോപ്പുമില്ല."

"ഇല്ലെങ്കി വേണ്ട നിന്നെ പിന്നെ ഞാന്‍ എടുത്തോളാം".

"താന്‍ കൊറെ ഒലത്തും.കൊറെ ചാരായോം കുടിച്ചേച്ചുവന്ന്‍ ഭരിക്കുന്നു. ദേ എല്ലാവരോടും കാട്ടണതുപോലെ എന്റടുത്തു വന്നാല്‍ തെളച്ചവെള്ളം ഞാന്‍ മോന്തയ്ക്കൊഴിച്ചുതരും."

ഒരു മൊന്ത ചൂടുവെള്ളവുമായി അമ്മിണി പുറത്തേയ്ക്കിറങ്ങി.

നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.

ആ സമയത്താണു മിന്നല്‍ കുട്ടന്‍പിള്ളയും നാലഞ്ചുപോലീസുകാരും അതുവഴി വന്നതു. പോലീസ് ജീപ്പ് വരുന്നതുകണ്ടിട്ട് വാസു മാറിയതൊന്നുമില്ല.എത്ര ജീപ്പ് കണ്ടിരിക്കുന്നു.

ജീപ്പുനിര്‍ത്തിപുറത്തിറങ്ങിയ കുട്ടന്‍പിള്ള ചോദ്യമൊന്നും ചോദിച്ചില്ല. ആദ്യ പൊട്ടിപ്പിനുതന്നെ വാസു ഭൂതലസ്ഥനായിരുന്നു. രണ്ട് പോലീസുകാര്‍ വാസുവിനെ മനോഹരമായി ചുമന്നെടുത്ത് ജീപ്പില്‍ വച്ചു.പിന്നെ മെല്ലെ പ്രയാണമാരംഭിച്ചു.

വല്യമ്മയുടെ വീട്ടില്‍ പോയിരുന്ന ശാന്ത തിരിച്ചുവന്ന‍പ്പോഴാണു വാസുവിനെ പോലീസുകൊണ്ടുപോയ വാര്‍ത്തയറിയുന്നത്.അപ്പോള് തന്നെ ‍ചേടത്തിയും അയല്‍വാസിയായ കുമാരനും കൂടി പോലീസ് സ്റ്റേഷനിലേക്കു തിരിച്ചു.

"സാര്‍ ആ വാസുവിനെ കൊണ്ടുപോകാന്‍ വന്നതാണു.ഇച്ചിരി കള്ളുകുടിക്കുമെന്നേയുള്ളു.ആള് പാവമാണ് കേസൊന്നുമാക്കരുത് . ഇനി ഒരു കുഴപ്പമൊന്നുമുണ്ടാക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം." വളരെ ഭവ്യതയോടുകൂടി കുമാരേട്ടന്‍ കുട്ടന്‍പിള്ളയോടു പറഞ്ഞു.

"ഹൊ ഞാനും കാത്തിരിക്കുകയായിരുന്നു.ആരെങ്കിലും ഒന്നു വരാന്‍ വേണ്ടി. വാസുവിനെ കൊണ്ടുപൊയ്ക്കോ.പോകുന്നതിനുമുമ്പ് ആ ജീപ്പും ലോക്കപ്പും നല്ലോണം കഴുകിവൃത്തിയാക്കിയശേഷം പൊയ്ക്കോ.ജീപ്പിലു ശര്‍ദ്ദിച്ചതുപോരാഞ്ഞു ലോക്കപ്പില്‍ കാര്യം സാധിക്കുകയും ചെയ്തു തെണ്ടി."

ഭൂലോകവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ കിടന്നുറങുന്ന വാസുവിന് ഒരു തട്ട്കൊടുത്തുകൊണ്ട്, കണ്ണുമിഴിച്ച് തന്നെ നോക്കിനില്‍ക്കുന്ന കുമാരനോടായി കുട്ടന്‍പിള്ള ഇങ്ങനെകൂടി പറഞ്ഞു.

" പെട്ടന്നാവണം.എസ്.ഐ ഇപ്പം വരും.ആ ഫ്രണ്ടിലുള്ള കടയില്‍ ഡെറ്റോളും ചൂലും കാണും. ങാ..വരുമ്പോള്‍ ഒരു പായ്ക്കറ്റ് വില്‍സുകൂടിമേടിച്ചോ.ഒരു മുറുക്കാനും"


വാല്‍ക്കഷ്ണം: ഇക്കഥയില്‍ ഭാവന കുറച്ചേയുള്ളു. പേരുകള്‍ ഒറിജിനല്‍ അല്ല.യഥാര്‍ത്ഥപേരുകള്‍ നല്‍കി അതാരെങ്കിലും അറിഞ്ഞു എന്തിനാ പണി മേടിക്കുന്നത്..

Thursday, January 14, 2010

ഒരു കല്യാണത്തിന്റെ ഓര്‍മ്മയ്ക്ക്

കോളേജ് ജീവിതം. അതെത്ര മനോഹരമായ ഒരു കാലഘട്ടമാണ്. ഓര്‍മ്മയില്‍ മയില്‍പ്പീലിപോലെ സൂക്ഷിച്ചുവയ്ക്കാനായി നിറമേഴുന്ന എത്രയെത്ര മധുരസംഭവങ്ങള്‍. ചിലവ അത്യന്തം രസകരമായിട്ടുള്ളതാണെങ്കില്‍ മറ്റു ചിലത് ഓര്‍ക്കുവാന്‍ പോലും ഇഷ്ടപ്പെടാത്തതായിരിക്കും.

ഞാന്‍ പഠിച്ചത് ചരിത്രമുറങ്ങുന്ന ശിവഗിരിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണ കോളേജിലായിരുന്നു.1993-95 കാലഘട്ടം. ആദ്യമായി കാമ്പസ്സിനകത്തു കാലുകുത്തിയപ്പോള്‍ സത്യത്തില്‍ മനസ്സുനിറയെ ഭയമായിരുന്നു. ഒരു പുതിയ ലോകം പുതിയ കൂട്ടുകാര്‍ .എന്തായിരിക്കും നടക്കുക.കാമ്പസ്സിനുള്ളിലാവട്ടെ എവിടെനോക്കിയാലും നാനാവര്‍ണ്ണങ്ങള്‍ വാരിവിതറിയതുപോലെ സുന്ദരികളും സുന്ദരമ്മാരും മാത്രം. പൂത്തുലഞ്ഞുനില്‍ക്കുന്ന കൊന്നമരച്ചുവട്ടില്‍ മനസ്സുപങ്കുവയ്ക്കുന്ന ഒന്നു രണ്ട് കമിതാക്കളെ കൊതിയോടെയാണു നോക്കിയത്. ആണും പെണ്ണും ഒറ്റക്കും കൂട്ടമായും കലപിലാ വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്നത് അത്ഭുതത്തോടെയാണു ഞാന്‍ നോക്കിക്കണ്ടത്. സ്കൂളില്‍ പെണ്‍കുട്ടികളോട് ഒന്നു മിണ്ടിപ്പോയാല്‍, ഒന്നു നോക്കിപ്പോയാല്‍ ഹൊ ചിന്തിക്കുവാന്‍ പോലും മേല.ഇവിടെ ഇത്രക്കു സ്വാതന്ത്ര്യമോ.

ആദ്യദിനം ക്ലാസ്സൊന്നുമില്ലായിരുന്നു.വെറും പരിചയപ്പെടല്‍ മാത്രം. പ്രൊഫസ്സര്‍ അറ്റെന്‍ഡന്‍സ് എടുത്തുകഴിഞ്ഞയുടന്‍ സീനിയര്‍ ചേട്ടമ്മാര്‍ എത്തി. എല്ലാപേരെയും വളരെ വിശദമായി പരിചയപ്പെട്ടു.എത്ര മനോഹരമായ ഒരു ദിവസം.

ഇനി കോളേജിലേക്കേയില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ടാണ് വീട്ടിലേക്കു മടങിയതു. അന്നു പനിയും പിടിച്ചു. പിന്നെ പതിയെ പതിയെ ഞാനും ആ മാസ്മരലോകത്തേക്കു,ആ ബഹളങ്ങളിലേക്കു അറിയാതെ പെട്ടുപോവുകയായിരുന്നു.ഇത്രയും നാളും യാതൊരുവിധ സ്വതന്ത്ര്യവുമില്ലാതെ മാഷിന്റെ കയ്യിലിരിക്കുന്ന ചൂരലിനെ പേടിയോടുകൂടി നോക്കിക്കൊണ്ട് വിരണ്ടുകഴിഞ്ഞിരുന്ന ഒരു പതിനാറുകാരന്‍ പെട്ടന്ന്‍ സര്‍വ്വസ്വാതന്ത്രങ്ങളുടെയും മധ്യത്തിലേക്ക് വീണപ്പോള്‍ ആകെ ഒരമ്പരപ്പായിരുന്നു. പിന്നെ ഞാനും അതാസ്വദിക്കുവാന്‍ തുടങി.

കോളേജിലെ എന്റെ അടുത്ത കൂട്ടുകാര്‍ ബിജു,സെന്തില്‍, കണ്ണന്‍,രാജേഷ് തുടങിയവരായിരുന്നു. ചുരുക്കം ചില പെണ്‍സുഹൃത്തുക്കളുമുണ്ടായിരുന്നു.മിക്ക ദിവസവും സമരമായിരുന്നതിനാല്‍ കറങിനടക്കുന്നതിനോ സിനിമക്കു പോകുന്നതിനോ ഒരു തടസ്സവുമില്ലായിരുന്നു.

കോളേജില്‍ നിന്നും അല്‍പ്പം മാറിയാണ് പ്രസിദ്ധമായ ശിവഗിരിമഠം. ആഴ്ചയില്‍ ഒരു നാലു കല്യാണമെങ്കിലും നടക്കുന്നിടം.പലപ്പോഴും ഞങ്ങള്‍ ആ കല്യാണങ്ങളില്‍ പങ്കുകൊണ്ടിട്ടുണ്ട്.എല്ലാപേരും നമ്മുടെ സഹോദരീസഹോദരമ്മാരാണല്ലോ.ഒരു നൂറുപേര്‍ക്കെങ്കിലുമുള്ള സദ്യ അധികമായിട്ടുണ്ടാക്കിയിട്ടുണ്ടാവും. അവര്‍ക്കറിയാം നിരവധി ക്ഷണിക്കപ്പെടാത്ത സഹോദരമ്മാര്‍ അറ്റന്‍ഡ് ചെയ്യാനുണ്ടാവുമെന്ന്‍.

ഒരു ദിവസം പതിവുപോലെ ഞങ്ങള്‍ ഒരു സഹോദരിയുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയായിരുന്നു. നല്ല ഗംഭീരന്‍ സദ്യ. പതിവുപൊലെ ആദ്യ പന്തിയില്‍ തന്നെ നമ്മല്‍ ഇടം പിടിച്ചു.വളരെ വിശാലമായിട്ടങ്ങനെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്തിരുന്ന ഒരണ്ണന്‍ വളരെ പതിയെ ഇങ്ങനെ ചോദിച്ചു.

"നിങ്ങള്‍ക്ക് ഡെയ്ലി ഇങ്ങനെവന്നു വിളിക്കാത്ത കല്യാണമുണ്ണുവാന്‍ നാണമാവില്ലേ"

വായിലേക്കുകൊണ്ടുപോയ ചോറുരുള അതേപോലെ ഇലയിലേക്കു വീണുപോയി. അതീവദയനീയമായി അയാളെ നോക്കിയ ഞങ്ങളോടായി അയാള്‍ പറഞ്ഞു.

"ഇതില്‍ നാണിക്കാനൊന്നുമില്ല. ഞാനും സ്ഥിരം വരുന്നയാളാ.എന്നും നിങ്ങളെ കാണാറുണ്ട്.അതുകൊണ്ട് വെറുതേ ചോദിച്ചതാ."




പിന്നെ അതുപോലെ എത്രയെത്ര അനുഭവങ്ങള്‍..........

Tuesday, January 12, 2010

ഒരു കള്ളന്റെ കുമ്പസ്സാര ലെറ്റെര്‍

എന്റെ പ്രീയപ്പെട്ട കൂനാമ്പാറക്കാരെ,

ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും സത്യമാണ്. നിങ്ങള്‍ക്കെല്ലാപേര്‍ക്കുമറിയാമല്ലോ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ കഴിഞ്ഞ ഒന്നു രണ്ടു മാസമായി മോഷണം വല്ലാതെ കൂടിയ കാര്യം. കള്ളമ്മാരെ പിടിക്കുവാനായി നമ്മളെത്ര ശ്രമിച്ചതാ. പലരാത്രിയിലും കാവല്‍ നിന്നു. എന്നിട്ടോ. ഇന്നു കാവല്‍ നിക്കുമെങ്കില്‍ നാളെ കള്ളന്‍ വരും. നാളെ നിയ്ക്കുമെങ്കില്‍ നാലുദിവസം കഴിഞ്ഞിട്ട്.നമ്മുടെ വടക്കേലെ ശാന്തചേച്ചിയുടെ വീട്ടില്‍ നിന്നും ലക്ഷണമൊത്ത മൂന്നു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ടാണ് തുടങിയത്.പിന്നെ രാഘവേട്ടന്റെ ആട്ടിങ്കുട്ടി, പ്രഭാകര‍ന്‍ മാമന്റെ വാഴപ്പണയിലെ പാകമായ അടയ്ക്കയും ആറേഴ് നേന്ത്രക്കുലകളും, താഴെത്തൊടിയിലെ ശങ്കരന്‍ നായരുടെ പറമ്പിലുണ്ടായിരുന്ന കപ്പ, സരോജിനിയമ്മയുടെ വീട്ടിലെ ചായ്പില്‍ നിന്നും പത്ത്മുപ്പത് തേങ്ങയും ഒരു ഓട്ടുരുളിയും,ചായക്കടക്കാരന്‍ ബാലേണ്ണന്റെ കടയില്‍ നിന്നും പലപ്പോഴായി വാഴക്കുലകളും പൊരിയുണ്ടയും സിസ്സര്‍ഫില്‍ട്ടര്‍ സിഗററ്റും. ഹൊ അങ്ങനെ എത്രയെത്ര മോഷണങ്ങള്‍..കള്ളന്റെ പൊടിപോലും കിട്ടിയില്ല. അല്ല എങ്ങനെ കിട്ടാന്‍.. കഴിഞ്ഞയാഴ്ച നാട്ടുകാരെല്ലാപേരും പൊതുയോഗം കൂടി രണ്ട് ഗൂര്‍ഖകളെ വയ്ക്കുവാന്‍ തീരുമാനിച്ചല്ലോ.ഒരെണ്ണമായിരുന്നെങ്കില്‍ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. രണ്ടുപേരെ വലിയ പാടാ. അതുകൊണ്ട് അപ്പോഴേ ഞാന്‍ ഒരു തീരുമാനമെടുത്തു. സത്യം നിങ്ങളെയറിയിക്കുക.

അതേ പ്രീയപ്പെട്ടവരെ നിങ്ങള്‍ പിടികൂടുവാനായി കണ്ണിലെണ്ണയൊഴിച്ചുകാത്തിരുന്ന ആ കള്ളന്‍ ഞാനായിരുന്നു.

ഞെട്ടിയല്ലേ.. എനിക്കറിയാം ഞെട്ടുമെന്ന്‍.

"എടാ കള്ളപൂ...#..#/..​മോനേ, നമ്മളെകൂടെ നിന്ന്‍ നമ്മുടെ ......ല്‍ തന്നെ വച്ചുതന്നല്ലെ" എന്നെല്ലാമുള്ള ഭൂലോക തെറികള്‍

എന്നെ വിളിക്കുന്നത് ഞാന്‍ ഇപ്പൊഴേ കേള്‍‍ക്കുന്നു.ഇത്രയും നാളും നിങ്ങളോടൊപ്പം നിന്ന്‍ കള്ളനെ പിടിക്കുവാന്‍ ശ്രമിച്ച എന്നെ തിരിച്ചറിയുവാന്‍ കഴിയാതിരുന്ന നിന്നെയൊക്കെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.മണ്ടന്‍ കൊണാപ്പമ്മാര്‍. ഇനി ഗൂര്‍ഖകളെ വയ്ക്കാത്ത കുറവേയുള്ളു. ആ പൈസക്കു വല്ല റമ്മും വേടിച്ചുകുടിച്ച് സമാധാനമായിട്ട് പോയിക്കിടന്നുറങാന്‍ നോക്കിനെടാ കഴുതകളേ. ഞാന്‍ എന്തായാലും ഇവിടം വിട്ടു ഗൂര്‍ഖകളില്ലാത്ത ഏതെങ്കിലും ഒരു നാട്ടിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി നാടുവിട്ട് പോകുവാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടെടെ.

ഈ കത്ത് എല്ലാപേരും കാണുന്നതിനും വായിക്കുന്നതിനുമായി ബാലേണ്ണന്റെ കടയിലൊട്ടിക്കുന്നു. ബാലേണ്ണാ പോട്ടേ..സിഗററ്റില്ലാത്തതുകൊണ്ട് ഒരുകെട്ട് ബീഡിയെടുക്കുന്നു.തീപ്പെട്ടി എന്റെ കയ്യിലുണ്ട്.നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ് പോകുന്നതില്‍ അതിയായ വിഷമമുണ്ട്. എന്നാലും പോയല്ലേ പറ്റൂ.....

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.

നിറഞ്ഞകണ്ണുകളോടെ

സ്നേഹപൂര്‍വ്വം

നിങ്ങളുടെ വിശ്വസ്തനായ

...........

ഒപ്പ്.

11-01-2010

Sunday, January 10, 2010

തിരിച്ചറിയപ്പെടാതെ പോയ ഒരു പ്രണയം

ആദ്യമായി അവളെന്നെ നോക്കി അതി സുന്ദരമായി പുഞ്ചിരിച്ചപ്പോള്‍ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നത് ഞാനറിഞ്ഞു.

ദിവസങ്ങള്‍ കഴിയുന്തോറും എന്നിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം എനിക്കു തന്നെ അത്ഭുതമുളവാക്കുന്നതായിരുന്നു.

പ്രണയത്തിന്റെ മാസ്മരികത എന്നെയും പിടികൂടിയിരിക്കുന്നതായി ഞാനറിയുകയായിരുന്നു.

ഒരു വെളുത്ത മാലാഖയെപ്പോലെ മനോഹരമായി അണിഞ്ഞൊരുങിവരുന്ന അവളെ കാണുവാന്‍ ആ പാല്‍പുഞ്ചിരി കിട്ടുവാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.

എന്നോടവള്‍ മധുരമായി സംസാരിക്കുമ്പോള്‍ അസൂയനിറഞ്ഞ കണ്ണുകള്‍ കഴുകമ്മാരെപ്പോലെ എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

എനിക്കായി മാത്രം ഈശ്വരന്‍ സൃഷ്ടിച്ചതാണവളെയെന്നോര്‍ത്ത് ഞാന്‍ ഓരോ ദിനവുമഹങ്കരിച്ചു.

എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന തലയിണയോടും, അവളണിയുന്ന ഉടയാടകളോടും,അവളെ തഴുകുന്ന കാറ്റിനോടും, അവളെ നോക്കുന്ന കണ്ണുകളൊടും എല്ലാം

എനിക്കസൂയയായിരുന്നു.

ഒരാളെ ഇത്രത്തോളം എനിക്കു സ്നേഹിക്കുവാന്‍ കഴിയുമെന്ന്‍ ഞാന്‍ തന്നെ വിശ്വസിച്ചിരുന്നില്ല.

ഞാനവള്‍ക്ക് എന്റെയുള്ളിലെ സ്നേഹവും പ്രണയവുമെല്ലാം വാരിക്കോരി നല്‍കി.

വര്‍ഷാവസാനം.....

"നന്നായി പഠിച്ച് ജീവിതത്തില്‍ വളരെയേറെ ഉയരങ്ങളിലെത്തണം. എല്ലാ ആശംസകളും. സ്നേഹപൂര്‍വ്വം സ്വന്തം സഹോദരി"

എന്നവള്‍ സ്വന്തം കൈപ്പടയില്‍ എന്റെ ഓട്ടോഗ്രാഫിലെഴുതിയതു വായിക്കുമ്പോള്‍ എന്റെ ഹൃദയം മുറിഞ്ഞ് ചോര വരുകയായിരുന്നു.

ഹാ കഷ്ടം..

ഈ ലോകത്തുള്ള സകലമാനപേരുമറിഞ്ഞിട്ടും അവള്‍ മാത്രമെന്റെ പ്രണയം തിരിച്ചറിഞ്ഞില്ലല്ലോ..........