Wednesday, December 29, 2010

പഴുത്തിലകള്‍

"മക്കളേ എന്തേലും തരണേ.വല്ലോം കഴിച്ചിട്ട് രണ്ടു ദെവസായി"

റോഡരികിലെ കലുങ്കില്‍ കൊച്ചുവര്‍ത്തമാനവും പറഞ്ഞ് രസിച്ചിരുന്ന ചെറുപ്പക്കാര്‍ ആ ശബ്ദം കേട്ട് തല തിരിച്ചു നോക്കി.തങ്ങളുടെ മുഖത്തേയ്ക്കു പ്രതീക്ഷാനിര്‍ഭരമായ നോട്ടവും പായിച്ചുകൊണ്ട് കൈനീട്ടി നില്‍ക്കുന്ന കീറിപ്പറിഞ്ഞുമുഷിഞ്ഞു നാറിയ ഒരു കുപ്പായം ധരിച്ച ആ വൃദ്ധനെ അവര്‍ അവജ്ഞയോടെ നോക്കി.തോളിലെ മാറാപ്പില്‍ തെരുപ്പിടിച്ചുകൊണ്ട് യാചനാഭാവത്തില്‍ നില്‍ക്കുന്ന ആ കിഴവനെ ഒന്നു കളിയാക്കിവിടാന്‍ തന്നെ അവര്‍ തീരുമാനിച്ചല്ലേലും സമയം പോക്കിനൊരു വഴിയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നവര്‍.

"എന്താ അപ്പൂപ്പാ സഞ്ചീല്.വല്ല കഞ്ചാവോ മറ്റോ ആണോ"

"നല്ലോരു ക്രിസ്തുമസ്സായിട്ട് രാത്രീലത്തെ പാര്‍ട്ടിയ്ക്കു സാധനം വാങ്ങാന്‍ കാശില്ലാതെ വെഷമിക്കുമ്പഴാണ് കെളവന്റെ ഒരു തെണ്ടല്.പോ നാശം പിടിയ്ക്കാന്‍"

"ഇങ്ങനെ തെണ്ടിനടക്കാതെ വല്ല ജോലിയ്ക്കും പൊക്കൂടേ ഇതിനൊക്കെ.അതെങ്ങനെ പകലുവന്നു സ്ഥലമൊക്കെ കണ്ടുവച്ചാലല്ലേ രാത്രി വന്നു മോട്ടിയ്ക്കാനൊക്കൂ.ആരേലും കാണുമ്പോള്‍ വയ്യാത്തപോലൊരു അഭിനയവും.കള്ളക്കൂട്ടങ്ങള്‍"

ചെറുപ്പക്കാര്‍ അയാള്‍ക്കു ചുറ്റും കൂടിനിന്നുകൊണ്ട് ആര്‍ത്തുവിളിച്ചു.വൃദ്ധന്‍ ദയനീയമായി എല്ലാപേരെയും പകച്ചുനോക്കി.കൂട്ടത്തിലൊരുവന്‍ അയാളെ ചെറുതായി ഒന്നു തള്ളിനീക്കി.വേച്ചുവീഴാന്‍ പോയ വൃദ്ധന്‍ തൊട്ടടുത്തുണ്ടായിരുന്ന പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ മുറുക്കെപിടിച്ചു.ഒരു നിമിഷം നിന്നശേഷം മെല്ലെ അയാള്‍ മുന്നോട്ടു നടന്നു.നിറഞ്ഞൊഴുകിയ മിഴികള്‍ മുഷിഞ്ഞകുപ്പായക്കയ്യാല്‍ തുടച്ചുകൊണ്ട് വേച്ചു വേച്ചയാള്‍ നടന്നു.പുറകിലപ്പോഴും ചെറുപ്പക്കാരുടെ പരിഹാസശബ്ദങ്ങള്‍ ഉയര്‍ന്നുമുഴങ്ങുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Monday, December 20, 2010

ഒന്നാം വാര്‍ഷിക മഹാമഹം

ഒന്നും ചെയ്യാനില്ലാതെ മടിപിടിച്ചങ്ങിനെയിരിക്കുമ്പോഴാണ് എന്റെ സ്വന്തം മേച്ചില്‍പ്പുറമായ ബ്ലോഗ്ഗില്‍ ഒന്നു അലഞ്ഞുതിരിയാമെന്നു കരുതിയതു.ആളനക്കമില്ലാതെ പൊടിയും മാറാലയും പിടിച്ചുകിടക്കുന്ന ആ തട്ടകം കണ്ടപ്പോള്‍ സത്യമായും എന്റെ കണ്ണു നിറഞ്ഞുപോയി.ഇതിനുതക്ക എന്തു തെറ്റാണു ഞാന്‍ ചെയ്തതു.തോല്‍വികളേറ്റുവാങ്ങാനിനിയും ഈ ജന്മം.സോറി ഞാനല്‍പ്പം ഇമോഷണലായിപ്പോയി.അപ്പോള്‍ പറഞ്ഞുവന്നതെന്താണെന്നു വച്ചാല്‍ ഞാനിങ്ങനെ എന്റെ ബ്ലോഗും തുറന്ന് ഞാന്‍ തന്നെ നിര്‍മ്മിച്ച ഉരുപ്പടികളോരോന്നും വായിച്ച് സ്വയം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന സമയത്തിനിടയില്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കി. ഈ കിറുക്കത്തരം തൊടങ്ങിയിട്ട് നവംബര്‍ മാസത്തില്‍ വര്‍ഷമൊന്നു കഴിഞ്ഞിരിക്കുന്നു.ഈശ്വരാ ‍ഞാനിതെന്തേ ശ്രദ്ധിക്കാതെപോയി.ഞാനാകെ വല്ലാണ്ടായിപ്പോയി എന്നു പറഞ്ഞാല്‍ മതീല്ലോ.എന്തെല്ലാം പ്ലാന്‍ ചെയ്തിരുന്നതാണ്.ഓരോ ബ്ലോഗര്‍മാര്‍ എഴുത്തു തുടങ്ങി അപത്തൊന്നും കൂടാതെ ഒരു വര്‍ഷം പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ ഗംഭീരമായി ആചരിക്കുന്നതും തകര്‍പ്പന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ഞെളിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്നതുമൊക്കെ കണ്ട് അസൂയപ്പെട്ടിരുന്ന ഞാനും എന്റെ ഒന്നാം വാര്‍ഷികം ഒരു സംഭവമാക്കണമെന്നു കരുതിയിരുന്നതാണ്.പക്ഷേ ഞാന്‍....

എന്തായാലും സംഭവം ഒരു കൊല്ലം പൂര്‍ത്തിയാക്കിയതല്ലേ.ഈ വിശാലമായ ബൂലോകത്ത് കുറച്ചു സുഹൃത്തുക്കളെ സമ്പാദിക്കാനായതും നല്ല നല്ല കഥകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും പുളുവടികളും വായിക്കാനും രസിക്കാനുമായതിലും എനിക്ക് വളരെ സന്തോഷമുണ്ട്.പിന്നെ എന്റെ ലോകോത്തരസൃഷ്ടികള്‍ വായിക്കുകയും നല്ലതും ചീത്തയുമായ അഭിപ്രായപ്രകടനങ്ങളാല്‍ എന്നെ ആനന്ദസാഗരത്തിലാറാടിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി ഈയവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ മഹനീയ നിമിഷത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ആദ്യനാളുകളിലെപ്പോഴോ എഴുതിയ ഒരു സാധനം ഒരിക്കല്‍ക്കൂടി നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നു.കൊഴപ്പമൊന്നുമുണ്ടാവില്ല.നല്ല രസമായിരിക്കും.അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.എന്നാ ഞാനങ്ങട്ട്......


"ഒരു നാട്ടില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുക അവിടത്തെ കുടിയമ്മാരണല്ലോ.ഏലാപ്പുറത്തുമുണ്ട് ചില അവാര്‍ഡ് വിന്നിംഗ് കുടിയമ്മാര്‍.ഹെന്റമ്മേ എന്തൊക്കെ പുകിലുകളാണവരുണ്ടാക്കുന്നതെന്നറിയാമോ.ഏലാപ്പുറത്തെ ആസ്ഥാനകുടിയന്‍പട്ടം കിട്ടിയ രണ്ടുപേരാണ് സുകുപിള്ളയും ഗോപിയാശാനും.രണ്ടും ബന്ധുക്കളാണ്.ഇവര്‍ രണ്ടുപേരില്‍ ആരാണ് ഏറ്റവും കൂടുതല്‍ കുടിക്കുന്നതെന്ന്‍ ചോദിച്ചാല്‍ വിഷമിച്ചുപോകുകയേയുള്ളു.അത്ര നല്ല വീശുകാരാണ്.ജോലിയൊക്കെ കഴിഞ്ഞ് ഒരു മൂന്നുമണിയോടുകൂടി രണ്ടും ഒരുമിച്ചൊരു പോക്കുണ്ട്.തിരിച്ചുള്ള വരവ് ഒന്നു കാണേണ്ടതുതന്നെയാണ്.ജംഗ്ഷ്നില്‍ നിന്നും ആരംഭിക്കുന്ന ഭരണം എവിടെയെങ്കിലും മറിയുന്നതുവരെ തുടരും. വഴിയില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍,കൊച്ചുപിള്ളേര്‍ ഇവരെയെല്ലാമാണു ഭരിക്കുന്നതു. രണ്ടുപേര്‍ക്കും പോലിസുകാരെ വലിയ ഭയമാണ്.മുന്‍പൊരിക്കല്‍ റോഡില്‍ ട്രാഫിക്ക് നിയന്ത്രിച്ചതിനു ഏമാമ്മാരുടെ കയ്യില്‍നിന്നും ചെറിയ ഒരു തലോടല്‍ കിട്ടിയതില്‍ പിന്നെയാണ് ഈ പേടിയുണ്ടായത്.

ഒരുദിവസം വൈകിട്ട് രണ്ടും കുടിച്ച് കുന്തംമറിഞ്ഞു വരുകയാണ്. വീഴാതിരിക്കുവാന്‍ രണ്ടും പരമാവധി ശ്രമിക്കുന്നുണ്ട്. എവിദെ. ദേ കിടക്കുന്നു ഒരെണ്ണം വയലില്‍.പാവം സുകുപിള്ളയാണ്. കണ്ട്രോള്‍ തെറ്റി വീണുപോയതാ. ഗോപിയാശാന്‍ വളരെയേറെ കഷ്ടപ്പെട്ട് പുള്ളിയെ വയലില്‍ നിന്നും വലിച്ചെടുത്തു. എടാ കുടിച്ചാല്‍ വയറ്റില്‍ കിടക്കണം.നാണമില്ലേ നിനക്കു വയലിലും തോട്ടിലുമെല്ലാം വീഴാന്‍, സ്റ്റെഡിക്ക് നടക്ക് എന്നെല്ലാം കുറേ ഉപദേശവും നല്‍കി വീണ്ടും നടത്തമാരംഭിച്ചു.അമ്പലത്തിനടുത്തെ വാഴപ്പണയെത്തിയപ്പോഴേക്കും സുകുപിള്ള വണ്ടി മറിഞ്ഞു. ആശാനെയെശുന്നേല്‍പ്പിക്കാന്‍ കുറെ നേരം ശ്രമിച്ച് മടുത്ത ശേഷം ഗോപിയാശാന്‍ വീട്ടിലേക്കു നടന്നു.അപ്പുപ്പങ്കാവില്‍ ആരോ വച്ച അല്‍പ്പം സൊയ്യമ്പനുമടിച്ച് അവിടെനിന്നുതന്നെ ഒരു ഹാരവുമെടുത്ത് കഴുത്തിലണിഞ്ഞാണ് പോക്ക്. സമയം സന്ധ്യകഴിഞ്ഞതേയുള്ളു.കുറച്ചുസമയം കഴിഞ്ഞ് ഒരു വല്ലാത്ത ശബ്ദം കേട്ട് അമ്പലത്തില്‍ തൊഴാന്‍ വന്ന ആരോ പോയിനോക്കി.അയാളുടെ ഒച്ചകേട്ട് അമ്പലത്തിനടുത്തുണ്ടായിരുന്ന നാലഞ്ച് പയ്യമ്മാര്‍‍ ഓടിചെന്നു.നമ്മുടെ ഗോപിയാശാനുണ്ട് അടുത്തുള്ള പൊട്ടക്കിണറ്റില്‍ വീണുകിടക്കുന്നു. എല്ലാപേരും കൂടി വളെരെനേരം പരിശ്രമിച്ച് ഒടുവിലാശാനെ പുറത്തെടുത്തു.ധാരാളം കുപ്പിച്ചില്ലുകളും മരക്കുറ്റിയുമൊക്കെ ഉണ്ടായിരുന്ന ആ കിണറ്റില്‍ വീണിട്ടും ഭാഗ്യത്തിനു ആശാനു വലിയ പരുക്കൊന്നുമില്ലായിരുന്നു.ബോധമൊന്നു പോയി അത്ര തന്നെ.അത് അല്ലേലും വളരെ കുറവാണല്ലോ.ബോധം വന്ന ശേഷമുണ്ടായ ആശാന്റെ ആദ്യ അരുളപ്പാടിതായിരുന്നു.

"ഏതു നായിന്റെ മോനാടാ ഇവിടെ ഇന്നു കിണര്‍ കുഴിച്ചത്".

ഈ പുകിലുകളൊന്നുമറിയാതെ ഒരു പാവം കക്ഷി അപ്പോഴും സുഖനിദ്രയിലായിരുന്നു.

നിങ്ങളനുവദിച്ചാല്‍ തുടരും.....


വാല്‍ക്കഷ്ണം: ഈ രണ്ടുരുപ്പടികളും ഇന്നും ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ പതിവ് കലാപരിപാടികളുമായി ഏലാപ്പുറത്തു വിലസുന്നു.ഈശ്വരാ അവര്‍ക്കൊരു കുഴപ്പവും വരുത്തരുതേ.കാരണം ഒന്നെന്റെ അഛനും മറ്റേതെന്റെ മാമനുമായിപ്പോയില്ലേ..............

ശ്രീക്കുട്ടന്‍

Thursday, December 16, 2010

ഒരു തവളപിടുത്തത്തിന്റെ ഓര്‍മ്മയ്ക്ക്

മഴക്കാലം ആരംഭിച്ചുതുടങ്ങിയിട്ടുള്ള ഒരു ഘോരരാത്രിയിലായിരുന്നു അത് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്.ഞങ്ങളെന്നുവച്ചാല്‍ ഞാനും എന്റെ അപ്പച്ചിയുടെ മകന്‍ ദീപുവും കൂട്ടുകാര‍മ്മാരായ അജിത്തും ജലീലും ഒരുമിച്ച്.കുറച്ച് തവളകളെപ്പിടിച്ച് പൊരിച്ചു ശാപ്പിടുക.മാത്രമല്ല തൊട്ടടുത്ത പുരയിടത്തില്‍ നല്ല മരച്ചീനി വിളഞ്ഞുകിടപ്പുണ്ട്.അതും കൊറച്ചടിച്ചുമാറ്റി ഒരു രണ്ടുകുല കരിക്കുമൊക്കെ സംഘടിപ്പിച്ച് പൊരിച്ചതവളക്കാലും പിന്നെ ഓള്‍ഡ് അഡ്മിറലില്‍ന്റെ ഒരു ഫുള്ളുമൊക്കെയായി ഒരുഗ്രന്‍ സപ്പര്‍ പാര്‍ട്ടി. വൈകുന്നേരം വീട്ടിനടുത്തുള്ള കരിങ്കല്‍ക്കെട്ടില്‍ സൊറപറഞ്ഞിരുന്നപ്പോഴാണ് ഇങ്ങിനെയൊരാശയം മനസ്സിലുദിച്ചത്.പക്ഷേ മെയിന്‍ പ്രശ്നം തവളകളെ എങ്ങിനെ പിടിയ്ക്കുമെന്നുള്ളതായിരുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ ആരും അത്ര എക്സ്പര്‍ട്ടല്ല.പിന്നെന്തു ചെയ്യും.കൂലങ്കഷമായി ചിന്തിച്ചു തലപുണ്ണാക്കിയിരുന്നപ്പോഴാണ് അജിത്ത് ശ്രീമാന്‍ മോഹന്‍ജി അവര്‍കളുടെ പേര് സജസ്റ്റ് ചെയ്തത്.ഏലാപുറത്തെ ഒരു സംഭവം തന്നെയാണ് മോഹന്‍ജി.ഒരു രണ്ടുമൂന്നു ബഡായിക്കഥയെങ്കിലും ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരുറക്കവും വരാത്തൊരു നിഷ്ക്കളങ്കന്‍.പണ്ട് രാത്രി കാട്ടില് വ്ച്ച് ഒരു നരിമടയില്‍ കഴിച്ചുകൂട്ടേണ്ടി വന്നതും രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ പുലി അടുത്തുകിടന്നുറങ്ങുന്നതു കണ്ട് ആദ്യമൊന്നു ഭയന്നെങ്കിലും പുലിയെ ഉണര്‍ത്താതെ ജീവനും കൊണ്ട് രക്ഷപെട്ടതുമായ മോഹന്‍ജീയുടെ മാസ്റ്റര്‍പീസ് കഥ ഒരു അമ്പത് പ്രാവശ്യമെങ്കിലും ഞങ്ങള്‍ കേട്ടിട്ടുണ്ട്.മീനിനേയും തവളകളേയുമൊക്കെ പിടിയ്ക്കാനുള്ള ആശാന്റെ കഴിവ് അപാരം തന്നെയാണു.

"അങ്ങേരു മതിയണ്ണാ, തവളേം പിടിക്കാം കൊറച്ചു പുളു കേള്‍ക്കേം ചെയ്യാം സമയോം പോകും"

ജലീല്‍ അടിവരയിട്ടു പറഞ്ഞതോടെ അതു ഫിക്സ് ചെയ്തു. മോഹനന്‍ ജിയുടെ സമ്മതം വാങ്ങാനായി ഞാന്‍ മെല്ലെ ചീട്ടുകളി ഗോദയിലേയ്ക്കു നടന്നു.സ്ഥലത്തെ ഏക ചായക്കടയായ ഉണ്ണീസ് തട്ടുകടയുടെ അടുത്താണാ ചീട്ടുകളിഗോദ.വയല്‍ക്കരയില്‍ പുതിതായി ഒരു ചായക്കടപൊന്തിയപ്പോള്‍ കളിക്കരെല്ലാവരും വല്യ ഹാപ്പിയായി.ചീട്ടുകളിയുടെ രസം കളഞ്ഞിട്ട് ചായകുടിയ്ക്കാനായി ജംഗ്ഷനിലുള്ള കടവരെപോകണ്ടല്ലോ.പക്ഷേ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല.ഉണ്ണിപ്പിള്ളയുടെ കര്‍ക്കശനിലപാടുകളും സമയത്ത് കടതുറക്കാതിരിക്കുന്നതുമെല്ലാം കളിക്കാര്‍ക്ക് അത്ര പിടിച്ചില്ല.ആദ്യ ദിവസങ്ങളില്‍ ബേക്കറിയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നിരുന്ന പഫ്സും സ്വീറ്റ്നയും മറ്റുമെല്ലാം കുറച്ചു സമയം കൊണ്ട് വിറ്റുപോയിരുന്നെങ്കില്‍ പിന്നെ പിന്നെ അതു ഒന്നു രണ്ടുദിവസം വീതം ഉറക്കമൊഴിയാനാരംഭിച്ചു.ആയിടയ്ക്കൊരു ദിവസം ദുഷ്ടനായ സ്ഥലം എസ് ഐയുടെ നേതൃത്വത്തില്‍ ചീട്ടുകളിക്കാരെപിടിയ്ക്കാനായി ഒരു ചിന്ന റെയ്ഡ് നടക്കുകയുണ്ടായി.ചീട്ടുകളിക്കാരെ ഒന്നും പിടിയ്ക്കുവാന്‍ പോലീസിനു കഴിഞ്ഞില്ല.പോലീസിന്റെ വെട്ടം കണ്ടപ്പോഴെ കളിക്കാരെല്ലാപേരും സ്കൂട്ടായിരുന്നു.ചിതറിക്കിടക്കുന്ന ചീട്ടുകള്‍ നോക്കിനിന്ന എസ് ഐ കലിയടക്കാനാവാതെ ഉണ്ണിപ്പിള്ളയെ ഒന്നു കുടഞ്ഞു.ഇനി കടയുടെ അടുത്ത് ഏവനെങ്കിലും കളിക്കുകയാണെങ്കി ആദ്യം പൊക്കുന്നത് നിന്നെയായിരിക്കുമെന്നുള്ള പൊലീസ് ഭീഷണിയില്‍ ഭയന്ന ഉണ്ണിപിള്ള ചീട്ടുകളിക്കാരുമായിടയുകയും കടയുടെയടുത്ത് കളിക്കാന്‍ പറ്റില്ല എന്നു തീര്‍ത്തുപറയുകയും ചെയ്തു.ഫലമോ പഫ്സും ബണ്ണുമെല്ലാം ഉറക്കമൊഴിയുന്ന ദിവസങ്ങളുടെ എണ്ണം കൂടുകയും ചീട്ടുകളി തൊട്ടടുത്ത പണയില്‍ നിര്‍ബാധം തുടരുകയും ചെയ്തു.

കയ്യിലുണ്ടായിരുന്ന കാശ് മനോഹരമായി കളിച്ചു തോറ്റു തൊപ്പിയിട്ടിട്ട് ബാക്കിയുള്ളവര്‍ക്ക് കളി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്ന മോഹന്‍ജിയെ വിളിച്ചു ഞാന്‍ മടിച്ചു മടിച്ചു കാര്യം പറഞ്ഞു.ആദ്യം ആശാന്‍ കേട്ടഭാവം നടിച്ചില്ലെങ്കിലും ഓള്‍ഡ് അഡ്മിറലിന്റെ കാര്യമവതരിപ്പിച്ചപ്പോള്‍ ആ മുഖമൊന്നു തെളിയുകയും അന്നു രാത്രിയിലേക്കു തന്നെ പ്രോഗ്രാം ഫിക്സു ചെയ്യുകയും ചെയ്തു.ഞാന്‍ സന്തോഷത്തോടെ വീട്ടിലേയ്ക്കു മടങ്ങി.

സന്ധ്യായപ്പോഴേയ്ക്കും വീണ്ടും ചെറുതായി മഴ പൊടിയാനാരംഭിച്ചു.ഞങ്ങളെല്ലാപേരും അക്ഷമരായി മോഹന്‍ജിയെ കാത്തിരിക്കുവാണു.ആദ്യമേ തന്നെ വീട്ടില്‍ നിന്നും പെര്‍മിഷന്‍ വാങ്ങിയിരുന്നു.എട്ടുമണി കഴിഞ്ഞപ്പോള്‍ ഒരു കാജാബീഡിയും കൊളുത്തി പുകയൂതി വലിച്ചു വിട്ടുകൊണ്ട് നേതാവും കൂടെ അദ്ദേഹത്തിനെ അരുമ അളിയന്‍ സുശീലനും രംഗപ്രവേശം ചെയ്തു.

"മഴയാണല്ലടേ.തണുപ്പത്ത് പോണോ" തിണ്ണയിലേയ്ക്കു കയറിക്കൊണ്ട് മോഹന്‍ജി ഒരു ചോദ്യം

എല്ലാപേരുടേയും മുഖമൊന്നു വാടി.ജലീല്‍ പതിയെ ഫുള്ളിന്റെ ബോട്ടിലെടുത്ത് കൈവരിയില്‍ വച്ചു.ഗ്ലാസ്സിലേയ്ക്ക് കുറച്ചൊഴിച്ചു മുന്നോട്ടു നീക്കി വച്ചു.അതെടുത്ത് ഒറ്റവലിയ്ക്കകത്താക്കി കിറിയുമൊന്നു തുടച്ചിട്ട് ആശാന്‍ ബീഡിവലി പുനരാരംഭിച്ചു.ഞങ്ങളും ചെറുതായി ഓരോന്നു പിടിപ്പിച്ചു.അജിത്ത് കയ്യില്‍ കരുതിയിരുന്ന ഏലക്കായ എല്ലാപേര്‍ക്കും ഓരോന്നു തന്നു.അതും ചവച്ചുകൊണ്ട് ഞങ്ങള്‍ നേതാവിനെ നോക്കി.ആശാന്‍ മൂന്നാമത്തേതും വിഴുങ്ങിയിട്ട് പെട്ടന്ന്‍ റെഡിയായി പുറത്തേയ്ക്കിറങ്ങി.സാധനമെല്ലാമെടുത്ത് ഒതുക്കി വച്ച് ഞങ്ങള്‍ തലയില്‍ ഓരോ തോര്‍ത്തുമിട്ട് വയലിലേയ്ക്കു നടന്നു.

ടോര്‍ച്ച് അടിയ്ക്കുന്നത് സുശീലനാണ്.പുതുമഴപെയ്തതുകൊണ്ടാവണം കീഴ്ഭാഗത്തുള്ള ചിറയില്‍ നിന്നും തോടുവഴി ധാരാളം മീനുകള്‍ കയറിയിട്ടൊണ്ട്.തവളകളുടെ സംഗീതാത്മകമായ കരച്ചില്‍ എല്ലായിടത്തും മുഴങ്ങുന്നു.വയലില്‍ പല ഭാഗത്തും മീന്‍പിടിയ്ക്കുന്നവരുടേയും തവളകളെപിടിയ്ക്കാന്‍ വന്നവരുടേയും കലകലപ്പും കേള്‍ക്കാം.

ആശാന്‍ നേരെ താഴെഭാഗത്തേയ്ക്കു വച്ചടിച്ചു.ധാരാളം വെള്ളം കയറി ചെളിയും മറ്റും നിറഞ്ഞുകിടക്കുന്ന വരമ്പിലൂടെ ഒരു സര്‍ക്കസ്സ് അഭ്യാസ്സികളെപ്പോലെ ഞങ്ങള്‍ നടന്നു നീങ്ങി

..പ്ധും.."

"എന്റമ്മോ"

അലര്‍ച്ച കേട്ട് എല്ലാപേരും ഞെട്ടിതിരിഞ്ഞു നോക്കി. ദീപു വയലിലെ വെള്ളത്തില്‍ കിടക്കുന്നു.പെട്ടന്ന് മോഹന്‍ജി വയലിലിറങ്ങി അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.കാലില്‍ നീര്‍ക്കോലി തട്ടിയപ്പം പേടിച്ചു ചാടിയതാണ്. എന്തു ചെയ്യാന്‍. പിന്നെ മോഹന്‍ജിയും അളിയനും കൂടി വിദഗ്ധമായി തവളകളെ പിടിയ്ക്കുവാന്‍ തുടങ്ങി.ബുദ്ധിയില്ലാത്ത തവളകള്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണും മിഴിച്ചു നോക്കിയിരിക്കുമ്പോള്‍ ആശാന്‍ നിഷ്പ്രയാസം അവറ്റകളെ ചാക്കിനകത്ത് പിടിച്ചിട്ടുകൊണ്ടിരുന്നു.പെട്ടന്ന് സുശീലന്‍ ടോര്‍ച്ച് അജിത്തിന്റെ കയ്യില്‍ കൊടുത്തിട്ട് കയ്യിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെള്ളത്തില്‍ ആഞ്ഞൊന്നു വെട്ടിയിട്ട് പെട്ടന്ന് ആ ഭാഗത്ത് കൈകള്‍ കൊണ്ട് പരതുവാന്‍ തുടങ്ങി.ഒന്നും മനസ്സിലാകാതെ മിഴിച്ചുനോക്കി നിന്ന ഞങ്ങള്‍ കണ്ടത് വെള്ളത്തില്‍ നിന്നും ഒരു തടിയന്‍ മീനിനെ പൊക്കിയെടുക്കുന്നതാണു.വെട്ടേറ്റു അതിന്റെ തല അറ്റു തൂങ്ങിയിരുന്നു.എന്തിനേറെ പറയുന്നു ഒന്നൊന്നര മണിക്കൂറിനുള്ളില്‍ രണ്ടു പേരും കൂടി പത്തു നാല്‍പ്പത് തവളകളേയും അഞ്ചാറു മീനുകളേയും പിടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ചന്നം പിന്നം പെയ്യുന്ന മഴയില്‍ നനഞ്ഞു തണുപ്പടിച്ചു കുതിര്‍ന്നു നിന്ന ഞങ്ങള്‍ വീട്ടിലേയ്ക്കു തിരിച്ചു.വഴിക്കു വച്ചു മോഹന്‍ജിയും സുശീലനും ജലീലും കൂടി തവളകളുടെ കാലെല്ലാം വെട്ടിയെടുത്തു വൃത്തിയാക്കി മീനിനേയും റെഡിയാക്കി തോട്ടിലെ വെള്ളത്തില്‍ നന്നായി കഴുകിയിട്ട് ഒരു പ്ലാസ്റ്റിക് കവറിനുള്ളിലിട്ടു.അതും പിടിച്ച് നടക്കവേ ആശാന്‍ പണ്ട് ഒരു വല്യ ആറ്റുവാള മീനെപ്പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു പറയാനാരംഭിച്ചിരുന്നു.കഥ പറഞ്ഞുതീരുന്നതിനുമുമ്പ് വീടെത്തിയതിനാല്‍ മുഴുവന്‍ സഹിക്കേണ്ടിവന്നില്ല.

എല്ലാപേരും ഒറക്കമായിക്കഴിഞ്ഞു.ഞങ്ങള്‍ ഒച്ചയുണ്ടാക്കാതെ ചായ്പ്പിലേയ്ക്കു കയറി.ഒളിച്ചുവച്ചിരുന്ന മരുന്നെടുത്ത് അല്‍പ്പം വീതം എല്ലാപേരും സേവിച്ചു.പിന്നെ പെട്ടന്നു തന്നെ പാചകത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു.ദീപുവും ഞാനും കൂടി ഒച്ചയുണ്ടാക്കാതെ അടുക്കളയില്‍ കയറി മൊളകും മല്ലിയും എണ്ണയും മറ്റു സാധനങ്ങളും എടുത്ത് ചായ്പ്പില്‍ വന്നു. ഞാന്‍ മസാല മിക്സു ചെയ്യാന്‍ തുടങ്ങി.എല്ലാത്തിനും മേല്‍നോട്ടം വഹിച്ചുകൊണ്ടിരുന്ന മോഹന്‍ജി ചെറുതായി ആടുന്നുണ്ടായിരുന്നു.മരച്ചീനി അടിച്ചുമാറ്റാനായി പോയിരുന്ന സുശീലനും ജലീലും അജിത്തും കൂടി ഈ സമയം ഒരു കൂട നിറയെ സാധനവുമായി വന്നു ചേര്‍ന്നു.അതു പൊളിച്ചു വൃത്തിയാക്കി അടുപ്പില്‍ വച്ചിട്ട് തവളക്കാല്‍ പൊരിക്കാനാരംഭിച്ചു.ചീനിച്ചട്ടിയില്‍ എണ്ണയൊഴിച്ചപ്പോള്‍ മോഹന്‍ജി നോക്കിയിട്ടു പറഞ്ഞു.

"എണ്ണ കൊറച്ചുകൂടി വേണം,എന്നാലേ നന്നായി മൊരിയൂ"

ഞാന്‍ ദീപുവിനെ ഒന്നു നോക്കി.അവന്‍ അടുക്കളയില്‍ പോയി നോക്കിയിട്ട് വെറും കയ്യുമായി വന്നു.എണ്ണയില്ല.അപ്പച്ചിയോടു ചോദിച്ചാള്‍ ചീത്ത ഒറപ്പാണ്.ധൈര്യം സംഭരിച്ച് ഞാന്‍ മെല്ലെ അപ്പയുടെ വാതിലില്‍ പേരുവിളിച്ചുകൊണ്ട് മുട്ടി.

"എന്തുവേണമെടാ". അകത്തുനിന്നും നീരസത്തോടെയുള്ള ശബ്ദം.

"അപ്പച്ചി എണ്ണ തീര്‍ന്നുപോയി കൊറച്ചുകിട്ടിയിരുന്നെങ്കില്‍" അടഞ്ഞ വാതിലിനു മുമ്പില്‍ ഭവ്യതയോടെ നിന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

"ദേ അകത്തെ പെരയില്‍ ഭരണിയിലൊണ്ട്.പാത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിവച്ചില്ലേലൊണ്ടല്ലോ..ങ്ഹാ...ഞാന്‍ ഒന്നും പറയുന്നില്ല"

ആശ്വാസത്തോടെ ഞാന്‍ ചായ്പ്പില്‍ വന്നിട്ട് ദീപുവിനേം കൂട്ടി അകത്തെ മുറിയില്‍ എണ്ണയെടുക്കാനായി കയറി.അരണ്ടവെളിച്ചത്തില്‍ തപ്പി തപ്പി ഭരണിയില്‍ കയ്യിട്ട് കയ്യിലുണ്ടായിരുന്ന കുപ്പിയില്‍ എണ്ണ നിറച്ചും മുക്കിയെടുത്തു.തിരികെ വന്ന് ചീനിച്ചട്ടിയില്‍ തിളച്ചുമറിയുന്ന എണ്ണയില്‍ കിടന്നു പുളയുന്ന തവളക്കാലുകളേയും നോക്കി നിന്നു.

"എണ്ണ കൊറവാടാ കൊറച്ചുകൂടിയൊഴിച്ചുകൊടുക്ക്"

മോഹന്‍ജിയാണ്.ഞാന്‍ പകുതിയോളം എണ്ണ ചട്ടിയിലേയ്ക്കു ചരിച്ചു.ഒരഞ്ചുമിനിട്ടിനുള്ളില്‍ ആ എണ്ണ അപ്രത്യക്ഷമായി.കുപ്പിയിലുണ്ടായിരുന്ന എണ്ണയില്‍ കൊറച്ചുകൂടി ഒഴിച്ചിട്ട് ഞാന്‍ തീയല്‍പ്പം കൊറച്ചു.അടുത്ത പുരയിടത്തില്‍ കണ്ടുവച്ചിരുന്ന കരിക്കിടാനായി ഈ സമയം അജിത്തും സുശീലനും ജലീലും പോയിരുന്നു.അല്‍പ്പം കഴിഞ്ഞ് മോഹന്‍ജിയും എഴുന്നേറ്റു പോയി. ചട്ടിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എണ്ണ എവിടേയ്ക്കുപോകുന്നു എന്നോര്‍ത്തു വണ്ടറടിച്ചു ഞാന്‍ ഏകനായി തവളപൊരിക്കല്‍ യജ്ഞം തൊടര്‍ന്നുകൊണ്ടിരുന്നു.കുറേ സമയം കഴിഞ്ഞപ്പോള്‍ തീയെല്ലാമണച്ചു ഞാന്‍ പാത്രമെല്ലാം റെഡിയാക്കി വച്ചു.കപ്പയും തയ്യാറായിരുന്നു.സമയം ഒരു മണിയാവാന്‍ പോകുന്നു.ഒരു കുല കരിക്കുമായി തിരിച്ചു വന്നു ജലീലും അജിത്തും സാധനം താഴെവച്ചിട്ട് ചിരിയോടു ചിരി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഏന്തി വലിഞ്ഞ് മോഹന്‍ജിയും സുശീലനുമെത്തി.സംഭവമെന്താണെന്നു വച്ചാല്‍ സുശീലനടത്തിട്ട കരിക്ക് ഇരുട്ടത്ത് കൈലി നിവര്‍ത്തി പിടിയ്ക്കുന്നതിനിടയില്‍ സ്ഥാനം തെറ്റി മോഹന്‍ജിയുടെ വലതു കാലിമ്മേല്‍ വീണു.അപ്പോള്‍ തുടങ്ങിയ ചീത്തവിളിയാണ്.

കുപ്പിയില്‍ ഒരല്‍പ്പം ബാക്കിയുണ്ടായിരുന്നത് ആശാനു കൊടുത്തു.മൊളകുപൊടിയില്‍ എണ്ണയൊഴിച്ചു ഒരു ടച്ചിംഗ്സുണ്ടാക്കി തീറ്റയാരംഭിച്ചു.ദീപുവിന്റെ അനിയത്തിമാര്‍ക്കായി ഒരു നാലഞ്ച്ചു കാലു പൊരിച്ചത് ഞാനാദ്യമേ മാറ്റി വച്ചിരുന്നു.തവളക്കാലില്‍ ആദ്യം കടിച്ച ജലീല്‍ എന്നെയൊന്നു നോക്കി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ദീപുവും അജിത്തും ആ ദയനീയമായ നോട്ടം എനിക്കു നേരെ നീട്ടി.ഞാനും ഒരെണ്ണമെടുത്തു കടിച്ചു.ഹമ്മേ കൊടലുവരെ മറിഞ്ഞുപോകുന്ന തരത്തിലൊള്ള ഉപ്പ്.

"ഞാനപ്പഴേ പറഞ്ഞതാ ഇങ്ങേരെക്കൊണ്ട് ഉപ്പിടീക്കണ്ടന്ന്.എത്ര പാടുപെട്ടുണ്ടാക്കിയ സാധനമാണ്"

അരിശത്തോടെ എന്റെ നേരെ കൈചൂണ്ടിക്കൊണ്ട് അജിത്ത് ചിണുങ്ങി.

"ങ്ഹാ സാരമില്ല കരിക്കും കപ്പയും എല്ലാം കൂടിയാവുമ്പോള്‍ കൊഴപ്പമുണ്ടാവില്ല".

മോഹന്‍ജിയുടെ വാക്ക് എനിക്ക് ആശ്വാസമേകി.ഒടുവില്‍ രണ്ടരമണിയോടെ എല്ലാം അവസാനിപ്പിച്ച് പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി ഞങ്ങള്‍ നിദ്ര പൂകി.


രാവിലെ പത്തു മണിയ്ക്കുറക്കമുണര്‍ന്ന് ഞാന്‍ ഒരു ചായകുടിയ്ക്കാനായി വായും കഴുകി അടുക്കളയിലേയ്ക്കു ചെന്നു.

"നീ എന്തിനാടാ ഈ എണ്ണക്കുപ്പിയില്‍ വെള്ളമൊഴിച്ചുവച്ചത്".കണ്ണുകള്‍ രണ്ടുമുരുട്ടിക്കൊണ്ട് അപ്പച്ചി നില്‍ക്കുന്നു.

"ഹേയ് ഞാനൊഴിച്ചില്ല"

"പിന്നിതെന്താ"കുപ്പിയെടുത്ത് ഉയര്‍ത്തിക്കൊണ്ടാണടുത്ത ചോദ്യം.ശരിയാണു.എണ്ണക്കുപ്പിയില്‍ വെള്ളമുണ്ട്.കുമിളകള്‍ നില്‍ക്കുന്നു.ഇനി ഇന്നലെ രാത്രി ഭരണിയില്‍ നിന്നുമെടുത്തപ്പോഴെങ്ങാനും.പെട്ടന്നെന്റെ തലച്ചോറൊന്നു മിന്നിയണഞ്ഞു.അകത്തെ മുറിയിലേയ്ക്കു ഋതിയില്‍ കയറിയ ഞാന്‍ ലൈറ്റിട്ടു നോക്കി.എന്റെ ഊഹം ശരിതന്നെ.രണ്ടു ഭരണികള്‍.വഇറയ്ക്കുന്ന കൈകളാല്‍ രാത്രി ഞാന്‍ എണ്ണമുക്കിയെടുത്ത വലിയ ഭരണിയുടെ മൂടി പൊക്കി അതിനകത്തേയ്ക്കു നോക്കി.പണ്ടെങ്ങാണ്ടോ മറ്റോ നാട്ടുമാങ്ങയിട്ടുവച്ചിരുന്ന അതിനകത്തുണ്ടായിരുന്ന നാറ്റം എന്റെ മൂക്കില്‍ തുളഞ്ഞുകയറി.ആ ഉപ്പുവെള്ളത്തില്‍ പുഴുക്കള്‍ നുരയ്ക്കുന്നുണ്ടോ എന്നൊരു സംശയം.അടിവയറ്റില്‍ നിന്നും എന്തോ ഒന്നു മുകളിലേയ്ക്കു ഇരച്ചുവരുന്നു.വായും പൊത്തിപ്പിടിച്ചു പുറത്തേയ്ക്കോടിയ ഞാന്‍ പണ്ടു കുടിച്ച പാല്‍ക്കഞ്ഞിവരെ ശര്‍ദ്ധിച്ചുതള്ളി മക്കളെ.........

അന്നു വൈകുന്നേരം ഈ സംഭവം അറിഞ്ഞ ജലീലിനു വാളുവച്ചു സഹികെട്ട് ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.ദീപുവും അജിത്തും രണ്ടുമൂന്നുറൌണ്ട് വച്ചു സംതൃപ്തിയടഞ്ഞു.കരിക്കുവീണ് കാല്‍പ്പാദം നീരു വന്നൂതിയിരുന്നതുമൂലം രണ്ടുമൂന്നുദിവസം കഴിഞ്ഞുമാത്രം പുറത്തേയ്ക്കിറങ്ങിയ മോഹന്‍ജി എന്നെ രഹസ്യമായി മാറ്റി നിര്‍ത്തി വിളിച്ച തെറികള്‍....ഹൊ...എന്റമ്മേ......

ശ്രീക്കുട്ടന്‍

Sunday, November 28, 2010

കൊടിയ പാപി

വീഴാതിരിക്കാനായി ഹര്‍ഷന്‍ മതിലില്‍ തന്റെ ശരീരം താങ്ങി നിര്‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു.പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തേയ്ക്കു കയറി.ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്ത് നിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍ വീണു.അല്‍പ്പനേരത്തെ ശ്രമഫലമായി ഹര്‍ഷന്‍ ആ ലുങ്കിതപ്പിയെടുത്തു വീണ്ടും അരയില്‍ ചുറ്റിക്കൊണ്ട് ഇറയത്തേയ്ക്കു കയറി.അവിടെയെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി.വേച്ചു വേച്ച് തന്റെ മുറിയിലേയ്ക്കു നടന്ന അവന്‍ വാതിലിനടുത്തെത്തിയതും ഒരു നിമിഷം തറച്ചു നിന്നു പോയി.നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ ഒരിക്കല്‍ക്കൂടി അകത്തേയ്ക്കു തുറിച്ചു നോക്കി.മന‍സ്സിലും ശരീരത്തിലും എല്ലാം ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല.ആ വെളുത്തുകൊഴുത്ത കാലുകളിലേയ്ക്കവന്‍ ആര്‍ത്തിയോടെ നോക്കി.ഒരു വശം ചരിഞ്ഞ് ഒരു വല്ലാത്ത പോസില്‍ കിടന്നുറങ്ങുന്ന രൂപം അവന്റെ മനസ്സിന്റെ സകല കടിഞ്ഞാണുകളും പൊട്ടിക്കുവാന്‍ പര്യാപ്തമായിരുന്നു.

വേച്ചുവേച്ച് അകത്തേയ്ക്കു കയറിയ അവന്‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി.മുഖം മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല.നേരെ തുറക്കാനാവാത്ത മിഴികള്‍ക്ക് ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല.അല്ലെങ്കിലും കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി.ആരായാലെന്താ.ശ്വസോച്ഛാസം ചെയ്യുന്നതിനനുസരിച്ച് ഉയര്‍ന്നുതാഴുന്ന മാറിടത്തിന്റെ ചലനം അവനെ ഭ്രാന്തു പിടിപ്പിച്ചു.മനസ്സും ശരീരവും എല്ലാം വിഭ്രാന്തിക്കടിമപ്പെട്ട അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി.പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തെന്റെ മുഖം പൂഴ്ത്തി.നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു.ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.

"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ.കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങുന്ന്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാ.കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായോമൊണ്ട്. അതെങ്ങനെ ആ തന്തേടല്ലേ മോന്‍"‍

തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ട് ഹരഷന്‍ കണ്ണു തുറന്നു നോക്കി.സമയമെത്രയായിക്കാണും.എന്തായാലും സന്ധ്യകഴിഞ്ഞിരിക്കണം.പെട്ടന്നാണവന്‍ പകല്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചത്.സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി.അഴിഞ്ഞുകിടന്ന കൈലിയെടുത്തവന്‍ ഉടുത്തുകൊണ്ട് മെല്ലെയെഴുന്നേറ്റു.കാലുകള്‍ നിലത്തുറക്കുന്നില്ല.തലയാകെ പൊട്ടിപ്പിളരുന്നതുപോലെ.ഒന്നു കുളിക്കുവാനായി അവന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍ കരയിലേയ്ക്കു നടന്നു.തലവഴി തണുത്ത വെള്ളം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു.ഒരു സ്വപ്നം പോലെ അവനെല്ലാം തോന്നി.ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്.ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ.തല തുവര്‍ത്തി വന്ന അവന്‍ അമ്മയ്യുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.

"കഴ്വേറീടമോന്‍ വീണ്ടും പോണ്.കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക്.നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"

തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.

ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നു നിന്നത് പകല്‍ നടന്ന കാര്യങ്ങളായിരുന്നു.അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി.ആരായിരിക്കുമവള്‍.സുമതിവല്യമ്മേടെ മോളായിരിക്കുമോ.അവളെന്തിനായിരിക്കും തന്റെ മുറിയില്‍.ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു.ഒരു രണ്ടുഗ്ലാസ്സ് നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല.കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു.കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാതെഇയാവാറായി എന്നറിഞ്ഞ് വീട്ടിലേയ്ക്കു നടന്നു.ഇരുള്‍മൂടിക്കിടക്കുന്ന വീട്ടില്‍ അവന്‍ തീക്കൊള്ളിയുറച്ചുകൊണ്ട് കയറി.ഒച്ചയുണ്ടാക്കാതെ തന്റെ മുറിയിലേയ്ക്കു കയറി ഷര്‍ട്ടൂരി അയയിലിട്ടിട്ട് ഇരുട്ടില്‍ മെല്ലെ തന്റെ കട്ടിലില്‍ ശരീരം ചായ്ച്ചു.കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം തുടങ്ങിയ അവന്‍ പെട്ടന്നൊന്നു ഞെട്ടി.തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നുവോ.ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു.ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതു പോലെ തോന്നി.

"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി"

തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്ത് നിന്നും വരുന്നപോലെ അവനു തോന്നി.

ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം

ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു.ഒരു നിമിഷം മുറിയില്‍ പരന്ന ആ ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി.ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖവും പൊത്തിക്കൊണ്ട് മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയോടി.പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ ആടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നുവോ.....

ശ്രീക്കുട്ടന്‍

Saturday, November 13, 2010

രാത്രിവണ്ടി

ബസ്സിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ മാത്രം ഉറങ്ങാതെ സീറ്റിലേയ്ക്കു ചാരിയിരുന്നു.സമയം പതിനൊന്നായതേയുള്ളു.പുറപ്പെട്ടിട്ടിപ്പോള്‍ രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു.അതുകൊണ്ടാവാം യാത്രക്കാര്‍ പലരും ഉറക്കത്തിലേയ്ക്കു വഴുതി വീണിരിക്കുന്നത്.പുറത്തു നിന്നടിക്കുന്ന തണുത്ത കാറ്റ് അയാള്‍ ആസ്വദിക്കുകയായിരുന്നോ.രണ്ടുമൂന്നുപ്രാവശ്യം പുറകുസീറ്റിലിരിക്കുന്നയാള്‍ വിന്‍ഡൊ കര്‍ട്ടന്‍ താഴ്ത്തിയിടാന്‍ പറഞ്ഞതാണ്.ആര് കേള്‍ക്കാന്‍.അല്ലെങ്കിലും മറ്റുള്ളവരുടെ വാക്കുകള്‍ ഒരിക്കലും അയാള്‍ ചെവിക്കൊണ്ടിരുന്നില്ലല്ലോ.ഒരു സിഗററ്റ് വലിക്കണമെന്നു അയാള്‍ക്കുണ്ടായിരുന്നു.പക്ഷേ എന്തുകൊണ്ടോ ആ അഗ്രഹം അയാളടക്കി.

കുറച്ചുസമയത്തിനുള്ളില്‍ ബസ്സ് ഒരു ഡിപ്പോയില്‍ നിര്‍ത്തി. അയാള്‍ പുറത്തെ കാഴ്ചകളിലേയ്ക്ക് ഒന്നു ഊളിയിട്ടു നോക്കി.വലിയ തിരക്കൊന്നുമില്ല.രാത്രിവണ്ടിക്കു പോകാനുള്ള കുറച്ചുപേര്‍ വെയിറ്റിങ് ഷെഡ്ഡിലിരിക്കുന്നുണ്ട്.തങ്ങളുടെ യാത്രക്കാരേയും പ്രതീക്ഷിച്ച് ടാക്സിക്കാര്‍ ബസ്റ്റാന്‍ഡിലേയ്ക്കു കണ്ണും നട്ട് അവരവരുടെ വാഹനങ്ങളില്‍ ചാരിനില്‍ക്കുന്നു.കപ്പലണ്ടിയോ മറ്റോ വില്‍ക്കുന്ന ഒരുവന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.അടക്കിനിര്‍ത്തിയിരുന്ന മൂത്രശങ്ക ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അയാള്‍ പുറത്തേയ്ക്കിറങ്ങുവാന്‍ തീരുമാനിച്ചു.ഒരു രൂപ കൊടുത്ത് മൂത്രപ്പുരയ്ക്കുള്ളില്‍ കയറിയ അയാള്‍ അവിടത്തെ വൃത്തികണ്ട് മൂക്കും പൊത്തി പുറത്തേയ്ക്ക് തിരിച്ചിറങ്ങി.കാശുവാങ്ങിക്കാനിരിക്കുന്ന ചെക്കന്‍ അയാളെ നോക്കി അളിഞ്ഞ ഒരു ചിരി ചിരിച്ചു.മനസ്സില്‍ ഉദിച്ചുയര്‍ന്ന തെറിവാക്ക് വിഴുങ്ങിക്കൊണ്ട് അയാള്‍ ബസ്സ്റ്റാന്‍ഡിനു പുറകുവശത്തെ കാടുപിടിച്ച ഭാഗത്തേയ്ക്കു നടന്നു.അസഹ്യമായ മണം അവിടേയുമുണ്ടായിരുന്നു.ദൂരെ ഇരുട്ടിലായി ആരുടേയോ നിഴലുകള്‍ അനങ്ങുന്നത് അയാള്‍ക്കു കാണാമായിരുന്നു.അടക്കിപ്പിടിച്ച ചില ശബ്ദങ്ങളും.ഇരുട്ടിന്റെ സദാചാരക്കാരെക്കുറിച്ച് മനസ്സിലോര്‍ത്തപ്പോള്‍ അയാളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.

തിരികെ വന്നു പെട്ടിക്കടയില്‍ നിന്നും ഒരു സിഗററ്റ് വാങ്ങിക്കൊളുത്തിയിട്ട് അയാള്‍ അത് ആസ്വദിച്ചുവലിച്ചു.തണുപ്പിന് ഒരു ചെറിയ ശമനം കിട്ടുന്നുണ്ട്.കാന്റീനില്‍ നിന്നും ചായകുടിയും മറ്റും കഴിഞ്ഞ് ഡ്രൈവറും കണ്ടക്ടറും നടന്നുവരുന്നത് കണ്ട് അയാള്‍ ഒരിക്കല്‍ക്കൂടി സിഗററ്റ്പുക ഉള്ളിലേയ്ക്ക് വലിച്ചെടുത്തിട്ട് അത് വലിച്ചെറിഞ്ഞുകൊണ്ട് ബസ്സിലേയ്ക്കു കയറി.തന്റെ സീറ്റില്‍ ചാരിയിരിക്കുന്ന സ്ത്രീയെ അയാള്‍ തുറിച്ചുനോക്കി.

"ഇതെന്റെ സീറ്റാണ്"

മുഷിച്ചിലോടെ അയാള്‍ പരുഷമായി പറഞ്ഞതുകേട്ട് ആ സ്ത്രീ ക്ഷമാപണം ചെയ്തിട്ട് സൈഡ് സീറ്റില്‍ നിന്നും എഴുന്നേറ്റു.തന്റെ സീറ്റിലേക്കയാളിരുന്നപ്പോള്‍ അടുത്തുതന്നെ അവരുമിരുന്നു.

തന്റെ തൊട്ടടുത്തിരിക്കുന്ന ആ സ്ത്രീ ഒരു അധികപ്പറ്റായി അയാള്‍ക്കു തോന്നി.ആരായിരിക്കുമിവര്‍.എന്തു നാശമ്പിടിക്കാനാണ് ഈ പാതിരാത്രി ഇവര്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്.തന്റെ ഏകാന്തത നശിപ്പിക്കുവാന്‍ വന്ന അവരെ അയാള്‍ കഠിനമായി വെറുത്തു.

"ആ ജനാലയൊന്നട്യ്ക്കാമോ"

ആകെ മുഷിച്ചിലോടെ കണ്ണുമടച്ചിരുന്ന അയാള്‍‍ ആ വാക്കുകള്‍ കേട്ട് കണ്ണുതുറന്നവരെ നോക്കി.തണുപ്പേറ്റ് അവരാകെ വല്ലാതായതുപോലെ അയാള്‍‍ക്കു തോന്നി.വണ്ടി ചുരം കയറുകയാണ് ഇഷ്ടമില്ലാതിരുന്നിട്ടും അയാള്‍ ജനാലക്കര്‍ട്ടന്‍ താഴ്ത്തിയിട്ടു.തന്റെ തൊട്ടടുത്തിരിയ്ക്കുന്ന ആ സ്ത്രീയെ അയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി.പത്തമ്പതു വയസ്സുകാണും.തലയില്‍ ഒന്നുരണ്ടിടത്ത് വെള്ളികമ്പി കെട്ടിയതുപോലെ നരവീണിട്ടുണ്ട്.ഒരു കുലീനത്വമുള്ള മുഖം.അവര്‍ എന്തൊ വലിയ വിഷമമനുഭവിക്കുന്നതുപോലെ അയാള്‍ക്കു തോന്നി.കയ്യിലുള്ള പ്ലാസ്റ്റിക് പൊതി അവര്‍ ഭദ്രമായി പിടിച്ചിട്ടുണ്ട്.

"നിങ്ങളെവിടേയ്ക്കാ"

മൌനം ഭഞ്ജിച്ചുകൊണ്ട് അയാള്‍ അവരോടു ചോദിച്ചു.

അവര്‍ പറഞ്ഞ പേര് അയാള്‍ മുമ്പുകേട്ടിട്ടുണ്ടായിരുന്നില്ല.ഏതോ ഉള്‍നാടന്‍ ഗ്രാമമാണ്.ആദ്യം അവരോടു തോന്നിയ വെറുപ്പ് കുറഞ്ഞതുപോലെ അയാള്‍ക്കുതോന്നി.അവരോട് അയാള്‍ എന്തെല്ലാമൊ ചോദിച്ചുകൊണ്ടിരുന്നു.അവര്‍ പലപ്പോഴും മറുപടികള്‍ മൂളലിലൊതുക്കി.അങ്ങ് പട്ടണത്തില്‍ വലിയൊരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്നവരാണവരെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതം തോന്നി.ഇവര്‍ക്കു മക്കളൊന്നുമുണ്ടായിരിക്കില്ലേ.അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഇങ്ങിനെ വീട്ടുവേല ചെയ്യേണ്ട കാര്യമുണ്ടോ.

"ഈ രാത്രിയെന്താണ് ഇത്രയും ദൂരേയ്ക്കു അതും തനിച്ചുപോകുവാന്‍ നിങ്ങള്‍ തീരുമാനിച്ചത്"

അവര്‍ ക്ഷീണിതമായ തന്റെ മുഖമൊന്നുയര്‍ത്തി അയാളെ നോക്കി.ആ നോട്ടത്തില്‍ ഒരു കുന്നു നൊമ്പരങ്ങള്‍ തന്റെ നെരെ ചൊരിഞ്ഞതായി അയാള്‍ക്കു തോന്നി.ഒരു വിഷാദം കലര്‍ന്ന പുഞ്ചിരി ആ ചുണ്ടുകളില്‍ വിരിഞ്ഞുവോ.

"അമ്മയ്ക്കു നല്ല സുഖമില്ല.ഞാനറിഞ്ഞപ്പോള്‍ താമസിച്ചുപോയി.അതാ"

"എന്താണസുഖം"

"പ്രായത്തിന്റേതു തന്നെ.കിടപ്പിലാണു.ഞാന്‍ ഇപ്പോള്‍ അവിടുന്നു വന്നിട്ട് ഒരു മാസം കഴിഞ്ഞു.പട്ടണത്തിലാണെങ്കിലും എനിക്കവരെക്കളയാന്‍ പറ്റുമോ.എന്നെ കഷ്ടപ്പെട്ട് പ്രസവിച്ചു വളര്‍ത്തിവലുതാക്കിയതവരല്ലേ.ആരും ആര്‍ക്കും ഒരു ഭാരമല്ല.ആണെന്നു തോന്നിയാല്‍ അതേ.ജനിപ്പിച്ചവരെ ഒരല്‍പ്പമെങ്കിലും വേദനപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും ഗതി പിടിയ്ക്കത്തില്ല.എന്റെ മകനതെന്നറിയുമോ ആവോ"

പറഞ്ഞുതീര്‍ത്തിട്ടവര്‍ സാരിത്തലപ്പുകൊണ്ട് കഴുത്തൊക്കെയൊന്നുതുടച്ചുകൊണ്ട് സംസാരമവസാനിപ്പിച്ചമട്ടില്‍ സീറ്റിലേയ്ക്കു ചാരിക്കിടന്നു കണ്ണുകളടച്ചു.

അവരുടെ വാക്കുകള്‍ ചാട്ടുളികള്‍ പോലെ അയാളുടെ ഉള്ളില്‍ കുത്തിക്കയറിക്കൊണ്ടിരുന്നു.താന്‍ വരുന്നതും കാത്ത് ചോറും വിളമ്പിക്കാത്തിരിക്കുന്ന ഒരു വൃദ്ധരൂപം അയാളുടെ മനോമുകുരത്തില്‍ ശക്തിയായി മിന്നിത്തിളങ്ങി.എന്നെങ്കിലും താനവരെ സ്നേഹിച്ചിട്ടുണ്ടോ.എങ്ങിനെ കഴിയുന്നുവെന്ന് തിരക്കിയിട്ടുണ്ടോ.ഇപ്പോള്‍ ഒന്ന് കണ്ടിട്ടുതന്നെ മാസങ്ങളായി.ആദ്യമായി അയാള്‍ക്കു തന്നോടുതന്നെ പുശ്ചംതോന്നി. തന്റെ വയ്യാണ്ട്കിടക്കുന്ന മാതാവിനൊന്നും വരുത്തരുതേയെന്നു പ്രാര്‍ഥിച്ചുകൊണ്ട് കണ്ണുമടച്ച് സീറ്റില്‍ ചാരിയിരിക്കുന്ന ആ സ്ത്രീയെ ഒന്നു തൊഴണമെന്ന് അയാള്‍ക്കു തോന്നി.

അടുത്ത ബസ്സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ അയാള്‍ തന്റെ തോള്‍സഞ്ചിയും ചുമലിലിട്ട് പെട്ടന്ന് പുറത്തേയ്ക്കിറങ്ങി.തന്റെ ഗ്രാമത്തില്‍ക്കൂടിക്കടന്നുപോകുന്ന വണ്ടിക്കുവേണ്ടി സിമന്റ്ബഞ്ചില്‍ അയാള്‍ കാത്തിരിപ്പാരംഭിച്ചു.

ശ്രീക്കുട്ടന്‍

Tuesday, November 9, 2010

അവസാനത്തെ വഴി

"എടാ നിന്നെ പെറ്റുവളര്‍ത്തി ഈ നിലയിലാക്കിയപ്പം എന്നെ വേണ്ടല്ലേ.ഇന്നലെക്കേറിവന്ന നിന്റെ ഭാര്യ പറയുന്നതാണ് നെനക്കു വലുത്.എനിക്ക് ഒരു വെലേമില്ലല്ലേ.അല്ലേലുമെനിക്കറിയാം നീ ഇങ്ങനയേ ചെയ്യുവൊള്ളന്ന്.ഞാനിപ്പം ആരുമല്ലല്ലോ".ഫോണിന്റെ മറുതലയ്ക്കല്‍നിന്നുമുയരുന്ന കരച്ചിലും പറച്ചിലുമൊക്കെക്കേട്ട് ഹരിയ്ക്ക് തല പെരുക്കുന്നതുപോലെ തോന്നി.

"ഹലോ..അമ്മേ..അമ്മയെന്താ ഇങനെയൊക്കെപ്പറയുന്നത്.ഞാനെപ്പോഴെങ്കിലും അമ്മയെ വിഷമിപ്പിക്കുന്നവിധത്തില്‍ എന്തേലും പറഞ്ഞിട്ടൊണ്ടോ.അമ്മ ആവശ്യമില്ലാത്ത കാര്യങ്ങളാണ് ചിന്തിച്ചുകൂട്ടുന്നത്"

"അതേടാ.ഞാനിപ്പോള്‍ കാണിയ്ക്കുന്നതും പറയുന്നതുമൊക്കെ നെനക്ക് ആവശ്യമില്ലാത്തതായിതോന്നും.നീ നിന്റെ ഭാര്യേം ഭാര്യവീട്ടുകാരും പറയുന്നത് മാത്രം കേട്ടാല്‍ മതി.പക്ഷേ മോളിലിരുന്ന് ഒരുത്തന്‍ ഇതെല്ലാം കാണേം കേക്കേം ചെയ്യണൊണ്ടെന്ന് ഓര്‍മ്മിച്ചുജീവിച്ചാ നെനക്കു കൊള്ളാം"

"എന്റമ്മേ.ഇതു കൊറച്ച് കഷ്ടമാണ്.നിങ്ങള്‍ രണ്ടുപേരും കൂടി ഇങ്ങിനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യാനാ.ഇത്രേം ദൂരെ ഈ മരുഭൂമിയില്‍ വന്നുകിടന്ന് കഷ്ടപ്പെടണ എനിക്ക് ഒരല്‍പ്പം മനസ്സമാധാനം കൂടി തരില്ലെന്നു വച്ചാല്‍"

"അതേടാ.നിനക്കു മനസ്സമാധാനക്കേടുണ്ടാക്കുന്നത് ഞാന്‍ തന്നെ.നീ ഒരു കാര്യം ചെയ്യ്.നീ ഒണ്ടാക്കിവച്ച ആ കടം എങ്ങിനേലും ഒന്നു തീര്‍ത്തുതാ.എന്നിട്ടു നീ എന്തുവേണേലുമായിക്കോ.ഞാന്‍ നിന്റെ ആരുമല്ലല്ലോ"

"കഷ്ട്മുണ്ടമ്മേ.നിങ്ങള്‍ ഇതേവരെ എന്നെയൊന്നു മനസ്സിലാക്കിയില്ലല്ലോ.ഞാനുണ്ടാക്കിയ കടമാണ് പ്രശ്നമല്ലേ.എന്തായാലും അതു ഞാന്‍ തീര്‍ത്തിരിക്കും.അതോര്‍ത്ത് ആരും വെഷമിക്കണ്ട.പിന്നെ രാധു എന്തേലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അമ്മ അവളോട് ക്ഷമിക്കണം.അവളുടെ അറിവില്ലായ്മയായിക്കരുതിയാല്‍ മതി"

"എനിക്കാരോടും ഒരു പെണക്കോമില്ല.അല്ലേലും അവള് പാവമാ.പിന്നെ അവളുടെ വീട്ടിലേയ്ക്കു പോയിട്ട് ആഴ്ച രണ്ടുകഴിഞ്ഞു.തിരിച്ചുവരണമെന്നു വല്ല വിജാരോമൊണ്ടോന്നു നോക്കിയേ.എന്തിനു ഒന്നു ഫോണ്‍ ചെയ്തതു പോലുമില്ലല്ലോ"

"അതമ്മേ അവള്‍ക്കു പനി പിടിച്ചതുകൊണ്ടല്ലേ.രണ്ടുമൂന്നു ദെവസത്തിനുള്ളില്‍ അവള്‍ വരും.ഞാനവളെയൊന്നു വിളിക്കട്ടെ.ശമ്പളം ഉടനെകിട്ടും.കിട്ടിയാലുടനേ ഞാനയച്ചുതരാം.മറ്റു വിശേഷമൊന്നുമില്ലമ്മേ.വയ്ക്കട്ടെ ഫോണ്‍"

"നീ അവളെ വിളിച്ചു ഒന്നും പറയാനൊന്നും നിക്കണ്ട.അതൊരു പാവമാ.ആ വീട്ടുകാരാ വെഷം കുത്തിവച്ചുകൊടുക്കുന്നത്.പിന്നെ വേറെ വിശേഷമൊന്നുമില്ല.നെനക്കു സുഖം തന്നെയല്ലേ.ഇവിടത്തെ കാര്യമൊന്നുമോര്‍ത്തു നീ വെഷമിക്കണ്ട.ശരി പൈസകളയണ്ട.വച്ചോ"

"ശരിയമ്മേ"

ഒരു നെടുവീര്‍പ്പോടെ ഹരി ഫോണ്‍ കട്ടു ചെയ്തു.

"എന്താ അളിയാ പ്രശ്നം"

വിഷണ്ണനായി തലയും കുനിച്ചിരിക്കുന്ന ഹരിയോടായി മനോജ് ചോദിച്ചു.

"ഒന്നുമില്ലളിയാ.നിന്റെ കയ്യിലൊണ്ടെങ്കില്‍ ഒരു കാര്‍ഡ്മേടിക്കാനുള്ള കാശ് താ.എനിക്കൊന്നു ഫോണ്‍ ചെയ്യണം".

മനോജ് നീട്ടിയ കാശ് വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് ഹരി തൊട്ടടുത്തുള്ള ഗ്രോസ്സറിയിലേയ്ക്കു നടന്നു.കാര്‍ഡ് വാങ്ങി അത് ചാര്‍ജ്ജ് ചെയ്തശേഷം അവന്‍ അടുത്തുള്ള തണല്‍മരത്തിനടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട് രാധുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.വളരെനേരം ബെല്ലടിച്ചിട്ടും ഫോണെടുക്കാത്തതിനാല്‍ അല്‍പ്പം ഈര്‍ഷ്യയോടെ അവന്‍ ഫോണ്‍ കട്ടുചെയ്തു പോക്കറ്റിലിട്ടുകൊണ്ട് റൂമിലേയ്ക്കു മടങ്ങി.

"എന്താ അളിയാ.വിളിച്ചില്ലേ"

"ഹൊ ലൈന്‍ പ്രോബ്ലമാടാ.കൊറച്ചു കഴിഞ്ഞു വിളിയ്ക്കാം.എനിക്കും കൂടിയൊന്നൊഴിക്ക്".ക്ഷീണഭാവത്തോടെ അവന്‍ കട്ടിലിലേയ്ക്കിരുന്നു.മനോജ് നീട്ടിയ ഗ്ലാസ്സ് വാങ്ങി അവന്‍ വായിലേയ്ക്കു കമിഴ്ത്തി.രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ടവന്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.

"എടാ മനോ.നീയാണെടാ ഏറ്റവും ഭാഗ്യവാന്‍.കാരണം നീ ഒറ്റത്തടിയല്ലേ.നെനക്കറിയുമോ ഒരാളിന്റെ ശനിദശതൊടങ്ങുമ്പോഴാണ് അയാള്‍ വിവാഹം കഴിക്കുന്നത്.അതോടുകൂടി നമുക്കുണ്ടായിരുന്നെന്ന് നാം കരുതുന്നതെല്ലാം നമുക്ക് ഇല്ലാണ്ടാവും.ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ.നീ ഒരിക്കലും കല്യാണം കഴിക്കരുത്.അഥവാ കഴിച്ചാല്‍ ......എനിക്കൊന്നും പറയാനില്ല മോനേ.നീ ഒന്നൂടെയൊഴിച്ചേ" ചുമരിലേയ്ക്കു ശരീരം താങ്ങിക്കൊണ്ട് ഹരി സിഗററ്റ് ആഞ്ഞുവലിച്ചു.

"മതി കുടിച്ചത്.ഇനി കെടന്നൊറങ്ങാന്‍ നോക്ക്.ഒരു കള്ളുകുടിക്കാരന്‍ വന്നിരിക്കുന്നു". മനോജ് അവനെ രൂക്ഷമായൊന്നു നോക്കിപ്പറഞ്ഞുകൊണ്ട് കള്ളുകുപ്പിയെടുത്തുമാറ്റിവച്ചു.

"ഇല്ലളിയാ.എനിക്കൊരുകുഴപ്പവുമില്ല.ഒരെണ്ണം കൂടി വേണമെനിക്ക്.കൊറേ നാളായി സമാധാനമായിട്ടൊന്നുറങ്ങിയിട്ട്.നീ ഒഴിക്കെടാ.എന്താ നെനക്കും വേണ്ടാതായോ എന്നെ"

"തൊടങ്ങിയവന്റെ സെന്റി.എടാ പ്രശ്നങളില്ലാത്ത ജീവിതങ്ങളില്ല.അതിനെ നേരിടുന്നതിലാണു മിടുക്ക്.ഒരല്‍പ്പം പൊട്ടലും ചീറ്റലുമൊന്നുമില്ലെങ്കില്‍ പിന്നെ എന്തു കുടുംബം.നീ മനസ്സുപുണ്ണാക്കണ്ട.എല്ലാം ശ്ആരിയാവും.രണ്ടുകൂട്ടരും അവരവരുടെ സ്നേഹം തിരിച്ചറിയുമ്പോള്‍ എല്ലാപ്രശ്നങ്ങളും തീരും.ഇതും കൂടിയടിച്ചിട്ട് കെടന്നൊറങ്ങാന്‍ നോക്ക്.നെനക്കു രാവിലേ പോകാനുള്ളതല്ലേ"
ഗ്ലാസ്സില്‍ അല്‍പ്പമൊഴിച്ച് വെള്ളവും ചേര്‍ത്ത് മനോജ് ഹരിക്ക് നീട്ടി.

അതു വാങ്ങിക്കുടിച്ചുകൊണ്ട് ഹരി ഫോണുമായി പുറത്തേയ്ക്കിറങ്ങി.പുതിയൊരുസിഗററ്റെടുത്തുകൊളുത്തിക്കൊണ്ട് അവന്‍ തന്റെ ഭാര്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

തന്റെ ഗ്ലാസ്സില്‍ ഒരെണ്ണംകൂടിയൊഴിച്ചുകൊണ്ട് മനോജ് ടിവിയിലേയ്ക്കു ശ്രദ്ധിച്ചു.ഏതോ ചവറുസീരിയല്‍ നടക്കുകയാണ്.പിറുപിറുത്തുകൊണ്ടവന്‍ റിമോട്ടെടുത്ത് ചാനലുകള്‍ ഒന്നൊന്നായി മാറ്റുവാന്‍ തുടങ്ങി.എരിഞ്ഞുതീരാറായ സിഗററ്റ്കുറ്റി റൂമിന്റെ മൂലയിലേയ്ക്ക് നീട്ടിയെറിഞ്ഞിട്ടവന്‍ മറ്റൊരെണ്ണം തീ പിടിപ്പിച്ചു.ഹരിയുടെ കാര്യമോര്‍ത്തവനു സങ്കടം തോന്നി.പാവം.ഭാര്യയുടേയും അമ്മയുടേയും നടുവില്‍ക്കിടന്നവന്‍ ശ്വാസമ്മുട്ടുകയാണ്.അവനു രണ്ടുപേരും വേണം.രണ്ടുപേര്‍ക്കും അവനേയും വേണം.പിന്നെയെവിടെയാണു പ്രശ്നമെന്നോര്‍ത്ത് അവന്‍ ചിന്താമഗ്നനായി.എന്തായാലും അടുത്തമാസം താന്‍ നാട്ടില്‍ പോകുമ്പോള്‍ അവന്റെ വീട്ടിലൊന്നുപോയി രണ്ടുകൂട്ടരുമായി സംസാരിക്കണം.സിഗററ്റ് വലിച്ചുകൊണ്ടവന്‍ പുറത്തെയ്ക്കു നോക്കി.ഹരിയുടെ ഒച്ച ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.ഇവനിന്തെന്തിന്റെ കേടാണ്.കള്ളും കുടിച്ചുവെളിവില്ലാതെ എന്തൊക്കെയാണു പുലമ്പുന്നത്.അവന്‍ ഡോര്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.

"ഞാന്‍ കാണിച്ചുതരാം എല്ലാത്തിനേം.നെനക്കും അവര്‍ക്കുമെല്ലാം പരാതി പറയാനും അതു കേള്‍ക്കാനും ഞാനുണ്ട്.എനിക്കോ. ആരുമില്ല...ആരും.നിങ്ങളുടെ ഭാഗങ്ങള്‍ ജയിക്കട്ടെ.എനിക്കിനിയൊന്നും പറയാനില്ല.ഗുഡ്നൈറ്റ്"

മൊബൈല്‍ഫോണ്‍ ഓഫ്ചെയ്തിട്ട് ഒന്നും മിണ്ടാതെ ഹരി മുറിക്കകത്തേയ്ക്കു കയറിപ്പോയി.സിഗററ്റ് വലിച്ചുതീര്‍ന്നിട്ട് മനോജും തിരിച്ചുകയറി.കട്ടിലില്‍ ചരിഞ്ഞുകിടക്കുന്ന ഹരിയെ അവന്‍ അല്‍പ്പനേരം സൂക്ഷിച്ചുനോക്കി.കരയുകയായിരിക്കുമോ അവന്‍.ഒരു തൊട്ടാവാടിയാണവന്‍.കിടക്കട്ടെ.നല്ല ഒരുറക്കമുറങ്ങട്ടെ.അവന്‍ തന്റെ ഡൂട്ടിക്ക് പോകുന്നതിനായി തയ്യറെടുത്തു.കുളിയെല്ലാം കഴിഞ്ഞ് ഡ്രെസ്സ്മാറി അവനിറങ്ങുമ്പോള്‍ ഒരിക്കല്‍ക്കൂടി ഹരിയെ നോക്കി.അതേ കിടപ്പുതന്നെ.

രാവിലെ മടങ്ങിയെത്തിയ മനോജ് അലങ്കോലമായിക്കിടന്ന റൂം വൃത്തിയാക്കി.ഹരി മുറിയിലില്ലായിരുന്നു.അവന്‍ പോയിക്കാണും.കുളിയും പല്ലുതേയ്പ്പുമെല്ലാം പിന്നത്തേയ്ക്കുമാറ്റിവച്ചിട്ടവന്‍ തലേദിവസത്തെ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതില്‍ നിന്നും ഒരെണ്ണമൊഴിച്ചുകഴിച്ചിട്ട്‍ കട്ടിലില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു.അല്‍പ്പസമയത്തിനകം ഉറക്കമാവുകയും ചെയ്തു.

തുടര്‍ച്ചയായി മൊബൈല്‍ബെല്ലടിക്കുന്നതുകേട്ടാണവനുണര്‍ന്നത്.കയ്യെത്തി അവന്‍ തന്റെ സെറ്റെടുത്തു.അതിലല്ല.പിന്നേതു സെറ്റ്.ഹരിയിന്നു മൊബൈലെടുക്കാതെയാണോ പോയതു.ഹരിയുടെ കട്ടിലില്‍ കിടന്നു മുഴങ്ങുന്ന മൊബൈലെടുത്തവന്‍ നോക്കി.ഹരിയുടെ ഭാര്യയാണു.ഫോണെടുത്ത് കാര്യം പറയണോയെന്നവന്‍ ഒരുനിമിഷം ശങ്കിച്ചു.പെട്ടന്ന് ആ ശബ്ദം നിലച്ചു.ആശ്വാസത്തോടെ അവന്‍ ഫോണ്‍ ഹരിയുടെ കട്ടിലില്‍ തന്നെ വച്ചശേഷം വീണ്ടും തന്റെ പുതപ്പിനടിയിലേയ്ക്കൂര്‍ന്നുകയറി.കുറച്ചുസമയത്തിനുശേഷം വീണ്ടുമാസെറ്റു ചിലയ്ക്കാനാരംഭിച്ചപ്പോള്‍ മനോജ് ഗാഡനിദ്രയിലാണ്ടിരുന്നു.ആ സെറ്റിനുടമസ്ഥനപ്പോള്‍ തൊട്ടടുത്ത ബാത് റൂമിലെ ടൈല്‍സ് പതിച്ച ചുമരില്‍ ചാരി കണ്ണും തുറന്ന് നിശ്ചലനായിരിക്കുന്നുണ്ടായിരുന്നു.തറയിലാകെ ആ കൈകളില്‍ നിന്നുമൊഴുകിപ്പരന്ന ചുടുചോര കട്ടപിടിച്ചുകിടക്കുന്നുണ്ടായിരുന്നു.


ശുഭം


ശ്രീക്കുട്ടന്‍

Thursday, October 28, 2010

കുമാരനും അമ്മിണിയും പിന്നെ മീനാക്ഷിയും

"ങ്ഹാ ഞാന്‍ മതിയാക്കി.വീട്ടീപ്പോണം.സമയ്മൊരുപാടായി.ഇനീം താമസിച്ചാ ശരിയാവുകേലാ"

കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കിയിട്ട് എഴുന്നേറ്റു നിന്ന് ഒരു ബീഡിയെടുത്തു കൊളുത്തി പുക വലിച്ചുവിട്ടുകൊണ്ട് കുമാരന്‍ പറഞ്ഞു.

"ങ്ഹാ..പൊയ്ക്കോ..പൊയ്ക്കോ..ഇന്നു കൊറേ കിട്ടിയല്ലോ.പെട്ടന്ന് കൊണ്ട് പൊയ്ക്കോ.നാളേം ഇങ്ങോട്ടു തന്നെ വരാനൊള്ളത് തന്നല്ല്"

വേലു മൂപ്പിലു ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് മറ്റുള്ളവരെ നോക്കിക്കൊണ്ട് പറഞ്ഞു.

"കുമാരോ എന്താടാ ഇത്ര പെട്ടന്ന് പോണത്.ഷാപ്പു പൂട്ടിപ്പോവത്തില്ലെടാ.ബാ ഒരു രണ്ട് കൈ കൂടി നോക്കാം.നെനക്കൂടെ ഇടട്ടെ"

ബാക്കിയുള്ളവര്‍ക്ക് ചീട്ട് കുത്തിയിട്ടുകൊണ്ട് സുദേവന്‍ കുമാരനോടായിപ്പറഞ്ഞു.

"വേണ്ട സുദേവാ.എനിക്കു വേറൊരു സ്ഥലം വേരെ പോവാനൊണ്ട്.നാളെയാട്ടെ"

തോര്‍ത്തെടുത്ത് ഒന്നു മുഖം തൊടച്ചുകൊണ്ട് കുമാരന്‍ ഇടവഴിയിലെയ്ക്കു കയറി മുന്നോട്ടു നടന്നു.

"അവന്‍ സുഗുണന്റെ വീട്ടീപ്പോവുവാ.നല്ല സൊയമ്പന്‍ നാടന്‍ കിട്ടുമല്ലോ അവിടെ.കൂട്ടത്തീ ദേവകീനേം കാണാം.അവളെകാണുമ്പം തന്നെ ആരും ഫിറ്റാകുമല്ലോ.ഇന്നവന്റെ കയ്യിലൊള്ളതെല്ലാം അവിടെത്തന്നെ."

ഒരു ചിരിചിരിച്ചിട്ട് തനിക്കിട്ട ചീട്ടെടുത്ത് നോക്കിക്കൊണ്ട് ബാവച്ചി പറഞ്ഞു.

"എത്രയൊക്കെ താമസിച്ചാലും മൊടങ്ങാണ്ട് അമ്മിണീടെ നടുവിനു രണ്ടിടിയിടിച്ചില്ലെങ്കി കുമാരനൊറക്കം വരത്തില്ല.അയലോക്കക്കാരൊക്കെ എത്രവട്ടം പറഞ്ഞതാ.അവരും മടുത്തു"

"എന്റെ ചെല്ലപ്പണ്ണാ നിങ്ങ കണാകുണാ പറഞ്ഞോണ്ടിരിക്കാതെ അങ്ങോട്ട് കളിച്ചാണ്.നല്ലൊരു കൈ കേറിയപ്പോഴാണ് അയാക്കടെയൊരു.."

"സുദേവാ നീ ചൂടാവാതെടാ.ദേ കളിച്ചിരിക്കുന്നൊരമ്പത്"

പൈസയെടുത്ത് തോര്‍ത്തേലിട്ടിട്ട് ചെല്ലപ്പനവര്‍കള്‍ തലയുയര്‍ത്തി സുദേവനെ നോക്കി

.....................................................................................

നടേശന്‍ മൊതലാളീടെ തടിമില്ലിലെ ജോലിക്കാരനാണ് മിസ്റ്റര്‍ കുമാരന്‍.ഭാര്യ അമ്മിണി.ഒരേയൊരു മകള്‍ മധുരപ്പതിനേഴുകാരിയായ മീനാക്ഷി എന്ന മീനു.കുമാരന്റെ വീക്ക്നെസ്സാണ് മീനാക്ഷി.എത്ര അടിച്ചു കുന്തം മറിഞ്ഞുവന്നാലും മീനാക്ഷിയ്ക്കുള്ള പലഹാരങ്ങള്‍ മേടിച്ചുകൊണ്ട് വരാന്‍ കുമാര്‍ജി മറക്കാറില്ല.പക്ഷേ വാമഭാഗത്തിനോട് അത്ര മമത പുള്ളിക്കാരനില്ല എന്നതാണു സത്യം.കിടക്കുന്നതിനുമുമ്പ് ഒരു രണ്ടിടിയെങ്കിലും അമ്മിണിയ്ക്കു കൊടുക്കേം വേണം ഒരു നാലഞ്ചു ചട്ടീം കലോം പൊട്ടിയ്ക്കേം വേണം.മേലു നന്നായിട്ടു നോവുമ്പം അമ്മിണിയും തിരിച്ച് അള്ളുകേം മാന്തുകേമൊക്കെ ചെയ്യും.നല്ല മുട്ടന്‍ തെറീം വിളിക്കും.മില്ലിലെ പണിയൊക്കെക്കഴിഞ്ഞ് നാണുപിള്ളയുടെ പണയിലെ ചീട്ടുകളിഗോദായിലും വരവുവച്ച് ബാക്കി കയ്യിലെന്തേലുമൊണ്ടെങ്കി സുഗുണന്റെ വീട്ടീന്ന് കൊറച്ചു നാടനുമടിച്ച് വീട്ടിലേയ്ക്ക് നല്ല നാടന്‍ പാട്ടുമൊക്കെപ്പാടിയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണു.ഈ വരവില്‍ ആരെങ്കിലും കുമാരനോടെന്തേലും ചോദിച്ചുപോയാള്‍ അവരുടെ സമയം അത്ര നന്നല്ലായിരുന്നു എന്നു കരുതിക്കോണ്ടാ മതി.ഒരുവിധമെല്ലാപേര്‍ക്കും കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് ആരും പോയി തലവച്ചുകൊടുക്കാറില്ല.

.....................................................................................

സുഗുണന്റെ വീട്ടിലേയ്ക്കുള്ള വഴിയെത്താറായപ്പോള്‍ കുമാരന്‍ ഒന്നു നിന്നു.കാലുകള്‍ ആ ഭാഗത്തേയ്ക്കു വലിയ്ക്കുന്നു.വേണ്ട.താന്‍ കുടി നിര്‍ത്തിയെന്ന് ശപഥം ചെയ്തതതാണു.ഇനി കുടിക്കത്തില്ല.ആരോടുമിതു പറഞ്ഞിട്ടില്ല.പറഞ്ഞാലുമാരും വിശ്വസിക്കില്ല.
അമ്മിണിയ്ക്കും മീനാക്ഷിക്കും ഇന്നിതൊരു അത്ഭുതമായിരിക്കും.തലവെട്ടിച്ചുകൊണ്ട് കുമാരന്‍ തന്റെ വീട്ടിലേയ്ക്കു വേഗത്തില്‍ നടന്നു.

വീട്ടിലേയ്ക്കു നടക്കുമ്പോള്‍ കുമാരന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുകയായിരുന്നു.തലേന്നു രാത്രിയിലത്തെ സംഭവങ്ങള്‍ മനസ്സിലേയ്ക്ക് അലയടിച്ചുവന്നുകൊണ്ടിരിക്കുന്നു.പതിവുപോലെ അടിച്ചുപൂക്കുറ്റിയായി താന്‍ വീട്ടിചെന്നതും ചെന്നപാടെ അമ്മിണിയ്ക്കുള്ള പതിവുകൊടുത്തിട്ട് അടുക്കളേക്കേറി കറിച്ചട്ടി എറിഞ്ഞുപൊട്ടിച്ചതും പിന്നെ ഇളിയില്‍ കരുതിയിരുന്ന ബാലന്‍സ് ചാരായം കുടിയ്ക്കാന്‍ എടുത്തപ്പോ മീനാക്ഷി വന്ന് അതു പിടിച്ചുവാങ്ങി അവളു കൊറച്ചുകുടിച്ചതും എല്ലാം ഒരു നാടകം പോലെ കുമാരനോര്‍മ്മിച്ചു.പിന്നെ എന്തൊക്കെ പുകിലുകളായിരുന്നു.എപ്പോഴാണുറങ്ങിയതെന്നറിയില്ല.രാവിലെ എഴുന്നേറ്റ് ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ മകളുടെ മുഖത്തുനോക്കാന്‍ പോലും തനിയ്ക്കു തോന്നിയില്ല.അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒന്നുമുണ്ടായ ലക്ഷണമില്ലായിരുന്നു.അപ്പോഴേ താന്‍ തീരുമാനിച്ചിരുന്നു.

തുണി കഴുകി വിരിച്ചിട്ട് തിരിഞ്ഞ അമ്മിണി ആ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ നിന്നുപോയി.എത്രയെങ്കിലും കാലത്തിനുശേഷം ആദ്യമായി തന്റെ കണവന്‍ സുബോധത്തോടെ തന്റെ മുമ്പില്‍ അതും സന്ധ്യയാവുന്നതിനുമുന്‍പേ വന്നു നില്‍ക്കുന്നു.ഒരു കയ്യില്‍ അഞ്ചെട്ട് മീനും മറ്റേ കയ്യില്‍ ഒരു വലിയ കവറും പിടിച്ചു തന്നെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കുമാരനെ അവള്‍ അതിശയത്തോടെ നോക്കി.

"ഇന്നാടീ അമ്മിണീ.ഇതു നല്ല പൊഴമീനാ.ആ കരുണന്റെ കയ്യീന്നു മേടിച്ചതാ.നീ നല്ല കൊടമ്പുളിയൊക്കെയിട്ട് ഒന്നു കുറുക്കി വച്ചേ.ഈ കവറിലൊള്ളത് മീനുവിനൊരു ചുരിദാറും പിന്നെ നെനക്കൊരു സാരിയുമാണ്.കൊറച്ചു കാശിന്നുകിട്ടി.ഞാനൊന്നു കുളിക്കട്ടെ.ആ എണ്ണയൊന്നിങ്ങെടുത്തേ.ഞാനൊന്നു കുളിക്കട്ടെ"

അന്തം വിട്ടു നില്‍ക്കുന്ന അമ്മിണിയുടെ കയ്യില്‍ സാധനമെല്ലാമേല്‍പ്പിച്ചശേഷം കുമാരന്‍ ഇറയത്തേയ്ക്കു കയറി.ആദ്യത്തെ അമ്പരപ്പ് ഒന്നു മാറിയ അമ്മിണി അടുക്കളയില്‍ നിന്നും എണ്ണയെടുത്തുകൊണ്ടു വന്നു ഭര്‍ത്താവിനുകൊടുത്തു.എന്നിട്ട് മീന്‍ തയ്യാറാക്കാനായി അടുക്കളയിലേയ്ക്കു മടങ്ങി.

മീനാക്ഷിയും അമ്പരപ്പില്‍ തന്നെയായിരുന്നു.ഒറ്റദിവസം കൊണ്ട് അച്ഛനുണ്ടായ മാറ്റം അവള്‍ക്കും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല.അവസാനകയ്യെന്ന നിലയ്ക്കു തലേന്നു കാട്ടിയത് ഫലവത്തായതില്‍ അവള്‍ ആഹ്ലാദഭരിതയായിരുന്നു.വളരെ നാളുകള്‍ക്കുശേഷം അന്നാ വീട്ടില്‍ മൂവരും ഒരുമിച്ച് ആഹാരം കഴിക്കുകയും നേരത്തേ വിളക്കണച്ചുറക്കമാവുകയും ചെയ്തു.

....................................................................................

"എടീ അമ്മിണ്യേ..നിന്റെ കെട്യോന്‍ നാലഞ്ചുദെവസായീട്ട് വഴക്കും ബഹളോമൊന്നുമില്ലല്ലോടീ.കുടിയൊക്കെ നിര്‍ത്തിയെന്നുകേട്ടു.ഒള്ളതാണോടീ...നീയുന്തു മന്ത്രവാ ചെയ്തേ"

അയല്‍ വക്കത്തെ ശ്യാമളയുടെ അമ്മ സുകുമാരിചേച്ചി അമ്മിണിയെക്കണ്ടപ്പോ മാറ്റിനിര്‍ത്തി ചോദിച്ചു.

"അതേ അമ്മച്ചി.ഇപ്പം കുടീമില്ല വഴക്കുമില്ല ഒരു ബഹളോമില്ല.വൈകുന്നേരത്തിനു മുമ്പേ വീട്ടിവരും.എന്റെ പ്രാര്‍ഥന ദൈവം കേട്ടതാ"

"ഹൊ എന്തോ പറഞ്ഞാലും ആ ചീത്തവിളീം ബഹളോം കേള്‍ക്കാനൊരു സൊകമൊണ്ടായിരുന്നു.അതു ഒരു ദെവസി കേട്ടില്ലെങ്കി എനിക്കൊരു എന്തോപോലായിരുന്നു. എന്റെ ഒറക്കം പോയെന്നു പറഞ്ഞാമതീല്ലോ"

അമ്മിണി അവരെ രൂക്ഷയൊന്നു നോക്കി.അതു കാണാത്തഭാവത്തില്‍ അവര്‍ തിരിഞ്ഞു നടന്നു.

"ഇപ്പോ ഇതെത്രദെവസായി.എപ്പോഴും ഇങ്ങനെ വീട്ടിത്തന്നെയിരിക്കുന്നു.നിങ്ങളൊന്നു പൊറത്തോട്ടൊക്കെയെറങ്ങാത്തതെന്താ"

രാത്രി കെടക്കാന്‍ നേരം അമ്മിണി കുമാരനോടു ചോദിച്ചു.

"ഹേയ് ഒന്നുമില്ല.എറങ്ങ്യാപിന്നെ കൂട്ടരെയൊക്കെകാണുമ്പം ചീട്ടുകളിക്കാനും കുടിയ്ക്കാനുമൊക്കെ തോന്നും.വേണ്ട".അലസനായി കുമാരന്‍ പറഞ്ഞു.

"ഒത്തിരി വല്ലപ്പോഴും കുടിക്കുന്നതുകൊണ്ട് കൊഴപ്പമില്ല.സത്യത്തില്‍ മുമ്പ് നിങ്ങള്‍ കുടിച്ചിട്ടു വന്ന് ഇവിടെ ബഹളമൊക്കെയുണ്ടാക്കുമ്പം ഒത്തിരി രസമൊക്കെയുണ്ടായിരുന്നു.ഇപ്പം വീടൊറങ്ങിപ്പോയെന്ന് എല്ലാരും പറേണ്.നിങള്‍ ഒരല്‍പ്പം കഴിച്ചിട്ടുവരുന്നതാ എനിക്കും സന്തോഷം.കൂടുതലു കുടിക്കാതിരുന്നാ മതി"

കുമാരന്റെ മാറില്‍ വിരലോടിച്ചുകൊണ്ട് അമ്മിണി പറഞ്ഞു.

"നിന്റെയിഷ്ടമാണെന്റെയിഷ്ടം പൊന്നേ". അവളെ ദേഹത്തോടു ചേര്‍ത്തുപിടിച്ചുകൊണ്ട് കുമാരന്‍ മെല്ലെപ്പറഞ്ഞു.
.....................................................................................

എടീ പട്ടിക്കഴുവര്‍ടമോളേ...നീ ഇതെവിടെപ്പോയിക്കെടക്കുവാണെടീ...നിന്റെയമ്മേടെയൊരു കൂമ്പാര്..

പ്..ടോ....ത്ച്ഛില്ല്‍...

എന്തോ വീണൊടയുന്ന ഒച്ചയും വലിയ ബഹളവും കേട്ട് അമ്മിണി ശ്യാമളയുടെ വീട്ടില്‍ നിന്നും തന്റെ വീട്ടിലേയ്ക്കോടിവന്നു.മുറ്റത്തുചിതറിക്കിടക്കുന്ന സാമ്പാറും കലത്തിന്റെ കഷണവും കണ്ട് ഞെട്ടിയ അവള്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ ആടിയാടിനിക്കുന്ന കുമാരനെയാണു കണ്ടത്.

"എടീ ഭാര്യേ..ഇത്രയും മതിയോ..ഞാന്‍ കുടിച്ചതു കൂടിപ്പോയൊന്നുമില്ലല്ലോ..പിന്നെ കലം ഞാന്‍ ഒന്നേ പൊട്ടിച്ചിട്ടൊള്ളു.നിന്നെ ഇടിയ്ക്കാനെനിക്കു മനസ്സുവരുന്നില്ലല്ലോ എന്റമ്മിണീ...പിന്നെ പ്രധാന്‍പ്പെട്ടൊരു കാര്യം.കയ്യിലൊണ്ടായിരുന്നതു കളിച്ചു തോറ്റപ്പം ആ സുദേവന്റടുത്ത് നമ്മുടെ ആടിനെ പണയം പറഞ്ഞു പൈസമേടിച്ചു പോയതു തിരിച്ചുപിടിയ്ക്കാന്‍ ശ്രമിച്ചു.അതും പോയടീ...പൊന്നുമോളേ..അവനാടിനെ അഴിച്ചോണ്ടുപൂവാനിപ്പോ വരും. നീ തല്ലരുതവനെ...പയങ്കരക്ഷീണ്മെന്റമ്മണീ...നീയാ പായൊന്നു വിരിച്ചിട്ടേ..ഞാനൊന്നു കെടക്കട്ടെ.നാളെ പോയ കാശെങ്ങിനെയെങ്കിലും പിടിയ്ക്കണ്മല്ലോ ദൈവമേ"

പിറുപിറുത്തുകൊണ്ട് അഴിഞ്ഞുപോയ കൈലിയും കയ്യീപ്പിടിച്ച് തപ്പി തപ്പി എറയത്തേയ്ക്കു കയറുന്ന കണവനെ അമ്മിണി കണ്ണിമയ്ക്കാതെ നോക്കി നിന്നു.

ശുഭം

ശ്രീക്കുട്ടന്‍

Saturday, October 23, 2010

പ്രതിരൂപം

ഉപദേശി

"ഇല്ല.എന്തു തന്നെയായാലും ഇക്കുറി‍ നീ പറയുന്നതു ഞാന്‍ കേള്‍ക്കില്ല"

തല വിലങ്ങനെയാട്ടിക്കൊണ്ട് ഹരീന്ദ്രന്‍ മേശമേല്‍ കയ്യൂന്നി നിന്നു. അവന്റെ മുഖമാകെ ചുവന്നുതുടുത്തിരുന്നു. അതേ നില്പ്പ് അല്പസമയം കൂടി തുടര്‍ന്നശേഷം അവന്‍ തിരിഞ്ഞു നോക്കി. തന്നെത്തന്നെ സാകൂതം നോക്കി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുകയാണവന്‍. എങ്ങനെ  ദേഷ്യം വരാതിരിക്കും. ഏതു കാര്യം ചെയ്യാനിറങ്ങുമ്പോഴും ഇടങ്കോലുമായി അവന്‍ മുമ്പില്‍ വരും. ചിലപ്പോഴൊക്കെ അവന്‍ തന്നിട്ടുള്ള മുന്നറിയിപ്പുകള്‍ കുഴപ്പങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട് എന്നത് നേര് തന്നെ. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ.

"നിനക്കൊരു വിചാരമുണ്ട്. നീ പറയുന്നത് മാത്രമാണു ശരിയെന്ന്‍. ബാക്കിയുള്ളവര്‍ എല്ലാമങ്ങ് അനുസരിച്ചുകൊള്ളണമെന്ന്‍. എന്നാല്‍ അതത്ര ശരിയായ നടപടിയല്ല"

അപ്പോഴും ചിരിച്ചുകൊണ്ടുതന്നെ നില്‍ക്കുന്ന അവനുനേരെ നോക്കി ഹരീന്ദ്രന്‍ തുടര്‍ന്നു.

"എടാ ഞാന്‍ മുമ്പ് കുറിക്കമ്പനി തുടങ്ങിയപ്പോള്‍ നീ ഇതേപോലെ എന്നെത്തടഞ്ഞതാണ്. പരിചയമില്ലാ​ത്ത ഫീല്‍ഡില്‍ ആരുടേയും വാക്കു വിശ്വസിച്ച് പണമിറക്കരുതെന്ന്‍ നീ ഉപദേശിച്ചെങ്കിലും ഞാന്‍ അത് കേട്ടില്ല. കയ്യിലുണ്ടായിരുന്നതില്‍ നിന്നും നാലഞ്ചുലക്ഷം പോയപ്പോളാണ് നീ പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്ക് ബോധ്യമായത്. തെറ്റു മനസ്സിലായാല്‍ അതു തിരുത്തണം. അപ്പോള്‍ത്തന്നെ ഞാന്‍ കുറിക്കമ്പനി അടച്ചുപൂട്ടിയില്ലേ. അതുകൊണ്ട് ബാക്കിയുള്ള പണമെങ്കിലും സേവ് ചെയ്യാനെനിക്കു കഴിഞ്ഞു. ബുദ്ധിപരമായി അങ്ങനെ ഒരു തീരുമാനം ഞാനെടുത്തിട്ട് നീയെന്നെ ഒന്നഭിനന്ദിക്കുകയെങ്കിലും ചെയ്തോ?. ഇല്ലാ. അതാ ഞാന്‍ പറഞ്ഞത്  നിനക്ക് ഉപദേശിക്കുവാന്‍ മാത്രമേ കഴിയത്തൊള്ളു"

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ഹരീന്ദ്രന്‍ മേശപ്പുറത്തിരുന്ന സിഗററ്റ് പായ്ക്കറ്റിനുള്ളില്‍ നിന്നും ഒരെണ്ണമെടുത്തുകൊളുത്തി. പുക ശക്തിയായി അകത്തേയ്ക്ക് വലിച്ചുകയറ്റിയിട്ട് അതേ പോലെതന്നെ അവന്‍ പുറത്തേയ്ക്കൂതിവിട്ടുകൊണ്ട് സംസാരം തുടര്‍ന്നു.

"ഒരു ഹോട്ടല്‍ ബിസിനസ്സ് ആരംഭിച്ചപ്പോഴും നീ കുറുക്കേ വന്നു. പിന്നെ പറയാനുണ്ടോ?. അത് പൊട്ടിപ്പൊളിഞ്ഞ് പാളീസായി. എങ്ങിനെ പൊളിയാണ്ടിരിക്കും. കരിനാക്ക് വളച്ച് നീ ആദ്യമേ പറഞ്ഞില്ലേ അതുവേണ്ടാ വേണ്ടായെന്നു. ആ ഹോട്ടല്‍ പിന്നെ പൂട്ടിപ്പോയില്ലെങ്കിലേയുള്ളു അത്ഭുതം.എടാ മനുഷ്യനായാല്‍ അല്‍പ്പം വകതിരിവു വേണം. എപ്പൊഴും ഇടങ്കോലിട്ട് പറഞ്ഞ് പിന്തിരിപ്പിക്കുകയല്ല ചെയ്യേണ്ടത്. വല്ലപ്പോഴുമൊക്കെ ധൈര്യം നല്‍കി മുന്നൊട്ടും മയിക്കണം. ഇതിങ്ങിനെ എല്ലായ്പ്പോയും കയ്യും കെട്ടി ചിരിച്ചുകൊണ്ട് നിന്ന്‍ ഉപദേശം സപ്ലൈ ചെയ്യാനായിട്ട്. ഭാഗ്യത്തിനാണ് ബസ്സ് സര്‍വീസ് ആരംഭിച്ചപ്പോള്‍ നീ ഉടക്ക് പറയാതിരുന്നത്. അതുകൊണ്ടായിരിക്കാം ദൈവം സഹായിച്ച് നല്ല രീതിയില്‍ അതിപ്പോഴും മുന്നോട്ടുപോകുന്നത്. ഒരെണ്ണത്തില്‍ തൊടങ്ങീത് ഇപ്പോള്‍‍ ആറെണ്ണമായി. ഇനിയുമത് വളരും. എനിക്കുറപ്പാ അല്ലെങ്കില്‍ നീ കണ്ടോ.

പിന്നെ നിര്‍മ്മലയുടെ കാര്യം. ഞാന്‍ നിര്‍മ്മലയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ നീ പതിവ് ഉടക്കുമായി വന്നു. അവളെ കല്യാണം കഴിച്ചാല്‍ കുഴപ്പമാകുമെന്നു പറഞ്ഞ് എന്തോരം ബഹളമായിരുന്നു. പുതുപ്പണക്കാരനായ ഞാന്‍ ഇത്രേം വല്യ ബന്ധം നേടാന്‍ ശ്രമിക്കണ്ടാ, നിന്റെ നാടന്‍ രീതികളുമായി അവളുടെ പരിഷ്ക്കാരരീതികള്‍ യോജിച്ചുപോകില്ല, നീ ഏതെങ്കിലും നാട്ടുമ്പുറത്തുകാരിപ്പെണ്ണിനെ കെട്ടുന്നതാണു നല്ലത് എന്നെല്ലാം ഒരുപാട് എതിര്‍പ്പ് പറഞ്ഞതല്ലേ. എന്നിട്ടെന്തായി. നിര്‍മ്മലയെ കെട്ടി ഞാന്‍ സന്തോഷമായി ജീവിക്കുന്നില്ലേ. പിന്നെ വല്യ വീട്ടിലെ പെണ്ണായി ജനിച്ച് പട്ടണത്തിലൊക്കെ പഠിച്ചുവളര്‍ന്ന അവള്‍ക്ക് എന്റെ നാട്ടുമ്പുറത്തിന്റെ നിര്‍ബന്ധങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നുണ്ടാവില്ലായിരിക്കാം. നമ്മളതെല്ലാം കൊറച്ച് അഡ്ജസ്റ്റ് ചെയ്യണ്ടേ. ചോറുവയ്ക്കാനും തുണികഴുകാനുമൊക്കെ ജോലിക്കാരെ വച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ അവസാനിക്കും. അല്ലെങ്കിലും ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം. ചുമ്മാ ഇങ്ങനെ ഇളിച്ചോണ്ട് നില്‍ക്കാനല്ലേ നിന്നെക്കൊണ്ടാവൂ.

അവളു പറയുന്നതിനു ഒരക്ഷരം പോലും എതിര്‍ത്തു പറയാത്തതുകൊണ്ട് എനിക്കവളെ പേടിയാണെന്ന്‍ നിനക്കൊരു വിചാരമുണ്ട്. അത് തെറ്റാണ്. എനിക്കീ ലോകത്ത് ആകെ പേടിയുള്ളത് പോലീസിനേയും പിന്നെ പട്ടികളെയുമാണ്. അതിനു കാര്യോമൊണ്ട്. കുറിക്കമ്പനി പൂട്ടിയപ്രശ്നത്തില്‍ എനിക്കൊന്ന്‍ സ്റ്റേഷനില്‍ കേറേണ്ടിവന്നു. അന്നത്തോടെ പോലീസിനെ ഞാന്‍ വെറുത്തുപോയി.  കൊച്ചിലേ ഒരിക്കല്‍ പട്ടികടിച്ചുപിന്നിയതുമൂലം പൊക്കിളിനുചുറ്റും നല്ല ഒന്നാന്തരം പണികിട്ടിയതോണ്ടാ ആ വര്‍ഗ്ഗത്തെ പേടിയായത്. അല്ലാതെ എനിക്കു ഈ ഭൂമിയില്‍ മറ്റൊന്നിനേം പേടിയില്ല. നിര്‍മ്മലയ്ക്കു പട്ടികളെ വല്യ കാര്യമായിപ്പോയതുമൂലം എനിക്കും അവയെ സ്നേഹിക്കാതെ തരമില്ലാതായിരിക്കുന്നു. നീ ചിരിക്കണ്ട. നമ്മുടെ വീട്ടിലെ പട്ടികളെ കുളിപ്പിക്കുന്നതും അവയെ ഒത്തിരി നടത്താന്‍ കൊണ്ടുപോകുന്നതുമൊന്നും അത്ര വല്യ തെറ്റുള്ള കാര്യമൊന്നുമല്ല. ഉവ്വോ"

വാതിലിലൂടെ തലപുറത്തേയ്ക്കിട്ടു നോക്കിയിട്ട് ഹരീന്ദ്രന്‍ സിഗററ്റ്കുറ്റി ജനലിലൂടെ ദൂരേയ്ക്കു വലിച്ചെറിഞ്ഞു കൊണ്ട് വീണ്ടും പഴയസ്ഥലത്തേയ്ക്കു വന്നു.

"ഇപ്പോള്‍ നീ പറയുന്നു. ആണുങ്ങളായാള്‍ കൊറച്ചു ധൈര്യമൊക്കെ വേണ്ടേ. ഒരെണ്ണം അവളുടെ ചെപ്പക്കു കൊടുത്താല്‍ മര്യാദയ്ക്കു അവള്‍ നില്‍ക്കില്ലേ എന്നൊക്കെ. മുന്‍പ് നീ പറഞ്ഞ പല കാര്യങ്ങളും ശരിയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. നിന്റെ ഉപദേശം എനിക്കു കേള്‍ക്കുകയും വേണ്ട. ആകെയുണ്ടായിരുന്ന സമയം പോക്കായിരുന്ന ആ സുമതിയെ പറഞ്ഞുവിടണമെന്ന്‍ പറയുന്നുണ്ടവള്‍. അവളുടെ ജോലിയ്ക്ക് അത്ര വൃത്തിപോരാത്രെ. ഇനി മറ്റേതേലും കെളവിയെ വേലയ്ക്കു വയ്ക്കുന്നതുവരെ ഈ വീട്ടിലെ ജോലിയൊക്കെ ചത്തുപോയ അവടെ അപ്പന്‍ സുരേന്ദ്രന്‍പിള്ള വന്നു ചെയ്യുമെന്നാണവളുടെ വിചാരം. നീ പറഞ്ഞതുപോലെ അവളെ തല്ലാനോ വഴക്കുപറയാനോ മറ്റോ പോയാള്‍ ചിലപ്പോള്‍ വല്യ പ്രശ്നമാകും. ദേഷ്യം വന്നാല്‍ അവള്‍ക്ക് പ്രാന്താണ്. എന്തിനാണാവശ്യമില്ലാത്ത പുലിവാലൊക്കെ പിടിയ്ക്കുന്നത്. സന്തുഷ്ടമായ ദാമ്പത്യജീവിത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവണം ഭര്‍ത്താക്കന്മാര്‍. എല്ലെങ്കിലും ഇതൊക്കെ നിന്നോട് പറയുന്ന എന്നെ തല്ലണം"

"സമയം ഒരുപാട് താമസിച്ചു. ഞാനല്‍പ്പസമയം കഴിഞ്ഞുവന്നിട്ട് ബാക്കി സംസാരിക്കാം. അതുവരെ നീ ഇങ്ങിനെ മസിലും പിടിച്ചു ഇളിച്ചോണ്ട് നിന്നോ. അടുക്കളയില്‍ ഇച്ചിരി പണിയൊണ്ട്. പിന്നെ അവളുടെ പൊമറേനിയനെ കുളിപ്പിക്കേണ്ട സമയവുമായി. അതൊക്കെ ഒന്നു തീര്‍ത്തിട്ടുവന്ന്‍ നിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാം. അപ്പോള്‍ പറഞ്ഞപോലെ. ദേ ഇപ്പോ വരാം കേട്ടോ."

കണ്ണാടിയില്‍ ഒരിക്കല്‍ക്കൂടി ഹരീന്ദ്രന്‍ നോക്കി. തന്നെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുകയാണവന്‍. തന്റെ പ്രതിരൂപത്തിനുനേരെ നോക്കി ഒന്നു കൈവീശിക്കാണിച്ചശേഷം ഹരീന്ദ്രന്‍ തിടുക്കത്തില്‍ അടുക്കളയിലേയ്ക്കു നടന്നു.

ശ്രീക്കുട്ടന്‍

Wednesday, October 13, 2010

വിജയന്‍ മൊതലാളി

അയല്‍വക്കത്തെ വസുമതിചേച്ചിയുമായി തന്റെ വീട്ടിന്റെ ഗേറ്റിന്നുമുമ്പില്‍ പരദൂഷണവും പറഞ്ഞുനിന്ന സുലോചനാതങ്കപ്പന്‍ തങ്ങളുടെ തൊട്ടുമുന്‍പിലായി വന്നുനിന്ന ആ ആഡംബരക്കാറിലേയ്ക്കു സൂക്ഷിച്ചുനോക്കി. ഡ്രൈവര്‍സീറ്റില്‍ നിന്നും ചാടിയിറങ്ങിയ യുവാവ് കാറിന്റെ ബാക്ക് ഡോര്‍ തുറന്ന്‍ പിടിച്ച് ഭവ്യതയോടുകൂടി ഒതുങ്ങി നിന്നു. ബാക്ക്സീറ്റില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് ചുറ്റുപാടും ഒന്നു നോക്കിയിട്ട് സുലോചനേച്ചി നില്‍ക്കുന്നിടത്തേയ്ക്കു നടന്നു വന്നു. മനോഹരമായ കൂളിംഗ് ഗ്ലാസ്സും വച്ചു വിലകൂടിയ വാച്ചും ഡ്രെസ്സും മറ്റും അണിഞ്ഞ് തന്റെ നേരെ നടന്നടുക്കുന്ന ആ യുവാവിനെതന്നെ സുലോചന സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട നല്ല മുഖപരിചയം.പക്ഷേ ഓര്‍മ്മ വരുന്നില്ലല്ലോ.വസുമതിചേച്ചിയും ആകെ അന്തം വിട്ടപോലെ നില്‍പ്പാണ്.

"ഹലോ സുലുവമ്മായി.എന്നെ മനസ്സിലായില്ലേ."

തന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ യുവാവിനെ സുലോചന ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി.ദൈവമേ ഇത് പണ്ട് നാടുവിട്ടുപോയ വിജയനല്ലേ.തന്നെ. സംശയമൊന്നുമില്ല.വിജയന്‍ തന്നെ.

"എടാ വിജയാ നീ......."

അതിശയത്തോടെ വിളിച്ചുകൊണ്ട് സുലോചനേച്ചി അവന്റെ കയ്യില്‍ പിടിച്ചു.

"അതേ അമ്മായി ഞാന്‍ തന്നെ വിജയന്‍. പണ്ട് ജോലിയും കൂലിയുമൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന്‍ ആ പഴയ വിജയനല്ലിന്നു ഞാന്‍. ഒരു പാവം കോടീശ്വരന്‍. അതൊക്കെപ്പോട്ടെ.അമ്മവനും മറ്റും സുഖം തന്നെയല്ലേ". കൂളിംഗ് ഗ്ലാസ്സെടുത്ത് അതിനെ അരുമയായൊന്നു തുടച്ചുകൊണ്ട് വിജയന്‍ മെല്ലെ പറഞ്ഞു.

"വന്നകാലില്‍ തന്നെ നിക്കാതെ നീ അകത്തേയ്ക്കു വന്നേ. വിശേഷമൊക്കെ വല്ലതും കുടിച്ചേച്ചു പറയാം.അപ്പം വസുവേടത്തി ഒരല്‍പ്പം തിരക്കുണ്ട്, നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം.നീ വാ വിജയാ". വസുവേടത്തിയ്ക്ക് ടാറ്റ പറഞ്ഞുകൊണ്ട് സുലോചന വിജയന്റെ കൈപിടിച്ചു വീട്ടിലേയ്ക്കു നടന്നു.

"തങ്കേട്ടാ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ" സുലോചന തൊഴുത്തിലേയ്ക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

"ആരാടി" ഒരൊച്ച തൊഴുത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കു വന്നു.

"നിങ്ങളിങ്ങോട്ടൊന്നു വന്നേ മനുഷ്യാ.ചാണകമൊക്കെ പിന്നെ വാരാം" ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് സുലോചന ചായയ്ക്കു വെള്ളം വച്ചു.

അടുക്കളയിലേയ്ക്കു കടന്ന വിജയന്‍ അവിടെക്കിടന്ന വനിതാമാസികയെടുത്ത് മറിച്ചുനോക്കിക്കോണ്ടു നിന്നു.

"എന്തിനാ വന്നകാലേല്‍ തന്നെ നിക്കുന്നത്.മോനിങ്ങോട്ടിരുന്നേ"

അടുത്തുകിടന്ന കസേര തോര്‍ത്തെടുത്ത് നന്നായി തുടച്ചിട്ട് വിജയനിരിക്കാനായി സുലോചന നീക്കിയിട്ടുകൊടുത്തു.കയ്യിലിരുന്ന മാസികകൊണ്ട് ഒരിക്കല്‍ക്കൂടി പൊടിതട്ടിയശേഷം വിജയന്‍ മെല്ലെ കസേരയിലിരുന്നു.


"ആര് വന്നെന്നാടി വിളിച്ചുകൂവിയത്.ആ ജോലിയൊന്നു തീര്‍ക്കമെന്നു വച്ചാ നീ സമ്മതിക്കത്തില്ലല്ലേ"

പൈപ്പിന്ന്‍ കാലും കയ്യും മുഖവുമൊക്കെയൊന്നു കഴുകിവൃത്തിയാക്കിക്കൊണ്ട് തങ്കപ്പന്‍ നായര്‍ അകത്തേയ്ക്കു വന്നു.കസേരയില്‍ അമര്‍ന്നിരിക്കുന്ന ചെറുപ്പക്കാരനെ ആദ്യമൊന്നു പകച്ചു നോക്കിയെങ്കിലും പിന്നീട് ആ മുഖത്ത് അത്ഭുതം വിടര്‍ന്നു.

"എടാ വിജയാ. നീ... നീ ആളങ്ങ് വല്ലാണ്ട് മാറിപ്പോയല്ലോടാ.എവിടാരുന്നു കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം"

"അവനിപ്പം പഴയ വിജയനൊന്നുമല്ല. കോടീശ്വരനായ വിജയന്‍ മൊതലാളിയാ.എന്തായാലും നമ്മളെയൊന്നും മറക്കാതെ അവന്‍ മടങ്ങി വന്നല്ലോ.അതു മതി.ഈ കൈ കൊണ്ട് ഞാന്‍ എന്തോരം ചോറു കൊടുത്തിട്ടൊള്ളതാ.എന്റെ സ്വന്തം മോനെപ്പോലെയല്ലാരുന്നോ ഞാനവനെ നോക്കിയിരുന്നത്. മക്കളീ ചായ കുടിക്ക്" കയ്യിലിരുന്ന ചായ വിജയനു നീട്ടിക്കൊണ്ട് സുലോചനേച്ചി മൂക്കു തുടച്ചു.

"അന്നു നാടുവിട്ടുപോയ ഞാന്‍ കൊറേയേറെയലഞ്ഞു അമ്മാവാ.വലിയ പഠിപ്പൊന്നുമില്ലാത്ത എനിക്കു എന്തു ജോലി കിട്ടാനാ.ചെയ്യാത്ത ജോലികള്‍ കൊറവാ.അങ്ങനെയിരിക്കേ എനിക്കൊരു ലോട്ടറിയടിച്ചതുപോലെ കൊറേ കാശു കളഞ്ഞുകിട്ടി. ആ കാശുകൊണ്ട് ഞാനൊരു കൊച്ചു ബിസിനസ്സാരംഭിച്ചു. പിന്നെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.നാലഞ്ചു കൊല്ലം കൊണ്ട് ഞാന്‍ ഒരു വല്യ കോടീശ്വരനായി മാറി.ആരുമില്ലാത്തവാനാണെന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ അമ്മാവനേം അമ്മാവിയേമോര്‍മ്മിച്ചു.ഒടനെ നിങ്ങളെക്കാണണമെന്നു കരുതി വന്നതാ.അല്ലെലും ഒരു വല്യ പണക്കാരനായി മാത്രമേ ഈ നാട്ടില്‍ കാലു കുത്താവുവെന്ന്‍ എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയന്‍ ചായ കുടിച്ചു തീര്‍ത്തുകൊണ്ട് ഗ്ലാസ്സ് അമ്മയിക്കു നേരെ നീട്ടി.

"ഇനിയെന്താ നിന്റെ പരിപാടി" ആകാംഷയോടെ സുലോചന അവനോടു ചോദിച്ചു.

"പ്രത്യേകിച്ചൊന്നുമില്ല.നമ്മുടെ അമ്പലത്തിന്റെ കിഴക്കു വശത്തായി പണിഞ്ഞിട്ടിരിക്കുന്ന വീട് എനിക്കൊള്ളതാണ്.ഇവിടെയാര്‍ക്കുമറിയാതെ ഞാന്‍ വാങ്ങിയതാണത്.അവിടെ കൊറച്ചു ദെവസം താമസിക്കണം.പിന്നെ ...." വിജയന്‍ പറഞ്ഞു നിര്‍ത്തി.

"ങ്ഹേ...ആ വീട് നിനക്കുള്ളതാണോ.ഹമ്മോ.അതൊരു കൊട്ടാരം തന്നെയാണല്ലോ.ഇവിടെയെല്ലാരും പറഞ്ഞത് അതൊരു ലണ്ടന്‍കാരന്റേതാണെന്നാ. എന്തായാലും ഇനിയൊരു കല്യാണമൊക്കെക്കഴിച്ച് ഇവിടെയങ്ങ് കൂടിയാ മതി നീ. എന്തിനാ കണ്ട നാട്ടില്‍ കിടന്ന്‍ കഷ്ടപ്പെടണത്.ഞങ്ങളൊക്കെയില്ലേ നിനക്ക്.പിന്നെ രാജി ഇപ്പോ വരും തയ്യലു പഠിക്കുവാന്‍ പോയിരിക്കുവാ.വീട്ടീ ചുമ്മാതിരുന്നു മുഷിയണ്ടല്ലോന്നു കരുതി വിടുന്നതാ".തോളില്‍ കിടന്ന തോര്‍ത്തെടുത്തു മുഖമെല്ലാമൊന്നു തുടച്ചുകൊണ്ട് സുലോചനേച്ചി തങ്കപ്പഞ്ചേട്ടനേയുമൊന്നു നോക്കി യിട്ട് വിജയനോടായി പറഞ്ഞു.

"രാജിയുടെ കല്യാണം കഴിഞ്ഞില്ലേ ഇതേവരെ". വിജയന്‍ കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു.

"ഇല്ല മോനേ. നടക്കേണ്ടതല്ലേ നടക്കൂ". ഒരാത്മഗതം പോലെ അവര്‍ പറഞ്ഞു.

"ശരിയമ്മായി എന്നാല്‍ ഞാനിറങ്ങുന്നു.വീടിന്റെ ഒരല്‍പ്പം പെയിന്റിംഗ് പണി തീരാനുണ്ട്.ഞാന്‍ നാളെ വരാം" വിജയന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി.

"മോന്‍ വൈകിട്ടിങ്ങ് വാ.രാത്രി ഇവിടുന്ന്‍ ചോറുണ്ണാം.ഞാന്‍ മോനിഷ്ടപ്പെട്ട മുരിങ്ങയ്ക്കാത്തോരനും മത്തിപൊരിച്ചതുമെല്ലാം തയ്യാറാക്കിവയ്ക്കാം. പായസം കൂടി വയ്ക്കാം. പണ്ടേ നീയൊരു പായസക്കൊതിയനാണല്ലോ"അമ്മായി ഒന്നു കുലുങ്ങിച്ചിരിച്ചു.

"ശരിയമ്മായി" കൈവീശിക്കാണിച്ചിട്ട് വിജയന്‍ കാറില്‍ കയ്യറി യാത്രയായി.

"എന്റെ മനുഷ്യേനെ നിങ്ങള് കണ്ടോ.നമ്മുടെ ഭാഗ്യത്തിനാ അവന്‍ ഇതേവരെ കല്യാണം കഴിക്കാതിരുന്നത്.രാജിമോളെ അവനു പണ്ടേ ജീവനല്ലായിരുന്നൊ.നമുക്കെത്രയും പെട്ടന്ന്‍ അതങ്ങ് നടത്തിക്കൊടുക്കണം.അവന്‍ ഇപ്പോ കോടീശ്വരനാ.വൈകിട്ട് അവന്‍ വരുമ്പം നിങ്ങളൊന്നവനോടു പറയണമിക്കാര്യം"

"ഏടീ സുലൂ അത് ഞാനെങ്ങിനാ പറയുന്നത്.മുമ്പ് രാജീടെ കാര്യത്തിന് ഞാനവനെ തല്ലീട്ടൊള്ളതാ.പിന്നെ ഇപ്പോ.പണ്ടത്തെയൊക്കെ അവന്‍ മറന്നുകാണുമോ". തങ്കപ്പന്‍ നായര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

"ഒന്നു പോ മനുഷ്യേനെ.നിങ്ങക്കു പറ്റൂല്ലെങ്കി ഞാന്‍ പറയും.ഒന്നുമില്ലെലും അവന്റെ മൊറപ്പെണ്ണല്ലേ രാജി. മുമ്പ് വേലേം കൂലീമില്ലാതെ കയ്യില്‍ പത്തു നയാപൈസയില്ലാതെ തെക്കുവടക്കു നടന്ന അവന് പെണ്ണിനെപ്പിടിച്ചു കൊടുക്കാന്‍ പറ്റുമായിരുന്നോ.എല്ലാവരും ചെയ്യുന്നതുപോലെയേ നമളും ചെയ്തുള്ളു.അതുകൊണ്ടെന്താ അവനിപ്പം വല്യ പണക്കാരനായില്ലേ.

സംഭാഷണമങ്ങിനെ തുടര്‍ന്നുകൊണ്ടിരുന്നു.

------------------------------------------------------------------------------------

വൈകുന്നേരത്തെ പാര്‍ട്ടിയൊക്കെക്കഴിഞ്ഞ് ആല്‍ക്കാരൊന്നൊന്നായി പിരിഞ്ഞു തീര്‍ന്നപ്പോള്‍ സമയം പതിനൊന്നരയായി.വിജയന്‍ മെല്ലെ മണിയറയിലെയ്ക്കു കടന്നു.ഉറക്കച്ചടവോടെ കട്ടിലിലിരുന്ന രാജി പെട്ടന്ന്‍ പിടഞ്ഞെഴുന്നേറ്റു.കട്ടിലിലേയ്ക്കിരുന്ന വിജയന്റെ നേരെ അവള്‍ നാണിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന പാല്‍ഗ്ലാസ്സെടുത്തു നീട്ടി.അതു വാങ്ങി പകുതി കുടിച്ചശേഷം അവനത് രാജിയ്ക്കു നേരെ നീട്ടി. അവളതല്‍പ്പം കുടിച്ചിട്ട് മേശമേല്‍ വച്ചു.

"എന്റെ സ്വപ്നമായിരുന്നു.നിന്നെ വിവാഹം കഴിയ്ക്കുക എന്നത്.അതിനുവേണ്ടിയാണു ഞാന്‍ സമ്പാദിച്ചത്.ഞാന്‍ വരുന്നതിനുള്ളില്‍ നിന്റെ വിവാഹമെങ്ങാനും നടക്കുമോയെന്നു പേടിയുണ്ടായിരുന്നുവെനിക്കു. നിനക്കു വന്ന ഒന്നു രണ്ടു ആലോചനകള്‍ നാനാളെവച്ച് മുടക്കുകയും ചെയ്തു. വല്യ പണക്കാരനായി വരുന്ന എനിക്ക് നിന്നെ ത്തരുവാന്‍ അമ്മാവനുമമ്മായിയും ഒരു മടിയും കാണിയ്ക്കില്ല എന്ന്‍ എനിക്കു നന്നായറിയാമായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയനവളുടെ കണ്ണുകളിലേയ്ക്കു നോക്കി.നാണം കലര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.അവളുടെ കൈയ്യില്‍പിടിച്ചവന്‍ മെല്ലെയവളെ കട്ടിലിലേയ്ക്കിരുത്തി.വിറയാര്‍ന്ന കൈകളാലവളെ ചേര്‍ത്തുപിടിച്ചു ചിരിച്ചുകൊണ്ട് കട്ടിലിലേയ്ക്കവന്‍ മറിഞ്ഞു. വെപ്രാളത്തില്‍ മേശയുടെ വക്കിലിരുന്ന പാല്‍ഗ്ലാസ്സില്‍ കൈതട്ടി അത് താഴെവീണുടഞ്ഞു തകര്‍ന്നു.

"ത്ഛില്‍....

ഒച്ചകേട്ടു കണ്ണു തുറന്ന വിജയന്‍ കണ്ടത് ദേക്ഷ്യം കൊണ്ട് ചുവന്നുകലങ്ങിയ കണ്ണുകളുമായി വിറച്ചുതുള്ളി നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെയാണു. ഭഗവാനേ അതിനെടയ്ക്കു സമയമായോ.ക്ഷീണം കാരണം ഒന്നു കിടന്നുപോയതാണു. നല്ലതുപോലെയുറങ്ങിപ്പോയി.ഒരാന്തലോടെ അവന്‍ ചാടിയേഴുന്നേറ്റു. മെസ്തിരി വാരിയെറിഞ്ഞ കുമ്മായം പുറത്താകെ പറ്റിയിരിക്കുന്നു. അവനതും തൂത്തുകൊണ്ട് ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ കൊണ്ട് നാലുപാടുമൊന്നു നോക്കി.

"പോത്തുപോലെകിടന്നുറങ്ങാനാണെങ്കി വീട്ടിക്കെടന്നാപ്പോരേ.എന്തിനാണിങ്ങോട്ടെഴുന്നള്ളണത്.പണിയ്ക്കു വന്നിട്ടവന്റമ്മേടൊരൊറക്കോം ചിരീം.പോയി കുമ്മായം കൂട്ടെടാ #..Ø…¥…§…€..." നാവിലുവന്ന ഒരു മുട്ടന്‍ തെറി വിളിച്ചിട്ട് ദേക്ഷ്യപ്പെട്ടു നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെ നോക്കാതെ വിജയന്‍ കുമ്മായം കൂട്ടുന്നതിനായി പണിസ്ഥലത്തേയ്ക്കു നടന്നു.

ശുഭം

ശ്രീക്കുട്ടന്‍

Sunday, October 10, 2010

സിനിമാനടി

തോറ്റുപോകുന്നവര്‍

നെടുനീളന്‍ ഡയലോഗ് പറഞ്ഞുകൊണ്ട് അരങ്ങത്ത് തകര്‍ത്തഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും‍ രമണിയുടെ മനസ്സ് തികച്ചുമശാന്തമായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഡയലോഗ് പറയുന്നതില്‍ കല്ലുകടികളുണ്ടായിക്കൊണ്ടിരുന്നു. അഭിനയത്തിനിടയ്ക്ക് ഒന്നുരണ്ടുവട്ടം വിശ്വനാഥന്‍ തന്നെ രൂക്ഷമായി നോക്കുന്നതവള്‍ ശ്രദ്ധിച്ചു. നാടകം നടക്കുമ്പോള്‍‍ ഒരു ചെറിയതെറ്റു വരുത്തിയാല്പ്പോലും മടക്കയാത്രയില്‍ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്നയാളാണ് വിശ്വന്‍. അത് എത്ര ലിയ നടനായാലും നടിയായാലും ശരിതന്നെ. അതുകൊണ്ടുതന്നെ പരമാവധി എല്ലാപേരും ശ്രദ്ധിച്ചാണഭിനയിക്കുന്നത്. രമണിയുടെ പ്രകടനത്തില്‍ പലപ്പോഴും ഇടര്‍ച്ചയുണ്ടായത് മറ്റു നടീനടന്മാരും ശ്രദ്ധിച്ചിരുന്നു. നാടകംകഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വിശ്വനാഥന്റെ പൊട്ടിത്തെറി എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ പതിവിനു വിപരീതമായി വിശ്വനാഥന്‍ അന്ന്‍ മൌനിയായിരുന്നു. എല്ലാപേര്‍ക്കും തികച്ചും പുതുമയുള്ള ഒരു കാര്യമായിരുന്നത്.രാത്രി രണ്ടരമണികഴിഞ്ഞിരിക്കുന്നു. ബസ്സിനുള്ളിലെ ഒട്ടുമിക്കപേരും ഉറക്കത്തിലേയ്ക്കു വഴുതിവീണുകഴിഞ്ഞു. നാരായണേട്ടന്‍ സൈഡ്സീറ്റില്‍ ചാരിയിരുന്ന്‍ കൂര്‍ക്കംവലിയ്ക്കുകയാണ്. വിശ്വന്‍ തലതിരിച്ച് രമണി ഇരിക്കുന്ന ഭാഗത്തേയ്ക്കൊന്നു പാളിനോക്കി. അവളുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നതായി വിശ്വനു തോന്നി. കരയുകയായിരുന്നോ അവള്‍. അതിനു താനൊന്നും പറഞ്ഞില്ലല്ലോ. നാടകത്തിനിടയ്ക്ക് തെറ്റുവരുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ല. നാടകത്തില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്. എന്നാല്‍ മാത്രമേ കാണികള്‍ക്ക് നാടകം അനുഭവവേദ്യമാകൂ. കൃത്രിമമായ അഭിനയംകൊണ്ട് നാടകം വിജയിപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് തന്റെ ട്രൂപ്പില്‍ സഹകരിക്കുന്നവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കുവാന്‍ താന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ നാടകം നല്ല വിജയമാണ്. മിക്കദിവസവും ഒന്നുംരണ്ടും കളികളുണ്ട്. ബാധ്യതകളെല്ലാം ഇക്കൊല്ലം ഒന്നൊതുക്കാമെന്നു കരുതുകയാണ്.

വിശ്വനാഥന്‍ ഒരിയ്ക്കല്‍ക്കൂടി തലതിരിച്ച് രമണിയെനോക്കിയപ്പോള്‍ സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നതാണയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്‍. എന്തോ കുഴപ്പമുണ്ട്. സാധാരണയായി ഒരു പിഴവുപോലും വരുത്തുന്നവളല്ല രമണി. അസാധ്യമായ അഭിനയസിദ്ധിയുള്ള കലാകാരിയുമാണ്. അതുകൊണ്ടുമാത്രമാണ് താന്‍ ക്ഷമിച്ചത്. മാത്രമല്ല തന്റെ മനസ്സിനുള്ളിലെവിടെയോ അവളോടൊരു നനുത്ത സ്നേഹവും ഉറങ്ങിക്കിടക്കുന്നുണ്ട്. പക്ഷേ ഇന്നേവരെ അതൊന്നു പ്രകടിപ്പിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ് അവളോട് തന്റെ ഇഷ്ടം അറിയിക്കണമെന്ന്‍.നാടകവും കലയും മറ്റുമെന്നൊക്കെപ്പറഞ്ഞ് താന്‍ തന്റെ നല്ല പ്രായം തൊലച്ചുകളഞ്ഞു. കലയോടുള്ള ഭ്രാന്ത്മൂലം ജീവിതത്തിലെ പലസുഖങ്ങളും നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു കൂട്ട് വേണമെന്ന്‍ ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. തന്റെ ട്രൂപ്പില്‍ നാലുവര്‍ഷം മുമ്പാണു രമണി ചേര്‍ന്നത്. അറിഞ്ഞിടത്തോളം പത്താം ക്ലാസ്സിലോ മറ്റോ പഠിയ്ക്കുന്ന ഒരു മകള്‍ മാത്രമെ രമണിയ്ക്കുള്ളു. ഭര്‍ത്താവിനെക്കുറിച്ചൊന്നും ആര്‍ക്കുമറിയില്ല. അതേക്കുറിച്ചാരെങ്കിലും ചോദിച്ചാല്‍ ഉടനനേയവള്‍ വിഷയം മാറ്റിക്കളയും. അതെന്തോ ആയിക്കൊള്ളട്ടെ. അവള്‍ക്കു സമ്മതമാണെങ്കില്‍ അവളെ വിവാഹം ചെയ്യാന്‍ താനൊരുക്കമാണ്. എന്തായാലും അധികം താമസിയാതെതന്നെ അവളോട് തന്റെ ഇഷ്ടമറിയിക്കണം. സൈഡ് ഗ്ലാസ്സ് അല്‍പ്പം താഴ്ത്തിവച്ച് അയാളൊരു സിഗറെറ്റെടുത്തുകൊളുത്തി.

പുറത്തുനിന്നടിയ്ക്കുന്ന തണുത്ത കാറ്റില്‍നിന്നും രക്ഷപ്പെടാനെന്നവണ്ണം രമണി തന്റെ സാരിത്തലപ്പുകൊണ്ട് തലമൂടി. അവള്‍ ബസ്സിനുള്ളിലേയ്ക്കൊന്നു പാളിനോക്കി. എല്ലാപേരും നല്ല ഉറക്കമാണ്. വിശ്വന്‍ സാര്‍ മാത്രം ഉറങ്ങിയിട്ടില്ല. പുകച്ചുരുളുകള്‍ പുറത്തേയ്ക്ക് പറത്തിവിട്ടുകൊണ്ട് സീറ്റില്‍ ചാരിയിരിക്കുകയാണ് സാര്‍. ഇടയ്ക്ക് തന്നെ നോക്കുന്നത് താന്‍ കണ്ടതാണ്. ഇന്നു നാടകത്തിനിടയ്ക്ക് ചിലയിടത്തൊക്കെ പതറിപ്പോയതിന് കണക്കിനു കേള്‍ക്കുമെന്നു കരുതിയതാണ്. ഭാഗ്യം ഒന്നും പറഞ്ഞില്ല. എങ്ങിനെ പതറാതിരിയ്ക്കും. മനസ്സു ശരിയാണെങ്കില്‍ മാത്രമല്ലേ അഭിനയവും ശരിയാകൂ. തന്റെ മകള്‍ മുതിര്‍ന്ന കുട്ടിയായിരിക്കുന്നു. അവള്‍ക്ക് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയായിരിക്കുന്നു. പക്ഷേ താനെങ്ങിനെയവളെ അവളുടെ ഇഷ്ടത്തിനു വിടും. തനിക്കു സംഭവിച്ചതാവര്‍ത്തിക്കുവാന്‍ അവളെ താനനുവദിക്കത്തില്ല. ബസ്സ് നിന്നതറിഞ്ഞ് അവള്‍ മിഴികള്‍തുറന്നു. തനിയ്ക്കിറങ്ങേണ്ടയിടമായിരിക്കുന്നു. ബാഗുമായി അവള്‍ പുറത്തേയ്ക്കിറങ്ങി. വീട്ടിലേയ്ക്കു കുറച്ചുദൂരമുണ്ട്. നല്ല കട്ടപിടിച്ച ഇരുട്ട്.

"നടന്നുകൊള്ളൂ. നല്ല ഇരുട്ടല്ലേ. ഒറ്റയ്ക്കു പോകണ്ട. ഞാന്‍ കൊണ്ടാക്കിത്തരാം"

വണ്ടിയില്‍നിന്നിറങ്ങിയിട്ട് ഒരു സിഗററ്റെടുത്ത് കത്തിച്ചുപുകവിട്ടുകൊണ്ട് വിശ്വനാഥന്‍ രമണിയോടു പറഞ്ഞു.

ഇരുട്ട് കട്ടപിടിച്ച വഴിയില്‍ക്കൂടി നടക്കുമ്പോള്‍ രണ്ടുപേരും നിശബ്ധരായിരുന്നു. തന്റെ മനസ്സുപിടയുന്നത് വിശ്വനറിയുന്നുണ്ടായിരുന്നു. കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറയുന്ന അയാള്‍ അപ്പോള്‍ അവളോട് സംസാരിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ കുഴങ്ങി. എരിയുന്ന സിഗററ്റിന്റെ വെളിച്ചത്തില്‍ രമണിയുടെ മുഖത്തേയ്ക്കയാളൊന്ന്‍ പാളിനോക്കി. അവള്‍ തലകുനിച്ച് നടക്കുകയാണു.

"സാര്‍ പൊയ്ക്കൊള്ളൂ. ഇനി ഞാന്‍ പൊയ്ക്കോളാം"

വീടിന്റെ അടുത്തെത്തിയപ്പോള്‍ രമണി വിശ്വനാഥനോടായി പറഞ്ഞു.

തല മെല്ലെയൊന്നാട്ടിയ അയാള്‍ രമണി അവളുടെ പുരയിടത്തിലേയ്ക്കു കയറുന്നതു നോക്കിനിന്നു. അല്‍പ്പസമയം കൂടി ആ നില്‍പ്പു നിന്ന വിശ്വനാഥന്‍ തിരിഞ്ഞുനടന്നു.

---------------------
തന്റെ വീട്ടിലേയ്ക്ക് കയറിവരുന്ന രമണിയെക്കണ്ട് വിശ്വനാഥന്‍ ആദ്യമൊന്നമ്പരന്നു. അവളുടെ മുഖമാകെ കരഞ്ഞുകലങ്ങിയിരിക്കുകയായിരുന്നു.

"സാറെന്നെയൊന്നു സഹായിക്കണം. എനിക്കു മറ്റാരുമില്ല സഹായം ചോദിക്കുവാനായി. എന്റെ അശ്വതി മോളെ ഇന്നലെമുതല്‍ കാണാനില്ല. സാറൊന്നു തിരക്കണം.പോലീസിലൊക്കെ അറിയിച്ചാപ്പിന്നെ അവളുടെ ഭാവി."

കരച്ചിലോടെതലയില്‍ കൈവച്ചുകൊണ്ടവള്‍ വീടിന്റെ തിണ്ണയിലേയ്ക്കിരുന്നു.

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് കളഞ്ഞിട്ട് അയാള്‍ കസേരയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"എന്താ രമണീ നീയീപ്പറയുന്നത്. മോളെ കാണ്മാനില്ലെന്നോ. അവളിതെവിടെപ്പോകാനാ. വല്ല കൂട്ടുകാരികളുടേയും വീട്ടില്‍ പോയതായിരിക്കും. നീയൊന്നു സമാധാനിക്ക്.ഞാനൊന്നു തിരക്കിനോക്കട്ടെ.അവളുടെ കൂട്ടുകാരികളുടെ വിലാസമോ മറ്റൊ കൈയിലുണ്ടോ."

"എതോ സിനിമയിലേയ്ക്കവളെ സെലക്ട് ചെയ്തിട്ടുണ്ടെന്നും അതിനു പോകണമെന്നുമൊക്കെപ്പറഞ്ഞ് കുറേദിവസായി വല്യ ബഹളമായിരുന്നു. എന്നാല്‍ ഞാനതിനു സമ്മതിച്ചില്ല. മുന്‍പ് എനിക്കുണ്ടായ ദുരന്തം അവള്‍‍ക്കുണ്ടാവരുതെന്ന്‍ ഞാനാഗ്രഹിച്ചതൊരു തെറ്റാണോ. സിനിമ എന്ന മായയ്ക്കുവേണ്ടി ഒരിക്കല്‍ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ ഒരു പെണ്ണാണു ഞാന്‍. എല്ലാം നഷ്ടമായതുതന്നെ മിച്ചം. വയറിനുള്ളില്‍ ഒരു ജീവന്‍ മാത്രം നേടാനായി. ആരുടേതാണെന്നുപോലും ശരിയ്ക്കും നിശ്ചയമില്ലാത്തൊരു ജീവന്‍. അവിടെനിന്നു എന്നെ തിരിച്ചറിയാത്ത ഒരിടത്തെത്തി പ്രസവിച്ച് അവളെ ശരിക്കും കഷ്ടപ്പെട്ട് പത്തുപതിനേഴ് വയസ്സുവരെ വളര്‍ത്തി. ഇപ്പോള്‍ അവളും ഞാന്‍ പോയ അതേവഴിയെതന്നെ പോകുമ്പോള്‍ എനിക്കു പേടിയാകുന്നു. എന്നെ ഷായിക്കാന്‍ മറ്റാരുമില്ല"

കൈകൂപ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന രമണിയെ സ്തബ്ധനായി വിശ്വനാഥന്‍ നോക്കിനിന്നു. തന്റെയുള്ളിലുണ്ടായിരുന്ന ഒരു സൌധം ഇടിഞ്ഞുപൊളിഞ്ഞു തരിപ്പണമായതയാളറിയുന്നുണ്ടായിരുന്നു.

"രമണി പേടിയ്ക്കേണ്ട. എവിടെയുണ്ടെങ്കിലും അശ്വതിയുമായി ഞാന്‍ വരും. സിനിമയിലഭിനയിക്കാനെന്നും പറഞ്ഞല്ലേ നിന്നോടവള്‍ വഴക്കിട്ട് പോയത്. അടുത്ത പട്ടണത്തില്‍ ഒരു സിനിമാഷൂട്ടിംഗ് നടക്കുന്നുണ്ട്.ഞാനൊന്നു തിരക്കിയിട്ടുവരാം. അവള്‍ അവിടെയുണ്ടാകും.പേടിക്കണ്ട"

അവളെ സമാധാനിപ്പിച്ചു പറഞ്ഞയിച്ചിട്ട് പെട്ടന്നുതന്നെ ഡ്രെസ്സൊക്കെ മാറ്റി അയാള്‍ പുറത്തേയ്ക്കു നടന്നു.

ആ വലിയപട്ടണത്തില്‍ ആ സിനിമയുടെ ലൊക്കേഷന്‍ കണ്ടുപിടിയ്ക്കുവാന്‍ വിശ്വനാഥന് വലുതായി ബുദ്ധിമുട്ടേണ്ടിവന്നില്ല.ഷൂട്ടിംഗ്സ്ഥലത്ത് നിറച്ചും ആള്‍ക്കാരായിരുന്നു.ആ തിരക്കില്‍ അയാള്‍ അവിടെയെല്ലാം ചുറ്റിനടന്നു സെറ്റിലുള്ളവര്‍ക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഒരു മധ്യവയ്സ്ക്കനുമായി പതിയെ ചങ്ങാത്തംകൂടി. വൈകിട്ട് ചായകുടിസമയത്ത് അല്‍പ്പം ഇടവേളകിട്ടിയപ്പോള്‍ പതിയെ അയാളുമായി സംസാരിക്കുവാനാരംഭിച്ചു.എങ്ങിനേയും അശ്വതിയെക്കുറിച്ചുള്ള എന്തേലും വിവരം കിട്ടുമോന്നു നോക്കണമല്ലോ.

"എന്റെ ഒരു പരിചയത്തിലുള്ള നല്ല ഒരു പെണ്ണൊണ്ട്.നല്ല വല്ല ചാന്‍സുമൊപ്പിക്കുവാന്‍ പറ്റുമോ അണ്ണാ."

"എന്റെ പൊന്നമോനേ ഞാനീ ചോറാ തിന്നുന്നത്. പറയാന്‍ പാടില്ലാത്തതാ.എന്നാലും പറഞ്ഞുപോവാ.എന്തേലും നിവര്‍ത്തിയൊണ്ടേ ഇപ്പണിയ്ക്ക് പെങ്കുട്ട്യോളെ വിടരുത്. ഓരോ ദിവസവും അഭിനയിക്കണോന്നും പറഞ്ഞ് എത്രയെത്ര പിള്ളാരാ വന്നുചേരുന്നതെന്നറിയാവോ. ആയിരത്തില്‍ ഒന്നിനോ രണ്ടിനോ വല്ലതും ആകാന്‍ പറ്റും ബാക്കിയൊക്കെ പറയാതിരിക്കുന്നതാ ഭേദം. ഇന്നലയോ മെനിഞ്ഞാന്നോ മറ്റൊ അഭിനയിക്കാനെന്നും പറഞ്ഞ് ഒരെണ്ണം വന്നിട്ടൊണ്ടായിരുന്നു. ആ ബ്രോക്കര്‍ ചെക്കന്‍ കൊണ്ടുവന്നതാ. എന്തു ചെയ്താലും കൊഴപ്പമില്ല തനിക്കു ഒരുപാടുപേരറിയുന്ന സിനിമാ നടിയായാമതീന്നാ ആ പെണ്ണ് പറയുന്നതത്രേ. പ്രശസ്തീം പണോം ഒക്കെ കിട്ട്യാമതി. എന്തെങ്കിലും കൊച്ചുവേഷം ചെലപ്പോള്‍ കൊടുക്കും. പക്ഷേ അതിനുപകരമായി. ഒന്നു നീട്ടിത്തുപ്പിയിട്ട് അയാള്‍ ഗ്ലാസ്സുമായെഴുന്നേറ്റു.

ഹൃദയത്തില്‍ മുള്ളുവേലികൊണ്ട് വരഞ്ഞതുപോലുള്ള നോവുമായി വിശ്വനാഥന്‍ തറയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"ചേട്ടാ ആ പെണ്ണിന്റെ പേരെന്താണ്"

"രേവതീന്നോ അശ്വതീന്നൊ മറ്റോ ആ ലൈറ്റ്ബോയ് ചെക്കന്‍ പറേണകേട്ടു".

പിറുപിറുത്തുകൊണ്ടയാള്‍ അടുക്കളയിലേയ്ക്കുനടന്നു. തളര്‍ന്ന ശരീരവും മനസ്സുമായി വിശ്വനാഥന്‍ ആ പരിസരത്തുതന്നെ കറങ്ങിചുറ്റി. സന്ധ്യയാകാറായിട്ടും അയാള്‍ക്ക് അശ്വതിയെ ഒന്നു കാണാന്‍ സാധിച്ചില്ല. ഒരുവേള അവള്‍ അവിടെ നിന്നു മറ്റെവിടെയെങ്കിലും പോയോ ആവോ. എന്തായാലും തിരക്കുകതന്നെ. ഇരുട്ട് കനക്കുംമുന്നേ അയാള്‍ തന്റെ സ്ഥലത്തേയ്ക്കുള്ള ബസ്സില്‍ക്കയറി. തിരികെയുള്ള യാത്രയില്‍ വിശ്വനാഥന്‍ ആകെ അസ്വസ്ഥനായിരുന്നു. തന്റെ മകളേയും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന രണ്ട് കണ്ണുകളോട് എന്തു കള്ളം പറയുമെന്നോര്‍ത്ത് അയാളുടെയുള്ളം പിടഞ്ഞുകൊണ്ടിരുന്നു.

ശ്രീ...‍

Monday, September 13, 2010

ഒരു പൈങ്കിളിക്കഥ

"പ്രീയപ്പെട്ട ശ്യാം,

ഞാന്‍ ഹരിയാണ്. നീയെന്നെ മറന്നുകാണില്ല എന്നു കരുതട്ടെ.എനിക്കിപ്പോള്‍ നിന്നെയൊന്നു കാണണമെന്നൊരാഗ്രഹം. ഈ വരുന്ന ഞായറാഴ്ച നിന്നെക്കാണാനായി ഞാന്‍ വരുന്നുണ്ട്"

സ്വന്തം ഹരി

ആ കത്തും കൈയില്‍പ്പിടിച്ച്‍ പിടിച്ച് ശ്യാം കുറേനേരമതേയിരിപ്പിരുന്നു. അന്നു പിരിഞ്ഞതില്പ്പിന്നെ ഹരിയെ കണ്ടിട്ടേയില്ല. എവിടെയാണെന്നൊരു രൂപവുമില്ലായിരുന്നു.ആദ്യമൊക്കെ അവനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരുവിവരവും കിട്ടിയില്ല. അവനെവിടെപ്പോയെന്ന്‍ ആര്‍ക്കുമറിയില്ലായിരുന്നു.അവന്റെ വീട്ടുകാര്‍ക്കാണെങ്കില്‍ ഒരു ശല്യമൊഴിഞ്ഞ ആശ്വാസം പോലെയായിരുന്നു. പിന്നെ പതിയെ താനുമവനെ അന്വേഷിക്കുന്ന പരിപാടി നിറുത്തി. സത്യത്തില്‍ അവനെക്കുറിച്ചു തിരക്കാന്‍ പിന്നീട് തനിക്കു സമയംകിട്ടിയില്ല എന്നതാണുനേര്. തന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍തന്നെ തനിക്കിതേവരെ സമയം തികഞ്ഞിട്ടില്ല.എതെവിടെനിന്നായിരിക്കും അവനയച്ചിട്ടുണ്ടാവുക? ഇപ്പോള്‍ തമ്മില്പ്പിരിഞ്ഞിട്ട് നീണ്ട പതിനൊന്നു വര്‍ഷം കഴിയുന്നു.ഇ ത്രയും കാലത്തിനിടയ്ക്കൊരിക്കല്‍പ്പോലും താനുമായി ബന്ധപ്പെടാന്‍ അവന്‍ ശ്രമിച്ചിട്ടില്ല.അതിനുതക്ക എന്തു പിണക്കമാണ് തങ്ങള്‍ തമ്മിലുണ്ടായത്?.

"ആരുടെ എഴുത്താ മോനേ?"

ചായയുമായി പൂമുഖത്തേയ്ക്കുവന്ന മാധവിയമ്മ അവനോടു ചോദിച്ചു.

"അമ്മയ്ക്കോര്‍മ്മയില്ലേ നമ്മുടെ ഹരിയെ.അവനയച്ച കത്താണ്.ഈ ആഴ്ച അവന്‍ ഇങ്ങോട്ട് വരുന്നുണ്ടത്രേ"

"ഉവ്വോ.എത്ര നാളായി ആ കുട്ടിയെ ഒന്നുകാണണമെന്നു കരുതീട്ട്.ഇത്രേം നാളതെവിടേര്‍ന്നു അവന്‍?"

"അറിയില്ലമ്മേ.അവനിങ്ങോട്ടുതന്നെയല്ലേ വരണത്.അപ്പോള്‍ ചോദിക്കാം. അമ്മ ദേവൂനു ചായകൊടുത്തോ?"

"കൊടുക്കാം.അവളുറങ്ങുവാണെന്നാ തോന്നണേ. എണീക്കുമ്പം കൊടുക്കാം"

ഒഴിഞ്ഞ ഗ്ലാസ്സുമെടുത്ത് മാധവിയമ്മ അടുക്കളയിലേയ്ക്കു നടന്നു.

-------
ബസ്റ്റാന്റിലെ ഒഴിഞ്ഞകോണിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോഴും ശ്യാം നാലുപാടും നോക്കുന്നുണ്ടായിരുന്നു.എത്രനേരമായി താന്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട്.ഏതു ബസ്സിലാണു അവന്‍ വരുന്നതെന്ന്‍ ഒരൂഹവുമില്ലല്ലോ.ഓരോ ബസ്സ് വരുമ്പോഴും അവന്‍ ആകാംഷാഭരിതനായി ഇറങ്ങുന്നവരെ നോക്കിക്കൊണ്ടിരുന്നു. ഇരുന്നു മുഷിഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന കടയില്‍നിന്നു അവനൊരു സിഗററ്റ് വാങ്ങിക്കൊളുത്തി അതിന്റെ പുക ആസ്വദിച്ചു വലിച്ചുകൊണ്ട് ബെഞ്ചിലേയ്ക്കിരുന്നു.

ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു ഹരി.ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍.തന്റെ വീട്ടില്‍നിന്നു കുറച്ചു നടന്നാല്‍മതി അവന്റെ വീട്ടിലേയ്ക്ക്.തന്റെ കുടുംബവും ഹരിയുടെ കുടുംബവുമായി ഒരകന്ന ബന്ധവുമുണ്ട്. ചെറുപ്പത്തിലേ അമ്മ മരിച്ചുപോയതിനാല്‍ ഹരിയ്ക്ക് തന്റെ അമ്മയെ വല്യ ഇഷ്ടമായിരുന്നു. അമ്മയ്ക്കുമതേ. ഹരിയുടെ അമ്മ മരിച്ചു രണ്ടുകൊല്ലത്തിനുള്ളില്‍ അവന്റെ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു.അതോടെ തികച്ചും ഒറ്റപ്പെട്ട അവന്‍ മിക്കസമയവും ചിലവഴിച്ചിരുന്നത് തന്റെ വീട്ടിലായിരുന്നു.തന്നെക്കാളും നന്നായി പഠിക്കുമായിരുന്നതിനാല്‍ അച്ഛനും അവനെ വല്യ കാര്യമായിരുന്നു.പലപ്പോഴും നീ ഹരിയെ കണ്ട് പഠിക്കെടാ എന്നു പറഞ്ഞ് അച്ഛന്റെ കൈയില്‍നിന്നു തനിക്കു നല്ലത് കിട്ടിയിട്ടുമുണ്ട്. ഹരി ആരോടും പെട്ടന്ന്‍ അടുക്കുന്ന പ്രകൃതക്കാരനായിരുന്നു. പൊതുവേ ശാന്തസ്വഭാവിയായ അവന്‍ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാറില്ലായിരുന്നു.എന്തിനും ഏതിനും തന്നോട് അഭിപ്രായം ചോദിക്കുന്ന അവന്‍ തന്നില്‍നിന്ന്‍ എന്തോ മറച്ചുപിടിയ്ക്കുന്നതായി എപ്പോഴാണ് തനിക്കു തോന്നിയത്.ഡിഗ്രീ അവസാന വര്‍ഷമാണെന്നു തോന്നുന്നു.

ശ്..ശ്സ്...

വല്ലാത്തൊരൊച്ചയുണ്ടാക്കിക്കൊണ്ട് ശ്യാം പിടഞ്ഞെഴുന്നേറ്റു.കൈയിലിരുന്ന സിഗററ്റ് കത്തിതീര്‍ന്ന്‍ ചൂട് വിരലിലടിച്ചതാണ്.ഭാഗ്യത്തിനു പൊള്ളിയില്ല.അവന്‍ കൈ നന്നായൊന്നു കുടഞ്ഞുകൊണ്ട് ചുറ്റും നോക്കി.ബസ്റ്റാന്‍ഡില്‍ വല്യ തിരക്കൊന്നുമില്ല. അല്‍പ്പസമയംകൂടി കഴിയുമ്പോള്‍ ഒരു ബാംഗ്ലൂര്‍ ബസ്സ് വരും.അതില്‍ കൂടി നോക്കിയിട്ട് തിരിച്ചുപോകാം.അതിനുശേഷമാണവന്‍ വരുന്നതെങ്കില്‍ നേരെ വീട്ടിലേയ്ക്കു വരട്ടെ.കടയില്‍നിന്നു ഒരു ചായ മേടിച്ചുകൊണ്ട് അവന്‍ അല്‍പ്പം ഒതുങ്ങി നിന്നു.ചായ കുടിച്ചുകഴിഞ്ഞശേഷം അവന്‍ ഒരു സിഗററ്റ്കൂടി കൊളുത്തി. മുമ്പ് താന്‍ സിഗററ്റ് വലിയ്ക്കുന്നതിനെ ഹരി ശക്തിയായി എതിര്‍ത്തിരുന്നു.അവന് ആ ജാതി ഒരു ദുശ്ശീലവുമുണ്ടായിരുന്നില്ല.തന്റെ സിഗററ്റ് വലി നിര്‍ത്തിക്കാന്‍ അവന്‍ എന്തെല്ലാം ചെയ്തിരിക്കുന്നു.തോളില്‍ ഒരു കരമമര്‍ന്നതറിഞ്ഞ് ശ്യാം പെട്ടന്ന്‍ ഞെട്ടിതിരിഞ്ഞുനോക്കി.തന്റെ മുമ്പില്‍ നില്‍ക്കുന്ന അപരിചിതനെ ഒന്നു സൂക്ഷിച്ചുനോക്കിയ ശ്യാം ഞെട്ടി.ഹരിയല്ലേയിത്.അതെ ഹരി തന്നെ.പെട്ടന്ന്‍ മുന്‍പ് കാട്ടുന്നതുപോലെ ഹരി കാണാത്തരീതിയില്‍ അവന്‍ ഇടതുകൈയാല്‍ സിഗററ്റ് പുറകിലേയ്ക്കു മറച്ചുപിടിച്ചു.

"എന്താടാ എന്നെ മനസ്സിലായില്ലെന്നുണ്ടോ?"

നല്ല മുഴക്കമുള്ള ശബ്ദത്തില്‍ ഹരി അവനോടു ചോദിച്ചു.

"ഇത്രനാള്‍ എവിടെപ്പോയി ഒളിച്ചിരിക്കുവായിരുന്നെടാ നീ?".

പറച്ചിലും ഹരിയുടെ കവിളില്‍ ഒരടിയും ഒരുമിച്ചായിരുന്നു.

"എനിക്കു നൊന്തു".

കവില്‍ത്തടം മെല്ലെത്തടവിക്കൊണ്ട് ഹരി പറഞ്ഞു.

വീട്ടിലേയ്ക്കുള്ള വഴിയേ നടക്കുമ്പോള്‍ രണ്ടുപേരും നിശ്ശബ്ദരായിരുന്നു.എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു ശ്യാമിന്.പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയാണ്. ഇടവഴിയില്‍നിന്നു വീട്ടിലേയ്ക്കുള്ള പടവുകയറുമ്പോള്‍ ശ്യാം ഒരു നിമിഷം ഹരിയെ പാളിനോക്കി.അവന്റെ മിഴികളില്‍ നനവു പടര്‍ന്നിട്ടുണ്ടോ?.മുറ്റത്ത് ഹരി അല്‍പ്പസമയം തറഞ്ഞുനിന്നു.

"അമ്മേ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ"?

അകത്തേയ്ക്കുനോക്കി ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ശ്യാം ഇറയ്ത്തേയ്ക്കു കയറി അവിടെക്കിടന്ന കസേരയിലമര്‍ന്നിരുന്നു.ഹരിയും ഇറയത്തേയ്ക്കുകയറി ഒരു കസേരയിലിരുന്നു. പുറത്തേയ്ക്കു വന്ന മാധവിയമ്മ അല്‍പ്പസമയം ഹരിയെത്തന്നെ നോക്കിനിന്നു.

"എന്നിരുന്നാലും നീ ഞങ്ങളെയൊക്കെ അത്രയ്ക്കങ്ങ് മറന്നുകളഞ്ഞല്ലോ കുഞ്ഞേ"?

ഗദ്ഗദത്തോടെ പറഞ്ഞുകൊണ്ടവര്‍ മാറത്തുകിടന്ന തോര്‍ത്തുകൊണ്ട്  മുഖമൊന്നു തുടച്ചു.

കസേരയില്‍നിന്നെഴുന്നേറ്റ ഹരി മാധവിയമ്മയുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു.അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

'മോനിരിയ്ക്ക്.ഞാന്‍ കുടിയ്ക്കാനെന്തെങ്കിലുമെടുക്കാം".

തന്റെ കൈപിടിച്ചു തന്നെതന്നെനോക്കി നിര്‍ന്നിമേഷനായി നില്‍ക്കുന്ന ഹരിയോടായി പറഞ്ഞിട്ട് അവര്‍ അടുക്കളയിലേയ്ക്കു കയറിപ്പോയി.

മുറ്റത്തേയ്ക്കിറങ്ങിയ ഹരിക്കൊപ്പം ശ്യാമും കൂടി.

"നീ ഇത്ര നാള്‍ എവിടെയായിരുന്നു ഹരീ?".

പറമ്പിലൂടെ നടക്കുമ്പോള്‍ ശ്യാം അവനോട് ചോദിച്ചു.

"അതെല്ലാം ഒരു വലിയ ചരിത്രമാണ്.സൌകര്യമായി ഞാന്‍ പിന്നീട് പറയാം. നീ വിവാഹം കഴിച്ചായിരുന്നോ?"

"ഉവ്വ്.ശ്രീമതി ഇപ്പോള്‍ അവളുടെ വീട്ടിലാണ്.ഒരു മാസം കൂടി കഴിയുമ്പോള്‍ ഒരച്ഛനാവും ഞാന്‍. നിന്റെവിവാഹം കഴിഞ്ഞോ?"

"അച്ഛനാകാന്‍ പോകുന്നതിനു എന്റെ അഭിനന്ദനങ്ങള്‍".

കൈപിടിച്ചുകുലുക്കിക്കൊണ്ട് ഹരി നടത്തം നിറുത്തി.

"നീ പറഞ്ഞില്ല".

കൈവിടാതെ അവന്‍ ഹരിയുടെ മുഖത്തേയ്ക്കു നോക്കി. അവിടെ ഒരു വേദന നിറയുന്നതായി അവനു തോന്നി.

"ഇല്ല.പറ്റിയ ഒരാളെ കണ്ടുപിടിയ്ക്കുവാന്‍ കഴിഞ്ഞില്ല എന്നതാണു നേര്.പിന്നെ മനസ്സില്‍ അല്‍പ്പവും സ്നേഹം അവശേഷിച്ചിട്ടുമുണ്ടായിരുന്നില്ല.നിര്‍വ്വികാരമായ മനസ്സോടെ ഒരു പാവം പെണ്ണിനെ എന്തിനു സങ്കടപ്പെടുത്തണമെന്നു ഞാന്‍ ചിന്തിച്ചു.അപ്പോള്‍ കല്യാണം കഴിക്കാന്‍ തോന്നിയില്ല.പിന്നെ ഒരു കൂട്ട് വേണമെന്നെപ്പോഴെങ്കിലും തോന്നിയാല്‍ അപ്പോള്‍ നോക്കാം. കെട്ടുപാടുകളൊന്നുമില്ലാതിരിക്കുന്നതാണൊരുകണക്കിനു നല്ലത്".

പറഞ്ഞുനിര്‍ത്തിയിട്ട് ഹരി പാന്റിന്റെ പോക്കറ്റില്‍നിന്നൊരു സിഗററ്റെടുത്ത് ചുണ്ടില്‍വച്ചു കൊളുത്തി.തന്റെ നേരെനീട്ടിയ സിഗററ്റ് പായ്ക്കറ്റില്‍നിന്നൊരെണ്ണം എടുത്തുകൊണ്ട് ശ്യാം അത്ഭുതത്തോടെ ഹരിയെനോക്കി.ആസ്വദിച്ചു സിഗററ്റ് വലിയ്ക്കുകയാണവന്‍.

"ഇതെപ്പോള്‍ തുടങ്ങി?"

"വല്ലാത്ത മുഷിവുതോന്നുന്ന സമയങ്ങളില്‍ എന്റെ കൂട്ടുകാരനായി കൂടിയവനാണിവന്‍.ഇപ്പോള്‍ എപ്പോഴും കൂടെതന്നെയുണ്ട്.പിന്നെ മറ്റു വിശേഷങ്ങളെന്തൊക്കെയാണ്?"

"അച്ഛനുമമ്മയ്ക്കുമെനിക്കുമെല്ലാം പരമസുഖം. ദേവുവിന്റെ കാര്യം. അതുമാത്രമാണ് ഒരു സങ്കടം"

നടന്നുകൊണ്ടിരുന്ന ഹരി പെട്ടന്നുനിന്നു.അവന്‍ ശ്യാമിന്റെ മുഖത്തേയ്ക്കു ചോദ്യഭാവത്തില്‍ നോക്കി.

"നിനക്കോര്‍മ്മയില്ലേ രാജീവന്റെ ആലോചന വന്നതും  പിന്നീടുണ്ടായതും.നിശ്ചയത്തിന്റന്നു അവളെന്തൊക്കെ പുകിലുകളാണുണ്ടാക്കിയത്.എല്ലാപേരുടേയും മുമ്പില്‍ ഞങ്ങളാകെ നാണം കെട്ടു.ഞാനവളെ അന്നു ശരിക്കും തല്ലി.അതിനുശേഷം രണ്ടുമൂന്നുദിവസം അവള്‍ മുറിയില്‍നിന്നു പുറത്തിറങ്ങിയതേയില്ല. ഒരാഴ്ചകഴിഞ്ഞൊരുദിവസം രാവിലെ വായില്‍നിന്നുംനുരയും പതയും ചാടി ബോധമില്ലാതെ പറമ്പില്‍ ആ പേരമരത്തിനുതാഴെ കിടന്ന ദേവുവിനെ കറവക്കാരനാണു കണ്ടത്. കീടനാശിനി കഴിച്ചതാ.ആശുപത്രിയില്‍ പെട്ടന്നെത്തിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി.പക്ഷേ.."

നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് ശ്യാം അകലേയ്ക്കു നോക്കിനിന്നു.

"എന്നിട്ട്?"

അവന്റെ ഇരുചുമലുകളിലും കുലുക്കിക്കൊണ്ട് അസ്വസ്ഥതയോടെ ഹരി ചോദിച്ചു.

"എന്നിട്ടെന്താവാന്‍.മാരകകീടനാശിനിമൂലം അവള്‍ ജീവിതകാലം മുഴുവന്‍ കട്ടിലില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവളായി.എന്തിനും എതിനും ഒരാളിന്റെ സഹായമില്ലാതെ കഴിഞ്ഞ പത്തുപതിനൊന്നുവര്‍ഷമായി ഒരേ കിടപ്പുകിടക്കുന്ന അവളെയോര്‍ത്തു മാത്രമാണ് ഞങ്ങളുടെ ദുഃഖം.അതിനി ഒരിക്കലും തീരില്ല.ഇത്രയും നാളത്തെ ചികിത്സയുടെ ഫലമായി ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്.ദൈവം കരുണയുള്ളവനല്ലേ.പാവം അമ്മയുള്ളതുകൊണ്ട് ഒന്നുമറിയുന്നില്ല.എന്നാലും എന്തിനായിട്ടാനവളിത് ചെയ്തതെന്നുമാത്രമറിയില്ലെടാ.അവളുടെ ഒരാഗ്രഹവും ഞങ്ങള്‍ സാധിച്ചുകൊടുക്കാതിരുന്നിട്ടില്ലല്ലോ".

പറഞ്ഞുനിര്‍ത്തിയിട്ടവന്‍ അല്‍പ്പനേരം മിണ്ടാതെനിന്നു.പിന്നീട് തലയുയര്‍ത്തിനോക്കിയപ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ വീട്ടിലേയ്ക്കു പാഞ്ഞുപോകുന്ന ഹരിയെയാണവന്‍ കണ്ടത്.ഒന്നും മനസ്സിലാകാതെ അല്‍പ്പനേരം നിന്നിട്ട് ശ്യാമും വീട്ടിലേയ്ക്കു നടന്നു.

--------------------

കട്ടിലില്‍കിടക്കുന്ന രൂപത്തെ നിര്‍ന്നിമേഷനായി ഹരി നോക്കിനിന്നു. മറ്റാരും കാണാതെ തന്നെ നോക്കിച്ചിരിയ്ക്കുന്ന ഒരു സുന്ദരമുഖം അവന്റെ മനസ്സില്‍ മിന്നിമറഞ്ഞു.എപ്പോഴാണു താന്‍ ദേവുവിന്റെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്?. താനീ വീട്ടില്‍ ശ്യാമിനോടൊപ്പം വരുമ്പോള്‍ ദേവുവിന്റെ മുഖം വിടരുന്നത്,മറ്റാരും കാണാതെ തന്നെ തട്ടാനും മുട്ടാനും വരുന്നത്,ആഹാരം വിളമ്പുമ്പോള്‍ തന്റെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത് എല്ലാം തനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു.ആദ്യമൊക്കെ വെറും തമാശയെന്നാണ് താന്‍ കരുതിയത്.പക്ഷേ പോകെപ്പോകെ ദേവുവിന്റെ രീതികള്‍ തന്നെ മാറ്റിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു.അവളുടെ മനസ്സിലെ ചീത്തവിചാരം മാറ്റിയെടുക്കാന്‍ താനാവത് ശ്രമിച്ചു.

രാജീവന്റെ ആലോചന വന്നപ്പോള്‍ താനും സന്തോഷിച്ചു.പക്ഷേ നിശ്ചയദിവസം അവള്‍ തനിക്കീ കല്യാണത്തിനു ഒട്ടുമിഷ്ടമില്ലെന്നുറക്കെ പറഞ്ഞപ്പോള്‍ തന്റെ മനസ്സിലെ ഭയം വളരുകയായിരുന്നു.തന്നെയാണവളിഷ്ടപ്പെടുന്നതെന്നെങ്ങാനും പറഞ്ഞാല്‍ ശ്യാമിന്റേയും അമ്മയുടേയും അച്ഛന്റേയുമൊക്കെ മുഖത്തെങ്ങിനെ നോക്കുമെന്നോര്‍ത്ത് താനാകെയുരുകുകയായിരുന്നു.ഒടുവില്‍ തന്നോടെന്തോ സംസാരിക്കാനുണ്ടെന്നും രാത്രി വരണമെന്നും താന്‍ കാത്തിരിക്കുമെന്നും പറഞ്ഞൊരു കത്ത് മറ്റാരും കാണാതെ അവള്‍ തനിക്കു തന്നപ്പോള്‍ താനുറപ്പിച്ചു.അവളുടെ  ഈ ഭ്രാന്ത് മാറണമെങ്കില്‍ താനീ നാട്ടില്‍നിന്നു പോകണമെന്നു.അന്നുതന്നെ ആരോടും പറയാതെ എവിടേക്കെന്നില്ലാതെ യാത്രതുടങ്ങിയതാണ്.ഇത്രയും കാലത്തിനിടയ്ക്കു അലയാത്ത സ്ഥലങ്ങളില്ല.കുറച്ചുനാള്‍ മുമ്പാണ് തനിക്ക് ശ്യാമിനെക്കാണണമെന്നും എല്ലാമവനോടു തുറന്നുപറയണമെന്നും തോന്നിയത്.ഈ പൊട്ടിപ്പെണ്ണിതേപോലെ എന്തേലും ചെയ്യുമെന്ന്‍ താനൊരിക്കലും കരുതിയിരുന്നില്ലല്ലോ.എല്ലാം മറന്ന്‍ കല്യാണമൊക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളും കുടുംബവുമായി അവള്‍ സന്തോഷത്തോടെ കഴിയുന്നെന്നല്ലേ താന്‍ കരുതിയത്.പക്ഷേ...

"ആരാ?"

ആ ചോദ്യമാണ് ഹരിയെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.അപരിചിതഭാവത്തോടെ തന്നെനോക്കുന്ന ദേവുവിനെ ഹരി സൂക്ഷിച്ചുനോക്കി. അവളുടെ മുഖത്ത് പതിയെപതിയെ ഭാവമാറ്റമുണ്ടാകുന്നത് ഹരികണ്ടു.പെട്ടന്ന്‍ ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടയ്ക്കണമെന്ന്‍ അവനു തോന്നി.ഒന്നു ശങ്കിച്ചശേഷം അവന്‍ ആ മിഴിനീര്‍ തന്റെ കൈകൊണ്ടു തുടച്ചു.അവളുടെ നെറ്റിയില്‍ അരുമയായിതലോടി.അല്‍പ്പസമയം കഴിഞ്ഞ് കണ്ണുകള്‍ തുറന്ന ദേവുവിന്റെ കവിളില്‍ ചെറുതായി ഒന്നു തല്ലിയിട്ടവന്‍ അവളെ തന്റെ കൈകളാല്‍ കോരിയെടുത്തു തനിക്കുനേരെ ചാരിയിരുത്തി.

"എന്തിനാടീ നീയീ കടുംകൈ ചെയ്തത്?".

ദേവുവാകട്ടെ ഒന്നുംപറയാതെ അവനെ നോക്കിനിര്‍ന്നിമേഷയായിരുന്നു, ഹരി അവളുടെ ഇരു കവിളിലും തന്റെ കൈകള്‍കൊണ്ടുതലോടി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാഇരുന്നു.

"ഇനിയീകണ്ണുകള്‍ നിറയാന്‍ ‍ഞാനൊരിക്കലും സമ്മതിക്കില്ല. എനിക്കു വേണം നിന്നെ"

അവന്‍ അരുമയായി അവളെത്തലോടി. ആ മുഖത്ത് നിലാവുദിക്കുന്നതവന്‍ കാണുന്നുണ്ടായിരുന്നു. പുറത്ത് വാതിലിനരുകില്‍ നിന്ന ഒരു ജോഡി കണ്ണുകളും സന്തോഷത്താല്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ശുഭം

ശ്രീ.....

Saturday, September 11, 2010

നമുക്ക് ലജ്ജിക്കാം

ഒരു മാസം നീണ്ടുനിന്ന ഒരു അവധിക്കാലത്തിനുശേഷം ഞാന്‍ വീണ്ടും ബ്ലോഗിംഗിന്റെ മാസ്മ്മരലോകത്തേയ്ക്കു വരുകയാണു.നാലഞ്ചു വര്‍ഷത്തിനുശേഷം ആഘോഷിച്ച ഓണത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാമെന്നാണു കരുതിയിരുന്നത്.പക്ഷേ ഇന്നു അവിചാരിതമായി ഒരു ചാനലില്‍ കാണാനിടയായ രണ്ടു വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെയുലച്ചുകളഞ്ഞതിനാല്‍ ആ വിശേഷങ്ങള്‍ മറ്റൊരിക്കല്‍ പറയാം.

സംസ്ക്കാരസ്മ്പന്നരെന്നഭിമാനിക്കുന്ന,അഹങ്കരിക്കുന്ന സകലമലയാളികള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ നാണിച്ചു തലകുനിച്ചുനില്‍ക്കാനിടയാക്കുന്ന ഒരു സംഭവമായിരുന്നു ഇന്നു തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് ജഗതിയില്‍ അരങ്ങേറിയത്.ചുവന്ന സിഗ്നല്‍ ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്ത ഒരു വൃദ്ധനെ ഒരുകൂട്ടം ചെറ്റകളും തെമ്മാടികളും മാനസികരോഗികളുമായ ചെറുപ്പക്കാര്‍‍ ചൂലുകൊണ്ട് തല്ലിച്ചതയ്ക്കുകയും പോരാഞ്ഞ് റബ്ബര്‍ട്യൂബ് കൊണ്ട് ബന്ധിച്ചിടുകയും ചെയ്തു.സ്വന്തം തന്തയുടെ പ്രായത്തിനേക്കാള്‍ കൂടുതല്‍ പ്രായമുള്ള ആ വൃദ്ധനെ രണ്ടുമൂന്നു തെമ്മാടികള്‍ പരസ്യമായി അതും പട്ടാപ്പകള്‍ തല്ലിച്ചതയ്ക്കുന്നത് നോക്കിനില്‍ക്കാനും ചില ആണും പെണ്ണും കെട്ട ആള്‍ക്കാര്‍ തയ്യാറായി എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ വേദന തോന്നുകയാണു. കൂട്ടത്തില്‍ നല്ല പത്രാസില്‍ പാന്റും കോട്ടും ധരിച്ച ഒന്നുരണ്ടു ചെറുപ്പക്കാരും ആ വൃദ്ധനുനേരെ ആക്രോശിക്കുന്നതുകേട്ടു.തന്നെ തല്ലിച്ചതച്ച നെറികെട്ട ആള്‍ക്കൂട്ടത്തെ നോക്കി താനെന്തുതെറ്റാണു ചെയ്തതെന്ന്‍ ആ വൃദ്ധന്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നത് കേട്ട് സങ്കടം തോന്നിപ്പോയി.ഒറ്റുവില്‍ പോലീസെത്തി ആള്‍ക്കൂട്ടത്തിന്റെയിടയില്‍ നിന്നും ആ വൃദ്ധനെ രക്ഷിച്ചുകൊണ്ടുപോയി.അഥവാ ആ വൃദ്ധന്‍ എന്തെങ്കിലും തെറ്റു ചെയ്തെങ്കില്‍ തന്നെ അയാളെ ചൂലുകൊണ്ടും മറ്റും തല്ലിച്ചതയ്ക്കാനും റ്റ്യൂബുകൊണ്ട് കെട്ടിയിടാനും ഇതെന്താ വടക്കേയിന്ത്യന്‍ സംസ്ഥാനമോ മറ്റോ ആണോ.മലയാളികള്‍ ഇത്രത്തോളം തരം താഴാന്‍ പാടില്ല.പ്രത്യേകിച്ചും സംസ്ക്കാരസമ്പന്നരും പരിഷ്ക്കാരികളെന്നും മേനി നടിയ്ക്കുന്ന മലയാളികള്‍. ഒരു മലയാളിയായതിലും ഒരു തിരുവനന്തപുരംകാരനായിപ്പോയതിലും ഞാന്‍ ലജ്ജിക്കുന്നു.

ജോത്സ്യന്റെ പ്രവചനം വിശ്വസിച്ച് തികച്ചും രണ്ടുമാസം പോലും പ്രായമാകാത്ത തന്റെ കുഞ്ഞിനെ നിലത്തടിച്ചുകൊന്ന ഒരു മലയാളിയുടെ തിരുമോന്ത ഇന്നു ന്യൂസ് ചാനലില്‍ കാണാനിടയായി.താന്‍ ചെയ്തത് ക്രൂരതയായിരുന്നുവെന്ന്‍ ലവലേശവും കുറ്റബോധം തോന്നാതെ തികച്ചും നിര്‍വ്വികാരമായ മുഖഭാവത്തോടെ കാമറയെ നോക്കി നില്‍ക്കുന്ന ആ മനുഷ്യന്റെ നോട്ടം മനസ്സില്‍ നിന്നും മായുന്നില്ല.രണ്ടു പല്ലുകളുമായി ജനിച്ച മകന്‍ ജീവിച്ചാല്‍ തനിക്കു ആപത്തുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകള്‍ വിശ്വസിച്ച ആ നരാധമന്‍ സ്വന്തം ചോരയില്‍ ജനിച്ച തന്റെ കുഞ്ഞിനെ നിലത്തടിച്ചുകൊല്ലുവാന്‍ ഒട്ടും മനസ്സറപ്പ് തോന്നിയില്ല എന്നോര്‍ക്കുമ്പോല്‍ സത്യത്തില്‍ ഭയം കൂടുകയാണു. നമ്മള്‍ മലയാളികള്‍ ഏതു രീതിയിലാണു സംസ്ക്കാരസമ്പന്നരായതു. നമുക്കോരോര്‍ത്തര്‍ക്കും തലകുനിക്കാം.ഇനിയെങ്കിലും പൊള്ളയായ ആവകാശവാദത്തിന്റെ പേരില്‍ മേനിനടിയ്ക്കാതിരിയ്ക്കാം.

അല്‍പ്പം വൈകിപ്പോയെങ്കിലും എന്റെ പ്രീയ സുഹ്രത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ "റമദാന്‍ ആശംസകള്‍"

ശ്രീക്കുട്ടന്‍

Wednesday, August 4, 2010

നാട്ടിലേയ്ക്കൊരു മടക്കം

പ്രവാസം എല്ലാ രീതിയിലും നമുക്ക് നഷ്ടപ്പെടലുകള്‍ മാത്രം സമ്മാനിക്കുന്ന ഒന്നാണ്.ഈ മണലാരണ്യത്തില്‍ കടുത്ത ചൂടിലും കൊടും ശൈത്യത്തിലും വിശ്രമമെന്തെന്നറിയാതെ പണിയെടുക്കുമ്പോള്‍,എന്തേലും അസുഖം പിടിപെട്ട് ആരും നോക്കാനില്ലാതെ കിടക്കുമ്പോള്‍ ,മനസ്സിനിഷ്ടപ്പെടാത്ത അരുചികരമായ ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍,മേലാളമ്മാരുടെ തെറികള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ഒക്കെ ആ നഷ്ടപ്പെടലുകളുടെ ആഴവും പരപ്പും നമുക്ക് വളരെയേറെ വ്യക്തമാകും.

പച്ചവിരിച്ച പാടശേഖരങ്ങളും പുഴയും തോടും അമ്പലവും ഉത്സവങ്ങളും പ്രീയപ്പെട്ട കൂട്ടുകാരും അച്ഛനുമമ്മയും കൂടപ്പിറപ്പുകളും എല്ലാം കയ്യെത്താദൂരത്താണെന്നു മനസ്സിലാവുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സു തളര്‍ന്നു പോവുക തന്നെ ചെയ്യും.എന്നിട്ടും ആരെയൊക്കെയോ തോല്‍പ്പിക്കാനെന്നവണ്ണം അല്ലെങ്കില്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ വേണ്ടി ഈ മണലാരണ്യത്തിന്റെ ഭാഗമായി മാറുകയാണു ഓരോ പ്രവാസിയും.തങ്ങളുടേതായ എല്ലാ സുഖങ്ങളും തല്‍ക്കാലം മാറ്റിവെച്ചിട്ട് അല്ലെങ്കില്‍ മന:പൂര്‍വ്വം മറന്നുകൊണ്ട് ആര്‍ക്കൊക്കെയോ വേണ്ടിടാ​‍ആരോടൊക്കെയോ പട പൊരുതുന്നു.നഷ്ടപ്പെടലുകളുടെ വേദനയിലും അവര്‍ സന്തോഷം കണ്ടെത്തുന്നു.ഒടുവില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കടം മേടിച്ചും കയ്യിലുള്ളതുമെല്ലാം കൊണ്ട് പ്രീയപ്പെട്ടവര്‍ക്കു വേണ്ടതെല്ലാം മേടിച്ചുകൊണ്ട് നമ്മെ കാത്തിരിക്കുന്നവരുടെ അടുത്തേയ്ക്കു പോകുമ്പോള്‍, അവരുടെ മുഖത്ത് വിടരുന്ന സന്തോഷം നേരിട്ടു കാണുമ്പോള്‍ അനുഭവിക്കുന്ന സുഖം മാത്രമാണു അതേ വരെയുള്ള എല്ലാ കഷ്ടപ്പാടുകളും മറന്നു ഒന്നു ചിരിക്കുവാന്‍ ഒരു പ്രവാസിയ്ക്ക് സഹായകമാകുന്നത്.

അതേ. ഞാനും തിരിക്കുകയാണ്. എന്റെ സങ്കടങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമെല്ലാം താല്‍ക്കാലിക വിട നല്‍കിക്കൊണ്ട് എന്റെ പ്രീയപ്പെട്ടവരുടെ അടുത്തേയ്ക്ക്. കൃത്യം 30 ദിവസത്തേയ്ക്കു മാത്രം അനുവദിക്കപ്പെട്ട ഒരു അവധിക്കാലമാഘോഷിക്കുവാന്‍ വേണ്ടി. എന്റെ മനസ്സു കിടന്നു തുള്ളുകയാണു.

ഓര്‍മ്മ വച്ചകാലം മുതല്‍ ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്ന മാറൂട് ക്ഷേത്രത്തിലെ ഉത്സവവും എഴുന്നള്ളത്തും താലപ്പൊലിയുംവിളക്കും പിന്നെ കീഴാറ്റിങ്ങള്‍ മുരുകന്‍ ക്ഷേത്രത്തിലെ തൈപ്പൂയകാവടി മഹോത്സവം, മാടന്‍ നടയിലേയും ഭജനമഠത്തിലേയും ഉത്സവങ്ങള്‍, വൃശ്ചികമാസത്തില്‍ മാലയിട്ട് ഭജനവും വിളക്കുമൊക്കെ നടത്തി ശബരിമലയ്ക്കു പോകുന്നത് പിന്നെ ഓണവും വിഷുവും ദീപാവലിയും പ്രീയപ്പെട്ടവരുടെ വിവാഹങ്ങള്‍....അങ്ങിനെയെത്രയെത്ര കാര്യങ്ങളാണ് പ്രവാസത്തിന്റെ ഈ നാലരക്കൊല്ലത്തിനുള്ളില്‍ എനിക്കു നഷ്ടമായത്.ഇതെല്ലാം ഈ ചുരുങ്ങിയ ഒരു മാസം കൊണ്ട് അനുഭവിക്കാന്‍ പറ്റില്ല.എന്നിരുന്നാലും ഇത്തവണത്തെ ഓണം അതെനിക്കാഘോഷിക്കുവാന്‍ പറ്റും.(അടുത്ത ബന്ധുക്കളാരുടെയെങ്കിലും വിളക്കൂതാതിരുന്നാല്‍). വീട്ടുകാരോടൊപ്പമിരുന്ന്‍ ഓണസദ്യയുണ്ണുവാന്‍ വേണ്ടി ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

ബ്ലോഗിംഗിന്റെ ഈ മാസ്മരലോകത്തില്‍ നിന്നും ഒരു മാസം വിട്ടുനില്‍‍ക്കുക എന്നതു സങ്കടകരമാണെങ്കിലും ഞാന്‍ അത് സൌകര്യപൂര്‍വ്വം മറക്കുന്നു. എന്റെ എല്ലാ പ്രീയപ്പെട്ട ബൂലോകത്തെ സുഹൃത്തുക്കള്‍ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമ്പത്തും നിറഞ്ഞ അതി മനോഹരമായൊരു തിരുവോണം അഡ്വാന്‍സായി നേര്‍ന്നുകൊള്ളുന്നു.

അപ്പോള്‍ പിന്നെ എല്ലാപേരെയും ഒരു മാസം കഴിഞ്ഞു കാണാം.

വീണ്ടുമൊരിക്കല്‍ക്കൂടി എല്ലാപേര്‍ക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിച്ചുകൊണ്ട്

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍

Monday, August 2, 2010

ഒരു ചീട്ടുകളിക്കാരന്‍

ചീട്ടുകളിക്കാരന്‍

നാട്ടിലെ അറിയപ്പെടുന്ന ചീട്ടുകളിഭ്രാന്തനാണ് രാമന്‍‍കുട്ടി. ചീട്ടിനെ സ്വന്തം മക്കളെക്കാളുമധികം താന്‍ സ്നേഹിക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ച വിശുദ്ധ രാമന്‍കുട്ടിയെ മറ്റു ചീട്ടുകളിക്കാര്‍ക്കെല്ലാം വളരെയേറെയിഷ്ടമാണു. സുന്ദരന്‍, ബഡായിഅനി, വാസുക്കുറുപ്പ്, ഡ്രൈവര്‍ ബാലന്‍, ബാബുക്കുട്ടന്‍, സുധാകരന്‍ തുടങ്ങിയവരടങ്ങുന്ന ചീട്ടുകളി സംഘത്തിന് രാമന്‍ കുട്ടി ഒരു ചാകരയാണ്. ഇഷ്ടന് കളി നന്നായി അറിയത്തില്ല എന്നതു തന്നെയാണ് ആ ഇഷ്ടത്തിനു കാരണം. ആറുപേര്‍ കളിക്കുന്ന മൂവായിരം എന്ന ചീട്ടുകളിയാണ് രാമന്‍കുട്ടിയുടെ ഇഷ്ടയിനം. കളിയില്‍ കയ്യിലുള്ള മുഴുവന്‍ ചീട്ടും സെറ്റുകളായി ഇറക്കിത്തീര്‍ക്കുന്നവന്‍ വിജയിക്കും. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഇറക്കിവച്ചാല്‍ പോയിന്റടിസ്ഥാനത്തിലായിരിക്കും വിജയിയെ കണ്ടെത്തുന്നത്. ഈ കളിയില്‍ എല്ലായ്പ്പോഴും ജോക്കര്‍ 2 ആയിരിക്കും. ജോക്കറിനും പിന്നെ 8 മുതല്‍ മുകളിലേക്കുള്ള എല്ലാ ചീട്ടുകള്‍ക്കും ഒരു പോയിന്റ് വീതമാണ്. ഒന്നിനു (ഏസ്) ഒന്നൊരപ്പോയിന്റ്. മൂന്നുമുതല്‍ ഏഴുവരെയുള്ളവയ്ക്ക് അരപ്പോയിന്റ് വീതം. ഒരു കളിയ്ക്ക് വെറും അഞ്ചുരൂപയാണ് കെട്ടുകാശ്. ഒരു കളി വിജയിച്ചാല്‍ ആറുപേരുടേയും കൂടി 30 രൂപ കീശയിലാക്കാം. വളരെ നല്ലൊരു സമയം പോക്കുകൂടിയാണ് ആ കളി. നമ്മുടെ കഥാനായകന്‍ കളി അത്ര വശമില്ലാത്തവനായതുകൊണ്ടുതന്നെ മിക്ക ദിവസവും പത്തുനൂറ്റന്‍പത് രൂപാ കളിച്ചു തോറ്റിരിക്കും. കൈയിലുണ്ടായിരുന്ന പൈസയെല്ലാം കളിച്ചുതോറ്റിട്ട് ഉണ്ണിപ്പിള്ളയുടെ ചീത്തമുഴുവന്‍ കേട്ടുകൊണ്ട് ഒരു ചായ കടം മേടിച്ചിട്ട് അത് കുടിച്ചുകൊണ്ട് കളിയെക്കുറിച്ച് അഭിപ്രായം പറഞ്ഞ് അവിടെത്തന്നെ നില്‍ക്കുന്ന രാമന്‍കുട്ടി സത്യത്തില്‍ ഒരു സംഭവം തന്നാരുന്നു.

രാമന്‍കുട്ടിക്ക് നല്ല ധൈര്യമൊക്കെയുണ്ടെങ്കിലും കെട്യോളായ സരളയെ മുടിഞ്ഞ പേടിയാണ്. നല്ല മുട്ടന്‍ ചീത്തവിളിക്കാരിയാണ് ആശാട്ടി. രാമന്‍കുട്ടിയെ ഇടയ്ക്കൊക്കെ എടുത്തിട്ട് പെരുമാറാറുണ്ടെന്ന്‍ നാട്ടിലൊരു കരക്കമ്പിയുമുണ്ട്. കണവന്‍ ഫുല്‍ടൈം ചീട്ടുകളിച്ചുനടക്കുന്നതില്‍ കലിപൂണ്ട സരള പലപ്പോഴും കളിസ്ഥലത്ത് വന്ന്‍ അലമ്പുണ്ടാക്കിയിട്ടുണ്ട്. അവരുടെ കണ്ണുപൊട്ടിപ്പോകുന്ന ചീത്തവിളികേട്ട് ചിലദിവസങ്ങളില്‍ ചീട്ടുകളി നിറു‍ത്തിവച്ചിട്ടുമുണ്ട്.സരള കളി സ്ഥലത്തു വന്ന്‍ അലമ്പുണ്ടാക്കുന്ന ദിവസം ഒരനുസരണയുള്ള കുഞ്ഞാടിനെപ്പോലെ തലയും കുമ്പിട്ട് സരളയ്ക്കൊപ്പം നടന്നുപോകുന്ന രാമന്‍കുട്ടിയെകാണുമ്പോള്‍ അന്നത്തെ ചായകുടിക്കുള്ള വകുപ്പ് നഷ്ടമായല്ലോ എന്നോര്‍ത്ത് മറ്റു സതീര്‍ഥ്യമ്മാര്‍ക്കുണ്ടാകുന്ന ദുഃഖത്തിനു കണക്കില്ല. കളിസ്ഥലത്തുവന്ന്‍‍ തന്നെ മാനം കെടുത്തിയതില്‍ ശ്രീമതിയെ ഇടിച്ചുതവിടുപൊടിയാക്കണമെന്നൊക്കെ മനസ്സിലുറപ്പിച്ചാലും രാമന്‍കുട്ടി എല്ലാമങ്ങ് ക്ഷമിക്കും. കെട്ടിയോളോട് ദേഷ്യപ്പെടുന്നത് ആത്മഹത്യാപരമാണെന്ന യഥാര്‍ത്ഥ്യം രാമന്‍ കുട്ടിക്ക് നന്നായറിയാം. സരളയെ കല്യാണം കഴിച്ച് കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ രാമന്‍കുട്ടി അതു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

കൊപ്രാഫീല്‍ഡാണു രാമന്‍കുട്ടിയുടെ വിളനിലം. ഉച്ചയാകുമ്പോഴേയ്ക്കും പത്തുമുന്നൂറുറുപ്പിക ആശാന്‍ ഉണ്ടാക്കിയിരിക്കും. ധൃതിപിടിച്ച് വീട്ടിലെത്തി വല്ലതും കഴിച്ചെന്നു വരുത്തി നൂറുറുപ്പിക മൂത്ത മോളുടെ കൈകളിലേല്‍പ്പിച്ചശേഷം ഒരോട്ടമാണ് ചീട്ടുകളിസ്ഥലത്തേക്ക്. വീട്ടുചിലവിനുള്ള കാശ കൃത്യമായി കൊടുത്തില്ലേല് വിവരമറിയുമെന്ന്‍ രാമന്‍കുട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ ആ കാശ് മുടക്കാറില്ല. മറ്റുകളിക്കാരുടെ മുഖത്തൊരു വെട്ടം വരുന്നത് രാമന്‍കുട്ടിയെ കാണുമ്പോഴാണു. അത്ഭുതസംഭവമെന്നോണം ചിലപ്പോള്‍ ചീട്ടുദേവത രാമന്‍കുട്ടിയുടെ കൂടെയങ്ങുകൂടിക്കളയും. അന്നത്തെക്കാര്യം പിന്നെപ്പറയണ്ട. മറ്റു കളിക്കാര്‍ എല്ലാപേരും ഷെയര്‍ ചേര്‍ന്നു കളിച്ചാലും പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല. പത്തോ ഇരുന്നൂറോ തികച്ചു കളിച്ചുകിട്ടിയാല്‍‍ പിന്നെ സമയം പോലും പാഴാക്കാതെ കളിനിറു‍ത്തി ആശാന്‍ കൊല്ലമ്പുഴ ഷാപ്പിലേക്കൊരു പോക്കുണ്ട്. ഒരു കുപ്പി കള്ളോ, അല്ലെങ്കില്‍ ഇരുനൂറു പട്ടച്ചാരായമോ അടിച്ചുമിനുങ്ങിയിട്ട് ചിലപ്പോല്‍ തിരിച്ചുവന്ന്‍ വീണ്ടും കളിതുടരും. ചീട്ടുദേവത കള്ളിന്റെ നാറ്റംകൊണ്ട് കൈവിട്ടുപോയെങ്കില്‍ അന്നു കളിച്ചുകിട്ടിയതിന്റെ ഇരട്ടി ബാക്കിയുള്ളവര്‍ക്ക് ചിലവിനായി നല്‍കുകയും ചെയ്യും.

പതിവുപോലെ ഒരുദിവസം പണിയെല്ലാം നേരത്തേതീര്‍ത്ത് രാമന്‍കുട്ടി ചീട്ടുകളിസ്ഥലത്തെത്തി. നിര്‍ഭാഗ്യവശാല്‍ അന്ന്‍ കോറം തികഞ്ഞുകളിക്കാരുണ്ടായിരുന്നു. നിരാശനായ രാമന്‍കുട്ടി മറ്റുള്ളവരുടെ കളിനോക്കി വെറുതേ നിന്നു. ക്ലാവറും ഇസ്പേഡും ഡൈമനുമെല്ലാം തന്നെ നോക്കി മാടിവിളിക്കുന്നു. കൈകള്‍ക്കൊക്കെ ഒരു വല്ലാത്ത കിരുകിരിപ്പ്. ഉണ്ണിപ്പിള്ളയുടെ കാടിവെള്ളം പോലത്തെ ചായ രണ്ടെണ്ണം കുടിച്ചുതീര്‍ത്തു. കട്ടന്‍ബീഡി നാലോ അഞ്ചോ വലിച്ചുതീര്‍ത്തു.നോ രക്ഷ.ചീട്ടുകളിക്കോറം അപ്പോഴും ഫുള്ളാണ്. ഇന്നിനി ചാന്‍സ് കിട്ടുമെന്ന്‍ തോന്നുന്നില്ല. നിരാശനായ കഥാനായകന്‍ വീട്ടിലേക്കു മടങ്ങി. പോയ കണവന്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ തിരിച്ചുകേറിവരുന്നതുകണ്ട സരള ആകെ വണ്ടറടിച്ചു. എന്റെ മാടന്‍ നട അപ്പൂപ്പാ ഇതു വല്ലാത്ത അത്ഭുതം തന്നെ. ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി. രാമന്‍ കുട്ടി തന്റെ കെട്യൊളെ നോക്കി ഒരു ആക്കിയ ചിരിചിരിച്ചിട്ട് തിണ്ണയിലിരുന്നു ഒരു ബീഡികൊളുത്തി. വയല്‍ക്കാറ്റേറ്റു ബീഡിയും വലിച്ചിരുന്ന രാമന്‍കുട്ടി ആകെ അസ്വസ്ഥനായിരുന്നു. മനസ്സില്‍ പീലിവിരിച്ചാടിനില്‍ക്കുന്ന 13 ചീട്ടുകള്‍. തലചൊറിഞ്ഞും ബീഡിവലിച്ചും കുറേനേരമിരുന്ന ആശാന്‍ ഡ്രെസ്സ് മാറി ജംഗ്ഷനിലേയ്ക്കു നടന്നു. തങ്കമണിചേച്ചിയുടെ കടയില്‍നിന്നു കടുപ്പത്തില്‍ ഒരു ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്നു കൊല്ലമ്പുഴവരെ പോയാലെന്തെന്ന്‍ ഒരു തോന്നലുണ്ടായി.പിന്നെ അമാന്തിച്ചില്ല.ആദ്യം വന്ന വണ്ടിയില്‍ക്കയറി നേരെ ഷാപ്പിലേയ്ക്കു തിരിച്ചു.ഒരരക്കുപ്പി കള്ളുമായിരിക്കുമ്പോഴാണ് തൊട്ടടുത്ത് സിനിമാഷൂട്ടിംഗ് നടക്കുന്ന കാര്യം ആരോ പറഞ്ഞത് രാമന്‍കുട്ടി കേട്ടത്. എന്നാപ്പിന്നെ ഷൂട്ടിംഗ് കണ്ടിട്ടുതന്നെ കാര്യമെന്നോര്‍ത്ത് കുപ്പികാലിയാക്കി പുള്ളികാരന്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നിടത്തേക്കു നടന്നു.

മൈ ഡിയര്‍ കരടി എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. നായകനടന്‍ ആറ്റില്‍നിന്നു നീന്തിക്കേറിവരുന്ന രംഗമഭിനയിച്ചുകൊണ്ടിരിക്കുമ്പോല്‍ പെട്ടന്ന്‍ വെള്ളത്തില്‍ ഒഴുകിപ്പോയ നായകനെ രക്ഷിക്കാനായി ആറ്റില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ നമ്മുടെ നായകന്‍ രാമന്‍കുട്ടിയായിരുന്നു. എന്തായാലും കഷ്ടപ്പെട്ട് നായകനെ വലിച്ചു കരയ്ക്കു കയറ്റിയപ്പോഴേയ്ക്കും യൂണിറ്റംഗങ്ങളെല്ലാം ഓടിയെത്തി. ഒരു വീരനെപ്പോലെ തലയുയര്‍ത്തിനിന്ന രാമന്‍കുട്ടിയ്ക്കും മറ്റേയാള്‍ക്കും നന്ദി പറഞ്ഞ നിര്‍മ്മാതാവ് സന്തോഷസൂചകമായി കുറച്ചു കാശ് രണ്ടുപേര്‍ക്കും നല്‍കി. മാത്രമല്ല കരടിയെക്കണ്ട് ഭയന്നോടുന്ന ആളുകളുടെ ഭാഗം ചിത്രീകരിച്ചപ്പോല്‍ അവരെക്കൂടി അഭിനയിപ്പിക്കുകയും ചെയ്തു. ജീവിതത്തിലാദ്യമായി സിനിമയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തില്‍ രാമന്‍കുട്ടി നേരേ ആറ്റിങ്ങലേക്കു പോയി നല്ല മീനും മറ്റുമൊക്കെ വാങ്ങി വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തി സാധനമെല്ലാം സരളയെ എല്‍പ്പിച്ച് ഒരു പനാമ കൊളുത്തിയപ്പോളാണ് ചീട്ടുകള്‍ വീണ്ടും രാമന്‍കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞത്. പിന്നെയൊട്ടും അമാന്തിച്ചില്ല.നേരെ കളിസ്ഥലത്തേക്കു വച്ചടിച്ചു. സമയം ആറുമണി കഴിഞ്ഞു. ഭാഗ്യത്തിനു കളിക്കുവാന്‍ ആളു കുറവാണ്. സ്വര്‍ഗ്ഗം കിട്ടിയതുപോലെ രാമന്‍ കുട്ടി കളിക്കാനായിക്കൂടി. തനിക്കിട്ട കൈയില്‍പിടിച്ചുകൊണ്ട് താന്‍ സിനിമയിലഭിനയിച്ച കാര്യം എല്ലാപേരോടുമായി അനൌണ്‍സ് ചെയ്തു. മാത്രമല്ല എല്ലാപേര്‍ക്കും തന്റെ ചിലവില്‍ ചായയും പരിപ്പുവടയും കൊടുക്കാന്‍ ഉണ്ണിപ്പിള്ളയ്ക്കു ഓര്‍ഡര്‍ നല്‍കിയിട്ട് പോക്കറ്റില്‍നിന്നും കാശെടുത്ത് ഉണ്ണിപ്പിള്ളക്ക് കൊടുത്തു. കുറച്ചധികം ര്‍പ്പാ നോട്ടുകള്‍ കണ്ടപ്പോള്‍ കളിച്ചുകൊണ്ടിരുന്ന ബാബുവും അനിയും കൂടി മുഖത്തോടുമുഖം നോക്കി ഒന്നു കണ്ണിറുക്കി.

"എന്തായാലും രാമന്‍കുട്ടി സിനിമേലഭിനയിച്ചതല്ലേ. ഇന്നു ചെലവു ചെയ്യണം. ഒരു ഫുള്ളെടുത്തേ പറ്റൂ"

സുന്ദരന്റെ അഭിപ്രായത്തിനെ എല്ലാപേരും പിന്താങ്ങി. അതു സമ്മതിച്ച രാമന്‍ കുട്ടി കാശുകൊടുക്കുകയും ബാലന്‍ അപ്പോള്‍ത്തന്നെസാധനം മേടിക്കാനായിപോവുകയും ചെയ്തു.

"ബാലന്‍ വരാന്‍ കൊറച്ചുസമയമാകും.നമുക്ക് ഫ്ലാഷ് കളിച്ചാലോ?".

ബാബു എല്ലാപേരോടുമായി ചോദിച്ചു. അന്നു നല്ലതുപോലെ ചീട്ടുകളിക്കാന്‍ പറ്റാതിരുന്ന നമ്മുടെ നായകനു പെരുത്ത് സന്തോഷായി.മെഴുകുതിരി വെട്ടത്തില്‍ കളിയാരംഭിക്കാന്‍ ഒട്ടും സമയമെടുത്തില്ല.വാഴപ്പണയുടെ ഉള്ളിലായിരിക്കുന്നതുകൊണ്ട് മറ്റാരും കാണുകയുമില്ല. കളി മുറുകവേ ബാലന്‍ ചരക്കുമായെത്തി. നല്ല സൊയമ്പന്‍ വാറ്റ്സാധനം. അതു കാലിയായതു നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. വാറ്റിന്റെ പവറിനാല്‍ ക്ലാവറേത് ഡൈമനേത് ഇസ്പേഡേത് എന്നെല്ലാം തിരിച്ചറിയാനാവാതെ പോക്കറ്റിലുണ്ടായിരുന്ന കാശ് തീര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ കൈയിലുണ്ടായിരുന്നതു മുഴുവന്‍ സ്വാഹയായപ്പോള്‍ മെല്ലെ ആശാനൊന്നെഴുന്നേറ്റു. കാലുകള്‍ക്ക് നല്ല ബലം പോരാത്തതുപോലെ. സരള ഇന്നു തന്നെ പള്ളിപ്പൊറമാക്കാന്‍ ചാന്‍സു വളരെക്കൂടുതലാണു. ഇവിടെയെവിടെയെങ്കിലും കിടന്നാലോ. നീര്‍ക്കോലികള്‍...ഹൊ വേണ്ടേ വേണ്ട. വീട്ടീപ്പോകുന്നതാണ് നല്ലത്.മെഴുകുതിരിവെട്ടത്തില്‍നിന്നു മാറിയപ്പോല്‍ കണ്ണില്‍കുത്തിയപോലുള്ള ഇരുട്ട്. വഴിയിലൊരു വലിയ മടയുണ്ട്.പക്ഷേ എവിടെയാണത്?. ഇരുട്ടത്ത് ഒരു പുല്ലും  തെരിയുന്നില്ല. തീപ്പെട്ടിയാണേല്‍ ഒരച്ചു തീര്‍ക്കേം ചെയ്തു

"എടാ ബാബു ആ മെഴുകുതിരിയൊന്നു പൊക്കിക്കാണിച്ചു തന്നേടാ".

വിനീതനായി രാമന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. കിട്ടിയ കാശെല്ലാമെടുത്ത് ഭദ്രമായി അണ്ടര്‍വെയറിന്റെ പോക്കറ്റിനുള്ളില്‍ വച്ചുകൊണ്ടിരുന്ന ബാബു അത് മൈന്‍ഡ് ചെയ്തതേയില്ല.

"എടാ ബാബു ആ മെഴുകുതിരി ഒന്നു പൊക്കി കാണിച്ചേടാ"

രാമന്‍കുട്ടി വീണ്ടും ആവശ്യപ്പെട്ടു. ചീട്ട് കുത്തിയിട്ടിട്ട് ബാബു ഒരു സിഗററ്റ് കത്തിച്ചുപുകവിട്ടുകൊണ്ട് തന്റെ ചീട്ടെടുത്തു നോക്കി. ഉഗ്രന്‍ കൈ. സന്തോഷത്തോടെ ചീട്ട് കമഴ്ത്തിവച്ചിട്ടവന്‍ പോക്കറ്റില്‍നിന്ന്‍ ഒരു അമ്പതുരൂപയെടുത്ത് തോര്‍ത്തിലേക്കിട്ടു.

ഒരല്‍പ്പം മുന്നോട്ടു നടന്ന രാമന്‍കുട്ടി ഇരുട്ടിനെയും വഴിയിലെ മടയേയും പേടിച്ചു വീണ്ടും തിരിഞ്ഞു നിന്നു.

"എടാ ബാബു ഒന്നു പൊക്കി കാണിക്കെടാ".

ഒരിക്കല്‍‍ക്കൂടി രാമന്‍കുട്ടി ബാബുവിനോടായി വിളിച്ചുപറഞ്ഞു.

അനിയുടെ പരീലുമായി (ഒരേ ചീട്ട് മൂന്നെണ്ണം വരുന്നത്) കോര്‍ത്ത് ഒറ്റയടിയ്ക്ക് മുന്നൂറുരൂപയോളം തോറ്റ ബാബു ആ ദേക്ഷ്യത്തിന് ചാടിയെഴുന്നേറ്റ് മുണ്ട് പൊക്കി തന്റെ വിശ്വരൂപം രാമന്‍കുട്ടിയെ കാണിച്ചു.

"ഇന്നാ പൊക്കിക്കാണിച്ചത് മതിയാ"

കുടിച്ച വാറ്റിന്റെ പ്രഭയെല്ലാം ഒറ്റയടിക്കപ്രത്യക്ഷമായതുപോലെ തോന്നിയ രാമന്‍കുട്ടി വായില്‍ വന്നൊരു മുട്ടന്‍തെറി വിളിച്ചിട്ട് മുമ്പോട്ടുനടന്നു. ഒരു മൂന്നുനാലു ചുവടുകള്‍ വച്ചതും വരമ്പിലുണ്ടായിരുന്ന മടയില്‍ തന്നെ വീഴുകയും ചെയ്തു. കൃത്യം മടയ്ക്കകത്ത് എടുത്തുകിടത്തിയതുപോലെയായിരുന്നു ആ വീഴ്ച.

വാല് : മേലാസകലം ചെളിയും വെള്ളവുമായി ആടിയായ്യിക്കയറിവന്ന ഹസ്സിനെക്കണ്ട് സരളയുടേ മുഴുവന്‍ കണ്ട്രോളുമ്പോയി. ആ വീട്ടില്‍നിന്നും അന്നു ചില ഞരക്കങ്ങളും അമര്‍ത്തിയ നിലവിളിശബ്ദവും ഒക്കെ ഉയര്‍ന്നു. ഒരാഴ്ചയില്‍ക്കൂടുതലാണ് രാമന്‍കുട്ടി ബെഡ്റെസ്റ്റെടുത്തത്. ചീട്ടുകളിക്കാരൊടെല്ലാം പറഞ്ഞത് മടയില്‍ വീണു കാലുമടങ്ങിയതുകൊണ്ടാണെന്നായിരുന്നു. സത്യം സരളക്കും രാമന്‍കുട്ടിക്കും മാത്രമറിയാം.മൈ ഡിയര്‍ കരടി റിലീസായദിവസം തന്റെ അഭിനയം കാണിയ്ക്കാനായി രണ്ടു മക്കളേം ഭാര്യയേയും കൊണ്ട് സിനിമയ്ക്കുപോയ രാമന്‍കുട്ടി ശരിക്കും ഞെട്ടി. താന്‍ ആത്മാര്‍ത്ഥമായും അഭിനയിച്ച തന്റെ സിനിമാ സീന്‍ ആ പടത്തിലേ ഉണ്ടായിരുന്നില്ല. ക്രൂരനും ദുഷ്ടനും വഞ്ചകനുമായ എഡിറ്ററെ മനസ്സില്‍ ചീത്തവിളിച്ചുകൊണ്ട് രാമങ്കുട്ടി മടങ്ങി. ഈ സംഭവം ചീട്ടുകളിസ്ഥലത്തറിയുകയും രാമന്‍കുട്ടിയെ ഇടയ്ക്കൊക്കെ കളിയാക്കിവിളിക്കാറുണ്ടായിരുന്ന ഇരട്ടപ്പേരായ കൊപ്രാരാമന്‍കുട്ടി എന്ന വിളിപ്പേരിനൊപ്പം കരടിരാമന്‍കുട്ടി എന്നൊരു വിളിപ്പേരുകൂടിയുണ്ടായി

ശുഭം


ശ്രീക്കുട്ടന്‍ 

Tuesday, July 27, 2010

പാപിയായൊരു മകന്‍

അസ്തമയസൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്കു മെല്ലെമെല്ലെ അടുത്തുകൊണ്ടിരുന്നു. ഇളം ചുവപ്പു നിറം പടര്‍ന്ന ആകാശത്തിലേയ്ക്ക് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അയാള്‍ കുറേനേരം നോക്കി നിന്നു. പിന്നെ തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചുകൊണ്ട് നീണ്ടു പരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ പാതയില്‍ കൂടി അയാള്‍ പതിയെ നടന്നു. എത്ര വര്‍ഷങ്ങള്‍‍ക്കുശേഷമാണ് ഇതേപോലെ നടക്കുന്നത്. നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ കുത്തിമറിയുന്ന കുട്ടികളെ കണ്ടപ്പോള്‍ അയാളുടെ ഉള്ളിലെ കുസൃതിക്കാരനായ കുട്ടിയുമുണരുന്നുണ്ടായിരുന്നു.വെള്ളത്തില്‍ കിടന്നു മറിയുന്ന രണ്ടു പേരെ നോക്കി ശുണ്ഠിയെടുത്ത് ഒച്ച വയ്ക്കുകയും കയ്യിലിരിക്കുന്ന ചെറിയ കമ്പ് ഉയര്‍ത്തിക്കാണിച്ച് പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖം അയാളുടെ മനോമുകുരത്തില്‍ ഒരു നിമിഷം മിന്നിത്തെളിഞ്ഞു. ആ വെള്ളത്തില്‍ അവര്‍ക്കൊപ്പം കരണം മറിയാനും നീന്തിത്തുടിയ്ക്കാനും മനസ്സാവേശം കൊണ്ടെങ്കിലും അതടക്കിക്കൊണ്ടയാള്‍ മുന്നോട്ടു നടന്നു.

"ഒന്നു തീ തരുമോ"

ആ ചോദ്യമാണ് അയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.പശുവിനേയും പിടിച്ചുകൊണ്ട് ഒരു ബീഡിയും ചുണ്ടിലാക്കി നില്‍ക്കുന്ന ആളിനെ അയാള്‍ സൂക്ഷിച്ചുനോക്കി.നാരായണേട്ടന്‍ തന്നെയത്.പ്രായത്തിന്റെ ചില്ലറ അഴിച്ചുപണികള്‍ ശരീരത്തിലുണ്ടായിട്ടുള്ളതല്ലാതെ വലിയ മാറ്റമൊന്നും വന്നിട്ടില്ല.പോക്കറ്റില്‍ നിന്നും ലൈറ്ററെടുത്ത് നീട്ടിയിട്ട് അയാള്‍ നാരായണേട്ടനെ തന്നെ നോക്കിനിന്നു.

"അല്ല മനസ്സിലായില്ലല്ലോ.എവിടെ പോകുവാനാ"

ബീഡി കത്തിച്ചിട്ട് ലൈറ്റര്‍ തിരികെകൊടുത്തുകൊണ്ട് നാരായണേട്ടന്‍ അയാളോട് ചോദിച്ചു.

"ഞാന്‍..അത്..പിന്നെ വാക്കുകള്‍ കിട്ടാതെ ഒന്നുഴറിയ അയാള്‍ തൊണ്ടയില്‍ ഒന്നു പിടിച്ചു.

"കൊറച്ചു ദൂരേന്നാ.എത്തിയപ്പോള്‍ സന്ധ്യയാവാറായി" പറഞ്ഞിട്ടയാള്‍ നടത്തമാരംഭിച്ചു.

"ഇവിടെ ആരെ കാണാനാ" പശുവിനേയും പിടിച്ച് കൂടെ നടന്നുകൊണ്ട് നാരായണേട്ടന്‍ വീണ്ടും ചോദിച്ചു.

"ഈ പാട്ട് കേള്‍‍ക്കുന്നതെവിടെ നിന്നാ". അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഭക്തിഗാനം കേട്ടിട്ട് വിഷയം മാറ്റാനെന്നവണ്ണം അയാള്‍ നാരായണേട്ടനോടു ചോദിച്ചു.

"അതോ.അത് ശിവന്റമ്പലത്തീന്നാ. മംഗലത്തെ ശ്രീധരന്നായര് കഴിഞ്ഞ വര്‍ഷം ഒരു മൈക്ക് സെറ്റ് അമ്പലത്തിനു സംഭാവനയായി മേടിച്ചു നല്‍കി.അതോണ്ടു ഇത്തിരി പാട്ടും ഒച്ചേം കേക്കാം.അമ്പലം പുതുക്കിപ്പണിയാമ്പോവേണ്.അതിന്നായി കമ്മറ്റിയൊക്കെ ഒണ്ടാക്കിക്കഴിഞ്ഞു". ഉത്സാഹത്തോടെ പറഞ്ഞിട്ട് നാരായണേട്ടന്‍ പശുവിന്റെ കയറിമ്മേല്‍ പിടിച്ചു വലിച്ചുകൊണ്ട് നടന്നു.

"അമ്പലത്തിന്റെ അടുത്ത താമസിച്ചിരുന്ന ദേവകിയമ്മയ്ക്കിപ്പോളെങ്ങിനെയുണ്ട്".അയാള്‍ മടിച്ചുമടിച്ച് നാരായണേട്ടനോട് ചോദിച്ചു.

നടന്നുകൊണ്ടിരുന്ന നാരായണേട്ടന്‍ പെട്ടന്ന്‍ നിന്നു.

"വടക്കേലെ ദേവകിയുടെ കാര്യമാണോ നിങ്ങള്‍ ചോദിയ്ക്കുന്നത്.കഷ്ടം ആരും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയും രോഗോമൊക്കെയായി നരകിച്ചു നരകിച്ചാ പാവം മരിച്ചത്.ഒന്നൊന്നരകൊല്ലായി.രണ്ടു മക്കളൊണ്ടായിരുന്നെന്ന്‍ പറഞ്ഞിട്ടെന്താ കാര്യം.അനാഥപ്രേതത്തിനെപ്പോലെ കുഴിച്ചിടുകയായിരുന്നു.ഒരു ആണ്‍ചെറുക്കനൊണ്ടായിരുന്നത് പത്തുപതിനഞ്ച് കൊല്ലം മുമ്പ് നാടുവിട്ടുപോയതാ.ചത്തോ ജീവിച്ചിരിക്കുന്നോ എന്നുപോലും ആര്‍ക്കുമറിയില്ല.പിന്നെയൊള്ള മോള്.അത് പറയാതിരിക്കുകയാ ഭേദം.അല്ല ഇതൊക്കെ ചോദിക്കുവാന്‍ നിങ്ങളാരാ.അവരുടെ ബന്ധുവോ മറ്റോ ആണോ"

നടവഴിയില്‍ ഒരു പ്രതിമകണക്കേ നിശ്ചലം നിന്ന അയാളുടെ തോളില്‍ പിടിച്ചു കുലുക്കിക്കൊണ്ട് നാരായണേട്ടന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.കണ്ണുകളില്‍ ഉറഞ്ഞുകൂടിയ നീര്‍മണികള്‍ നാരായണേട്ടന്‍ കാണാതെ തുടച്ചുകൊണ്ടയാള്‍ മെല്ലെ നടത്തം തുടര്‍ന്നു.

"കാര്യം ദേവകി പെഴയൊക്കെതന്നേരുന്നു.രണ്ടു മക്കളേം ഒണ്ടാക്കിയിട്ട് കള്ളുകുടിച്ച് അടിയുമൊണ്ടാക്കിനടന്ന ദിവാരന് വീട്ടുകാര്യം നോക്കാനെങ്ങാനും സമയോണ്ടാരുന്നോ.ഒടുവില്‍ പാടത്തിട്ട് ആരൊ കുത്തിക്കൊല്ലുകാര്‍ന്നു.ആറേഴു കുത്തൊണ്ടായിരുന്നു മേത്ത്.മക്കളെ വളത്താനായി മറ്റൊരു വഴീമില്ലാണ്ടായപ്പോ ദേവകി പിഴച്ചു.അതിനവളെ കുറ്റം പറയാനൊക്കോ.പത്തു പതിനാലു വയസ്സുവരെ കഷ്ടപ്പെട്ട് വളര്‍ത്തിയപ്പോ ആ ചെക്കന്‍ ഒരു ദെവസം കേറിയെടഞ്ഞേക്കണ്. തള്ളേടെ തൊഴിലുമൂലം അവനു മാനക്കേട് സഹിക്കാന്‍ പറ്റണില്ലാത്രേ. അല്ല അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെക്കന്‍ വലുതായപ്പോ അവനു മനസ്സിലാവൂല്ലേ എല്ലാം.ഒടുവീ ഒരീസം വീട്ടിലെ കലോം ചട്ടീമൊക്കെ വാരിവലിച്ചുപൊട്ടിച്ചിട്ട് ചെക്കനെങ്ങാണ്ടോടിപ്പോയി. പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ.അതീപ്പിന്നെ ദേവകി അപ്പണി നിര്‍ത്തി. വീടുകളിലൊക്കെപ്പോയി കൊച്ചുകൊച്ചു ജോലിയൊക്കെചെയ്ത് ആ പെങ്കൊച്ചിനെ വളര്‍ത്തി.പറഞ്ഞിട്ടെന്താ കാര്യം തള്ളേടല്ലേ മോള്. ഹെയ്..ഹെ നില്ല് പശൂ. ഇതെവിടെ ഓടേണ്".പെട്ടന്ന്‍ കയറും വലിച്ചുകൊണ്ട് വയലിലെയ്ക്കോടിയെറങ്ങിയ പശൂന്റെ പിറകേ നാരായണേട്ടന്‍ വയലിലേയ്ക്കു ചാടി.

വയല്‍വരമ്പേ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ബലം നഷ്ടപ്പെട്ടതുപൊലെ വിറയ്ക്കുന്നുണ്ടായിരുന്നു.എവിടെയെങ്കിലും ഒന്നിരിയ്ക്കാന്‍ അയാള്‍ കൊതിച്ചു.അമ്പലത്തിനടുത്തെ കൊച്ചു ചായക്കടയിലെ ബെഞ്ചിലായി തളര്‍ന്നിരുന്ന അയാള്‍ ഒരു ചായ പറഞ്ഞശേഷം മേശമേലിരുന്ന ജഗ്ഗിലെ മുഴുവന്‍ വെള്ളവും കുടിച്ചു തീര്‍ത്തു.വിറയാര്‍ന്ന കൈകളാലൊരു സിഗററ്റെടുത്ത് ചുണ്ടില്‍ വച്ചു കൊളുത്തിയശേഷം അയാള്‍ ചുറ്റുമൊന്നു നോക്കി.കടയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ തന്നെ തന്നെ ഉറ്റു നോക്കുന്നു.കടക്കാരന്‍ നീട്ടിയ ചായമേടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ ഒരു തെങ്ങില്‍ കെട്ടിയിട്ട് നാരായണേട്ടനുമെത്തി.ചായ കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് അയാള്‍ പെട്ടന്ന്‍ അവിടെ നിന്നുമെഴുന്നേറ്റ് നടക്കാനാരംഭിച്ചു.

"അല്ല ആരാണെന്ന്‍ പറഞ്ഞില്ലല്ലോ".

പുറകില്‍ നിന്നും നാരായണേട്ടന്‍ വിളിച്ചു ചോദിക്കുന്നത് അയാള്‍ കേട്ട ഭാവം നടിച്ചില്ല. സന്ധ്യ മയങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വീതിയേറിയ ആ വരമ്പിന്റെ തലയ്ക്കല്‍ നിന്നുകൊണ്ട് അയാള്‍ പ്രേതഭവനം പോലെ വാഴപ്പണകള്‍ക്കിടയില്‍ നില്‍ക്കുന്ന ആ കൊച്ചുമാടത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി. മെല്ലെ വരമ്പിലൂടെ നടന്നയാള്‍ ആ മുറ്റത്തെത്തി. ചിതലുകേറി ഏകദേശം നിലം പൊത്താറായിരിക്കുന്ന ആ കൂരയുടെ മുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ നിന്നു.മുറ്റം നിറയെ കാടുപിടിച്ചുകിടക്കുന്നു. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നു. എല്ലാം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീയുടെ ദയനീയമായ തേങ്ങല്‍ അയാളുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.പൊട്ടിപ്പൊളിഞ്ഞ ആ തിണ്ണയില്‍ ഇരുട്ടിനെ സാക്ഷിയാക്കി അയാളിരുന്നു.

"എടാ ശിവാ മോളു വീഴാതെ പിടിച്ചോടാ"

വളരെയകലെനിന്നെങ്ങോ കേള്‍ക്കുന്നതുപോലെയുള്ള സ്വരം കേട്ട് ഒരു കുഞ്ഞിക്കയ്യില്‍ മുറുക്കെപിടിക്കാനെന്നവണ്ണം ഇരുളിലേയ്ക്ക് അയാള്‍ കൈകള്‍ നീട്ടി.

"പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ".

തന്നോടു നാരായണേട്ടന്‍ പറഞ്ഞ വാചകങ്ങള്‍ അവന്റെ ഉള്ളത്തിലിരുന്നു പൊള്ളിക്കൊണ്ടിരുന്നു.ആ അഴുക്കു നിറഞ്ഞ തറയില്‍ മലര്‍ന്നുകിടന്ന അയാളുടെ കവിളുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകിക്കൊണ്ടിരുന്നു.എന്തിനായിരുന്നിരിയ്ക്കാം താനന്ന്‍ ഓടിപ്പോയത്.അറിയില്ല.എന്നിട്ടു താനെന്തുനേടി.അതുമറിയില്ല.ഇപ്പോള്‍ ഇത്രയും കാലത്തിനുശേഷം താനെന്തിനായിട്ടാണ് തിരിച്ചു വന്നത്.തന്റെ പാവം അമ്മ പട്ടിണികിടന്ന്‍ ആരും നോക്കാനില്ലാതെ നരകിച്ചു മരിച്ചവാര്‍ത്ത കേള്‍ക്കാനോ.അതോ അമ്മയുടെ വഴി സ്വീകരിച്ച് ആരുടേയോകൂടെ പോയ പെങ്ങളെക്കുറിച്ചറിയാനോ.താനന്ന്‍ എന്തെലും കൂലിപ്പണിയ്ക്കൊക്കെപ്പോയി വീടു നോക്കിയിരുന്നെങ്കില്‍.....ഇരുട്ടിലിരുന്ന്‍ വിതുമ്പുന്ന ഒരു രൂപത്തിനുനേരെ കൈകളുയര്‍ത്തി കൂപ്പിക്കൊണ്ടയാള്‍ ഉറക്കെയുറക്കെ കരഞ്ഞു.അതിനൊട്ടും ശബ്ദമില്ലായിരുന്നു.നെഞ്ചിന്‍ കൂടിനകത്ത് അതിശക്തമായൊരു വേദന ഉടലെടുത്തുവൊ.അയാള്‍ തന്റെ കണ്ണുകള്‍ മെല്ലെപൂട്ടി.ശുഷ്കിച്ച രണ്ടു കൈത്തലങ്ങള്‍ തന്റെ കവിളില്‍ തലോടി തന്നെയാശ്വസിപ്പിക്കുന്നതായി അയാള്‍‍ക്കു തോന്നി.കണ്ണുതുറക്കാതെ ആ തലോടലിന്റെ സുഖവും പേറി അയാള്‍ തന്റെ ഉറക്കമാരംഭിച്ചു.ഒരിക്കലും ഉണരാത്ത ഉറക്കം......




ശ്രീക്കുട്ടന്‍

Monday, July 26, 2010

അവന്റെ ആദ്യത്തെ തിരുമുറിവ്

1986 ലെ ഒരു വേനല്‍ദിനം.സമയമേകദേശം വൈകിട്ടു നാലുമണികഴിഞ്ഞിരിക്കുന്നു.പരവതാനി വിരിച്ചതുപോലെ നീണ്ടുനിവര്‍ന്നു ആലസ്യം പൂണ്ടതുപോലെകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ തോട്ടുവരമ്പേ കയ്യിലൊരു ചോറ്റുപാത്രവും തൂക്കിപ്പിടിച്ച് അവനങ്ങിനെ ആടിക്കുണുങ്ങി വരുകയാണു.മറ്റാരുമല്ല. നമ്മുടെ കഥാനായകന്‍ തന്നെ.ഇഷ്ടന്റെ ചുണ്ടത്ത് ഒരു പാട്ട് തത്തിക്കളിക്കുന്നുണ്ട്.പാട്ട് കുട്ടിയിലേ വളരെയിഷ്ടമായിരുന്നാശാന്.സംഗീതം പഠിക്കണമെന്ന കടുത്ത ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതവന്‍ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല.വീട്ടിലെ ദാരിദ്ര്യത്തിന്റെ ദയനീയത ഏകദേശം മനസ്സിലാക്കാവുന്ന പ്രായമൊക്കെ അവനുണ്ടായിരുന്നു.

ഗ്രാമത്തെ രണ്ടായിപകുത്തുമാറ്റുന്നതുപോലെയാണ് വയലേലകളുടെ കിടപ്പ്.വയലിനെ കൃത്യമായി കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് ഈ തോട്ടില്‍ നിറയെ വെള്ളമുണ്ടാകും.എല്ലാപേരുടേയും കുളിയും നനയുമൊക്കെ അതില്‍ തന്നെയാണ്.മാനത്തുകണ്ണികളും സിലോപ്പി മീനും വരാലും ഒക്കെ ഇഷ്ടമ്പോലെ നീന്തിത്തുടിക്കുന്ന ആ തോട്ടിലാണ് നമ്മുടെ നായകനും അതേ കൊലയിലുള്ള അനിയന്‍ കുട്ടിയും പിന്നെ ഗ്രാമത്തിലെ മറ്റു മാക്രിപ്പിള്ളേരും ഒക്കെ അര്‍മ്മാദിക്കുന്നത്.മഴക്കാലം കഴിഞ്ഞ് വേനല്‍ തുടങ്ങുന്നതോടെ വയലുകള്‍ക്കൊപ്പം തോടും വറ്റി വരളും.സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നെ കളി മുഴുവന്‍ വയലിലായിരിക്കും.അത്രയ്ക്കു വിശാലമായ പ്ലേഗ്രൌണ്ട് വേറെവിടെകിട്ടും.

പറഞ്ഞുപറഞ്ഞ് ഞാന്‍ സംഭവത്തില്‍ നിന്നും അകന്നുപോയി.നമ്മുടെ നായകന്‍ തോട്ടുവരമ്പേ വരികയാണു.കയ്യിലുള്ള ചോറ്റുപാത്രത്തില്‍ ഉള്ളത് കൊറച്ച് പായസമാണു.ആശാന്റെ ഒരേയൊരു പുണ്യമാമാശ്രീയുടെ വീട്ടില്‍ നിന്നും കൊടുത്തയച്ചതാണത്.മാമാശ്രീയും കുടുംബവും താമസിക്കുന്നത് അല്‍പ്പം ദൂരെയാണ്.ഒരു അരമണിക്കൂര്‍ നടന്നുപോകുവാനുള്ള ദൂരമേയുള്ളു കേട്ടോ.അവിടെ നിന്നും കൊടുത്തയച്ച ആ പായസവുമായി രണ്ടുമണികഴിഞ്ഞപ്പോഴേ
തിരിച്ചതാണു.തോട്ടിലും വയലിലുമൊക്കെ മറിഞ്ഞു മറിഞ്ഞു ആശാന്‍ വീട്ടിനടുത്തെത്താറായപ്പോഴേയ്ക്കാണ് ആ ദുരന്തം സംഭവിച്ചത്. വയലിന്റെ നടുക്കായിരുന്ന ഒരു കൊക്കിനെ നോക്കിക്കൊണ്ട് നടന്ന പുള്ളിക്കാരന്‍ വര‍മ്പിനുകുറുകേയുണ്ടായിരുന്ന മട ശ്രദ്ധിച്ചില്ല.അതില്‍ കാലുമടങ്ങി ദേ കിടക്കുന്നു ഉണങ്ങിവരണ്ടു കിടക്കുന്ന തോട്ടിനുള്ളില്‍.
പാറപോലെ ഉറച്ചുകിടക്കുന്ന തറയില്‍ വീണ ആശാന്റെ ബോധം അപ്പോഴേ പോയി.

മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.താഴത്തെ വീട്ടിലെ പങ്കജാക്ഷിയമ്മയാണു.ആദ്യം അവന്‍ നോക്കിയത് തൊട്ടടുത്തിരുന്ന ചോറ്റുപാത്രത്തിലേയ്ക്കായിരുന്നു.വലതുകൈകൊണ്ട് അതെത്തിയെടുത്തപ്പോള്‍ അവനു സങ്കടം സഹിക്കാനായില്ല. അതിലുണ്ടായിരുന്ന പായസംമുഴുവന്‍ ചരിഞ്ഞുപോയായിരുന്നു.പായസം തിന്നാനായി കൊതിയോടെ കാത്തിരിക്കുന്ന തന്റെ അനിയന്റേയും കുഞ്ഞനുജത്തിയുടേയും മുഖങ്ങള്‍ ഒരു നിമിഷം അവന്റെ മനസ്സിലൂടെ കടന്നുപോയി.ഇടതുകൈകുത്തിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ച അവന്‍ ഒരു നിലവിളിയോടെ തറയിലേയ്ക്ക് മറിഞ്ഞു.ഇടതുകൈ മുട്ടിന്റവിടെവച്ച് ഒടിഞ്ഞിരിക്കുകയാണ്.വേലയ്ക്കു പോയിരിക്കുന്ന അമ്മ മടങ്ങിവന്നിട്ടുവേണം ആശുപത്രിയില്‍ കൊണ്ടുപോകാന്‍.ഒരു ചെറിയ തോര്‍ത്തുകൊണ്ട് കയ്യ് കഴുത്തില്‍ കെട്ടിതൂക്കിയിട്ടിട്ട് അവനെ വീട്ടിലേയ്ക്കു കൊണ്ടുപോയി.തൊട്ടടുത്ത വീട്ടിലെ പിള്ളെരുമായി കളിച്ചുകൊണ്ടിരുന്ന അനുജന്‍ ഓടി വന്നു.കൂടെ തെറിച്ച് തെറിച്ച് അനുജത്തിയും.വേദനിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന ചേട്ടനെകണ്ടപ്പോള്‍ അവരും കൂടെകൂടി.

കൂലിപ്പണി കഴിഞ്ഞ് മുഷിഞ്ഞുനാറിയ വേഷവുമായി വന്ന അവന്റെ അമ്മ ഒടിഞ്ഞുകെട്ടിതൂക്കിയിട്ടിരിക്കുന്ന കയ്യുമായി നില്‍ക്കുന്ന മകനെക്കണ്ട് ആദ്യമൊന്നമ്പരന്നു.പങ്കജാക്ഷിയമ്മ അവരെ സമാധാനിപ്പിച്ചു.ആകെ പരവശയായി തിണ്ണയില്‍ തളര്‍ന്നിരുന്ന അവര്‍ മടിയില്‍ തിരുകി വച്ചിരുന്ന രണ്ടുമൂന്ന്‍ നോട്ടുകളെടുത്ത് നോക്കിയശേഷം മൂക്കുതുടച്ചിട്ട് അയയില്‍ നിന്നും കഴുകിയിട്ടിരുന്ന ഒരു തോര്‍ത്തെടുത്ത് മാറത്തിട്ടിട്ട് അയല്‍പക്കത്തെ വീട്ടിലേയ്ക്കു നടന്നു.കുറച്ചുകഴിഞ്ഞ് അവിടെ നിന്നും മടങ്ങിവന്ന അമ്മ കയ്യും കാലുമൊക്കെ കഴുകിയിട്ട് വേഷം മാറി അനുജത്തിയേയുമെടുത്ത് അനുജനെ തൊട്ടടുത്ത വീട്ടില്‍ നിര്‍ത്തിയിട്ട് നമ്മുടെ നായകനുമായി ആശുപത്രിയിലേയ്ക്കു തിരിച്ചു.

വേദനിക്കുന്ന കയ്യുമായി ബസ്സില്‍ അമ്മയുടെ അടുത്തായിരിക്കുമ്പോള്‍ അവന്‍ ഏറുകണ്ണിട്ട് അവരെയൊന്നു നോക്കി.ആ മുഖത്തപ്പോഴെന്തായിരുന്നു.അമ്മയുടെ മിഴികളില്‍ നിന്നും ചെറുതായി പൊടിയുന്ന കണ്ണീരില്‍ നിന്നും അമ്മ ശബ്ദമില്ലാതെ കരയുകയാണെന്നു മനസ്സിലായപ്പോള്‍ അവ്ന്റേയും കണ്ണുകള്‍ നിറഞ്ഞു.താലൂക്കാശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ അവന്‍ വേദനയാല്‍ പുളയുന്നുണ്ടായിരുന്നു.ഓര്‍ത്തോ ഡോക്ടര്‍ രാവിലെ മാത്രമേ വരുകയൊള്ളൂ.അതിനുശേഷമേ പ്ലാസ്റ്ററിടാനാവൂ.കയ്യിലാണെങ്കില്‍ നീരു വന്നു തുടങ്ങി.ഒപ്പം വേദനയും കൂടിക്കൂടി വരുന്നു.അടുത്തുകിടത്തിയിരിക്കുന്ന അനുജത്തിയേയും തലോടിക്കൊണ്ട് ക്ഷീണിച്ചു തളര്‍ന്നിരിയ്ക്കുന്ന അമ്മയേയും നോക്കിനോക്കിയിരിന്നെപ്പോഴോ അവനുറങ്ങിപ്പോയി.

രാവിലെ ഉണര്‍ന്ന അവന്‍ കണ്ടത് കരഞ്ഞും കൊണ്ടിരിക്കുന്ന അമ്മയെയാണു.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നും പ്ലാസ്റ്ററിടാനായി വച്ചിരുന്ന 150 രൂപ രാത്രി ആരോ മോഷ്ടിച്ചുകൊണ്ടുപോയി എന്നവനു മനസ്സിലായി.പലരും പലാഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഡോക്ടര്‍ വന്നപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടക്കുന്നയാള്‍ കാര്യം പറഞ്ഞു.ദയനീയമായ മുഖഭാവത്തോടെയിരിക്കുന്ന അമ്മയെ നോക്കിയശേഷം ഒന്നും പറയാതെ അദ്ദേഹം അടുത്ത കട്ടിലിനരികിലേയ്ക്കു നടന്നു.അല്‍പ്പസമയത്തിനുശേഷം അടുത്ത ബെഡ്ഡില്‍കിടക്കുന്നയാളോട് തന്നെ നോക്കിക്കൊള്ളണമെന്നു പറഞ്ഞിട്ട് അമ്മ അനുജത്തിയേയുമെടുത്ത് പുറത്തേയ്ക്കിറങ്ങി.കൊറച്ചുകഴിഞ്ഞ് മടങ്ങിവന്ന അമ്മയുടെ കയ്യില്‍ പ്ലാസ്റ്ററിടാനുള്ള പൈസയുണ്ടായിരുന്നു.പക്ഷേ അനുജത്തിയുടെ കാതില്‍ കിടന്ന പൊട്ടു കമ്മല്‍ കാണാനുണ്ടായിരുന്നില്ല. പ്ലാസ്റ്ററിടുന്നതിനായുള്ള കാശ് അടച്ചശേഷം പ്ലാസ്റ്ററെല്ലാമിട്ട് അന്നു തന്നെ ഡിസ്ച്ചാര്‍ജ്ജായി വീട്ടിലേയ്ക്കു വന്നു.

സ്കൂളടച്ച സമയമായിരുന്നതിനാല്‍ ക്ലാസ്സുകളൊന്നും നഷ്ടമായില്ല.കൂട്ടുകാരോടൊത്ത് വയലില്‍ കളിച്ചുമറിയാന്‍ പറ്റാതിരുന്ന ദു:ഖത്താല്‍ നമ്മുടെ നായകന്‍ അവരുടെ കളികളും നോക്കി പാടവര‍മ്പത്ത് തണലത്തായിട്ടിരിക്കും.കൂടെ അവന്റെ അനുജത്തിയും.കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അനിയന്‍ കുട്ടി ഇടയ്ക്കിടയ്ക്ക് വന്നു നോക്കും.ഒടുവില്‍ പത്തു നാള്‍പ്പതുദിവസങ്ങള്‍ക്കു ശേഷം കയ്യിലെ പ്ലാസ്റ്ററെടുത്തപ്പോഴാണ് മനസ്സിലായത്.കൈക്ക് സാമാന്യം തെറ്റില്ലാത്ത ഒരു വളവുണ്ട്. അവന്റെ കയ്യിലേയ്ക്കു നോക്കിയ അമ്മ ഇനിയുമാശുപത്രിയില്‍ എത്ര രൂപയാകുമെന്റെ ദൈവമേ എന്നു വിലപിച്ചുകൊണ്ട് പ്ലാസറ്ററിട്ടവനേയും ഡോക്ടറേയുമെല്ലാം മനസ്സറിഞ്ഞു പ്രാകി.മഴ തുടങ്ങിയതിനാല്‍ കൂലിപ്പണിയൊക്കെ കുറവാണു.മുന്‍പ് ആസുപത്രിയില്‍ പോകാനായി മേടിച്ച കാശ് മുഴുവനും കൊടുത്തുതീര്‍ത്തിട്ടില്ല.അമ്മ വീണ്ടും അയല്‍പക്കത്തേയ്ക്കു നടന്നു.

പ്ലാസ്റ്ററിടാന്‍ വൈകിയതുമൂലം നീരുവരികയും കൈ ഇരുന്ന അതെ രീതിയില്‍ വച്ച് അശ്രദ്ധമായി പ്ലാസ്റ്ററിട്ടതും മൂലമുണ്ടായ വളവ് മാറണമെങ്കില്‍ കൈ ഒരിക്കല്‍ക്കൂടി ഒടിച്ചു പ്ലാസ്റ്ററിടണമെന്നു കൈ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതുകേട്ട് അമ്മയും അവനും ഒരേപോലെ ഭയന്നു.അതിനായിട്ടാവുന്ന കാശിനെക്കുറിച്ചായിരുന്നു അമ്മയ്ക്കു വേവലാതിയെങ്കില്‍ വീണ്ടും പ്ലാസ്റ്ററുമിട്ട് അനങ്ങാണ്ട് ഒരിടത്തു തന്നെയിരിക്കേണ്ടതോര്‍ത്തായിരുന്നു അവന്റെ വിഷമം. ആ കൈക്ക് ഒരു വളവുണ്ടെന്നല്ലാതെ മറ്റു കൊഴപ്പമൊന്നുമില്ലാതിരുന്നതിനാള്‍ രണ്ടാമതും ഒടിച്ചു പ്ലാസ്റ്ററിടാനൊന്നും പിന്നെ പോയില്ല. ഒരു പക്ഷെ അമ്മയുടെ കയ്യില്‍ കാശില്ലാതിരുന്നതിനാലാവണം.


ശ്രീക്കുട്ടന്‍